നിശാപ്രയാണത്തിന്റെ ചരിത്രവായന

നിശാപ്രയാണത്തിന്റെ ചരിത്രവായന

നമ്മുടെ ചില ദൃഷ്ടാന്തങ്ങള്‍ കാണിപ്പാനായി തന്റെ ദാസനെ മസ്ജിദുല്‍ ഹറാമില്‍നിന്ന് പരിസരം അനുഗ്രഹിക്കപ്പെട്ട മസ്ജിദുല്‍ അഖ്‌സയിലേക്ക് ഇരവിന്റെ കുറഞ്ഞ സമയം കൊണ്ട് രായാത്ര ചെയ്യിച്ചവന്‍ പരിശുദ്ധനത്രെ.

തീര്‍ച്ചയായും ആ വിശുദ്ധ ദാസന്‍ (കേള്‍പ്പിക്കുന്നത്) കേള്‍ക്കുന്നവനും (കാണിപ്പിക്കുന്നത്) കാണുന്നവനുമാകുന്നു. (ഖുര്‍ആന്‍ ശരീഫ് 11:1)
ഇസ്‌റാഅ്- രാപ്രയാണം എന്ന് ഇസ്‌ലാമിക ചരിത്രത്തില്‍ അറിയപ്പെട്ട ഒരത്ഭുതമുണ്ട്. തിരുനബി(സ്വ) മക്കയിലെ വിശുദ്ധ പള്ളിയില്‍ നിന്ന് അനുഗ്രഹീത പരിസരമുള്ള അഖ്‌സ പള്ളിയിലേക്ക് ഒരൊറ്റ രാവിലെ ചെറിയ സമയത്തിനകം ചെന്നെത്തിയതിനെയാണ് ഇസ്‌റാഅ് എന്ന് പറയുന്നത്. അതേക്കുറിച്ച് ഖുര്‍ആന്‍ സുവ്യക്തമായി പരാമര്‍ശിച്ചതാണ് മുകളില്‍ വായിച്ചത്. ഇസ്‌റാഅ് എന്ന അസാധാരണ സംഭവത്തിന്റെ രൂപവും യുക്തിയും പരാമൃഷ്ട സൂക്തത്തിലുണ്ട്. അത് ഘടന തിരിച്ച് പരിഗണിക്കാനാണ് ഈ കുറിപ്പില്‍ ശ്രമിക്കുന്നത്.

സുബ്ഹാന!
അറബി ഭാഷയില്‍ ‘സുബ്ഹാന’ എന്ന പദം പ്രസിദ്ധമാണ്. മലയാളത്തില്‍ ‘അവന്‍ എത്ര പരിശുദ്ധന്‍’ എന്ന് അതിന്റെ താല്‍പര്യം പറഞ്ഞ് പോകാറുണ്ട്. അതിന്റെ തര്‍ജമയെന്ന നിലയില്‍ ഈ വാക്ക് പരിമിതമാണെങ്കിലും നമുക്ക് ‘അവനെത്ര പരിശുദ്ധന്‍’ എന്ന് ‘സുബ്ഹാന’യെ ഭാഷാന്തരപ്പെടുത്താം. ഭാഷാപരമായി സുബ്ഹാന രണ്ടു രീതിയില്‍ ഉപയോഗിക്കാറുണ്ട്.

1. ന്യൂനതകളില്‍ നിന്ന് മുക്തമാണെന്ന് കാണിക്കാന്‍.
പരിശുദ്ധന്‍ എന്ന ഭാഷാന്തരം അതാണ് കാണിക്കുന്നത്.
2. ചില സന്ദര്‍ഭങ്ങളില്‍ ഈ പ്രയോഗം അത്ഭുതത്തെ കുറിക്കാനും ഉപയോഗിക്കുന്നു.
സന്ദര്‍ഭങ്ങള്‍ അര്‍ത്ഥങ്ങളെ നിര്‍ണ്ണയിക്കുന്നു(ഠവല രീിലേഃ േറലളശില െവേല ാലമിശിഴ) എന്നത് വിശ്രുതമാണല്ലോ. അല്ലാഹുവെ കുറിച്ച് എന്തെങ്കിലും ന്യൂനതകളോ കുറവുകളോ പരാമര്‍ശിക്കുന്ന സന്ദര്‍ഭങ്ങളില്‍ അത്തരം പരിമിതികളില്‍ നിന്നുള്ള മുക്തിയെ കുറിക്കാനാണ് ‘സുബ്ഹാന’ ഉപയോഗിക്കുന്നത്. ‘അവര്‍ ആരോപിക്കുന്ന വ്യാജ നിര്‍മ്മിതികളില്‍ നിന്ന് അല്ലാഹു എത്ര പരിശുദ്ധന്‍’ എന്നുപയോഗിച്ചത് ഈ അര്‍ത്ഥത്തിലാണ്. അതേസമയം അത്തരം സന്ദര്‍ഭങ്ങളിലല്ലാതെ ‘സുബ്ഹാന’ പ്രയോഗിക്കുമ്പോള്‍ അര്‍ത്ഥം മാറുന്നു. അത് അത്ഭുത്തെ വിനിമയം ചെയ്യാനാണ് അപ്പോള്‍ ഉപയോഗിക്കുന്നത്.

ഒരു അസാധാരണ യാത്ര
സുബ്ഹാന എന്ന പ്രയോഗത്തെ കുറിച്ച് ഇത്രയും മുഖവുര പറഞ്ഞതില്‍ നിന്ന് നമുക്ക് ചിലത് ഗ്രഹിച്ചെടുക്കാം. ഈ സൂക്തത്തിലെ ‘സുബ്ഹാന’ സംബോധിതരിലേക്ക് അത്ഭുതം വിനിമയം ചെയ്യാനാണ് പ്രയോഗിക്കുന്നത്. ഇവിടെയുള്ള പരാമര്‍ശിത വചനം അല്ലാഹുവിന്റെതാണ്. അല്ലാഹുവാകുന്നു സംബോധകന്‍. സ്വയം ചെയ്ത ഒരു കാര്യത്തിന്റെ പേരില്‍ അത്ഭുതപ്പെടുന്നത് ആര്‍ക്കും ഭൂഷണമല്ല. അല്ലാഹു സുബ്ഹാന എന്ന അത്ഭുത പ്രയോഗം നട ത്തിയത് കേള്‍വിക്കാരായ നമ്മെ വിസ്മയിപ്പിക്കാന്‍ തന്നെയാണ്. തുടര്‍ന്ന് പരാമര്‍ശിക്കാന്‍ പോകുന്ന സംഭവം ലോകചരിത്രത്തിലെ അത്യന്തം അസാധാരണമായ ഒന്നാണെന്നും അത് ഈ ലോകത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിന്റെ കഴിവിനാല്‍ ഉണ്ടായതാണെന്നുമാണ് അതിന്റെ ഉള്ളടക്കം. അതിനാല്‍ ഈ രാപ്രയാണത്തിന്റെ സ്വഭാവത്തെ ഭൗതികമായ അര്‍ത്ഥത്തില്‍ ഭൗതിക മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി മനസിലാക്കാന്‍ ശ്രമിക്കേണ്ടതില്ല. അത് ദൈവികമായ ഒരു പ്രവര്‍ത്തനമാണ്, മനുഷ്യപ്രവര്‍ത്തനമല്ല. മനുഷ്യന്റെ കഴിവിന് അതീതവും ഭൗതിക സമീപനയുക്തിക്കപ്പുറവുമുള്ള ഒരു യാത്രയാണത്. അല്ലാഹു നബിയെ(സ്വ) കൊണ്ട് പോവുകയായിരുന്നു!. ആ യാത്രയില്‍ ഉടനീളം അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹവും രക്ഷയും തിരുനബിക്കുണ്ടായിരുന്നു.

ആകയാല്‍ ആ പ്രയാണത്തിന് കാലം പ്രസക്തമല്ല! ഭാരവും പ്രസക്തമല്ല. ഇനി ഒരാള്‍ക്കും നബി(സ്വ) പോയിട്ടില്ലെന്ന് പറയാവതല്ല. കാരണം രാപ്രയാണം നടത്തിച്ചത് താനാണെന്ന് അല്ലാഹു പറഞ്ഞിരിക്കയാണല്ലോ. ‘സുബ്ഹാന’ ഇങ്ങനെയും ഒരര്‍ത്ഥം ഉള്‍കൊള്ളുന്നുണ്ട്.

