ആളാണോ ആശയമാണോ പ്രധാനം?

ആളാണോ ആശയമാണോ പ്രധാനം?

നിങ്ങള്‍ ചെയ്യുന്ന ഒരു വേല- അത് എഴുത്താവട്ടെ, പ്രസംഗമാകട്ടെ, ഉപ്പുമാവ് വെക്കലാവട്ടെ, പാമ്പിനെ കൊല്ലലാവട്ടെ, കള്ളന്റെ പെഞ്ചിക്ക് വീശലാവട്ടെ- ചെയ്തത് നന്നായി എന്ന് നിങ്ങള്‍ക്ക് തോന്നി എന്ന് വെക്കുക. പക്ഷേ, നിങ്ങളുടെ വിചാരത്തിന് വിപരീതമായി ആളുകള്‍ നിങ്ങളെ കുറ്റപ്പെടുത്താന്‍ ഓങ്ങുകയാണെന്നും വെക്കുക. സ്വാഭാവികമായും നിങ്ങളപ്പോള്‍ പുറത്ത് പറയുക. ‘ആ, പോരായ്മ എന്താന്ന്ച്ചാ.. തുറന്ന് പറയണം, അതാണെനിക്കിഷ്ടം. പറഞ്ഞാലല്ലേ തിരുത്താന്‍ പറ്റൂ’ എന്നൊക്കെയാണെങ്കിലും നിങ്ങളുടെ ഉള്ളില്‍ എരിവ് കുത്തിയിറങ്ങുകയാവും, അല്ലേ? ഇനി തിരിച്ച് അതേ പറ്റി പലരായി പലപ്പോഴായി നല്ലതു പറയുകയാണെങ്കിലോ, നിങ്ങള്‍ക്ക് ആവേശത്തിന്റെ ഉള്‍ത്തരിപ്പ് ഉറഞ്ഞ്‌വരും.
ഇത്രയും ആമുഖം എഴുതാന്‍ കാരണം ഇരുസമൂഹങ്ങള്‍ തിരുനബിയോട് വെച്ചു പുലര്‍ത്തുന്ന അടുപ്പ-അകല്‍ച്ചകളെ പ്രശ്‌നവത്കരിച്ച് രിസാലയില്‍ എഴുതിയ ലേഖനത്തെക്കുറിച്ച് കുറേയാളുകള്‍ നേരിട്ടും വിളിച്ചും ‘കലക്കി’ എന്ന് പറയുകയുണ്ടായി. അതില്‍ രണ്ട് മൂന്ന് പേര്‍ ആദ്യകാലത്ത് ജമാഅത്ത് പങ്കുള്ളവരും പിന്നീട് പിന്മാറി നില്‍ക്കുന്നവരും ഒപ്പം ഒരു സ്വൂഫീവെമ്പല്‍ കാത്തു സൂക്ഷിക്കുന്നവരുമാണ്. ചില വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രസ്തുത ലേഖനം പ്രചരിക്കുകയും ആ വഴിയും ചില ചര്‍ച്ചകള്‍ രൂപപ്പെടുകയും ചെയ്തപ്പോള്‍, ആ ലേഖനം എഴുതുമ്പോഴില്ലാത്ത ചില തുറസ്സുകളിലേക്ക് അത് വികസിക്കുകയും ചെയ്തു. അതേക്കുറിച്ചാണ് ഈ ലക്കം. പക്ഷെ ഈ പറഞ്ഞതില്‍ ചില സ്വയംപൊക്ക് പശിമകള്‍ ഇല്ലേ എന്ന് ആളുകള്‍ ചിന്തിക്കില്ലേ എന്ന് ഞാനും ചിന്തിച്ചതാണ്. പക്ഷെ ആളുകളുടെ ചിന്തകള്‍ക്കനുസരിച്ച് മാത്രം കാര്യങ്ങള്‍ എഴുതാനും പറയാനും നിന്നാല്‍ കാര്യം നടക്കില്ല. നമുക്ക് നമ്മളെ പറ്റി വേറൊരാള്‍ നല്ലത് പറയുന്നത് പ്രിയങ്കരമാണെന്നല്ലാതെ നാം നമ്മെപ്പറ്റിത്തന്നെ പൊക്കിയടിക്കുന്നത് ഇഷ്ടമല്ലല്ലോ..

