വസ്തുക്കളുടെ വില ആര് തീരുമാനിക്കണം?

വസ്തുക്കളുടെ വില ആര് തീരുമാനിക്കണം?

വിലക്കയറ്റത്തിന്റെ ഫിലോസഫിയെ കുറിച്ച് വായിക്കുന്നതിനിടയിലാണ് സുഹൃത്തിന്റെ ഇ-മെയില്‍ സന്ദേശം വായിക്കാനിടയായത്.

‘വികസനപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണല്ലോ പെട്രോള്‍ വില വര്‍ധിപ്പിക്കേണ്ടി വന്നത്. ഈ യാഥാര്‍ത്ഥ്യം അവഗണിച്ചുകൊണ്ട്, വസ്തുക്കളുടെ വിലയില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്നും ‘Market Mechanism’, അഥവാ വസ്തുക്കളുടെ ചോദനവും ലഭ്യതയും അടിസ്ഥാനപ്പെടുത്തി മാര്‍ക്കറ്റ് നിര്‍ണയിക്കുന്ന വില സ്വീകരിക്കേണ്ടതാണെന്നും താങ്കള്‍ സിറാജ് പത്രത്തില്‍ എഴുതിയതായി കാണാന്‍ സാധിച്ചു. ഈ നയം ഇസ്‌ലാമികമെങ്കില്‍ കെയ്ന്‍സ് മുതല്‍ ആധുനിക സാമ്പത്തിക ശാസ്ത്രജ്ഞര്‍ വരെ എഴുതിത്തള്ളിയ ക്ലാസിക്കല്‍ തിയറിയുടെ വക്താക്കളാണ് മുസ്‌ലിംകളെന്ന് പറയേണ്ടി വരും. സര്‍ക്കാര്‍ നോക്കുകുത്തിയാവണമെന്ന ക്ലാസിക്കല്‍ തിയറിയിലെ ഈ ബാലിശമായ സമീപനത്തോട് താങ്കള്‍ എങ്ങനെയാണ് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നത്?’

യഥാര്‍ത്ഥത്തില്‍ സുഹൃത്ത് മനസിലാക്കിയത് പോലെ സര്‍ക്കാര്‍ ഇടപെടലുകള്‍ പൂര്‍ണമായും ഹനിക്കപ്പെടുന്ന ക്ലാസിക്കല്‍ നയമല്ല ഇസ്‌ലാമിനുള്ളത്. വിശദീകരിക്കാം. അതിനു മുന്‍പ് വിലക്കയറ്റം, പണപ്പെരുപ്പം, മാര്‍ക്കറ്റ് തുടങ്ങിയ സാമ്പത്തിക പദാവലികളുടെ കെട്ടഴിക്കല്‍ അത്യാവശ്യമാണ്. അതുവഴി ഇസ്‌ലാമിലെ സമ്പദ്ഘടനയുടെയും ക്ലാസിക്കല്‍ തിയറിയുടെയും ഇടയിലുള്ള അന്തരം എളുപ്പത്തില്‍ മനസിലാക്കാനാവും.

ക്ലാസിക്കല്‍ തിയറിയും കെയ്ന്‍സിന്റെ അവരോഹണവും
കഴിവുള്ള, ജോലി ചെയ്യാന്‍ തല്പരരായ മുഴുവനാളുകള്‍ക്കും തൊഴില്‍ സാധ്യതയുണ്ടെന്ന (Full Employment) തെറ്റായ നിഗമനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ക്ലാസിക്കല്‍ തിയറിയുടെ സിദ്ധാന്തങ്ങളെല്ലാം രൂപപെടുത്തിയിരിക്കുന്നത്. മാര്‍ക്കറ്റില്‍ ലഭ്യമായ പണത്തെ (Money Supply) കേന്ദ്രീകരിച്ചാണ് വില നിര്‍ണയിക്കപ്പെടുന്നത്. അഥവാ, സെന്‍ട്രല്‍ ബാങ്ക് പണത്തിന്റെ ലഭ്യത വര്‍ധിപ്പിക്കുന്നത് മൂലം ഉല്‍പന്നങ്ങളുടെ വിലയും വര്‍ധിക്കുന്നു. ഇത്തരം ഇടങ്ങളില്‍ സര്‍ക്കാര്‍ സാന്നിധ്യം ഗുണകരമല്ലെന്ന ചിന്താഗതിയാണ് ക്ലാസിക്കല്‍ സാമ്പത്തിക വിദഗ്ധര്‍ മുന്നോട്ടുവെച്ചത്.

