സിറിയ ഒരു രാഷ്ട്രം ഭൂപടത്തില്‍നിന്ന് തുടച്ചുമാറ്റപ്പെടുന്ന വിധം

സിറിയ ഒരു രാഷ്ട്രം ഭൂപടത്തില്‍നിന്ന് തുടച്ചുമാറ്റപ്പെടുന്ന വിധം

സിറിയയിലെ കിഴക്കന്‍ ഗൗതയില്‍ ബശാര്‍ അല്‍അസദിന്റെ സൈന്യം നടത്തിയ ബോംബിംഗില്‍ പരുക്കേറ്റ കുട്ടി വിതുമ്പിക്കൊണ്ട് പറയുന്നത് ഇങ്ങനെയാണ്: ‘ഞങ്ങള്‍ക്ക് ആരുമില്ല. എന്റെ ഉറ്റവരെല്ലാം മരിച്ചു. ഞാനും ഉടന്‍ മരിക്കും. മറ്റൊരു ലോകത്ത് ചെല്ലുമ്പോള്‍ ഞാന്‍ ലോക രക്ഷിതാവിനോട് എല്ലാം പറയും. ഞങ്ങളുടെ വിധി സര്‍വശക്തന്‍ തീരുമാനിക്കട്ടേ.’ സര്‍വനാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന സിറിയയുടെ ഇന്നത്തെ അവസ്ഥ വരച്ചിടാന്‍ ഈ വാക്കുകള്‍ ധാരാളം. ‘സിറിയന്‍ ആഭ്യന്തര സംഘര്‍ഷം എട്ടാം വര്‍ഷത്തിലേക്ക്’ എന്നാണ് മാധ്യമങ്ങള്‍ നല്‍കുന്ന തലക്കെട്ട്. ശുദ്ധ കളവാണിത്. അര്‍ത്ഥവും രാഷ്ട്രീയവും അറിയാതെ വാക്കുകള്‍ ഉപയോഗിക്കുന്നതിന്റെ മറ്റൊരു ഉദാഹരണം. സിറിയയിലേത് ഒരു ഘട്ടത്തിലും ആഭ്യന്തര സംഘര്‍ഷമായിരുന്നില്ല. തുടങ്ങിയതും വളര്‍ന്നതും ഇപ്പോള്‍ എത്തിനില്‍ക്കുന്നതുമായ എല്ലാ ദശാസന്ധികളിലും പുറത്ത് നിന്നുള്ളവരുണ്ടായിരുന്നു. അവരുടെ താത്പര്യങ്ങളാണ് പരാജിത രാഷ്ട്രങ്ങളെന്ന് പാശ്ചാത്യര്‍ വിശേഷിപ്പിക്കുന്ന മറ്റ് നിരവധി ജനപഥങ്ങളിലെപ്പോലെ സിറിയയിലും ഏറ്റുമുട്ടിയത്. ഏറ്റവും പുതിയ സംഭവവികാസം ദൗമയില്‍ അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും ചേര്‍ന്ന് വ്യോമാക്രമണം നടത്തിയെന്നതാണ്. സലഫീ, വിമതഗ്രൂപ്പുകള്‍ മനുഷ്യകവചമായി സിവിലിയന്‍മാരെ ഉപയോഗിക്കുന്ന കിഴക്കന്‍ ഗൗത പ്രവിശ്യയിലെ ചിലയിടങ്ങളില്‍ അസദ് സൈന്യം രാസായുധം പ്രയോഗിച്ചുവെന്നാരോപിച്ചായിരുന്നു ആക്രമണം. അമേരിക്കയുടെ രക്ഷകവേഷത്തെ ചൂണ്ടി ‘ആരോപിച്ചു’ എന്ന് തന്നെയാണ് പറയേണ്ടത്. ഇറാഖില്‍ കൂട്ടനശീകരണ ആയുധമുണ്ടെന്ന് പറഞ്ഞ് സദ്ദാം ഹുസൈനെ ശിക്ഷിക്കാനിറങ്ങിയവരാണല്ലോ അവര്‍. രാസായുധ ആക്രമണം നടന്നുവെന്ന് വൈറ്റ് ഹെല്‍മറ്റ്‌സ് പോലുള്ള സന്നദ്ധ സംഘടനകള്‍ വ്യക്തമാക്കുമ്പോഴും അന്താരാഷ്ട്ര സംഘം അക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടില്ല. പരിശോധനാസംഘത്തെ അയച്ചുവെന്നും രാസായുധ പ്രയോഗത്തിന് ഒരു തെളിവും കണ്ടില്ലെന്നുമാണ് അസദിനെ നിര്‍ബാധം പിന്തുണക്കുന്ന റഷ്യ പറയുന്നത്. ആരോ പടച്ചുവിട്ട കഥ ആവര്‍ത്തിക്കുകയായിരുന്നു ആഗോളമാധ്യമങ്ങളെന്ന് മോസ്‌കോ കുറ്റപ്പെടുത്തുന്നു.

