അന്വേഷണങ്ങളുടെ താക്കോൽക്കാരൻ

അന്വേഷണങ്ങളുടെ താക്കോൽക്കാരൻ

അറിവിന്റെ ഏറ്റവും വലിയ ശത്രു അറിവില്ലായ്മ അല്ലെന്ന് സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞിട്ടുണ്ട്. എല്ലാം അറിയാമെന്ന മായാധാരണയാണ് ജ്ഞാനത്തിനുള്ള തടസ്സം.

വെല്ലുവിളികളെ അതിജീവിച്ച്, നിശ്ചയദാര്‍ഢ്യത്തിന്റെ ഉജ്ജ്വല പ്രതീകമായി ജീവിച്ച ആ മഹാശാസ്ത്രജ്ഞന്‍ ആഘോഷിക്കപ്പെട്ടത് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ എല്ലാവരും മനസ്സിലാക്കിയതുകൊണ്ടല്ല. താരപരിവേഷത്തോടെ വാര്‍ത്തകളില്‍ നിറഞ്ഞ ഹോക്കിങ്ങിനെ തങ്ങള്‍ക്ക് ഒന്നുമറിയാത്ത മേഖലയിലെ അഗ്രഗണ്യനായി വലിയ ശാസ്ത്രജ്ഞാനമൊന്നുമില്ലാത്ത ശാസ്ത്രകുതുകികള്‍ അവരോധിക്കുകയായിരുന്നു.
ശാസ്ത്രമേഖലയില്‍ ഹോക്കിങ് നല്‍കിയ സംഭാവനകള്‍ എളുപ്പത്തില്‍ വിവരിക്കാന്‍ പറ്റില്ല. അവ മനസ്സിലാക്കാനും ഉള്‍കൊള്ളാനും ഒട്ടും എളുപ്പവുമല്ല. പ്രപഞ്ചത്തെ പൂര്‍ണമായി അറിയാനും എങ്ങനെയാണത് ഉണ്ടായതെന്നും എന്തുകൊണ്ടിത് ഇങ്ങനെ നിലനില്‍ക്കുന്നുവെന്നും മനസ്സിലാക്കാനുമുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്ന് ചുരുക്കിപ്പറയാം. കോടാനുകോടി ആകാശ ഗോളങ്ങളുടെ കൂട്ടത്തിലെ ഒരു സാധാരണ നക്ഷത്രത്തെ ചുറ്റുന്ന ചെറുഗ്രഹത്തിലെ മനുഷ്യര്‍ മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തരാവുന്നത് അവര്‍ക്ക് ഈ പ്രപഞ്ചത്തെ മനസിലാക്കാന്‍ കഴിയും എന്നതുകൊണ്ടാണെന്ന് ഹോക്കിങ്‌വ്യക്തമാക്കിയിട്ടുണ്ട്. ഈ അന്വേഷണത്തിന്റെ ഭാഗമായി ആ ശാസ്ത്രജ്ഞന്‍ രചിച്ച പുസ്തകങ്ങള്‍ ലോകമെങ്ങും ലക്ഷക്കണക്കിന് വിറ്റഴിഞ്ഞു. അപ്പോഴും ഏറ്റവും കുറച്ച് വായിക്കപ്പെട്ട, ഏറ്റവും കുറച്ച് മനസ്സിലാക്കപ്പെട്ട കൃതികളായി അവ തുടര്‍ന്നു.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് ആര്‍ക്കിമിഡീസും ഗലീലിയോയും ന്യൂട്ടനുമെല്ലാം പറഞ്ഞ കാര്യങ്ങള്‍ നമുക്ക് എളുപ്പം മനസ്സിലാവും. കാരണം നമ്മള്‍ക്കു ചിരപരിചിതമായ വസ്തുക്കള്‍ ചൂണ്ടിക്കാണിച്ചും കണ്‍മുന്നിലുള്ള പ്രതിഭാസങ്ങള്‍ വിശദീകരിക്കാന്‍ വേണ്ടിയുമാണ് അവര്‍ ശാസ്ത്രതത്വങ്ങള്‍ ആവിഷ്‌കരിച്ചത്.

