പാപഭാണ്ഡം പേറുന്നതെന്തിന്?

പാപഭാണ്ഡം പേറുന്നതെന്തിന്?

‘സ്വന്തത്തോട് അക്രമം പ്രവര്‍ത്തിച്ച എന്റെ അടിമകളേ! അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിങ്ങള്‍ നിരാശപ്പെടാതിരിക്കൂ. നിശ്ചയമായും അല്ലാഹു പാപങ്ങളെല്ലാം പൊറുത്തുതരുന്നവനാണ്. തീര്‍ച്ച, അവന്‍ ഏറെ പൊറുക്കുന്നവനും അങ്ങേയറ്റം കാരുണ്യം ചെയ്യുന്നവനുമാകുന്നു'(വി. ഖു 39/53).

മനുഷ്യന് അല്ലാഹു നല്‍കിയിട്ടുള്ള സവിശേഷാനുഗ്രഹങ്ങളിലൊന്നാണ് തിരുത്താനുള്ള അവസരം. മനുഷ്യന്‍ വല്ല കാരണവും കൊണ്ട് നേര്‍വഴിയില്‍ നിന്ന് വ്യതിചലിച്ചിട്ടുണ്ടെങ്കില്‍ ഓരോ നിമിഷവും അവന് തിരുത്താനുള്ള അവസരമുണ്ട്. ചെയ്ത തെറ്റ് എത്ര ഗൗരവമുള്ളതാവട്ടെ, ഏത് സ്വഭാവത്തിലുള്ളതാവട്ടെ, അതെത്ര വര്‍ധിച്ച അളവിലുള്ളതുമാകട്ടേ. സ്വയം തിരുത്താനും നേര്‍വഴിയിലേക്ക് തിരിച്ചുവരാനും അവന്‍ സന്നദ്ധനാകുന്നുവെങ്കില്‍ അതെല്ലാം പൊറുക്കാന്‍ മാത്രം വിശാലമാണ് അല്ലാഹുവിന്റെ കാരുണ്യം. റസൂല്‍(സ) പറഞ്ഞു: അല്ലാഹു ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ‘മനുഷ്യാ, നീ എന്നോട് പ്രാര്‍ത്ഥിക്കുകയും എന്നില്‍ പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്യുന്ന പക്ഷം നിന്നില്‍ നിന്നും സംഭവിച്ചിട്ടുള്ള തെറ്റുകളും ഞാന്‍ പൊറുത്തുനല്‍കുന്നതാണ്. മനുഷ്യ, ഭൂഗോളത്തോളം പാപങ്ങള്‍ നീ പ്രവര്‍ത്തിക്കുകയും ശേഷം എന്നില്‍ പങ്കുകാരെ ചേര്‍ക്കാത്തവനായി എന്നെ സമീപിക്കുകയും ചെയ്താല്‍ അത്രത്തോളം തന്നെ പാപമോചനം നിനക്കു ഞാന്‍ നല്‍കുന്നതാണ്(തിര്‍മിദി).

