ഒരു ഫലസ്തീന്‍ ഫോട്ടോ ജേണലിസ്റ്റിന്റെ സ്വപ്‌നങ്ങളും യാത്രകളും

ഒരു ഫലസ്തീന്‍ ഫോട്ടോ ജേണലിസ്റ്റിന്റെ സ്വപ്‌നങ്ങളും യാത്രകളും

ഫലസ്തീന്‍ ജനതയുടെ യഥാര്‍ത്ഥ കഥകള്‍ ലോകത്തോട് വിളിച്ചുപറയാന്‍ സ്വയം സമര്‍പിച്ച പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് യാസിര്‍ മുര്‍തജ ഏപ്രില്‍ ആറാം തിയ്യതി ഇസ്‌റയേല്‍ പട്ടാളക്കാരുടെ വെടിയേറ്റ് മരണപ്പെട്ടു. ഇസ്‌റയേല്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഫലസ്തീന്‍ ജനത ഗസ്സയില്‍ നടത്തിയ റാലിയുടെ മുന്‍നിരയിലുണ്ടായിരുന്ന യാസിര്‍ മുര്‍തജ വീരമൃത്യു വരിക്കുമ്പോള്‍ അദ്ദേഹം ധരിച്ച കോട്ടിനുമുകളില്‍ വലിയ അക്ഷരങ്ങളില്‍ ‘പ്രസ്’ എന്നുണ്ടായിരുന്നു.
ഗസ്സ നഗരത്തിന്റെ മനോഹരമായ ആകാശദൃശ്യം ഡ്രോണില്‍ പകര്‍ത്തിയതിന് ശേഷം യാസിര്‍ മുര്‍തജ ഇങ്ങനെ എഴുതി: ‘ഫലസ്തീന് ഒരു ദിവസം വരാനുണ്ട്. അന്ന് ഈ ചിത്രം ഞാന്‍ തന്നെ ആകാശത്തുനിന്ന് എന്റെ ക്യാമറയില്‍ പകര്‍ത്തും. എന്റെ പേര് യാസിര്‍. 30 വയസ്സ്. ഗസ്സ നഗരത്തില്‍ ജീവിക്കുന്നു. ഞാന്‍ കാത്തിരിക്കുന്ന ദിവസം ഫലസ്തീനികള്‍ സ്വതന്ത്രമായി ഈ ആകാശത്തിലൂടെ യാത്ര ചെയ്യും. ഞാനും ഈ രാജ്യത്തിനു പുറത്തേക്ക് പറക്കും.’
മാര്‍ച്ച് 24-ന് തന്റെ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ച് കൃത്യം രണ്ടാഴ്ചക്കുശേഷം യാസിര്‍ മുര്‍തജ വെടിയേറ്റു വീണു. ആഴ്ചകളായി ഗസ്സ മുനമ്പിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഇസ്‌റയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ജുമുഅക്ക് ശേഷം നഗരത്തില്‍ നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് ഇസ്‌റയേല്‍ പട്ടാളക്കാരന്‍ നിറയൊഴിച്ചത്. ഒരു മാസത്തിനുള്ളില്‍ ഇസ്‌റയേല്‍ സൈന്യം വധിക്കുന്ന പത്താമത്തെ ഫലസ്തീനിയാണ് യാസിര്‍ മുര്‍തജ.

