അല്‍ജൗഫ് പ്രവിശ്യയിലെ ആദിചരിത്രം

അല്‍ജൗഫ് പ്രവിശ്യയിലെ ആദിചരിത്രം

സകാക്കയില്‍ ഞാനും മാലിക്കും ഒരു അറബി കുടുംബത്തിന്റെ അതിഥികളായിരുന്നു. സമദിന്റെ സുഹൃത്തും ഒരിക്കല്‍ അദ്ദേഹത്തിന്റെ സ്‌പോണ്‍സറും ആയിരുന്ന മുക്‌ലെഫ്അല്‍ സൈദും മകന്‍ ഹമൂദ് അല്‍സൈദുമായിരുന്നു ഞങ്ങളെ എതിരേറ്റത്. ഞാന്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ പരിചയപ്പെടാനുള്ള ആഗ്രഹം അവര്‍ പ്രകടിപ്പിച്ചതാണ്. പിതാവിനും പുത്രനും ഇംഗ്ലീഷ് ഭാഷയില്‍ നല്ല അവഗാഹമുണ്ട്. അതുകൊണ്ട് സംസാരിക്കാന്‍ ഒട്ടും പ്രയാസമുണ്ടായില്ല. കിംഗ് അബ്ദുല്‍അസീസ് സ്ട്രീറ്റിലായിരുന്നു അവരുടെ വീട്. പ്രധാന വീടിനുപുറത്ത് അതിഥിമന്ദിരം. അവിടേക്കാണ് അവര്‍ ഞങ്ങളെ സ്വീകരിച്ചുകൊണ്ടുപോയത്. അല്‍ജൗഫ് മേഖലയിലെ പൗരാണികമായ ചരിത്രത്തെക്കുറിച്ചും ഈ ജനവാസത്തെക്കുറിച്ചും മുക്‌ലെഫ് സംസാരിച്ചു. കാവയും ഈത്തപ്പഴവും തന്ന് സത്കരിച്ചു. വീടിനുചുറ്റും അദ്ദേഹത്തിന്റെ കൃഷിയിടമുണ്ട്. ധാരാളം ഈത്തപ്പനകള്‍ നില്‍ക്കുന്നു. ചെറിയൊരു തോട്ടത്തിലേക്ക് അദ്ദേഹം ഞങ്ങളെ കൊണ്ടുപോയി. പുരാതനമായ ഒരു കിണറുണ്ടായിരുന്നു ആ തോട്ടത്തില്‍. ഒട്ടകത്തെ ഉപയോഗിച്ചുകൊണ്ട് വെള്ളംകോരി നനച്ചിരുന്ന രീതിയെക്കുറിച്ചൊക്കെ അദ്ദേഹം വിശദീകരിച്ചുതന്നു. അദ്ദേഹത്തോടും പുത്രനോടും ഒപ്പം ചെലവഴിച്ച മണിക്കൂറുകള്‍ ഹൃദ്യമായിരുന്നു.

അല്‍ജൗഫ് മേഖലയില്‍ ധാരാളം ചരിത്ര സ്മാരകങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം ദോമത്തുല്‍ജന്തല്‍ എന്ന പൗരാണിക നഗരം തന്നെയാണ്. കച്ചവടകേന്ദ്രം ആയിരുന്നു ഇവിടം. ദുമ എന്നത് ഇസ്മാഈലിന്റെ പന്ത്രണ്ട് പുത്രന്മാരില്‍ ഒരാളുടെ പേരായിരുന്നു. അക്കാദിയന്‍ കാലഘട്ടത്തില്‍ അദുമാത്തു എന്നായിരുന്നു ദോമയുടെ പേര്. എ ഡി അഞ്ചാം നൂറ്റാണ്ടില്‍ കിന്‍ഡ രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഇവിടം. ഈ പ്രദേശത്ത് ഒത്തിരി ഉല്‍ഖനനങ്ങള്‍ നടന്നിട്ടുണ്ട്. അതിന് നേതൃത്വം നല്‍കിയത് ഖലീല്‍ ഇബ്‌റാഹീം അല്‍ മുയ്‌ക്കേല്‍ ആയിരുന്നു. അസീറിയന്‍ നാഗരികത ഇവിടേക്കൊക്കെ പടര്‍ന്നിരുന്നു എന്നതിന് അക്കാദിയന്‍ ലിഖിതങ്ങള്‍ തന്നെ തെളിവ്. ദോമയിലെ രാജാവ് എല്ലാ അറബികളുടെയും രാജാവായിരുന്ന കാലമുണ്ടായിരുന്നു. ബി സി ഏഴ്, എട്ട് നൂറ്റാണ്ടുകളിലൊക്കെ ഇവിടം പ്രബലമായ കച്ചവടകേന്ദ്രമായിരുന്നു. രാജ്ഞിമാരുടെ ഭരണമായിരുന്നു കൂടുതലും. പാല്‍മിറയിലെ സെനോബിയ രാജ്ഞി ദോമയെ കീഴടക്കാന്‍ നോക്കുകയും എന്നാല്‍ മരിദ് കോട്ട എന്ന പ്രതിബന്ധത്തില്‍ അവരുടെ അധിനിവേശ സ്വപ്‌നങ്ങള്‍ തകരുകയും ചെയ്തു. എ ഡി ഏഴാം നൂറ്റാണ്ടില്‍ അറേബ്യന്‍ രാജാവായ ഇംറുല്‍ഖയ്‌സ് ദോമയില്‍ ആധിപത്യം സ്ഥാപിച്ചതിന് രേഖയുണ്ട്. ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിനുമുമ്പ് കല്‍ബ് എന്ന ഗോത്രമാണ് ഇവിടെ പ്രബലരായി ഉണ്ടായിരുന്നത്. ഹിജ്‌റ ഒമ്പതാം വര്‍ഷത്തില്‍ നബിതിരുമേനിയാണ് ഈ പ്രദേശത്തെ ഇസ്‌ലാമിലേക്ക് കൊണ്ടുവരുന്നത്. തന്റെ കച്ചവട കാലഘട്ടത്തില്‍ തന്നെ ദോമയെക്കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നു.

