ഗുരു/ ശിഷ്യന്‍

ഗുരു/ ശിഷ്യന്‍

കോഴിക്കോട് നെഹ്‌റു വരുന്നു. അന്വേഷണത്വരയും രാഷ്ട്രീയ ബോധവും കലാസാഹിത്യങ്ങളോടുള്ള അഭിനിവേശവും വേണ്ടുവോളമുള്ള തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ എന്ന ദര്‍സ് വിദ്യാര്‍ത്ഥിക്ക് ആ പരിപാടിക്ക് ഒന്ന് പോയാലോ എന്ന് കലശലായ ആശ. ആശ പെരുത്തപ്പോള്‍ ഉസ്താദിനോട് പറഞ്ഞാല്‍ എന്താകും എന്ന ആശങ്ക. അവസാനം പോകാന്‍ തീരുമാനിച്ചു; സമ്മതമില്ലാതെ.

പക്ഷേ, ഘ്രാണശക്തിയുള്ള ഉസ്താദ് അരുമശിഷ്യന്‍ പോയത് അറിഞ്ഞു. എന്നാല്‍ ദര്‍സില്‍ നിന്ന് പുറത്താക്കിയോ? ഇല്ല. രക്ഷിതാവിനെ കൂട്ടിക്കൊണ്ടുവരാന്‍ പറഞ്ഞോ? അതുമില്ല. തല്ലിയോ? ഏയ്! രോഷപ്പെട്ടോ? നെവര്‍. പിന്നെ എന്തായിരുന്നു ശിക്ഷ? ഒരു ക്ലാസില്‍ ഗുരു ശിഷ്യന്റെ മുഖത്ത് നോക്കിയില്ല! അതോടെ ആകെ ബേജാറായി. ഒരാളല്ല, എല്ലാവരും. ചിലപ്പോള്‍ ഒരു നോട്ടം; മറ്റു ചിലപ്പോള്‍ ഒരു നോട്ടമില്ലായ്മ മതിയായിരുന്നു ഗുരുവിന് ശിഷ്യരെ തര്‍ബിയത് ചെയ്യാന്‍. പിന്നീട് ആരില്‍ നിന്നും ‘ഒരു പൊട്ടിത്തെറിപ്പും’ ഉണ്ടായിട്ടില്ല.

ഗുരുശിഷ്യ ബന്ധത്തിന്റെ ആഴം മനസിലാക്കിത്തരുന്നു ഈ സംഭവം. ശിഷ്യരെ നേരും നെറിയും പഠിപ്പിക്കാന്‍ ഗുരു ഒരു പുലിയാവണമെന്നില്ല. ഗുരു ഭരിക്കേണ്ടത് മനസുകളെയാണ്; ശരീരങ്ങളെയല്ല. ഗാഢമായ ആത്മബന്ധത്തിലൂടെ മാത്രമേ അത് സാധ്യമാകൂ.
എന്തൊരു സ്‌നേഹമായിരുന്നുവെന്നോ ബാപ്പു ഉസ്താദിനോട് ഗുരുവിന്. ഇടക്കാലത്ത് ബാപ്പു ഉസ്താദിന് രോഗം പിടിപെട്ടപ്പോള്‍ വളരെ അസ്വസ്ഥനായി ഗുരു. വരുന്നവരോടൊക്കെ ശിഷ്യനെക്കുറിച്ച് അന്വേഷിക്കും. രോഗം ഗുരുതരമായപ്പോള്‍ ആ ഗുരു വിതുമ്പിപ്പോയി. ശിഷ്യന്‍ അറിയാതെ തന്നെ ഉസ്താദ് ശിഷ്യന് വേണ്ടി ചികിത്സകള്‍ ചെയ്തു. അതാണ് ഗുരു!