1929-39 കാലയളവില്‍ അമേരിക്കയിലുണ്ടായ സാമ്പത്തിക മാന്ദ്യം വ്യാവസായിക രംഗത്തെ ഒന്നടങ്കം സ്തബ്ധമാക്കിയിരുന്നു. 1929-ലെ ഓഹരിവിപണി ദുരന്തത്തോട് കൂടെയായിരുന്നു മാന്ദ്യങ്ങളുടെ തുടക്കം. 1933 ആകുമ്പോഴേക്ക് തൊഴിലില്ലായ്മ 3 ശതമാനത്തില്‍ നിന്നും 25 ശതമാനത്തിലേക്ക് കുതിച്ചുകയറി. വ്യാവസായിക രംഗത്തെ ഉല്പാദന നിരക്ക് 50 ശതമാനത്തിലേറെ ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലെ നിക്ഷേപം 98 ശതമാനം കുറഞ്ഞു. ഇതില്‍ നിന്നൊരു മോചനമെന്നോണം 1936-ല്‍ കെയ്ന്‍സ് തന്റെ വിഖ്യാതമായ ‘The General Theory of Employment, Interest and Money’ എന്ന പുസ്തകത്തിലൂടെ ക്ലാസിക്കല്‍ തിയറിയെ പൊളിച്ചെഴുതുകയുണ്ടായി. സര്‍ക്കാര്‍ ഇടപെടലുകളൊന്നുമില്ലാതെ വസ്തുക്കളുടെ ചോദനവും (Demand) ലഭ്യതയും (Supply) അടിസ്ഥാനപ്പെടുത്തി മാര്‍ക്കറ്റ് വിലയില്‍ സന്തുലിതാവസ്ഥ കൈവരിക്കാമെന്ന ക്ലാസിക്കല്‍ സിദ്ധാന്തത്തെ കെയ്ന്‍സ് വിമര്‍ശിക്കുകയുണ്ടായി. ഇതിന്റെ ഫലമെന്നോണം എശരെമഹ ജീഹശര്യ എന്ന പേരില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ പിന്നീടങ്ങോട്ട് സജീവമായി. യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിലെ സമ്പദ്ഘടന മുന്നോട്ട് വെക്കുന്ന ആശയങ്ങളാണ് കെയ്ന്‍സിന്റെ തിയറിയിലും വായിക്കാന്‍ സാധിക്കുന്നത്. ജനങ്ങളുടെ അപക്വമായ ഇടപെടലുകള്‍ മാര്‍ക്കറ്റില്‍ സൃഷ്ടിച്ചേക്കാവുന്ന അസന്തുലിതാവസ്ഥ എശരെമഹ ജീഹശര്യ യിലൂടെ എളുപ്പം നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുമെന്ന് ഇരുകൂട്ടരും സമ്മതിക്കുന്നുണ്ട്.

വിലയിലെ ധാര്‍മികതയും സര്‍ക്കാര്‍ സമ്പര്‍ക്കവും

ഒരു രാജ്യത്തെ സാമ്പത്തിക നിലവാരം അളക്കാന്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന നിരക്കാണ് പണപ്പെരുപ്പ നിരക്ക്. പണപ്പെരുപ്പം കുറയുന്നതിലൂടെ സുസ്ഥിര വികസനമെന്ന സ്വപ്‌നം പൂവണിയുമെന്ന് മുന്‍ ആര്‍.ബി.ഐ ഗവര്‍ണറായ രഘുറാം രാജന്‍ തന്റെ ‘I Do What I Do’ എന്ന പുസ്തകത്തില്‍ അഭിപ്രായപ്പെടുന്നുണ്ട്.

