തിലാവതുല്‍ ഖുര്‍ആന്‍; വ്രതനാളിലെ വിശുദ്ധ കര്‍മം

തിലാവതുല്‍ ഖുര്‍ആന്‍; വ്രതനാളിലെ വിശുദ്ധ കര്‍മം

മനുഷ്യന്‍ അല്ലാഹുവിന്റെ അടിമയാണ്. ഉടമയായ സ്രഷ്ടാവിന്റെ ആജ്ഞകളും വിരോധനകളും മാനിച്ച് അനുസരണയുള്ള അടിമയാവുമ്പോഴേ സൃഷ്ടിപ്പിന്റെ യാഥാര്‍ത്ഥ്യത്തെ സാക്ഷാത്കരിക്കാനാവുകയുള്ളൂ. നശ്വരമായ ഇഹജീവിതത്തില്‍, പരലോകത്തേക്കുള്ള വിളവെടുപ്പിനാവശ്യമായ സര്‍വ കാര്യങ്ങളിലുമിടപെട്ട് ഭാവിജീവിതത്തിന്റെ ഭാസുരതക്കു വേണ്ടി കര്‍മങ്ങളെ ക്രിയാത്മകമായി ചിട്ടപ്പെടുത്താനാണ് ഒരു വിശ്വാസി തയാറാവേണ്ടത്. ആ രൂപത്തില്‍ പ്രതിഫലാര്‍ഹമായ പുണ്യങ്ങള്‍ ചെയ്യാനും മനസ് ശുദ്ധിയാക്കാനുമായി സ്രഷ്ടാവ് അടിമകള്‍ക്കായി നിരവധി അവസരങ്ങളൊരുക്കിയിട്ടുണ്ട്. അതില്‍ മഹത്തായ ഒരവസരമാണ് പരിശുദ്ധ റമളാന്‍. റമളാന്‍ സമാഗതമാകുന്നതിനു മുമ്പേ നിരവധി മഹത്തായ കര്‍മങ്ങളനുഷ്ഠിച്ച് ആത്മീയമായ മുന്നേറ്റത്തിനൊരുങ്ങാന്‍ വിശ്വാസി തയാറാവേണ്ടതുണ്ട്. അതിനുത്തമമായ കര്‍മമാണ് വിശുദ്ധ ഖുര്‍ആന്‍ പാരായണവും അനുബന്ധമായ പ്രവര്‍ത്തനങ്ങളും.
നാലു വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം ഇസ്‌ലാമിക അടിസ്ഥാന ആശയങ്ങളിലൊന്നാണ്. ഈ വേദഗ്രന്ഥങ്ങളുടെയെല്ലാം പുരാവൃത്തം വിശുദ്ധ റമളാനുമായി ബന്ധപ്പെട്ടിരിക്കുന്നു. വിശുദ്ധഖുര്‍ആന്‍ പോലെ പൂര്‍വവേദ ഗ്രന്ഥങ്ങളുടെയും അവതരണം റമളാനിലായിരുന്നുവെന്നാണ് ചരിത്രം. തൗറാത്ത് റമളാന്‍ ആറിനും ഇഞ്ചീല്‍ പന്ത്രണ്ടിനും സബൂര്‍ പതിനെട്ടിനുമാണ് അവതരിച്ചത്(1). ഇന്ന് അവലംബിക്കാവുന്ന ഏകവേദഗ്രന്ഥമെന്ന നിലയ്ക്ക് ഈ വിശുദ്ധ വേളയില്‍ ഖുര്‍ആനും സമകാലിക സമൂഹവും തമ്മിലുള്ള പാരസ്പര്യവും വിശുദ്ധഗ്രന്ഥത്തിന്റെ പാരായണ പ്രാധാന്യവും പ്രതിഫലവും പവിത്രതയും പരിശോധിക്കുന്നത് സംഗതമായിരിക്കും. പഴയകാല മുസ്‌ലിം മുന്നേറ്റ ചരിത്രത്തില്‍ മൂലധനമായി വര്‍ത്തിച്ചതും ഇസ്‌ലാമിക നാഗരികതയുടെ പിന്നില്‍ പ്രചോദനമായതും നിരവധി ധര്‍മ പോരാട്ടങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും പിന്നില്‍ വിജയശക്തി പകര്‍ന്നതും വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങളും മാര്‍ഗദര്‍ശനങ്ങളുമായിരുന്നു.

