നിങ്ങള്‍ ആഗ്രഹിച്ചാല്‍ ഇല്ലാതാകുന്ന ഒന്നല്ല ചരിത്രം അതുകൊണ്ട് യുദ്ധത്തിലെപ്പോഴും ബി ജെ പി ചിരിക്കുന്നു

നിങ്ങള്‍ ആഗ്രഹിച്ചാല്‍ ഇല്ലാതാകുന്ന ഒന്നല്ല ചരിത്രം അതുകൊണ്ട്  യുദ്ധത്തിലെപ്പോഴും ബി ജെ പി ചിരിക്കുന്നു

കര്‍ണാടകയില്‍ ആരാണ് കളം പിടിച്ചത്? ആരാണ് ജയിച്ചത്? കന്നഡ ജനതയിലെ ഭൂരിപക്ഷം ഏത് രാഷ്ട്രീയത്തെയാണ് തിരഞ്ഞെടുത്തത്? മൂന്നേ മൂന്ന് ചോദ്യങ്ങള്‍. അതിന്റെ ഉത്തരം സത്യസന്ധമായി പറഞ്ഞുകൊണ്ട് നമുക്ക് കര്‍ണാടകയെക്കുറിച്ച് സംസാരിക്കാം. കര്‍ണാടകയില്‍ ആരാണ് മുഖ്യമന്ത്രി? ആരാണ് കര്‍ണാടകം ഭരിക്കുന്നത്? എങ്ങനെയാണ് ഭരിക്കുന്നത് തുടങ്ങിയ പരമാവധി അഞ്ചാണ്ട് മാത്രം ആയുസ്സുള്ള ചോദ്യങ്ങള്‍ വിട്ടേക്കൂ. അതിന്റെ ഉത്തരങ്ങള്‍ വരാനിരിക്കുന്ന ഓരോ ദിവസവും സങ്കീര്‍ണമായി മാറി മറിഞ്ഞേക്കാം. പക്ഷേ, തുടക്കത്തില്‍ ചോദിച്ച മൂന്ന് ചോദ്യങ്ങള്‍ക്ക് നമ്മള്‍ സത്യസന്ധമായി ഉത്തരം പറയണം. കാരണം 2014 ന് മുന്‍പ് എത്രയോ തിരഞ്ഞെടുപ്പുകള്‍ക്ക് കര്‍ണാടകം സാക്ഷ്യം വഹിച്ചു. ബി.ജെ.പി പോലും അവിടെ ഭരണത്തിലിരുന്നു. അന്നൊന്നും കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് നമ്മുടെ ഇത്രമേലുള്ള ആകാംക്ഷയേ ആയിരുന്നില്ല. അഴിമതികളുടെ, നിര്‍ലജ്ജമായ കൂറുമാറ്റങ്ങളുടെ ചില കഥകള്‍ ഒന്നര ദിവസത്തെ ആയുസ് മാത്രമുള്ള വാര്‍ത്തകളും കൗതുകങ്ങളും മാത്രമായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തെ അടിമുടി ബാധിച്ച അഴിമതിയുടെ ഏറ്റവും വലിയ വാര്‍ത്തകള്‍ വന്നിരുന്ന ഒരു സംസ്ഥാനം. മുഖ്യമന്ത്രിയായിരുന്ന യെദിയൂരപ്പയുടെ ജയില്‍ വാസം ഓര്‍മിക്കുക. ബെല്ലാരി മാഫിയയുടെ ആധിപത്യ മേഖല. എന്നിട്ടും, ബംഗളുരു എന്നത് കൊച്ചി പോലെ കേരളീയ നഗരമായിട്ട് പോലും അവിടത്തെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നമ്മുടെ ആകാംക്ഷയായിരുന്നില്ല. പക്ഷേ, ഇക്കുറി അങ്ങനെയല്ല. ഇന്ത്യന്‍ മാധ്യമങ്ങള്‍ മുഴുവന്‍ കര്‍ണാടകയില്‍ തമ്പടിച്ചു. പ്രബലരായ രാഷ്ട്രീയ നിരീക്ഷകര്‍ ഉറക്കമൊഴിച്ച് ചലനങ്ങള്‍ പഠിച്ചു. വിശകലനങ്ങളും പ്രവചനങ്ങളും സമൃദ്ധമായി. എന്താണ് കാരണം എന്നത് ഇപ്പോള്‍ ഒരു ചോദ്യമല്ല. ബി.