എന്താണ് പണപ്പെരുപ്പം? മാര്‍ക്കറ്റില്‍ പണത്തിന്റെ ലഭ്യത (Money Supply) കൂടുകയും, വസ്തുക്കളുടെ വില വര്‍ധിക്കുകയും ചെയ്യുന്നതിലൂടെ പണപ്പെരുപ്പം ഉടലെടുക്കുന്നു.
വികസനത്തിന് മേലുള്ള ചോദ്യ ചിഹ്നമായി പണപ്പെരുപ്പത്തെ വ്യാഖ്യാനിച്ച വായനകളും കുറവല്ല. ഹ്രസ്വ കാലയളവില്‍ (Short Run) വികസനവും പണപ്പെരുപ്പവും ഒരേ ദിശയില്‍ സഞ്ചരിക്കുന്ന രണ്ട് തത്വങ്ങളാണ്. അഥവാ, പണപ്പെരുപ്പം ഉയരുന്നതിലൂടെ വികസനവും സജീവമാകും. എന്നാല്‍ ദീര്‍ഘ കാലയളവില്‍ (Long Run) ഇവ തമ്മില്‍ വൈരുദ്ധ്യാത്മകമായ ബന്ധമാണുള്ളത്. ഇവിടെ പണപ്പെരുപ്പം ഉയരുന്നതിലൂടെ വികസനം പിന്നോട്ടടിക്കും. വിലക്കയറ്റം മൂലം അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പണം തികയാതെ വരുന്ന പാവപ്പെട്ട ജനങ്ങളാണ് ഇതിന്റെ മുഖ്യ ഇരകള്‍.

ഏതൊരു സാമ്പത്തിക പ്രതിസന്ധിയുടെയും കരടായി മാറുന്ന പണപ്പെരുപ്പത്തെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ ഇസ്‌ലാമിലെ സമ്പദ്ഘടനക്ക് സാധിക്കും. വസ്തുക്കളുടെ വിലയില്‍ വരുന്ന അസ്വാഭാവികമായ മാറ്റങ്ങളോട് ഇസ്‌ലാം സ്വീകരിച്ചുവരുന്ന കര്‍ശന നിലപാട് തന്നെയാണ് മുഖ്യകാരണം. ക്യാപിറ്റലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും സാമ്പത്തിക നയങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇസ്‌ലാമിലെ സാമ്പത്തിക നയങ്ങള്‍.സകല സാമ്പത്തിക രീതിശാസ്ത്രങ്ങളിലും ചോദനവും ലഭ്യതയും അടിസ്ഥാനപ്പെടുത്തിയാണ് വസ്തുക്കള്‍ക്ക് വില നിര്‍ണയിക്കുന്നത്. ഇതൊരു സാര്‍വലൗകിക തത്വമാണ്. എന്നാല്‍ ഇവയുടെ മേല്‍ ഓരോ വ്യക്തിക്കും സ്വതന്ത്രമായ ഇടപെടലിന് അനുമതി നല്‍കുന്ന വ്യവസ്ഥയാണ് ക്യാപിറ്റലിസത്തിനുള്ളത്. എന്നാല്‍ അവയുടെ പൂര്‍ണാവകാശം സര്‍ക്കാറിന് നല്‍കാനാണ് കമ്മ്യൂണിസം ഒച്ച വെക്കുന്നത്. ഒന്നാമത്തേത് ചില ആളുകളിലേക്ക് മാത്രം ധനം ചുരുങ്ങാന്‍ ഹേതുവാകുന്നു. മാത്രവുമല്ല, ചൂഷണം പോലോത്ത സാമ്പത്തിക ക്രമക്കേടുകള്‍ സജീവമാകാനും അത് കാരണമായേക്കും. എന്നാല്‍ സോഷ്യലിസം തീര്‍ക്കുന്ന വിപത്ത് ഇതിനേക്കാളേറെയാണ്. അതാണ് ഇന്ത്യയില്‍ മിശ്രിത വ്യവസ്ഥയെന്ന പേരില്‍ നാമിന്ന് കണ്ടുവരുന്നതും.