എന്നാല്‍ തന്മാത്രകളും പരമാണുക്കളും അതിലും ചെറിയ മൗലിക കണങ്ങളുമടങ്ങുന്ന സൂക്ഷ്മപ്രപഞ്ചത്തിന്റെ സ്വഭാവവിശേഷങ്ങള്‍ വിവരിക്കുന്ന ക്വാണ്ടം ബലതന്ത്രം പോലുള്ള ആധുനിക ഭൗതികശാസ്ത്ര ശാഖകളിലെ സിദ്ധാന്തങ്ങളും സങ്കല്‍പങ്ങളും നമ്മുടെ സാമാന്യജ്ഞാനം കൊണ്ട് ഉള്‍ക്കൊള്ളാവുന്നതിനും അപ്പുറത്താണ്. അത്രയ്ക്കു സങ്കീര്‍ണമായ ഗണിത സമീകരണങ്ങളും സങ്കല്‍പനങ്ങളുമാണ് അവ ഉപയോഗിക്കുന്നത്. കണ്ടും അനുഭവിച്ചും അറിയാനാവാത്തവ മനസ്സിലാക്കാന്‍ അത്ര എളുപ്പമാവില്ല.

ന്യൂട്ടനും ഐന്‍സ്‌റ്റൈനും
ശാസ്ത്രത്തിലാണെങ്കിലും തത്വചിന്തയിലാണെങ്കിലും ചോദ്യങ്ങള്‍ മിക്കതും പഴയതു തന്നെയാണ്. ഈ പ്രപഞ്ചം എങ്ങനെയുണ്ടായി? എങ്ങനെയാണത് നിലനില്‍ക്കുന്നത്? എന്താണതിന്റെ ഭാവി? ഒന്നുകൂടി കടത്തിച്ചോദിച്ചാല്‍ എന്താണ് ആത്യന്തികമായ സത്യം? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് ശാസ്ത്ര തത്വങ്ങളായും ദര്‍ശനങ്ങളായും ലഭിക്കുന്നത്. മതങ്ങള്‍ പഴയ ഉത്തരങ്ങളില്‍തന്നെ ഉറച്ചു നില്‍ക്കുമ്പോള്‍ ശാസ്ത്രം ഉത്തരങ്ങള്‍ പുതുക്കാനുള്ള അന്വേഷണങ്ങള്‍ തുടരുമെന്നു മാത്രം.

പതിനേഴാം നൂറ്റാണ്ടില്‍ ജനിച്ച ഐസക് ന്യൂട്ടനാണ് ഭൗതിക ശാസ്ത്ര പ്രതിഭാസങ്ങള്‍ വിശദീകരിക്കുന്നതിനുള്ള സമഗ്രപദ്ധതിക്ക് ആദ്യമായി രൂപം നല്‍കുന്നത്. 1687ല്‍ പ്രസിദ്ധീകരിച്ച ഫിലോസഫിയ നാച്ചുറാലിസ് പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക അഥവാ പ്രകൃതിശാസ്ത്രത്തിന്റെ ഗണിതീയ തത്വങ്ങള്‍ എന്ന ബൃഹദ് ഗ്രന്ഥത്തിലൂടെയാണ് അദ്ദേഹം ആ ദൗത്യം നിര്‍വഹിച്ചത്. ന്യൂട്ടന്റെ മൂന്നു ചലന നിയമങ്ങളും സാമാന്യ ഗുരുത്വാകര്‍ഷണ നിയമവുമാണ് പ്രിന്‍സിപ്പിയയുടെ കാതല്‍. മിക്ക പ്രപഞ്ച പ്രതിഭാസങ്ങളെയും അതു വിശദീകരിച്ചു. ഇനി കാര്യമായൊന്നും കെണ്ടത്താനില്ലെന്നും എല്ലാറ്റിനും ഉത്തരമായെന്നും മിക്കവരും കരുതി.

