നിംഹാന്‍സില്‍ നഴ്‌സിങ്, മെഡിക്കല്‍ കോഴ്‌സുകള്‍

നിംഹാന്‍സില്‍ നഴ്‌സിങ്, മെഡിക്കല്‍ കോഴ്‌സുകള്‍

ബംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (നിംഹാന്‍സ്) ബി.എസ്‌സി. നഴ്‌സിംഗ്, ബി.എസ്‌സി. റേഡിയോഗ്രാഫി ഉള്‍പ്പടെ വിവിധ ബിരുദ കോഴ്‌സുകളിലേക്കും ഡിപ്ലോമ കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. ബിരുദ കോഴ്‌സുകള്‍ക്കു പ്ലസ്ടുക്കാര്‍ക്ക് അപേക്ഷിക്കാം.

ഓണ്‍ലൈനായി മേയ് 31 വരെയാണ് അപേക്ഷിക്കാവുന്നത്. അപേക്ഷാ ഫീസ് കോഴ്‌സ് ഒന്നിനു പൊതു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1000 രൂപ. പട്ടികജാതിവര്‍ഗക്കാര്‍ക്ക് 750 രൂപ. എം.എസ്‌സി. സൈക്യാട്രിക് നഴ്‌സിങ് കോഴ്‌സിന് ഇത് യഥാക്രമം 1500, 1000 രൂപ. ഒരു അപേക്ഷാര്‍ഥിക്കു പരമാവധി നാലു കോഴ്‌സുകള്‍ക്കു വരെ അപേക്ഷിക്കാം.

കോഴ്‌സുകളും യോഗ്യതയും: ബി.എസ്‌സി. നഴ്‌സിങ് (77 സീറ്റ്): നാലു വര്‍ഷത്തെ കോഴ്‌സിനു ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പഠിച്ച് 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം.

ബി.എസ്‌സി. റേഡിയോഗ്രാഫി (10 സീറ്റ്): മൂന്നു വര്‍ഷത്തെ കോഴ്‌സാണ്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ മാത്തമാറ്റിക്‌സ് പഠിച്ച് 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടുവാണു യോഗ്യത.
ബിഎസ്‌സി അനസ്‌തേഷ്യ ടെക്‌നോളജി (6 സീറ്റ്): സയന്‍സ് വിഷയങ്ങളില്‍ 45 ശതമാനം മാര്‍ക്കോടെ പ്ല്‌സ്ടു. കോഴ്‌സ് ദൈര്‍ഘ്യം മൂന്നു വര്‍ഷം.
പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക്/ മെന്റല്‍ ഹെല്‍ത്ത് നഴ്‌സിങ് (45 സീറ്റ്), പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ ന്യൂറോ സയന്‍സ് നഴ്‌സിങ് (9 സീറ്റ്): നഴ്‌സിങ് രംഗത്ത് ഒരു വര്‍ഷത്തെ പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ന്യൂറോ ഫിസിയോളജി (6 സീറ്റ്): ഫിസിക്‌സ്, ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ രണ്ടാം ക്ലാസ് ബിരുദമോ ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ എന്‍ജിനിയറിങ് ് ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സിന്റെ കാലാവധി രണ്ടു വര്‍ഷം.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ന്യൂറോപതോളജി ടെക്‌നോളജി: ഒരു വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. ബി.എസ്‌സി. എം.എല്‍.ടി., ബി.എസ്‌സി. ലൈഫ്‌സയന്‍സ്, ഡി.എം.എല്‍.ടി. 50 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്ക് അപേക്ഷിക്കാം.

2018 ഓഗസ്റ്റ് ഒന്നിന് 17നും 25നും മധ്യേ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. ബി.എസ്‌സി. കോഴ്‌സുകള്‍ക്ക് ജൂണ്‍ 24ന് നടത്തുന്ന ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. 90 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് പ്രവേശന പരീക്ഷ. നെഗറ്റീവ് മാര്‍ക്ക് ഉണ്ട്. മറ്റു കോഴ്‌സുകള്‍ക്ക് യോഗ്യതാപരീക്ഷയുടെ മാര്‍ക്ക് മാനദണ്ഡമാക്കും. കൊച്ചി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പൂന, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണു പരീക്ഷാ കേന്ദ്രങ്ങള്‍. മാതൃകാ പരീക്ഷയ്ക്കുള്ള സൗകര്യം വെബ്‌സൈറ്റില്‍ ലഭിക്കും.
ഡിപ്ലോമ കോഴ്‌സുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നവര്‍ക്കു പ്രതിമാസം 2000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.