മഴ ഭൂമിക്ക് വസന്തമായത് പോലെ വിശുദ്ധ ഖുര്‍ആന്‍ വിശ്വാസിക്ക് വസന്തമാണ്. മാലിക് ബ്‌നു ദീനാറിന്റെ(റ) ഈ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്നത് ഖുര്‍ആനിന്റെ മാസ്മരികതയാണ്. നിരന്തരം ഖുര്‍ആന്‍ പാരായണത്തിലൂടെ ആ ഹൃദയ വസന്തം നാം കരസ്ഥമാക്കണം. ആ ദിവ്യ ദൃഷ്ടാന്തം നമുക്ക് എല്ലാറ്റിനുമുള്ള പരിഹാരമാണ്, ഔഷധമാണ്. വിശുദ്ധ ഖുര്‍ആന്‍ സൗഭാഗ്യത്തിന്റെ തെളിനീരുറവയാണ്. ശാരീരിക രോഗങ്ങള്‍ക്കും മാനസിക പ്രശ്നങ്ങള്‍ക്കും ജീവിത ഐശ്വര്യത്തിനും ശാന്തി സമാധാനത്തിനും ഖുര്‍ആനിനെ വെല്ലുന്ന ഒരു ശക്തി ഇല്ല. അത്രത്തോളം ജീവിത സമൃദ്ധിയുടെ നിലക്കാത്ത പ്രവാഹം കൂടിയാണ് പരിശുദ്ധമായ ഖുര്‍ആന്‍. വിശുദ്ധ ഖുര്‍ആനിന്റെ ആശയവിശാലതയും അര്‍ത്ഥവ്യാപ്തിയും വ്യാഖ്യാനസൗന്ദര്യ സൗരഭ്യവുമെല്ലാം വിശ്വാസിയുടെ ഹൃദയത്തെയും ജീവിതത്തെയും നേര്‍വഴിക്ക് നടത്തുന്നു. വിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ടു എന്നതാണല്ലോ റമളാന്‍ മാസത്തെ മറ്റു മാസങ്ങളില്‍ നിന്നും പവിത്രതയുള്ളതായി വേറിട്ടു നിര്‍ത്തുന്നത്. റമളാന്‍ വ്രതത്തിന്റെ അടിസ്ഥാന കാരണം തന്നെ ഖുര്‍ആന്‍ അവതരിച്ച മാസമാണ് എന്നതാണ്. ഖുര്‍ആന്‍ അവതരിച്ചത് റമളാനിലാണെന്നും പ്രസ്തുത മാസത്തിന് സാക്ഷികളായവര്‍ നോമ്പെടുക്കണമെന്നും അല്ലാഹു ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. ഒരു സാധാരണ പുസ്തകം ശരിക്കും ഗ്രഹിക്കുകയും അത് മനഃപാഠമാക്കുകയും ചെയ്താല്‍ പിന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഉരുവിടുന്നതില്‍ വലിയ ഫലമൊന്നുമില്ല. എന്നാല്‍ വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായി ഗ്രഹിച്ചെടുത്താലും ആവര്‍ത്തിച്ചാവര്‍ത്തിച്ചു പാരായണം ചെയ്യുന്നത് പുണ്യമാണ്. ഹൃദയ ശുദ്ധീകരണത്തിനനിവാര്യമായ കാര്യങ്ങളെക്കുറിച്ച് മഹാനായ ഇബ്‌റാഹിം ബിന്‍ ഖവാസ്(റ) പരിചയപ്പെടുത്തുന്നു. അര്‍ത്ഥചിന്തയോടെയുള്ള വിശുദ്ധ ഖുര്‍ആന്‍ പാരായണം, വയര്‍ കാലിയാക്കല്‍, രാത്രിയിലെ നിസ്‌കാരം, സ്വാലിഹീങ്ങളോടൊപ്പമുള്ള സഹവാസം എന്നിവയാണിത് (2).