പറക്കാനുള്ള മോഹം
തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ യാസിര്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചത് യാത്രകളെക്കുറിച്ചായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ റാഫ ബോര്‍ഡറിലൂടെ ഗസ്സ മുനമ്പ് കടന്നപ്പോള്‍ യാത്ര ചെയ്യാനുള്ള തന്റെ അടങ്ങാത്ത സ്വപ്‌നം സാക്ഷാത്കരിച്ചതായി യാസിറിന് തോന്നിയിരുന്നു. പക്ഷേ, ഈജിപ്ഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യം ബലമായി തിരിച്ചയച്ചു. അങ്ങനെ നൂറുകണക്കിന് ഫലസ്തീന്‍ യാത്രികരോടൊപ്പം യാസിറും ഗസ്സയിലേക്ക് തിരിച്ചു. യാത്ര ചെയ്യാനുള്ള ആഗ്രഹം വീണ്ടും സ്വപ്‌നമായി അവശേഷിച്ചു. ഈ അനുഭവത്തെക്കുറിച്ച് അദ്ദേഹം എഴുതിയതിങ്ങനെ: ‘ഇന്നലെ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമായിരുന്നു. ജീവിതത്തിലൊരിക്കലും ഫലസ്തീന് പുറത്തേക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത എനിക്ക് ഈജിപ്തിലേക്ക് പോകാനുള്ള അവസരമാണ് ലഭിച്ചിരുന്നത്. പക്ഷേ, ഇന്നിതാ ഞാനിപ്പോള്‍ യാത്ര ചെയ്യാനാവാതെ ഗസ്സയില്‍ തന്നെ തിരിച്ചെത്തിയിരിക്കുന്നു. ഞാന്‍ ഈജിപ്ഷ്യന്‍ ലോഞ്ചില്‍ ഒരുപാട് നേരം കാത്തിരുന്നു. ഒരു വിമാനം അടുത്തുകാണുക വരെയുണ്ടായി. എന്നാല്‍ യാത്ര നിഷേധിക്കപ്പെട്ടത് വളരെ പെട്ടെന്നായിരുന്നു. ഈജിപ്ഷ്യന്‍ അധികൃതര്‍ അന്ന് യാത്ര ചെയ്യാന്‍ കാത്തിരുന്ന ഫലസ്തീനികളുടെ മൂന്ന് ബസ്സുകള്‍ തിരിച്ചയച്ചു. സുരക്ഷാ പ്രശ്‌നങ്ങളാണ് കാരണമായി പറഞ്ഞത്. ഞങ്ങള്‍ എവിടെയും ഒരു സുരക്ഷാപ്രശ്‌നമാണ്. ഇസ്‌റയേല്‍ ഫലസ്തീനികളെ അങ്ങനെ മാത്രമേ കാണുന്നുള്ളൂ.’

യാസിര്‍ മുര്‍തജ ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ മനോഹരമായിരുന്നു. ഫലസ്തീനികളുടെ അതിജീവനമായിരുന്നു ആ പടങ്ങളിലെ അടിസ്ഥാന പ്രമേയം. യാത്ര ചെയ്യാനുള്ള തന്റെ ആഗ്രഹങ്ങള്‍ പല ഫോട്ടോകളിലും അദ്ദേഹം ഒളിപ്പിച്ചുവെച്ചിരുന്നു. ഗസ്സ നഗരത്തിന്റെ ഏറ്റവും മികച്ച ഫോട്ടോ പകര്‍ത്തിയതും യാസിര്‍ തന്നെ.

പുഞ്ചിരിക്കുന്ന മനുഷ്യന്‍
സദാസമയവും പുഞ്ചിരിക്കുന്ന പച്ചമനുഷ്യനായിരുന്നു യാസിര്‍ മുര്‍തജ. മുഖ്യധാരാ മാധ്യമങ്ങള്‍ പലപ്പോഴും ഫലസ്തീന്‍ ജനതയുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ ശ്രദ്ധപുലര്‍ത്തിയപ്പോഴും അദ്ദേഹം തന്റെ ചിത്രങ്ങളിലൂടെ ഫലസ്തീന്‍ കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു. പുഞ്ചിരിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ പ്രത്യേകതയെക്കുറിച്ച് പലപ്പോഴും യാസിര്‍ വാചാലനായിട്ടുണ്ട്. സഹപ്രവര്‍ത്തകരും നാട്ടുകാരുമെല്ലാം ഈ അസാമാന്യ പ്രതിഭയെ പുഞ്ചിരിക്കുന്ന മനുഷ്യന്‍ എന്ന് വിളിച്ചു. വെല്ലുവിളികളെ തോല്‍പ്പിക്കുന്നതില്‍ പുഞ്ചിരിക്ക് വലിയ സ്വാധീനമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. ഫലസ്തീനികളുടെ മനോധൈര്യം തകര്‍ക്കാന്‍ ഇസ്‌റയേല്‍ പട്ടാളത്തിന് കഴിയാത്തത് ദുരിതങ്ങള്‍ക്ക് നടുവിലും അവര്‍ പുഞ്ചിരിക്കുന്നതുകൊണ്ടാണെന്ന് അദ്ദേഹം എഴുതി. കുട്ടികളോട് വലിയ സ്‌നേഹം സൂക്ഷിച്ച മനുഷ്യസ്‌നേഹി കൂടിയായിരുന്നു യാസിര്‍ മുര്‍തജ. കുട്ടികളുടെ ദൈന്യതയും സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യപ്രശ്‌നങ്ങളും ക്യാമറയില്‍ പകര്‍ത്താനും ലോകജനതയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