വിശുദ്ധ ദാസന്‍
വിശുദ്ധ സൂക്തത്തിലെ അടുത്ത പദം ആരെയാണ് രാപ്രയാണം നടത്തിപ്പിച്ചതെന്നതിന്റെ ഉത്തരമാണ്. ‘ബി അബ്ദിഹീ’എന്നതാണത്. ‘തന്റെ വിശിഷ്ടദാസനെ ‘ എന്നര്‍ത്ഥം. വിവക്ഷ നബിയാകുന്നു(സ്വ). അവിടുത്തേക്ക് കൊടുത്ത ഒരു വിശേഷണമാണ് ‘തന്റെ ദാസന്‍’ എന്നത്. ദാസന്‍ അഥവാ അബ്ദ് എന്ന പ്രയോഗം രണ്ട് രീതിയില്‍ ഇവിടെ പ്രസക്തമാണ്.
ഒന്ന്: മനുഷ്യാവസ്ഥയുടെ നേര്‍ വിവരണമാണ് ‘ദാസ്യത’ എന്ന ഗുണം. ഒരു മനുഷ്യന്‍ പൂര്‍ണനാകുന്നത് അല്ലാഹുവിനോടുള്ള ദാസ്യത പൂര്‍ണമാകുമ്പോഴാണ്. ഏതൊരു വസ്തുവും ജീവിയും അതിന്റെ പൂര്‍ണതയെ വരിക്കുന്നത് അതതിന്റെ യഥാര്‍ത്ഥ്യത്തെ പ്രാപിക്കുമ്പോഴാണ്. കുതിര കുതിരയാകുന്നത്, യുദ്ധത്തിലേക്ക് പൊടി പാറ്റി കുതിച്ചോടുമ്പോഴാണ്; തളര്‍ന്ന് അവശയാകുമ്പോഴല്ല. ആ നിലക്ക് നബിയെ(സ്വ) തന്റെ വിശിഷ്ട ദാസനെന്ന് പുകഴ്ത്തിയത്, മനുഷ്യാവസ്ഥയുടെ സമ്പൂര്‍ണതയെയും അവിടുന്ന് നേടിയെടുത്തിരിക്കുന്നു എന്ന് കാണിക്കാനാണ്.
‘ആകാരവും അര്‍ത്ഥവും
പൂര്‍ണമായോരു ഭവാന്‍
അഖിലാണ്ഡ പാലകനവരെ
സ്‌നേഹിതനായി പരിഗണിച്ചു,’

എന്ന് നബിയെ(സ്വ) കുറിച്ച് പാടിയത് ചേര്‍ത്തുവായിക്കാവുന്നതാണിവിടെ.
സഹൃദയ മനസ് കണ്ടെത്തുന്ന മറ്റൊരു കാര്യമുണ്ട്. നിമിഷ നേരത്തെ ഒരു യാത്രയ്ക്ക് അല്ലാഹുവിന്റെ അനുമതിയോടെ വിധേയപ്പെടുന്ന ഒരു ശരീരം എന്ന നിലയില്‍ അവിടുത്തെ നിയോഗം ദാസ്യതയ്ക്കപ്പുറം പോകുന്നില്ല എന്നതാണത്. ദേഹവും ദേഹിയുമടങ്ങുന്ന ദാസ്യത അപ്പോഴും ബാക്കിയാണ്. യേശുവിന്റെ പേരില്‍ പിന്നീട് ഉയര്‍ന്നു വന്ന ദിവ്യത്വ വാദങ്ങള്‍ തിരുനബിയുടെ(സ്വ) പേരിലുണ്ടാകുന്നതിനെ ആ ശബ്ദം ശക്തമായി നിരാകരിക്കുന്നു. ഉയര്‍ന്ന് പോയി ദൈവത്തിന്റെ അരികിലിരിക്കുന്ന യേശുവെ കുറിച്ചുള്ള സങ്കല്‍പം അദ്ദേഹം ദൈവമാണ് എന്ന വാദത്തിന് ഉപോത്ബലകമായി ഉദ്ധരിക്കാറുണ്ട്. ദേഹം, ദേഹി എന്നീ കൂട്ടുകെട്ടുള്ള ഒരവസ്ഥയില്‍ നടന്ന ഒരത്ഭുത യാത്രയെന്നതില്‍ കവിഞ്ഞ് നബിയുടെ(സ്വ) ഇസ്‌റാഇനോ മിഅ്‌റാജിനോ ദിവ്യത്വപരമായ ഒരര്‍ത്ഥവും ആരോപിക്കപ്പെടാതിരിക്കാന്‍ ‘ദാസ്യത’എന്ന പരാമര്‍ശം എത്രയും സഹായകമാണ്.