ആദ്യ ദൈവിക ഭവനമായ മക്കയിലെ കഅ്ബയുടെ കല്‍പടവുകള്‍ പടുത്തുയര്‍ത്തുന്ന വേളയില്‍ ഹസ്‌റത്ത് ഇബ്‌റാഹീം നബിയും(അ) മകന്‍ ഇസ്മാഈല്‍ നബിയും(അ) നടത്തിയ പ്രാര്‍ത്ഥന ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. ”അവര്‍ക്കിടയില്‍ നിന്റെ ദൃഷ്ടാന്തങ്ങള്‍ വായിക്കുകയും ഗ്രന്ഥങ്ങളും തത്വങ്ങളും പഠിപ്പിക്കുകയും അവരെ സംസ്‌കാരമുള്ളവരാക്കുകയും ചെയ്യുന്ന ഒരു പ്രവാചകനെ അവരില്‍ നിന്നു നീ നിയോഗിക്കേണമേ”. ഇതിലൂടെ പരിശുദ്ധമായ ഖുര്‍ആനിന്റെ പ്രാധാന്യവും മഹത്വവും വ്യക്തമാകുന്നു.

ഖുര്‍ആന്‍ പാരായണം മഹത്തായ ഒരു ഇബാദത്താണ്. ഖുര്‍ആന്‍ ഉള്‍ക്കൊണ്ടുജീവിക്കുവാന്‍ കല്‍പിക്കുന്നതുപോലെ ഖുര്‍ആന്‍ പാരായണം ചെയ്ത് അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാനും അല്ലാഹുകല്‍പിക്കുന്നുണ്ട്. ഭൗതികവും പാരത്രികവുമായ നിരവധി ഗുണങ്ങള്‍, ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വ്യക്തികള്‍ക്കും കേള്‍ക്കുന്നവനും പാരായണം ചെയ്യപ്പെടുന്ന സ്ഥലത്തിനും ലഭിക്കുമെന്നത് വിശുദ്ധ ഖുര്‍ആന്റെ വലിയ സവിശേഷതയാണ്. വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിന് കല്‍പിതമായ മറ്റൊരു മാസം കൂടിയാണ് ശഅ്ബാന്‍. പവിത്രമാക്കപ്പെട്ട രണ്ടുമാസങ്ങള്‍ക്കിടയില്‍ ശഅ്ബാനിനെ തന്റെ മാസമായി തിരഞ്ഞെടുത്തതിന്റെ കാരണത്തെക്കുറിച്ച് നബിതങ്ങള്‍ അല്ലാഹുവിനോട് ചോദിച്ചപ്പോള്‍ അല്ലാഹു പറഞ്ഞത് അങ്ങേക്ക് ഞാന്‍ തിരഞ്ഞെടുത്തത് ശഹ്‌റുല്‍ ഖുര്‍ആനിനെയാണെന്നായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ സലഫുസ്സ്വാലിഹീങ്ങള്‍ വിശുദ്ധ റമളാനിനുമുമ്പേ ധാരാളം ഖുര്‍ആന്‍ പാരായണം ചെയ്ത് മനസ് സംശുദ്ധമാക്കിയാണ് റമളാനിനെ സ്വാഗതം ചെയ്തിരുന്നത് (3). ഒരാള്‍ ഖുര്‍ആന്‍ ഓതുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ സൂര്യപ്രകാശത്തേക്കാള്‍ പ്രഭയുള്ള കിരീടം അവന്റെ മാതാപിതാക്കള്‍ക്ക് പാരത്രിക ലോകത്ത് വെച്ച് അണിയിക്കുമെന്ന് തിരുനബി(സ) അരുളിയിട്ടുണ്ട്. അപ്പോള്‍ ഖുര്‍ആന്‍ അനുസരിച്ച് കര്‍മങ്ങള്‍ ചെയ്ത ആളുടെ പ്രതിഫലം എന്തായിരിക്കുമെന്ന് നമുക്കൂഹിക്കാം.