വില നിര്‍ണയിക്കുന്നതില്‍ ഇസ്‌ലാമിന്റെ കാഴ്ചപ്പാട് തീര്‍ത്തും വ്യതിരിക്തമാണ്. ഈ ലോകത്തുള്ളതെല്ലാം അല്ലാഹുവിനുള്ളതാണെന്നാണ് വിശുദ്ധ ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നത്. വില്പനക്കാരനെയും ഉപഭോക്താവിനെയും പരസ്പരം ബന്ധിപ്പിക്കുന്നവനും അല്ലാഹു തന്നെ. അതുകൊണ്ട് തന്നെ ചോദനവും (Demand) ലഭ്യതയും(Supply) പ്രകൃതിപരമാണെന്ന വാദം പ്രസക്തിയര്‍ഹിക്കുന്നു. ഒരിക്കല്‍ ഒരാള്‍ വിലക്കയറ്റത്തെ കുറിച്ച് പരാതി ബോധിപ്പിച്ചപ്പോള്‍ നബി(സ്വ) തങ്ങള്‍ പറഞ്ഞു: ‘അല്ലാഹുവാണ് കൊടുക്കുന്നവനും വാങ്ങുന്നവനും. വില അവന്‍ നിശ്ചയിക്കട്ടെ. രക്തത്തിലും ധനത്തിലും അക്രമം ചെയ്യാന്‍ നിങ്ങളെന്നോട് ആവശ്യപ്പെടരുത്’. വില നിര്‍ണയം പ്രകൃതിപരമാണെന്ന വലിയൊരു ആശയത്തിലേക്ക് വെളിച്ചം വീശുന്നതാണ് നബി(സ്വ)യുടെ ഈ വാക്കുകള്‍. തിരിച്ചറിവാണ് നബി തങ്ങളെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചതെന്ന് മനസിലാക്കാം.

എന്നാല്‍ ഇത്തരത്തില്‍ ഗണിക്കേണ്ട ചോദനത്തിലും(Demand) ലഭ്യതയിലും(Supply) പൊതുജനങ്ങള്‍ ഇടപെട്ടാല്‍ ഭരണകൂടം അത് പരിഹരിക്കാന്‍ രംഗത്ത് വരണമെന്ന് ഇസ്‌ലാം കല്‍പിക്കുന്നു. ഖുര്‍ആനില്‍ അല്ലാഹു പറഞ്ഞത് പോലെ പണം ധനികരില്‍ മാത്രം ഒതുങ്ങിപ്പോകാതിരിക്കാനാണ് പ്രസ്തുത ഇടപെടല്‍. ഇത്തരം വിഷയങ്ങള്‍ ഇല്ലാത്ത സമയത്ത് ഭരണകൂടം മൗനം പാലിക്കണമെന്നത് ഇതിനോട് കൂടെ കൂട്ടി വായിക്കണം.
ഇന്ന് രാജ്യത്ത് അനുഭവപ്പെടുന്ന പണപ്പെരുപ്പം പ്രധാനമായും വിലക്കയറ്റത്തിന്റെ ബൈപ്രോഡക്ടാണ്. വിലയില്‍ അനാവശ്യമായി മാറ്റം വരുത്തുന്നതിനെ ഖുര്‍ആന്‍ ശക്തമായ ഭാഷയില്‍ തന്നെ വിമര്‍ശിക്കുന്നുണ്ട്. ഓരോ വസ്തുവിലും അര്‍ഹമായ വിലയാണ് ഈടാക്കുന്നതെങ്കില്‍ കുഴപ്പമില്ല. ‘നിങ്ങള്‍ നീതിപൂര്‍വം തൂക്കം ശരിയാക്കുക. അളവുകളില്‍ നിങ്ങള്‍ കുറവ് വരുത്തരുത്'(55/9).