ബി.എസ്‌സി. നഴ്‌സിങ് കോഴ്‌സിന് പ്രതിവര്‍ഷം 35,000 രൂപയാണു ട്യൂഷന്‍ ഫീസ്. അനസ്‌തേഷ്യാ ടെക്‌നോളജി, റേഡിയോഗ്രാഫി ബിഎസ്‌സി കോഴ്‌സുകള്‍ക്കു വാര്‍ഷിക ട്യൂഷന്‍ ഫീസ് 10000 രൂപ വീതം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nimhans.ac.in എന്ന വെബ്‌സൈറ്റ് കാണുക.

ബി.എഫ്.എ. പ്രവേശനത്തിന് അപേക്ഷ ഇപ്പോള്‍
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളജുകളിലെ ഒന്നാം വര്‍ഷ ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് (ബി.എഫ്.എ.) പ്രവേശനത്തിനുളള അപേക്ഷകള്‍ മേയ് 29 വരെ കോളജുകളില്‍ വിതരണം ചെയ്യും. അപേക്ഷാഫോമും പ്രോസ്‌പെക്ടസും 150 രൂപയ്ക്ക് നേരിട്ടോ പ്രിന്‍സിപ്പല്‍മാര്‍ക്ക് മാറാവുന്ന 185 രൂപാ ഡിമാന്റ് ഡ്രാഫ്റ്റ് മുഖേന തപാല്‍ മാര്‍ഗമോ ലഭിക്കും.
പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് യഥാക്രമം 75 രൂപയും 110 രൂപയുമാണ്. മണി ഓര്‍ഡര്‍/ചെക്ക്/പോസ്റ്റല്‍ ഓര്‍ഡര്‍ എന്നിവ സ്വീകരിക്കില്ല. അപേക്ഷകര്‍ ഹയര്‍സെക്കന്‍ഡറിയോ തത്തുല്യ പരീക്ഷയോ പാസായവരും ജൂണ്‍ ഒന്നിന് 17 വയസ് പൂര്‍ത്തിയായവരും 27 വയസ് തികയാത്തവരുമായിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ മേയ് 29ന് വൈകുന്നേരം അഞ്ചിന് മുമ്പ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, പത്മവിലാസം റോഡ്, ഫോര്‍ട്ട് (പി.ഒ) തിരുവനന്തപുരം 695023 എന്ന വിലാസത്തില്‍ ലഭിക്കണം.

ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായി വിനോദസഞ്ചാര വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ വിവിധ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് 2018-19 അധ്യയന വര്‍ഷത്തേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഫുഡ് ആന്റ് ബിവറേജ് സര്‍വീസ്, ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്റ് കണ്‍ഫെഷനറി, ഹോട്ടല്‍ അക്കമഡേഷന്‍ ഓപ്പറേഷന്‍, കാനിംഗ് ആന്റ് ഫുഡ് പ്രിസര്‍വേഷന്‍ എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്കാണ് അപേക്ഷിക്കാവുന്നത്.
പ്രോസ്‌പെക്ടസും ഫോറവും കൂടുതല്‍ വിവരങ്ങളും താഴെപറയുന്ന ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ലഭിക്കും. മരപ്പാലം തിരുവനന്തപുരം (ഫോണ്‍: 0471 2728340), കടപ്പാക്കട കൊല്ലം (ഫോണ്‍: 0474 2767635), കുമരനല്ലൂര്‍ കോട്ടയം (ഫോണ്‍: 0481 2312504), മങ്ങാട്ടുകവല തൊടുപുഴ (ഫോണ്‍: 0486 2224601), ചേര്‍ത്തല (ഫോണ്‍: 0478 2817234), കളമശ്ശേരി (ഫോണ്‍: 0484 2558385), പൂത്തോള്‍ തൃശൂര്‍ (ഫോണ്‍: 0487 2384253), അങ്ങാടിപ്പുറം പെരിന്തല്‍മണ്ണ (ഫോണ്‍: 0493 3224025), ഈഴൂര്‍ റോഡ് തിരൂര്‍ (ഫോണ്‍: 0494 2430802), സിവില്‍ സ്‌റ്റേഷന്‍ പി.ഒ കോഴിക്കോട് (0495 2372131), ആറാട്ട് റോഡ് കണ്ണൂര്‍ (0497 2706904), ബാരാ പി.ഒ ഉദുമ (ഫോണ്‍: 0467 2236347), ഡയറക്ടറേറ്റ് ആല്‍ത്തറ വെള്ളയമ്പലം (ഫോണ്‍: 0471 2310441).