നൈര്‍മല്യത്തിന്റെ പ്രതിരൂപമായാണ് മനുഷ്യന്‍ ജനിക്കുന്നത്. ആത്മവിശുദ്ധിയും നിര്‍മലതയും കാത്തുസൂക്ഷിക്കേണ്ടത് അവന്റെ അനിവാര്യ ബാധ്യതയാണ്. എന്നാല്‍ പൈശാചിക പ്രേരണയില്‍ പ്രചോദിതനായി അല്ലാഹുവിന് ഇഷ്ടമില്ലാത്ത കാര്യങ്ങളിലേക്ക് ഝടുതിയില്‍ അവന്‍ കുതിക്കുന്നു. ഒളിഞ്ഞും തെളിഞ്ഞും പാപം ചെയ്യുന്നു. അവന്‍ നല്‍കിയ ആരോഗ്യവും സുഖ സൗകര്യങ്ങളും അതിനായി വ്യയം ചെയ്യുന്നു. വിനാശകരമാണ് പരിണതി എന്നറിഞ്ഞിട്ടും നന്മയിലേക്കുള്ള മനസിന്റെ ഉള്‍വിളി കേള്‍ക്കാതെ അരുതായ്മകളിലേക്ക് സ്വയം എടുത്തുചാടുന്നു. സൃഷ്ടിച്ചും പരിപാലിച്ചും വളര്‍ത്തിക്കൊണ്ടിരിക്കുന്ന യജമാനനോട് മനുഷ്യന്‍ ചെയ്യുന്ന മാപ്പര്‍ഹിക്കാത്ത മഹാപാതകമാണത്. എന്നാല്‍ അവന്‍ എല്ലാം പൊറുക്കാനും മാപ്പുനല്‍കാനും സന്നദ്ധനാകുന്നു. നേര്‍വഴിയിലേക്ക് മടങ്ങാന്‍ അവസരം നല്‍കുന്നു.
തന്റെ ദാസന്‍ തന്നോടു മാപ്പിരക്കുന്നത് അവന്‍ അതിയായി ഇഷ്ടപ്പെടുന്നു. റസൂല്‍(സ) പറഞ്ഞു: ‘വിജനമായ ഒരു മരുപ്രദേശത്തുകൂടെ ഏകാന്ത പഥികനായി നിങ്ങള്‍ യാത്ര ചെയ്യുന്നുവെന്ന് വെക്കുക. വളരെ ദൂരം യാത്ര ചെയ്തപ്പോള്‍ വിശ്രമത്തിനായി നിങ്ങളൊരു മരച്ചുവട്ടില്‍ ഇറങ്ങി. ഒട്ടകത്തെ മേയാനായി വിട്ടുകൊണ്ട് നിങ്ങളാ മരച്ചുവട്ടില്‍ വിശ്രമിച്ചു. യാത്രാക്ഷീണം തളര്‍ത്തിയ നിങ്ങളുടെ ശരീരം മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു. ഉറക്കമുണര്‍ന്ന് ചുറ്റും നോക്കുമ്പോള്‍ നിങ്ങളുടെ വാഹനമായ ഒട്ടകത്തെ കാണുന്നില്ല. നിങ്ങളുടെ പാഥേയവും ജലപാത്രവും അതിനുപുറത്താണ്. ലക്ഷ്യസ്ഥാനത്തേക്ക് കാതങ്ങളിനിയും യാത്ര ചെയ്യാനുണ്ട്. ദീര്‍ഘനേരം അന്വേഷിച്ചുവെങ്കിലും ഒട്ടകത്തെ കണ്ടെത്താനായില്ല. ഇനിയെന്ത് ചെയ്യുമെന്നറിയാതെ നിരാശനായി മരണവും മുന്നില്‍കണ്ട് നിങ്ങളാ മരച്ചുവട്ടില്‍ തന്നെയിരുന്നു. ക്ഷീണം പിന്നെയും നിങ്ങളെ ഉറക്കിലേക്ക് വീഴ്ത്തി. ഉറക്കുമുണര്‍ന്നപ്പോഴതാ തന്റെ വാഹനം മുന്നില്‍നില്‍ക്കുന്നു. ജലവും പാഥേയവും അതിന് പുറത്ത് തന്നെയുണ്ട്. സന്തോഷാധിക്യത്താല്‍ സ്വയം മറന്ന് നിങ്ങള്‍ പറഞ്ഞു. ‘അല്ലാഹുവേ, നീ എന്റെ ദാസനാണ്. ഞാന്‍ നിന്റെ യജമാനനും.’ സ്വയം നിയന്ത്രിക്കാനാവാതെ തെറ്റിപ്പറഞ്ഞതായിരുന്നു നിങ്ങള്‍. എങ്കില്‍ എത്രമാത്രമായിരിക്കും നിങ്ങളുടെ സന്തോഷം. തന്റെ ദാസന്‍ തന്നോടു മാപ്പുചോദിക്കുന്നത് ഇതിലേറെ അല്ലാഹു ഇഷ്ടപ്പെടുന്നു'(ബുഖാരി, മുസ്‌ലിം).
ഹൃദയത്തില്‍ പുരളുന്ന മാലിന്യമാണ് പാപം. അത് മനസിനകത്ത് കൂരിരുള്‍ പരത്തുന്നു. ഹൃദയ തേജസ്സ് കെടുത്തിക്കളയുന്നു. അതിനാല്‍ സത്യവിശ്വാസി എപ്പോഴും ജാഗ്രത പുലര്‍ത്തണം. സാഹചര്യങ്ങളുടെ സമ്മര്‍ദ ഫലമായി വല്ല അപരാധവും സംഭവിച്ചാല്‍ അല്ലാഹുവിനോട് കരളുരുകി പ്രാര്‍ത്ഥിക്കുകയും പശ്ചാതാപ വിവശനായി അവന്റെ പടിവാതില്‍ക്കല്‍ വീഴുകയും വേണം. പാപപങ്കിലമായ മനസുമായി അല്ലാഹുവിനെ സമീപിക്കാനാവില്ല. കാരണം വസ്ത്രാലങ്കാരങ്ങളും ബാഹ്യപ്രൗഢിയുമല്ല ആന്തരിക വിശുദ്ധിയാണ് അവന്‍ വീക്ഷിക്കുന്നത്. മലിനമായ ശരീരവും ചെളിപിടിച്ച വസ്ത്രങ്ങളുമായി രാജസന്നിധിയിലേക്ക് പ്രവേശനം ലഭിക്കാത്തത് പോലെ മലിനമായ മനസുമായി അല്ലാഹുവിന്റെ തിരുസന്നിധിയിലേക്കും പ്രവേശനം ലഭിക്കുകയില്ല.