പ്രസ്തുത ആയത്തിലൂടെ അമിതമായ വില ഈടാക്കുന്ന കുത്തക (Monopoly) സമ്പ്രദായവും കുറഞ്ഞ വിലയിലൂടെ മാര്‍ക്കറ്റ് കീഴടക്കുന്ന ന്യൂ ജെന്‍ കോര്‍പറേറ്റ് നയവും നിരോധിക്കുന്നതായി കാണാം. വിലയില്‍ ഇടത്തര നയമാണ് ഇസ്‌ലാം സ്വീകരിക്കുന്നതെന്ന് പ്രസ്തുത ആയത്തിന്റെ വിശദീകരണത്തില്‍ ഇമാം സ്വാവി(റ) പ്രതിപാദിക്കുന്നുണ്ട്.
ഇന്ന് ലോകം വാഴ്ത്തുന്ന ഗോള്‍ഡന്‍ തിയറിയുടെ ചില ഇസ്‌ലാമിക സാമ്പത്തിക സങ്കല്‍പങ്ങളും ആയത്തില്‍ കാണാന്‍ സാധിക്കും. ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോള്‍ വഞ്ചിക്കപ്പെടരുതെന്ന് നാം ആഗ്രഹിക്കുന്നത് പോലെ മറ്റുള്ളവരെ വഞ്ചിക്കാതിരിക്കാനും നാം ശ്രദ്ധിക്കണം. നമ്മള്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്ന അതേ വിലയേ സഹോദരനില്‍ നിന്നും ഈടാക്കാവൂ എന്ന് ഈ ആയത്തിനെ വ്യാഖ്യാനിക്കുന്നിടത്ത് ഇമാം ഖുര്‍തുബി(റ)യും ഖുശൈരി(റ)യും രേഖപ്പെടുത്തുന്നുണ്ട്.

വില നിര്‍ണയിക്കുന്ന വിഷയത്തില്‍ ചില നിബന്ധനകള്‍ ഇസ്‌ലാം അനുശാസിക്കുന്നുണ്ട്.
1- വസ്തുവിന്റെ മാര്‍ക്കറ്റ് വില്‍പനക്കാരനും ഉപഭോക്താവും അറിഞ്ഞിരിക്കണം. ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ പട്ടണത്തിലെത്തുന്നതിന് മുന്‍പ് കുറഞ്ഞ വിലക്ക് വസ്തുക്കള്‍ കച്ചവടമാക്കുകയും പിന്നീട് അതിനെക്കാള്‍ ഉയര്‍ന്ന നിരക്കില്‍ മാര്‍ക്കറ്റില്‍ വില്‍ക്കുകയും ചെയ്യുന്ന ഇടനിലക്കാരന്റെ പ്രവര്‍ത്തനം നബി(സ്വ) തങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടവന് ഇടപാടില്‍ നിന്ന് പിന്‍വാങ്ങാനുള്ള അവകാശമുണ്ടെന്നും നബി തങ്ങള്‍ പറയുകയുണ്ടായി. ഗ്രാമീണര്‍ക്ക് മാര്‍ക്കറ്റ് വിലയെ കുറിച്ച് അറിവില്ലാത്തതിനാല്‍ അവര്‍ വഞ്ചിക്കപ്പെടാന്‍ ഇടവരുന്നത് കൊണ്ടാണ് അത്തരമൊരു നിരോധനം ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്.

2- നജ്ശ് അനുവദനീയമല്ല. അഥവാ രണ്ടാളുകള്‍ രഹസ്യധാരണയില്‍ ഏര്‍പ്പെടുകയും ഒരാള്‍ സ്വയം ഉപഭോക്താവായി അഭിനയിക്കുകയും ചെയ്യുന്നു. അങ്ങനെ അമിത വിലക്ക് വസ്തു വാങ്ങാമെന്ന് ഒരാള്‍ പറയുന്ന പക്ഷം അടുത്തുള്ള യഥാര്‍ത്ഥ ഉപഭോക്താവ് കബളിപ്പിക്കപ്പെടുന്നു. അതിലും ഉയര്‍ന്ന വിലക്ക് അയാള്‍ വസ്തു വാങ്ങേണ്ടി വരുന്ന ഈ പ്രക്രിയയെയാണ് ‘നജ്ശ്’ എന്ന് കര്‍മശാസ്ത്രത്തില്‍ വിളിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളെ നിരോധിച്ചതായി ഹദീസുകളില്‍ കാണാന്‍ സാധിക്കുന്നതാണ്.