പവിത്ര രാത്രി
രാത്രിയിലാണ് പ്രയാണമുണ്ടായത്. സൂക്തത്തില്‍ വന്ന ‘അസ്‌റാ’ എന്ന പദത്തിനു തന്നെ രാത്രി സഞ്ചരിച്ചു എന്ന അര്‍ത്ഥമുണ്ട്. പിന്നെ എന്തിന് ഒരിക്കല്‍ കൂടി രാത്രിയില്‍ എന്ന് പറഞ്ഞുവെന്ന് വ്യാഖ്യാതാക്കള്‍ അന്വേഷിക്കുന്നുണ്ട്. അതിന്റെ ഉത്തരം രണ്ടാണ്. ഒന്ന്, ആ പ്രയാണം രാത്രിയില്‍ ഒരു ചെറിയ നേരമായിരുന്നു എന്നു കാണിക്കാനാണ്. മറ്റൊന്ന്, ആ രാവിന്റെ മഹത്വം അറിയിക്കാനാണ്.

ഇവിടെ നാം അടിവരയിടണം. നബി(സ്വ) പ്രയാണം ചെയ്ത രാവിനു മഹത്വമുണ്ടെന്ന് ഖുര്‍ആന്‍ തന്നെ പരാമര്‍ശിച്ചിരിക്കുന്നു. ‘ലൈലന്‍’ എന്നതിലെ യുക്തിയാണത്. റജബ് ഇരുപത്തിയേഴിന്റെ രാവിനു പ്രത്യേക മഹത്വം വിശുദ്ധ ഖുര്‍ആന്റെ ഭാഷയില്‍ തന്നെ സ്ഥാപിതമാകുന്നു. രാവിനെയും പകലിനെയും കുറിച്ചുള്ള ഖുര്‍ആനിക സമീപനത്തെ കൂട്ടിച്ചേര്‍ത്ത് വായിക്കേണ്ടത് ഇവിടെയാണ്.

‘രാപകലുകളില്‍ ഒന്ന് മറ്റൊന്നിന്റെ പിറകെ വരുന്നതാക്കിയതും അവന്‍ തന്നെയാകുന്നു.സ്മരിക്കുന്നതിനും നന്ദി കാണിക്കുന്നതിനും ഉദ്ദേശിക്കുന്നവര്‍ക്കു വേണ്ടി. ‘(അല്‍ ഫുര്‍ഖാന്‍ 62)
ഇരവും പകലും മാറിമാറി വരുന്നത് ഓര്‍ക്കുന്നവര്‍ക്കും നന്ദി കാണിക്കുന്നവര്‍ക്കും വേണ്ടിയാണെങ്കില്‍ വര്‍ഷത്തില്‍ മടങ്ങിവരുന്ന റജബ് ഇരുപത്തിയേഴ് എന്ന ഒരു മഹദ്‌രാത്രിയെ എങ്ങിനെയാണ് സമീപിക്കേണ്ടത്? ആ രാത്രിയുടെ മഹത്വമറിഞ്ഞ് ഒരു സഹൃദയന്‍ ആ ദിനത്തെ മാനിക്കുന്നുവെങ്കില്‍ അത് ഖുര്‍ആനിക ബോധത്തിന്റെ പുറത്താണ് എന്ന് എങ്ങനെ പറയാനാകും?

