ദേശാഭിമാനവും ദേശവിരുദ്ധതയും ഹരജികള്‍ ചരിത്രം പറയുന്നു

ദേശാഭിമാനവും ദേശവിരുദ്ധതയും ഹരജികള്‍ ചരിത്രം പറയുന്നു

എണ്‍പത്തിഏഴ് വര്‍ഷങ്ങള്‍ക്കു മുമ്പ്,1931 മാര്‍ച്ച് 23ന,് ഭഗത്‌സിംഗിനെയും അദ്ദേഹത്തിന്റെ രണ്ടു സഖാക്കളായ രാജ്ഗുരുവിനെയും സുഖ്‌ദേവിനെയും ലാഹോറില്‍ ബ്രിട്ടീഷ് ഭരണകൂടം തൂക്കിക്കൊന്നു. രക്തസാക്ഷിത്വം വരിക്കുന്ന സമയത്ത് ഭഗത്‌സിംഗിന് ഇരുപത്തിമൂന്നുവയസ്സു മാത്രമാണ് പ്രായം. മുഴുവന്‍ ജീവിതവും മുന്നിലുണ്ടായിരുന്നിട്ടും അദ്ദേഹം ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിക്കാന്‍ തയാറായില്ല. ചില അഭ്യുദയകാംക്ഷികളും കുടുംബാംഗങ്ങളും അതാഗ്രഹിച്ചിരുന്നുവെങ്കില്‍ പോലും. തന്റെ അവസാനത്തെ ഹരജിയിലും സത്യവാങ്മൂലത്തിലും അദ്ദേഹം കൊളോണിയല്‍ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്തു എന്ന കുറ്റത്തില്‍ ഉറച്ചുനിന്നു. തന്നെ തൂക്കിക്കൊല്ലരുതെന്നും ഫയറിംഗ് സ്‌ക്വാഡിനെ കൊണ്ട് വെടിവെച്ചു കൊല്ലുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രീട്ടീഷുകാരുടെയും ഇന്ത്യന്‍ പരാന്നഭോജികളുടെയും ചൂഷണത്തില്‍ നിന്ന് തൊഴിലാളികള്‍ സ്വതന്ത്രമാകുന്ന ഒരു ഇന്ത്യയെകുറിച്ചുള്ള വീക്ഷണവും ആ രേഖകളിലുണ്ട്.

ദേശീയതയെ ബി ജെപി പ്രധാനപ്പെട്ട മുദ്രാവാക്യമായി ഉയര്‍ത്തിക്കാട്ടുന്ന വേളയില്‍ ഭഗത്‌സിംഗിന്റെ ദേശസ്‌നേഹത്തെയും കാഴ്ചപ്പാടുകളെയും സംഘ് പരിവാറിന്റെ ആദര്‍ശപുരുഷനും ‘ഹിന്ദുത്വ’ത്തിന്റെ ഉപജ്ഞാതാവും എഴുത്തുകാരനുമായ വി ഡി സവര്‍ക്കറുടേതുമായി താരതമ്യം ചെയ്യുന്നത് ഉപകാരപ്രദമായിരിക്കും.
വിപ്ലവപ്രവര്‍ത്തനങ്ങളുടെ ഫലമായി 1911ല്‍ ആന്‍ഡമാനിലെ കുപ്രസിദ്ധമായ സെല്ലുലാര്‍ ജയിലിലേക്ക് അയക്കപ്പെട്ട സവര്‍ക്കര്‍ തന്റെ അമ്പതുവര്‍ഷത്തെ ശിക്ഷ ആരംഭിച്ച് അധികം കഴിയും മുമ്പേ, തന്നെ നേരത്തേ വിട്ടയക്കാനുള്ള ഹരജി ബ്രിട്ടീഷുകാര്‍ക്ക് സമര്‍പ്പിച്ചു. വീണ്ടും 1913ലും പിന്നീട് പല പ്രാവശ്യവും നേരത്തേ വിട്ടയക്കാനുള്ള അപേക്ഷകള്‍ അദ്ദേഹം സമര്‍പ്പിച്ചു. 1921ല്‍ സവര്‍ക്കറെ ആന്‍ഡമാനില്‍ നിന്നും ഇന്ത്യന്‍ കരഭൂമിയിലെ ജയിലേക്ക് മാറ്റി. 1924 ല്‍ അദ്ദേഹത്തെ ജയിലില്‍ നിന്ന് വിട്ടയക്കുകയും ചെയ്തു. തന്നെ വിട്ടയച്ചാല്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിച്ച് ബ്രിട്ടീഷുകാരോട് വിശ്വസ്തത പുലര്‍ത്താമെന്നായിരുന്നു ആ ഹരജികളുടെയെല്ലാം ഉള്ളടക്കം.