ഒരു ശിഷ്യനോട് മാത്രമല്ല. എല്ലാ ശിഷ്യരോടും ഗുരുവിന് പ്രിയമായിരുന്നു. ശിഷ്യര്‍ക്ക് തിരിച്ചും. നീളക്കുപ്പായം ധരിച്ച്, കൈയില്‍ വെളുത്ത കാലുള്ള കുടപിടിച്ച് ദുര്‍ഘടമായ വഴിയിലൂടെ നടന്ന് പരവശനായി വിയര്‍ത്ത്കുളിച്ച് ശിഷ്യന്റെ കൊച്ചുവീട്ടിലേക്ക് കല്യാണത്തിന് വന്ന ഗുരുവിനെ കണ്ടപ്പോള്‍ ശിഷ്യനായ കുട്ട്യസ്സന്‍ മുസ്‌ലിയാരുടെ കണ്ണുനിറഞ്ഞുപോയി. അതേകുറിച്ച് പ്രതികരിച്ചതിങ്ങനെയായിരുന്നു. ‘ഞാന്‍ വരണംന്ന് കരുതി ക്ഷണിച്ചതല്ലെന്നറിയാം. ഉസ്താദ് വരാത്തതിലുള്ള വേദന എനിക്കറിയാം. അതോണ്ട് വന്നതാണ്…!’

മറ്റൊരു ശിഷ്യന്‍ പാപ്പിനിപ്പാറ കോയക്കുട്ടി മുസ്‌ലിയാരുടെ വീട്ടിലേക്ക് രോഗസന്ദര്‍ശനത്തിന് ഗുരു എത്തിയത് പാതിരാക്ക്. ക്ലാസില്‍ പ്രിയ ശിഷ്യനായ കോട്ടൂര്‍ ഉസ്താദിന് ഇരിക്കാന്‍ പ്രയാസമായപ്പോ ക്ലാസില്‍ ചെരിഞ്ഞ് കിടക്കാന്‍ പറഞ്ഞതും ഈ ഗുരുതന്നെ. 1965ല്‍ റഈസുല്‍ ഉലമ സുലൈമാന്‍ ഉസ്താദും സഹപാഠികളുമടക്കമുള്ള തന്റെ ശിഷ്യന്മാര്‍ ചാലിയത്ത് നിന്ന് ദയൂബന്ദില്‍ പോകുമ്പോള്‍ അവരെ യാത്രയാക്കാന്‍ സ്‌നേഹഗുരു റെയില്‍വേ സ്‌റ്റേഷനിലെത്തി. അവിടെ വേര്‍പാടിന്റെ കണ്ണീര്‍തുള്ളികള്‍ ഇറ്റിവീണു. ശിഷ്യന്മാര്‍ വണ്ടി കയറി പോയതിന് ശേഷമാണ് ഗുരു സ്‌റ്റേഷനില്‍ നിന്ന് മടങ്ങിയത്.

ഇതേ ശൈലി തന്നെയായിരുന്നു ബാപ്പു ഉസ്താദിനും ശിഷ്യരോട് ഉണ്ടായിരുന്നത്. ഒഴിവ് ദിവസങ്ങളില്‍ പോലും പല ശിഷ്യരും നാട്ടില്‍ പോവാതെ ഗുരുവിനൊപ്പം കൂടും. എനിക്ക് തന്നെ, ഞാന്‍ പഠിച്ചിരുന്ന അരീക്കോട് മജ്മഇല്‍ നിന്ന് എല്ലാ ബുധനാഴ്ചകളിലും ഫത്ഹുല്‍മുഈന്‍ ഓതി അവിടുത്തെ ശിഷ്യനാകാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. വല്ലാത്ത ഒരു സ്‌നേഹമായിരുന്നു ഉസ്താദിന്. വീട്ടില്‍ ചെന്നാല്‍ ചായ തരും. തമാശ പറയും. കവിതകള്‍ ചൊല്ലിത്തരും. തൊട്ടടുത്ത് കട്ടിലില്‍ പിടിച്ചിരുത്തും. സ്‌നേഹോഷ്മളമായ തലോടലുകള്‍, ഗൗരവതരമായ ചര്‍ച്ചകള്‍, ഇടക്ക് മുത്ത് നബിയെക്കുറിച്ച് പറയുമ്പോള്‍ ഇടറുന്ന കണ്ഠം. വലസ്തു ബിറാജഇന്‍ മാഫാത മിന്നീ..
ബാപ്പു ഉസ്താദിന്റെ ശിഷ്യന്‍ ബാവ ഉസ്താദും ഇങ്ങനെ തന്നെയായിരുന്നു. ഇരുവരും വാര്‍ധക്യ സഹജമായ രോഗങ്ങളാല്‍ പ്രയാസപ്പെടുമ്പോള്‍ പോലും ശിഷ്യന്‍ ഗുരുവിനെ ഇടക്കിടെ സന്ദര്‍ശിക്കാനെത്തും. കുശലങ്ങളും നര്‍മങ്ങളും മസ്അലകളും പറയും. ശിഷ്യര്‍ക്ക് ഒരു ഗ്ലാസ് സ്‌നേഹമാണ് നല്‍കേണ്ടതെന്ന് വന്ദ്യഗുരു ബശീര്‍ ഫൈസി ഉസ്താദ് എഴുതിയതോര്‍ക്കുന്നു. അതങ്ങനെ തന്നെയായിരുന്നു. മോനേ, കുഞ്ഞി മോനേ എന്നൊക്കെയാ ഉസ്താദ് ശിഷ്യരെ വിളിക്കാറ്. ഗുരു ഒകെ ഉസ്താദ് തന്റെ ശിഷ്യന്‍ ബാപ്പു ഉസ്താദിനെ പലപ്പോഴും അബുല്‍ ഫള്ല്‍ എന്നാണത്രെ വിളിക്കാറുണ്ടായിരുന്നത്.