ഫോറവും പ്രോസ്പക്ടസും 50 രൂപ (പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 25 രൂപ) നേരിട്ടടച്ചും, തപാലില്‍ ലഭിക്കേണ്ടവര്‍ 75 രൂപ (പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 35 രൂപ) ക്രോസ് ചെയ്ത ഡിമാന്റ് ഡ്രാഫ്റ്റ് അതത് സെന്ററുകളിലെ പ്രിന്‍സിപ്പലിന്റെ പേരില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാറത്തക്കവിധം അയക്കണം. ഒരു ഫോറം ഉപയോഗിച്ച് മൂന്നുകോഴ്‌സ് വരെ മുന്‍ഗണനാക്രമം അനുസരിച്ച് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ മേയ് 31ന് വൈകിട്ട് നാലിനകം അതത് സെന്ററുകളില്‍ ലഭിക്കണം.

കമ്പനി സെക്രട്ടറി കോഴ്‌സിന് അപേക്ഷിക്കാം
കമ്പനി സെക്രട്ടറി പരിശീലനത്തില്‍ പ്രൊഫഷനല്‍ മികവു കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ ആരംഭിച്ച (ഐ.സി.എസ്.ഐ.) ഇന്റഗ്രേറ്റഡ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായോഗിക പരിശീലനം ഉള്‍പ്പടെ മൂന്നു വര്‍ഷം ദൈര്‍ഘ്യമുള്ളതാണ് കോഴ്‌സ്.
ഐ.സി.എസ്.ഐയുടെ മുംബൈയിലെ സെന്റര്‍ ഫോര്‍ കോര്‍പറേറ്റ് ഗവേണന്‍സ്, റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് ആണു കോഴ്‌സ് നടത്തുന്നത്. 50 പേര്‍ക്കാണു പ്രവേശനം. 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്കും ഐസിഎസ്‌ഐയുടെ ഫൗണ്ടേഷന്‍ കോഴ്‌സ് അല്ലങ്കില്‍ ഐസിഎഐയുടെ സിപിടി കോഴ്‌സ് പാസായവര്‍ക്കും അപേക്ഷിക്കാം. ഇന്റര്‍വ്യുവിന്റെയും ഗ്രൂപ് ഡിസ്‌കഷന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷന്‍.
ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷകര്‍ 2018 ജൂലായ് ഒന്നിന് 26 വയസ് കവിയരുത്. നാലു ലക്ഷം രൂപയാണ് രണ്ടു വര്‍ഷത്തേക്കു കോഴ്‌സ് ഫീസ്. വെബ്‌സൈറ്റ്: www.icsi.edu

എന്‍ജിനീയറിങ് കോളേജുകളില്‍ എന്‍.ആര്‍.ഐ. പ്രവേശനം
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ എറണാകുളം, ചെങ്ങന്നൂര്‍, അടൂര്‍, കരുനാഗപ്പളളി, കല്ലൂപ്പാറ, ചേര്‍ത്തല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആറ് എന്‍ജിനീയറിങ് കോളേജുകളിലേക്ക് 2018-19 അധ്യയന വര്‍ഷത്തില്‍ എന്‍.ആര്‍.ഐ. സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrd.kerala.gov.in/enggnri എന്ന വെബ്‌സൈറ്റ് അല്ലെങ്കില്‍ കോളേജുകളുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. മെയ് 30ന് വൈകിട്ട് നാലു വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളേജിലെയും പ്രവേശനത്തിന് പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും 500 രൂപയുടെ ഡി.ഡിയും സഹിതം ജൂണ്‍ രണ്ടിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ്, പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിംഗ് കോളേജുകളില്‍ ബി.ടെക് എന്‍.ആര്‍.ഐ സീറ്റുകള്‍ക്ക് വാര്‍ഷിക കോഴ്‌സ് ഫീസ് ഒരു ലക്ഷം രൂപ മാത്രമാണ്.

