കലക്കിക്കളയുന്ന സത്യം

കലക്കിക്കളയുന്ന സത്യം

നന്മയും തിന്മയും കൂട്ടിക്കലര്‍ത്തരുത്. രണ്ടുംകൂടി ഒരുപോലെ ഒരാളില്‍ ഉണ്ടാവില്ല. ഒന്നുകില്‍ നന്മ കൂടുതലാവും. അപ്പോള്‍ തിന്മ സ്ഥിരമായുണ്ടാകില്ല. അതല്ലെങ്കില്‍ തിന്മയേറിയ ജീവിതമാവും. നന്മയുടെ ലാഞ്ചന എവിടെയെങ്കിലുമൊക്കെയുണ്ടാവും.
സത്യസന്ധരായി വേഷമിടുന്നവര്‍ പെരുമാറ്റ രീതികളും ജീവിത ശൈലികളുംകൊണ്ട് പല കള്ളത്തരങ്ങളെയും ജനങ്ങള്‍ക്കുമുമ്പില്‍ മറച്ചുപിടിക്കുന്നു. അല്ലെങ്കില്‍ അവ സത്യമാണെന്ന് തോന്നിപ്പിക്കുന്നു. അറിവുള്ളവര്‍ ഇല്ലാത്തവരെ പിഴപ്പിക്കുന്നത് ഇങ്ങനെയാണ്.
ഖുര്‍ആന്റെ താല്‍പര്യം കാണുക: ‘സത്യത്തെ അസത്യവുമായി നിങ്ങള്‍ കൂട്ടിക്കലര്‍ത്തരുത്. അറിഞ്ഞുകൊണ്ട് സത്യത്തെ(യാഥാര്‍ത്ഥ്യത്തെ) മറച്ചുവെക്കുകയുമരുത്’ (സൂറത്തുല്‍ബഖറ/ 142).