ഇത്രയൊക്കെ പറഞ്ഞതിനര്‍ത്ഥം ശിഷ്യരെ ശാസിക്കരുതെന്നോ ശകാരിക്കരുതെന്നോ ശിക്ഷിക്കരുതെന്നോ അല്ല. ശിക്ഷണത്തിന്റെ ഭാഗമായി അതൊക്കെ ഗുരുജീവിതങ്ങളില്‍ എമ്പാടും കാണാവുന്നതുമാണ്. പക്ഷേ, എന്തിനാണ് തനിക്ക് ഈ ശിക്ഷ ലഭിച്ചതെന്ന് വിദ്യാര്‍ത്ഥിക്ക് ബോധ്യമാവണം. താനിതിന് അര്‍ഹനാണെന്നും. മതപാഠശാലയില്‍ അത്തരം ഒരു ബോധ്യം കുട്ടി നേരത്തേ ആര്‍ജിച്ചിരിക്കും. പുതിയ മതേതര ലിബറല്‍ മനസുകള്‍ക്ക് ദഹിക്കാത്ത ചില സൂത്രവാക്യങ്ങളിലൂടെയാണ് ഈ മാനസികാവസ്ഥ ആര്‍ജിച്ചെടുക്കുന്നത്. വിജ്ഞാനത്തിന്റെ കവാടമെന്ന് തിരുനബി വിശേഷിപ്പിച്ച അലിയാരുടെ വാക്കുകളിതാ: ‘എനിക്ക് ഒരക്ഷരം പഠിപ്പിച്ചു തന്നവരുടെയൊക്കെ അടിമയാണ് ഞാന്‍. വേണമെങ്കില്‍ അയാള്‍ക്കെന്നെ വില്‍ക്കാം, എന്നെ അടിമയാക്കിത്തന്നെ നിര്‍ത്താം. എന്നെ മോചിപ്പിക്കുകയുമാവാം.’
ഫത്ഹുല്‍ ഖയ്യൂമില്‍ പറയുന്നതിങ്ങനെ:
‘നിന്റെ ഗുരുവിന് നീ സേവനം ചെയ്യുക /
കാരണം പഠനം ഒരുതരം അടിമത്തമാണ് /
നീ തങ്കവും ഗുരു വെള്ളിയുമാണെങ്കില്‍പോലും.