ശദ്ധാദ് ബിന്‍ ഹകീമിന്റെ വഫാത്തിന് ശേഷം അദ്ദേഹത്തിന്റെ അനുയായികളില്‍ ചിലര്‍ അദ്ദേഹത്തെ സ്വപ്‌നത്തില്‍ ദര്‍ശിക്കാനിടയായി. അന്നേരം ജീവിതത്തില്‍ അങ്ങേക്ക് ഏറ്റവും ഉപകാരപ്രദമായ കര്‍മത്തെക്കുറിച്ചന്വേഷിച്ചപ്പോള്‍ ശദ്ധാദ് ബിന്‍ ഹകീം പ്രതികരിച്ചത് വിശുദ്ധ ഖുര്‍ആന്‍ പാരായണം എന്നായിരുന്നു. അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും പ്രതിവിധിയായി വിശുദ്ധ ഖുര്‍ആന്‍ പാരായണത്തെ തെരഞ്ഞെടുത്ത സാര്‍ത്ഥകരായ അയിമ്മത്തിന്റെ ജീവിതം കിതാബുകളില്‍ കാണാന്‍ കഴിയും. എന്നുമാത്രമല്ല, വിശുദ്ധ ഖുര്‍ആന്‍ പാരയാണം ശത്രുക്കളെത്തൊട്ട് മറയാകുമെന്നും രക്ഷപ്പെടാനുമുള്ള മാര്‍ഗമാണെന്നുമാണ് പണ്ഡിത ഭാഷ്യം.

സൂറത്തു ഇസ്‌റാഈലിലെ നാല്‍പത്തിഅഞ്ചാം സൂക്തത്തെ വിശദീകരിച്ച് ഇമാം ഖുര്‍ത്വൂബി(റ) ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. ഒരിക്കല്‍ തിരുനബിയും(സ) അബൂബക്കര്‍ സിദ്ധീഖും(റ) മക്കത്തൊരിടത്തിരിക്കും നേരം, ഹര്‍ബിന്റെ മകള്‍ ഉമ്മുജമീല എന്ന പെണ്ണ് തിരുനബിയെ അങ്ങേയറ്റം അസഭ്യം പറഞ്ഞ് ചീത്തവിളിച്ച് കയ്യില്‍ കല്ലുമായി അക്രമിക്കാന്‍ വരുന്ന സമയത്ത് മഹാനരായ സിദ്ധീഖ്(റ) നബിതങ്ങളോട് പറഞ്ഞു. നബിയേ..ആ പെണ്ണിന്റെ അതിക്രമത്തെത്തൊട്ട് അങ്ങയെ ഞാന്‍ ഭയപ്പെടുന്നു. തിരുനബി(സ) പ്രതിവചിച്ചു: തീര്‍ച്ച, ആ പെണ്ണിന് എന്നെ ഒന്നും ചെയ്യാനാവില്ല. അതും പറഞ്ഞ് നബിതങ്ങള്‍ വിശുദ്ധ ഖുര്‍ആനിലെ അല്‍പം ചില ആയത്തുകള്‍ ഓതുകയും ഉമ്മുജമീലക്ക് അടുത്തെത്തിയിട്ടു പോലും നബിതങ്ങളെ കാണാന്‍ സാധിക്കാത്തവിധം ശത്രുവിനെത്തൊട്ട് മറയാകുകയായിരുന്നു വിശുദ്ധ ഖുര്‍ആന്‍.