ദോമയില്‍ ചരിത്രകാരന്മാരെയും പുരാവസ്തുശാസ്ത്രജ്ഞരെയും ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് മരിദ കോട്ടതന്നെയാണ്. കല്ലുകൊണ്ടും മണ്ണുകൊണ്ടും നിര്‍മിച്ച അസാധാരണ വാസ്തുശില്‍പമാണിത്. ഈ കോട്ടയുടെ ആദിരൂപത്തിന് രണ്ടായിരം വര്‍ഷത്തെ പഴക്കമെങ്കിലും പറയുന്നുണ്ട്. അസീറിയന്‍ കാലഘട്ടത്തിലെ രേഖകള്‍ പലതും ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. അറബ് രാജ്ഞിമാരുടെ തലസ്ഥാന കേന്ദ്രമായിരുന്നു ദോമയെന്ന് അത്തരം രേഖകളില്‍നിന്നാണ് ലഭ്യമാവുന്നത്. തെല്‍ഖൊനൊ, താബ, തരാബൊ, സാബിബ, സിംസി എന്നിങ്ങനെ പ്രബല രാജ്ഞിമാര്‍ ഭരണം നടത്തിയിരുന്നു ഇവിടെ. സിംസി രാജ്ഞിയുടെ ഭരണകാലത്ത് സമീപരാജ്യക്കാര്‍ അവരെ ഈജിപ്തിലെ ഫറോവക്ക് തുല്യമായാണ് കണ്ടത്. മരിദ് കോട്ട എപ്പോഴാണ് പണിതത് എന്നതിനെ സംബന്ധിച്ച് കൃത്യമായ രേഖകള്‍ ലഭ്യമല്ല. സിംസി രാജ്ഞിയുടെ ഭരണകാലത്ത് വലിയ യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. വന്‍തോതില്‍ ആളുകള്‍ മരിച്ചു. ഒട്ടകവും മറ്റ് മൃഗങ്ങളുമൊക്കെ ചത്തു.

