ഒരു നല്ല വാര്‍ത്ത അറിഞ്ഞാല്‍ ഈ സമ്മര്‍ദമില്ലാതാകും

ഒരു നല്ല വാര്‍ത്ത അറിഞ്ഞാല്‍ ഈ സമ്മര്‍ദമില്ലാതാകും

ഉന്നാവോയിലെയും കത്വയിലെയും ബലാത്സംഗക്കേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒടുവില്‍ മൗനം ഭഞ്ജിച്ചിരിക്കുന്നു. കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇത് മതിയായ പ്രതികരണമാണോ?
അദ്ദേഹം സംസാരിച്ചുവെന്നത് നല്ലത്. പക്ഷേ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം. കത്വയിലെ ജനങ്ങളെ നിയമം ലംഘിക്കാന്‍ പ്രേരിപ്പിച്ച ബി ജെ പിയിലെ രണ്ട് എം എല്‍ എമാരുടെ കാര്യത്തില്‍ അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ട്. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയും ബി ജെ പിയുടെ നേതാവുമാണ്. അതുകൊണ്ട് ഉന്നാവോ കേസിന്റെ ഉത്തരവാദിത്തവും അദ്ദേഹം ഏറ്റെടുക്കണം. സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളെ എങ്ങനെ നിലയ്ക്ക് നിര്‍ത്താമെന്ന് അദ്ദേഹത്തിന് അറിയണം. പാര്‍ട്ടി അംഗങ്ങളുടെ തെറ്റായ പ്രവൃത്തിയുടെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തേ മതിയാകൂ.

പെണ്‍കുഞ്ഞിനെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതും കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതും രാജ്യത്ത് രോഷമുയര്‍ത്തിയിട്ടുണ്ട്. ജീവിതത്തിന്റെ വിവിധതുറകളിലുള്ള ആളുകള്‍, വിവിധ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഒക്കെ ആ കുഞ്ഞിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു. ആ കുടുംബത്തിന്റെ അഭിഭാഷക എന്ന നിലയ്ക്ക് ഈ സമരത്തിന്റെ മുന്‍നിരയില്‍ താങ്കളുണ്ടായിരുന്നു. ഇപ്പോഴുണ്ടായ സംഭവവികാസങ്ങളെ എങ്ങനെ കാണുന്നു?
അതെ, രാജ്യമാകെ ഇപ്പോള്‍ ഞങ്ങളെ പിന്തുണയ്ക്കുന്നു. എല്ലാവരും ഉണര്‍ന്നിരിക്കുന്നു. അതെനിക്ക് കരുത്ത് നല്‍കുന്നുണ്ട്. എല്ലാവരും എന്നെ സംരക്ഷിക്കാനുണ്ടെന്ന വിശ്വാസം ഇപ്പോഴുണ്ട്. അതുകൊണ്ട് തന്നെ അവര്‍ക്ക് എന്നെ ഇനിയും ഭീഷണിപ്പെടുത്താനാകില്ല.
ഈ സംഭവം ജനുവരിയിലാണ്. ഫെബ്രുവരിയിലാണ് ഞാന്‍ ഇടപെടുന്നത്, ആ കുഞ്ഞിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. അവര്‍ക്ക് കൃത്യമായ നിയമോപദേശം നല്‍കേണ്ടതുണ്ട് എന്ന് എനിക്കുതോന്നി. ആ സമയത്ത് വളരെ കുറച്ചുപേര്‍ മാത്രമാണ് സഹായിക്കാന്‍ വന്നത്. കേസ് ഏറ്റെടുത്ത അന്നുമുതല്‍ ഈ സംഭവത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരം എഴുതിയിരുന്നു. എന്നാല്‍ ദേശീയ മാധ്യമങ്ങള്‍ ഈ കേസിനെ ശ്രദ്ധിക്കുന്നത് ഇപ്പോള്‍ മാത്രമാണ്. ഇതുവരെ ഈ യുദ്ധത്തില്‍ പിന്മാറാതെ നിന്നത് ഞങ്ങള്‍ മൂന്ന് പേര്‍ മാത്രമാണ്.
പക്ഷേ ഞാനാരെയും കുറ്റപ്പെടുത്തുന്നില്ല. ഇതുവരെയുണ്ടായ അപകടം കഴിഞ്ഞ മൂന്നോ നാലോ ദിവസം കൊണ്ട് ഇല്ലാതായിരിക്കുന്നു. ഇനി നമുക്കൊരുമിച്ച് മുന്നോട്ടുനീങ്ങാം. ആ കുഞ്ഞിനും കുടുംബത്തിനും നീതി കിട്ടുന്നുവെന്ന് ഉറപ്പാക്കാം.

