സ്വന്തം ലക്ഷണക്കേടിന് കുട്ടികളെ പഴിച്ചിട്ടെന്താണ്?

സ്വന്തം ലക്ഷണക്കേടിന് കുട്ടികളെ പഴിച്ചിട്ടെന്താണ്?

അമ്പത്തിമൂന്ന് വര്‍ഷമാകുകയാണ് ഞാന്‍ അധ്യാപന മേഖലയിലേക്ക് എത്തിയിട്ട്. വിദ്യാഭ്യാസ മേഖലയില്‍ വലിയ അപചയം സംഭവിച്ചിട്ടുണ്ട് എന്ന വിമര്‍ശം അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ തന്നെ ഞാനുള്‍കൊള്ളുന്നു. അധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തില്‍ മാത്രമല്ലിത് സംഭവിച്ചിരിക്കുന്നത്. മൊത്തത്തില്‍ സമൂഹത്തില്‍ സംഭവിച്ചിരിക്കുന്ന മൂല്യാപചയങ്ങളുടെ ഭാഗമായി വിദ്യാഭ്യാസമേഖലയെയും ഇത് ഗ്രസിച്ചിരിക്കുന്നുവെന്നതാണ് വാസ്തവം. ഉത്തരപദാര്‍ത്ഥപ്രദാനമായ ഒരു സമസ്തപദമാണ് വിദ്യാഭ്യാസമെന്ന് ഞാന്‍ ക്ലാസുകളില്‍ തമാശയായി പറയാറുണ്ട്. ഇത് വ്യാകരണ പണ്ഡിതന്റെ കാഴ്ചപ്പാടാണ്. ഒരുകാലത്ത് വിദ്യാഭ്യാസം എന്ന വാക്കായിരുന്നില്ല ഭാരതീയര്‍ ഉപയോഗിച്ചിരുന്നത്. വിനയനം എന്ന വാക്കായിരുന്നു. ‘വിദ്യകൊണ്ട് അറിയേണ്ടതറിയാതെ വിദ്വാനെന്ന് നടിക്കുന്നിതൂ ചിലര്‍, കുങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കുന്നു ഗര്‍ദഭം’ എന്ന് പൂന്താനം എഴുതിയിട്ടുണ്ട്. വിദ്യകൊണ്ട് നേടേണ്ടത് വിനയനമാണ്. ഇപ്പോള്‍ വിദ്യാഭ്യാസത്തില്‍ വിദ്യയ്ക്ക് അല്ല, ഉത്തരപദമായ അഭ്യാസത്തിനാണ് പ്രാധാന്യം. പൂര്‍വ്വപദമായ വിദ്യയ്ക്ക് ഒരു പ്രാധാന്യവുമില്ലാതായി.
ഈ രീതിയിലേക്ക് കാര്യങ്ങളെത്തിയിട്ട് കുറച്ചുകാലമായി. അത് സത്യത്തില്‍ ദുരവസ്ഥ തന്നെയാണ്. ഇതെന്തുകൊണ്ട് എന്ന് നിരീക്ഷിക്കുമ്പോള്‍ പൊതുവേ അധ്യാപകരുടെ ഗുണമേന്മ കുറഞ്ഞുകുറഞ്ഞുവരുന്നതാണ് പ്രധാനകാരണം എന്ന് മനസ്സിലാക്കാനാകും. എന്റെ കുട്ടിക്കാലത്ത് അതിപ്രഗത്ഭരായ അധ്യാപകരുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു. തൊട്ടുമുമ്പത്തെ തലമുറയില്‍ തന്നെ നമ്മള്‍ നോക്കിയാല്‍ ഡോ. എസ് ഗുപ്തന്‍നായര്‍, ഡോ. സുകുമാര്‍ അഴീക്കോട്, ദേവഗിരി കോളജിലെ സി എ ഷെപ്പേര്‍ഡ് ഇങ്ങനെ തലയെടുപ്പുള്ള ഒരുപാട് അധ്യാപകരുണ്ടായിരുന്നു. അവരൊക്കെ അധ്യാപകര്‍ മാത്രമായിരുന്നില്ല സാഹിത്യകാരന്മാരും സാമൂഹികപരിഷ്‌കര്‍ത്താക്കളും ഒക്കെയായിരുന്നു. അതിലുപരി അധ്യാപകധര്‍മ്മം എന്തെന്ന് തിരിച്ചറിഞ്ഞവരുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതുപോലെ തലയെടുപ്പുള്ള ഒരു പത്തുപേരുടെ പേരുപറയാന്‍ ആവശ്യപ്പെട്ടാല്‍ ദുഃഖത്തോടെ പറയേണ്ടിവരും അങ്ങനെയുള്ള പ്രഗത്ഭമതികള്‍ ഇല്ലെന്ന്. പ്രതിബദ്ധതയുള്ള ഗുരുക്കന്മാരുടെ എണ്ണം കുറഞ്ഞുവരുമ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ അപചയമുണ്ടാകാന്‍ വേറെ കാരണമൊന്നും വേണ്ടല്ലോ!

