കാമ്പസിനെ ആകര്‍ഷിക്കാന്‍ വിപ്ലവ മുദ്രാവാക്യങ്ങള്‍ മാത്രം മതിയാകില്ല

കാമ്പസിനെ ആകര്‍ഷിക്കാന്‍ വിപ്ലവ മുദ്രാവാക്യങ്ങള്‍ മാത്രം മതിയാകില്ല

വിരമിക്കുന്ന പ്രിന്‍സിപ്പലിന് അന്ത്യോപചാരമര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ചത് ഉത്തരമലബാറിലെ ഒരുകലാലയത്തിലാണ്. ഗുരുശിഷ്യ ബന്ധങ്ങളിലുണ്ടായ ഈ തകര്‍ച്ച എങ്ങനെ സംഭവിച്ചു?

അധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങള്‍ക്ക് വിള്ളലേല്‍ക്കുന്നു എന്നത് നേരാണ്. അത്സമൂഹത്തില്‍ സംഭവിച്ച മാറ്റത്തിന്റെകൂടി ഭാഗമാണ്. പൊതുവില്‍ ബന്ധങ്ങള്‍ക്ക് പഴയ ദൃഢതയൊന്നും എവിടെയും കാണുന്നില്ല. അതിന്റെ അനുരണനം കാമ്പസുകളിലും സംഭവിച്ചു എന്ന്വേണം കരുതാന്‍. മറ്റൊന്ന്, അധ്യാപകരിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. വിദ്യാര്‍ത്ഥികളുമായി ഹൃദയബന്ധം ഉണ്ടാക്കുന്നതിന് ബോധപൂര്‍വമായ ശ്രമങ്ങള്‍കുറഞ്ഞുവരുന്നു. യാന്ത്രികമായ ഒരു തൊഴിലായി അധ്യാപനവും മാറി എന്ന് പറഞ്ഞാല്‍ തെറ്റാകില്ലെന്ന് തോന്നുന്നു. അതിന് അവര്‍ക്ക് അവരുടെതായ കാരണങ്ങളുണ്ട്. അധ്യാപനം ഒരുതൊഴിലല്ല, സര്‍ഗാത്മകഅനുഷ്ഠാനമാണ്. അതുള്‍ക്കൊള്ളാന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സാധിക്കണം. അറിവ് എന്ന അവകാശത്തെക്കാള്‍ പ്രധാനമല്ല വിദ്യാര്‍ത്ഥിയുടെ മറ്റൊരവകാശവും. അറിവ് പകരുന്ന അധ്യാപകര്‍ക്ക് അവരര്‍ഹിക്കുന്ന ബഹുമാനം വകവെച്ചു നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം. വിദ്യാര്‍ത്ഥികള്‍ അടിമകളല്ല എന്ന ബോധം അധ്യാപകര്‍ക്കുമുണ്ടാകണം. അങ്ങനെയൊരു അന്തരീക്ഷത്തിലേ ഗുരു-ശിഷ്യബന്ധം സുദൃഢമാകൂ. കാഞ്ഞങ്ങാട്ട് നടന്നതുപോലുള്ള സംഭവങ്ങള്‍ എന്തിന്റെ പേരിലായാലും ന്യായീകരിക്കപ്പെടാവതല്ല.

ഫാറൂഖ് കോളജില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചതായി ആരോപണമുണ്ടായല്ലോ. വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ തിരുത്തേണ്ടത് ഇങ്ങനെയാണോ? അവിടെയുണ്ടായ പ്രശ്നങ്ങളെ എസ്.എസ്.എഫ് എങ്ങനെ നോക്കിക്കാണുന്നു?