നിങ്ങള്‍ ഈ കേസ് ഏറ്റെടുക്കുന്നതിന് ജമ്മു ബാര്‍ അസോസിയേഷന്‍ ഇത്ര ശക്തമായി എതിര്‍ക്കാന്‍ എന്താണ് കാരണം?
എനിക്ക് മനസിലാകുന്നില്ല. നിയമം ഉയര്‍ത്തിപ്പിടിക്കാന്‍ മാത്രമാണ് ഞാന്‍ ശ്രമിച്ചത്. അഭിഭാഷക എന്ന നിലയ്ക്ക് എന്റെ ജോലിയാണത്. എന്നാല്‍ എന്തോ തെറ്റുചെയ്യുകയാണെന്ന് കണക്കാക്കി എന്നെ ലക്ഷ്യമിടുകയായിരുന്നു.
കോടതിക്ക് അകത്തും പുറത്തും അഭിഭാഷകര്‍ക്ക് ചില കാര്യങ്ങള്‍ ചെയ്യാനുണ്ട്. നിയമപ്രകാരമുള്ള നടപടികള്‍ തടയാനാണ് ഇവിടെ അഭിഭാഷകര്‍ ശ്രമിച്ചത്. കുറ്റപത്രം സമര്‍പിക്കുന്നതില്‍ പൊലീസിനെ തടയാന്‍ അവര്‍ ശ്രമിച്ചു. ഞാന്‍ അത്ഭുതപ്പെട്ടുപോയി. കുറ്റവാളികള്‍ക്കെതിരെ കുറ്റപത്രം സമര്‍പിക്കുന്നത് അവര്‍ തടയുമോ? ഇത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. ഇക്കൂട്ടത്തിലൊരു അംഗമാണ് എന്നതില്‍ നാണമുണ്ട്, എന്റെ തല കുനിഞ്ഞുപോകുകയാണ്.
എന്നെ ഭീഷണിപ്പെടുത്താന്‍ അവര്‍ ശ്രമിച്ചു. ജനങ്ങളെ ഭയപ്പെടുത്താനുള്ളവരല്ല അഭിഭാഷകര്‍. ഉചിതമായ വേദികളില്‍ നീതിയ്ക്ക് വേണ്ടി പോരാടേണ്ടവരാണ് അഭിഭാഷകര്‍. ഇതൊന്നും അഭിഭാഷകര്‍ക്ക് ചേര്‍ന്ന പ്രവൃത്തിയല്ല.