മസ്ജിദുല്‍ ഹറാം
തിരു നബി (സ്വ) മസ്ജിദുല്‍ ഹറാമില്‍ നിന്നാണ് പോയത്. വളരെ ശ്രദ്ധേയമായ ഒരു പോയിന്റുണ്ട്. നബി(സ്വ) പോയ നേരത്ത് അറബികള്‍ക്കിടയില്‍ അത് മസ്ജിദുല്‍ ഹറാമെന്ന് അറിയപ്പെട്ടിട്ടില്ല. പക്ഷെ, അല്ലാഹുവിന് വേണ്ടി ആരാധന ചെയ്യാന്‍ സ്ഥാപിതമായ കഅ്ബ സ്ഥിതി ചെയ്യുന്നത് അവിടെയാണ്. ജനങ്ങള്‍ക്ക് വേണ്ടി പണിത ആദ്യത്തെ വിശുദ്ധ ഭവനമാണത്. ആ നിലക്ക് ഇബ്രാഹീം നബിയുമായും(അ) ആ മഹാപ്രവാചകന്റെ ജീവിതസരണിയുമായും ബന്ധപ്പെട്ട ഒരു ചരിത്രം ആ സ്ഥലത്തിനുണ്ട്. നേരത്തെ തന്നെ അത് മസ്ജിദാണ്. പിന്നീട് അതിന്റെ വിശുദ്ധിക്ക് കോട്ടം തട്ടുകയായിരുന്നു. മസ്ജിദുല്‍ ഹറാമെന്ന ഖുര്‍ആന്റെ ഈ പ്രസ്താവനയോടെ പ്രസ്തുത സ്ഥലത്തിന്റെ അനിവാര്യമായ വിശുദ്ധിയെ ഓര്‍മപ്പെടുത്തുകയായിരുന്നു. അത് അല്ലാഹുവിന് ആരാധനയര്‍പ്പിക്കേണ്ട സ്ഥലമാണെന്ന സൂചന അതിലുണ്ട്. മുമ്പുള്ള വിശുദ്ധിയുടെ വീണ്ടെടുപ്പാണ് അതിലൂടെ സാധ്യമായത്. ഒരു സ്ഥലം പള്ളിയായി വഖ്ഫ് ചെയ്താല്‍ പിന്നീടതിന്റെ വിശുദ്ധിയില്‍ മാറ്റമുണ്ടാകുന്നതല്ലെന്ന ഫിഖ്ഹീ പാഠം ചില പണ്ഡിതന്മാര്‍ ഈ പ്രയോഗത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

മസ്ജിദുല്‍ അഖ്‌സാ
മസ്ജിദുല്‍ അഖ്‌സാ വരെയായിരുന്നു ഇസ്‌റാഅ്. നേരത്തെ പറഞ്ഞത് പോലെ അന്ന് ഈ സ്ഥലവും പള്ളിയായി പരിഗണിക്കപ്പെട്ടിരുന്നില്ല. എന്നിട്ടും അത് മസ്ജിദായി പരാമര്‍ശിക്കപ്പെട്ടത് പ്രസ്തുത സ്ഥലത്തിന്റെ മഹത്വം അറിയിക്കാനും അത് വീണ്ടെടുക്കാനുമാണ്.
മസ്ജിദുല്‍ അഖ്‌സാ ഇബ്രാഹീം നബിയുടെ(അ) മകന്‍ ഇസ്ഹാഖിന്റെ(അ) താവഴിയില്‍ വന്ന ഏതാണ്ട് എല്ലാ പ്രവാചകന്‍മാരുടെയും പ്രബോധന കേന്ദ്രമായിരുന്നു. മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സയിലേക്കുള്ള ഈ പ്രയാണത്തിന്റെ പൊരുള്‍ ചരിത്രവുമായി ബന്ധിപ്പിക്കുമ്പോള്‍ കൂടുതല്‍ മഹിമയുള്ളതായി തോന്നും. മസ്ജിദുല്‍ ഹറാമില്‍ നിന്ന് പോന്ന് മസ്ജിദുല്‍ അഖ്‌സയില്‍ എത്തിയതിന്റെ രഹസ്യം, നബി(സ്വ) തനിക്കു മുമ്പുള്ള എല്ലാ ശരീഅത്തുകളുടെയും തുടര്‍ച്ചയും അനുബന്ധവുമാണ് എന്നതത്രെ. തനിക്കു ശേഷമുള്ള ഒരു പ്രവാചകനെക്കുറിച്ച് യേശു തന്നെയും പ്രവചിച്ചത് ബൈബിള്‍ പുസ്തകങ്ങളിലുണ്ട്. ‘എനിക്ക് ഇനിയും അനേക കാര്യങ്ങളെ നിങ്ങളോട് പറയാനുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് അവയെ ഇപ്പോള്‍ വഹിപ്പാന്‍ കഴിയുന്നതല്ല. എന്നാല്‍ സത്യാത്മാവ് വരുമ്പോള്‍ നിങ്ങളെ സത്യത്തിലൊക്കെയും നടത്തും'(യോഹന്നാന്‍ 16:12-13).