പക്ഷേ, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്ക് കഥ മാറാന്‍ തുടങ്ങി. ഒന്നിനു പിറകെ ഒന്നായി പുതിയ കണ്ടുപിടിത്തങ്ങള്‍ വന്നു. പരമാണുവിന്റെ ഉള്ളറകളിലെ സൂക്ഷ്മപ്രപഞ്ചത്തിലേക്കു മനുഷ്യന്റെ ദൃഷ്ടികള്‍ തുളച്ചിറങ്ങി. അതിവിദൂരതയിലുള്ള ആകാശഗോളങ്ങളിലേക്ക് അവന്റെ കണ്ണുകള്‍ പറന്നുചെന്നു. ചന്ദ്രന്‍ ഭൂമിക്കു ചുറ്റും കറങ്ങുന്നതെങ്ങനെ എന്നു വിശദീകരിക്കാന്‍ ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ ബലത്തിനു കഴിഞ്ഞിരുന്നു. എന്നാല്‍ ബുധന്റെ ഭ്രമണപഥത്തിന്റെ സവിശേഷത വിശദീകരിക്കാന്‍ അതിനു കഴിഞ്ഞില്ല. അപ്പോഴാണ് ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ പുതിയൊരു പ്രപഞ്ച വീക്ഷണം അവതരിപ്പിച്ച് ശാസ്ത്രലോകത്തെ പിടിച്ചുകുലുക്കിയത്.

സ്ഥലകാലങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗുരുത്വാകര്‍ഷണ സിദ്ധാന്തമാണ് ഐന്‍സ്റ്റൈന്റെ സാമാന്യാപേക്ഷികതാ സിദ്ധാന്തം എന്നു പറയാം. നീളം, വീതി, ഉയരം എന്നീ മൂന്നു മാനങ്ങള്‍ക്കു പുറമെ കാലം എന്ന നാലാമതൊരു മാനം കൂടിയുള്ള ചതുര്‍മാന സാന്തത്യം (Four Dimentional Space-time Continuum) ആണ് ഐന്‍സ്‌റ്റൈന്റെ പ്രപഞ്ചം. എല്ലാ പ്രപഞ്ചപ്രതിഭാസങ്ങളെയും സ്ഥലകാലം എന്ന ഈ ചതുര്‍മാന ജ്യാമിതിയുപയോഗിച്ചു വിശദീകരിക്കാമെന്ന് അദ്ദേഹം തെളിയിച്ചു. ഗുരുത്വാകര്‍ഷണബലത്തെ അദ്ദേഹം സ്ഥലകാലത്തിലെ വക്രതയായി വിശദീകരിച്ചു.

സ്ഥിരവേഗത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കള്‍ക്കു മാത്രം ബാധകമായ വിശിഷ്ടാപേക്ഷികതാ സിദ്ധാന്തവുമായി ഐന്‍സ്റ്റൈന്‍ ശാസ്ത്രലോകത്തെ ഞെട്ടിക്കുന്നത് 1905ലാണ്. എല്ലാ വസ്തുക്കള്‍ക്കും ബാധകമായ സാമാന്യാപേക്ഷികതാ സിദ്ധാന്തം 1916ല്‍ അവതരിപ്പിച്ചു. പില്‍ക്കാലത്തു നടന്ന പരീക്ഷണങ്ങളില്‍ ഐന്‍സ്‌റ്റൈന്റെ പ്രവചനങ്ങള്‍ ഒന്നൊന്നായി ശരിയെന്നു തെളിഞ്ഞതോടെ അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഭൗതിക ശാസ്ത്രത്തിലെ ആണിക്കല്ലായി, അവസാന വാക്കായി.

പക്ഷേ, ന്യൂട്ടന്റെ നിയമങ്ങള്‍ക്കുള്ള ചില പ്രശ്‌നങ്ങള്‍ ഐന്‍സ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തത്തിനുമുണ്ടായിരുന്നു. ഗ്രഹങ്ങള്‍ സൂര്യനെ ചുറ്റുന്നതും ഗ്യാലക്‌സികള്‍ സമൂഹമായി നില്‍ക്കുന്നതും എന്തുകൊണ്ട് എന്നു വിശദീകരിക്കാന്‍ ആപേക്ഷികതാ സിദ്ധാന്തത്തിലെ ഗുരുത്വബലത്തിനു കഴിഞ്ഞു. എന്നാല്‍, പരമാണുവിനുള്ളിലെ സൂക്ഷ്മകണങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നത് എന്താണെന്നു പറയാന്‍ വേറെ ബലങ്ങള്‍ വേണ്ടിവന്നു. അങ്ങനെയാണ് പ്രബല അണുകേന്ദ്രീയ ബലStrong nuclear face)വും പരിക്ഷീണ അണുകേന്ദ്രീയ ബലweak nuclear face )വും വരുന്നത്. അവ വിശദീകരിക്കാന്‍ ക്വാണ്ടം സിദ്ധാന്തം എന്ന പേരില്‍ വേറൊരുകൂട്ടം നിയമങ്ങള്‍ ആവിഷ്‌കരിക്കേണ്ടിവന്നു.