സവര്‍ക്കറുടെ ബ്രിട്ടീഷുകാരോടുള്ള അപേക്ഷകള്‍ തന്ത്രപരമായ കെണികളായിരുന്നുവെന്നാണ് അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ വ്യാഖ്യാനിക്കുന്നത്. എന്നാല്‍ അദ്ദേഹം ആന്‍ഡമാനില്‍ നിന്ന് വിടുതല്‍ കിട്ടിയതിനു ശേഷം സ്വാതന്ത്ര്യസമരത്തില്‍ നിന്ന് വിട്ടുനിന്നതായും ഹിന്ദുത്വനയത്താല്‍ ബ്രിട്ടീഷുകാരെ സഹായിച്ചതായും വ്യാപകമായ വിമര്‍ശനമുണ്ട്.
ഭഗത്‌സിംഗിന്റെ അവസാനത്തെ ഹരജിയും സവര്‍ക്കര്‍ 1913 ല്‍ സമര്‍പ്പിച്ച മാപ്പപേക്ഷയുമാണ് താഴെയുള്ളത്.

ലാഹോര്‍ ജയില്‍,1931
പഞ്ചാബ് ഗവര്‍ണര്‍ക്ക്,
സര്‍,

താഴെപ്പറയുന്ന കാര്യങ്ങളിലേക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിക്കുന്നു: ബ്രിട്ടീഷ് ഇന്ത്യന്‍ സര്‍ക്കാറിന്റെ മേധാവിയായ വൈസ്രോയി പുറപ്പെടുവിച്ച ലാഹോര്‍ ഗൂഢാലോചനാകേസ് ഓര്‍ഡിനന്‍സ് മുഖേന സ്ഥാപിക്കപ്പെട്ട പ്രത്യേക ട്രിബ്യൂണല്‍ 1930 ഒക്‌ടോബര്‍ 7 ന് ഞങ്ങള്‍ക്ക് വധശിക്ഷ വിധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ ജോര്‍ജ്ജ് രാജാവിനെതിരെ യുദ്ധം ചെയ്തു എന്നതാണ് ഞങ്ങളുടെ മേല്‍ ചുമത്തിയിരിക്കുന്ന പ്രധാനപ്പെട്ട കുറ്റം.

കോടതിയുടെ ഈ കണ്ടെത്തല്‍ രണ്ടു വിചാരങ്ങളില്‍ അധിഷ്ഠിതമാണ്.
ഒന്ന്, ബ്രിട്ടീഷ് സാമ്രാജ്യവും ഇന്ത്യന്‍ രാഷ്ട്രവും തമ്മില്‍ ഒരു യുദ്ധം നടക്കുന്നുണ്ട്. രണ്ട്, ആ യുദ്ധത്തില്‍ ഞങ്ങള്‍ പങ്കെടുത്തു. അതിനാല്‍ ഞങ്ങള്‍ യുദ്ധത്തടവുകാരാണ്. രണ്ടാമത്തെ വിചാരം അല്പം പുകഴ്ത്തല്‍ സ്വഭാവമുള്ളതാണെങ്കിലും അതിനോട് വിരോധം പറയാതിരിക്കാനുള്ള പ്രലോഭനം ഏറെയാണ്.