ഇമാം നവവി (റ) പറയുന്നു: ‘ഗുരുവിന്റെ പാരുഷ്യവും സ്വഭാവ വൈകല്യങ്ങളും പഠിതാവ് ക്ഷമിച്ചേക്കണം. ഗുരുവിന്റെ പൂര്‍ണത അംഗീകരിക്കുന്നതിനോ ഗുരുവിനോട് സഹവസിക്കുന്നതിനോ അത് തടസമായിക്കൂടാ. ബാഹ്യതലത്തില്‍ ശരിയല്ലെന്ന് തോന്നുന്ന ഗുരുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശരിയായ വ്യാഖ്യാനങ്ങള്‍ അവന്‍ നല്‍കണം. ഭാഗ്യം കെട്ടവര്‍ക്ക് മാത്രമേ അതിന് കഴിയാതിരിക്കൂ. ഗുരു അവനോട് പിണങ്ങിയാല്‍/പരുഷമായി പെരുമാറിയാല്‍ മാപ്പപേക്ഷയുമായി അവന്‍ ഗുരുവിനെ സമീപിക്കണം. തെറ്റ് തന്റെ പക്ഷത്താണെന്നും താനാണ് ആക്ഷേപം അര്‍ഹിക്കുന്നതെന്നും അവന്‍ ഗുരുവിന്റെ മുമ്പില്‍ പ്രകടിപ്പിക്കണം. ഇഹത്തിലും പരത്തിലും ശിഷ്യന് ഗുണകരമത്രെ അത്. പഠനത്തിന്റെ നിന്ദ്യത സഹിക്കാന്‍ കഴിയാത്തവന്‍ ജീവിതകാലം മുഴുവന്‍ അനന്തതയുടെ അന്ധകാരത്തില്‍ കഴിച്ചു കൂട്ടേണ്ടി വരും. എന്നാല്‍ ക്ഷമിച്ചു നിന്നവനോ ഇഹത്തിലും പരത്തിലും പ്രതാപമുള്ളവനായിത്തീരും. ഇബ്‌നു അബ്ബാസ് (റ) പറഞ്ഞില്ലേ: പഠിച്ചപ്പോള്‍ ഞാന്‍ വിധേയപ്പെട്ടു. അതിനാല്‍ പഠിപ്പിച്ചപ്പോള്‍ പ്രതാപപ്പെട്ടു.’

ഗുരുവിനെ ഇപ്രകാരം മാര്‍ഗദര്‍ശിയായി കാണുമ്പോഴാണ് ഗുരുശിഷ്യ ബന്ധം സുദൃഢമാകുന്നത്. അതിനുമാത്രമുള്ള നിബന്ധനകള്‍ ഗുരു തന്നെയും ആര്‍ജിക്കുമ്പോള്‍ ശിഷ്യരുടെ ആകര്‍ഷണവും വിധേയത്വവും സമര്‍പണ ബോധവും ആത്മീയതയും വര്‍ധിക്കുന്നു.
ഇമാം നവവി(റ) ഗുരുവിന് ഒട്ടേറെ പെരുമാറ്റ ചട്ടങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ചിലത് ചുരുക്കിപ്പറയാം:

