അഭിപ്രായ സ്വാതന്ത്ര്യത്തിന് പുതിയ പാറാവുകാരന്‍

അഭിപ്രായ സ്വാതന്ത്ര്യത്തിന് പുതിയ പാറാവുകാരന്‍

മോഡിയും സ്മൃതി ഇറാനിയും തമ്മില്‍ വ്യാജവാര്‍ത്തകളെ ചൊല്ലിയുണ്ടായ ബഹളം കൃത്യമായി വിശദീകരിക്കാനാവില്ല. തന്റെ വാര്‍ത്താവിനിമയ മന്ത്രിയുടെ വാദം തിരസ്‌ക്കരിച്ച നരേന്ദ്രമോഡിയ്ക്ക് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള വൈദഗ്ദ്ധ്യം അംഗീകരിക്കേണ്ടതു തന്നെ. നമ്മുടെ സമകാലിക രാഷ്ട്രീയത്തില്‍, വ്യാജവാര്‍ത്തകളില്‍ നിന്ന് ഇത്രയധികം നേട്ടമുണ്ടാക്കിയതും വ്യാജവാര്‍ത്തകള്‍ നിര്‍ലോഭം പ്രചരിപ്പിക്കുന്നതുമായ മറ്റൊരു നേതാവില്ല. മൂന്നു സംഭവങ്ങള്‍ ഇക്കാര്യത്തില്‍ എനിക്ക് തെളിവായി ഉദ്ധരിക്കാനാവും.
2017 ഡിസംബറില്‍ ഗുജറാത്തിലെ തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ മൂര്‍ദ്ധന്യത്തില്‍, മോഡി തന്റെ ജന്മനാട്ടിലെ പോരാട്ടത്തില്‍ ആസന്നമായിരുന്ന തോല്‍വി വിജയമാക്കി മാറ്റാന്‍ വ്യാജവാര്‍ത്തകള്‍ ഒട്ടും സങ്കോചമില്ലാതെ പ്രചരിപ്പിക്കാന്‍ തുടങ്ങി. ‘മോശക്കാരന്‍’ എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ ”നീച് കിസം കാ ആദ്മി” എന്നു പറഞ്ഞത്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മോഡി ആ വാക്ക് പൊതു വേദിയില്‍ വളച്ചൊടിക്കുകയും ഞാന്‍ അയാളെ ‘നീച ജാതി’ എന്നു വിളിച്ചതായി ആരോപിക്കുകയും ചെയ്തു. അത്തരമൊരു കാര്യം ഒരിക്കലും ഞാന്‍ പറയില്ല. പക്ഷേ ഗീബല്‍സിന്റെ മിടുക്കോടെ അയാള്‍ പല തവണ ആ നുണ ആവര്‍ത്തിച്ചതോടെ എന്റെ പാര്‍ട്ടി പോലും അതു നേരാണെന്നു വിശ്വസിച്ചു.
ഞാന്‍ പാക്കിസ്ഥാന്‍ ഹൈ കമ്മീഷണറെയും പാക്കിസ്ഥാന്റെ മുന്‍ വിദേശകാര്യമന്ത്രിയെയും ഗുജറാത്തിലെ മുഖ്യമന്ത്രിയായി അഹമ്മദ് പട്ടേലിനെ നുള്ള ഗൂഢാലോചന തയാറാക്കാന്‍ എന്റെ വീട്ടിലേക്ക് ക്ഷണിച്ചു എന്ന വലിയ നുണ മോഡി പ്രചരിപ്പിച്ചത് അതിനു പിറകെയാണ്. എന്റെ വീട്ടില്‍ അന്ന് അതിഥികളായിരുന്ന വിശിഷ്ടവ്യക്തികളെയും അയാള്‍ ഗൂഢാലോചനക്കഥയിലേക്ക് വലിച്ചിഴച്ചു. അവരില്‍ മുന്‍ പ്രധാനമന്ത്രിയും മുന്‍ ഉപരാഷ്ട്രപതിയും മുന്‍ കരസേനാമേധാവിയും മുന്‍ വിദേശകാര്യമന്ത്രിയും നയതന്ത്രജ്ഞന്മാരും പ്രമുഖ പത്രപ്രവര്‍ത്തകരുമുണ്ടായിരുന്നു. അയാള്‍ക്കെതിരെ ‘അച്ചാരം’ വാങ്ങാന്‍ ഞാന്‍ പാക്കിസ്ഥാനിലേക്ക് പോയെന്നു വരെ മോഡി പറഞ്ഞു പരത്തി. ഇത്രയും നീചമായ നുണ പറഞ്ഞിട്ടും മോഡിക്ക് ഒന്നും സംഭവിച്ചില്ല. ഇതേ മനുഷ്യന്‍ തന്നെയാണ് വ്യാജവാര്‍ത്തകള്‍ പരത്തുന്ന പത്രപ്രവര്‍ത്തകരെ ശിക്ഷിക്കാനുള്ള ഉത്തരവ് റദ്ദു ചെയ്തിരിക്കുന്നത്!
2014 ജനുവരിയില്‍, പൊതുതിരഞ്ഞെടുപ്പിന്റെ തലേന്ന് ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്ലീനറി യോഗത്തിനിടയ്ക്ക് എന്നോട് മോഡിയെ കുറിച്ച് ഒരു ചാനല്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു. എന്റെ പരാമര്‍ശങ്ങള്‍ ചൂടുള്ള വാര്‍ത്തയായി. ഞാന്‍ മോഡിയെ ‘ചായക്കാരന്‍’ എന്ന് വിളിച്ചാക്ഷേപിച്ചതായി വാര്‍ത്തകള്‍ നിറഞ്ഞു. ആ ദൃശ്യം ഇപ്പോഴും യൂ ട്യൂബില്‍ ലഭ്യമാണ്. നിങ്ങളെല്ലാം അതൊന്നു കാണൂ.

