സംഘ്പരിവാര്‍ തിരക്കഥയില്‍ ഉടുതുണിയഴിഞ്ഞ് സമുദായം

സംഘ്പരിവാര്‍ തിരക്കഥയില്‍ ഉടുതുണിയഴിഞ്ഞ് സമുദായം

കേരളത്തിലെ മുസ്‌ലിംകളെ കണ്ട് പഠിക്കാന്‍ ആരോടെക്കെയാണ് നമ്മള്‍ ഉപദേശിക്കാറ്! രാജ്യത്തെ ഇതര മുസ്‌ലിം സമൂഹത്തില്‍നിന്ന് വേറിട്ട സഞ്ചാരപഥം തിരഞ്ഞെടുത്ത കേരളീയ മുസ്‌ലിംകള്‍ പ്രബുദ്ധതയുടെയും പുരോഗതിയുടെയും മാതൃകയായാണ് വിശേഷിക്കപ്പെടാറുള്ളത്. എന്നാല്‍, അത്തരം വിശേഷണങ്ങള്‍ക്കൊന്നും നാം ഒരുനിലക്കും അര്‍ഹരല്ലെന്ന് രായ്ക്കുരാമാനം സ്വമേധയാ തെളിയിച്ചു. ആര്‍ക്കും കബളിപ്പിക്കാന്‍ സാധിക്കുന്ന, അശേഷം ജാഗ്രതയില്ലാത്ത, വികാരജീവികളായി തെരുവില്‍ അഴിഞ്ഞാടുന്ന ഒരു ജനതയാണെന്ന് തെളിയിക്കപ്പെട്ടപ്പോള്‍ ജാള്യം മറച്ചുപിടിക്കാനാവാതെ, മൗനത്തിന്റെ വാത്മീകത്തില്‍ ഒളിച്ചിരിക്കയാണിപ്പോള്‍ മുസ്‌ലിം നേതൃത്വം. സംഘ് പരിവാര്‍ പ്രവര്‍ത്തകന്മാര്‍ വിരിച്ച വൈകാരികതയുടെ വലയില്‍ സമുദായ യുവത്വം ഒരു മാര്‍ഗദര്‍ശനവും കിട്ടാതെ വീണുപോയി. എല്ലാറ്റിനുമൊടുവില്‍, മലപ്പുറത്തെയും കോഴിക്കോട്ടെയും കണ്ണൂരിലെയും ജയിലറകളില്‍ കുറെ മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് ഉറങ്ങാന്‍ സിമന്റ് തറ തരപ്പെട്ടു എന്നതിലൊതുങ്ങി ഒരു ജനാധിപത്യസമരത്തിന്റെ ദുര്‍ഗതി.

ജമ്മുവിലെ കത്വയില്‍ എട്ടുവയസ്സുകാരി അതിക്രൂരമായി കൊലചെയ്യപ്പെട്ടതിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ ലോകത്താകമാനം അത് പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു. യു.എന്‍ സെക്രട്ടറി ജനറല്‍ പോലും അതിഭീകരം എന്ന് വിശേഷിപ്പിച്ച സംഭവം സംഘ്പരിവാറിനെതിരെ ജനവികാരം തിളപ്പിച്ചുനിര്‍ത്തി. ജാതിയും മതവും നോക്കാതെ, പാതിരാവില്‍ പോലും പ്രതിഷേധങ്ങള്‍ നുരഞ്ഞുപൊങ്ങിയത് നരേന്ദ്രമോഡി ഭരണകൂടത്തെ ശക്തമായ പ്രതിരോധത്തില്‍ കൊണ്ടെത്തിച്ചു. അതിനിടയില്‍ വിദേശപര്യടനത്തിന് ഇറങ്ങിയ മോഡിക്ക് എവിടെയും സ്വസ്ഥമായി വിമാനമിറങ്ങാന്‍ കഴിഞ്ഞില്ല; ഗോബാക്ക് വിളികള്‍ അന്തരീക്ഷത്തില്‍ പ്രതിധ്വനി ഉയര്‍ത്തി. ലണ്ടനിലും സ്വീഡനിലും പ്രതിഷേധത്തില്‍ മുങ്ങിയ വരവേല്‍പ് മോഡിയെ ഞെട്ടിച്ചിട്ടുണ്ടാവണം. ഇന്ത്യയിലെ വന്‍നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ, കത്വയിലെ പെണ്‍കുട്ടിക്ക് വേണ്ടി ജനം ഉള്ളുരുകി പ്രാര്‍ഥിച്ചു. അവളുടെ പിഞ്ചുശരീരം പിച്ചിച്ചീന്തിയ കശ്മലന്മാര്‍ക്കെതിരെ ശാപവാക്കുകള്‍ നിതാന്തമായി വര്‍ഷിച്ചുകൊണ്ടിരുന്ന രാപ്പകലുകള്‍. വര്‍ഗീയമനസ്സോടെ, വെറുപ്പിന്റെ ഇന്ധനം കത്തിച്ച് ആ ബാലികയുടെ കഥ കഴിച്ചത് നികൃഷ്ടകൃത്യമെന്ന് ആര്‍.എസ്.എസുകാരല്ലാത്തവര്‍ മുഴുവനും ഒരുപോലെ വിളിച്ചുപറഞ്ഞു. സംഘ്പരിവാരം ഇതുപോലെ ഒറ്റപ്പെട്ട ഒരു കാലസന്ധി ഉണ്ടായിരുന്നില്ല. പെണ്‍കുട്ടി ഇത്രക്കു ക്രൂരമായി കൊല ചെയ്യപ്പെട്ടത് മുസ്‌ലിമായത് കൊണ്ട് മാത്രമാണെന്നും ഹിന്ദുത്വ വിതച്ച വിഷവിത്തുകള്‍ രാജ്യത്തെ മൊത്തം വിഷമയമാക്കുന്ന വടവൃക്ഷമായി വളര്‍ന്നിരിക്കയാണെന്നും വരെ വിലയിരുത്തപ്പെട്ട നിമിഷങ്ങള്‍.

ഹര്‍ത്താല്‍
ഈ സമയത്താണ് സോഷ്യല്‍ മീഡിയയിലൂടെ കത്വയിലെ പെണ്‍കുട്ടിയുടെ പേരില്‍ ഏപ്രില്‍ 16ന് തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിക്കുന്നുവെന്ന അറിയിപ്പുകള്‍ പ്രത്യക്ഷപ്പെടുന്നത്. ആരാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നതെന്നോ ഏത് തരത്തിലുള്ള പ്രതിഷേധമാണ് ആവിഷ്‌കരിക്കുന്നതെന്നോ അതില്‍ പറയുന്നില്ല. സമൂഹമാധ്യമങ്ങളുടെ ശക്തി ഒരിക്കല്‍ കൂടി കേരളീയജനത അറിയട്ടെ എന്ന ഒരാഹ്വാനവും ഒപ്പമുണ്ടായിരുന്നു. കേട്ടപാതി, കേള്‍ക്കാത്ത പാതി ‘ജനകീയ ഹര്‍ത്താല്‍’ എന്ന് പേരിട്ട് വാള്‍പോസ്റ്റുകള്‍ കത്വ പെണ്‍കുട്ടിക്കു വേണ്ടി അന്നേ ദിവസം തെരുവില്‍ നിറഞ്ഞു. ഞായറാഴ്ച വിഷുവായത് കൊണ്ട് ഒരുദിവസം പത്രം മുടങ്ങിയതിനാല്‍ ഇങ്ങനെയൊരു സന്ദേശത്തെ കുറിച്ച് കൂടുതല്‍ ചര്‍ച്ചയൊന്നുമുണ്ടായില്ല. ഒരൊറ്റ ചാനലും ആ വഴിക്ക് തിരിഞ്ഞുനോക്കിയതുമില്ല. പക്ഷേ, ഒരു കൂട്ടം ചെറുപ്പക്കാര്‍ അരയും തലയും മുറുക്കി. സംഭവിച്ചത് അത് തന്നെയായിരുന്നു. മുസ്‌ലിം സമൂഹത്തിന്റെ പ്രതിരോധവാലും ബൗദ്ധിക തലയും ഇസ്‌ലാമിക കാല്‍പനികതയുമൊക്കെ ഒരേ ലക്ഷ്യത്തിന് മുന്നിട്ടിറങ്ങിയപ്പോള്‍ ന്യൂജനറേഷന്‍ പൊലീസ് സ്റ്റേഷനിലേക്ക് നേരിട്ട് ഇരച്ചുകയറി. അവര്‍ ജിഹാദിനെ കുറിച്ച് കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ. സ്വസമുദായത്തിലെ ഒരു ബാലിക ആര്‍.എസ്.എസുകാരാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട് ജീവന്‍ വെടിഞ്ഞുവെന്ന ചിന്തയില്‍നിന്ന് ഉറവയെടുത്ത രോഷം സമനില തെറ്റി. ഒരു സംഘടനയുടെ അല്ലെങ്കില്‍ നേതാവിന്റെ അനിവാര്യത ആവശ്യപ്പെടുന്ന രംഗമാണ് അത്. വാട്‌സ്ആപ്പും ഗൂഗിളും മാര്‍ഗദര്‍ശികളായി മുന്നില്‍ വരുകയും സംഘടിത നേതൃത്വം ഒന്നിനും കൊള്ളാത്തവരായി സ്വയം വിധി എഴുതുകയും ചെയ്യുന്ന അപകടകരമായ സാഹചര്യം അക്രമത്തിലേക്കും ഏറ്റുമുട്ടലിലേക്കും തള്ളിവിടുകയായിരുന്നു. അങ്ങനെ ജനകീയ ഹര്‍ത്താല്‍ തീവ്രവാദികളുടെ ഹര്‍ത്താലാക്കി മാറ്റപ്പെടുന്നു. സി.പി.എമ്മോ കോണ്‍ഗ്രസോ 24മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തി ജനജീവിതത്തെ കൈയിലെടുത്താല്‍ അത് ജനാധിപത്യമതേതര ഹര്‍ത്താലായേ നമ്മുടെ മാധ്യമങ്ങള്‍ വിശേഷണം ചാര്‍ത്തൂ. മുസ്‌ലിം സമൂഹത്തിലെ ചെറുപ്പക്കാര്‍ അത്തരമൊരു ഹര്‍ത്താലിന് ഇറങ്ങിത്തിരിച്ചാല്‍ അത് ഭീകരവാദികളുടെ ഹര്‍ത്താലാവുക എളുപ്പം. അതിനു വഴിയൊരുക്കിക്കൊടുക്കുന്നതാവട്ടെ, സമീപകാലത്ത് കേരളീയ മുസ്‌ലിം സമൂഹത്തിന് ‘പുതിയ’ ദിശ കാട്ടിക്കൊടുത്തുകൊണ്ടിരിക്കുന്ന ആത്യന്തിക ചിന്താഗതിക്കാരും ബുദ്ധികൊണ്ട് അനുഗ്രഹിക്കപ്പെട്ടവര്‍ എന്ന് സ്വയം കരുതുന്ന ചില സംഘടനകളും.