ശരിയും തെറ്റും ഒന്നല്ല. സത്യവും കളവും ഒരു തുലാസിന്റെ ഇരുതട്ടുകളാണ്.
മാലാഖയോളം മനുഷ്യത്വത്തെ മഹത്വപ്പെടുത്തുന്നതാണ് സത്യസന്ധത. തെറ്റ് ചെയ്യില്ല മാലാഖമാര്‍. എന്തുകല്‍പിച്ചോ അതിലായിരിക്കും അവരെപ്പോഴും. മറ്റുകാര്യങ്ങളില്‍ അവര്‍ക്ക് ഏര്‍പെടാനാവില്ല. മനുഷ്യരും ഭൂതവര്‍ഗവും അങ്ങനെയല്ല. അവര്‍ക്ക് തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യമുണ്ട്. അങ്ങനെ തിരഞ്ഞെടുക്കുമ്പോള്‍ തെറ്റുപിണയാതിരിക്കണമല്ലോ. അതിനാണ് ഒരു ലക്ഷത്തി ഇരുപത്തിനാലായിരം ദൂതന്മാര്‍. അവര്‍ വഴികാണിക്കുന്നു.
അറിവു കുറഞ്ഞവരെയും, പാമരന്മാരെയും പറ്റിക്കരുത് എന്നാണ് സൂക്ത ശാസന. പിഴപ്പിക്കപ്പെടുന്നത് സത്യാസത്യവിവേചനം സാധ്യമാകാത്തപ്പോഴാണ്. രണ്ട് രീതിയിലാണ് ഇത് സംഭവിക്കുക. ഒന്ന് സത്യത്തിന്റെ ലക്ഷണങ്ങളെയും സത്യസരണിയെയും മനസിലാക്കിയവര്‍ക്കുമുന്നില്‍ അതേക്കുറിച്ച് ആശയക്കുഴപ്പങ്ങളും വക്രതകളും സൃഷ്ടിക്കുക. രണ്ടാമതായി, ലക്ഷ്യം മുന്നില്‍കാണുന്നവര്‍ക്കു മുമ്പില്‍ മാര്‍ഗഭ്രംശമായി വന്ന് ലക്ഷ്യത്തില്‍നിന്ന് അവരെ തെറ്റിച്ചുവിടുക. അങ്ങനെയുള്ള വഴിതിരിയലാകട്ടെ, നിദാന്തപരാജയത്തിലേക്കും എത്തിക്കുന്നു. ഇവിടെ ഒന്നാമത് പറഞ്ഞ ആശയ’കുഴപ്പമുണ്ടാക്കുക’ എന്നത് ആയത്തില്‍ ആദ്യഭാഗത്തുനിന്ന് വന്നതാണ്. ‘വലാ തല്‍ബിസുല്‍ഹഖ്’ എന്നതിന്റെ താല്‍പര്യങ്ങളിലൊന്ന് അതാണ്. ‘ലിബാസ്’ – വസ്ത്രമെന്ന് മൊഴിമാറ്റം. ധരിക്കുന്നത് ശരീരഭാഗങ്ങളെ മറ്റുള്ളവര്‍ കാണാതിരിക്കുന്നതിനാണ്. അവയവങ്ങളുടെ നിറവും കോലവും ദൃഢതയും മാര്‍ദവവും ഭംഗിയും അഭംഗിയുമൊക്കെ മറച്ചുവെക്കുന്നത് ധരിച്ചിരിക്കുന്ന വസ്ത്രങ്ങളാണ്. വസ്ത്രമില്ലായിരുന്നുവെങ്കില്‍ എല്ലാം വെളിവാകുമായിരുന്നു. ഇവിടെ ഉപമയുടെ ഉദ്ദേശ്യം അങ്ങനെയല്ല. ബാഹ്യശരീരത്തെ ലിബാസില്‍ മൂടുമ്പോള്‍ ആര്‍ക്കും അകത്തുള്ളത് കാണാന്‍ കഴിയുന്നില്ല എന്നത് ബുദ്ധിക്ക് ബോധ്യപ്പെടുന്നതുപോലെ സത്യത്തെ മൂടിയിട്ടിരിക്കുന്ന മേലാപ്പുകള്‍ കള്ളത്തരങ്ങളാണ്. സത്യം ശരീരവും. മിഥ്യാധാരണകള്‍കൊണ്ട് യാഥാര്‍ത്ഥ്യത്തെ മറച്ചുപിടിക്കുവാന്‍ അവര്‍ ശ്രമിക്കുന്നു. ഇതിനെയാണ് വിശുദ്ധഖുര്‍ആന്‍ എതിര്‍ത്തുപറഞ്ഞത്. ഇനി ‘ലബ്‌സ്’ എന്ന വ്യാഖ്യാനവും ഇപ്രകാരം തന്നെ. കലര്‍പ്പുകള്‍ ഉണ്ടായാല്‍ തന്നെ തിരിച്ചറിയാനും വേര്‍തിരിച്ചെടുക്കാനും പ്രയാസമാണ്. വെള്ളത്തില്‍ കലര്‍ന്നുപോയ പഞ്ചസാരയും പാലും വീണ്ടും പഴയപടിയാക്കാന്‍ പറഞ്ഞപോലെയാവുമത്. കയ്യില്‍ തന്ന ചായ, പഴയപടി വെള്ളവും പാലും പഞ്ചസാരയും തേയിലയുമായി വേര്‍തിരിക്കുന്നതിനെക്കാള്‍ പ്രയാസമാണ് സത്യവും അസത്യവുമായുള്ള കൂടിക്കലരല്‍. ഇല്‍തിബാസ്. വേര്‍തിരിച്ച് മനസിലാക്കിയെടുക്കുന്നത് പോയിട്ട് വേര്‍പിരിക്കേണ്ടതാണെന്ന ചിന്ത പോലും ഉണ്ടാകാത്ത വിധത്തിലാണ് ഇവിടെ കൂടിക്കലര്‍പ്പുകള്‍ വന്നത്.
സത്യം(ഹഖ്) അചഞ്ചലമാണ്. നമ്മള്‍ ഒരു സംഭവത്തിന് സാക്ഷിയായെന്ന് സങ്കല്‍പിക്കുക. ഓരോരുത്തരും അവര്‍ കണ്ടത് പിന്നീട് പറയാന്‍ തുടങ്ങി. കൂട്ടത്തില്‍ യഥാര്‍ത്ഥ സംഭവത്തെ അതേപോലെ പറയുന്നവരുണ്ടാകും. ചിലര്‍ അല്‍പം ഒഴിവാക്കിയോ, ചിലത് കൂട്ടിച്ചേര്‍ത്തോ പറയും. എന്നാല്‍ പ്രഥമ ഘട്ടത്തിലേ നില്‍ക്കുന്ന സത്യം അവിടെ ഉണ്ടുതാനും. അത് കണ്ടെത്തുന്നതിന് പറഞ്ഞയാളെ നോക്കിയാല്‍ മതി. സത്യസന്ധനായി ലോകം അംഗീകരിച്ചവന്റെ വാക്കുകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നവന്‍ യാഥാര്‍ത്ഥ്യത്തിലേക്ക് മടങ്ങുന്നു. അല്ലാത്ത വഴികള്‍ മുറിഞ്ഞുപോകുകയോ അനേകായിരമായി പിരിഞ്ഞുപോവുകയോ ചെയ്യുന്നു.