ആദ്യത്തെ വിചാരത്തെ കുറിച്ച് അല്‍പം വിശദീകരിക്കാനുണ്ട്. അതില്‍ വിവക്ഷിച്ചിട്ടുള്ള തരത്തില്‍ ഒരു യുദ്ധമൊന്നും ഇവിടെ നടക്കുന്നുണ്ടെന്നു തോന്നുന്നില്ല. അത്തരം വിചാരങ്ങളുടെ സാധുത അവയെ മുഖവിലക്കെടുത്തു കൊണ്ട് സ്വീകരിക്കാന്‍ ഞങ്ങളെ ദയവായി അനുവദിക്കൂ. എന്നാല്‍ കൃത്യമായി മനസ്സിലാക്കപ്പെടാന്‍ അത് വിശദീകരിക്കേണ്ടതുണ്ട്. അത്തരമൊരു യുദ്ധം നിലനില്‍ക്കുന്നുണ്ടെന്ന് ഞങ്ങള്‍ പ്രഖ്യാപിക്കട്ടെ. ഇന്ത്യയിലെ പ്രകൃതിവിഭവങ്ങളും അധ്വാനിക്കുന്ന തൊഴിലാളികളും ഒരു കൂട്ടം പരാന്നഭോജികളാല്‍ ചൂഷണം ചെയ്യപ്പെടുന്നിടത്തോളം കാലം അത് തുടരുകയും ചെയ്യും. അവര്‍ ബ്രിട്ടീഷ് മുതലാളിമാരോ ഇന്ത്യന്‍-ബ്രിട്ടീഷ് മുതലാളിമാരോ നാടന്‍ മുതലാളിമാരോ ആയിക്കൊള്ളട്ടെ. പൂര്‍ണമായും ഇന്ത്യനോ ബ്രിട്ടീഷ് -ഇന്ത്യന്‍ കലര്‍പ്പുള്ളതോ ആയ ഭരണസംവിധാനങ്ങളിലൂടെയാകാം ആ ഗൂഢമായ ചൂഷണം നടക്കുന്നത്. അത്തരം കാര്യങ്ങളൊന്നും യാതൊരു വ്യത്യാസവുമുണ്ടാക്കുന്നില്ല. നിങ്ങളുടെ ഭരണകൂടം ഇന്ത്യന്‍ സമൂഹത്തിന്റെ മേല്‍ത്തട്ടിലെ നേതാക്കന്മാരെ ആനുകൂല്യങ്ങളുടെയും ഒത്തുതീര്‍പ്പുകളുടെയും അപ്പക്കഷ്ണങ്ങള്‍ നീട്ടി മയക്കുന്നതില്‍ വിജയിച്ചാലും അവര്‍ക്കിടയിലെ വീര്യം താല്കാലികമായി കെടുത്തിയാലും, യുദ്ധത്തിന്റെ മൂര്‍ധന്യത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ മുന്നണിപ്പടയായ വിപ്ലവപാര്‍ട്ടികള്‍ വീണ്ടും ഒറ്റപ്പെടുത്തപ്പെട്ടാലും, ഈ യുദ്ധം തുടരുക തന്നെ ചെയ്യും.
നമ്മുടെ നേര്‍ക്ക് പ്രകടിപ്പിക്കപ്പെടുന്ന സഹതാപത്തിനും സഹാനുഭൂതിക്കും നാം കടപ്പെട്ടിരിക്കുന്ന നേതാക്കള്‍ സമാധാനചര്‍ച്ചകളില്‍ വീടില്ലാത്തവരെയും കൂട്ടില്ലാത്തവരും ചില്ലിക്കാശില്ലാത്തവരുമായ തൊഴിലാളിസ്ത്രീകളെയും പരാമര്‍ശിക്കുക പോലും ചെയ്യാത്തവണ്ണം കഠിനഹൃദയമുള്ളവരാകുന്നത് നമുക്ക് കണ്ടില്ലെന്ന് നടിക്കാനാകില്ല. അവര്‍ മുന്നണിപ്പടയുടെ ഭാഗമാണെന്ന് നേതാക്കള്‍ ആരോപിക്കുന്നു. ഭൂതകാലത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞ ഉട്ടോപ്പിയന്‍ അഹിംസാമാതൃകയുടെ ശത്രുക്കളാണ് അവരെന്ന് നേതാക്കള്‍ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഭര്‍ത്താക്കന്മാരെയും സഹോദരന്മാരെയും പ്രിയമുള്ള എല്ലാത്തിനെയും തങ്ങളെത്തന്നെയും ഒരു മടിയുമില്ലാതെ ത്യജിച്ച ആ വീരവനിതകളെയാണ് നിങ്ങളുടെ ഭരണകൂടം നിയമഭ്രഷ്ടരെന്ന് മുദ്രകുത്തിയത്. ആ വീരവനിതകളുടെയും അവരുടെ പാര്‍ട്ടിയുടെയും സല്‍പേരിനു കോട്ടം വരുത്താന്‍ അവരുടെ കളങ്കരഹിതമായ സ്വഭാവത്തിനു മേല്‍ നിങ്ങള്‍ അടിസ്ഥാനരഹിതമായ അപവാദങ്ങള്‍ കെട്ടിച്ചമച്ചാലും ആ യുദ്ധം തുടരുക തന്നെ ചെയ്യും. ആ യുദ്ധം വ്യത്യസ്തമായ അവസ്ഥകളില്‍ വ്യത്യസ്തമായ രൂപങ്ങള്‍ സ്വീകരിക്കും. ചിലപ്പോഴത് തുറന്ന യുദ്ധമാകും, ചിലപ്പോഴത് ഒളിപ്പോരാകും. ചിലപ്പോള്‍ അത് പ്രക്ഷോഭങ്ങളില്‍ മാത്രം വിരലൂന്നും. ചിലപ്പോളത് ജീവന്‍മരണ പോരാട്ടമാകും.
ആ യുദ്ധം ഏതു പാത സ്വീകരിക്കണമെന്ന് നിങ്ങള്‍ക്കു തീരുമാനിക്കാം. അത് നിങ്ങളുടെ മനോഭാവമനുസരിച്ച് രക്തരൂക്ഷിതമോ താരതമ്യേന സമാധാനപരമോ ആകാം. നിങ്ങള്‍ക്കിഷ്ടമുള്ളത് തിരഞ്ഞെടുത്തുകൊള്ളൂ. പക്ഷേ ആ യുദ്ധം അവ്യക്തവും അര്‍ത്ഥരഹിതവും തുച്ഛവുമായ നൈതികപ്രത്യയശാസ്ത്രങ്ങളെ കണക്കിലെടുക്കാതെ, ഇടതടവില്ലാതെ പട വെട്ടും. സ്ഥിതിസമത്വത്തിലൂന്നിയ പരമാധികാരരാഷ്ട്രം നിലവില്‍ വരുന്നതു വരെ, സാമൂഹ്യപുരോഗതിയില്‍ അധിഷ്ഠിതമായ പുത്തന്‍ സാമൂഹ്യക്രമം നിലവിലുള്ളതിനെ പൂര്‍ണമായി മാറ്റിവെക്കും വരെ, എല്ലാ തരത്തിലുള്ള ചൂഷണവും അവസാനിക്കുകയും വാസ്തവവും സ്ഥിരവുമായ സമാധാനകാലം മനുഷ്യരാശിക്കായി വിടരുകയും ചെയ്യുന്നതുവരെ പുത്തന്‍ കരുത്തോടെ, കൂടുതല്‍ ധിക്കാരത്തോടെ, അചഞ്ചലമായ ദൃഢനിശ്ചയത്തോടെ ആ യുദ്ധം തുടരും.