ഹര്‍ത്താലിന്റെ പോക്ക് ശരിയല്ല എന്ന് കണ്ടപ്പോള്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ.പി.എ മജീദ് പാര്‍ട്ടിക്ക് പ്രതിഷേധവുമായി ബന്ധമില്ല എന്ന് അറിയിച്ചുകൊണ്ട് രംഗത്തെത്തെയെങ്കിലും അപ്പോഴേക്കും അണികള്‍ ‘കടമ’ പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു. കത്വയിലെ പെണ്‍കുട്ടിക്കു വേണ്ടി ശബ്ദിക്കാന്‍ ഞങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് അര്‍ഹത എന്ന ചിന്തയോടെ മലപ്പുറത്തിന്റെ പല ഭാഗങ്ങളിലും അക്രമങ്ങള്‍ അഴിച്ചുവിട്ടു. കണ്ണൂരില്‍ പൊലീസ് സ്റ്റേഷനിലേക്ക് യുവാക്കള്‍ ഇരച്ചുകയറി. ബസുകള്‍ക്ക് കല്ലെറിഞ്ഞു. കടകള്‍ നിര്‍ബന്ധപൂര്‍വം അടപ്പിച്ചു. താനൂരില്‍ ബേക്കറികള്‍ അടക്കം 35സ്ഥാപനങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ നശിപ്പിച്ചു. തിരൂരിലും താനൂരിലും നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടിവന്നു. പൊലീസുമായി ഏറ്റുമുട്ടേണ്ടിവന്ന കുറെ ചെറുപ്പക്കാര്‍ ആശുപത്രിയിലായി. അതിനെക്കാളേറെ ജയിലിലും. അപ്പോഴും ‘നാഥനില്ലാത്ത’ ഹര്‍ത്താലിന്റെ മഹിമയെ കുറിച്ചാണ് എല്ലാവരും ഊറ്റം കൊണ്ടത്. ‘സോഷ്യല്‍ മീഡിയയിലുടെ യുവജനങ്ങള്‍ ആഹ്വാനം ചെയ്തു വിജയിപ്പിച്ച ഹര്‍ത്താലിന്റെ വികാരം ഉള്‍ക്കൊള്ളാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ബാധ്യതയുണ്ടെന്നാണ് എസ്.ഡി.പി.ഐ നേതാവ് ഓര്‍മപ്പെടുത്തിയത്. ആരാണ് ഈ ‘യുവജനങ്ങള്‍’. ഏതാണീ രാഷ്ട്രീയപാര്‍ട്ടികള്‍? പിറ്റേദിവസം മുതല്‍ ആ വന്‍വിജയത്തിന്റെ പൊരുള്‍ മലബാറിലുടനീളം ബോധ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ അടക്കം ജയിലില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം തടവിലാക്കപ്പെട്ട ദുരവസ്ഥ. അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് തിരിക്കേണ്ട എത്രയോ യുവാക്കള്‍ കൂട്ടിലായി. ‘ലോകത്ത് രൂപപ്പെട്ടുവരുന്ന ജനസഞ്ചയ രാഷ്ട്രീയത്തിന്റെ ലക്ഷണങ്ങള്‍ ഈ വാട്‌സ് ആപ്പ് ഹര്‍ത്താലില്‍ കാണുന്ന നിരീക്ഷകരുണ്ട്’ എന്നും ‘പരമ്പരാഗത രാഷ്ട്രീയനേതൃത്വത്തിന്റെ നിയന്ത്രണ മേഖലകള്‍ക്ക് പുറത്ത്, അരികുവത്കരിക്കപ്പെട്ടവരും അസംതൃപ്തരുമായ ജനങ്ങള്‍ രാഷ്ട്രീയ വ്യവഹാരത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക് വരുന്ന പ്രതിഭാസത്തെയാണ് ജനസഞ്ചയ രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്നതെന്നും’ വലിയ ബുദ്ധിജീവികള്‍ കുറിച്ചു. ‘കേരളം ലക്ഷ്യംവെച്ചുള്ള സംഘ്പരിവാര്‍ ഗൂഢാലോചനയെ കുറിച്ച് ആശങ്കയുള്ള ജനാധിപത്യ വിശ്വാസികളെല്ലാം ഐക്യപ്പെടേണ്ട സന്ദര്‍ഭമാണിതെന്ന്’ യുവജന നേതാക്കളുടെ വാക്കുകള്‍ അറം പറ്റിയത് പോലെ.