പിജിമറില്‍ നഴ്‌സിങ് പി.ജി. കോഴ്‌സ്
ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പിജിമര്‍) 2018ല്‍ ആരംഭിക്കുന്ന എം.എസ്‌സി. നഴ്‌സിങ് പ്രോഗ്രാമിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്യൂണിറ്റി ഹെല്‍ത്ത്, മെന്റല്‍ ഹെല്‍ത്ത് (സൈക്യാട്രിക്), ചൈല്‍ഡ് ഹെല്‍ത്ത് (പീഡിയാട്രിക്), ഒബ്സ്റ്റട്രിക് ആന്‍ഡ് ഗൈനക്കോളജിക്കല്‍, മെഡിക്കല്‍ സര്‍ജിക്കല്‍ എന്നീ നഴ്‌സിങ് സ്‌പെഷ്യലൈസേഷനുകളിലാണ് ഇവിടെ കോഴ്‌സുള്ളത്. മൊത്തം 31 സീറ്റ്. നഴ്‌സിങ് കൗണ്‍സിലിന്റെയും പിജിമറിന്റെയും അംഗീകാരമുള്ള സ്ഥാപനങ്ങളില്‍നിന്ന് ബി.എസ്‌സി. നഴ്‌സിങ്/പോസ്റ്റ് ബേസിക് നഴ്‌സിങ്/തത്തുല്യ യോഗ്യത, മൊത്തത്തില്‍ 55 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം. നഴ്‌സ് ആന്‍ഡ് മിഡ്‌വൈഫ് രജിസ്‌ട്രേഷനു ശേഷം, കുറഞ്ഞത് 100 കിടക്കകളുള്ള സ്വകാര്യ ആശുപത്രിയില്‍ അല്ലെങ്കില്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിങ്ങില്‍ അല്ലെങ്കില്‍ നഴ്‌സിങ് വിദ്യാഭ്യാസ സ്ഥാപനത്തില്‍, ബി.എസ്‌സി. നഴ്‌സിങ്ങിനു ശേഷം അല്ലെങ്കില്‍ പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ്ങിന് മുന്‍പൊ പിന്‍പൊ മേയ് 23, 2018ന് ഒരു വര്‍ഷത്തെയെങ്കിലും പ്രവൃത്തിപരിചയം, അപേക്ഷകര്‍ക്കുണ്ടായിരിക്കണം. സര്‍ട്ടിഫിക്കറ്റ്, ഇതിലേക്ക് പ്രോസ്പക്ടസ് വ്യവസ്ഥകള്‍ പ്രകാരം ഹാജരാക്കണം. തിരഞ്ഞെടുപ്പ്, ചണ്ഡീഗഢില്‍ ജൂണ്‍ 24നു നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുള്ള പരീക്ഷയ്ക്ക്, മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്‌സിങ്, കമ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിങ്, ഒബ്സ്റ്റട്രിക് നഴ്‌സിങ്, ചൈല്‍ഡ് ഹൈല്‍ത്ത് നഴ്‌സിങ്, മെന്റല്‍ ഹെല്‍ത്ത് നഴ്‌സിങ് എന്നീ വിഷയങ്ങളില്‍നിന്ന് 15 വീതവും, നഴ്‌സിങ് ഫൗണ്ടേഷന്‍സ്, നഴ്‌സിങ് റിസര്‍ച്ച് എന്നിവയില്‍നിന്ന് 10 വീതവും പൊതുവിജ്ഞാനത്തില്‍നിന്ന് 5 ഉം ചോദ്യങ്ങള്‍ ഉണ്ടാകും. ശരിയുത്തരത്തിന് ഒരു മാര്‍ക്ക് കിട്ടും. ഉത്തരം തെറ്റിയാല്‍ കാല്‍ മാര്‍ക്കുവീതം നഷ്ടപ്പെടും. റാങ്ക് പട്ടികയില്‍ സ്ഥാനം നേടാന്‍ ജനറല്‍ വിഭാഗക്കാര്‍ 50ാം പെര്‍സന്റൈല്‍ സ്‌കോറും എസ്.സി.,എസ്.ടി.,ഒ.ബി.സി്,അംഗപരിമിത വിഭാഗക്കാര്‍ 45ാം പെര്‍സന്റൈല്‍ സ്‌കോറും നേടണം. പ്രതിവര്‍ഷ ട്യൂഷന്‍ ഫീസ് 350 രൂപ മാത്രമാണ്.
അപേക്ഷ www.pgimer.edu.in എന്ന വെബ്‌സൈറ്റ് വഴി നല്‍കാം. അപേക്ഷാഫീസ് എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് 800 രൂപയും മറ്റുള്ളവര്‍ക്ക് 1000 രൂപയുമാണ്. അംഗപരിമിതര്‍ക്ക് അപേക്ഷാഫീസില്ല.

റസല്‍
thozhilvazhikal@gmail.com

You must be logged in to post a comment Login