എഴുത്തുകാരന്റെ വായന

 

 
“മറ്റുള്ളവരെ വായിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നിങ്ങളെ സ്വയം വികസിപ്പിക്കാം. മറ്റുള്ളവരെ വായിക്കുമ്പോള്‍ അവര്‍ കഠിനാധ്വാനം ചെയ്ത് കണ്ടെത്തിയ കാര്യങ്ങളിലേക്ക് നിങ്ങള്‍ക്ക് എളുപ്പം എത്തിച്ചേരാനാവും.”
സോക്രട്ടീസ്

               ലോകത്തെ മഹാ•ാരായ എഴുത്തുകാരിലധികം പേരും ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് എന്തിനു വേണ്ടിയാണെന്നറിയാമോ? വായിക്കാന്‍. ലക്ഷക്കണക്കിനു ജനങ്ങള്‍ തങ്ങളെഴുതിയ പുസ്തകങ്ങള്‍ വായിച്ചുകൊണ്ടിരിക്കുമ്പോള്‍ അവര്‍ മറ്റുള്ളവരുടെ രചനകള്‍ വായിച്ചു കൊണ്ടിരിക്കുകയാണ്. പ്രശസ്തിയിലേക്ക് ഉയര്‍ന്നതിനു ശേഷം വായന കുറയുകയല്ല, കൂടുകയാണുണ്ടായത്. പ്രശസ്തരുടെ കാര്യം ഇങ്ങനെയാണെങ്കില്‍ തുടക്കക്കാര്‍ എത്രമാത്രം വായിക്കണം.

എഴുത്തുകാരന്റെ വായന വെറും വായനയായാല്‍ പോര, ക്രിയാത്മകമായിരിക്കണം. ക്രിയാത്മക വായനക്ക് മൂന്നു ഘടകങ്ങളുണ്ട്. വായിക്കുക, മനസ്സിലാക്കുക, ഏതെങ്കിലും തരത്തില്‍ ഇടപെടുക. വായിച്ചതിനെ നിങ്ങളുടെ അനുഭവങ്ങളുമായും നിരീക്ഷണങ്ങളുമായും കൂട്ടിവായിച്ചു നോക്കുന്നതും സ്വാംശീകരിക്കുന്നതും വായനയിലെ ഇടപെടലാണ്. നമ്മള്‍ അന്വേഷിക്കുന്നതിനുള്ള ഉത്തരം വായനയിലൂടെ കണ്ടെത്തുന്നതും ഇടപെടല്‍ തന്നെ. വായിച്ചതിന് ഒരു ആസ്വാദനക്കുറിപ്പ് എഴുതി സൂക്ഷിച്ചു വയ്ക്കുന്നതും പിന്നീട് വായിച്ചു നോക്കുന്നതും മികച്ച ഇടപെടലുകളാണ്. ‘ആടുജീവിത’മെന്ന നോവലെഴുതി പ്രശസ്തനായ ബെന്യാമിന്‍ ഒരു വര്‍ഷം 160 പുസ്തകങ്ങള്‍ വരെ വായിച്ചിരുന്നത്രെ. മാത്രമല്ല, വായിച്ചതില്‍ ഭൂരിഭാഗത്തിനും അദ്ദേഹം ചെറിയ ചെറിയ കുറിപ്പുകളെഴുതി സൂക്ഷിച്ചിരുന്നു. ഈ കുറിപ്പെഴുത്ത് സ്വന്തമായി നോവലെഴുതാന്‍ തുടങ്ങിയ സമയത്ത് അദ്ദേഹത്തിന് ഏറെ ഉപകാരപ്പെട്ടു.
നന്നായി എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ ക്രിയാത്മകമായി തന്നെ വായിക്കുക. വായിച്ചതിനെ ജീവിതത്തോട് ചേര്‍ത്തു വച്ച് വീണ്ടും വായിക്കുക. വായിച്ചതിനപ്പുറം എഴുതുക.

ജാബിര്‍ പൂനൂരിന്റെ ഒരുപാട് രചനകള്‍ ലഭിക്കുന്നുണ്ട്. കുറേക്കൂടി സമയമെടുത്ത് കാത്തിരുന്ന് രചന നിര്‍വഹിക്കാന്‍ ജാബിറിന്നു കഴിയണം. ‘നഷ്ട’ത്തില്‍ ചില മിനുക്കുപണികള്‍ കൂടി ബാക്കിയുണ്ട്. തത്വചിന്താപരമായ രചനയാണ് ‘പുതുവര്‍ഷപ്പുലരി’. ശക്തമായ ഭാഷയുണ്ടാക്കുകയാണ് ശുഐബ് ചെയ്യേണ്ടത്.
കാത്തിരിപ്പോടെ
ചങ്ങാതി.