1. അധ്യാപനം കൊണ്ട് അല്ലാഹുവിന്റെ പൊരുത്തം മാത്രം കാംക്ഷിക്കുക.
2. ഭൗതികാസക്തി ഇല്ലാതിരിക്കുക, ഉദാരത, പ്രസന്നത, ക്ഷമ, സഹനം തടുങ്ങിയ സദ്ഗുണങ്ങള്‍ ആര്‍ജിക്കുക.
3. അസൂയ, ലോകമാന്യം, അഹംബോധം, പരനിന്ദ തുടങ്ങിയ ദുര്‍ഗുണങ്ങള്‍ വെടിയുക.
4. തസ്ബീഹ്, തഹ്‌ലീല്‍ തുടങ്ങിയ വിര്‍ദുകള്‍, ഖുര്‍ആന്‍ പാരായണം, സുന്നത് നിസ്‌കാരങ്ങള്‍ തുടങ്ങിയ ആരാധനകളും നിലനിര്‍ത്തുക.
5. തെറ്റിദ്ധാരണ പരത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക. അഥവാ എന്തെങ്കിലും ചെയ്യേണ്ടി വന്നാല്‍ അതിന്റെ നിജസ്ഥിതി ശിഷ്യരെ അറിയിക്കുക.
6. നല്ലവണ്ണം റഫര്‍ ചെയ്യുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുക.
7. എത്ര ചെറിയവരോടാണെങ്കിലും അന്വേഷിച്ച് പഠിക്കുന്നതില്‍ പോരായ്മ തോന്നാതിരിക്കുക.
8. ശിഷ്യരെ സദ്‌സ്വഭാവങ്ങളും ആചാര മര്യാദകളും ശീലിപ്പിക്കുക.
9. സ്വന്തത്തിന്റെയും സ്വന്തം മക്കളുടെയും കാര്യം പോലെ അവരുടെ കാര്യങ്ങള്‍ പരിഗണിക്കുകയും വാത്സല്യം പ്രകടിപ്പിക്കുകയും ചെയ്യുക. അദബ് കേടുകള്‍ പൊറുക്കുക.
10. കുട്ടികളുടെ ഗ്രാഹ്യശക്തിക്കനുസൃതമായി ക്ലാസെടുക്കുക.
11. പഠന പ്രക്രിയകളുമായി മുഴുസമയം ചെലവഴിക്കാന്‍ മോട്ടിവേറ്റ് ചെയ്യുക.
12. കഴിഞ്ഞ ക്ലാസുകളുടെ നിലവാരം പരിശോധിക്കുക; മികവ് പുലര്‍ത്തുന്നവര്‍ക്ക് സമ്മാനം നല്‍കുക.
13. പഠിക്കാത്തവരെ ശാസിക്കുക, അവരുടെ നിലവാരം ഉയര്‍ത്താന്‍ വേണ്ടത് ചെയ്യുക.
14. പ്രയാസമുള്ള ഭാഗങ്ങള്‍ പ്രത്യേകമായി വിശകലനം ചെയ്യുക.
15. വ്യക്തമാക്കിപ്പറയേണ്ടത് വ്യക്തമാക്കി തന്നെ പറയുക. മടിക്കരുത്.
16. അറിയാത്ത കാര്യങ്ങള്‍ ചോദിച്ചാല്‍ അറിയില്ല എന്ന് തീര്‍ത്തുപറയുക. അതും ഒരു അറിവ് തന്നെയാണ്.
17. പിഴവ് പറ്റുന്നവരെ ശിക്ഷിച്ചാല്‍, അവന് ഗുണം ചെയ്യും എന്ന് തോന്നുന്നുവെങ്കില്‍ മാത്രം ആകാം.
18. ക്ലാസ് കഴിഞ്ഞാല്‍ പാഠം ഒരാവര്‍ത്തി വായിക്കാന്‍ നിര്‍ദേശിക്കുക.
19. കുട്ടികള്‍ എന്തെങ്കിലും അസംബന്ധം ചോദിച്ചാല്‍ അവരെ കളിയാക്കരുത്.
20. ആവശ്യത്തിലേറെ ഒച്ചയിടുകയോ, ക്ലാസ് ദീര്‍ഘിപ്പിച്ച് കുട്ടികളെ ചടപ്പിക്കുകയോ ചെയ്യരുത്.
21. ക്ലാസില്‍ പ്രവേശിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യം നേരുക. പ്രസന്നത പ്രകടിപ്പിക്കുക.
22. അടിയന്തര ഘട്ടങ്ങളിലല്ലാതെ സ്വന്തം പ്രശ്‌നങ്ങളെക്കാള്‍ കുട്ടികളുടെ കാര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുക.
23. കുട്ടികളെ ഓമനിച്ച് വിളിക്കുക, അവരോട് വിനയപ്പെടുക.
24. ഹാജറില്ലാത്തവരെക്കുറിച്ച് അന്വേഷിക്കുക.
25. വിദ്യാര്‍ത്ഥികളുടെ സ്ഥാനം, ഗ്രാഹ്യശക്തി, സ്ഥൈര്യം എന്നിവയൊക്കെ മനസിലാക്കി അവരോട് സംബോധന ചെയ്യുക.
26. ആവര്‍ത്തിക്കേണ്ടത് ആവര്‍ത്തിക്കുക. ഉദാഹരണങ്ങള്‍ പറയേണ്ടിടത്ത് അങ്ങനെ ചെയ്യുക. സൂചന മാത്രം മതിയെങ്കില്‍ അതില്‍ ഒതുക്കുക.
27. ശിഷ്യരില്‍ പ്രായമുള്ളവര്‍, പദവിയുള്ളവര്‍, മഹാന്മാര്‍ എന്നിവരെ പ്രത്യേകം പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. മാന്യതക്ക് ചേരാത്ത സ്വഭാവങ്ങള്‍ പാടില്ല.
28. വൃത്തിയുള്ള നല്ല വെള്ള വസ്ത്രം ധരിക്കുക.
29. വുളു ഉണ്ടായിരിക്കുക. രണ്ട് റക്അത് നിസ്‌കരിക്കുക. ഖിബ്‌ലക്ക് മുന്നിട്ട് ക്ലാസെടുക്കുക.
വീണ്ടും ഗുരുവര്യന്മാരുടെ ഗുരുവിലേക്ക് തന്നെ വരാം. വായയില്‍ നിന്ന് ചെവികളിലേക്ക് പകര്‍ന്ന് കൊടുക്കുന്ന വിവര വ്യവഹാരങ്ങള്‍ക്കല്ല അവര്‍ ‘ഇല്‍മ്’ എന്ന് വിളിച്ചത്. അത് അല്ലാഹു വിശ്വാസിയുടെ മനസില്‍ സന്നിവേശിപ്പിക്കുന്ന ‘ഒളി’ (നൂര്‍) ആയിരുന്നു. പ്രപഞ്ച പരിത്യാഗികളായ, സാത്വികരായ ഗുരുക്കളുടെ ഹൃദയങ്ങളില്‍ നിന്ന് ഭൗതികേച്ഛകളൊന്നുമില്ലാതെ ഓതിപ്പഠിക്കാന്‍ വരുന്ന ശുദ്ധഹൃദയങ്ങളിലേക്ക് അവ പ്രസരണം ചെയ്യപ്പെട്ടു.