നബിദിനം കഴിക്കുക- കഴിക്കാതിരിക്കുക എന്നിടത്ത് നിന്നല്ല ഇരുസമൂഹങ്ങളുടെ ആത്മീയ കാഴ്ചപ്പാട് വഴി പിരിയുന്നത്. അത് കേവലം ഒരു പ്രതിഫലനം മാത്രമാണ്. വാസ്തവത്തില്‍ അതിന്റെയൊക്കെ വിത്തുതലം കിടക്കുന്നത് കുറച്ചുകൂടി താഴ്ഭാഗത്താണ്. അതായത് മതത്തില്‍ ആശയത്തിനാണോ അതോ ആളിനാണോ പ്രാമുഖ്യം എന്ന ചോദ്യത്തിന് എന്തുത്തരമാണ് മനസില്‍ തികട്ടിവരുന്നത് എന്നതിനെ ആസ്പദിച്ചിരിക്കുന്നു അത്. നബിദിനം കഴിക്കുന്നവര്‍ക്ക്, ‘ആളിന്’ എന്ന് പറയാന്‍ ഒട്ടുമാലോചിക്കേണ്ടി വരില്ല. എന്നതു പോലെ തന്നെ ‘ആളിനോ, ഇതെന്താ വ്യക്തിപൂജയോ? ആശയത്തിന്’ എന്ന് പറയാന്‍ എതിര്‍കക്ഷികള്‍ക്കും രണ്ടാമതൊരാലോചന വേണ്ടി വരില്ല.

യഥാര്‍ത്ഥത്തില്‍ മതത്തിന്റെ ആത്മീയ വഴിത്താരയിലൂടെ തീര്‍ത്ഥയാത്ര നടത്തുമ്പോള്‍ ആദ്യം പറഞ്ഞ ഉത്തരമാണ് ശരി എന്ന് സാധൂകരിക്കുന്ന അനവധി അടയാളങ്ങള്‍ കാണാന്‍ കഴിയും. ഇവിടെ ഓര്‍ക്കേണ്ട പ്രത്യേകമായ കാര്യം ആശയത്തിന്റെ മൂര്‍ത്തീഭാവമാണ് ആള്‍ എന്നുള്ളതാണ്. ആളില്ലാത്ത ആശയത്തിന് കേവലമായി ഒന്നും കര്‍മതലത്തില്‍ ചെയ്യാനില്ല. മഴയും വെയിലും, ഇടിയും മിന്നും, മന്നും സല്‍വയും മറ്റു വേണ്ടതെല്ലാം നേരിട്ട് ഇറക്കിത്തരുന്ന അല്ലാഹുവിന് നൂറേടുകളും നാല് കിതാബുകളും നേരിട്ടിറക്കാന്‍ കഴിയായ്കയാണോ? മാലിക് ദീനാറും ഖാജാതങ്ങളും തരീമിലെയും ബുഖാറയിലെയും മറ്റും ആയിരക്കണക്കായ സയ്യിദുമാരും ഇക്കണ്ട സാഹസങ്ങളെല്ലാം താണ്ടി ഭൂഖണ്ഢാന്തര യാത്രകള്‍ നടത്തണമായിരുന്നോ?. ഭദ്രമായി പൊതിഞ്ഞുകെട്ടിയ ഖുര്‍ആന്‍ പ്രതികള്‍ പാര്‍സലായി അയക്കാമായിരുന്നില്ലേ? ഇനി ആളെ നിയോഗിക്കുകയാണെങ്കില്‍ തന്നെ ഇതെല്ലാം കൂടി ഒരാളുടെ ചുമലില്‍ വെച്ച് ‘ഇതൊന്ന് അവര്‍ക്ക് ഡെലിവറി ചെയ്ത് വാ’ എന്നും പറഞ്ഞ് ഒറ്റയൊരാളെ വിട്ടയച്ചാ മതിയായിരുന്നില്ലേ. നാല് കിതാബിനും നൂറ് പാംഫ്‌ലെറ്റിനുമായി അല്ലാഹു അയച്ച മൊത്തം ആളുകളുടെ എണ്ണം ഒന്നേകാല്‍ ലക്ഷമല്ലേ?. രണ്ടേകാല്‍ ലക്ഷം എന്നും അഭിപ്രായമില്ലേ? എന്താണതിനര്‍ത്ഥമെന്ന് ആഴത്തിലാലോചിച്ചിട്ടില്ല അല്ലേ?