ഞാനൊരിക്കലും ‘ചായക്കാരന്‍’ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. ഒരു ചായക്കാരന്‍ ഒരിക്കലും പ്രധാനമന്ത്രി ആകില്ലെന്ന് ഞാന്‍ പറഞ്ഞിട്ടേയില്ല. മോഡി പ്രധാനമന്ത്രിയാകാന്‍ അനുയോജ്യനല്ലെന്നും അതുകൊണ്ടു തന്നെ അയാള്‍ ഒരിക്കലും പ്രധാനമന്ത്രിയാകാന്‍ പോകുന്നില്ലെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്. എനിക്ക് അക്കാര്യത്തില്‍ തെറ്റു പറ്റുകയും ചെയ്തു. അയാള്‍ പ്രധാനമന്ത്രിയായി!

മോഡി ചായക്കാരനായിരുന്നുവെന്ന് ഒരാള്‍ മാത്രമാണ് പറഞ്ഞിട്ടുള്ളത്. അതാകട്ടെ മോഡി തന്നെയാണ്! ഞാനൊരിക്കലും അത് സത്യമാണെന്ന് വിശ്വസിച്ചിട്ടില്ല. അതു കൊണ്ടു തന്നെ ഞാന്‍ ആ അഭിമുഖം അവസാനിപ്പിച്ചത് ഇങ്ങനെയാണ്: തിരഞ്ഞെടുപ്പിനു ശേഷം മോഡിക്ക് ചായക്കാരന്റെ ജീവിതം തുടരണമെന്നു തോന്നുകയാണെങ്കില്‍, ഞങ്ങള്‍ അതിനുള്ള സംവിധാനം ഒരുക്കിക്കൊടുക്കാം.

അതൊരു തമാശ മാത്രമാണ്. ഒരു പക്ഷേ, മോശപ്പെട്ട ഒരു തമാശ. പക്ഷേ മോഡി ഒരിക്കലും ചായക്കാരനായിരുന്നില്ല എന്നതാണ് പരമാര്‍ത്ഥം. അതും മോഡി പരത്തിയ വ്യാജവാര്‍ത്തയാണ്. അയാള്‍ ചായ വിറ്റിരുന്നെന്ന് അവകാശപ്പെടുന്ന വാഡ്‌നഗര്‍ റെയില്‍വേ സ്റ്റേഷന്‍ പണിയുന്നത് 1973ലാണ്. അന്നയാള്‍ക്ക് ഇരുപത്തിമൂന്ന് വയസ്സുണ്ട്! കഴിഞ്ഞ നാലുവര്‍ഷമായി എന്റെ നേര്‍ക്കാണ് മോഡി കല്ലെറിയുന്നത്. ഞാനൊരിക്കലും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളാണ് എനിക്കെതിരെ ആരോപിക്കപ്പെടുന്നത്. മോഡിയും കൂട്ടരുമാണ് വ്യാജവാര്‍ത്തകള്‍ ഈ രാജ്യം കണ്ടിട്ടില്ലാത്ത വിധം പ്രചരിപ്പിക്കുന്നത്.

അതിനാണയാള്‍ സ്വന്തം ചിത്രങ്ങളൊട്ടിച്ച് ‘ചായ് പേ ചര്‍ച്ചാ’ പരമ്പര ആരംഭിച്ചത്. സാങ്കേതിക വിദ്യയിലൂടെയുള്ള രാഷ്ട്രീയ പ്രചരണത്തിന്റെ മികച്ച ഉദാഹരണമായി അത് വാഴ്ത്തപ്പെട്ടു. തിരഞ്ഞെടുപ്പ് വിജയത്തിന് മോഡി എന്നോട് നന്ദി പറയണമെന്നു പോലും രാജ്ദീപ് സര്‍ദേശായി പറഞ്ഞു. എന്നാല്‍ ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ മേല്‍ കെട്ടിവെക്കുന്നതിനേക്കാള്‍ വലിയ വ്യാജവാര്‍ത്തയും നുണയുമില്ല. ഈ നുണകള്‍ പ്രചരിപ്പിക്കാന്‍ അയാള്‍ക്ക് ചില മാധ്യമങ്ങളുടെ തുണയുമുണ്ട്. മുസോളിനി പോലും നാണിക്കുന്ന രീതിയില്‍ വ്യാജവാര്‍ത്തകള്‍ തിരഞ്ഞെടുപ്പു വിജയത്തിനായി പ്രചരിപ്പിച്ചത് മോഡി തന്നെയാണ്.