മനുഷ്യപക്ഷത്ത് നിന്ന് നോക്കുമ്പോള്‍ റഷ്യയെ വിശ്വാസത്തിലെടുക്കാന്‍ സാധ്യമല്ല. സ്വന്തം ജനതക്ക് മേല്‍ മരണം വിതക്കുന്നതിന് കൈയറപ്പില്ലാത്ത ഭരണാധികാരിയാണ് അസദ്. ഉപയോഗിച്ചത് സരിന്‍ വാതകമാണോ അല്ലയോ എന്നതേ തര്‍ക്കമുള്ളൂ. രാസായുധം മുമ്പും പ്രയോഗിച്ചിട്ടുണ്ട്. നൂറ് കണക്കിന് മനുഷ്യര്‍ മരിച്ചു വീണിട്ടുമുണ്ട്. പിതാവ് ഹാഫിസ് അല്‍ അസദ് നടത്തിയ ഹമ കൂട്ടക്കൊല ചരിത്രത്തില്‍ അടയാളപ്പെട്ട് കിടക്കുന്നുണ്ടെങ്കില്‍ മകന്‍ ബശാറിന്റെ ക്രൂരത അനുദിനം ആവര്‍ത്തിക്കുമ്പോള്‍ അടയാളമേ അവശേഷിപ്പിക്കാതെ മനുഷ്യരെ തുടച്ച് നീക്കുകയാണ്. രണ്ട് വര്‍ഷം മുമ്പ് രാസായുധ പ്രയോഗ ആരോപണം വരികയും പ്രത്യക്ഷ ആക്രമണത്തിന് ഒബാമ ഭരണകൂടം കച്ചകെട്ടിയിറങ്ങുകയും ചെയ്തിരുന്നു. അന്ന് അന്താരാഷ്ട്ര പരിശോധനക്ക് കളമൊരുക്കി റഷ്യ അസദിനെ ജാമ്യത്തിലെടുക്കുകയായിരുന്നു. ഇത്തവണയും യു എന്നില്‍ ഈ ശ്രമം നടന്നു. യു എസ് കൊണ്ടു വന്ന പ്രമേയം റഷ്യ വീറ്റോ ചെയ്തു. വ്യാജആരോപണത്തിന്റെ പേരില്‍ ആക്രമിക്കുന്നത് മോസ്‌കോയെ ആക്രമിക്കുന്നതിന് തുല്യമായി കാണുമെന്ന് പുടിന്‍ ഭരണകൂടത്തിലെ ഉന്നതര്‍ ആക്രോശിച്ചു. വലിയ പ്രത്യാഘാതം അനുഭവിക്കുന്ന തീക്കളിയാണ് ട്രംപ് നടത്തുന്നതെന്ന് മുന്നറിയിപ്പ് നല്‍കി. ഇതുവരെ കാണാത്ത ആയുധങ്ങളുടെ പ്രയോഗം ലോകത്തിന് കാണാമെന്നാണ് ട്രംപ് തിരിച്ചടിച്ചത്. മൂന്നാം ലോകമഹായുദ്ധത്തിന്റെ കാലൊച്ച കേള്‍ക്കുന്നുവെന്ന് വരെ ചില വിശകലനക്കാര്‍ ഭീതി വിതച്ചു. യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് തന്നെയാണ് വലിയ വായില്‍ പശ്ചാത്തല സംഗീതമൊരുക്കിയത്. അദ്ദേഹം പറഞ്ഞു: അപകടകരമായ പ്രതികാരവാഞ്ചയോടെ ശീതസമരം വരുന്നു.