മുമ്പിലിരിക്കുന്ന കുട്ടികള്‍ തന്റെ സ്വന്തം കുട്ടികളാണെന്ന് മനസിലാക്കാനുള്ള മാനസികാവസ്ഥയുള്ള അധ്യാപകര്‍ കുറയുകയാണ്. സ്വന്തം മകന്റെയും മകളുടെയും പരീക്ഷയ്ക്ക് വേണ്ടി ദീര്‍ഘാവധിയെടുത്ത് വീട്ടിലിരിക്കുന്ന അധ്യാപകര്‍ താന്‍ പഠിപ്പിക്കുന്ന കുട്ടികള്‍ക്ക് പരീക്ഷയാണെന്ന കാര്യം മറന്നുപോകുന്ന കാലമാണിത്. അവര്‍ കരുതുന്നത് തന്റെ കുട്ടികളെപ്പോലെയല്ല താന്‍ പഠിപ്പിക്കുന്ന കുട്ടികളെന്ന് തന്നെയാണ്. ഇതാണ് വിദ്യാഭ്യാസ മേഖലയില്‍ വന്ന പ്രധാന മാറ്റം. മറ്റേത് തൊഴിലിനെയും പോലെ അധ്യാപനവും ശമ്പളം വാങ്ങുന്ന തൊഴിലായി മാത്രം മാറിയതുകൊണ്ടുള്ള മാറ്റങ്ങളാണ് നാം കാണുന്നത്. ഇത് കുട്ടികള്‍ക്കും അറിയാം. അതുകൊണ്ട് അവര്‍ അധ്യാപകര്‍ക്ക് അത്ര വിലയേ നല്‍കുകയുള്ളൂ. കുട്ടികളുമായി അധ്യാപകര്‍ക്ക് ആത്മബന്ധം നഷ്ടപ്പെടുന്നു എന്നുപറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം അധ്യാപകന്‍ പരാജയപ്പെട്ടു എന്ന് തന്നെയാണ്. അധ്യാപകന്‍ പരാജയപ്പെടുന്നു എന്നത് നൈതികമായൊരു പ്രശ്‌നം കൂടിയാണ്. വിദ്യാഭ്യാസമേഖലയിലെ അപചയത്തിന് കുട്ടികളെ മാത്രം കുറ്റപ്പെടുത്തുന്നതിനോട് എനിക്കൊരിക്കലും യോജിക്കാനാവില്ല.