ജെ.പി യുടെ സാന്നിധ്യം എന്നതാണ് മറുപടി. 2014 ന് ശേഷം ഒരു തിരഞ്ഞെടുപ്പും ഇന്ത്യയില്‍ ഒരു വെറും വാര്‍ത്തയല്ല. കാരണം അത് ഇന്ത്യന്‍ ഫാഷിസവും ജനാധിപത്യവും തമ്മിലെ പോരാണ്. ഇന്ത്യ പിടിക്കുക എന്ന ഹിന്ദുത്വയുടെ രാഷ്ട്രീയത്തിനെതിരായ പ്രതിരോധമാണ്. ഇന്ത്യ പിടിക്കല്‍ എന്ന ഹിന്ദുത്വയുടെ ലക്ഷ്യമാകട്ടെ കേവലം പ്രഖ്യാപനങ്ങളിലോ വാചാടോപങ്ങളിലോ ഒതുങ്ങുന്നതല്ല. അത് നാളിതുവരെ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചരിത്രം ദര്‍ശിച്ചിട്ടില്ലാത്ത ചിട്ടയായ പദ്ധതികളുടെ പ്രകടനമാണ്. തിരഞ്ഞെടുപ്പിനെ കൃത്യമായ ഗെയിംപ്ലാനോടെ സമീപിക്കുന്ന, ജനാധിപത്യപരമായ പ്രക്രിയകളോട് തരിമ്പും താല്‍പര്യമില്ലാത്ത ഒരു സംഘത്തിന്റെ പ്രവര്‍ത്തനമാണ്. വോട്ടിംഗിന്റെ, വിശാലമായി പറഞ്ഞാല്‍ ജനേച്ഛയുടെ എഴതപ്പെട്ട, മനസിലാക്കപ്പെട്ട ചരിത്രത്തെ അത് റദ്ദാക്കുന്നു. രണ്ട് ശതമാനം പോലും വോട്ട് ഇല്ലാതിരുന്ന ഒരു സംസ്ഥാനത്തെ മിന്നല്‍ വേഗം കൊണ്ട് അത് കീഴ്‌പ്പെടുത്തുന്നു. ത്രിപുരയില്‍ അതാണ് കണ്ടത്. ജനാധിപത്യം വോട്ടിംഗിന്റെ കലയും ശാസ്ത്രവുമാണ് എന്ന പരമ്പരാഗത സങ്കല്‍പങ്ങളെ അത് അട്ടിമറിക്കുന്നു. മണിപ്പൂരിലും ഗോവയിലും തിരഞ്ഞെടുപ്പിന്റെ ൈനതികത പണാധിപത്യത്താല്‍ അട്ടിമറിക്കപ്പെടുന്നു. ഓര്‍മയില്ലേ ഗോവയും മണിപ്പൂരും ഭരിക്കുന്നത് ഏറ്റവും വലിയ ഒറ്റകക്ഷിയല്ല. ഭരണഘടനയുടെ കാവലാള്‍ എന്ന പദവിയുള്ള രാഷ്ട്രപതിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും നോക്കുകുത്തിയാക്കി അത് തിരഞ്ഞെടുപ്പുകളെ അട്ടിമറിക്കുന്നു. കാരണം സംഘപരിവാറിന് തിരഞ്ഞെടുപ്പ് എന്നത് നമ്മള്‍ മനസിലാക്കുന്ന പോലുള്ള ഒന്നല്ല. അത് ഭാവിയെ നിര്‍മിക്കാനുള്ള ഇഷ്ടികകളാണ്. അഥവാ ഭാവിയിലേക്കുള്ള കര്‍സേവയാണ്. അതിനാലാണ് ഇന്ത്യന്‍ ജനാധിപത്യത്തെ ആദരിക്കുന്ന മുഴുവന്‍ മനുഷ്യരും 2014-ന് ശേഷം ബി.