3- ഇല്ലാത്ത വിശേഷണങ്ങള്‍ പറഞ്ഞും ന്യൂനതകള്‍ മറച്ചുവെച്ചും വില വര്‍ധിപ്പിക്കാതിരിക്കുക. ഒരു ദിവസം നബി തങ്ങള്‍ അങ്ങാടിയില്‍ വെച്ച് ഒരു കച്ചവടക്കാരന്റെ പാത്രത്തില്‍ കൈ പ്രവേശിപ്പിക്കുകയുണ്ടായി. ചെറിയ നനവ് അനുഭവപ്പെട്ടപ്പോള്‍ നബി തങ്ങള്‍ കാരണം തിരക്കി. മഴ നനഞ്ഞതാണെന്ന് കച്ചവടക്കാരന്‍ മറുപടി പറഞ്ഞപ്പോള്‍ നബി തങ്ങള്‍ പറഞ്ഞു ‘ജനങ്ങള്‍ കാണുന്ന നിലക്ക് അത് മുകളില്‍ വെച്ച് കൂടായിരുന്നോ? നിശ്ചയം മറച്ചുവെക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല.’

4- പണപ്പെരുപ്പത്തിന് വഴിവെക്കുന്ന പ്രധാന പ്രവര്‍ത്തനമാണ് പൂഴ്ത്തിവെപ്പ്(Speculation). ശപിക്കപ്പെട്ടവന്‍, കുറ്റക്കാരന്‍, അല്ലാഹുവിന്റെ റഹ്മത്തില്‍ നിന്നും അകറ്റപ്പെട്ടവന്‍ തുടങ്ങിയ വിശേഷണങ്ങളാണ് പൂഴ്ത്തിവെപ്പുകാരന് നബി തങ്ങള്‍ നല്‍കിയത്. സാധനങ്ങളുടെ ലഭ്യത (Supply) കൂടുന്ന സമയത്ത് അവ പൂഴ്ത്തിവെക്കുകയും പിന്നീട് ആവശ്യം കൂടുമ്പോള്‍ ഉയര്‍ന്ന വിലക്ക് വില്‍ക്കുകയും ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാര്‍ക്കറ്റില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്ന കാര്യം പകല്‍ വെളിച്ചം പോലെ വ്യക്തമാണ്.
മുകളിലെ ഉദാഹരണങ്ങള്‍ പണപ്പെരുപ്പത്തിനുള്ള പരിഹാര മാര്‍ഗങ്ങളല്ല. മറിച്ച് ചൂഷണാത്മകമായ വിലക്കയറ്റത്തോടുള്ള ഇസ്‌ലാമിന്റെ സമീപനം സ്ഥിരീകരിക്കാനുള്ള ഉദാഹരണങ്ങളാണ്.

പണപ്പെരുപ്പം: സാമ്പ്രദായിക രീതിയും ബദല്‍ മാര്‍ഗങ്ങളും
പണപ്പെരുപ്പം തടയാന്‍ സെന്‍ട്രല്‍ ബാങ്ക് നടപ്പിലാക്കുന്ന നയങ്ങള്‍ക്കാണ് Monetary Policy എന്ന് പറയുന്നത്. ബാങ്കിലെ പലിശ നിരക്ക് (Interest Rate) കുറക്കുന്നതിലൂടെ വായ്പ (Loan) വര്‍ധിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഇത് മാര്‍ക്കറ്റില്‍ പണത്തിന്റെ ലഭ്യത കൂട്ടുകയും പണപ്പെരുപ്പമുണ്ടാക്കുകയും ചെയ്യും. ഇവിടെ പലിശ നിരക്ക് നിയന്ത്രിച്ച് കൊണ്ട് പണപ്പെരുപ്പത്തെ നേരിടാന്‍ ബാങ്ക് പരിശ്രമിക്കും.