പക്ഷേ, വലുതായൊന്നുമുണ്ടായില്ല. രാസായുധ നിര്‍മാണ കേന്ദ്രമെന്ന് ആരോപിക്കപ്പെടുന്ന മൂന്നിടങ്ങളില്‍ ഏപ്രില്‍ 13ന് സംയുക്ത വ്യോമാക്രമണം നടന്നു. വലിയ ആളപായമില്ല. ആക്രമണം വ്യാപിച്ചുമില്ല. അസദിന്റെ രാസായുധ ശേഷി ഗണ്യമായി കുറച്ചുവെന്ന് മാത്രമേ അമേരിക്ക അവകാശപ്പെട്ടുള്ളൂ. പൂര്‍ണമായി തകര്‍ക്കാനായില്ലെന്ന് നിക്കി ഹാലേക്ക് പറയേണ്ടിവന്നു. അമേരിക്കന്‍ സഖ്യ ആക്രമണത്തെ ശരിയായി പ്രതിരോധിക്കാന്‍ സിറിയന്‍ സേനക്ക് സാധിച്ചുവെന്ന് മാത്രമാണ് റഷ്യ പ്രതികരിച്ചത്. അത്യന്താധുനിക മിസൈല്‍ പ്രതിരോധ സംവിധാനം സിറിയക്ക് നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തത്കാലം അവിടെ ഒതുങ്ങി. ആശ്വാസം. ഗുട്ടറസ് പറഞ്ഞതിന്റെ ഒരു ഭാഗം വസ്തുതാപരമാണ്. ശീത സമരത്തിന്റെ ആവിഷ്‌കാരം തന്നെയാണ് സിറിയയില്‍ നടന്നത്. അമേരിക്കയും സഖ്യ ശക്തികളായ ഫ്രാന്‍സും ബ്രിട്ടനും സംയുക്തമായി സിറിയയില്‍ ഇറങ്ങിയത് ഇതാദ്യമാണ്. റഷ്യയും ഇറാനും ലബനാനും ചൈനയുമൊക്കെ മറുചേരിയില്‍ വാക്കുകള്‍ കൊണ്ട് അണിനിരക്കുകയും ചെയ്തു. ആരാന്റെ മണ്ണില്‍ മത്സരിക്കുകയെന്ന പഴയ രസം.

ശീതസമരത്തിന്റെ സവിശേഷത അതില്‍ അടങ്ങിയിരിക്കുന്ന തണുപ്പാണ്. സമരത്തിന്റെയും സംഘര്‍ഷത്തിന്റെയും അംശത്തെക്കാള്‍ കൂടുതല്‍ അതിലുള്ളത് സംയമനമാണ്. 1962ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി അതിന് ക്ലാസിക് ഉദാഹരണമാണ്. ഇറ്റലിയിലും തുര്‍ക്കിയിലും അമേരിക്ക ബാലിസ്റ്റിക് മിസൈല്‍ വിന്യസിച്ചു. തിരിച്ചടിക്കാന്‍ സോവിയറ്റ് യൂനിയന്‍ ക്യൂബയില്‍ മാരകമായ ആയുധസന്നാഹമൊരുക്കി. സമ്പൂര്‍ണ ആണവയുദ്ധത്തിന്റെ വക്കില്‍ ലോകം. 13 ദിവസം മുള്‍മുനയില്‍. പക്ഷേ, ഫിദല്‍ കാസ്‌ട്രോയുടെ നേതൃത്വത്തിലുള്ള അനുരഞ്ജന ശ്രമം അത്ഭുതകരമായ വിജയം കൈവരിക്കുന്നതാണ് അന്ന് കണ്ടത്. രാഷ്ട്രീയ നേതൃത്വം ഏറ്റുമുട്ടാന്‍ തീരുമാനിച്ചാല്‍ സൈനിക നേതൃത്വം കൈകോര്‍ക്കും. സൈന്യം വിജൃംഭിച്ചാല്‍ സിവിലിയന്‍ നേതൃത്വം അതിന് മേല്‍ വെള്ളമൊഴിക്കും. മല്ലന്‍മാര്‍ പറഞ്ഞ് നടക്കും: കണ്ടാല്‍ അവനെ ഞാന്‍ കൊല്ലുമെന്ന്. പക്ഷേ അവരൊരിക്കലും കാണില്ല. ഇതുപോലെയാണ് ശീതസമരത്തിന്റെ സ്ഥിതി. സാമ്പത്തികവും നയതന്ത്രപരവുമായ നിരവധി അതിര്‍വരമ്പുകള്‍ക്കകത്ത് നിന്നുകൊണ്ട് മറ്റുള്ളവരെ പറ്റിക്കുന്ന ഏര്‍പ്പാടാണ് അത്. ശാക്തിക ചേരി രൂപപ്പെടുത്തിയെടുക്കാനുള്ള തന്ത്രം. മറ്റു രാജ്യങ്ങളുടെ സ്വയം നിര്‍ണയാവകാശത്തിന് മേല്‍ കടന്നുകയറാന്‍ ഇരുപക്ഷവും സൃഷ്ടിച്ചെടുക്കുന്ന വ്യാജ ശത്രുത. വ്യാജബന്ധുത്വം. ഇതുതന്നെയാണ് രാസായുധത്തിന്റെ പേരില്‍ സിറിയയില്‍ നടന്നിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ആഭ്യന്തരമായി ഉയരുന്ന പ്രതിഷേധം തണുപ്പിക്കാന്‍ ഒരിടം വേണം. ഒബാമയുടെ സിറിയന്‍ നയം വിഡ്ഢിത്തമാണെന്ന് പറഞ്ഞു പോയതാണ്. എന്തെങ്കിലും ചെയ്‌തേ പറ്റൂ. ഉത്തര കൊറിയയില്‍ തുറക്കാനിരുന്ന യുദ്ധമുഖം ഏറെക്കുറെ അടഞ്ഞിരിക്കുന്നു. ശക്തി തെളിയിക്കാന്‍ എന്തുണ്ട് വഴി? അപ്പോഴാണ് സിറിയന്‍ രാസായുധം വീണു കിട്ടിയത്. ബ്രിട്ടന്റെ കാര്യമോ? തങ്ങള്‍ക്ക് വിവരം തന്നു കൊണ്ടിരുന്ന റഷ്യന്‍ ചാരനെയും മകളെയും വിഷം വെച്ച് കൊന്നത് മോസ്‌കോയാണെന്ന് ഉറച്ച് വിശ്വസിക്കുന്ന ബ്രിട്ടീഷ് ജനതക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ അവിടുത്തെ പ്രധാനമന്ത്രി തെരേസ മെയ്ക്കും ആഗ്രഹമുണ്ട്. റഷ്യയോട് നേരിട്ട് മുട്ടുന്നത് ബുദ്ധിയുമല്ല. എന്നാല്‍ പിന്നെ സിറിയയില്‍ നിഴല്‍ യുദ്ധത്തിന് പോകാമെന്നായി. പാര്‍ലിമെന്റിനോട് പോലും ചോദിക്കാതെയാണ് ബ്രിട്ടീഷ് വ്യോമസേന ചാടിപ്പുറപ്പെട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ റഷ്യ ഇടപെട്ടുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ മനസിലിട്ട് നടക്കുകയാണ്. അദ്ദേഹത്തിനും വേണം വിദേശത്ത് ഒരു അങ്കത്തട്ട്. ഇതാണ് രാസായുധത്തിന്റേയും ആക്രമണത്തിന്റെയും യാഥാര്‍ത്ഥ്യം. ആക്രമണം വ്യാപിച്ചോ? ഇല്ല. ബശാര്‍ അല്‍അസദിനെ താഴെയിറക്കിയോ? ഇല്ല. സിറിയയെ രാസായുധ മുക്തമാക്കിയോ? അതുമില്ല.