ലേഖനം സംബന്ധമായ ചര്‍ച്ചയില്‍ മൂന്നില്‍ രണ്ട് പൂര്‍വ-ജമാഅത്തുകാരും പറഞ്ഞത് ‘ആളിനാണ്’ വില എന്നാണ്. അത് കേട്ട് ഞാന്‍ ഞെട്ടി! ഫത്തബിഇല്‍ അഫ്‌വാഹ വസ്സവാദലാ (തിരുവായ്കളെ പുണരൂ, വെറും വരികളെ വിട്ടേക്കൂ)എന്നതിലേക്ക് അവര്‍ക്ക് ഇത്രപെട്ടെന്ന് വികസിക്കാനായതെങ്ങനെ എന്നത് എന്നെ ആശ്ചര്യപ്പെടുത്തി. ആളിനെ അംഗീകരിക്കാന്‍ അത്ര പെട്ടെന്നൊന്നും കഴിയില്ല. കൊടിയത്തൂരുകാരനായ മൂന്നാം ജമാഅത്തുകാരന്‍ ഞാനെത്ര വിശദീകരിച്ചിട്ടും പിടുത്തം കിട്ടാതെ ‘ആശയത്തില്‍’ തന്നെ പിടിച്ച് തൂങ്ങി നില്‍ക്കുകയാണ്. കക്ഷിക്ക് പിടിവാശിയുണ്ടായിട്ടല്ല, പറഞ്ഞത് ഉള്‍കൊള്ളാനാവാഞ്ഞിട്ട്.
ജമാഅത്ത് അംഗങ്ങള്‍ക്കിടയില്‍ ധാരാളമായി ഇന്ന് അറിവ് പരക്കുന്നുണ്ട്. വായനയിലൂടെയാണത്. വായിക്കുന്ന ആള്‍ രചയിതാക്കളെ ഗുരുക്കന്മാരായി കാണുന്നില്ല. എന്നല്ല രചയിതാക്കളുടെ ജീവിത വിശുദ്ധിയെ കുറിച്ചോ, എഴുതിവിട്ട കാര്യങ്ങള്‍ക്ക് അവരുടെ വ്യക്തിജീവിതവുമായുള്ള കോംപാറ്റിബിലിറ്റിയെക്കുറിച്ചോ ഒട്ടും ചര്‍ച്ചയില്ല. ആത്മീയശിക്ഷണത്തിന്റെ പാതയില്‍, താന്‍ പഠിച്ച ആശയങ്ങളെക്കാളും തന്റെ ഗുരുവിന്റെ ജീവിതമാണ് ശിഷ്യന് ടെക്സ്റ്റ് പുസ്തകം! ബുഖാരിയും ഹികമും ഇര്‍ശാദുല്‍ യാഫിഈയും രിസാലതുല്‍ ഖുശൈരിയും വേണമെങ്കില്‍ നമുക്ക് ഭാഷാപുസ്തകങ്ങളുടെ/വ്യാഖ്യാന ഗ്രന്ഥങ്ങളുടെ സഹായത്തോടെ വായിച്ചെടുക്കാം. പക്ഷെ, അത് റഈസുല്‍ ഉലമ സുലൈമാന്‍ ഉസ്താദിന്റെ മുന്നിലിരുന്ന് പകര്‍ത്തുമ്പോള്‍ കിട്ടുന്ന സ്വാംശീകരണം, ആയിരമല്ല പതിനായിരം സ്വയംവായനകളില്‍ നിന്ന് സാധ്യമാവില്ല. ബുഖാരി ഹദീസ് വിശദീകരിക്കവെ, ബീവി ഫാത്വിമ(റ) സഹിച്ച കഷ്ടപ്പാടുകള്‍ ചര്‍ച്ചക്ക് വരുന്നേരം, അത് മുഴുമിക്കാനാവാതെ കലങ്ങിയ കണ്ണുമായി ക്ലാസ് നിര്‍ത്തി എണീറ്റുപോകുന്ന ഉസ്താദ് തരുന്ന ചില അകമറിവുകളുണ്ട്. ഒരു ക്ലാസ് മാത്രമല്ല, ഉസ്താദിന്റെ ജീവിതം അരിച്ചുപെറുക്കി നിരീക്ഷിക്കുന്ന ഒരു ശിഷ്യന് മറ്റൊരു തെളിവും വേണ്ടാത്ത വിധം ആശയങ്ങളുടെ പച്ചയായ മാനിഫെസ്റ്റേഷനായി ആ ജീവിതത്തെ നെഞ്ചിലലിയിക്കാന്‍ കഴിയും. സുലൈമാന്‍ ഉസ്താദ് ഇത് സിദ്ധിച്ചിരിക്കുന്നത് ശൈഖുനാ ഒ കെ ഉസ്താദില്‍ നിന്നാണ്. അങ്ങനെയുള്ള സുലൈമാന്‍ ഉസ്താദ് അമ്പതാണ്ടുകള്‍ക്കപ്പുറം ഒതുക്കുങ്ങള്‍ കേളേജില്‍ മുദരിസായി സേവനം തുടങ്ങിയ നാളുകളിലാണ് ജമാഅത്തുകാര്‍ മൗദൂദി ബുക്കുകളുമായെത്തി ‘ഇവ വായിച്ച് ഒന്ന് പരിചയപ്പെട്’ എന്ന് പറയുന്നത്. ‘ഞാന്‍ വായിച്ച് നോക്കിയിട്ട് പറയാം’ എന്നല്ല ഉസ്താദ് പറയുന്നത്. ‘എനിക്ക് പഠിക്കാനുള്ളതെല്ലാം ശൈഖുന പഠിപ്പിച്ച് തന്നിട്ടുണ്ട്, കണ്ട പുസ്തകങ്ങള്‍ വായിച്ച് ശരി തെരയേണ്ട കാര്യമില്ല, ഇനി നാളെ വേറൊരു കൂട്ടര്‍ വന്ന് അവരുടെ ബുക്ക് വായിച്ച് ശരി കണ്ടുപിടിക്കാന്‍ പറഞ്ഞാല്‍…’ ഇതാണ് ഉസ്താദവരോട് പറഞ്ഞത്.

