ഉത്കണ്ഠ കഠിനമാകുമ്പോള്‍

ഉത്കണ്ഠ കഠിനമാകുമ്പോള്‍

നോട്ടത്തില്‍ ഒരു മുപ്പത്തഞ്ചുകാരന്‍. മൂന്ന് മാസം മുമ്പ് പെട്ടെന്നൊരു നെഞ്ചുവേദന വന്നു. അറ്റാക്കിന് സമാനമായ വേദന അനുഭവപ്പെടുകയും ശരീരമാസകലം വിയര്‍ക്കുകയും ചെയ്തു. തനിക്ക് അറ്റാക്കാണെന്ന് ഉറപ്പിച്ച് അയാള്‍ ഹോസ്പിറ്റലില്‍ പോയി. ഇ സി ജി ടെസ്റ്റ് നടത്തി. കുഴപ്പമില്ല, നോര്‍മലാണ്. പക്ഷേ വിശ്വാസം വരുന്നില്ല. അദ്ദേഹം മറ്റൊരു ഹോസ്പിറ്റലില്‍ പരിശോധിച്ചു. ECO, TMT തുടങ്ങിയ ടെസ്റ്റുകള്‍ക്ക് വിധേയനായി. എല്ലാം നോര്‍മല്‍. വേദന വരുമ്പോഴെല്ലാം ഹോസ്പിറ്റലുകളില്‍ നിന്ന് ഹോസ്പിറ്റലുകളിലേക്ക് പാഞ്ഞു. ഈ മൂന്ന് മാസത്തിനിടക്ക് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രധാനപ്പെട്ട ഹോസ്പിറ്റലുകളെല്ലാം അയാള്‍ കയറിയിറങ്ങി. ഭീമമായ സംഖ്യ ചെലവായി. എല്ലായിടത്ത് നിന്നും ഡോക്ടര്‍മാര്‍ പറഞ്ഞത് ഒരേ കാര്യം, നിങ്ങള്‍ക്ക് ഒരു രോഗവുമില്ല. വെറും തോന്നല്‍ മാത്രമാണ്.

അറ്റാക്കിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു അടയാളവും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തൈറോയിഡ്, ECG, ECO, TMT തുടങ്ങിയവയെല്ലാം നോര്‍മലാണ്. രക്തക്കുറവിന്റെ പ്രശ്‌നങ്ങളുമില്ല. ഇനി ചെയ്യാനുള്ളത് ആഞ്ചിയൊ ഗ്രാം മാത്രമാണ്. അത് ചെയ്യാന്‍ മാത്രമുള്ള ലക്ഷണങ്ങളില്ലാത്തതുകൊണ്ട് ചെയ്തില്ല. പക്ഷേ, ഇടയ്ക്കിടക്ക് വരുന്ന അമിതമായ നെഞ്ചിടിപ്പും അസാധാരണമായ വിയര്‍ക്കലും താന്‍ ഹൃദയരോഗിയാണെന്ന് അയാളെ വിശ്വസിപ്പിച്ചു.
ഉത്കണ്ഠാരോഗങ്ങളിലെ (Anxiety Disorder) പാനിക് ഡിസോര്‍ഡറാണ് ഇദ്ദേഹത്തിന്റെ പ്രശ്‌നം. ഒരുതരം മാനസിക രോഗം. ശരാശരി നാല് ശതമാനത്തിലധികം ജനങ്ങള്‍ക്കും ജീവിതത്തിലെപ്പോഴെങ്കിലും പാനിക് ഡിസോഡറെന്ന ഉത്കണ്ഠാരോഗം വരാന്‍ സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. സ്ത്രീകളില്‍ മൂന്ന് മടങ്ങ് വരെ ഇത് കാണപ്പെടുന്നു. ജീവിതത്തിലെ രണ്ട് ഘട്ടങ്ങളിലാണ് പൊതുവെ ഇത് കണ്ടുവരുന്നത്. പതിനാല് വയസ് മുതല്‍ ഇരുപത്തിയഞ്ച് വയസ് വരെയുള്ള കൗമാരകാലഘട്ടത്തിലും 44-55 വരെയുള്ള മധ്യകാലഘട്ടത്തിലും.

പ്രധാന ലക്ഷണങ്ങള്‍
അമിതമായ ഹൃദയമിടിപ്പ് (PaIpitation), ഓക്കാനം, വയറുവേദന, അമിതമായി വിയര്‍ക്കല്‍, തലചുറ്റല്‍, കണ്ണുകളില്‍ ഇരുട്ടു കയറുക, വിറയല്‍, ഏതു നിമിഷവും വീണു മരിച്ചുപോവുമെന്ന തോന്നല്‍, ശ്വാസംമുട്ടല്‍, മനസിന്റെ നിയന്ത്രണം വിട്ടുപോകുന്നുവെന്ന തോന്നല്‍, ശരീരഭാഗങ്ങളില്‍ പെരുപ്പും തരിപ്പും, തൊണ്ടവേദന, കൈകാലുകളില്‍ തണുപ്പനുഭവപ്പെടല്‍, നെഞ്ചുവേദന, സ്വന്തം ശരീരത്തില്‍ നിന്ന് അകന്നുപോകുന്നുവെന്ന തോന്നല്‍ (Depersonalization).
ഇവ ഉണ്ടാവാന്‍ പ്രത്യേകം കാരണമുണ്ടാവണമെന്നില്ല. പല തവണ പാനിക് അറ്റാക്കുകള്‍ വരുന്നതിനെയാണ് പാനിക് ഡിസോഡറുകളെന്ന് പറയുന്നത്. ഒറ്റക്ക് സഞ്ചരിക്കാന്‍ പേടി, തുറസായ സ്ഥലങ്ങളിലോ പരിചയമില്ലാത്തയിടങ്ങളിലോ ഒറ്റയ്ക്ക് നില്‍ക്കാന്‍ പേടി എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്.