കേസ് ഏറ്റെടുത്ത് ഏതാനും ദിവസങ്ങള്‍ക്കകം നിങ്ങള്‍ ജമ്മുകശ്മീര്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ചു. അത് ചെയ്യണമെന്ന് തോന്നാന്‍ കാരണമെന്ത്?
അന്വേഷണം ഒതുക്കിത്തീര്‍ക്കുമെന്നാണ് എനിക്ക് തോന്നിയത്. ബി ജെ പിയുടെ നേതാക്കള്‍ കത്വയിലെത്തി മുദ്രാവാക്യങ്ങളുയര്‍ത്തുകയും നിയമം ലംഘിക്കാന്‍ ജനത്തെ പ്രേരിപ്പിക്കുകയുമായിരുന്നു. ഹൈക്കോടതിയെ സമീപിക്കേണ്ടത് ആവശ്യമാണെന്ന തോന്നലാണ് ഞങ്ങള്‍ക്കുണ്ടായത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ അവരുടെ ജോലി ചെയ്യില്ലെന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടായിരുന്നു?
അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദത്തിന് വഴിപ്പെടുമെന്ന ചിന്തയാണ് ഞങ്ങള്‍ക്കുണ്ടായത്. അവരുടെ കഴിവിനെയോ വിശ്വാസ്യതയെയോ ഞങ്ങള്‍ ചോദ്യംചെയ്യുന്നില്ല. അറസ്റ്റിലായവരൊക്കെ സ്വതന്ത്രരാകുന്നുവെന്ന് ഉറപ്പാക്കുമെന്ന് മന്ത്രിമാര്‍ തന്നെ പ്രഖ്യാപിച്ചപ്പോള്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ കടുത്ത സമ്മര്‍ദത്തിലാകുമെന്ന് ഞങ്ങള്‍ക്ക് മനസിലായിരുന്നു.

കുറ്റപത്രം സമര്‍പിക്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ തൃപ്തയാണോ?
അതെ. സമഗ്രവും ശക്തവുമാണ് കുറ്റപത്രം. പൊലീസ് അവരുടെ ജോലിനന്നായി ചെയ്തു. നേരത്തെയുണ്ടായിരുന്ന തകരാറുകള്‍ അവര്‍ പരിഹരിച്ചു. അതിനെ അഭിനന്ദിക്കണം. ഇനി വിചാരണയ്ക്കായി കാത്തിരിക്കാം.

വിചാരണ കത്വയ്ക്ക് പുറത്തേയ്ക്ക് മാറ്റണമെന്ന് നിങ്ങള്‍ ആവശ്യപ്പെടുന്നു. എന്തുകൊണ്ട്?
അവിടെ അരക്ഷിതത്വമാണ്. കേസ് അട്ടിമറിക്കാന്‍ ജനത്തിന് സാധിക്കും. കുറ്റപത്രം സമര്‍പിക്കുന്നത് തടയാന്‍ അവര്‍ ശ്രമിച്ചത് നിങ്ങളും കണ്ടതല്ലേ. അതിന് ശ്രമിക്കുന്നവര്‍ക്ക്, ഞങ്ങളോട് എന്തും ചെയ്യാനാകും.

ജമ്മു ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബി എസ് സ്ലാത്തിയ ഭീഷണിപ്പെടുത്തിയെന്ന് നിങ്ങള്‍ പറയുന്നുണ്ട്. എന്ത് സംഭവിച്ചു?
ഇവിടെ ദുര്‍ഗന്ധം പരത്തരുത് എന്നാണ് സ്ലാത്തിയ പറഞ്ഞത്. നമ്മള്‍ (അഭിഭാഷകര്‍) സമരത്തിലാണ്, അതുകൊണ്ട് പണിയെടുക്കരുത്. പണിമുടക്കിനിടെ ജോലി ചെയ്യാന്‍ ശ്രമിച്ചാല്‍, എങ്ങനെ നിറുത്തണമെന്ന് അറിയാമെന്നും പറഞ്ഞു. ഇത് കോടതിക്കുള്ളില്‍വെച്ചാണ് എന്നോട് പറയുന്നത്. എനിക്ക് ഭക്ഷണം നല്‍കരുത് എന്ന് കാന്റീനിലുള്ളവരോട് പറഞ്ഞു. കാന്റീനില്‍ എനിക്ക് ഭക്ഷണം നിഷേധിക്കപ്പെട്ടു.
ഞാന്‍ നിയമത്തെയാണ് ആശ്രയിച്ചത്. അഭിഭാഷകര്‍ അങ്ങനെയാണ്. ജമ്മു കശ്മീര്‍ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. അദ്ദേഹം അത് പരിഗണിച്ചു.