താത്പര്യങ്ങളുടെ സംഘട്ടന ഭൂമിയായി മഹത്തായ പാരമ്പര്യമുള്ള ഒരു രാജ്യത്തെ നിലനിര്‍ത്തുകയെന്ന ലക്ഷ്യമാണ് ഇവിടെ പൂര്‍ത്തീകരിക്കപ്പെടുന്നത്. ബശാര്‍ അല്‍അസദിനെതിരായ നീക്കങ്ങളിലുടനീളം ഇത് കാണാവുന്നതാണ്. 2011ലാണ് സിറിയയില്‍ പ്രക്ഷോഭം തുടങ്ങുന്നത്. അസദ് ഭരണകൂടത്തെ താഴെയിറക്കുകയായിരുന്നു ലക്ഷ്യം. തൊട്ടുമുമ്പത്തെ രണ്ട് വര്‍ഷം രാജ്യം കടന്നുപോയ കടുത്ത വരള്‍ച്ച സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കിയിരുന്നു. ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള വ്യാപക കുടിയേറ്റം നഗരപ്രദേശങ്ങളില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ നിത്യസംഭവമാക്കി മാറ്റി. ഈ പ്രശ്‌നങ്ങളോട് അസദ് ഭരണകൂടം ക്രൂരമായാണ് പ്രതികരിച്ചത്. നിരവധി പേരെ അറസ്റ്റ് ചെയ്തു. പീഡിപ്പിച്ചു. സ്വാഭാവികമായും ഇത് യുവാക്കളില്‍ വലിയ അമര്‍ഷമുണ്ടാക്കി. അവര്‍ തെരുവിലിറങ്ങി. ആ ഘട്ടത്തില്‍ അത് നിരായുധമായ പ്രക്ഷോഭം തന്നെയായിരുന്നു. ഈ ഇത്തിരി ദിനങ്ങളെ മുന്‍നിര്‍ത്തിയാണ് സിറിയയിലും മുല്ലപ്പൂ വിപ്ലവത്തിന്റെ ലേബലൊട്ടിക്കുന്നത്. ബശാര്‍ അല്‍അസദിന്റെ പിതാവ് ഹാഫിസ് അല്‍അസദ് തന്റെ ഭരണകാലത്ത് ഹമയില്‍ ഉയര്‍ന്നുവന്ന ഇത്തരം പ്രക്ഷോഭത്തെ കൂട്ടക്കൊല നടത്തിയാണ് അടിച്ചമര്‍ത്തിയത്. സിറിയന്‍ ബ്രദര്‍ഹുഡായിരുന്നു ആ പ്രക്ഷോഭത്തിന്റെ നേതൃനിരയില്‍. ജൂനിയര്‍ അസദും ഇതേ ക്രൗര്യം പുറത്തെടുക്കുമെന്ന് വ്യാപക പ്രചാരണമുണ്ടായി. അതോടെ അസദിന്റെ സൈന്യത്തില്‍ നിന്ന് പുറത്തുകടന്ന ചിലര്‍ ചേര്‍ന്ന് ഫ്രീ സിറിയന്‍ ആര്‍മിയുണ്ടാക്കി. ഇതിനോട് ചേര്‍ന്ന് ഏതാനും സലഫീ ഗ്രൂപ്പുകളും രംഗത്തുവന്നു. ഈ ഘട്ടമെത്തിയപ്പോഴേക്കും പ്രക്ഷോഭം അട്ടിമറിക്കപ്പെട്ടു. അത് സായുധ ഏറ്റുമുട്ടലായി കലാശിച്ചു. അസദിന്റെ സൈന്യത്തിന് മുന്നില്‍ പലതട്ടില്‍ നില്‍ക്കുന്ന ഈ ചെറുസംഘങ്ങള്‍ ഒന്നുമായിരുന്നില്ല. ഒറ്റദിവസം കൊണ്ട് തീര്‍ക്കാവുന്ന സൈനിക ദൗത്യം. ഇവിടെയാണ് നിര്‍ണായകമായ വെട്ടിത്തിരിച്ചില്‍ സംഭവിച്ചത്. അസദ് വിരുദ്ധഗ്രൂപ്പുകള്‍ക്കെല്ലാം എവിടെ നിന്നൊക്കെയോ ആയുധം കിട്ടാന്‍ തുടങ്ങി. സൈന്യത്തെ വെല്ലുവിളിക്കാവുന്ന നിലയിലേക്ക് അവ വളര്‍ന്നു. സി ഐ എയുടെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിമതഗ്രൂപ്പുകളെ പരിശീലിപ്പിച്ചു. അമേരിക്ക കൃത്യമായി അസദ്‌വിരുദ്ധ ചേരിയില്‍ നിലയുറപ്പിച്ചു. ചില അറബ് രാജ്യങ്ങളും ഒപ്പം കൂടി. തുര്‍ക്കിയും ആ ചേരിയിലായിരുന്നു.