സമീപഭാവിയില്‍ തന്നെ അന്തിമയുദ്ധം നടക്കുകയും അന്തിമമായ തീരുമാനമുണ്ടാവുകയും ചെയ്യും. മുതലാളിത്ത,സാമ്രാജ്യത്വ ചൂഷകരുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഈ യുദ്ധം തുടങ്ങിവെച്ചത് ഞങ്ങളല്ല. ഞങ്ങളുടെ ജീവനോടൊപ്പം അത് അവസാനിക്കാനും പോകുന്നില്ല. ചരിത്രപരമായ സംഭവങ്ങളുടെയും നിലവിലുള്ള സാഹചര്യങ്ങളുടെയും അനിവാര്യമായ അനന്തരഫലമാണത്.

ജതിന്‍ ദാസിന്റെ ഉപമകളില്ലാത്ത ത്യാഗവും ഭഗവതി ചരണിന്റെ ഏറ്റവും ദുരന്തപൂര്‍ണവും മഹത്തരവുമായ ത്യാഗവും നമ്മുടെ പ്രിയപ്പെട്ട സഖാവ് ചന്ദ്രശേഖര്‍ ആസാദിന്റെ മരണവും മോടിപിടിപ്പിച്ച ചങ്ങലയിലെ ഒരു കണ്ണി മാത്രമാണ് ഞങ്ങളുടെ എളിയ ത്യാഗങ്ങള്‍.
ഞങ്ങളുടെ വിധിയെ കുറിച്ച്… നിങ്ങള്‍ ഞങ്ങളെ കൊല്ലാന്‍ തീരുമാനിച്ചെങ്കില്‍, തീര്‍ച്ചയായും നിങ്ങളത് നടപ്പിലാക്കുക തന്നെ ചെയ്യും. നിങ്ങളുടെ കൈകളില്‍ അധികാരമുണ്ട്. അധികാരമാണ് ഈ ലോകത്തെ ഏറ്റവും വലിയ ന്യായീകരണം. ‘കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍’ എന്നതാണ് നിങ്ങളെ നയിക്കുന്ന ആപ്തവാക്യം എന്നു ഞങ്ങള്‍ക്കറിയാം.
നിങ്ങളുടെ കോടതിയുടെ വിധിയനുസരിച്ച് ഞങ്ങള്‍ നിങ്ങളുടെ സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്തവരും അതിനാല്‍ തന്നെ യുദ്ധത്തടവുകാരുമാണെന്ന് ഞങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ ആഗ്രഹിക്കുന്നു. എങ്കില്‍ അങ്ങിനെ തന്നെ പരിഗണിക്കപ്പെടാന്‍ ഞങ്ങള്‍ക്കവകാശമുണ്ട്. തൂക്കിക്കൊല്ലുന്നതിനു പകരം ഞങ്ങളെ വെടിവെച്ചു കൊല്ലണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
നിങ്ങളുടെ കോടതിയുടെ വാദം നേരാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം നിങ്ങള്‍ക്കാണുള്ളത്.