ഫാറൂഖ് കോളജിലുണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ്. നേരത്തെ നിശ്ചയിച്ച ചില കഥകള്‍ വര്‍ക്കൗട്ട്ചെയ്യപ്പെട്ടു എന്ന്വേണം കരുതാന്‍. ഓട്ടോണമസ്സംവിധാനത്തിലേക്ക് വന്നതുമുതല്‍ അകത്ത് പുകയുന്ന ചിലതുണ്ട്. അവസരം കാത്തുനിന്നവര്‍ക്ക് വടികൊടുക്കലായി അധ്യാപകരുടെ ഇടപെടല്‍ എന്ന് പറയേണ്ടിവരും. അധ്യയനവര്‍ഷത്തിലെ അവസാന പ്രവൃത്തി ദിനത്തില്‍ ആഘോഷം പരിധിവിടുമെന്നു മുന്‍കൂട്ടിക്കണ്ട് അത്വിലക്കിയിരുന്നു അധികൃതര്‍ എന്നാണ് അറിയാന്‍ കഴിഞ്ഞത്. വിലക്ക് മറികടന്ന് കാമ്പസിനകത്ത് അതിരുവിട്ട ആഘോഷങ്ങള്‍ നടത്തുകയായിരുന്നു ചില വിദ്യാര്‍ത്ഥികള്‍. അതിനിടയില്‍ അനധ്യാപക ജീവനക്കാരനെ വിദ്യാര്‍ത്ഥികളിലൊരാളുടെ വാഹനമിടിച്ചതാണ്സംഭവങ്ങളുടെ ഗതിമാറ്റിയത്. തുടര്‍ന്ന് ഉണ്ടായത് എല്ലാവര്‍ക്കുമറിയാം.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വിവാദകേന്ദ്രങ്ങളാകുന്നതിനെ കുറിച്ച് എന്താണ്അഭിപ്രായം?

വിദ്യാഭ്യാസകേന്ദ്രങ്ങളെ വിവാദങ്ങളുടെ ഇടമാക്കുന്നതില്‍ പലര്‍ക്കും പങ്കുണ്ട്. ശിശുക്ഷേമ ഏജന്‍സികള്‍, രക്ഷിതാക്കളുടെ ഓവര്‍കെയറിംഗ്, മാധ്യമങ്ങള്‍ ഇവയെല്ലാം നല്‍കുന്ന മെസേജുകള്‍ പ്രധാനമാണ്. വിദ്യാര്‍ത്ഥികള്‍ അവകാശങ്ങളെകുറിച്ച് ബോധവാന്മാരാണ്. ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ അലസരും. ഹോംവര്‍ക്ക്ചെയ്യാത്തതിന് എണീപ്പിച്ച് നിര്‍ത്തിയാല്‍ പോലും അത് ബാലപീഡനമാകുന്നിടത്തേക്ക് കാര്യങ്ങളെത്തുന്നു. വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ ഇപ്പോള്‍ ചെറിയകാരണങ്ങള്‍ മതിയെന്നായി. വിജ്ഞാന വിനിമയ കേന്ദ്രങ്ങളാണ് കാമ്പസുകള്‍. അവ വിവാദങ്ങളുടെ ഇടമായിമാറിക്കൂടാ.
കേരളം പിറവികൊണ്ടതുമുതല്‍ വിദ്യാഭ്യാസമേഖലയിലെ വിവാദങ്ങളും ആരംഭിച്ചിട്ടുണ്ട്. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലുണ്ടാക്കിയ പുകില് ചെറുതായിരുന്നില്ലല്ലോ. സര്‍ക്കാരുകള്‍ മാറിമാറി വന്നപ്പോഴും വിദ്യാഭ്യാസം വിവാദമുക്തമായില്ല. ചില വിവാദങ്ങള്‍ വിദ്യാഭ്യാസമേഖലക്ക് പുതിയ ഉണര്‍വുകള്‍ നല്‍കിയിട്ടുണ്ട്. അതേസമയം ചില പ്രത്യേകസ്ഥാപനങ്ങളെ ലക്ഷ്യമിട്ട് കരുതിക്കൂട്ടിയുണ്ടാക്കുന്ന വിവാദങ്ങള്‍ക്ക് പിറകില്‍ ചിലര്‍ക്ക് ഗൂഢമായ അജണ്ടകളുണ്ട് എന്ന്വേണം കരുതാന്‍. വിദ്യാഭ്യാസ പുരോഗതിക്ക് തടസ്സംസൃഷ്ടിക്കുന്ന വിവാദങ്ങള്‍ ഉണ്ടായിക്കൂടെന്ന നിഷ്‌കര്‍ഷ എല്ലാവര്‍ക്കുമുണ്ടാകണം.