പരിസരങ്ങളിലെ ഗുണവര്‍ധന
മസ്ജിദുല്‍ അഖ്‌സയെ പറ്റി പരാമര്‍ശിച്ചതിന് ശേഷം അതിന്റെ ഗുണ വിശേഷണം എടുത്ത് പറഞ്ഞിരിക്കുകയാണ്. പരിസരങ്ങളില്‍ അല്ലാഹു അനുഗ്രഹം ചെയ്ത വിശുദ്ധ ഭവനമാണ് അതെന്ന് അതില്‍നിന്ന് ഗ്രഹിക്കാം. രണ്ട് കാര്യങ്ങള്‍ ഈ പ്രയോഗത്തില്‍ നിന്ന് കൃത്യമായി മനസിലാക്കാം. ഒന്ന് എന്താണ് പരിസരങ്ങളില്‍ അനുഗ്രഹം ചെയ്തുവെന്ന് പറഞ്ഞത്? എന്താണതിന്റെ താല്‍പര്യം? ഒരു ഭവനത്തിന്റെ പരിസരങ്ങളില്‍ അനുഗ്രഹമുണ്ടെങ്കില്‍ ആ ഭവനത്തില്‍ അത് പൂര്‍ണമാണെന്ന് തന്നെ. ഭവനത്തില്‍ പൂര്‍ണവും നിറഞ്ഞ് നില്‍ക്കുന്നതുമാണെങ്കിലേ പുറത്ത് പരിസരത്തേക്കൊഴുകി വരികയുള്ളൂ.
രണ്ടാമതൊരു കാര്യം കൂടി ശ്രദ്ധിക്കണം. മസ്ജിദുല്‍ ഹറാമിനെ ഈ തരത്തിലൊന്നും വിശേഷിപ്പിച്ചിട്ടില്ലല്ലോ. എന്ത് കൊണ്ട് മസ്ജിദുല്‍ അഖ്‌സയെ മാത്രം ഇത്രയധികം ശ്രദ്ധേയമായ പ്രയോഗത്തിലൂടെ വിശേഷിപ്പിച്ചു? മസ്ജിദുല്‍ അഖ്‌സയുടെ യഥാര്‍ത്ഥ വിശുദ്ധി അങ്ങേയറ്റം മങ്ങിത്തുടങ്ങിയിട്ടുണ്ടായിരുന്നു.അപ്പോള്‍ ഈ വിശേഷണത്തിലൂടെ അതിന്റെ വിശുദ്ധിയും ആത്മീയ ഗൗരവവും വീണ്ടെടുക്കുകയാണതിന്റെ ലക്ഷ്യം.

മസ്ജിദുല്‍ അഖ്‌സയുടെയും പരിസരത്തിന്റെയും മഹത്വം ക്രൈസ്തവ ഭാഷയില്‍ തന്നെ വായിച്ചു നോക്കൂ: ‘യെരൂശലേം ദേവാലയത്തിന് പവിത്രത കല്‍പ്പിക്കുകയും അതിനെ പ്രാര്‍ത്ഥനാ ദിശയാക്കുകയും ചെയ്ത ഇസ്രയേല്‍ മക്കളാണ് യേശുവിന്റെ പ്രബോധിത സമൂഹം. മുന്‍കാല പ്രവാചകന്മാരാല്‍ അടിസ്ഥാനമിട്ട സമൂഹമാണവര്‍. അവരുടെ ദേശമാണ് യേരൂശലേം. ആദമും നോഹയും അബ്രഹാമും മോശയും ന്യായാധിപന്മാരും രാജാക്കന്മാരുമൊക്കെ പഠിപ്പിച്ച വിദ്യാലയമാണത്. ക്രിസ്തുവിന്റെ ആലയവും. ഇവര്‍ പഠിപ്പിച്ച വിദ്യാലയത്തില്‍ ആ ദൈവ സാക്ഷ്യത്തിനും കര്‍മ്മ മാര്‍ഗത്തിനും വിരുദ്ധമായി ആരു പഠിപ്പിച്ചാലും അതിനെയത് തിരസ്‌കരിക്കും.’ വായിച്ചത് ശ്രദ്ധിച്ചല്ലോ. മുന്‍കാല പ്രവാചകന്മാരുടെ പ്രവര്‍ത്തനത്താലും അവരുടെ അന്ത്യവിശ്രമ സ്ഥലമാകുന്നതിനാലും ആ ഭൂമി പവിത്രമാണ്. പക്ഷെ യെരൂശലമിന്റെയും വിശുദ്ധ ഭവനത്തിന്റെയും പരിശുദ്ധി കാത്തു സൂക്ഷിക്കുന്നതില്‍ ജൂതരും ക്രൈസ്തവരും പരാജയപ്പെട്ടിരുന്നു. അന്നേരമാണ് ‘പരിസരങ്ങളില്‍ അനുഗ്രഹമുറ്റിയ അഖ്‌സ പള്ളിയിലേക്ക്’ തിരുനബി(സ്വ) യാത്ര ചെയ്തത്. ‘പരിഛേദനയേല്‍ക്കാത്തവനും അശുദ്ധനും നിന്നിലേക്ക് വരികയില്ല’ എന്ന യെശയ്യാവിന്റെ(52:1) പ്രവചനത്തിന്റെ നിവൃത്തി പോലെയാണതു സംഭവിച്ചത്!.