മഹാഗുരു താന്‍ കാപ്പാടുസ്താദിന്റെ അടുക്കലേക്ക് ഓതാന്‍ പോയ കഥ പറയാറുണ്ട്: കാപ്പാടുസ്താദ് മഹാനാണെന്നും വലിയ പ്രതിഭയാണെന്നും കേട്ടിട്ടുണ്ട്. കണ്ടിട്ടില്ല. അവിടേക്ക് കൂടി പോയാലോ എന്ന് ആശ പെരുത്തപ്പോള്‍ രണ്ട് റക്അത്ത് ഇസ്തിഖാറത് നിസ്‌കരിച്ചു പ്രാര്‍ത്ഥിച്ചു. തിരഞ്ഞെടുപ്പിന്റെ പ്രശ്‌നം വരുമ്പോള്‍ നിര്‍ദേശിക്കപ്പെട്ട നിസ്‌കാരമാണത്. നിസ്‌കാര ശേഷം മനസില്‍ തോന്നുന്നതുപോലെ ചെയ്യണമെന്നാണ് നിയമം. ഉസ്താദ് നിസ്‌കരിച്ചു കഴിഞ്ഞപ്പോള്‍ ഉറക്കം വന്നു. ഉറക്കത്തില്‍ ഒരു ഗുരുവിനെ സ്വപ്‌നം കണ്ടു. ഈമാന്‍ സ്ഫുരിക്കുന്ന മുഖം. ഇത് തന്നെ കാപ്പാട് ഉസ്താദ് എന്ന് മനസ് മന്ത്രിച്ചു. സ്വപ്‌നം ഒരു നിയോഗമായി പരിഗണിച്ചു യാത്ര പുറപ്പെട്ടു. ചെന്ന് കണ്ടപ്പോള്‍ സ്വപ്‌നത്തില്‍ കണ്ട ഉസ്താദ് തന്നെ. ഒരു മാറ്റവും ഇല്ല.

ശിഷ്യരെ സെലക്ട് ചെയ്യാന്‍ മുഴുദിവസം നീണ്ടുനില്‍ക്കുന്ന ഇന്റര്‍വ്യൂ ഒന്നും ഉസ്താദിന് പരിചയമുണ്ടായിരുന്നില്ല. അര സെക്കന്റ്‌കൊണ്ട് ഇന്റര്‍വ്യൂ തീരും. ഒരു നോട്ടം അത്ര തന്നെ. സെലക്ഷന്റെ ആത്മീയ രീതിയായിരുന്നു അത്. ആള്‍ പന്തിയില്ലെന്ന് തോന്നിയാല്‍ അവിടെ പഠിക്കാനുള്ള എന്തെങ്കിലും പ്രയാസങ്ങള്‍ പറഞ്ഞ് മനസ് മുറിപ്പെടുത്താതെ വിടും. ഇങ്ങനെ സെലക്ഷനില്‍ കിട്ടാതിരുന്ന ചിലരെ ചില മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ ‘ശഫാഅത്ത്’ കാരണമായി എടുത്തപ്പോഴാണ് ആ സെലക്ഷന്റെ കൃത്യത കുട്ടികള്‍ക്ക് ശരിക്കും ബോധ്യപ്പെട്ടത്. അവര്‍ ചില സുയിപ്പുണ്ടാക്കി ഇടക്ക് നിര്‍ത്തിപ്പോയി.