ബുദ്ധിമുട്ടേറിയ ഒരു സമരം. അതില്‍ കഴിഞ്ഞ രണ്ട് മാസം നിങ്ങള്‍ ഏറെക്കുറെ ഒറ്റയ്ക്കായിരുന്നു. രാഷ്ട്രീയ പിന്തുണയുള്ള ശക്തരായ ആണുങ്ങളായിരുന്നു എതിര്‍ വശത്ത്. അത് എപ്പോഴെങ്കിലും ആശങ്കപ്പെടുത്തിയിരുന്നോ?
അതെനിക്ക് ഊര്‍ജം നല്‍കുകയാണ് ചെയ്തത്. അതൊരിക്കലും ദുര്‍ബലയാക്കിയില്ല. അതെന്റെ മനോവീര്യം കൂട്ടി. അവരോട് പോരടിച്ച് ജയിക്കാമെന്ന തോന്നലാണുണ്ടാക്കിയത്.

ആ കുഞ്ഞിന്റെ കുടുംബാംഗങ്ങളുമായി തുടക്കം മുതല്‍ സംസാരിച്ചിരുന്നുവല്ലോ. അവര്‍ ഈ ക്രൂരതയെ എങ്ങനെ ഉള്‍ക്കൊണ്ടു?
അവര്‍ തീര്‍ത്തും ദരിദ്രരാണ്. ലോകം എങ്ങനെ എന്നതിനെക്കുറിച്ച് വലിയ അറിവൊന്നുമില്ല. ബഖര്‍വാള്‍ സമുദായത്തിലെ അംഗങ്ങള്‍ നാടോടികളാണ്. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിച്ചുകൊണ്ടേയിരിക്കും. നിസ്സഹായര്‍. അവര്‍ ജീവിക്കുന്നതോ മരിയ്ക്കുന്നതോ ആരും അറിയില്ല. എങ്കിലും തങ്ങളുടെ കുഞ്ഞിന് നീതി കിട്ടണമെന്ന് അവര്‍ ആഗ്രഹിച്ചു. തങ്ങളുടെ കുഞ്ഞിന് നീതി കിട്ടുന്നതിന് വേണ്ടി ശ്രമിക്കാന്‍ ആരെങ്കിലും സന്നദ്ധരായല്ലോ എന്ന ആശ്വാസമാണ്, ഞാന്‍ സമീപിച്ചപ്പോള്‍ അവര്‍ക്കുണ്ടായത്.
ഞാന്‍ നിരന്തരം അവരുമായി സംസാരിക്കുന്നുണ്ട്. രാജ്യം മുഴുവന്‍ അവരുടെ കുഞ്ഞിനെക്കുറിച്ച് സംസാരിക്കുന്നുവെന്ന് ഇപ്പോള്‍ അവര്‍ക്കറിയാം. പക്ഷേ, കോടതിയെക്കുറിച്ചോ പൊലീസിനെക്കുറിച്ചോ അവര്‍ക്ക് കാര്യമായ അറിവൊന്നുമില്ല, നീതിയെക്കുറിച്ചും.

കോടതിച്ചെലവ്, നിയമ നടപടികള്‍ക്ക് വേണ്ട മറ്റ് ചെലവുകള്‍ ഒക്കെ ആരാണ് വഹിക്കുന്നത്?
എല്ലാം ഞാന്‍ തന്നെയാണ് ചെയ്യുന്നത്. ആ കുടുംബത്തില്‍ നിന്ന് ഒരൊറ്റ പൈസ വാങ്ങിയിട്ടില്ല.