സൈക്കോളജിയില്‍ പറയും there is no problem child there are only problem parents എന്ന്. ഇത് പറഞ്ഞത് ഹീലീ, ബ്രോണര്‍ എന്നീ രണ്ട് പ്രഗത്ഭരായ ക്രിമിനല്‍ സൈക്കോളജിസ്റ്റുകളാണ്. പ്രശ്‌നക്കാരായ കുട്ടികള്‍ ഇല്ല, മറിച്ച് പ്രശ്‌നക്കാരായ മാതാപിതാക്കളാണുള്ളത് എന്നാണ് അവര്‍ പറഞ്ഞുവയ്ക്കുന്നത്. ഇത് അച്ഛനമ്മമാരുടെ കുഴപ്പമാണ്, ഞങ്ങള്‍ ഉത്തരവാദികളല്ല എന്ന പറയാന്‍ അധ്യാപകര്‍ക്ക് അവകാശമില്ല. കാള്‍ റോജേഴ്‌സ് പറയുന്നത് teachers surrogate parents എന്നാണ്. guardian എന്ന വാക്ക് അറിയാത്തതുകൊണ്ടല്ല കാള്‍ റോജേഴ്‌സ് ആ വാക്ക് പ്രയോഗിക്കാതെ parent എന്ന വാക്ക് ഉപയോഗിച്ചത്. അതിനര്‍ത്ഥം അധ്യാപകര്‍ എന്നത് അച്ഛനമ്മമാര്‍ എന്ന് തന്നെയാണ്. ഭാരതീയ സങ്കല്‍പമനുസരിച്ച് മാതാപിതാഗുരുദൈവം എന്നാണ്. അതായത് ഗുരുവിന് മാതാപിതാക്കളോട് ചേര്‍ന്ന സ്ഥാനം തന്നെ. അധ്യാപകന്‍ ജൈവികമായ അച്ഛനുമമ്മയുമല്ലെങ്കിലും വൈകാരികമായി അധ്യാപകന്‍ കുട്ടിയുടെ മാതാവും പിതാവും തന്നെയാണ്. അധ്യാപകരില്‍ നിന്ന് ആ പരിഗണനയും സമീപനവും കുട്ടികള്‍ക്ക് ലഭ്യമാകണം. അപ്പോള്‍ മാത്രമേ കുട്ടികളില്‍ നിന്ന് ബഹുമാനവും മറ്റും പ്രതീക്ഷിക്കാവൂ. അഭിമാനത്തോടെ ഞാന്‍ ഓര്‍ക്കുകയാണ്, അമ്പത്തിമൂന്ന് വര്‍ഷമായി ഞാന്‍ കുട്ടികള്‍ക്കിടയിലാണ്. ഇതുവരെ അവരില്‍ നിന്ന് എനിക്ക് ഒരു തിക്താനുഭവവും ഉണ്ടായിട്ടില്ല. കുട്ടികളോട് അധ്യാപകര്‍ പെരുമാറുന്ന രീതി സത്യത്തില്‍ അടിയന്തിരമായി പുനഃപരിശോധിക്കണം. വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധികള്‍ക്ക് ഇത് മാത്രമാണ് കാരണമെന്നല്ല പറഞ്ഞുവരുന്നത്. ഇതാണ് പ്രധാനകാരണം എന്ന് ചൂണ്ടിക്കാണിച്ചെന്നേയുള്ളൂ.
മിക്കവാറും ജീവിതസാഹചര്യങ്ങളില്‍ മൂല്യപരമായൊരു അപചയം ഉണ്ടായിട്ടുണ്ട്, അത് നാം കണ്ടുകൊണ്ടിരിക്കുകയുമാണ്. അതെന്തായാലും വിദ്യാഭ്യാസത്തെയും ബാധിക്കുമല്ലോ! സത്യത്തില്‍ തിരിച്ചുപറയുകയാണ് വേണ്ടത്. വിദ്യാഭ്യാസമേഖലയിലെ മൂല്യച്യുതിയാണ് മറ്റ് ജീവിതമേഖലകളിലെ അപചയത്തിന് കാരണമെന്ന് സൂക്ഷ്മമായി നോക്കിയാല്‍ കണ്ടെത്താനാകും. ഒരു വിദ്യാഭ്യാസപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ പറയേണ്ടതും അതാണ്.