അലവൈറ്റ് ശിയാ ആണ് അസദ്. രാജ്യത്തെ പത്ത് ശതമാനം മാത്രം വരുന്ന ജനസംഖ്യയുടെ പ്രതിനിധി. ഈ വസ്തുത മാത്രം മതിയായിരുന്നു ആഭ്യന്തര സംഘര്‍ഷത്തിന് വംശീയതയുടെ നിറം കൈവരാന്‍. ഇറാനും ലബനാനും അസദിനെ സഹായിക്കാന്‍ ഇറങ്ങിയതോടെ സ്ഥിതി സങ്കീര്‍ണമായി. തങ്ങളുമായി അതിര്‍ത്തി പങ്കിടുകയും അതിര്‍ത്തിതര്‍ക്കം നിലനില്‍ക്കുകയും ചെയ്യുന്ന സിറിയയില്‍ ഇറാന്‍ സ്വാധീനം ചെലുത്തുന്നത് ഇസ്‌റാഈല്‍ നോക്കി നില്‍ക്കില്ലല്ലോ. അവരും ഇറങ്ങി കളത്തില്‍. ജൂതരാഷ്ട്രത്തിന്റെ സൈനിക ശക്തിയും അസദ്‌വിരുദ്ധരെയാണ് ശക്തിപ്പെടുത്തിയത്. 2014 ആകുമ്പോഴേക്കും ഇസില്‍ തീവ്രവാദികള്‍ കൂടി സിറിയയില്‍ പിടിമുറുക്കി. അമേരിക്കന്‍ ഇടപെടലിന് ഇത് ന്യായീകരണമായി. സംയുക്ത ഇസില്‍വിരുദ്ധ നീക്കം തുടങ്ങി. ഈ പഴുതിലൂടെ റഷ്യയും രംഗപ്രവേശം ചെയ്തു. നേരത്തേ തന്നെ യു എന്നില്‍ അസദിനെ സംരക്ഷിച്ച് നിര്‍ത്തുന്ന റഷ്യ പ്രത്യക്ഷത്തില്‍ ഇറങ്ങുന്നത് ഈ ഘട്ടത്തിലാണ്. അമേരിക്ക- റഷ്യ നിഴല്‍ യുദ്ധമായി സിറിയന്‍ ആഭ്യന്തര സംഘര്‍ഷം മാറുകയായിരുന്നു. ഇസിലിനെ നേരിടാനെന്ന പേരില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ പറന്നത് വിമത ഗ്രൂപ്പുകള്‍ക്ക് വേണ്ടിയായിരുന്നു. ഇസിലിന് നേരെ ഉന്നം വെച്ച റഷ്യന്‍ ബോംബുകള്‍ ചെന്ന് പതിച്ചത് വിമത ക്യാമ്പുകളിലുമായിരുന്നു. ഒരു ഭാഗത്ത് അസദ് സൈന്യത്തിന്റെ ആക്രമണവും റഷ്യന്‍ ആക്രമണവും. മറുഭാഗത്ത് യു എസ് പിന്തുണയുള്ള ഗ്രൂപ്പുകളുടെ ആയുധ പ്രയോഗം. തുര്‍ക്കിയുടെ വക വേറെയും. ഇതിനിടക്ക് ജീവിതം അസാധ്യമായ സിറിയന്‍ ജനത പലായനം തുടങ്ങി. വിദേശ രാജ്യങ്ങള്‍ക്ക് മുന്നില്‍ കൈനീട്ടി യാചിക്കുന്നവരായി അവര്‍ മാറി.
കിഴക്കന്‍ ഗൗതയില്‍ സിറിയന്‍ സൈന്യം നടത്തുന്ന സമാനതകളില്ലാത്ത മനുഷ്യക്കുരുതിയാണ് എട്ടാം വര്‍ഷത്തിലേക്ക് നീങ്ങുന്ന ഈ അധികാരക്കളിയിലേക്ക് ലോകത്തിന്റെ ശ്രദ്ധ തിരിച്ചത്. വിമതര്‍ക്ക് നിര്‍ണായക ശക്തി അവശേഷിക്കുന്ന ചുരുക്കം ഇടങ്ങളിലൊന്നാണ് ദമസ്‌കസിനോട് ചേര്‍ന്ന കിഴക്കന്‍ ഗൗത. ജനതയുടെ സ്വയം നിര്‍ണയാവകാശം കവര്‍ന്നെടുക്കുകയും പുറത്തു നിന്നുള്ളവര്‍ അവരവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി ക്രൂരമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യുമ്പോള്‍ ഒരു രാജ്യം എത്രമാത്രം ശിഥിലമാകുമെന്നതിന്റെ ഏറ്റവും പുതിയ മാതൃകയാണ് സിറിയ. നിലവിലുള്ള ഭരണസംവിധാനം തകര്‍ത്തെറിയാനുള്ള ശ്രമങ്ങള്‍ ജനാധിപത്യപരമായിരിക്കേണ്ടതിന്റെയും കൃത്യമായ ബദല്‍ സാധ്യതകള്‍ നിര്‍ണയിക്കേണ്ടതിന്റെയും ആവശ്യകത ലിബിയയെപ്പോലെ സിറിയയും വിളിച്ചു പറയുന്നു. നാലര ലക്ഷം പേര്‍ മരിച്ചു വീണു. ലക്ഷക്കണക്കിനാളുകള്‍ പലായനം ചെയ്തു. ഇന്നും പലായനം തുടരുന്നു. പാല്‍മിറ പോലുള്ള പൈതൃക നഗരങ്ങള്‍ തകര്‍ത്തെറിഞ്ഞു. ഇസ്‌ലാമിക ചരിത്രത്തിന്റെ ശേഷിപ്പുകളായ നിരവധി കേന്ദ്രങ്ങള്‍ ബോംബു വെച്ച് തകര്‍ത്തു. പാരമ്പര്യ ശേഷിപ്പുകള്‍ കൊള്ളയടിക്കപ്പെട്ടു. എവിടെയും ആയുധങ്ങള്‍. സൈനിക സന്നാഹങ്ങള്‍. സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ വളരെ കുറച്ച് ഇടങ്ങളേ ഉള്ളൂ. വിമത ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ് കുറേ പ്രദേശങ്ങള്‍. ഇസില്‍ സംഘവും കുര്‍ദുകളും കുറേയിടങ്ങള്‍ പങ്കിട്ടിരിക്കുന്നു. നിയമവാഴ്ച എന്നൊന്നില്ല. സിറിയ ശിഥിലമാകേണ്ടത് ഇസ്‌റാഈലിന്റെ ആവശ്യമായിരുന്നു. ജോര്‍ദാനും ഈജിപ്തും ഇപ്പോള്‍ ഇസ്‌റാഈലുമായി നല്ല ബന്ധത്തിലാണ്. ജൂലാന്‍ കുന്നിനെച്ചൊല്ലി സിറിയയുമായും ആണവായുധത്തെച്ചൊല്ലി ഇറാനുമായും കൊമ്പു കോര്‍ത്തു നില്‍ക്കുന്ന ജൂതരാഷ്ട്രം അരക്ഷിതാവസ്ഥയുടെ കളവ് ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. മേഖലയില്‍ മേധാവിത്വം ഉറപ്പിക്കാന്‍ സിറിയ അരാജകമാകണം. ഈ ക്വട്ടേഷനാണ് അമേരിക്കക്ക് ഇസ്‌റാഈല്‍ നല്‍കിയത്.

ഇവിടെ മറ്റൊരു പ്രധാനകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. അത് തികച്ചും മതപരമായ വസ്തുതയാണ്. പള്ളിയില്‍ ദര്‍സ് നടത്തുകയായിരുന്ന ആഗോള പ്രശസ്ത പണ്ഡിതന്‍ റമളാന്‍ ബൂത്തിയെ ബോംബിട്ട് കൊല്ലുക വഴി സലഫീ തീവ്രവാദ ഗ്രൂപ്പുകള്‍ അവരുടെ പ്രത്യയശാസ്ത്ര ദൗത്യം കൂടി നിവര്‍ത്തിക്കുന്നുവെന്ന് തെളിയിച്ചിരിക്കുന്നു. നാട്ടില്‍ സമാധാനമാഗ്രഹിക്കുകയും ഈ കൂട്ടക്കുഴപ്പങ്ങള്‍ക്കിടയില്‍ ജനങ്ങള്‍ക്ക് ആത്മീയ ആശ്വാസത്തിന്റെ ചെറുതീരം സമ്മാനിക്കുകയും ചെയ്യുന്ന പണ്ഡിതരെ കൊന്നു തള്ളൂമ്പോള്‍ വഹാബിഭീകരതയുടെ നാളുകളാണ് തീവ്രവാദികള്‍ തിരികെ കൊണ്ടുവരുന്നത്. വഹാബി ഭീകരതയുടെ പാറ്റേണ്‍ അപ്പടി സിറിയയിലും പുലരുന്നത് കാണാനാകും. അധികാരക്കൊതിയുടെയും പാരമ്പര്യ നിഷേധത്തിന്റെയും മിശ്രിതമായിരുന്നുവല്ലോ ഇബ്‌നു അബ്ദുല്‍ വഹാബിന്റെ പ്രത്യയശാസ്ത്രം. സിറിയയില്‍ അസദിനെ ലക്ഷ്യം വെക്കുമ്പോള്‍ തന്നെ പാരമ്പര്യ വിശ്വാസത്തിന്റെ അടയാളങ്ങളെയും സാത്വികരെയും കൂടി ഉന്‍മൂലനം ചെയ്യുന്നത് അതുകൊണ്ടാണ്.