ജെ.പി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പുകളെ പ്രധാനമായി കാണുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ഓരോ ബി.ജെ.പി നേതാവും എന്തു പറയണം എന്ത് പ്രവര്‍ത്തിക്കണം എന്നത് കൃത്യമായ മാര്‍ഗരേഖകളാല്‍ നിയന്ത്രിതമാണ് എന്ന് അറിയാമോ? അതെ. അവര്‍ ഉച്ചരിക്കുന്ന ഓരോ വാക്കും സംവിധാനം ചെയ്യപ്പെട്ട ഒന്നാണ്. ഭഗത്‌സിംഗിനെ നെഹ്‌റു ജയിലില്‍ സന്ദര്‍ശിച്ച വിവരം മോഡിയുടെ പ്രസംഗമെഴുത്തുകാര്‍ക്ക് അറിയില്ലെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ അപകടത്തിലാണ്. നന്നായറിയാം. രാജ്യത്തെ മാധ്യമങ്ങള്‍ അതില്‍ തൂങ്ങുമെന്നും അവര്‍ക്കറിയാം. അതില്‍ മോഡിയെ തിരുത്താന്‍ വരുന്ന, ആ പ്രസ്താവനയുടെ പേരില്‍ മോഡിയെ പരിഹസിക്കുന്ന ഒരാളുടേയും വോട്ട് അവരുടെ ലക്ഷ്യമല്ല. കാരണം അത് ഒരിക്കലും അവര്‍ക്കുള്ളതല്ല എന്ന് അവര്‍ക്കറിയാം. പക്ഷേ, ആ വാക്കുകളെ വിശ്വസിക്കുന്ന പത്ത് കക്ഷിരഹിതര്‍ അവരുടെ ലക്ഷ്യമാണ്. വിടുവായത്തമെന്നും വെറുംവാക്കെന്നും തോന്നിപ്പിച്ച്, പരിഹസിപ്പിച്ച് ആ വാക്കുകള്‍ കൊണ്ട് തന്നെ അവര്‍ കാര്യം നേടുമെന്നര്‍ത്ഥം. കാരണം അവര്‍ നടത്തുന്നത് തികഞ്ഞ ലക്ഷ്യബോധമുള്ള പണിയാണ്. ഹിന്ദുത്വയുടെ നടത്തിപ്പുകാരെ സംബന്ധിച്ച് ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. അവരെ സംബന്ധിച്ച് ആ രാഷ്ട്രത്തിന്റെ രാഷ്ട്രീയ ദര്‍ശനം ഹിന്ദുത്വയാണ്. ആ ദര്‍ശനത്തിന് ഒരു രാഷ്ട്ര രൂപം കൊടുക്കലാണ് അവരുടെ ഗെയിം പ്ലാന്‍. ആ ഗെയിമിന് അവരെ പ്രാപ്തരാക്കാന്‍ അരയും തലയും മുറുക്കി ഒപ്പമുള്ളത് നവലിബറല്‍ മൂലധനമാണ്. നവലിബറലിസവും സമൂര്‍ത്ത ഹിന്ദുയിസവും ചേര്‍ന്ന് അരങ്ങേറുന്ന ദീര്‍ഘകാല ലക്ഷ്യങ്ങളുള്ള ഒരു പദ്ധതിയിലെ പ്രധാനപ്പെട്ട ഒരു കണ്ണി മാത്രമാണ് കര്‍ണാടകയില്‍ കഴിഞ്ഞുപോയ ഈ തിരഞ്ഞെടുപ്പ്. ഇത് പെട്ടെന്ന് സംഭവിച്ചതോ ചരിത്രവുമായി ഒരു ബന്ധവുമില്ലാത്തതോ അല്ല.

സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസിന്റെ മുന്‍കൈയില്‍ ഇന്ത്യ എന്ന ദേശരാഷ്ട്രം എങ്ങനെ രൂപപ്പെട്ടു എന്ന് നിങ്ങള്‍ പരിശോധിക്കുക. നിശ്ചയമായും അത് നിരവധി സാമ്പത്തിക താല്‍പര്യങ്ങളാല്‍ ബന്ധിതമായ ഒരു രൂപപ്പെടലായിരുന്നു. നെഹ്‌റുവിയന്‍ സോഷ്യലിസത്തിന്റെ ആദ്യ ദശകങ്ങളില്‍ ഈ സാമ്പത്തികതാല്‍പര്യങ്ങള്‍ അത്രകണ്ട് മറനീക്കിയിരുന്നില്ല. പക്ഷേ, സമ്പത്തിന്റെ താല്‍പര്യങ്ങളില്‍ നിന്ന് നെഹ്‌റുവിയന്‍ കാലം പോലും പരിപൂര്‍ണ മുക്തമായിരുന്നില്ല. അന്നത്തെ ഇന്ത്യന്‍ വന്‍കിട മൂലധന ഉടമസ്ഥതകളെ സംബന്ധിച്ച് കോണ്‍ഗ്രസ് അല്ലാതെ മറ്റൊരു സാധ്യത വിദൂരതയില്‍ പോലും ഇല്ലായിരുന്നു. ആദ്യ കാലത്ത് കോണ്‍ഗ്രസിന് ബദല്‍ എന്ന് ചുരുങ്ങിയ തലത്തിലെങ്കിലും കരുതപ്പെട്ടുപോന്ന കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ഒരു തരത്തിലും അവരുടെ ചോയ്‌സാവുക വയ്യല്ലോ?
എന്നാല്‍ നെഹ്‌റുവില്‍ നിന്ന് മന്‍മോഹന്‍ സിംഗിലേക്ക് കോണ്‍ഗ്രസ് പരിവര്‍ത്തിച്ചെത്തി. ബോധപൂര്‍വമാണ് പരിവര്‍ത്തിച്ചെത്തി എന്ന പദം ഉപയോഗിച്ചത്. നവലിബറലിസത്തെക്കുറിച്ചും അതിന് വിത്തും വളവുമിട്ട സാമ്പത്തിക ഉദാരവല്‍കരണത്തെക്കുറിച്ചും പറയുമ്പോഴെല്ലാം മന്‍മോഹന്‍സിംഗില്‍ നിന്ന് തുടങ്ങുന്നതാണ് സാമ്പത്തിക ചരിത്രകാരന്‍മാരുടേയും രാഷ്ട്രീയ ചരിത്രകാരന്‍മാരുടേയും ഒരു പൊതു രീതി. അങ്ങനെ തുടങ്ങി എന്നതാണ് സമീപകാല രാഷ്ട്രീയ ഗതിവിഗതികളെ പൂര്‍ണമായി മനസിലാക്കുന്നതില്‍ നിന്ന് അവരെ തടയുന്നത്. മന്‍മോഹനില്‍ നിന്ന് തുടങ്ങി എന്നത് ചരിത്രപരമായി ശരിയല്ല. സാമ്പത്തിക ഉദാരവല്‍കരണത്തിലേക്ക് നയിക്കാവുന്ന നിരവധി ഘടകങ്ങളെ ഉള്‍ച്ചേര്‍ത്തിയതാണ് കോണ്‍ഗ്രസ് ഭരണകാലം. ഇന്ദിരയില്‍ നിന്ന് രാജീവ് ഗാന്ധിയിലേക്ക് സംക്രമിച്ചെത്തിയ ചങ്ങാത്തങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക നയരൂപീകരണത്തില്‍ വലിയ പങ്ക് വഹിച്ചിരുന്നു. ചരിത്രപരമായ അബദ്ധങ്ങള്‍ പലകുറി ആവര്‍ത്തിച്ചു. അപ്പോഴേക്കും ഇടതുപക്ഷം രാജ്യത്തെ മൂന്ന് പോക്കറ്റുകളില്‍, ബംഗാളിലും ത്രിപുരയിലും കേരളത്തിലും; ഒതുങ്ങിപ്പോയിരുന്നു. പാളയത്തില്‍ നിന്നുള്ള മൂപ്പിളമ തര്‍ക്കങ്ങള്‍ക്ക് അപ്പുറത്ത് ഒരു ഭീഷണിയും കോണ്‍ഗ്രസിനുണ്ടായില്ല. അതോടെ നയനിലപാടുകളില്‍ കോര്‍പറേറ്റുകള്‍ക്ക് സൈ്വര്യസഞ്ചാരം സാധ്യമായി.