അധ്യാപകനും ഗുരുവിനും മുമ്പ് ആചാര്യന്‍ എന്ന വാക്കാണ് ഉപയോഗിച്ചിരുന്നത്. ആചരിക്കപ്പെടേണ്ടവന്‍ എന്നാണ് അതിനര്‍ത്ഥം. ശിഷ്യന് അനുകരണീയനായ, ശിഷ്യന് ആചരിക്കാന്‍ തോന്നേണ്ട ആളാണ് ആള്‍. ഇന്നത്തെ സ്ഥിതിയെന്താണ്? ഏതെങ്കിലും അധ്യാപകനെ അനുകരിക്കാന്‍ ശിഷ്യനാകുമോ? പിന്നെങ്ങനെ അധ്യാപകന്‍ ആചരിക്കപ്പെടും. ഈ സംഗതി ഉയര്‍ത്തിപ്പിടിക്കുന്ന ആളാവുകയാണ് ഗുരുനാഥന്മാര്‍ ചെയ്യേണ്ടത്. അങ്ങനെ എത്രപേരെ നമുക്ക് കാണാനാകും. ഇപ്പോള്‍ ഗുരുവും ആചാര്യനുമൊന്നുമില്ല, വെറും ടീച്ചേഴ്‌സ് മാത്രമാണ്. അതൊരു തൊഴിലാണ്, ചെയ്ത ജോലിക്ക് കൂലിവാങ്ങിപ്പോകുന്ന തൊഴില്‍.
ഗുവിനെ രോധനം ചെയ്യുന്നവനാണ് ഗുരു. അതായത് ഇരുട്ടിനെ അകറ്റുന്നവന്‍ എന്നര്‍ത്ഥം. ഗുരു വെളിച്ചം പ്രസരിപ്പിക്കേണ്ടവനാണ്. ആ വെളിച്ചമാണ് കുട്ടിയുടെ, വിദ്യാലയത്തിന്റെ, സമൂഹത്തിന്റെ, നാടിന്റെ ഇരുട്ടിനെ അകറ്റേണ്ടത്. ഗുരു ജ്ഞാനം മാത്രമല്ല വിജ്ഞാനവും പകര്‍ന്നുനല്‍കേണ്ടവനാണ്. ജ്ഞാനം വെറും അറിവ് മാത്രമാണ്. വിജ്ഞാനം അതിനപ്പുറമാണ്. അത് സ്വാതന്ത്ര്യമാണ്. തെറ്റില്‍നിന്ന് ശരിയിലേക്കും ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കും കൊണ്ടുപോകേണ്ട ശക്തിയാണത്.

കുട്ടികള്‍ വളര്‍ന്നുവരുന്ന സാഹചര്യം അത് പ്രധാനമാണ്. അവര്‍ കണ്ടും കേട്ടും അനുഭവിച്ചും അവരുടെ മനോനിലയെ സ്വാധീനിക്കുന്നതായ ഒട്ടേറെ കാര്യങ്ങളുണ്ട്. ഇതിനെക്കുറിച്ച് ഒട്ടേറെ പഠനങ്ങള്‍ മനഃശാസ്ത്രത്തില്‍ നടന്നിട്ടുണ്ട്. broken home environment അച്ഛനമ്മമാര്‍ നിരന്തരം കലഹിക്കുന്ന ഇടമാണത്. വിവാഹമോചിതരുടെ കുടുംബവും ഇതേ സ്ഥിതിയാണ്. ഒരേ കൂരയ്ക്ക് കീഴില്‍ സമാന്തര രേഖകളെപ്പോലെ പോകുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് behavioral problems ഉണ്ടായിരിക്കും. നിശ്ചയമായും അവരില്‍ പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടാകും. ഇത് മനഃശാസ്ത്രം