വായ്പയുടെ മുഖ്യ ഉപഭോക്താക്കള്‍ സമ്പന്നരാണെന്ന് കിട്ടാക്കടത്തിന്റെ (Bad Debt) കണക്കുകള്‍ നമ്മോട് സൂചിപ്പിക്കുന്നുണ്ട്. ഇത് രാജ്യത്ത് അസമത്വമുണ്ടാക്കുമെന്നതാണ് ഈ നയത്തിന്റെ ബാക്കിപത്രം. മാത്രവുമല്ല, ഇത്തരം വായ്പകള്‍ ഉല്‍പന്നങ്ങളുടെ (Goods) നിര്‍മാണത്തിലേക്ക് ചിലവഴിക്കപ്പെടുന്നതും കുറവാണ്. അഥവാ, വസ്തുക്കളുടെ വിലയെ ഇത്തരം വായ്പകള്‍ കാര്യമായി ബാധിക്കില്ലെന്ന് ചുരുക്കം. എന്നാല്‍ മൊത്തം പണത്തിന്റെ ലഭ്യത (Aggregate Money Supply) അടിസ്ഥാനപ്പെടുത്തി പണപ്പെരുപ്പ നിരക്കില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം.
പലിശയിലൂടെ വരുന്ന വിപത്ത് പലിശ മുഖേനെ നിയന്ത്രിക്കാമെന്ന ആധുനിക സാമ്പത്തിക നയം കോര്‍പ്പറേറ്റുകള്‍ക്കുള്ള കീഴ്‌പെടലാണെന്ന് പറയാതെ വയ്യ. പലിശ നിരക്ക് കുറക്കുന്നതിലൂടെ നിക്ഷേപങ്ങള്‍ കുത്തനെ ഉയരുമോ എന്ന് രഘുറാം രാജന്‍ സംശയം പ്രകടിപ്പിച്ചതും ഇവിടെ സ്മരണീയമാണ്. നിക്ഷേപത്തെ നിര്‍ണയിക്കുന്ന പ്രാഥമിക ഘടകം പലിശ നിരക്കല്ലെന്ന വാദമാണ് അദ്ദേഹത്തിനുള്ളത്. മാത്രവുമല്ല, ജനങ്ങളില്‍ നിന്ന് ബാങ്കുകള്‍ വാങ്ങുന്ന നിക്ഷേപത്തിന്റെ (Deposit) നിരക്ക് കുറയാത്ത കാലത്തോളം വായ്പാ നിരക്ക് കുറക്കാന്‍ ബാങ്കുകള്‍ മുന്നോട്ട് വരില്ലെന്നും രഘുറാം രാജന്‍ അഭിപ്രായപ്പെടുന്നുണ്ട്.
എന്നാല്‍ ഇസ്‌ലാമിക് ബാങ്കുകള്‍ നല്‍കി വരുന്ന പലിശ രഹിത വായ്പകള്‍ ഇത്തരം പോരായ്മകളില്‍ നിന്നും മുക്തമാണ്. വായ്പ വാങ്ങുന്നവന് തിരിച്ചടക്കാന്‍ കഴിവുണ്ടാകണം. മുളാറബ, മുറാബഹ തുടങ്ങിയ വായ്പാ സംവിധാനങ്ങള്‍ ലാഭ-നഷ്ട സാധ്യതയുള്ള കച്ചവടങ്ങളിലെ നിക്ഷേപങ്ങള്‍ക്കാണ് പണം നല്‍കുന്നത്. ഇതിലൂടെ വസ്തുക്കളുടെ വിലയില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. പൂഴ്ത്തിവെക്കാന്‍ പണം നല്‍കാത്ത പക്ഷം ഒരു പരിധി വരെ മാര്‍ക്കറ്റില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സാധിക്കും.

