ഉപേക്ഷിക്കപ്പെട്ട നഗരങ്ങള്‍

ഉപേക്ഷിക്കപ്പെട്ട നഗരങ്ങള്‍

ദമ്മാമില്‍നിന്ന് റിയാദിലേക്കുള്ള യാത്ര രസകരമായിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണനും ആ യാത്രയില്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. റിയാദിന്റെ പ്രാന്തപ്രദേശത്താണ് ദിറിയയും അല്‍ഖാത്തും ഹോത്തസുദൈറുമൊക്കെ. സബീന എം സാലി താമസിക്കുന്നത് ഹോത്തസുദൈറിലാണ്. അവരുടെ വീട്ടിലാണ് ഉച്ചഭക്ഷണം. സബീന നല്ലൊരു കഥാകാരിയാണ്. കഥകളിലൂടെ എനിക്കവരെ നല്ല പരിചയമുണ്ട്. കാണാന്‍ സാധിച്ചിരുന്നില്ല എന്നുമാത്രം. റിയാദില്‍ എനിക്കും ഉണ്ണികൃഷ്ണനും ചില പൊതുപരിപാടികളില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നു.

ഹോത്തസുദൈറില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പട്ടണത്തിനരികിലൂടെ ഞങ്ങള്‍ കടന്നുപോയി. കോട്ടയുടെയും വീടുകളുടെയും അവശിഷ്ടങ്ങളാണ് അവിടെയുള്ളത്. ഒരിക്കല്‍ സമ്പന്നമായിരുന്നു ആ പട്ടണം. രാജാവും പ്രജകളും സന്തോഷത്തോടെ ജീവിച്ചു. എന്നിട്ടും  ആ രാജാവിന് പലായനം ചെയ്യേണ്ടിവന്നു. ആഫ്രിക്കയിലേക്ക് പോയി എന്നാണ് കരുതപ്പെടുന്നത്. അത്തരം പലായനങ്ങളുടെ കാരണം വ്യക്തമല്ല. ഒരുപക്ഷേ അധിനിവേശത്താല്‍ പട്ടണം തകര്‍ന്നതാവാം. ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ സര്‍വസാധാരണമായിരുന്നല്ലോ. അതല്ലെങ്കില്‍ കിണറുകള്‍ വറ്റിപ്പോയി താമസയോഗ്യമല്ലാത്ത ഭൂപ്രദേശമായി മാറിയതുമാകാം.
അല്‍ഖാത്ത് എന്ന മറ്റൊരു പട്ടണത്തിലും ഞങ്ങള്‍ പോയി. അവിടെ എത്തുമ്പോള്‍ രാത്രിയായിരുന്നു. ആദിമമായ ജനവാസ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്ന പട്ടണമാണത്. ഇപ്പോള്‍ അത് ഒരു പ്രേതാലയം പോലെ. മികവുറ്റ ഒരു നാഗരികതയുടെ അവശിഷ്ടങ്ങളാണ് ഇവിടെയുള്ളത്. മണ്ണുകൊണ്ടുള്ള ഇഷ്ടികയും ഈന്തപ്പനയുടെ തടിയും ഉപയോഗിച്ചാണ് വീടുകള്‍ ഉണ്ടാക്കിയത്. ഇരുനില കെട്ടിടങ്ങള്‍ വരെ അവര്‍ നിര്‍മിച്ചു. പള്ളിയും ഭോജനശാലയും കിണറുകളും ഈന്തപ്പനത്തോട്ടങ്ങളും ഒക്കെ ഉണ്ടായിരുന്നു. ഏതു രാത്രിയും യാത്രികര്‍ക്ക് അവിടം സന്ദര്‍ശിക്കാന്‍ പാകത്തില്‍ വൈദ്യുത വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ രാത്രി ഒറ്റക്ക് ഒരാള്‍ക്ക് ഇവിടം സന്ദര്‍ശിക്കുക അത്ര സുഖകരമായിരിക്കില്ല. പേടി നമ്മെ വന്ന് ചൂഴ്ന്നുനില്‍ക്കും. ഹുവാന്‍ റൂഫോവിന്റെ പെഡ്രോപരാമോ എന്ന നോവലിലെ കൊമാലൊ എന്ന പട്ടണം മറ്റൊരു കാലത്ത്, മറ്റൊരു ദേശത്ത് നമ്മുടെ കണ്‍മുമ്പില്‍ വന്നുനില്‍ക്കുന്നതുപോലെ തോന്നും.