മിണ്ടാട്ടം നഷ്ടപ്പെട്ട സമുദായം
ഏതാനും സംഘപരിവാര്‍ ഗുണ്ടകള്‍ വിരിക്കുന്ന വലയില്‍ കുടുങ്ങാന്‍ മാത്രമുള്ള ജാഗ്രതയേ മുസ്‌ലിംകള്‍ക്കുള്ളൂ എന്ന് തെളിയിക്കപ്പെട്ടപ്പോള്‍ വിവേകത്തിന്റെയും സംയമനത്തിന്റെയും ശൈലി കൈവിടുന്ന സാമുദായികതാവാദത്തിന്റെ അപകടമുഖം തിരിച്ചറിയപ്പെട്ടു. കത്വയിലെ പെണ്‍കുട്ടിയെ എത്ര പെട്ടെന്നാണ് ഈ ഹര്‍ത്താലുകാര്‍ ഒരു മുസ്‌ലിം പെണ്ണാക്കി മാറ്റിയെടുത്തത്. അതുവരെ അവള്‍ ഈ മഹാരാജ്യത്തിന്റെ ഓമനപുത്രിയായിരുന്നു. എല്ലാ ജനവിഭാഗങ്ങളും അവള്‍ക്ക് വേണ്ടി കരളുരുകി; പ്രാര്‍ഥിച്ചു. എന്നാല്‍, കേരളത്തിലെ ആത്യന്തികവാദികള്‍ അവളെ അക്രമത്തിലൂടെ തട്ടിയെടുത്തതോടെ സ്ഥിതിയാകെ മാറി.

കത്വയിലെ പെണ്‍കുട്ടിയെ കുറിച്ച് മിണ്ടുന്നത് പോലും മഹാഅപരാധമായി ഭരണകുടം കണ്ടു. അവളുടെ പേര് ഉച്ചരിച്ചവരെയും ചിത്രം പിടിച്ച് നടന്നവരെയും പോക്‌സോ നിയമപ്രകാരം കേസെടുക്കുന്ന വിചിത്രാനുഭവങ്ങള്‍ പോലുമുണ്ടായി. മലപ്പുറത്തെ പൊലീസ് നരനായാട്ടിനെ കുറിച്ചായി സമുദായത്തിന്റെ അടുത്ത പരിദേവനം. പിണറായി സര്‍ക്കാര്‍ ബി.ജെ.പി സര്‍ക്കാരിനെക്കാള്‍ മുസ്‌ലിം വിരുദ്ധരാണെന്ന് വരെ ചില നേതാക്കള്‍ അലമുറയിട്ടു. വടക്കുനിന്ന് ഉന്നത സോപാനത്തിലെത്തിയ പൊലീസ് അധികാരികളാവട്ടെ, ഭരിക്കുന്നത് ഇടതുസര്‍ക്കാരാണെന്ന് പോലും മറന്ന് മലപ്പുറത്തെ ദേശീയതലത്തില്‍ അവതരിപ്പിച്ചപ്പോള്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മേധാവി ‘ഭീകരവാദികളുടെ’ വിളയാട്ടം നേരിട്ടു കാണാന്‍ അനന്തപുരിയിലേക്ക് പറന്നെത്തി. എല്ലാറ്റിന്റെയും പിന്നില്‍ വിദേശശക്തികളാണെന്ന് പെരുമ്പറയടിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നിരത്തിയപ്പോള്‍ സര്‍ക്കാര്‍ പോലും പ്രതിരോധത്തിലായി. അറസ്റ്റും തുറുങ്കുമൊക്കെയേ പോംവഴിയുണ്ടായിരുന്നുള്ളൂ. മലപ്പുറം ജില്ലയിലെ ജയിലുകള്‍ നിറഞ്ഞപ്പോള്‍ കോഴിക്കോട്ടേക്ക് ആളെ കയറ്റിയയക്കുന്ന അവസ്ഥ. മലബാര്‍ സ്‌പെഷല്‍ പൊലീസിന്റെ കിരാതവാഴ്ച കണ്ട് വളര്‍ന്ന പഴയ തലമുറയുടെ ഓര്‍മകള്‍ പിറകോട്ടേക്ക് ചിറകിട്ടടിച്ചു പറന്നപ്പോള്‍ പുതിയ തലമുറ അന്തം വിട്ട്, പരിഭ്രാന്തരായി ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടി. ആരാണ് ഈ സ്ഥിതി വിശേഷത്തിനു ഉത്തരവാദി എന്ന ചോദ്യത്തിനു ആര്‍ക്കും ഉത്തരമുണ്ടായിരുന്നില്ല. താനൂരിലും തിരൂരിലും ദിവസങ്ങളോളം തുടര്‍ന്ന നിരോധനാജ്ഞ മലപ്പുറത്തെ കുറിച്ച് പൊതുവെ വെച്ചുപുലര്‍ത്തിയ ധാരണകള്‍ തിരുത്തുകയാണോ എന്ന ഉത്കണ്ഠ പരന്നു. അതിനിടയില്‍, എസ്.ഡി.പി.ഐക്കാര്‍ സംഘ്പരിവാറിനെതിരെ പടഹധ്വനി ഉയര്‍ത്താന്‍ പോവുകയാണെന്ന ഭീതിയില്‍ പൊലീസ് കോഴിക്കോട്ട് ഒരാഴ്ചത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചത് മലബാറിന്റെ സല്‍പേരിന് കളങ്കം ചാര്‍ത്തി.