റമളാന്‍ പാപമോചനത്തിനുള്ള അനന്തമായ അവസരങ്ങളാണ് തുറന്നുനല്‍കുന്നത്. റമളാന്‍ എന്ന പദത്തിന്റെ രണ്ടാം അക്ഷരം തന്നെ പാപമോചനത്തെയാണ് സൂചിപ്പിക്കുന്നത്. വ്രതമാസത്തിലൊരിക്കല്‍ റസൂല്‍(സ) പറഞ്ഞു: ‘നിങ്ങള്‍ക്കിതാ വിശുദ്ധ റമളാന്‍ ആഗതമായിരിക്കുന്നു. നന്മയുടെയും സൗഭാഗ്യത്തിന്റെയും മാസമാണത്. അതില്‍ അല്ലാഹു അവന്റെ കാരുണ്യം കൊണ്ട് നിങ്ങളെ ആവരണം ചെയ്യുന്നു. നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നു'(ത്വബ്‌റാനി). റമളാന്‍ വ്രതം അനുഷ്ഠിക്കുകയും നിശാ നിസ്‌കാരം നിര്‍വഹിക്കുകയും ചെയ്യുന്നയാള്‍ മാതാവ് പ്രസവിച്ച ദിവസത്തെ പോലെ പാപപരിശുദ്ധനാകുന്നതാണ്.’ വിശ്വാസത്തോടെയും പ്രതിഫലമാഗ്രഹിച്ചും ഒരാള്‍ റമളാന്‍ വ്രതം അനുഷ്ഠിക്കുന്നുവെങ്കില്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങളെല്ലാം അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്. മനുഷ്യന്‍ പാപസുരക്ഷിതനല്ല. പാപം ചെയ്യാനുള്ള ഒരുള്‍പ്രേരണ എപ്പോഴും അവനിലുണ്ട്. സാഹചര്യങ്ങളും അനുകൂലാവസരങ്ങളും പലപ്പോഴും അവനെ തെറ്റിലേക്ക് നയിക്കുന്നു. സാഹചര്യങ്ങള്‍ക്ക് അടിമപ്പെട്ടോ ഉള്‍പ്രേരണക്ക് വഴങ്ങിയോ വല്ല തെറ്റും സംഭവിച്ചാല്‍ തെറ്റുതിരുത്തി പശ്ചാതപിച്ചു മടങ്ങുക എന്നതാണ് അതിനുള്ള പരിഹാരം. എങ്കില്‍ അല്ലാഹു അവന്റെ പശ്ചാതാപം സ്വീകരിക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യും. അല്ലാഹു പറയുന്നു: ‘ആര് പശ്ചാതപിക്കുകയും വിശ്വസിക്കുകയും സദ്കര്‍മങ്ങള്‍ പ്രവൃത്തിക്കുകയും ചെയ്യുന്നുവോ അല്ലാഹു അവരുടെ തിന്മകള്‍ക്ക് നന്മകളെകൊണ്ട് പകരം വെക്കുന്നതാണ്. അല്ലാഹു വളരെയേറെ പൊറുക്കുന്നവനും അങ്ങേയറ്റം കാരുണ്യവാനുമാണ്'(25/70).

ഇസ്ഹാഖ് അഹ്‌സനി

You must be logged in to post a comment Login