ബശാര്‍ അല്‍അസദ് വീണാലും വാണാലും സിറിയ ആരോഗ്യമുള്ള ഒറ്റ രാഷ്ട്രമായി നിലനില്‍ക്കില്ലെന്നതിന് അഫ്ഗാനിസ്ഥാന്‍ മാത്രം മതി തെളിവ്. അവിടെ നിന്ന് സോവിയറ്റ് യൂനിയന്‍ പോയി. അമേരിക്കയും. താലിബാന്‍ അവശേഷിക്കുന്നു, ഒടുങ്ങാത്ത സംഘര്‍ഷവും. ലിബിയയില്‍ മുഅമ്മര്‍ ഗദ്ദാഫിയെ കൊന്നുതള്ളിയപ്പോള്‍ എല്ലാ വന്‍ശക്തികളും പിന്‍വാങ്ങി. അസംഖ്യം തീവ്രവാദ ഗ്രൂപ്പുകള്‍ അവശേഷിച്ചു. ലിബിയ പല കഷ്ണമായി. സദ്ദാമിനെ തൂക്കിക്കൊന്നപ്പോള്‍ ഇറാഖ് ദൗത്യവും അവസാനിച്ചു. ശിയാക്കളും സുന്നികളും കുര്‍ദുകളും ആ രാജ്യം പങ്കിട്ടെടുത്തു. സ്വേച്ഛാധിപതിയായ അസദ് വീഴേണ്ടത് തന്നെയാണ്. റഷ്യയും അമേരിക്കയും ധാരണയിലെത്തിയാല്‍ അത് സംഭവിക്കാവുന്നതേയുള്ളൂ. എന്നിട്ടെന്ത് എന്നതാണ് ചോദ്യം. യമന്‍ മാതൃകയില്‍ സിറിയ വിഭജിക്കപ്പെട്ടേക്കാം. ആരൊക്കെയോ വിതറിയ ആയുധവുമായി നടക്കുന്ന, പരസ്പരം പോരടിക്കുന്ന ഗ്രൂപ്പുകളുടെ കോണ്‍ഫെഡറേഷനായി മാറിക്കഴിഞ്ഞ ഈ രാജ്യം അതിജീവിക്കുമോ? വീറ്റോ അധികാരത്തിന് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്ന യു എന്നില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാനാണ്? ബശാര്‍ അല്‍അസദിന്റെ പിടിവാശിക്ക് കാവല്‍ നില്‍ക്കുന്ന വ്‌ളാദ്മീര്‍ പുടിനും അസദിനെ താഴെയിറക്കിയിട്ടേ വിശ്രമമുള്ളൂ എന്ന് ശഠിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വവും അയല്‍ക്കാരെല്ലാം തങ്ങള്‍ക്ക് ഭീഷണിയാണെന്ന് സ്വയം സങ്കല്‍പ്പിച്ച് എല്ലാ തരത്തിലും കുത്തിത്തിരിപ്പുകള്‍ സൃഷ്ടിക്കുന്ന ജൂതരാഷ്ട്രവും ആത്യന്തികമായി, പുറത്തു നിന്നുള്ളവരില്‍ നിന്ന് ആളും അര്‍ത്ഥവും ആയുധവും വാങ്ങി സ്വന്തം നാട്ടില്‍ അരാജകത്വം വിതക്കുന്ന ഇസ്‌ലാമിസ്റ്റ്, വഹാബീ തീവ്രവാദ ഗ്രൂപ്പുകളും ഏത് അറേബ്യന്‍ സുഗന്ധം പൂശി ഈ ചോര മണം മറച്ചുവെക്കും? ആ മുല്ലപ്പൂവിന് ശവഗന്ധമായിരുന്നുവെന്ന് സിറിയയും വിളിച്ചു പറയുന്നു.

മുസ്തഫ പി എറയ്ക്കല്‍

You must be logged in to post a comment Login