കൂട്ടത്തില്‍ ഇമാം ഖുര്‍ത്വുബി(റ) തന്റെ ഒരനുഭവം കൂടി വിശദീകരിക്കുന്നുണ്ട്. ഒരിക്കല്‍ തന്റെ ശത്രുക്കള്‍ക്ക് മുമ്പില്‍ അകപ്പെടുകയും ഒളിഞ്ഞു നില്‍ക്കാന്‍ സാധിക്കാത്തവിധം മറയില്ലാതെ ഒറ്റപ്പെട്ടുനില്‍ക്കുമ്പോള്‍ മഹാനവര്‍കളെ അതിക്രമിക്കാനായി അടുത്തുവരുന്ന രണ്ടുശത്രുക്കള്‍ക്കുമുന്നില്‍ വിശുദ്ധ ഖുര്‍ആനിലെ ഏതാനും ചില ആയത്തുകള്‍ ഓതുകയും അവരുടെ കാഴ്ച്ചയില്‍ നിന്നും മഹാനവര്‍കളെ മറക്കപ്പെടുകയും, പരാജയപ്പെട്ട് തിരിച്ചു നടക്കുമ്പോള്‍ രണ്ടിലൊരാള്‍ മറ്റൊരാളോടായി പറഞ്ഞു: അദ്ദേഹം ഒരു ജിന്നാണെന്ന് തോന്നുന്നു. ആ വിധത്തില്‍ ഖുര്‍ആന്‍ ശത്രുക്കള്‍ക്കു മുന്നില്‍ മറയാകുകയായിരുന്നു. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ സാധാരണ മുഅ്മിനീങ്ങള്‍ക്കും ഇവ്വിധം സഹായകമാകുമെന്നും പരീക്ഷണങ്ങളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും മോചനം നേടാന്‍ ഉത്തമമായ പരിഹാരമാണെന്ന് ഇമം സ്വാവി(റ) വിശദീകരിക്കുന്നുണ്ട്(4).

ഖുര്‍ആന്‍ ഓതുന്നവന്റെയും അതിന് വിമുഖത കാണിക്കുന്നവന്റെയും ഉപമയായി തിരുനബി(സ) തങ്ങള്‍ പരിചയപ്പെടുത്തുന്നതു കാണാം. ഖുര്‍ആന്‍ ഓതുന്ന സത്യവിശ്വാസി മധുര നാരങ്ങക്ക് തുല്യം. മണം നല്ലത്, രുചിയും നല്ലത്. ഖുര്‍ആന്‍ ഓതാത്ത മുഅ്മിന്‍ കാരക്ക പോലെ. വാസനയില്ല, പക്ഷെ രുചി നല്ലത്. ഖുര്‍ആന്‍ ഓതുന്ന തെമ്മാടി റയ്ഹാന്‍ പോലെ. നല്ല മണം, രുചി കയ്പ്പ്, ഖുര്‍ആന്‍ ഓതാത്ത ദുഷ്ടന്‍ ആട്ടങ്ങപോലെ. രുചി കയ്പ്പ്, വാസനയില്ല താനും. മഹാനായ ഇമാം യാഫിഈ(റ) പറയുന്നു: ‘ഒരിക്കല്‍ ഇമാം അഹ്മദ്ബിന്‍ ഹമ്പല്‍ തങ്ങള്‍ പറഞ്ഞു: ഒരു ദിവസം ഞാന്‍ സ്വപ്‌നത്തില്‍ എന്റെ റബ്ബിനെ കണ്ടു. ഞാന്‍ ചോദിച്ചു: എന്റെ റബ്ബേ… നിന്നിലേക്ക് അടുത്തവരൊക്കെ എങ്ങിനെയാണ് അടുത്തത്. അല്ലാഹു പറഞ്ഞു: എന്റെ വചനം കൊണ്ട് തന്നെ, ഞാന്‍ വീണ്ടും ചോദിച്ചു: അര്‍ത്ഥം അറിഞ്ഞോ അറിയാതെയോ. അല്ലാഹു പറഞ്ഞു: അര്‍ത്ഥം അറിയട്ടേ, അറിയാതിരക്കട്ടേ.’ ഖുര്‍ആന്‍ ഓതുന്ന വിശ്വാസിക്ക് സ്വര്‍ഗപ്രവേശനം എളുപ്പമാക്കുകയും നരകത്തെ നിര്‍ബന്ധമാക്കിയ അവന്റെ കുടുംബത്തിലുള്ളവരെ ശഫാഅത്ത് മുഖേന രക്ഷപ്പെടുത്താനുള്ള അവകാശവും നല്‍കപ്പെടുമെന്ന് തിരുനബി(സ) പഠിപ്പിക്കുന്നുണ്ട്. ഇത്രയും മഹത്തായ പ്രതിഫലമുള്ള കര്‍മത്തെയാണ് പലപ്പോഴും നമ്മള്‍ വിമുഖതയോടെ കാണുന്നത്.