ദൃഷ്ടാന്തങ്ങള്‍ കാണിപ്പാന്‍
ഇനി വരുന്ന ഭാഗം എന്തിനാണ് ഈ യാത്ര എന്നതിന്റെ ഉത്തരമാണ്. നബിയെ(സ്വ) ഒട്ടനവധി ദൃഷ്ടാന്തങ്ങള്‍ കാണിക്കാന്‍ വേണ്ടിയാണ് കൊണ്ടു പോയത്.

കാണിച്ചു കൊടുക്കുക – കാഴ്ച എന്നത് പ്രവാചകന്മാരുടെ ചരിത്രത്തില്‍ ശ്രദ്ധേയമായ ഒരു സംഭവമാണ്. കാണിച്ചു കൊടുക്കലിലൂടെ യഥാര്‍ത്ഥ ജ്ഞാനം ആര്‍ജ്ജിക്കാന്‍ ഇടവരുന്നു ണ്ടെന്നതാണ് അതിന്റെ കാരണം. ഹസ്രത്ത് ഇബ്രാഹീം നബിക്ക്(അ) ആകാശ ഭുവനങ്ങളുടെ രാജത്വം കാണിച്ചു കൊടുക്കുന്നതായി ഖുര്‍ആനില്‍ കാണാം. (വി.ഖു 6:75). ഇബ്‌റാഹീം നബി (അ) എങ്ങനെയാണ് മൃതമായവയെ ജീവിപ്പിക്കുന്നതെന്ന് കണ്ടു ബോധ്യപ്പെടാന്‍ ചോദിച്ചതും അതിന് അവസരം ഉണ്ടാക്കിയതും മറ്റൊരിടത്ത് വായിക്കാം (വി.ഖു 2:260).

കാഴ്ച പരമ ബോധ്യത്തിലേക്ക് നയിക്കുന്നു എന്നതാണിത് കാണിക്കുന്നത്. ഇവിടെയും അതുപോലെ, നബിക്ക്(സ) ഒരുപാട് ദൃഷ്ടാന്തങ്ങള്‍ കാണിച്ചു കൊടുക്കാനായിരുന്നു ആ യാത്ര. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഇബ്രാഹീം നബി(അ) പരമബോധ്യത്തെ ചോദിച്ചു വാങ്ങുകയാണ്. എന്നാല്‍ നബിക്ക്(സ്വ) അത്തരമൊരു ബോധ്യം ചോദിക്കാതെ തന്നെ നല്‍കപ്പെടുകയായിരുന്നു. മൂസാ(അ) ഹൃദയ വിശാലത ചോദിച്ചു വാങ്ങിയപ്പോള്‍ (വി.ഖു 20:25) തിരുനബിക്ക്(സ്വ) അത് ചോദിക്കാതെ തന്നെ കിട്ടിയതു പോലെ (വി.ഖു 108:1). ഇവിടെ പറഞ്ഞ ദൃഷ്ടാന്തങ്ങള്‍ എന്തൊക്കെയാണ് എന്ന് പരാമര്‍ശിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും ഇബ്രാഹീം നബിക്ക്(അ) കാണിച്ചു കൊടുത്തുവെന്ന് പറയപ്പെട്ട രാജത്വം (മലക്കൂത്ത്) ഈ ദൃഷ്ടാന്തങ്ങളില്‍ ഒന്ന് മാത്രമാണെന്നാണ് പണ്ഡിതന്മാരുടെ നിരീക്ഷണം. അതായത് ഈ രാത്രിയില്‍ തിരുനബിക്ക്(സ്വ) രാജത്വവും അതിനപ്പുറം പലതും കാണിച്ചു കൊടുത്തിട്ടുണ്ട് എന്നര്‍ത്ഥം.