അനന്തരം
അന്ന്,
മുത്തശ്ശിക്കഥയും അമ്മയുടെ താരാട്ടു പാട്ടും കേട്ടു കേട്ടിരിക്കെ ഉറക്കം അവനെ മാടിവിളിച്ചിരുന്നു.
ഇന്ന്,
കാര്‍ട്ടൂണ്‍ ഫലിതവും മൊബൈലിലെ നീണ്ട റിങ്ടോണും കേട്ട് ഉറക്കം അവനെയും വിട്ട് എങ്ങോ പോവുന്നു.
പകരം
വാടക ഗര്‍ഭപാത്രത്തില്‍ നിന്ന് പിറന്നു വീണ അവന്‍ ആയമാരുടെ സ്നേഹത്തിന് പ്രതിഫലമായി മാതാപിതാക്കള്‍ക്ക് വൃദ്ധസദനം സമ്മാനിച്ചു.
റാഷിദ് കെ, ബാലുശ്ശേരി

നഷ്ടം

മഴകറുത്ത

കര്‍ക്കിടകത്തില്‍
അമ്മയെ
തെക്കോട്ടെടുത്തു;
അമ്മിയെയും.

കൈ പൊട്ടിയരച്ച
ചമ്മന്തിയിലെ
കണ്ണുനീര്‍നനവ് നാവിലൂറി
പിന്നെ
തൊണ്ടയിലെവിടെയോ കുരുങ്ങി നിന്നു.

ഉറിയും ഉരലും
അമ്മയ്ക്കു മുമ്പേ
ഇല്ലം കടന്നിരുന്നു.

കറവക്കാരന്റേതായി
മാളു പോകെ
നനഞ്ഞ കണ്ണുകളില്‍
അമ്മയും മാളുവുമെന്തോ
സംസാരിക്കുന്നതു കണ്ടു

തെക്കെ പ്ളാവിന്‍ ചുവട്ടില്‍
അച്ഛനോട്
യാത്ര പറയവെയാണ്
അമ്മ
നിലം പറ്റിയത്.

ഒടുങ്ങും നേരം
കൈപ്പിടിച്ചെന്തോ
അമ്മ
പറഞ്ഞിരുന്നു.
പക്ഷേ, ഉള്ളിലേക്കെടുക്കും മുമ്പ്
അതും എനിക്ക്
നഷ്ടപ്പെട്ടു.
നൌഷാദ് പട്ടിക്കര

വിനോദ സഞ്ചാരി
പുല്‍ത്തകിടിയുടെ
പച്ചപ്പും
കിളിപ്പൈതങ്ങളുടെ
കിന്നരിപ്പാട്ടുകളുമുള്ള
കേരളം കാണാനെത്തിയ
എനിക്ക്
നീയെന്തിനാണ്
വിദേശമദ്യം
വിളമ്പിവച്ചത്?
ജാബിര്‍ പൂനൂര്‍

 

തിരിച്ചറിവ്

ഞാനെന്റെ വീട് ഭരിക്കും
ഞാനെന്റെ നാട് ഭരിക്കും
ഞാനെന്റെ രാജ്യം ഭരിക്കും
എനിക്കെന്നെ മാത്രം
ഭരിക്കാന്‍ കഴിയുന്നില്ല…

ഉനൈസ് കൂടല്ലൂര്‍

പുതുവര്‍ഷപ്പുലരി
കലണ്ടറുകള്‍ ചിതലരിച്ചു
കോളങ്ങള്‍ മാറിമറിഞ്ഞു
ചെമപ്പും കറുപ്പുമായി
ഇന്നലെകള്‍ കടന്നുപോയി
ആരെയും കാത്തു നില്‍ക്കാതെ
കൊഴിഞ്ഞു ആയുസ്സിന്റെ ഇലകള്‍
ആഗതമായി പിന്നെയും
പുതുവര്‍ഷപ്പുലരികള്‍
സൂര്യചന്ദ്രലതാദികള്‍
പ്രകൃതിദത്ത മലരുകള്‍.
മാറ്റമില്ലാത്തവന്‍ മാനവന്‍
കുറ്റമെല്ലാം കാലത്തിന്
തിരിഞ്ഞുനോക്കാന്‍ ശാന്തിതീരങ്ങളില്ല
തിരിച്ചെടുക്കാന്‍ നേരം അസാധ്യവും
കൃത്യജീവിതം നിത്യവിജയം
പുതുദിനത്തിലുത്തമം
പുനര്‍വിചിന്തനം.

ശുഐബ്, 
അല്‍ ഇഹ്സാന്‍ വേങ്ങര

 

You must be logged in to post a comment Login