വ്യക്തമായി പറയുന്നുണ്ട്. ഇതേക്കുറിച്ച് ഒരുപാട് പഠനങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്നിട്ടുണ്ട്. എഡ്വിന്‍ എസ് സതര്‍ലാന്റ്, ക്രിസി എന്നിവര്‍ ചേര്‍ന്നെഴുതിയ ഒരു പുസ്തകമുണ്ട്, പ്രിന്‍സിപ്പിള്‍സ് ഓഫ് ക്രിമിനോളജി. ലോകത്തെ പ്രധാനപ്പെട്ട ഇത്തരത്തിലുള്ള പഠനങ്ങളും സംഭവങ്ങളും ക്രോഡീകരിച്ചെഴുതിയ ഒരു പുസ്തകമാണത്. അതുവരെയുണ്ടായിരുന്ന സിദ്ധാന്തങ്ങളെയൊക്കെ അതില്‍ അവര്‍ നിഷേധിക്കുന്നുണ്ട്. differential association theory എന്ന സിദ്ധാന്തം മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നുണ്ട്. കുട്ടികള്‍ ആരുമായാണോ സഹകരിക്കുന്നത് അവരുടെ സ്വഭാവം അവരിലേക്ക് പകര്‍ന്നെത്തുമെന്നാണ് അവരുടെ കണ്ടെത്തല്‍. mirroring effect എന്ന് ജര്‍മന്‍കാരിയായ ആലീസ് മില്ലറും ഇതിനെ വ്യാഖ്യാനിച്ചിട്ടുണ്ട്. മാതാപിതാക്കളുടെയും അധ്യാപകരുടെയും ഇടയില്‍ ജീവിക്കുന്ന കുട്ടികളില്‍ അവരുടെ സ്വഭാവങ്ങള്‍ കണ്ണാടിയില്‍ എന്നപോലെ പ്രതിഫലിക്കുമെന്നാണ് ആലീസ് മില്ലര്‍ വ്യക്തമാക്കിയിരിക്കുന്നത്.
കുട്ടികളില്‍ നമ്മള്‍ അടിയുറച്ച വിശ്വാസം വച്ചുപുലര്‍ത്തുകയും അവരുടെ അസാമാന്യമായ സിദ്ധിവൈഭവം തേച്ചുമിനുക്കിയെടുക്കുകയുമാണ് വേണ്ടത്. അധ്യാപകന് മുമ്പില്‍ ഓരോ കുട്ടിയും ഓരോ പാഠപുസ്തകങ്ങളാണ്. ഇത് അധ്യാപകന്‍ തിരിച്ചറിയണം. അങ്ങനെ തിരിച്ചറിയുന്ന അധ്യാപകരാണ് കുട്ടികളില്‍ ജ്ഞാനവും വിജ്ഞാനവും പകര്‍ന്നുനല്‍കുന്നവര്‍. ഓരോ കുട്ടിയും ഓരോ വിത്താണ്. ആ വിത്തില്‍ ഒരു മഹാവൃക്ഷമുണ്ട്. വിത്തിലെ വൃക്ഷത്തെ കണ്ടെത്തുകയും അതിനെ വെള്ളം കൊടുത്ത് മുളപ്പിച്ച് വളമിട്ട് വളര്‍ത്തിയെടുക്കുകയുമാണ് അധ്യാപകന്റെ കടമ. ആ വിത്ത് നശിപ്പിക്കുന്നവരായി, മുനയൊടിക്കുന്നവരായി, വെള്ളവും വളവും നല്‍കാത്തവരായി മാറുകയാണ് അധ്യാപകസമൂഹം എന്ന് ഞാന്‍ തുറന്നുപറയുക തന്നെയാണ്.