ഈ കേസിനെത്തുടര്‍ന്നുണ്ടായ വര്‍ഗീയ ധ്രുവീകരണത്തെ എങ്ങനെയാണ് കാണുന്നത്?
ചിലയാളുകളാണ് ഇതിനെ വര്‍ഗീയവത്കരിച്ചത്. കേസില്‍ ഹിന്ദുക്കളെ കുടുക്കിയെന്നാണ് അവരുടെ വാദം. എന്നാല്‍ ആ വാദത്തിന് ഒരു ന്യായവുമില്ല. സി ബി ഐ അന്വേഷണം വേണമെന്നാണ് അവരുടെ ആവശ്യം. സി ബി ഐയുടെ ട്രാക്ക് റെക്കോര്‍ഡ് എന്താണ്? ആരുഷ് കേസ് ഇല്ലാതാക്കി. 1984ലെ സിഖ് വിരുദ്ധ കാലപവുമായി ബന്ധപ്പെട്ട കേസുകള്‍ അട്ടിമറിച്ചു. അങ്ങനെ നിരവധി കേസുകള്‍, ബൊഫോഴ്‌സ് അടക്കം. സംഭവം നടന്ന് മൂന്നുമാസത്തിന് ശേഷം സി ബി ഐ എന്തുചെയ്യാനാണ്?

ഉന്നാവോ കേസ് സി ബി ഐയ്ക്ക് കൈമാറാമെങ്കില്‍ കത്വയിലും ആയിക്കൂടേ എന്നാണ് ചിലരുടെ ചോദ്യം?
ഉന്നാവോയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടായിരുന്നില്ല. ഇവിടെ കുറ്റപത്രം സമര്‍പിച്ചു. നീതിപൂര്‍വമായ അന്വേഷണം നടന്നു. ഇത് രണ്ടും രണ്ട് കേസാണ്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസുകളില്‍ വധശിക്ഷ നല്‍കണമെന്ന് മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി അഭിപ്രായപ്പെടുന്നു. ഇത് പ്രശ്‌നം പരിഹരിക്കുമോ?
കുറ്റകൃത്യത്തിനൊരുങ്ങുന്നവരെ ഭയപ്പെടുത്താന്‍ സഹായിച്ചേക്കും. എന്നാല്‍ അത് എത്ര ഫലം ചെയ്യും? എനിക്കൊരു ഉറപ്പുമില്ല.
നിര്‍ഭയ കേസുണ്ടായപ്പോള്‍ വലിയ രോഷമുയര്‍ന്നിരുന്നു. നിയമം കൂടുതല്‍ കടുപ്പമുള്ളതാക്കി. എന്നിട്ട് ബലാത്സംഗം ഇല്ലാതായോ? ഇന്ന് നമുക്ക് മുന്നിലൊരു പെണ്‍കുഞ്ഞുണ്ട്, കത്വയില്‍.

ഈ കേസ് എങ്ങനെ മുന്നോട്ടുപോകുന്നു?
അതൊരു വെല്ലുവിളിയാണ്. ദീര്‍ഘകാലമെടുക്കുന്ന നിയമയുദ്ധം. അത് തുടങ്ങിയിട്ടേയുള്ളൂ. മാധ്യമങ്ങളുടെ ശ്രദ്ധ വൈകാതെ ഇല്ലാതാകും. എനിക്ക് സംരക്ഷണമുണ്ടെന്നാണ് ഇപ്പോഴത്തെ തോന്നല്‍. കുറച്ചുകഴിഞ്ഞാല്‍ അങ്ങനെയാകണമെന്നില്ല. അതുകൊണ്ട് തന്നെ സമ്മര്‍ദമുണ്ട്. പക്ഷേ, ഒരു നല്ല വാര്‍ത്ത അറിഞ്ഞാല്‍ സമ്മര്‍ദം ഇല്ലാതാകും.

എന്താണ് ആ നല്ല വാര്‍ത്ത?
കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടുവെന്ന വാര്‍ത്ത.

കടപ്പാട്: thewire.in

You must be logged in to post a comment Login