അത്തരം അനുകൂലതകളെ ആഗോള സാഹചര്യത്തില്‍ പ്രയോഗിച്ചു എന്നതാണ് ഇന്ത്യന്‍ സാമ്പത്തിക ചരിത്രത്തില്‍ മന്‍മോഹന്‍ സിംഗിന്റെ പ്രസക്തി. അതൊരു ചെറിയ പ്രസക്തി അല്ലതാനും. മന്‍മോഹന്‍ തുറന്ന വാതിലുകള്‍ വലുതായിരുന്നു. സാമ്പത്തിക പരിഷ്‌കരണങ്ങളുടെ അനിവാര്യമായ തുടര്‍ച്ചയായ നവ ലിബറല്‍ നയങ്ങള്‍ രാജ്യത്തിന്റെ നയമായിത്തീര്‍ന്നു. കോണ്‍ഗ്രസ് അതിന്റെ ലക്ഷണമൊത്ത നടത്തിപ്പുകാരും. നവ ലിബറലുകള്‍ അടിസ്ഥാനപരമായി വിപണി അധിഷ്ഠിതരാണ്. ആ വിപണിയെ തകര്‍ക്കുന്ന ഒന്നിനെയും അവര്‍ വളരാന്‍ വിടില്ല. അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഊന്നിയുള്ള ഏത് മുന്നേറ്റവും നവലിബറല്‍ താല്‍പര്യങ്ങള്‍ക്ക് എതിരാണ്. കൂലി വര്‍ധനക്കുള്ള സമരം മുതല്‍ എന്തും. അടിസ്ഥാന രാഷ്ട്രീയം; അതായത് അടിസ്ഥാന പ്രശ്‌നങ്ങളെ മുന്‍ നിര്‍ത്തിയുള്ള രാഷ്ട്രീയം പ്രബലമാവുന്നിടത്ത്, അല്ലെങ്കില്‍ അത്തരം രാഷ്ട്രീയത്തിന്റെ സാന്നിധ്യമുള്ളിടത്ത് നവലിബറലിസത്തിന് വിറളി പിടിക്കും.

അപ്പോള്‍ അത്തരം അടിസ്ഥാന രാഷ്ട്രീയത്തെ അവഗണിക്കുകയും മറ്റ് പ്രശ്‌നങ്ങള്‍ക്ക് അല്ലെങ്കില്‍ സാങ്കല്‍പിക പ്രശ്‌നങ്ങള്‍ക്ക് മേല്‍ക്കൈ കൊടുക്കുകയും ചെയ്യുന്ന ഒരു ആശയം രാഷ്ട്രീയരൂപമാര്‍ജിച്ച് വന്നാലോ? സംശയമെന്ത് കോര്‍പറേറ്റ് പിന്തുണ അവര്‍ക്കായിരിക്കും. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അത്തരമൊരു വമ്പന്‍ പ്രശ്‌നമായിരുന്നു ബാബരി മസ്ജിദ്. അടിസ്ഥാനപരമായ ആവശ്യത്തെ മുന്‍നിര്‍ത്തിയല്ലാതെ ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായി വലിയ രാഷ്ട്രീയ ധ്രുവീകരണം നടന്നു. ആ ധ്രുവീകരണത്തിന്റെ ഫലമായിരുന്നല്ലോ ബി.ജെ.പിയുടെ വളര്‍ച്ച. രാമനന്ദ് സാഗറിന്റെ രാമായണത്തിന്റെ കൂടി ചിറകില്‍ രാജ്യമെമ്പാടും വീശാന്‍ തുടങ്ങിയ നവ ഹിന്ദുത്വ അങ്ങനെ കോര്‍പറേറ്റുകളുടെ ദീര്‍ഘകാല നിക്ഷേപങ്ങളില്‍ ഒന്നായി മാറി. നിങ്ങളോര്‍ക്കണം വിശ്വഹിന്ദുപരിഷത്തിന്റെ കേന്ദ്രം അമേരിക്ക ആയിരുന്നു. ചിറകുവിരിച്ച ഹിന്ദുത്വ പലതരത്തില്‍ പാറിയടിച്ചു. ഗുജറാത്ത് അതിന്റെ ഏറ്റവും വിനാശകരമായ മുഖമായി മാറി. ഹിന്ദുത്വ പക്ഷേ, ഉറപ്പിക്കപ്പെട്ടു. അതിന്റെ തുടര്‍ച്ചയായിരുന്നല്ലോ നരേന്ദ്ര മോഡി എന്ന ബിംബ നിര്‍മിതി.