എല്ലാം കഴിഞ്ഞപ്പോഴാണ് മലപ്പുറത്തെ ഏതാനും പൊലീസ് മേധാവികളുടെ ബുദ്ധിപൂര്‍വമായ അന്വേഷണത്തിലൂടെ അപഖ്യാപിത ഹര്‍ത്താലിനു പിന്നിലെ സൂത്രധാരന്മാരെ പിടിക്കുന്നത്. ആസൂത്രിതമായ നീക്കത്തിലൂടെ മുസ്‌ലിം ജനസാമാന്യത്തെ വെട്ടില്‍ വീഴ്ത്തുകയായിരുന്നു ഈ ആറ് യുവാക്കള്‍. അന്തരീക്ഷം കലക്കി മീന്‍ പിടിക്കാന്‍ മേലാളന്മാര്‍ നല്‍കിയ ഉത്തരവ് ‘ശാഖകളി’ലുടെ മതിയായ പരിശീലനം ലഭിച്ച ഇക്കൂട്ടര്‍ വിജയപ്രദമായി നടപ്പാക്കിയപ്പോള്‍ നാണംകെട്ട് ഉടുതുണി അഴിഞ്ഞുവീണത് സമുദായത്തിന്റെ തന്നെ. കാവിപ്പിള്ളേരുടെ കെണിവെപ്പില്‍ മുഖം കുത്തി വീണ മുസ്‌ലിം നേതൃത്വത്തിന് പിന്നീട് ഒന്നും പറയാനുണ്ടായിരുന്നില്ല. തങ്ങളുടെ ആവേശവും പ്രതിഷേധവുമൊക്കെ വൃഥാവിലാണെന്ന് കണ്ടപ്പോള്‍ വീണ്ടും സര്‍ക്കാരിനെതിരെ തിരിഞ്ഞു. എന്നാല്‍ ആര്‍.എസ്.എസിന്റെ കുല്‍സിത നീക്കം പുറത്തുവന്നത് സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാറിന്റെ മികവാണെന്നത് അവര്‍ മനസ്സിലാക്കിയില്ല. മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഇത്തരം കാവിനീക്കങ്ങള്‍ ഉണ്ടായപ്പോഴൊന്നും പ്രതികള്‍ തുറന്നുകാട്ടപ്പെട്ടില്ല എന്നോര്‍ക്കണം. മുസ്‌ലിം ലീഗിന് സമുദായത്തോട് സ്‌നേഹം മൂത്ത കാലമായിരുന്നിട്ടും കാവിഭീകരത ഇവിടെ തുടര്‍ക്കഥയായിരുന്നു. എന്തുതന്നെയായാലും ഈ അപ്രഖ്യാപിത ഹര്‍ത്താല്‍ സമുദായത്തെ കുറെ പാഠം പഠിപ്പിച്ചു. ശരിയായ സാമൂഹിക നവോത്ഥാനത്തിന്റെയും ദര്‍ശനത്തിന്റെയും വഴി വൈകാരികതയുടേതല്ലെന്ന് തന്നെയായിരുന്നു അതിലെ പ്രധാന അധ്യായം.

ശാഹിദ്‌

You must be logged in to post a comment Login