പഠനകാലം അവസാനിച്ച് സ്‌കൂളിന്റെയും കോളജിന്റെയും പടിയിറങ്ങുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ സങ്കടപ്പെടുന്നതായിരുന്നു മുമ്പത്തെ കാഴ്ച. ഇപ്പോള്‍അത് ആഘോഷത്തിന് വഴിമാറിയിരിക്കുന്നു. ഈ മാറ്റം നല്ലതിനാണോ?

സെന്റോഫ്ഒരു സാമൂഹ്യ പ്രശ്നമായി മാറിയിരിക്കുകയാണ്. അവസാന പരീക്ഷയുടെ ദിവസം കലാപത്തിന്റെ പ്രതീതിയാണ് പൊലീസ് ഇടപെടല്‍ അനിവാര്യമാക്കുന്ന വിധത്തിലേക്ക് ആഘോഷങ്ങള്‍ മാറുന്നു. അതിനെ എങ്ങനെയാണ് ആഹ്ലാദമെന്നും ആഘോഷമെന്നും വിളിക്കുക? ആഘോഷങ്ങള്‍ അതിരുവിടുന്നത് ഒരിക്കലും അനുവദിക്കപ്പെടേണ്ടതല്ല. പത്തും പന്ത്രണ്ടും വര്‍ഷം പഠിച്ച കാമ്പസിന് നേരെ ശത്രുതനിറഞ്ഞ രീതികള്‍ സ്വീകരിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്ന ഫാക്ടര്‍ എന്താണെന്നത് ഗവേഷണ വിഷയമാണ്. അന്ന് അധ്യാപകര്‍ക്ക് പുറത്തിറങ്ങാന്‍ പോലും ഭയമാണ്. ഇത് വസ്തുനിഷ്ഠമായിതന്നെ പഠിക്കണം. കേവലം കളര്‍ പൂശുന്നതല്ല, അതിനപ്പുറത്തേക്ക് കാര്യങ്ങള്‍ പോകുന്നുണ്ട്. യൂണിഫോം വലിച്ച്കീറി, പാഠപുസ്തകം വലിച്ചെറിഞ്ഞ്, ഭരണിപ്പാട്ട് പാടി പടിയിറങ്ങിപോകുന്ന വിദ്യാര്‍ത്ഥിക്ക്അറിവിന്റെ മൂല്യം ബോധ്യപ്പെട്ടില്ലെന്ന്കരുതാനേ നിര്‍വാഹമുള്ളൂ. അതിനപ്പുറം നേരത്തെ പറഞ്ഞത് പോലെ വിദ്യാഭ്യാസം ഒരു കമ്മോഡിറ്റി മാത്രമായി മാറിയിരിക്കുകയാണ്. വിവരങ്ങള്‍ ശേഖരിക്കുക. അത് കമ്പോളത്തില്‍ വിറ്റ് പണമുണ്ടാക്കുക. ഈ രീതിശാസ്ത്രവും മാറേണ്ടതുണ്ട്.

പാഠപുസ്തകകേന്ദ്രിതമായി നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ മാറിയതിന്റെ പരിണിതിയാണോ ഇതൊക്കെ? പാഠഭാഗങ്ങളിലില്ലാത്ത മൂല്യങ്ങളെ സ്വന്തംജീവിതത്തില്‍ ചാലിച്ച അധ്യാപകരുടെ അഭാവമാണോ?