ശക്തവും തുടര്‍ച്ചയുള്ളതും എന്നാല്‍ നവലിബറലിസത്തോട് അടിസ്ഥാനപരമായി ഒരെതിര്‍പ്പുമില്ലാത്തതുമായ ഭരണകൂടം എന്ന മൂലധനത്തിന്റെ ദീര്‍ഘകാല സ്വപ്‌നത്തിന് ഏറ്റവും കരുത്തുറ്റ സാക്ഷാത്കരമായിരുന്നു ബി.ജെ.പിയും മോഡിയും. കോണ്‍ഗ്രസിന്റെ പ്രതാപകാലത്ത് പോലും പ്രാദേശിക രാഷ്ട്രീയം അതിനെ വെല്ലുവിളിച്ചിരുന്നു. ഹിന്ദുവികാരം അഥവാ ഹിന്ദുത്വ എന്ന ഉറച്ച പ്രത്യയശാസ്ത്രം മുന്നോട്ട് വെക്കുന്ന ബി.ജെ.പിക്ക് പക്ഷേ, പ്രാദേശികത വെല്ലുവിളിയല്ല. കാരണം നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ പ്രാദേശിക ഹിന്ദുത്വം എന്ന ഒന്നില്ല എന്നതുതന്നെ. അതിനാല്‍ ചരിത്രപരമായി രൂപപ്പെട്ട സാമ്പത്തികമായി ദര്‍ശനവല്‍കരിക്കപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ദീര്‍ഘകാല പദ്ധതികളിലെ ഒരു ഭാഗമായിരുന്നു കര്‍ണാടകയിെല തിരഞ്ഞെടുപ്പ് എന്ന വാചകം ആവര്‍ത്തിക്കുകയാണ്. വീണ്ടും ഓര്‍മിപ്പിക്കുകയാണ്. കോണ്‍ഗ്രസിനോ ജനതാദളിനോ പോലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ ഒരു അനിവാര്യതയോ അധികാരത്തിലേക്കുള്ള ഒരു പരീക്ഷയോ അല്ല ബി.ജെ.പി യെ സംബന്ധിച്ച് അല്ലെങ്കില്‍ അവരെ നയിക്കുന്ന, അവരെ നിയന്ത്രിക്കുന്ന കോര്‍പറേറ്റുകളെ സംബന്ധിച്ച് തിരഞ്ഞെടുപ്പ്. അധികാരമല്ല, ആ അധികാരത്തിന്റെ പുറത്തേറി, അതിന്റെ തണലില്‍ നാളെ നിര്‍മിക്കാന്‍ പോകുന്ന ഒരു രാഷ്ട്രമാണ് അവരുടെ ലക്ഷ്യം. അതിനാല്‍ അവരുടെ കളികണ്ട് ജനാധിപത്യം തകരുന്നേ എന്ന് വിലപിക്കുന്നതില്‍ അര്‍ത്ഥമില്ല. കാരണം ജനാധിപത്യം അവരുടെ കണ്‍സേണല്ല. ഹിന്ദുത്വക്കും ഹിന്ദുത്വയുടെ സാമ്പത്തിക സ്രോതസ്സായ നവലിബറലിസത്തിനും ഏനക്കേട് ഉണ്ടാക്കില്ലെങ്കില്‍ ജനാധിപത്യം നിലനില്‍ക്കാന്‍ അവര്‍ സമ്മതിക്കും എന്ന് മാത്രം. അതിവാദമല്ല കേട്ടോ. ഫാഷിസത്തിന് ഏറ്റവും നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുക ജനാധിപത്യത്തിലാണ്. കാരണം ജനാധിപത്യം ജനാധിപത്യ വിരുദ്ധമായ ഏല്ലാറ്റിനുമുള്ള മറകൂടിയാണ്. അതിനാല്‍ കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് അവര്‍ക്ക് മറ്റാരെയും പോലെ ഒന്നല്ല.