എങ്കില്‍ എന്തിനാണ് വ്യാജവാര്‍ത്തകളുടെ തമ്പുരാന്‍ ഇപ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനായി പടവാളോങ്ങുന്നത്? ഇറാനിയുടെ ഉത്തരവുകളുടെ ആദ്യത്തെ ഇര താനാകുമെന്ന പേടി കൊണ്ടു തന്നെ!

സാമൂഹ്യ മാധ്യമങ്ങളുടെ ശക്തി മറ്റേതു രാഷ്ട്രീയ പാര്‍ട്ടിയേക്കാളും വേഗത്തില്‍ തിരിച്ചറിഞ്ഞവരാണ് ബിജെപിയും മോഡിയും അമിത് ഷായും. ‘അച്ചേ ദിന്‍’ എന്ന നുണക്കഥയും എല്ലാവരുടെയും കീശകളില്‍ പതിനഞ്ചു ലക്ഷമെന്ന വ്യാമോഹവും അവര്‍ പ്രചരിപ്പിച്ചത് അങ്ങനെയാണ്. കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ പിത്തലാട്ടങ്ങളില്‍ മോഹിതരാകുകയും മോഡിയെ അധികാരത്തിലെത്തിച്ച അതേ പ്രചരണ ആയുധം ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു.

പക്ഷേ, വാര്‍ത്താവിനിമയ സാങ്കേതികത മറ്റേതൊരു ആയുധത്തെയും പോലെ ഉപയോഗിക്കുന്നയാളിന്റെ വിനാശത്തിനും കാരണമാകാം. വ്യാജവാര്‍ത്തകളുടെ പ്രചരണം പ്രധാനമന്ത്രിയുടെയും കൂട്ടരുടെയും കുത്തകയല്ലെന്ന് മനസിലാക്കിയ മറ്റു പാര്‍ട്ടികള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെ മോഡിയെയും സര്‍ക്കാരിനെയും നേരിടുകയാണ്. ‘പപ്പു’വിനെ കുറിച്ച് എല്ലാ ദിവസവും പ്രചരിക്കുന്ന നൂറു കണക്കിന് കഥകളേക്കാള്‍ കൂടുതലാണ് മോഡിയെയും അയാളുടെ സാഞ്ചോ പാന്‍സയെയും കുറിച്ചുള്ളത്. (കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ മോഡി ‘ഗവണ്‍മെന്റിനെ’ മോഡി ‘ഗോബര്‍മെന്റ’് എന്നു വിളിക്കേണ്ടി വരുമെന്ന തമാശയാണ് ഇക്കൂട്ടത്തില്‍ ഇപ്പോള്‍ എനിക്കിഷ്ടപ്പെട്ടത്) വ്യാജവാര്‍ത്തകള്‍ പരത്താന്‍ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിച്ചവര്‍ തന്നെ ഇപ്പോള്‍ സ്വന്തം കൗശലം കൊണ്ട് സ്വയം നശിക്കുകയാണ്.

നുണകള്‍ സൃഷ്ടിക്കലും അത് പ്രചരിപ്പിക്കലുമാണ് മോഡിയുടെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് ആയുധങ്ങള്‍. നാലുവര്‍ഷത്തെ ഭരണപരാജയത്തിനു ശേഷം ആ നുണകള്‍ മോഡിയെ തിരിഞ്ഞു കുത്താന്‍ തുടങ്ങിയിരിക്കുന്നു. അതു കൊണ്ടാണ് മോഡി തന്റെ സുരക്ഷക്കായി ഇറാനിയെ ബലിയാടാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. കളി അവസാനിക്കാന്‍ തുടങ്ങിയ പരിഭ്രമത്തിലാണ് മോഡി അരുമശിഷ്യയായ ഇറാനിയെ തള്ളിപ്പറഞ്ഞത്.

അതെ കളി അവസാനിക്കുകയാണ്. അള്‍വാര്‍, അജ്മീര്‍, ഗോരഖ്പൂര്‍, ഫുല്‍പൂര്‍ എല്ലാം കളിയവസാനിക്കുന്നുവെന്നാണ് കാണിക്കുന്നത്. പ്രധാനമന്ത്രി പദത്തെ നുണകളുടെ ഘോഷയാത്രയാക്കിയ ആദ്യത്തെയാള്‍ എന്ന പൈതൃകമായിരിക്കും ഒരു വര്‍ഷത്തിനു ശേഷം-ചിലപ്പോള്‍ അതിനും മുമ്പേ-മോഡി അവശേഷിപ്പിക്കാന്‍ പോകുന്നത്.

(മുന്‍ കേന്ദ്രമന്ത്രിയാണ് മണിശങ്കര്‍ അയ്യര്‍)

You must be logged in to post a comment Login