തൊഴിലില്ലായ്മയും പണപ്പെരുപ്പനിരക്കും തമ്മിലുള്ള ബന്ധം കൂടി ഇവിടെ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇവ തമ്മിലുള്ള വൈരുദ്ധ്യാത്മകമായ ബന്ധം വസ്തുതാപരമായി തെളിയിക്കപ്പെട്ടതാണ്. 1861 മുതല്‍ 1957 വരെയുള്ള കണക്കുകള്‍ അടിസ്ഥാനപ്പെടുത്തി ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനായ അണ ഫിലിപ്‌സ് ഈ യാഥാര്‍ത്ഥ്യത്തെ സ്ഥിരീകരിക്കുകയുണ്ടായി. ഇരുപത്തൊന്നാം നൂറ്റാണ്ടാകുമ്പോഴേക്കും ഫിലിപ്‌സ് വിമര്‍ശിക്കപ്പെട്ടു. എന്നാല്‍ ഇവിടെയൊന്നും പണപ്പെരുപ്പവും തൊഴിലില്ലായ്മയും ഒരുപോലെ നിര്‍മാര്‍ജനം ചെയ്യപ്പെട്ടിരുന്നില്ല. അതിന് പ്രാപ്തമായ സമ്പദ്ഘടനയാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. അധ്വാനിക്കാതെ/തൊഴിലുമായി ബന്ധപ്പെടാതെ ലഭിക്കുന്ന പണമായതിനാലാണ് പലിശ നിരോധിച്ചതെന്ന് തഫ്‌സീറുല്‍ ജവാഹിറില്‍ പരാമര്‍ശിച്ചതായി കാണാം. അഥവാ, തൊഴിലിനെ നിരുത്സാഹപ്പെടുത്തുന്ന വികസന പ്രക്രിയകള്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ഉപയോഗ ശൂന്യമായി കിടക്കുന്ന ഭൂമികള്‍ ഭരണാധികാരികള്‍ അധീനപ്പെടുത്തണമെന്ന കര്‍മശാസ്ത്ര വായനകളും വിരല്‍ചൂണ്ടുന്നത് അതിലേക്കാണ്.

പണപ്പെരുപ്പം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയില്ല. വിദേശ നാണയത്തിന്റെ മൂല്യങ്ങളിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ വരെ അതിനെ സ്വാധീനിച്ചേക്കും. പണപ്പെരുപ്പം വര്‍ധിക്കുന്നതിലൂടെ ജനങ്ങളുടെ ആവശ്യങ്ങളും വര്‍ധിക്കുന്നു. ഇതിനനുസരിച്ചുള്ള സപ്ലൈ നല്‍കാന്‍ കഴിയാത്ത പക്ഷം വില വര്‍ധിപ്പിക്കാന്‍ കച്ചവടക്കാര്‍ നിര്‍ബന്ധിതരാവും.
ജനങ്ങളില്‍ വര്‍ധിച്ചു വരുന്ന അമിതവ്യയവും വിനാശകരമായ ഉപഭോഗവും (Wasteful Consumption) കുറയുന്നതിലൂടെ ഒരു പരിധിവരെ ഉല്‍പന്നങ്ങളുടെ ആവശ്യകത കുറക്കാന്‍ സാധിക്കും. അമിതവ്യയം കാണിക്കുന്നവര്‍ പിശാചിന്റെ സഹോദരനാണെന്ന ധ17:28പ ഖുര്‍ആനിക അധ്യാപനം നാമോര്‍ക്കണം. അമിതവ്യയം/ദുര്‍വ്യയം തുടങ്ങിയ പ്രവൃത്തികള്‍ ഇല്ലാതാവുമ്പോള്‍ മൊത്തം ഉല്‍പന്നങ്ങളുടെ ആവശ്യകത (Aggregate Demand) കുറയും. അതുവഴി മാര്‍ക്കറ്റ് വിലയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താനാവും.

ഇന്ത്യ പോലോത്ത രാജ്യങ്ങളില്‍ ഒഴിഞ്ഞുമാറാത്ത നൂലാമാലയാണ് പണപ്പെരുപ്പം. അതിന്റെ പരിഹാരമാര്‍ഗങ്ങള്‍ അന്വേഷിക്കുന്നതോടൊപ്പം പ്രസ്തുത വിപത്തിന്റെ ഫിലോസഫിയെയും ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുണ്ട്. അവിടെയാണ് ഇസ്‌ലാമിലെ സാമ്പത്തിക നയങ്ങള്‍ പ്രസക്തിയര്‍ഹിക്കുന്നതും. രോഗത്തെയല്ല ചികില്‍സിക്കേണ്ടത്, മറിച്ച് രോഗത്തിന്റെ കാരണത്തെയാണെന്ന തത്വം എത്ര ചിന്തനീയമാണ്.

മുഹമ്മദ് ശഫീഖ് സി.എം നാദാപുരം

You must be logged in to post a comment Login