മരിദ് കോട്ട അതിന്റെ പ്രാചീനതയില്‍ സംരക്ഷിച്ചുനിര്‍ത്തിയിരിക്കുന്നു എന്നതാണ് സവിശേഷത. രണ്ടാംനിലയിലേക്കും സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാം. പൗരാണികമായ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് നിര്‍മിച്ച കോട്ട ഭിത്തികള്‍ മരുഭൂമിയില്‍ രൂപപ്പെട്ട വാസ്തുജ്ഞാനത്തിന്റെ മികച്ച ഉദാഹരണമാണ്. ആയിരക്കണക്കിന് തൊഴിലാളികള്‍ വര്‍ഷങ്ങള്‍ കൊണ്ടാണിത് പടുത്തുകെട്ടിയത്. അതിപൗരാണിക ദോമ നഗരത്തില്‍ പാറകളുടെ പര്‍വതം പോലെ കോട്ട തലയെടുത്തുനിന്നു. ദോമക്കുവേണ്ടി നടന്ന പലകാല യുദ്ധങ്ങള്‍. പടയോട്ടങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കും നേതൃത്വം നല്‍കിയ രാജ്ഞിമാര്‍. പുരാതന സഞ്ചാരികളും ദോമയിലൂടെ കടന്നുപോയി. അവരുടെ സഞ്ചാര കുറിപ്പുകളിലെ വിവരണങ്ങള്‍ കൂടി വെച്ചുകൊണ്ടാണ് ദോമയുടെ ചരിത്രം ആധുനിക ചരിത്രകാരന്മാര്‍ എഴുതിയത്. കോട്ടയുടെ അകത്ത് പൗരാണികമായ ഒരു കിണറുണ്ട്. കോട്ടനിവാസികള്‍ക്ക് വെള്ളം നല്‍കിയത് ആ കിണറാണ്. ഒട്ടകത്തെ ഉപയോഗിച്ച് വെള്ളമെടുക്കാനുള്ള സംവിധാനമൊക്കെ അങ്ങനെ നിലനിര്‍ത്തിയിരുന്നു. മഴവെള്ളം ശേഖരിക്കാനുള്ള സംവിധാനം കോട്ടയിലുണ്ടായിരുന്നു. ജലവിതരണ സംവിധാനവും മികച്ചതായിരുന്നു. കോട്ടക്കകത്ത് ചന്തയുണ്ടായിരുന്നു. ആളുകള്‍ താമസിച്ചിരുന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ ജനജീവിതത്തെ സംബന്ധിച്ച വിലപ്പെട്ട അറിവുകള്‍ നല്‍കും. പുരാതന തേമയുമായി ബന്ധപ്പെട്ട വിവരണങ്ങളും ദോമയില്‍നിന്ന് കണ്ടെത്തി. തേമയെന്നത് അറേബ്യയിലെ മറ്റൊരു പൗരാണിക നഗരമാണ്. ഇസ്മാഈലിന്റെ തേമയെന്ന പുത്രനുമായി ബന്ധപ്പെട്ട പേരാണത്. ഇവിടുത്തെ ഗോത്രവര്‍ഗക്കാര്‍ ഈ പുത്രന്റെ പിന്തുടര്‍ച്ചക്കാരാണ്. തേമദേശം നൈല്‍ നദീതടവുമായി ആഴമേറിയ ബന്ധം നിലനിര്‍ത്തി. അറേബ്യയില്‍നിന്ന് ലഭിച്ച ഏക ഹേറോഗ്ലിഫിക്‌സ് ആലേഖനവും തേമയില്‍നിന്നാണ് ലഭിച്ചത്. ഇത് ഫറോവ രാജാവ് രാമസേസ് മൂന്നാമനുമായി ബന്ധപ്പെട്ടതായിരുന്നു. സുലും എന്ന സവിശേഷമായ ഗോത്ര ദൈവാരാധന ഉണ്ടായിരുന്നു ഇവിടുത്തെ ജനതയ്ക്ക്. കാളത്തലയുടെ രൂപത്തിലുള്ള ദേവനെ അവര്‍ ആരാധിച്ചു. പല ദൈവങ്ങള്‍ ആരാധിക്കപ്പെട്ടു. ഇത്തരം വിലപ്പെട്ട പുരാവസ്തു രേഖകള്‍ ദോമയില്‍നിന്ന് കണ്ടെത്തി. ബി സി എട്ടാം നൂറ്റാണ്ടില്‍ സ്‌പെയിനിലെ തുദേലയില്‍നിന്ന് വന്ന സഞ്ചാരിയായ ബെഞ്ചമിന്‍ ഈ പ്രദേശത്തെ ജൂതരാജ്ഞിയെക്കുറിച്ചും ഭരണക്രമത്തെക്കുറിച്ചും വിവരിച്ചിട്ടുണ്ട്. കോട്ടയുടെ ഇരുട്ടുവീണ ഇടനാഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ ആയിരത്താണ്ടുകളുടെ ചരിത്രത്തിന്റെ മിടിപ്പുകള്‍ നാം അനുഭവിക്കും. കോട്ടയില്‍ നല്ലൊരു ഭോജനശാലയുണ്ട് ഇപ്പോള്‍. പരമ്പരാഗത ഭക്ഷണം ലഭിക്കും അവിടെ. അറേബ്യയിലെ കരകൗശല വസ്തുക്കള്‍ കൊണ്ടാണ് ഭോജന ശാലയുടെ ചുമരുകള്‍ അലങ്കരിച്ചിരിക്കുന്നത്. ജിദ്ദയിലെ യൂണിവേഴ്‌സിറ്റിയില്‍നിന്ന് വന്ന രണ്ട് പ്രൊഫസര്‍മാരെ ഞങ്ങള്‍ക്ക് കൂട്ടുകിട്ടി. കോട്ടയുടെ ചരിത്രവും വാസ്തുശില്‍പ സവിശേഷതകളും അറിയാന്‍ അവര്‍ സഹായിച്ചു.
ദോമ അല്‍ജന്തലിലെ മറ്റൊരു ചരിത്രസ്മാരകം ഉമര്‍ ബിന്‍ അല്‍ഖത്താബ് പള്ളിയാണ്. മെസപ്പൊട്ടേമിയയിലേക്കും സിറിയയിലേക്കുമൊക്കെയുള്ള പൗരാണിക കച്ചവടപ്പാത ഈ വഴിയായിരുന്നതിനാല്‍ ഈ പള്ളിക്കും പ്രാധാന്യമേറി. എ ഡി 634-644 കാലഘട്ടത്തിലാണ് ഈ പള്ളി പണിതത്. അറേബ്യന്‍ മരുവാസ്തുശില്‍പത്തിന്റെ സവിശേഷമുഖമാണ് ഈ പള്ളി വെളിപ്പെടുത്തുക. കല്ലിലാണ് ഈ പള്ളി നിര്‍മിച്ചിരിക്കുന്നത്. ഈ പള്ളിയുടെ മിനാരം അസാധാരണ നിര്‍മിതിയാണ്. പല കാലഘട്ടത്തില്‍ ഈ പള്ളി പുതുക്കിപ്പണിതിട്ടുമുണ്ട്. കൂറ്റന്‍ ഭിത്തികൊണ്ട് ദോമ നഗരം പൂര്‍ണമായി സംരക്ഷിക്കപ്പെട്ടു. ഭിത്തിയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴുമുണ്ട്.