ഞങ്ങളുടെ മരണശിക്ഷ നടപ്പിലാക്കാന്‍ നിങ്ങള്‍ ദയവുചെയ്ത് സൈനികവകുപ്പിന്റെ ഒരു വിഭാഗത്തെ ഇങ്ങോട്ടു പറഞ്ഞയക്കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നു.
വിശ്വസ്തതയോടെ,
ഭഗത്‌സിംഗ്
(ഷഹീദ് ഭഗത്‌സിംഗ് റിസര്‍ച്ച് കമ്മിറ്റിയില്‍ നിന്ന്)

വി ഡി സവര്‍ക്കറുടെ ഹരജി
സെല്ലുലാര്‍ ജയില്‍,
ആന്‍ഡമാന്‍സ്,1913
ഇന്ത്യന്‍ സര്‍ക്കാറിന്റെ
ആഭ്യന്തര പ്രതിനിധിക്ക്

താഴെപ്പറയുന്ന കാര്യങ്ങള്‍ അങ്ങയുടെ ദയാവായ്പിന് സമര്‍പ്പിക്കുന്നു. 1, ഞാന്‍ 1911 ജൂണില്‍ ഇവിടേക്ക് വന്നപ്പോള്‍, എന്റെ പാര്‍ട്ടിയിലെ കുറ്റവാളികളോടൊപ്പം ചീഫ് കമ്മീഷണറുടെ ഓഫീസിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് എന്നെ അപകടകാരിയായ തടവുകാരനെന്നര്‍ത്ഥമുള്ള ‘ഡി’ വിഭാഗമായി മുദ്രകുത്തി. കൂടെയുള്ളവരെ ‘ഡി’ എന്ന് മുദ്രകുത്തിയതുമില്ല. തികച്ചും ആറുമാസങ്ങള്‍ ഞാന്‍ ഏകാന്തതടവില്‍ കഴിഞ്ഞു. മറ്റുള്ളവര്‍ക്ക് അതും വേണ്ടിവന്നില്ല. അക്കാലയളവില്‍ ചോരയൊലിക്കുന്ന കൈകള്‍ കൊണ്ടും എനിക്ക് ചകിരി തല്ലേണ്ടി വന്നു. പിന്നീട് എന്നെ ജയിലിലെ ഏറ്റവും കഠിനമായ തൊഴിലായ എണ്ണയാട്ടലിലേക്ക് നിയോഗിച്ചു. എന്റെ പെരുമാറ്റം ഈ കാലയളവിലെല്ലാം മികച്ചതായിരുന്നെങ്കിലും ആറുമാസത്തിനു ശേഷവും എന്നെ ജയിലിനു പുറത്തേക്കയച്ചില്ല. കൂടെയുണ്ടായിരുന്ന കുറ്റവാളികളെ ജയിലില്‍ നിന്ന് പറഞ്ഞയക്കുകയും ചെയ്തു. അന്നുതൊട്ട് ഈ ദിവസംവരെ എന്റെ സ്വഭാവം കഴിയാവുന്നത്ര കുറ്റമറ്റതാക്കാന്‍ ഞാന്‍ പരിശ്രമിച്ചിട്ടുണ്ട്.
2, തടവുകാരനെന്ന നിലയില്‍ സ്ഥാനക്കയറ്റത്തിന് അപേക്ഷിച്ചപ്പോള്‍ ഞാന്‍ പ്രത്യേക ഗണത്തില്‍പെട്ട തടവുകാരനാണ് എന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ കൂടുതല്‍ മികച്ച ആഹാരമോ പ്രത്യേകമായ പരിഗണനകളോ ആവശ്യപ്പെട്ടാല്‍ ”നിങ്ങള്‍ സാധാരണ തടവുകാരെ പോലെയാണ്. അതുകൊണ്ട് മറ്റുള്ളവര്‍ കഴിക്കുന്നത് കഴിക്കേണ്ടി വരും” എന്ന മറുപടി ലഭിക്കുന്നു. സര്‍, ഞങ്ങളെ പ്രത്യേക ഗണത്തില്‍പെട്ട തടവുകാരായി വേര്‍തിരിച്ചിരിക്കുന്നത് പ്രത്യേകമായ അസൗകര്യങ്ങള്‍ക്കു വേണ്ടി മാത്രമാണെന്ന് അങ്ങ് കാണേണ്ടതുണ്ട്.
3, എന്റെ കൂടെയുണ്ടായിരുന്ന ഭൂരിഭാഗംപേരെയും ജയിലില്‍ നിന്ന് വിട്ടയച്ചു. പ്രശ്‌നമുണ്ടാക്കിയവര്‍ പോലും പുറത്തുപോവുകയും ഞാന്‍ ജയിലിനുള്ളില്‍ തന്നെ കഴിയുകയും ചെയ്തു. എന്റെ ജയില്‍മോചനത്തിനുള്ള ഉത്തരവ് ഏതാണ്ട് പുറപ്പെടുവിക്കാറായപ്പോള്‍ കൂടുതല്‍ രാഷ്ട്രീയത്തടവുകാര്‍ ഇങ്ങോട്ടു വരികയും എന്നെ അവരുടെ കൂടെ തടവറയില്‍ വീണ്ടും അടക്കുകയും ചെയ്തു.