അതോടെ ഈ പ്രപഞ്ചത്തിലെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ രണ്ടു തരം നിയമങ്ങള്‍ വേണമെന്നായി. വിശാല പ്രപഞ്ചത്തിലെ കാര്യങ്ങള്‍ക്ക് ആപേക്ഷികതാ സിദ്ധാന്തം. പരമാണുവിന്റെ സൂക്ഷ്മലോകത്തെ കാര്യങ്ങള്‍ക്ക് ക്വാണ്ടം സിദ്ധാന്തം. ഒന്ന് സ്ഥൂലപ്രപഞ്ചത്തിന്, മറ്റേത് സൂക്ഷ്മപ്രപഞ്ചത്തിന്. രണ്ടു ലോകങ്ങള്‍, രണ്ടു നിയമങ്ങള്‍. ഐന്‍സ്‌റ്റൈന് അത് ഇഷ്ടപ്പെട്ടില്ല. രണ്ടിനെയും ചേര്‍ത്ത് മഹാഏകക്ഷേത്രസിദ്ധാന്തം (Grand Unified Theory) വികസിപ്പിക്കുന്നതിനുള്ള ശ്രമം അദ്ദേഹം തുടങ്ങിയത് അങ്ങനെയാണ്. പക്ഷേ, തന്റെ ജീവിതത്തിന്റെ അവസാന 30 വര്‍ഷം ശ്രമിച്ചിട്ടും ഗുരുത്വബലത്തെ വൈദ്യുത കാന്തികതയുമായി ബന്ധിപ്പിക്കാന്‍ അദ്ദേഹത്തിനായില്ല.

ഐന്‍സ്‌റ്റൈന്റെ പാത പിന്തുടര്‍ന്ന് പിന്നീട് പലരും ആ വഴി ശ്രമങ്ങള്‍ നടത്തി. ഗഹനമായ അത്തരം ഗവേഷണങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും ജനപ്രിയതയേകിയ ശാസ്ത്രകാരന്‍മാരില്‍ പ്രമുഖനാണ് സ്റ്റീഫന്‍ഹോക്കിങ്. ശരീരം തളര്‍ന്ന് ചക്രക്കസേരയില്‍ കിടക്കുമ്പോഴും ശാസ്ത്രഗവേഷണത്തിന്റെ ഉയരങ്ങള്‍ കീഴടക്കി വിസ്മയിപ്പിച്ച ഹോക്കിങ്ങിന്റെ കഥ സിനിമയായപ്പോള്‍ അതിനിട്ട പേര് ദി തിയറി ഓഫ് എവരിതിങ് (The Theory of Everything)എന്നാണ്. എല്ലാം വിശദീകരിക്കുന്ന സിദ്ധാന്തം.

തമോഗര്‍ത്തവും മഹാവിസ്‌ഫോടനവും
ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ സാമാന്യാപേക്ഷികതാ സിദ്ധാന്തത്തില്‍നിന്നാണ് ഹോക്കിങ് തുടങ്ങിയത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ ലോകപ്രശസ്ത പ്രപഞ്ച ശാസ്ത്രജ്ഞന്‍ ഡെന്നിസ് സ്‌കിയാമയ്ക്ക് കീഴില്‍ പിഎച്ച്ഡി ചെയ്യുന്ന വേളയില്‍ സാമാന്യ ആപേക്ഷികതാസിദ്ധാന്തവും തമോഗര്‍ത്തങ്ങളുമായിരുന്നു ഹോക്കിങ്ങിന്റെ ഗവേഷണ മേഖലകള്‍. എന്താണ് തമോഗര്‍ത്തമെന്നോ പ്രപഞ്ചോല്‍പത്തിക്കു കാരണമായതെന്നു കരുതുന്ന മഹാവിസ്‌ഫോടനത്തിന്റെ സ്വഭാവമെന്താണെന്നോ അധികമാര്‍ക്കും അറിയാത്ത കാലമായിരുന്നൂ അത്. ഇതു രണ്ടും ഹോക്കിങ്ങിന്റെ കണ്ടെത്തലല്ല. എന്നാല്‍ അവയെ ഏറ്റവും നന്നായി വിശദീകരിച്ചത് അദ്ദേഹമാണ്.