അതുകൊണ്ടാണ് ആ മൂന്ന് ചോദ്യങ്ങള്‍ക്ക് നമ്മള്‍ സത്യസന്ധമായി ഉത്തരം പറയേണ്ടത്. ഉത്തരം പക്ഷേ, നിങ്ങള്‍ ആഗ്രഹിക്കുന്നതല്ല. കാരണം ആ ഉത്തരം ബി.ജെ.പി എന്നാണ്. ആഗ്രഹിച്ചാല്‍ ഇല്ലാതാകുന്ന ഒന്നല്ല ചരിത്രം. നിങ്ങള്‍ ആഗ്രഹിച്ചു എന്ന് കരുതി ഗുജറാത്ത് വംശഹത്യ ഇല്ലാതാകില്ല. അത് സംഭവിച്ച് കഴിഞ്ഞതാണ്. നിങ്ങളാഗ്രഹിക്കുന്നു എന്ന് കരുതി ബാബരി മസ്ജിദ് അവിടെ തല ഉയര്‍ത്തി നില്‍ക്കുന്നുണ്ടാവില്ല. കാരണം അത് ഹിന്ദുത്വ ശക്തികളാല്‍ തകര്‍ക്കപ്പെട്ടു കഴിഞ്ഞു. അതുകൊണ്ട് നിങ്ങള്‍ ആഗ്രഹിക്കുന്നു എന്നതിനാല്‍ മാത്രം കര്‍ണാടകയില്‍ ബി.ജെ.പി പരാജയപ്പെട്ടിട്ടില്ല.

മറിച്ച് വിജയിച്ചു. എങ്ങനെ വിജയിച്ചു? അത് കോണ്‍ഗ്രസിനെ തോല്‍പിച്ചുകൊണ്ട് വിജയിച്ചു. വര്‍ഗ പ്രശ്‌നങ്ങളും കാര്‍ഷിക പ്രശ്‌നങ്ങളും വേണ്ടുവോളമുള്ള കര്‍ണാടകയില്‍ ബി.ജെ.പി മതം മാത്രമാണ് പറഞ്ഞത്. തീവ്ര ദേശീയതയെക്കുറിച്ച് മാത്രമാണ് പറഞ്ഞത്. ഗുജറാത്തില്‍ പറഞ്ഞതും അതായിരുന്നല്ലോ? പക്ഷേ, ഗുജറാത്തില്‍ രാഹുല്‍ഗാന്ധി വികസനത്തെക്കുറിച്ചും രാജ്യത്തെ കര്‍ഷകരുടെ സാഹചര്യങ്ങളെക്കുറിച്ചും പറഞ്ഞു. അവിടെ ബി.ജെ.പി ഒന്നു പതറിയത് ചരിത്രം. കര്‍ണാടകയില്‍ രാഹുലിന് റോളുണ്ടായിരുന്നില്ല. അത് സിദ്ധരാമയ്യയുടെ തട്ടകമാണല്ലോ? മികച്ച ഭരണാധികാരിയും ഫാഷിസത്തിനെതിരായ, ഹിന്ദുത്വക്ക് എതിരായ നിലപാടുകള്‍ ഉള്ളയാളുമാണല്ലോ സിദ്ധരാമയ്യ. പക്ഷേ, ബി.ജെ.പി എറിഞ്ഞ ചൂണ്ടയില്‍ സിദ്ധരാമയ്യയും രാഹുല്‍ ഗാന്ധിയും കൊത്തി. കോണ്‍ഗ്രസ് ജാതിക്കാര്‍ഡ് കളിച്ചു. രാഹുല്‍ ഏറെനേരം മതം പറഞ്ഞു. ഞാന്‍ നല്ല ഹിന്ദുവാണെന്ന് പറഞ്ഞു. മതം പറയുന്ന, ജാതി കളിക്കുന്ന രണ്ട് പാര്‍ട്ടികളുടെ യുദ്ധമായി അത് മാറി. യുദ്ധത്തിലെപ്പോഴും ബി.ജെ.പി ചിരിച്ചു. ഒടുവിലും ചിരിച്ചു. കാരണം രാഷ്ട്രീയത്തെ അങ്ങനെ മാറ്റാന്‍ അവരെടുത്ത പണി വിജയിച്ചല്ലോ?

കെ കെ ജോഷി

You must be logged in to post a comment Login