നേരത്തെ സൂചിപ്പിച്ചത് പോലെ, ക്ലാസ്മുറിയില്‍ നിന്നും പകര്‍ന്ന്കിട്ടുന്ന അല്ലെങ്കില്‍ കിട്ടേണ്ടുന്ന ചിലമൂല്യങ്ങളുണ്ട്. അത് വിദ്യാര്‍ത്ഥികള്‍ക്ക് എത്രത്തോളം ലഭിക്കുന്നു എന്ന് പരിശോധിക്കണം. സ്വാധീനിച്ച ഒന്നിലധികം അധ്യാപകരെ ഓര്‍ത്തെടുക്കാന്‍ പഴയതലമുറക്ക് കഴിയുന്നു. അവരില്‍ നിന്ന് പകര്‍ന്നുകിട്ടിയ മൂല്യങ്ങള്‍ ജീവിതത്തില്‍ പിന്തുടരുന്നു. പുതിയ വിദ്യാഭ്യാസരീതിയുടെ ഭാഗമായ വിദ്യാര്‍ത്ഥികളില്‍ എത്രപേര്‍ക്ക് അങ്ങനെ പറയാനാവും? വെറും വഴിപാടായി സ്‌കൂളിംഗ് മാറുന്നു എന്ന വിമര്‍ശം ഉയരുന്നുണ്ട്. കമ്പോള കേന്ദ്രിതമാണ് പഠനം. എങ്ങനെ ആറാം ക്ലാസ്മുതല്‍ മത്സര പരീക്ഷക്കൊരുക്കാം എന്നാണ് രക്ഷിതാക്കളുംആലോചിക്കുന്നത്. ലോകത്തെ ഏറ്റവും വിറ്റുവരവുള്ള വ്യവസായങ്ങളിലൊന്നായി വിദ്യാഭ്യാസം മാറുന്നു. എല്ലാം ഒത്തുചേരുമ്പോള്‍ വിദ്യാഭ്യാസം മനഃപാഠമാക്കല്‍ പ്രക്രിയ മാത്രമായിചുരുക്കപ്പെടുന്നു.
മാറേണ്ടത് കാഴ്ചപ്പാടുകളാണ്. കുട്ടികള്‍ ക്ലാസ്മുറിയില്‍ അറിവ് നിര്‍മിക്കുകയാണ് വേണ്ടത്. അതിനവരെ പ്രാപ്തരാക്കണം. മൂല്യങ്ങള്‍ പഠിപ്പിക്കപ്പെടണം. അധ്യാപകര്‍ മാതൃകയാവണം. മനസുവെച്ചാല്‍ അത് സാധിക്കും. അതിന് പുസ്തകം നിര്‍ബന്ധ ഘടകമല്ല.

അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ രക്ഷകര്‍ത്താവായി ഇടപെടുന്നുണ്ടോ? ഇല്ലെങ്കില്‍ എന്താണ് തടസം?

അധ്യാപകര്‍ കുട്ടികളുടെ സെക്കന്റ് പാരന്റ്തന്നെയാണ്. വളര്‍ച്ചാകാലത്ത് നല്ലൊരുസമയം കുട്ടികള്‍ സ്‌കൂളില്‍ അധ്യാപകര്‍ക്കൊപ്പമാണ്. അവരെ വാര്‍ത്തെടുക്കുന്നതില്‍ നല്ലൊരു റോള്‍ അധ്യാപകര്‍ക്ക് നിര്‍വഹിക്കാനുണ്ട്. പാരന്റിംഗ് എങ്ങിനെയാവണമെന്നത് രണ്ടാമത്തെകാര്യമാണ്. നര്‍ചറിംഗ് പാരന്റാവാന്‍ അധ്യാപകര്‍ക്ക്കഴിയണം. മാനസികമായ അടുപ്പം ഉണ്ടാക്കാനും പരസ്പരം അറിയാനും ബോധപൂര്‍വം ശ്രമിക്കണം. വിദ്യാര്‍ത്ഥികളുടെ കുടുംബാന്തരീക്ഷം, അവരുടെ ബന്ധങ്ങള്‍, പരാധീനതകള്‍.. ഇതൊക്കെ അധ്യാപകന്‍ അറിയണം. പ്രശ്നങ്ങളില്‍ ഒരഭയമായി വിദ്യാര്‍ത്ഥിയുടെ മനസില്‍ അധ്യാപകനുണ്ടാവണം. അങ്ങനെയുള്ളവര്‍ തീരെയില്ലെന്നില്ല. അവരുടെ എണ്ണം കുറഞ്ഞുവരുന്നു. ബെല്ലുകളില്‍ ക്രമപ്പെടുത്തുന്ന ചിട്ടകളാകരുത് അധ്യാപകരുടേത്. അവര്‍ക്ക് രക്ഷിതാക്കളാകാന്‍ കഴിയാത്തതിന്റെ മുഖ്യതടസവുംഇതുതന്നെയാണ്.