അപ്പോള്‍ ഗുരുവില്‍ നങ്കൂരമുറപ്പിക്കാതെ ആശയക്കടല്‍ സ്വയം പരതി ശരി പുല്‍കുന്ന രീതിയും തിരിച്ചുള്ള രീതിയും വേരുതലത്തിലേ വേര്‍പെട്ട് കിടക്കുന്നു. ഗുരുവിനെ തള്ളി മാറ്റിയുള്ള/ആളെ അകറ്റി നിര്‍ത്തിയുള്ള ‘ആശയപൂജ’ എന്നതിനെ വിളിക്കണമെന്നില്ല, മറിച്ചുള്ളതിനെ ആള്‍പൂജ/വീരാരാധന എന്നൊക്കെ വിളിക്കുകയാമാകാം! എന്താണ് ഈയൊരു നിലപാടിന്റെ അടിസ്ഥാന കാരണം എന്ന് നിങ്ങള്‍ക്ക് മനസിലാവുന്നുണ്ടോ? കേട്ടോളൂ, മാനവസമൂഹത്തെ മൊത്തത്തില്‍ നമുക്ക് രണ്ടായി പകുക്കാം. ഒന്ന് ബാഹ്യമായും ആന്തരികമായും കറതീര്‍ന്ന വിനയമുള്ളവര്‍. രണ്ട് ബാഹ്യമായി മാത്രമുള്ള മസിലുപിടി വിനയമുള്ളവര്‍. ആശയത്തെ അംഗീകരിക്കാം, പക്ഷേ ആളെ അത്രക്ക് വേണോ? എന്നാണ് രണ്ടാം ജാതിയുടെ ഉള്‍തിളപ്പ്. ഈ വിഭാഗത്തിന്റെ നേതൃസ്ഥാനത്ത് വരിക ഇബ്‌ലീസ് അവര്‍കളാണ്. ആയത്‌കൊണ്ടാണ് കല്‍പിച്ചത് അല്ലാഹു ആയിട്ടുപോലും ആദമിന്(അ) സുജൂദ് ചെയ്യണമെന്ന കാര്യം ഉള്‍കൊണ്ട് സമ്പൂര്‍ണ വിനയത്തിലേക്ക് തലകുനിക്കാന്‍ അയാള്‍ക്കാകാതെ പോയത്. ഫിര്‍ഔനിലും ഹാമാനിലും നംറൂദിലും ഖാറൂനിലും മാത്രമല്ല, മുത്തുനബിയെ ഉള്‍കൊള്ളാന്‍ കഴിയാതെ തലവെട്ടിച്ച് നടന്ന അറേബ്യന്‍ പ്രാമാണ്യമടങ്കലും ഇതേ ജനുസില്‍ പെടുന്നവരാണ്. നിങ്ങള്‍ ശ്രദ്ധിച്ചോ എന്നറിയില്ല, ഇവരെല്ലാം പലപ്പോഴായി പറഞ്ഞ കാര്യം, ”അവര്‍ പറയുന്ന കാര്യം ശരി തന്നെ, പക്ഷെ അത് പറയാന്‍ നിയോഗിതരാവേണ്ടിയിരുന്നത് അവരാണോ, അവര്‍ അത്രക്കായോ?” എന്ന രീതിയിലായിരുന്നു. ഇപ്പറഞ്ഞത് ഇതേ അര്‍ത്ഥത്തിലല്ലെങ്കിലും പുതുകാലത്തെ വ്യതിയാന പാളയങ്ങളിലെല്ലാം പുളഞ്ഞ് കിടപ്പുണ്ട്. പ്രവാചകന്റെ ആശയങ്ങള്‍ വിശകലനം ചെയ്ത് അനുയോജ്യമായത് തിരഞ്ഞെടുക്കുക എന്നതിലാണ് കാര്യം; അല്ലാതെ ‘ഫീ ഹാലിഹീ വ ഫആലിഹീ വ മഖാലിഹീ’ കണ്ണടച്ചു പുല്‍കുക എന്ന ‘ആള്‍പൂജ’ വര്‍ജ്യമായി വരുന്നു. ലോജിക്കല്‍ റീസണിംഗ് ആണ് പ്രധാനം. ഒപ്പം എനിക്കു തന്നെ വായിച്ചു കണ്ടുപിടിക്കാമെങ്കില്‍ ഒരു ഗുരു തൊട്ടുകാണിച്ചുതരുന്നത് പോലെ ചെയ്യുന്നത് ഒരു കുറച്ചിലല്ലേ എന്ന ചിന്തയും. ഈ ചിന്ത ഭൗതികവാദത്തിന്റെ നാറ്റം പേറുന്ന ഒന്നാണ്. അത് കാര്യകാരണങ്ങള്‍ക്കപ്പുറം