ഓരോ കുട്ടിയെയും ശകാരിക്കുമ്പോഴും ശപിക്കുമ്പോഴും അവന് വലിയ ആഘാതമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. അറിഞ്ഞും അറിയാതെയും കുട്ടികള്‍ക്ക് ചെറുപ്പകാലം മുതല്‍ക്കേ കിട്ടുന്ന ഇത്തരം ആഘാതങ്ങള്‍ അവന്റെ രൂപീകരണത്തിലെ പ്രധാനഘടകം തന്നെയാണ്. ശപിക്കുകയും ശകാരിക്കുകയും ചെയ്യുന്നതിന് പകരം അവരെ പൂമ്പാറ്റകളെപ്പോലെ പറന്നുനടക്കാന്‍ അനുവദിക്കണം. പോസിറ്റീവായ തലോടലുകളാണ് അവനാവശ്യം. ഭര്‍ത്തൃഹരി എഴുതിയിട്ടുള്ളത് കുട്ടികളെ അഞ്ചുവയസ്സുവരെ രാജാവിനെപ്പോലെ പരിപാലിക്കണമെന്നാണ്. പിന്നീട് ദാസനെപ്പോലെയും(അടിമയായല്ല, എല്ലാകാര്യങ്ങളും പഠിപ്പിക്കണമെന്നാണ്) പതിനാറ് വയസ്സ് കഴിഞ്ഞാല്‍ പുത്രനെ മിത്രമായും ആചരിക്കണമെന്നാണ്. അതില്‍ എല്ലാമടങ്ങിയിട്ടുണ്ട്. ഇതിന് സമാനമായ രീതിയില്‍ എറിക് കെ ചെറിസണ്‍ എന്ന അമേരിക്കന്‍ സൈക്കോളജിസ്റ്റും തത്വമുണ്ടാക്കിയിട്ടുണ്ട്. കുട്ടിയില്‍ അച്ഛനമ്മമാര്‍ക്ക് വിശ്വാസമുണ്ടാകണമെന്നാണ് ഇതിന്റെയെല്ലാം അടിസ്ഥാന തത്വം.

ഉപദേശങ്ങള്‍ കേട്ട് കുട്ടികള്‍ ആകെ ശ്വാസംമുട്ടുകയാണ്. കൗമാരപ്രായക്കാര്‍ ഉപദേശകരെ കുഷ്ഠരോഗികളെ വെറുക്കുന്നതുപോലെ വെറുക്കും. ഇത് ജോസ്‌ലിന്‍ എന്ന അമേരിക്കന്‍ സൈക്കോളജിസ്റ്റ് പറഞ്ഞതാണ്. ഉപദേശം എവിടെനിന്നും കിട്ടും. അത് കൊടുക്കുന്നവന് നല്ല സുഖവും കേള്‍ക്കുന്നവന് നരകവുമാണ്. കുട്ടികള്‍ക്ക് ഉപദേശമല്ല, മറിച്ച് സന്ദേശമാണ് വേണ്ടത്. അത് പോസിറ്റീവായിരിക്കുകയും വേണം. നീ അവനെക്കണ്ട് പഠിക്ക് എന്ന് പറയുന്നത് നെഗറ്റീവ് സന്ദേശമാണ്. എന്നാല്‍ അവനെക്കണ്ട് പഠിക്കല്ലേടാ എന്ന് പറഞ്ഞാല്‍ അത് പോസിറ്റീവായി. നീയെന്റെ അഭിമാനമാണ് കുഞ്ഞേ എന്ന് പറഞ്ഞാല്‍ അത് പോസിറ്റീവ് എനര്‍ജിയായി. ഇങ്ങനെ സന്ദേശം കിട്ടുന്ന എത്ര കുട്ടികള്‍ നമ്മുടെ ഇടയിലുണ്ട് എന്നാലോചിക്കണം. രാവിലെ കുട്ടിയെ വിളിച്ചുണര്‍ത്തുന്നതുപോലും ശാപവാക്കുകള്‍ പറഞ്ഞുകൊണ്ടാണ്. ലക്ഷണം കെട്ടവനേ എണീക്കെടാ… (എണീക്കെടീ…) എന്ന് പറഞ്ഞാണ് കുട്ടികളെ മാതാപിതാക്കള്‍ വിളിച്ചുണര്‍ത്തുന്നത് തന്നെ. എല്‍ കെ ജി മുതല്‍ കുട്ടിക്ക് സമ്മര്‍ദമാണ്. അതവന്റെ ജീവിതത്തെയാകെയാണ് താറുമാറാക്കുന്നത്. സമ്മര്‍ദങ്ങളില്‍ കൂടി കടന്നുവരുന്ന കുട്ടികള്‍ അക്രമികളായില്ലെങ്കില്‍ അത്ഭുതപ്പെടുക തന്നെ വേണം.