ഇങ്ങനെയാകുമ്പോള്‍ കൃത്യമായ പെരുമാറ്റ ചട്ടങ്ങള്‍ എഴുതിത്തൂക്കുകയോ ശിക്ഷാ, ശിക്ഷണ രീതികള്‍ നടപ്പിലാക്കുകയോ വേണ്ടതില്ല. എല്ലാം ഒരു ആത്മീയ നിയന്ത്രണത്തില്‍ താളഭംഗിയിലങ്ങനെ നടന്നു പോകും. കൈപറ്റ ഉസ്താദിന്റെ ദര്‍സും അങ്ങനെയായിരുന്നുവെന്ന് സുലൈമാന്‍ ഉസ്താദ് പറയുന്നത് കേട്ടിട്ടുണ്ട്. അടിയും തൊഴിയുമില്ല. ശിക്ഷയോ ശാസനയോ ഇല്ല. പ്രത്യേകമായ നിയമാവലികളോ അന്വേഷണങ്ങളോ ഇല്ല. എങ്കിലും എല്ലാം കൃത്യമായി നടക്കും. അല്ലാഹുവിന് മാത്രമായി മുഴുസമയവും ജീവിച്ച സാത്വികര്‍ക്ക് അവന്‍ കനിഞ്ഞരുളുന്ന പ്രത്യേകമായ ചില ആദരവുകളാണത്. എന്നാല്‍ സാധാരണഗതിയില്‍ പെരുമാറ്റ ചട്ടങ്ങളും നിയമാവലികളും ആവശ്യമാണ്. ഇമാം നവവി പഠിപ്പിച്ച പോലെ ഹാജറും പരീക്ഷയും സമ്മാനവും ശാസനയുമെല്ലാം പഠനപ്രക്രിയയുടെ ഭാഗമാണ്.

നിശ്ചിത സമയങ്ങളില്‍ നിശ്ചിത അറിവുകള്‍ പകര്‍ന്ന് നല്‍കുന്ന ഉപകരണങ്ങളല്ല ഗുരു. ക്ലാസ് മുറികളുടെ ആധിപത്യം കയ്യിലാക്കി അധ്യാപകന് ബാധ്യതയും ഭീതിയും സമ്മാനിക്കുന്ന സ്വതന്ത്ര ജീവിയുമല്ല വിദ്യാര്‍ത്ഥി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെയും രാഷ്ട്രീയ തമ്പുരാക്കളുടെയും ചോദ്യം ചെയ്യലുകള്‍ക്ക് ഭയന്ന് ഉള്‍വലിഞ്ഞ് നിഷ്‌ക്രിയനാവേണ്ടവനല്ല അധ്യാപകന്‍. കുട്ടികളുടെ സര്‍വതോന്മുഖ വികസനമാണ് ഗുരുവിന്റെ ലക്ഷ്യം. തന്റെ ജീവിതത്തെ ഔന്നത്യത്തിലേക്ക് പിടിച്ചുയര്‍ത്തുന്ന, പോരായ്മകളെ ചെത്തി വെടിപ്പാക്കുന്ന, അവസാനം സ്വര്‍ഗത്തിലേക്ക് കൈപിടിച്ച് കൊണ്ടുപോകുന്ന മുഴുമാര്‍ഗദര്‍ശിയാണ്, വഴികാട്ടിയാണ് ഇസ്‌ലാമിലെ ഗുരു. അതുകൊണ്ട് തന്നെയാണ് പ്രഭാഷണവും എഴുത്തും സംഘാടനവും നേതൃപാടവവുമടക്കമുള്ള തന്റെ മുഴുപുരോഗതിയും തന്റെ ഗുരു ബഹ്‌റുല്‍ ഉലൂം ഒകെ ഉസ്താദിന്റെതാണ് എന്ന് പറയാന്‍ കാന്തപുരം ഉസ്താദിന് സാധിക്കുന്നത്. ക്ലാസ് മുറികളുടെ ചുവരുകള്‍ക്കകത്തെ രണ്ട് ബെല്ലുകള്‍ക്കിടയിലെ ആദാനപ്രദാനങ്ങളല്ല അധ്യാപനം. പഠനാരംഭം മുതല്‍ ജീവിതത്തിന്റെ നിഖില മേഖലകളിലും മരണത്തിലും ഖബര്‍ ജീവിതത്തിലും പരലോക ജീവിതത്തിലും തന്നെ ചൂഴ്ന്ന് നില്‍ക്കുന്ന ഗുരുവിനോടുള്ള അഭേദ്യമായ ഒരു ബന്ധത്തിന്റെ പവിത്രമായ അഭിമാനമാണത്.

ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി

You must be logged in to post a comment Login