കിടക്കുന്ന കാര്യങ്ങള്‍ ദഹിച്ചു കിട്ടുന്നതിനെ റദ്ദ് ചെയ്യുന്ന കേടുനിലപാടാണ്. ‘യുഅ്മിനൂന ബില്‍ഗൈ്വബി’ എന്ന് പറയുന്നത് ഇതിന്റെ എതിരാണ്. മനുഷ്യനെ പടക്കുന്നേരും മലക്കുകള്‍ ഇടഞ്ഞുനിന്നപ്പോള്‍ ‘നിങ്ങള്‍ക്കറിയാത്തത് ഞാനറിയും’ എന്നുപറഞ്ഞ അറിയാപ്രപഞ്ചത്തെ ഉള്‍കൊള്ളാന്‍ കാര്യകാരണത്തിന്റെ ലോജിക്ക് കിണറ്റില്‍ നിന്ന് പുറത്ത് വരണം. അല്ലാത്ത കാലത്തോളം ആശയം വലിയ ചക്കയും ആള്‍ വെറും ചുക്കുമായി ചുരുങ്ങും. ഭൗതികവാദത്തിന്റെ അരികുചേര്‍ന്ന് ഘടിപ്പിച്ചുവെക്കുന്ന റീസണിംഗിനെ എങ്ങനെയാണ് ഈ തലം തകര്‍ക്കുന്നതെന്നതിന് ഒറ്റ ഉദാഹരണം പറയാം. ആള്‍ മുത്തുനബി. ആശയം ഖുര്‍ആന്‍. ഖുര്‍ആന്‍ കലക്കിക്കുടിച്ച് അപ്രകാരം ജീവിച്ചാല്‍ ആരാവും? നോക്കാം. ഖുര്‍ആന്‍ കാണുക പോലും ചെയ്യാതെ, അറേബ്യയില്‍ പ്രശ്‌നം സൃഷ്ടിക്കുന്ന ഒരാള്‍ വന്നിട്ടുണ്ട്, ഒന്ന് പോയി നോക്കാം, തക്കം കിട്ടിയാല്‍ തട്ടിക്കളയുകയും ചെയ്യാം എന്ന വിചാരത്തില്‍ ഒരാള്‍ നബിയെ കാണാന്‍ വരുന്നു. അരയില്‍ കത്തി തിരികിയിട്ടുമുണ്ട്. വന്ന് കണ്ട് നോക്കിയപ്പോല്‍ കേട്ടതുപോലെയൊന്നുമല്ല. മനസ് വെള്ളമായി അലിഞ്ഞു. ശഹാദത്ത് കലിമ ചൊല്ലി. തൊട്ടടുത്ത നമിഷം ആള്‍ മരിച്ചു പോയി. പക്ഷെ അദ്ദേഹം സ്വഹാബിയായി. വേറൊരാള്‍ ജീവിതത്തില്‍ വെളിവ് വെച്ച അന്ന് മുതല്‍ തൊണ്ണൂറ്റാറാം വയസിന്റെ അവസാനയാമം വരെ ഖുര്‍ആന്‍ പ്രകാരം ജീവിച്ചു. മതവിജ്ഞാനീയങ്ങളെല്ലാം കലക്കിക്കുടിച്ചു. പക്ഷെ അയാളുടെ സ്ഥാനം ഒരു മിനുട്ട് സ്വഹാബിയായി ജീവിച്ചയാളുടെ എത്രയോ താരാപഥങ്ങള്‍ക്ക് കീഴെയാണ്. എന്നല്ല അയാള്‍, അത്തരം ആയിരം പുരുഷായുസ് ആരാധനാ നിമഗ്നനായി ജീവിച്ചാല്‍ പോലും സ്വഹാബിയുടെ മണം കിട്ടുക പോലുമില്ല. ആശയമോ ആളോ ഏതാ വലുത്? മുത്തുനബിയായ ‘ആളുടെ’ അടുത്തുവന്നു നിന്നു എന്നത് കൊണ്ട് മാത്രമാണ് അവര്‍ സ്വഹാബിയായത്. കാന ഖുലുഖുഹുല്‍ ഖുര്‍ആന്‍ എന്നുപറഞ്ഞ ആശയലോകത്തെ അക്ഷരം പ്രതി പകര്‍ത്തി ജീവിച്ചിട്ടും ആ ഒരു ധന്യനിമിഷത്തിന്റെ സ്വഹാബീമഹത്വത്തിലേക്ക് ഉയരാനാകുന്നില്ല. വലിയ്യിന്റെ നിഹായത്തില്‍ നിന്നാണ് സ്വഹാബിയുടെ ബിദായത് എന്നോര്‍മിച്ചോ.