4, ഇന്ത്യന്‍ ജയിലിനുള്ളിലായിരുന്നെങ്കില്‍ ഈ കാലയളവിനുള്ളില്‍ തന്നെ എനിക്ക് ശിക്ഷയിളവ് ലഭിച്ചേനെ. കൂടുതല്‍ കത്തുകള്‍ വീട്ടിലേക്ക് അയക്കാന്‍ കഴിഞ്ഞേനെ. പരോളുകള്‍ ലഭിച്ചേനെ. ഈ കാലമാകുമ്പോഴേക്കും എന്നെ പുറത്തു വിട്ടേനെ. എനിക്ക് ഇപ്പോള്‍ ഇന്ത്യന്‍ ജയിലുകളുടെയോ ഇന്ത്യക്ക് പുറത്തുള്ള ജയിലുകളുടെയോ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. രണ്ടിന്റെയും അസൗകര്യങ്ങള്‍ അനുഭവിക്കുന്നുമുണ്ട്.

5, ഞാന്‍ അകപ്പെട്ടു പോയ ഈ ക്രമവിരുദ്ധമായ അവസ്ഥ അവസാനിപ്പിക്കണമെന്ന് അതിനാല്‍ ഞാന്‍ അങ്ങയോട് കേണപേക്ഷിക്കുന്നു. എന്നെ ഇന്ത്യന്‍ ജയിലിലേക്കയക്കുകയോ സെല്ലുലാര്‍ ജയിലില്‍ മറ്റേതൊരു തടവുകാരനെയും പോലെ പരിഗണിക്കുകയോ ചെയ്യേണ്ടതുണ്ട്. ഞാന്‍ പ്രത്യേക പരിഗണ ആവശ്യപ്പെടുന്നില്ല. എന്നാല്‍ ലോകത്തിലെ സ്വതന്ത്രരാഷ്ട്രങ്ങളില്‍, പരിഷ്‌കൃത ഭരണത്തിന്‍ കീഴില്‍ രാഷ്ട്രീയ തടവുകാരനെന്ന നിലയില്‍ അതുപോലും എനിക്ക് പ്രതീക്ഷിക്കാമായിരുന്നെന്ന് ഞാന്‍ വിശ്വസിക്കുന്നു. കൊടുംകുറ്റവാളികള്‍ക്കു നല്‍കുന്ന ഇളവുകളെങ്കിലും എനിക്ക് നല്കിക്കൂടേ? ഈ ജയിലിനുള്ളില്‍ തന്നെ എന്നെ എന്നെന്നേക്കുമായി തളച്ചിടാനുള്ള പദ്ധതി എന്റെ ജീവനും പ്രത്യാശയും നിലനിര്‍ത്താനുള്ള എല്ലാ സാധ്യതകളെയും ഇല്ലാതാക്കുകയാണ്.