കേള്‍ക്കുന്നവന്‍,കാണുന്നവന്‍
ഒരു കാഴ്ചയൊരുക്കി സഞ്ചരിപ്പിച്ചതിന്റെ കാരണം പറഞ്ഞു കൊണ്ടാണ് ഈ കൊച്ചുസൂക്തത്തിന്റെ പര്യവസാനം – ‘തിരുനബി (സ്വ) തീര്‍ച്ചയായും കേള്‍ക്കുന്നവനും കാണുന്നവനും തന്നെ.’ കാഴ്ച/കേള്‍വി എന്നിവ ഒരു മനുഷ്യഗുണമാണെങ്കിലും അവ പ്രത്യേകം പരാമര്‍ശിക്കുന്നതിലൂടെ തിരുനബിയുടെ(സ്വ) വിശുദ്ധ ദേഹത്തിന്റെയും പഞ്ചേന്ദ്രിയ സംവേദനക്ഷമതയുടെയും പൂര്‍ണതയെയാണ് വിനിമയം ചെയ്യുന്നത്. ഈ യാത്രയിലെ വിസ്മയങ്ങള്‍ കാണാനും കേള്‍ക്കാനും ഗ്രഹിക്കാനും കഴിയുന്ന അസാധാരണത്വം അവിടുത്തേക്ക് ഉണ്ടെന്ന് ഇതറിയിക്കുന്നുണ്ട്. സമീഅ്, ബസ്വീര്‍ എന്നീ ശബ്ദങ്ങള്‍ അല്ലാഹുവിന്റെ ഗുണങ്ങളായി ഉപയോഗിക്കാറുണ്ട്. നിരുപാധികവും അക്ഷരാര്‍ത്ഥ ത്തിലുമാണ് ആ ഉപയോഗം. എന്നാല്‍ പ്രസ്തുത ശബ്ദങ്ങള്‍ നബിയുടെ(സ്വ) ഗുണങ്ങള്‍ ആയി ഉപയോഗിക്കുന്നത് സോപാധികമാണ്. എന്നിരുന്നാലും നബിയുടെ(സ്വ) അസ്തിത്വ വിശുദ്ധിയെ അത് കുറിക്കുന്നുണ്ട് എന്നത് കാണാതിരുന്നു കൂടാ. നബിയുടെ(സ്വ) ആളത്തത്തിന്റെ ദൈവികത്വത്തെ നിരാകരിക്കുമ്പോള്‍ തന്നെ ആ ആളത്തത്തിന്റെ വസ്തുതാപരമായ അസാധാരണത്വത്തെ ഉള്‍കൊള്ളാന്‍ നാം പ്രാപ്തരാകണം. എന്ന് മാത്രമല്ല ആ വശത്തിന് വേണ്ടുന്ന പരിഗണന തന്നെ കൊടുക്കേണ്ടതുമുണ്ട്. ആ നിലക്ക് നോക്കുമ്പോള്‍ അല്ലാഹു കാണിച്ച് കൊടുത്തതെല്ലാം അവിടുന്ന് കണ്ടുവെന്നും കേള്‍പ്പിച്ചതെല്ലാം കേട്ടുവെന്നും അതിനുള്ള കഴിവും അല്ലാഹു നല്‍കിയിട്ടുണ്ടെന്നുമാണ് നാം ഗ്രഹിക്കേണ്ടത്.

ഇസ്‌റാഅ് ചരിത്ര പരവും ദാര്‍ശനികവുമായ ഒട്ടനവധി പൊരുളുകള്‍ നിറഞ്ഞ ഒന്നത്രെ. മിഅ്‌റാജിന്റെ മുന്നോടിയായി നടന്ന ഒരു യാത്രയെന്നതിലുപരി അതിനൊരു സ്ഥാനമുണ്ട.് ‘പണിക്കാര്‍ ഒഴിച്ചിട്ട കല്ല് മൂലക്കലെ തലക്കല്ലാകുമെന്നും സ്വര്‍ഗ്ഗ രാജ്യം ഫലം കായ്പ്പിക്കുന്ന ജനതയ്ക്ക് നല്‍കപ്പെടും’ എന്നുമുള്ള യേശുവിന്റെ പ്രവചനത്തെ ഉള്‍ക്കൊള്ളുന്ന പ്രതീകാത്മകത കൂടി ഇസ്‌റാഇനോട് ചേര്‍ത്ത് വായിക്കപ്പെടേണ്ടതാണ്.

ഇ എം എ ആരിഫ് ബുഖാരി

You must be logged in to post a comment Login