നമ്മുടെ വിദ്യാഭ്യാസസംവിധാനത്തിന് എന്തെങ്കിലും പോരായ്മകളുണ്ടോ? എസ്.എസ്.എഫ് മുന്നോട്ടുവെക്കുന്ന പരിഹാരം എന്തൊക്കെയാണ്?

നമ്മുടെ വിദ്യാഭ്യാസരീതികളില്‍ മാറ്റമുണ്ടാവണം. ബോധനശാസ്ത്രം അനുശാസിക്കുന്നതെന്തെല്ലാം ക്ലാസ്മുറികളില്‍ നടക്കുന്നു എന്ന അന്വേഷണത്തിന് പ്രസക്തിയുണ്ട്. നമ്മുടെ വിദ്യാഭ്യാസമാറ്റങ്ങള്‍ ഏട്ടിലൊതുങ്ങുകയാണ്. യാഥാര്‍ത്ഥ്യത്തിലേക്ക് വരുമ്പോള്‍ ക്ലാസ് മുറികളിലുണ്ടായ മാറ്റം പോസിറ്റീവല്ല. മൂല്യവിചാരങ്ങള്‍ കുറഞ്ഞുവരുന്നു. അറിവന്വേഷണങ്ങള്‍ ഇല്ലാതാവുന്നു. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരം കണ്ടെത്താനും ശീലിക്കേണ്ടതിന് പകരംകുട്ടികള്‍ കൂടുതല്‍ കൂടുതല്‍ അറിവന്വേഷണങ്ങളില്‍ നിന്ന് അകന്നു പോകുന്നുണ്ടോ എന്ന സംശയമുണ്ട്. മൂല്യങ്ങള്‍, സാമൂഹികബോധം, പൊതുവിവരങ്ങള്‍ ഇവയില്‍ കാതലായ മാറ്റമുണ്ടാകണം. കേവല വിവരശേഖരണങ്ങളില്‍ നിന്ന് അറിവിന്റെ വ്യാഖ്യാനത്തിലേക്കും വിമര്‍ശത്തിലേക്കും കുട്ടികളെ കൊണ്ടുപോകാനുതകുന്ന തരത്തിലേക്ക് ക്ലാസ്മുറികളും അധ്യാപകരും ഉയരണം. മൂല്യങ്ങള്‍, അറിവന്വേഷണങ്ങള്‍, ജീവിതയാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള മാനസികശേഷി തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണമെന്ന് തോന്നുന്നു. പരീക്ഷയില്‍ മാര്‍ക്ക്കുറഞ്ഞതിന് ഒരുകുട്ടി ആത്മഹത്യചെയ്യുന്നെങ്കില്‍ അത് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെതന്നെ പരാജയമാണ്.

കേരളത്തിലെ രാഷ്ട്രീയ വിദ്യാര്‍ത്ഥി സംഘടനകള്‍ ഉത്തരവാദിത്വം മറക്കുന്നുണ്ടോ? അവര്‍ അജണ്ടകള്‍ പുനര്‍നിര്‍ണയിക്കണം എന്ന്കരുതുന്നുണ്ടോ?