അല്‍ജൗഫ് മേഖലയിലെ ചരിത്ര സ്മാരകങ്ങള്‍ നിരവധിയാണ്. മിക്കവയുടെയും ചരിത്രം ബി സിയിലേക്ക് പടരുന്നതുമാണ്. ആദിമമായ ജനവാസ കേന്ദ്രങ്ങള്‍ ഇവിടെയുണ്ടായിരുന്നു. ലോകത്തിലെ തന്നെ ആദിനാഗരികതയുടെ അടയാളങ്ങള്‍ ഇവിടങ്ങളില്‍നിന്നു കണ്ടെത്തി. ശിലായുഗകാലഘട്ടത്തിലെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു.

അല്‍റജാജീലിലെ നാട്ടുകല്ലുകള്‍ കണാന്‍ ഞാനും മാലിക്കും അവിടെയെത്തുന്നത് സന്ധ്യക്കാണ്. അല്‍ജൗഫിലെ വളരെ പ്രധാനപ്പെട്ട ചരിത്രസ്മാരകങ്ങളാണ് ഇവിടെയുള്ളത്. ഇംഗ്ലണ്ടിലെ സാലിസ് ബറിയിലാണ് ഇതിനു സമാനമായ നാട്ടുകല്ലുകള്‍ ഉള്ളത്. ഒരു തെങ്ങിന്‍ തടിയുടെ അത്ര വണ്ണത്തില്‍ കല്ലുചെത്തി വൃത്തിയാക്കിയെടുത്ത് മൂന്നും നാലും വീതം ഓരോ സ്ഥലങ്ങളില്‍ കുത്തനെ സ്ഥാപിച്ചിരിക്കുകയാണ്. ഇവിടെനിന്ന് ശിലാലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്. ബി സി നാലാം നൂറ്റാണ്ടിലെ ചെമ്പ് യുഗത്തിന്റെ പഴക്കമാണ് ഈ ലിഖിതങ്ങള്‍ക്കുള്ളത്. അല്‍റജാജീല്‍ കല്ലുകള്‍ എന്തിന് നാട്ടിയതാണ് എന്നതിനെ സംബന്ധിച്ച് കൃത്യമായ ധാരണയില്ല. പല അനുമാനങ്ങള്‍. ഒരുപക്ഷേ അക്കാലത്തെ ഖബര്‍സ്ഥാന്‍ അടയാളക്കല്ലുകളാവാം. അതല്ലെങ്കില്‍ ആദിമമായ ആരാധനാകേന്ദ്രമായിരിക്കാം. ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട് സ്ഥാപിച്ചതുമാവാം. തുര്‍ക്കിയിലേക്കും സിറിയയിലേക്കും റോമയിലേക്കും യെമനിലേക്കും ഒക്കെയുള്ള കച്ചവടപ്പാതകള്‍ ഈ വഴി കടന്നുപോയപ്പോള്‍ കച്ചവടസംഘങ്ങള്‍ക്കുള്ള അടയാളക്കല്ലുകളായി സ്ഥാപിച്ചതാണെന്നും ചില പുരാവസ്തു ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. ഈ പ്രദേശത്ത് ധാരാളം ഒലിവുതോട്ടങ്ങളുണ്ട്. നാട്ടുകല്ലുകളില്‍ ഇരുട്ടുപടരും വരെ ഞങ്ങള്‍ അവിടെ നിന്നു.

പി സുരേന്ദ്രന്‍

You must be logged in to post a comment Login