വളരെ വലിയ പിണ്ഡമുള്ള ഒരു വസ്തു വളരെ ചെറിയ ഒരു സ്ഥലത്തേക്ക് ചുരുങ്ങിയിരുന്നാല്‍ അതിനു ചുറ്റുമുള്ള സ്ഥലകാലം അതിനുള്ളിലേക്കു തന്നെ മടങ്ങുമെന്നും അതില്‍ നിന്ന് പ്രകാശത്തിനു പോലും പുറത്തേക്കു വരാനാകില്ലെന്നും ഐന്‍സ്‌റ്റൈന്‍ പറഞ്ഞിരുന്നു. അതാണു തമോഗര്‍ത്തം. കത്തിത്തീര്‍ന്ന ഭീമന്‍ നക്ഷത്രങ്ങള്‍ അതിഭീമമായ ഗുരുത്വാകര്‍ഷണത്തിന് വിധേയമായി അമര്‍ന്നു ചുരുങ്ങിയാണ് അത് രൂപപ്പെടുന്നത്. സാമാന്യ ആപേക്ഷികതാ സമവാക്യങ്ങള്‍ക്കൊപ്പം മറ്റു ഭൗതികനിയമങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത് അദ്ദേഹം തമോഗര്‍ത്തങ്ങളെ വിശദീകരിച്ചു. തമോഗര്‍ത്തങ്ങള്‍ക്കായി നിയമങ്ങളുണ്ടാക്കി. അവയുടെ സവിശേഷതകളെക്കുറിച്ച് ഒട്ടേറെ ഗവേഷണപ്രബന്ധങ്ങള്‍ രചിച്ചു.