ചെറിയ കാലത്തേക്ക് തടവറയില്‍ കിടക്കുന്നവരുടെ സ്ഥിതി വ്യത്യസ്തമാണ്. പക്ഷേ സര്‍, അമ്പതു വര്‍ഷങ്ങളാണ് എന്നെ തുറിച്ചു നോക്കുന്നത്! കൊടുംകുറ്റവാളികള്‍ക്കു പോലും നല്‍കുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ എങ്ങിനെയാണ് എനിക്ക് ഏകാന്തതടവ് തള്ളിനീക്കാനുള്ള ധാര്‍മ്മികശക്തി നേടാനാവുക? ഒന്നുകില്‍ എന്നെ ദയവായി ഇന്ത്യന്‍ ജയിലിലേക്കയക്കൂ. അവിടെ എനിക്ക് ശിക്ഷയില്‍ ഇളവ് നേടാനാകും. അവിടെ നാലു മാസത്തിലൊരിക്കല്‍ ബന്ധുക്കള്‍ക്ക് എന്നെ സന്ദര്‍ശിക്കാനാകും. നിര്‍ഭാഗ്യവശാല്‍ ജയിലില്‍ അകപ്പെട്ടു പോകുന്നവര്‍ക്ക് പ്രിയപ്പെട്ടവരുടെ സാന്നിധ്യം എത്ര ആശ്വാസകരമാകുമെന്ന് പറയേണ്ടതില്ലല്ലോ! കൂടാതെ പതിനാലു വര്‍ഷം കഴിഞ്ഞാല്‍ ജയില്‍മോചനം ലഭിക്കാനുള്ള ധാര്‍മ്മികമായ-നിയമപരമായല്ലെങ്കിലും-അവസരം എനിക്കവിടെ ലഭിക്കുകയും ചെയ്യും. കൂട്ടത്തില്‍ കൂടുതല്‍ കത്തുകളും അല്‍പം ചെറിയ ചെറിയ ആനുകൂല്യങ്ങളും. ഇന്ത്യയിലേക്ക് അയക്കാന്‍ കഴിയില്ലെങ്കില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എന്നെ ഇടക്കാലത്തേക്ക് വിട്ടയക്കാമല്ലോ. അത് അനുവദിച്ചു കിട്ടുകയാണെങ്കില്‍ എനിക്ക് ഒരൊറ്റ സങ്കടം കൂടിയേ ബോധിപ്പിക്കാനുള്ളൂ. എന്റെ നിയമവീഴ്ചകള്‍ക്ക് മാത്രം എന്നെ കുറ്റക്കാരനാക്കൂ, മറ്റുള്ളവരുടേതിനല്ല. ഇക്കാര്യം ഞാന്‍ അപേക്ഷിക്കേണ്ടി വന്നതു തന്നെ ദയനീയമായ കാര്യമാണ്. അത് ഓരോ മനുഷ്യജീവിയുടെയും അടിസ്ഥാന അവകാശമാണ്! ഒരു വശത്ത് ചെറുപ്പക്കാരും ചുറുചുറുക്കുള്ളവരും അസ്വസ്ഥരുമായ ഇരുപതോളം രാഷ്ട്രീയത്തടവുകാര്‍. അപ്പുറത്ത് തടവുകാരെ സൂക്ഷിക്കുന്ന കോളനിയെ സംബന്ധിച്ച നിയന്ത്രണങ്ങള്‍. ഇടക്കിടെ ഇവരില്‍ ആരെങ്കിലും ഒന്നോ രണ്ടോ നിയമങ്ങള്‍ ലംഘിച്ചെന്നു വരാം. അതിന് എല്ലാവരെയും ഉത്തരവാദികളാക്കുകയാണെങ്കില്‍-അതാണിപ്പോള്‍ സംഭവിക്കുന്നത്-എന്നെ മാത്രം ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കാനാകില്ലല്ലോ.

1911 ല്‍ ഞാന്‍ അങ്ങയുടെ ദയവ് അപേക്ഷിച്ച് സമര്‍പ്പിച്ച ഹരജി അങ്ങ് വായിക്കുകയും ഇന്ത്യന്‍ സര്‍ക്കാറിലേക്ക് അയക്കുകയും ചെയ്യണമെന്ന് അവസാനമായി അപേക്ഷിക്കുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവുമൊടുവിലുണ്ടായ മാറ്റങ്ങളും സര്‍ക്കാറിന്റെ അനുനയനയവും ഭരണഘടനാപരമായ പരിഹാരമാര്‍ഗങ്ങള്‍ വീണ്ടും തുറന്നുതന്നിരിക്കുകയാണ്.
ഇപ്പോള്‍ ഇന്ത്യയുടെയും മനുഷ്യരാശിയുടെയും നന്മ ആഗ്രഹിക്കുന്ന ആരും തന്നെ മുള്ളുനിറഞ്ഞ പാതകളില്‍ കാലുവെക്കില്ല. 1906-1907 കാലഘട്ടത്തിലെ ഇന്ത്യയുടെ ചകിതവും പ്രത്യാശരഹിതവുമായ അവസ്ഥയാണ് സമാധാനത്തിന്റെയും പുരോഗതിയുടെയും പാതയില്‍ നിന്ന് ഞങ്ങളെ ചതിയിലൂടെ വ്യതിചലിപ്പിച്ചത്.