മുമ്പൊക്കെ നന്നായി ശിക്ഷിച്ചിരുന്ന അധ്യാപകരെയാണ് കുട്ടികള്‍ പില്‍ക്കാലത്ത് സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നത് എന്നത് പരമാര്‍ത്ഥമാണ്. വിദ്യാഭ്യാസകാലം gang age periodന്റെ കാലമാണ്. താനുള്‍പ്പെട്ട സംഘത്തിന്റെ അംഗീകാരത്തിനായി ഏതറ്റം വരെ പോകാനും തയാറാകുന്ന കാലമാണത്. അവിടെ ചിലര്‍ നായകരാകും. ചിലര്‍ കൊടും വില്ലന്മാരും. ചിലപ്പോള്‍ അച്ഛനമ്മമാരെ തന്നെ തള്ളിപ്പറയുന്ന കാലമാണത്. പിന്നെയാണോ അധ്യാപകനോട് ആ പ്രായത്തില്‍ കുട്ടികള്‍ നന്നായി പെരുമാറുക. മനശാസ്ത്രപരമായ ഒട്ടേറെ ഘടകങ്ങള്‍ ഇതിലുണ്ട്. അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരും ഇതൊക്കെ മനസിലാക്കി പെരുമാറേണ്ടവരുമാണ്. എങ്കിലേ നമ്മുടെ വിദ്യാഭ്യാസ മേഖല ഇന്ന് ചെന്നുപെട്ടിരിക്കുന്ന അപചയത്തില്‍ നിന്ന് കുറെയൊക്കെയെങ്കിലും കരകയറാനാകൂ എന്നാണ് എന്റെ അഭിപ്രായം.
കുട്ടികളെയും കലാലയങ്ങളെയും ഇന്ന് കാണുന്ന വിധത്തിലെത്തിക്കുന്നതില്‍ സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ട്. അതും നാം കാണാതിരുന്നുകൂട. ഭാഷാപ്രയോഗത്തില്‍ അടക്കം കുട്ടികളില്‍ നികൃഷ്ടത കുത്തിവയ്ക്കാന്‍ മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ കഴിയുന്നുണ്ട് എന്ന കാര്യം അവഗണിക്കാനാവില്ല.
പ്രഫ. ഡോ. സി എന്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍

(അമ്പത്തിമൂന്ന് വര്‍ഷമായി കോളജ് അധ്യാപകനായ പ്രഫ. ഡോ. സി എന്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍ അറിയപ്പെടുന്ന സൈക്കോളജിസ്റ്റ് കൂടിയാണ്. ഇപ്പോള്‍ ചേലേമ്പ്ര ദേവകിയമ്മ മെമ്മോറിയല്‍ ടീച്ചര്‍ എജ്യുക്കേഷന്‍ കോളജിന്റെ പ്രിന്‍സിപ്പലാണ്. കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും പ്രബന്ധങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. അധ്യാപനമേഖലയില്‍ അരനൂറ്റാണ്ട് പിന്നിട്ട അപൂര്‍വ്വം മാതൃകാ അധ്യാപകരില്‍ ഒരാളാണ് അദ്ദേഹം. ഇതിന് കാലിക്കറ്റ് സര്‍വ്വകലാശാല പ്രത്യേകം ആദരിച്ച ആളുമാണ് സി എന്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍).

കേട്ടെഴുത്ത്: ഷിബു ജോസഫ്‌

You must be logged in to post a comment Login