സ്ഥലകാലം ഈ രീതിയില്‍ വളയ്ക്കപ്പെട്ട് എല്ലാം അതിന്റെ കേന്ദ്രത്തിലെ ഒരു ബിന്ദുവില്‍ സംയോജിച്ചാല്‍ അവിടെ ഭൗതികത്തിലെയും ഗണിതത്തിലെയും നിലവിലുള്ള നിയമങ്ങളൊന്നും പ്രയോഗിക്കാനാവാത്ത അവസ്ഥ വരും. ആ അവസ്ഥയാണ് സിംഗുലാരിറ്റി. പ്രപഞ്ചോല്‍പത്തിക്കു കാരണമായിപ്പറയുന്ന മഹാവിസ്‌ഫോടന സിദ്ധാന്തത്തിലെ (Big Bang Theory) പ്രധാന ആശയമാണ് സിംഗുലാരിറ്റി. വലിയ പിണ്ഡമുള്ള വസ്തു വളരെ ചെറിയ സ്ഥലത്തേക്കു ചുരുങ്ങുമ്പോള്‍ അത് സിംഗുലാരിറ്റിയിലേക്ക് നയിക്കും. അങ്ങനെയാണെമെങ്കില്‍, പ്രപഞ്ചത്തിന്റെ ഉദ്ഭവം തന്നെ ഒരു സിംഗുലാരിറ്റി എന്ന ഏകബിന്ദുവില്‍ നിന്നാവാം എന്ന് ഹോക്കിങ് അഭിപ്രായപ്പെട്ടു. അപ്പോഴും ഏകബിന്ദുവില്‍ നിന്ന് മഹാവിസ്‌ഫോടനത്തിലേക്ക് നയിച്ചതെന്തെന്ന ചോദ്യമുയര്‍ന്നു. മഹാവിസ്‌ഫോടനമുണ്ടാകാന്‍ ബാഹ്യമായ ഒരു കാരണം വേണമെന്ന കാര്യം ഹോക്കിങ് നിരാകരിച്ചു. ദ്രവ്യംകൊണ്ടും ഗുരുത്വാകര്‍ഷണംകൊണ്ടും എതിര്‍ദിശയില്‍ രണ്ട് തുല്യ ബലങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് അത് സ്വാഭാവികമായിതന്നെ സംഭവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മഹാവിസ്‌ഫോടനം നടന്നപ്പോഴുണ്ടായ ചില ക്വാണ്ടം പ്രതിഭാസങ്ങളാണ് നക്ഷത്ര സമൂഹങ്ങളുടെ രൂപവല്‍കരണത്തിലേക്ക് നയിച്ചതെന്ന് ഹോക്കിങ് അഭിപ്രായപ്പെട്ടു. തമോഗര്‍ത്തങ്ങള്‍ താപവികിരണങ്ങള്‍ പുറത്തുവിടുമോ, അവയുടെ ഉപരിതലവിസ്തീര്‍ണം വ്യത്യാസപ്പെടുമോ, അവയില്‍ വീഴുന്ന വസ്തുക്കളെ സംബന്ധിച്ച വിവരങ്ങള്‍ എന്നെന്നേക്കുമായി പ്രപഞ്ചത്തില്‍ നിന്ന് മറയ്ക്കപ്പെടുമോ എന്നിങ്ങനെ ഒട്ടേറെ ചര്‍ച്ചാവിഷയങ്ങള്‍ അദ്ദേഹം കൊണ്ടുവന്നു. തമോഗര്‍ത്തത്തിലേക്ക് വീഴുന്ന കണങ്ങളുടെ ദ്രവ്യമാനവും സ്ഥാനവും പോലുള്ള വിവരങ്ങള്‍ ഒരിക്കലും പുറത്തുവരില്ലെന്നാണ് അദ്ദേഹം ആദ്യം വാദിച്ചത്. പതിറ്റാണ്ടുകള്‍ക്കു ശേഷം 2004ല്‍ തന്റെ നിഗമനം തെറ്റായിരുന്നെന്ന് അദ്ദേഹം സമ്മതിച്ചു.
തമോദ്വാരങ്ങള്‍ ക്വാണ്ടം പ്രഭാവം നിമിത്തം താപവികിരണങ്ങള്‍ പുറപ്പെടുവിക്കുമെന്നതായിരുന്നു ഹോക്കിങ്ങിന്റെ മറ്റൊരു നിഗമനം. ഹോക്കിങ് വികിരണം അഥവാ ഹോക്കിങ് റേഡിയേഷന്‍ എന്നാണീ പ്രതിഭാസത്തിനു പേര്. ഹോക്കിങ് റേഡിയേഷന്‍ തുടര്‍ച്ചയായി പുറത്തുവരിക വഴി തമോഗര്‍ത്തം സാവധാനം ബാഷ്പീകരിക്കപ്പെട്ട് കോടാനുകോടി വര്‍ഷംകൊണ്ട് ഇല്ലാതാവും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആത്യന്തിക സത്യം
രോഗത്തോടും മരണത്തോടും നിരന്തരം പോരാടിക്കൊണ്ടുള്ള ജീവിതത്തിനിടെ സ്റ്റീഫന്‍ ഹോക്കിങ് മഹാപ്രപഞ്ചത്തിന്റെ രഹസ്യങ്ങള്‍ കഥ പറയുംപോലെ ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തി. ചക്രക്കസേരയില്‍ അനക്കമില്ലാതെ കിടക്കുമ്പോഴും ചിന്തയുടെ വേഗംകൊണ്ട് ഗോളാന്തരങ്ങളില്‍ സഞ്ചരിച്ചു. ഗഹനമായ നിരീക്ഷണങ്ങളിലൂടെ, ജനപ്രിയ ഗ്രന്ഥങ്ങളിലൂടെ, അതുല്യമായ മേധാശക്തിയിലൂടെ, പ്രപഞ്ചശാസ്ത്രത്തിലെ വെട്ടിത്തിളങ്ങുന്ന നക്ഷത്രമായി. ഭൗതികശാസ്ത്രത്തിന് പുതിയ പദസംജ്ഞകളും വ്യാകരണവും സമ്മാനിച്ചു.
പരീക്ഷണങ്ങളിലൂടെയോ നിരീക്ഷണങ്ങളിലൂടെയോ ആയിരുന്നില്ല ഹോക്കിങ്ങിന്റെ നിഗമനങ്ങള്‍. ഗണിതപരമായ വിശകലനങ്ങളിലൂടെയാണ് തമോഗര്‍ത്തങ്ങളെയും സിംഗുലാരിറ്റിയെയും കുറിച്ചുള്ള നിര്‍ണായക ഗവേഷണങ്ങള്‍ തന്റെ ചെറുപ്പകാലത്ത് ഹോക്കിങ് നടത്തിയത്. പില്‍ക്കാലത്ത് ഗണിതവിശകലനത്തെപ്പോലും ആശ്രയിക്കാതെ തന്റെ അറിവുകളെയും അസാമാന്യമായ ബുദ്ധിശക്തിയെയും അടിസ്ഥാനമാക്കിയുള്ള ചിന്താശകലങ്ങളുമായാണ് അദ്ദേഹം സിദ്ധാന്തങ്ങളിലെത്തിയത്. ഈ സിദ്ധാന്തങ്ങളെ നിരീക്ഷണങ്ങളിലൂടെ സാധൂകരിക്കാന്‍ കഴിയാഞ്ഞതുകൊണ്ടാണ് അദ്ദേഹം നൊബേല്‍ സമ്മാനത്തിന് പരിഗണിക്കപ്പെടാതിരുന്നത്.