ഇസ്‌ലാമിക പ്രബോധനത്തിന്റെ ചരിത്രം ചൂഴ്ന്നു പഠിക്ക്. ലോകം ഇസ്‌ലാമിലേക്ക് വന്നത് ആളുകളിലൂടെയോ ലഘുലേഖകളിലൂടെയോ? ഞാനീ പറയുന്നത് കൊടിയത്തൂരുകാരന്‍ ശ്രദ്ധിച്ച് വായിക്കണം.

ആള്‍ക്ക് വില കൊടുക്കാതിരിക്കുകയും അല്ലെങ്കില്‍ അതിന് മനസിലെ ഗുപ്തമായ ഔദ്ധത്യം തയാറാവാതിരിക്കുകയും എന്നാല്‍ ആശയങ്ങളെ നെഞ്ചോടു ചേര്‍ക്കുകയും ചെയ്യുന്ന അപകടാവസ്ഥ ജമാഅത്തടക്കമുള്ള പ്രസ്ഥാനങ്ങളിലെ അംഗങ്ങള്‍ക്ക് ആത്മീയ ലോകത്തെ പ്രകാശവര്‍ഷങ്ങള്‍ നീളുന്ന പ്രതലങ്ങളെ നഷ്ടമാക്കുന്നുണ്ട്. നബിയുടെയും ശേഷക്കാരുടെയും ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുക എന്നല്ലാതെ എന്താ ഒരു മുട്ടും പാട്ടും എന്ന ചോദ്യം മിളുന്തി വരുന്നത് ഈയൊരു തലത്തില്‍ നിന്നാണ്. ബദ്‌രീങ്ങള്‍ ജീവത്യാഗം ചെയ്ത് മോചിപ്പിച്ചെടുത്ത ആ ഇസ്‌ലാമനുസരിച്ച് ജീവിക്കുകയെന്നല്ലാതെ എന്ത് ബദ്ര്‍ ദിനം? എന്ത് ജീലാനീ ദിനം? എന്ത് രിഫാഈ ദിനം? എന്ത് മിഅ്‌റാജ് ദിനം? എന്ത് അജ്മീര്‍? എന്ത് മമ്പുറം? ഈയൊരു ചിന്ത പടര്‍ത്തിയ വിഷവായു ശ്വസിച്ച് വളരുകയാലാണ് ജമാഅത്തിലെ പുതുതലമുറക്ക് ഈ കണ്ട പേരുകള്‍ കേള്‍ക്കുമ്പോള്‍ ആല്‍മരം/താമര/തുളസി എന്നൊക്കെ കേള്‍ക്കുമ്പോലുള്ള ബഹുദൈവത്വത്തിന്റെതായ ചിത്രം മനസുകളില്‍ കല്ലിച്ചു വരുന്നത്. ഇശ്ഖ് കോഷ്യന്റില്‍ മാത്രമല്ല വിലായ/കറാമ കോഷ്യന്റുകളിലും വട്ടപ്പൂജ്യമായി ജമാഅത്ത് പരിസരത്തില്‍ വളരുന്ന കൊച്ചുമക്കള്‍ തോറ്റുപോവുന്നത്. ഉള്ളില്‍ ആത്മീയതയുടെ നനവു പടര്‍ന്ന നല്ല ജമാഅത്തുകാര്‍ ഇത് ഉറക്കെ ചിന്തിക്കേണ്ടതായിട്ടുണ്ട്. എന്തുകൊണ്ടാണ് മനുഷ്യരിലെ പുണ്യവാളാന്മാരെ അവര്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയാത്തതെന്നതിന്റെ ലോജിക് പറയാം. ഇ. അ.

ഫൈസല്‍ അഹ്‌സനി ഉളിയില്‍

You must be logged in to post a comment Login