ഒരു കുട്ടി പിതാവായ മുര്‍തജ ഗസ്സയില്‍ ജീവിക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടാണ് ഫലസ്തീനികള്‍ക്ക് വേണ്ടി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചത്. എപ്പോഴും കയ്യിലൊരു ക്യാമറയുണ്ടാകും. ഇസ്‌റയേല്‍ ജനതയുടെ ക്രൂരമായ ആക്രമണങ്ങള്‍ക്കിടയില്‍ ശ്വാസം മുട്ടുന്ന ഫലസ്തീനെ മനോഹരമായി ക്യാമറയില്‍ പകര്‍ത്തും. അല്‍-ജസീറയുടെ ‘ഗസ്സ: സര്‍വൈവിംഗ് ശുജായ’ എന്ന ലോകപ്രശസ്ത ഡോക്യുമെന്ററിക്ക് ക്യാമറ ചെയ്തത് യാസിര്‍ മുര്‍തജയായിരുന്നു. 2014ലെ ഇസ്‌റയേല്‍ ആക്രമണത്തിനിടയില്‍ സ്വന്തം വീട്ടില്‍ നിന്ന് ഒരു പിഞ്ചുബാലികയെ ബലം പ്രയോഗിച്ച് ഇറക്കിക്കൊണ്ടു വന്ന് ക്രൂരമായി മര്‍ദിച്ച ദാരുണസംഭവത്തെ കേന്ദ്രീകരിച്ചായിരുന്നു പ്രശസ്തമായ ആ ഡോക്യുമെന്ററി. ബീസാന്‍ എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ പേര്. ഈ ഡോക്യുമെന്ററി അറബിയില്‍ ചെയ്തപ്പോള്‍ അതിന് പേര് നല്‍കിയത് ബീസാന്‍ എന്നായിരുന്നു. അവളുടെ കുടുംബത്തിലെ എല്ലാവരും ഇസ്‌റയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മാനസിക രോഗിയായി മാറിയ ഈ ഫലസ്തീന്‍ ബാലികയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ആരോഗ്യപ്രവര്‍ത്തകരോടൊപ്പം മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് യാസിര്‍ മുര്‍തജയായിരുന്നു. 2016-ല്‍ പുറത്തിറങ്ങിയ ഈ ഡോക്യുമെന്ററി, ഫലസ്തീനിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ അവിടുത്തെ സാധാരണജനതക്ക് ആരെല്ലാമാണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞു. റിപ്പോര്‍ട്ട് ചെയ്ത് സ്വസ്ഥമായി കിടന്നുറങ്ങാന്‍ മുര്‍തജക്ക് കഴിയുമായിരുന്നില്ല. ട്രോമയില്‍ നിന്ന് സാധാരണജീവിതത്തിലേക്ക് തിരിച്ചുവന്ന ബീസാന്‍ സന്തോഷത്തോടെ കളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താനും അദ്ദേഹം മുന്നിലുണ്ടായിരുന്നു.
യാസിര്‍ മുര്‍തജയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിറയെ ഗസ്സയുടെ ചിത്രങ്ങളാണ്. മുറിവേറ്റ കുട്ടികളുടെ, ഉറ്റവര്‍ നഷ്ടപ്പെട്ട കുടുംബങ്ങളുടെ, കെട്ടിടങ്ങളുടെ, തകര്‍ന്ന സ്വപ്‌നങ്ങളുടെ – അങ്ങനെ എല്ലാം അദ്ദേഹം പകര്‍ത്തി. വെള്ളിയാഴ്ചകള്‍ പൊതുവേ ഫലസ്തീനിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറെ വെല്ലുവിളികളുണ്ടാകും. അന്നാണ് മിക്ക പ്രതിഷേധങ്ങളും നടക്കുക. മുര്‍തജക്ക് മുമ്പ് ഇസ്‌റയേല്‍ സൈന്യം വെടിവെച്ച് കൊന്നത് ഏഴ് മാധ്യമപ്രവര്‍ത്തകരെയാണ്. ഇത്തവണ ജീവന്‍ ബലികൊടുക്കേണ്ടി വന്നത് യാസിര്‍ മുര്‍തജ എന്ന യുവമധ്യമപ്രവര്‍ത്തകനാണ്. തങ്ങളുടെ കൂട്ടുകാരനായ ഈ ഫോട്ടോഗ്രാഫറെ കാണാതെ ഗസ്സ നഗരത്തിലെ കുട്ടികള്‍ സങ്കടപ്പെടുന്നുണ്ടാകണം.

യാസര്‍ അറഫാത്ത് നൂറാനി

You must be logged in to post a comment Login