എല്ലാ പ്രപഞ്ച പ്രതിഭാസങ്ങളെയും നിയന്ത്രിക്കുന്ന പൊതുനിയമം (The Theory of Everything) ഉണ്ടാവുകതന്നെ ചെയ്യുമെന്ന് ഹോക്കിങ് പ്രതീക്ഷിച്ചു. പരമാണുക്കളെക്കുറിച്ചു പഠിക്കുന്ന കണികഭൗതികത്തെ നക്ഷത്രഗണങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്ന ഖഗോളശാസ്ത്രവുമായി ബന്ധിപ്പിക്കാനാവുമെന്ന് അദ്ദേഹം കരുതി. ഇത്തരത്തിലൊരു സംയോജിത സിദ്ധാന്തം രൂപീകരിക്കാനായാല്‍ എല്ലാം മനസിലാക്കാനാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തി, മരണത്തെ ഏറെനാള്‍ അകറ്റിനിര്‍ത്താനായെങ്കിലും ഹോക്കിങ്ങിന് പ്രപഞ്ചത്തിലെ സകലതിനെയും നിയന്ത്രിക്കുന്ന സമഗ്ര നിയമം കണ്ടെത്താനായില്ല. അങ്ങനെയൊന്ന് തേടി ഭൗതികശാസ്ത്രത്തിന്റെ സൂക്ഷ്മതയിലേക്ക് ഇറങ്ങിയിറങ്ങിച്ചെന്നാല്‍ തത്വചിന്തയുടെ ലോകത്താണ് എത്തിപ്പെട്ടതെന്നു തോന്നും. പ്രപഞ്ചഘടന വിശദീകരിക്കാനുള്ള ഗവേഷണങ്ങള്‍ അവിടെ ആത്യന്തികസത്യം തേടിയുള്ള അന്വേഷണമായി വ്യാഖ്യാനിക്കപ്പെടും.

ആത്യന്തിക സത്യത്തിലേക്ക് എത്തിയാലും ഇല്ലെങ്കിലും ശാസ്ത്രം പുതിയ ഉത്തരങ്ങള്‍ തേടിയുള്ള അന്വേഷണങ്ങള്‍ തുടരും. സ്റ്റീഫന്‍ ഹോക്കിങ് എന്ന നക്ഷത്രം ആ അന്വേഷണപാതയില്‍ വെളിച്ചം വിതറിക്കൊണ്ടിരിക്കുകയും ചെയ്യും.

വി ടി സന്തോഷ്‌കുമാര്‍

 

You must be logged in to post a comment Login