രോഗനിര്‍ണയം
രക്തക്കുറവ്, തൈറോയിഡ്, ശ്വാസകോശ രോഗങ്ങള്‍ എന്നിവയൊന്നും ഇല്ല എന്ന് ആദ്യം ഉറപ്പ് വരുത്തണം. ലഹരി, കോള, സിഗരറ്റ്, അമിതമായ ചായ കുടി, ഭക്ഷണത്തിലെ രാസപദാര്‍ത്ഥങ്ങള്‍ എന്നിവയെല്ലാം പാനിക് അറ്റാക്കിന്റെ സാധ്യതകളെ വര്‍ധിപ്പിക്കുന്നതാണ്. ഇവയൊന്നും ഇല്ലെന്ന് ഉറപ്പിച്ചാലേ പാനിക് ഡിസോഡര്‍റാണെന്ന് ഉറപ്പിക്കാനാവൂ.
തലച്ചോറില്‍ സെറടോണ്‍ എന്ന രാസപദാര്‍ത്ഥത്തിന്റെ പ്രവര്‍ത്തനമാണിതിന്റെ കാരണം. നോര്‍ഫിനഫ്രിന്‍, ഗാബ തുടങ്ങിയവയിലുണ്ടാകുന്ന അളവിലെ വ്യത്യാസം കാരണമായും ഇതുണ്ടാകും. 30-40 ശതമാനം വരെ ഇതൊരു പാരമ്പര്യരോഗമായും കണ്ടുവരുന്നുണ്ട്.
ഇത്തരം ആളുകള്‍ ചികിത്സകള്‍ ഫലം കാണാതെ വരുമ്പോള്‍ വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചേക്കാം. പാനിക് ഡിസോഡറുള്ള ആളുകള്‍ക്ക് അറുപത് ശതമാനം വരെ വിഷാദരോഗമുണ്ടാവാറുണ്ട്. ഇവയില്‍ നിന്ന് രക്ഷനേടാന്‍ ലഹരികള്‍ക്ക് പിറകെ പോകുന്നവരും ധാരാളമാണ്.

ചികിത്സ
ഉത്കണ്ഠാരോഗങ്ങള്‍ക്ക് രണ്ടുരീതയില്‍ ചികിത്സ നല്‍കാവുന്നതാണ്. മനഃശാസ്ത്ര ചികിത്സകളും മരുന്ന് ചികിത്സകളും.

ഇത് രണ്ടും ഒരുമിച്ച് കൊണ്ടുപോകുന്ന ചികിത്സകളായിരിക്കും കൂടുതല്‍ ഫലപ്രദം.
പെരുമാറ്റ ചികിത്സ (Behaviour Therapy), മനസിലെ ചിന്തകളെ ക്രമീകരിക്കാന്‍ സഹായിക്കുന്ന Cognetive Therapy, ACT (Acceptence and Commitment Therapy) തുടങ്ങിയ മന:ശാസ്ത്ര ചികിത്സകളും SSRI (Selective Seratonic Reuptake Inhibitor), എസിറ്റലോപ്രാം, പരോക്‌സിറ്റന്‍ തുടങ്ങി പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതും സുരക്ഷിതവുമായ മരുന്നുകളും ഉപയോഗിക്കുന്നുണ്ട്. കഠിനമായ ഉത്കണ്ഠാരോഗങ്ങള്‍ക്ക് താല്‍കാലിക ശമനം കിട്ടാന്‍ ക്ലൊണാസെപ്പാം, ആല്‍പ്രൊസോളം എന്നീ മരുന്നുകള്‍ ഉപയോഗിക്കാം. മരുന്ന് കഴിക്കേണ്ട സമയം സാധാരണ രണ്ട് മാസം മുതല്‍ എട്ട് മാസം വരെയാണ്.

പാനിക് ഡിസോഡറുകളുമായി ബന്ധപ്പെട്ട പ്രധാന രോഗങ്ങളാണ് അഗോറാഫോബിയയും (Agoraphobia) സോഷ്യല്‍ ഫോബിയയും (Social phobia). തനിച്ച് തുറസായ സ്ഥലങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥ വരികയും പരിചയമില്ലാത്ത സ്ഥലങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ തനിക്കെന്തെങ്കിലും അപകടം പിണയുമെന്നോ തന്നെ സഹായിക്കാന്‍ ആരുമില്ലല്ലോ എന്നുമുള്ള അമിതമായ ആശങ്കയുണ്ടാകുകയോ ചെയ്യുന്ന അവസ്ഥയാണ് അഗോറഫോബിയ.

പൊതുസ്ഥലങ്ങളിലും സാമൂഹ്യ സാഹചര്യങ്ങളിലും മറ്റുള്ളവരെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ കഠിനമായ ഉത്കണ്ഠ തോന്നുന്ന അവസ്ഥയാണ് സോഷ്യല്‍ഫോബിയ. പാനിക് ഡിസോര്‍ഡറുകളുമായി അനുബന്ധിച്ചോ അല്ലാതെയോ അഗോറഫോബിയ വരുന്നതാണ്.

ഡോ. നൂറുദ്ദീന്‍ റാസി

You must be logged in to post a comment Login