അതുകൊണ്ട് സര്‍ക്കാര്‍ അനന്യമായ ഔദാര്യത്തിന്റെയും കാരുണ്യത്തിന്റെയും തണലില്‍ ഞങ്ങളെ വിട്ടയക്കുകയാണെങ്കില്‍, ഞാന്‍ ഭരണഘടനാപരമായ പുരോഗതിയുടെ ഏറ്റവും ഉറച്ച വക്താവും ആ പുരോഗതിയുടെ ഏറ്റവും പ്രധാന നിബന്ധനയായ ബ്രീട്ടീഷ് സര്‍ക്കാറിനോട് കൂറുള്ളവനുമായിരിക്കും.

ഞങ്ങള്‍ തടവറയില്‍ കഴിയുന്നിടത്തോളം കാലം, തിരുമനസിന്റെ ഏറ്റവും വിശ്വസ്തരായ ഇന്ത്യന്‍പ്രജകളില്‍ ആയിരിക്കണക്കിനു പേരുടെ വീടുകളില്‍ യഥാര്‍ത്ഥ സന്തോഷമുണ്ടാകില്ല. എന്തെന്നാല്‍ രക്തത്തിന് വെള്ളത്തെക്കാള്‍ കട്ടിയുണ്ടല്ലോ. ഞങ്ങളെ വെറുതെവിട്ടാല്‍ അവര്‍ സന്തോഷഭരിതരാകുകയും സര്‍ക്കാറിനോട് നന്ദിയുള്ളവരാകുകയും ചെയ്യും. അങ്ങയുടെ ഭരണകൂടത്തിന് ശിക്ഷിക്കാനും പകരം വീട്ടാനും എന്നതിനെക്കാള്‍ പൊറുക്കാനും തിരുത്താനുമറിയാമെന്ന് അവര്‍ക്കറിയാമല്ലോ.

കൂടാതെ, ഭരണഘടനാപരമായ പരിശ്രമങ്ങളിലേക്കുള്ള എന്റെ മാറ്റം ഇന്ത്യയിലും വിദേശത്തുമുള്ള വഴിതെറ്റി പോയവരും എന്നെ ഗുരുവായി കാണുന്നവരുമായ ചെറുപ്പക്കാരെ തിരിച്ചുകൊണ്ടുവരും. സര്‍ക്കാര്‍ ആഗ്രഹിക്കുന്ന എതു രീതിയിലും സര്‍ക്കാറിനെ സേവിക്കാന്‍ ഞാന്‍ തയാറാണ്. എന്റെ മാറ്റം മന:സാക്ഷിയെ തൊട്ടുള്ളതാണ്. ഭാവിയിലും ഞാനങ്ങിനെ തന്നെ ആയിരിക്കും. എന്നെ തടവറക്കുള്ളില്‍ സൂക്ഷിക്കുന്നതു കൊണ്ട് ഈ നേട്ടങ്ങളെല്ലാം ഇല്ലാതെ പോകും. കരുത്തുള്ളവര്‍ക്കേ ദയ കാണിക്കാനാകൂ. സര്‍ക്കാര്‍ എന്ന രക്ഷിതാവിന്റെ പടിവാതിലിലേക്കല്ലാതെ മറ്റെവിടേക്കാണ് ഈ മുടിയനായ പുത്രന് മടങ്ങാനാകുക?
എന്റെ വാദങ്ങള്‍ അങ്ങ് പരിഗണിക്കുമെന്ന പ്രത്യാശയോടെ,

വി ഡി സവര്‍ക്കര്‍
(ആര്‍ സി മജുംദാറിന്റെ പീനല്‍ സെറ്റില്‍മെന്റ്‌സ് ഇന്‍ ആന്‍ഡമാനില്‍ നിന്ന്). ൂ
കടപ്പാട്: thewire.in

You must be logged in to post a comment Login