ഒരിക്കല്‍ ഇമാം ഹുമൈദി(റ) സുഫ്യാനുസ്സൗരി (റ)നോട് ചോദിച്ചു: ഒരു മനുഷ്യന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതോ, അതോ യുദ്ധം ചെയ്യുന്നതോ ഏതാണ് താങ്കള്‍ക്ക് പ്രിയങ്കരം? അദ്ദേഹം പറഞ്ഞു: ഖുര്‍ആന്‍ പാരായണം ചെയ്യുന്നതാണെനിക്ക് പ്രിയം. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്ക് മാത്രമല്ല അവരുമായി ബന്ധപ്പെടുന്നവര്‍ക്കും അതിന്റെ ഫലം ഉണ്ടാവുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. മഹാനായ അബൂഹുറൈറ(റ) പറയുന്നു: ഖുര്‍ആന്‍ വായിക്കുന്ന വീട്ടില്‍ താമസിക്കുന്നവര്‍ക്ക് വിശാലതയുണ്ടാകും. ആ വീട്ടില്‍ നന്മ വര്‍ദ്ധിക്കും. കാരുണ്യത്തിന്റെ മലക്കുകള്‍ വന്നിറങ്ങും. പിശാചുക്കള്‍ അവിടെ നിന്ന് പുറത്തു പോകും. ഖുര്‍ആന്‍ വായിക്കപ്പെടാത്ത വീട്ടില്‍ താമസിക്കുന്നവര്‍ക്ക് പ്രയാസങ്ങള്‍ നേരിടുകയും നന്മകള്‍ കുറയുകയും ചെയ്യും പിശാചിന്റെ സാന്നിധ്യവും അനുഗ്രഹത്തിന്റെ മലക്കുകളുടെ അഭാവവും ഉണ്ടാകും. മഹാനായ ഇമാം ഗസ്സാലി(റ) ഇക്കാര്യം അവിടുത്തെ ഇഹ്‌യയില്‍ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ആയത്തിന്റെ പൊരുളറിയാത്തവനും ഖുര്‍ആന്‍ വചനങ്ങള്‍ ശരിയായ വിധത്തില്‍ ഉച്ചരിക്കുന്നതിലൂടെ വലിയ പ്രതിഫലങ്ങള്‍ നേടാന്‍ കഴിയുമെന്നാണ് ഖുര്‍ആന്‍ വചനത്തിന്റെ പ്രധാനപ്പെട്ട പ്രത്യേകത. അതു കൊണ്ടു തന്നെയാണ് ഈ ലോകത്ത് ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥം വിശുദ്ധ ഖുര്‍ആന്‍ ആണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുന്നതും, വിശുദ്ധ ഖുര്‍ആനില്‍ നിന്ന് ഒരു അധ്യായം പാരായണം ചെയ്ത് കിടന്നുറങ്ങുന്ന മുസ്ലിമിന്റെ സംരക്ഷണത്തിന് അല്ലാഹു ഒരു മലകിനെ നിശ്ചയിക്കും. അവന്‍ ഉണരുന്നത് വരെയും ഉപദ്രവകരമായതൊന്നും അയാളെ ബാധിക്കുകയില്ല എന്ന് ഹദീസുകളില്‍ നിന്നും നമുക്ക് വായിക്കാനാവും.