തൗറാത്തിലെ ചില സംഭവങ്ങളെ യഹൂദികള്‍ പിന്നീട് വക്രീകരിച്ചു. മറ്റുള്ളതിനെ അതേപടി നിലനിര്‍ത്തുകയും ചെയ്തു. അന്ത്യദൂതര്‍ തിരുനബിയുടെ(സ) വരവും അവിടുത്തെ വിശേഷണങ്ങളെയും പരിചയപ്പെടുത്തുന്ന വരികളെ തൗറാത്തില്‍നിന്നും അവര്‍ മുറിച്ചുമാറ്റി. അതേസമയം മറ്റുപലതിനെയും അതേപടി നിലനിര്‍ത്തുകയും ചെയ്തു. സാധാരണക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍വേണ്ടി അവര്‍ നടത്തിയ കലര്‍പ്പാണിത്. നോക്കുമ്പോള്‍ തൗറാത്തിലെ വചനങ്ങള്‍ അതേപടിയുണ്ട്. അപ്പോള്‍ ഇതുതന്നെയാണ് അവതീര്‍ണ ഗ്രന്ഥമെന്ന് അവര്‍ മനസിലാക്കും. ഒഴിവാക്കപ്പെട്ടത് മനസിലാവുകയോ വെട്ടിത്തിരുത്തല്‍ നടത്തിയതായി അറിയുകയോ ചെയ്യുന്നില്ല. സ്ഥാനമോഹങ്ങള്‍ക്കും പേരും പെരുമയ്ക്കുമായി അവര്‍ കാട്ടിക്കൂട്ടുന്ന കാര്യങ്ങളില്‍ സാധാരണക്കാര്‍ കുടുങ്ങിപ്പോകുന്നു. ഇവരാകട്ടെ ചിന്തിക്കുന്നുമില്ല. ജൂതന്മാര്‍ കാണിച്ച ഇപ്പണി ഖുര്‍ആന്‍ പലയിടങ്ങളിലും പ്രത്യക്ഷമായും പരോക്ഷമായും വിശദീകരിക്കുന്നുണ്ട്.

സുബോധത്തോടെ ചെയ്തതാണ് ഇതൊക്കെ. ലക്ഷ്യം ഇസ്‌ലാമിനെ തിരസ്‌കരിക്കലും മുഹമ്മദ് നബിയെ(സ) തെറ്റായി മനസിലാവക്കുമാണ്. തഹ്രീഫ്- പൊളിച്ചെഴുതല്‍, മാറ്റിത്തിരുത്തല്‍ അവര്‍ മുഖമുദ്രയാക്കിയിരുന്നു. ഖുര്‍ആനിക വചനങ്ങളില്‍വന്ന ആശയങ്ങളെ കളവാക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. നബിയോട്(സ) അനുചരര്‍ കാണിച്ചിരുന്ന മര്യാദ അവരെ ചൊടിപ്പിച്ചു. ”റാഇനാ യാ റസൂലല്ലാഹ്”(ഞങ്ങളിലേക്ക് നോക്കിയാലും നബിയേ) എന്ന അര്‍ത്ഥത്തില്‍ സ്വഹാബത്ത് തിരുനബിയെ(സ) അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ജൂതന്മാര്‍ അവസരം മുതലെടുത്ത് ‘റാഇനാ’ എന്ന പദം പ്രയോഗിച്ച് തിരുനബിയെ(സ)അഭിസംബോധനചെയ്യാന്‍ തീരുമാനിച്ചു. അവര്‍ കണ്ട അര്‍ത്ഥം ”റുഈനത്ത്”- വിഡ്ഢിത്വത്തില്‍ നിന്ന് നിഷ്പന്നമായ ‘റാഈ’ എന്ന അര്‍ത്ഥമാണ്. ഖുര്‍ആന്‍ ഇടപെട്ടു. അല്ലാഹു വിശ്വാസികളോട് പറഞ്ഞു: ‘നിങ്ങള്‍ റാഇനാ പറഞ്ഞ് വിളിക്കരുത്. പകരം ഉന്‍ളുര്‍നാ പറഞ്ഞ് വിളിച്ചോളൂ.’

സൂക്തത്തിലെ രണ്ടാം ഭാഗം യാഥാര്‍ത്ഥ്യത്തെ മറച്ചുവെക്കരുത് എന്നതാണ്. അഭിസംബോധിതര്‍ ജൂതന്മാരാണ്. വേദക്കാരും. പരലോകത്തെ വേദനാജനകമായ ശിക്ഷ അവര്‍ക്ക് അറിവുള്ളതാണ്. മുന്നേ കല്‍പന നല്‍കപ്പെട്ടതും. പരലോക ജീവിതത്തെ കുറിച്ച് അവര്‍ അജ്ഞരല്ല. പരശ്ശതം ദൂതന്മാരെ അവര്‍ക്ക് സത്യബോധം നല്‍കാനായി വിട്ടതാണ്. എന്നിട്ടും തങ്ങളുടെ പ്രവൃത്തികളുടെ മേല്‍ അവര്‍ തുടരുന്നു. അത് തെറ്റാണെന്ന് പൂര്‍ണമായി ബോധ്യപ്പെട്ടിട്ടും ഇതാണവസ്ഥ. ബോധ്യമായിട്ടും ഹഖിനെ മറച്ചുവെക്കുന്നത് എന്ന് പറഞ്ഞിരിക്കുന്നതിന്റെ ഉദ്ദേശ്യം ഇതാണ്.

മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി

You must be logged in to post a comment Login