കേരളത്തിലെ രാഷ്ട്രീയ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഇപ്പോള്‍ വലിയ സ്വാധീനമൊന്നും വിദ്യാര്‍ത്ഥികളില്‍ ചെലുത്താനാകുന്നില്ല. ഒരു നല്ല രാഷ്ട്രീയ മുദ്രാവാക്യം പോലും കേരളത്തിലെ കാമ്പസുകളില്‍ ഉയര്‍ത്താന്‍ അവര്‍ക്ക് കഴിയുന്നില്ല. രാഷ്ട്രീയ വിദ്യാര്‍ത്ഥി സംഘടനകളുടെ ലേബലില്‍ ഇലക്ഷന്‍ നടക്കുന്നുണ്ടെങ്കിലും അരാഷ്ട്രീയകൂട്ടങ്ങളാണ് പലപ്പോഴും കാമ്പസ് ഭരിക്കുന്നത്. നോക്കൂ, കേരളത്തിലെ കാമ്പസുകളില്‍ എത്ര ബൗദ്ധിക സംവാദങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. വ്യത്യസ്തമായ ധാരാളം വിദ്യാര്‍ത്ഥി പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ക്രിയാത്മകസമീപനം സ്വീകരിച്ച ഏതെങ്കിലും രാഷ്ട്രീയ വിദ്യാര്‍ത്ഥിസംഘടനകളെ നിങ്ങള്‍ കാണുന്നുണ്ടോ. കേവലം പൊളിറ്റിക്കല്‍ ഗിമ്മിക്കുകള്‍ മാത്രമാണ് നടക്കുന്നത്. ഫാറൂഖ് കോളജിലെ പ്രശ്നം തന്നെയെടുക്കാം. അധ്യാപകന്‍ പറഞ്ഞതെന്തെന്ന് പോലും ആലോചിക്കാതെ, കേട്ട പാതി, കേള്‍ക്കാത്ത പാതി എല്ലാവരും കയറെടുത്തിറങ്ങി. അദ്ദേഹം നടത്തിയ ഉപമ സാദാചാര വിരുദ്ധമെങ്കില്‍ അദ്ദേഹത്തിനെതിരില്‍ മുഴക്കിയ മുദ്രാവാക്യവും സദാചാര വിരുദ്ധം തന്നെയാണ്. ഒരു വിദ്യാര്‍ത്ഥിസംഘടനയുടെ നേതാവ് പറഞ്ഞത് കുട്ടികള്‍ കാമ്പസിലേക്ക് വരുന്നത് അടിച്ചുപൊളിക്കാനാണ്, അതിന് സൗകര്യമൊരുക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ്. എത്രമേല്‍ അരാഷ്ട്രീയമാണ് ഈ പ്രസ്താവന!
വിദ്യാര്‍ത്ഥികളില്‍ കൃത്യമായ രാഷ്ട്രീയഅവബോധം സൃഷ്ടിക്കുന്നതിന്, സാമൂഹികമായി അവരെ പാകപ്പെടുത്തുന്നതിന്, സംവാദാത്മകമായ ഒരു സമീപനം രൂപപ്പെടുത്തുന്നതിന് രാഷ്ട്രീയ വിദ്യാര്‍ത്ഥിസംഘടനകള്‍ക്ക് കഴിയണം. അവര്‍ അജണ്ടകള്‍ പുനര്‍നിര്‍ണയിക്കും എന്ന് തന്നെയാണ് കരുതുന്നത്. അല്ലാതിരുന്നാല്‍ അവര്‍ക്കിനിയും പിടിച്ചു നില്‍ക്കാനാകില്ല. തൂക്കുമരത്തിലെ ഊഞ്ഞാലുകള്‍ കൊണ്ട് മാത്രം കാമ്പസിലെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനാവില്ല.

പൊതുവിദ്യാഭ്യാസമേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അംഗീകാരമില്ലാത്ത സ്വകാര്യസ്‌കൂളുകള്‍ പൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണല്ലോ സര്‍ക്കാര്‍. എസ്എസ്എഫിന്റെ ഇക്കാര്യത്തിലുള്ള നിലപാടെന്താണ്?

പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെടണം എന്ന്തന്നെയാണ് എസ്എസ്എഫ് ആഗ്രഹിക്കുന്നത്. അതിനുവേണ്ടിയുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ പിന്തുണക്കുകയും ചെയ്യുന്നു. അതേസമയം, നൂറുകണക്കിന് സ്‌കൂളുകള്‍ ഒരേസമയം പൂട്ടുമ്പോള്‍ ആ വിദ്യാര്‍ത്ഥികളെ മുഴുവന്‍ ഉള്‍കൊള്ളാന്‍ പൊതുസ്‌കൂളുകള്‍ക്കോ അംഗീകാരമുള്ളസ്വകാര്യസ്‌കൂളുകള്‍ക്കോ കഴിയില്ല. ബദല്‍ സംവിധാനം ഒരുക്കാതെ എടുത്തുചാടിയുള്ള തീരുമാനങ്ങള്‍ ഫലത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാക്കും.
കെ അബ്ദുറശീദ് / രിസാല പ്രതിനിധി

You must be logged in to post a comment Login