വിശുദ്ധ ഖുര്‍ആന്‍ പാരായണം (സമ്പൂര്‍ണമായി പാരായണം ചെയ്യല്‍) പ്രതിഫലാര്‍ഹമായതു പോലെ ഖുര്‍ആന്‍ ഖത്മാക്കലും ഏറെ പുണ്യമുള്ള കര്‍മമാണ്. പൂര്‍വസൂരികളായ ഒരുപാട് മഹാരഥന്‍മാര്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിലും ഖത്മ് തീര്‍ക്കുന്നതിലും ഏറെ ആനന്ദം കണ്ടെത്തിയവരായിരുന്നുവെന്ന് വ്യക്തമായ വസ്തുതയാണ്. ഇബ്‌നുഅബീ ദാവൂദ്(റ) സലഫുകളില്‍ ചിലരെക്കുറിച്ച് പറയുന്നതു കാണാം: സലഫുകളിലെ വലിയൊരു വിഭാഗം ഓരോ രണ്ട് മാസങ്ങളിലും ഒരു ഖത്ം തീര്‍ക്കുമായിരുന്നു. മറ്റൊരു വിഭാഗം വര്‍ഷത്തിലൊരിക്കല്‍ ഖത്മ് തീര്‍ക്കുന്നു. എന്നാല്‍ പത്ത് ദിവസം കൂടുമ്പോള്‍ ഒരു ഖത്മും, എട്ട് ദിവസം കൂടുമ്പോള്‍ ഒരു ഖത്മ് തീര്‍ക്കുന്നവരും അക്കൂട്ടത്തിലുണ്ടെങ്കിലും ആഴ്ച്ചതോറും ഓരോ ഖത്മ് പൂര്‍ത്തീകരിക്കുന്നവരാണ് കൂടുതലും. ദിവസവും ഒന്നും രണ്ടും ഖത്മുകള്‍ തീര്‍ക്കുന്നവരും രാത്രി നാലും പകല്‍ നാലുമായി ദിനേന എട്ട് തവണ ഖത്മ് തീര്‍ക്കുന്നവരും അക്കൂട്ടത്തിലുണ്ട്. ഇബ്‌നുല്‍ കാതിബുസ്സൂഫി ദിവസവും എട്ട് തവണ ഖത്‌മോതിയിരുന്നവരുടെ കൂട്ടത്തില്‍ പെട്ടവരാണ്. മുആവിയാ ഭരണകാലത്തെ മിസ്‌റിലെ ഖാളിയും താബിഉകളില്‍ പ്രധാനിയുമായ സുലൈം ബിന്‍ അത്ര്‍ ഒരു ദിവസം മൂന്ന് ഖത്മ് വരെ തീര്‍ക്കുന്നുണ്ടായിരുന്നു. അബൂ ഉമറുല്‍ കിന്‍ദിയ്യ് തന്റെ ഖുളാത്തു മിസ്ര്‍ എന്ന ഗ്രന്ഥത്തില്‍ ഇദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊണ്ട് പറയുന്നു: ദിവസവും രാത്രിയില്‍ നാലു ഖത്മ് ഓതിത്തീര്‍ക്കുന്ന മഹാനായിരുന്നു സുലൈം(റ). എന്നാല്‍ താബിഉകളിലെ വലിയ ആബിദായിരുന്ന മന്‍സൂര്‍ബിന്‍ സാദാന്‍ എന്ന മഹാന്‍ ളുഹ്ര്‍ അസ്ര്‍ നിസ്‌കാരങ്ങള്‍ക്കിടയില്‍ ഒരു ഖത്മും ഇശാഅ് മഗ്‌രിബിനിടയില്‍ മറ്റൊരു ഖത്മും ഓതിത്തീര്‍ക്കുമായിരുന്നു. റമളാനാണെങ്കില്‍ ഇത് രണ്ട് ഖത്മാക്കുമായിരുന്നു. ഒരു റക്അത്തില്‍ തന്നെ ഖത്മ് തീര്‍ത്ത നിരവധിയാളുകളെക്കുറിച്ച് ഇമാമുമാര്‍ പരിചയപ്പെടുത്തുന്നുണ്ട്. മഹാനായ ഉസ്മാനുബ്ന്‍ അഫ്ഫാനും(റ) അഹ്‌ലുഫിലസ്ത്വീനിലെ വലിയ ആബിദുമായ തമീമുദ്ധാരിയും(റ) താബിഉകളില്‍ പ്രമുഖരായ സഈദ് ബിന്‍ ജുബൈര്‍, മുജാഹിദു ബിന്‍ ജബ്ര്‍, ഇമാം ശാഫിഈ (റ) അടങ്ങുന്നവര്‍ ഒരു ദിവസം ഒരു ഖത്മ് തീര്‍ക്കുന്നവരില്‍ പെട്ടവരാണ്. എന്നാല്‍ റമളാനിലാണെങ്കില്‍ അത് രണ്ട് തവണയാക്കും. പകലിന്റെയും രാത്രിയുടെയും തുടക്ക സമയത്ത് ഖുര്‍ആന്‍ ഖത്മാക്കല്‍ കൂടുതല്‍ പ്രതിഫലാര്‍ഹമായ കാര്യമാണ്. നിരവധി മഹാന്‍മാര്‍ അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയവരായിരുന്നു. ഇമാം അബൂഹാമിദുല്‍ ഗസ്സാലി പറയുന്നുണ്ട്. ഖത്മ് തീര്‍ക്കാന്‍ ഏറ്റവും ഉചിതമായ സമയം രാത്രിയാണ്. പകലാണ് ഖത്മാക്കുന്നതെങ്കില്‍ തിങ്കളാഴ്ച്ച ദിവസത്തെ ഫജ്‌റിന്റെ രണ്ട് റക്അത്തിലാവലാണ് ഉത്തമം. രാത്രിയാണ് ഖത്മാക്കുന്നതെങ്കില്‍ വെള്ളിയാഴ്ച്ച രാവില്‍ മഗ്‌രിബിന്റെ രണ്ട് റക്അത്തില്‍ പൂര്‍ത്തിയാക്കലാവും ശ്രേഷ്ടം. പകലിന്റെയും രാവിന്റെയും തുടക്കസമയമാവാന്‍ വേണ്ടിയാണ് ഇതു പ്രകാരമായിരക്കണം എന്നു നിബന്ധന വെക്കുന്നത്. പകലിലേതെങ്കിലുമൊരു സമയം ഖത്മാക്കുകയാണെങ്കില്‍ പ്രദോഷം വരെ മലക്കുകള്‍ അവനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. പ്രദോഷത്തിലാണ് ഖത്മാക്കുന്നതെങ്കില്‍ പ്രഭാതം വരെയും.

ഖുര്‍ആന്‍ പാരായണത്തിന് ഒരുപാട് ശ്രേഷ്ഠതയും ഗുണങ്ങളുമുണ്ടെങ്കിലും പാരായണം പൂര്‍ണമായും ദൈവപ്രീതി ആഗ്രഹിച്ചായിരിക്കുകയെന്നത് അനിവാര്യമാണ്. പരലോകത്തെ ഭീകരാവസ്ഥയില്‍ നിന്നും രക്ഷപ്പെടുന്ന, വിചാരണ ലഘുവായിത്തീരുന്ന, ഇതരരുടെ വിചാരണ അവസാനിക്കുന്നത് വരെയും കസ്തൂരിക്കൂമ്പാരത്തില്‍ കഴിയുന്ന സൗഭാഗ്യവാന്‍മാരായ ആളുകളെ പരിചയപ്പെടുത്തിയപ്പോള്‍ പ്രവാചകര്‍(സ) പരിചയപ്പെടുത്തിയത് അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുകയും ജനങ്ങള്‍ക്ക് തൃപ്തനായിരിക്കെ അവര്‍ക്ക് ഇമാമായി നിസ്‌കരിക്കുകയും ചെയ്ത വ്യക്തിയെക്കുറിച്ചാണ്. അല്ലാഹുവിന്റെ തൃപ്തിയാഗ്രഹിച്ചല്ലെങ്കില്‍ വലിയ അപകടകരമായ ശിക്ഷയാണ് അഭിമുഖീകരിക്കേണ്ടി വരിക. പരിശുദ്ധ റമളാന്‍ ആരാധനകളെക്കൊണ്ട് സമ്പന്നമാക്കാനും വിശുദ്ധ ഖുര്‍ആന്‍ അനുകൂലമായി സാക്ഷി നില്‍ക്കുന്നവരുടെ കൂട്ടത്തിലുള്‍പ്പെടാനും അള്ളാഹു തൗഫീഖ് നല്‍കി അനുഗ്രഹിക്കട്ടേ…

ശാഹിദ് കുമരംപുത്തൂര്‍

1), 3). തുഹ്ഫതുല്‍ ഇഖ്‌വാന്‍, ശിഹാബുദ്ദീന്‍ അഹ്മദ് അല്‍ഫശ്‌നി, പേ. 149, 150.
2). അല്‍മന്‍ഹജുസ്സവിയ്യ്, അല്‍ഹബീബ് സൈന്‍ ബിന്‍ സുമയ്ത്, പേ 503.
4). തഫ്‌സീറുല്‍ ഖുര്‍തുബി, 10/269.

You must be logged in to post a comment Login