മരുഭൂമിയിലെ ഗൃഹനിര്‍മിതിയുടെ സാങ്കേതികവിദ്യ അപാരം തന്നെയാണ്. പ്രാദേശിക വിഭവങ്ങള്‍ മാത്രം ഉപയോഗിച്ച് നിര്‍മിച്ചു എന്നതുമാത്രമല്ല സവിശേഷത. ഗൃഹനിര്‍മാണത്തിന് ഉപയോഗിക്കാവുന്ന സാധനങ്ങള്‍ കച്ചവടപ്പാതയിലൂടെ ഇവിടെ എത്തിക്കാന്‍ വയ്യല്ലോ. പക്ഷേ കച്ചവടം വഴി ഇതര നാഗരികതകള്‍ പരിചയപ്പെടാന്‍ അവസരമുണ്ടാവും. അവിടങ്ങളിലെ ഗൃഹനിര്‍മാണ രീതി അല്‍ഖാത്തിലും പരീക്ഷിക്കപ്പെട്ടതാവും. മരുഭൂമിയിലെ കഠിനമായ ചൂടില്‍നിന്നും കഠിനമായ തണുപ്പില്‍നിന്നും രക്ഷനേടാന്‍ പറ്റും വിധത്തിലാണ് നിര്‍മാണം. ഇരുനില മാളികകളുടെ മുകളിലേക്കൊന്നും കേറാന്‍ പറ്റിയ അവസ്ഥയിലല്ല ഇവിടുത്തെ വീടുകള്‍. ജീര്‍ണിച്ചുവീണുപോയവയാണെല്ലാം.

മജ്മസിറ്റിയിലൂടെയും ഞങ്ങള്‍ യാത്ര ചെയ്തിരുന്നു. കോട്ടകളും അതിനിടയിലൂടെയുള്ള തെരുവുകളും എല്ലാം മനോഹരമായി സംവിധാനം ചെയ്ത ഒരു നഗരത്തെ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കും. ആ യാത്രയില്‍ ഒ പി ഹബീബും ഫൈസല്‍ കൊടുമയും ഉണ്ണികൃഷ്ണനും ഒക്കെ കൂടെയുണ്ടായിരുന്നു. മടക്കയാത്രയില്‍ റിയാദില്‍ ചാക്കീരി നൗഷാദിന്റെ വീട്ടിലെ ഭക്ഷണവും മറക്കുക വയ്യ. സഊദി യാത്രയിലുടനീളം ഒത്തിരി സുഹൃത്തുക്കള്‍ എന്നെ അനുഗമിക്കുകയും പൗരാണിക നഗരങ്ങളുടെയും പട്ടണങ്ങളുടെയും ചരിത്രത്തിലേക്ക് ആനയിക്കുകയും ചെയ്തിട്ടുണ്ട്.

ദിരിയ എന്ന പൗരാണിക നഗരം സന്ദര്‍ശിക്കാന്‍ കഴിഞ്ഞതാണ് ഈ യാത്രയിലെ മറ്റൊരു അനുഭവം. റിയാദിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയിലാണ് ദിരിയ. റോമക്കാര്‍ ദരിയെ എന്നുവിളിച്ചു. സഊദി രാജകുടുംബത്തിന്റെ വേരുകള്‍ ഇവിടെയാണുള്ളത്. ആധുനിക സഊദിയുടെ ചരിത്രത്തില്‍ ഈ പ്രദേശത്തിന് പ്രാധാന്യം ലഭിച്ചതും അതുകൊണ്ടാണ്. ആദ്യത്തെ സഊദി സാമ്രാജ്യത്തിന്റെ തലസ്ഥാനം ഇവിടെയായിരുന്നു. 1744 മുതല്‍ 1818വരെയുള്ള കാലയളവില്‍.

മനോഹരമായ ഒരു താഴ്‌വരയിലാണ് ദിരിയ സ്ഥിതിചെയ്യുന്നത്. വാദിഹനീഫ എന്നാണ് ഈ താഴ്‌വരയുടെ പേര്. ഒരു അരുവി ഇതിലൂടെ ഒഴുകുന്നു. ഇവിടുത്തെ പൗരാണിക നഗരം യുനെസ്‌കോവിന്റെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
നജ്ദ് പുരാവൃത്തങ്ങളില്‍ പറയുന്നത് ഈ നഗരം പടുത്തുകെട്ടിയത് പതിനാലാം നൂറ്റാണ്ടിന്റെ മധ്യപാദത്തിലാണെന്നാണ്. സഊദി രാജകുടുംബത്തിന്റെ അടിത്തറ പാകിയ മാനി അല്‍മുറൈദിയാണ് ഈ നഗരത്തിന്റെ സ്ഥാപകന്‍. കിഴക്കന്‍ അറേബ്യയിലെ അല്‍ഖ്യാത്തിഫിലില്‍ നിന്നുവന്നവരാണവര്‍. ദരിയക്ക്  ആ പേരൊക്കെ വരുന്നതും അതിനുശേഷമാണ്. ആധുനിക അറേബ്യയുടെ സ്രഷ്ടാവായി വിശേഷിപ്പിക്കപ്പെടുന്ന ഇബ്‌നു സഊദ് ഉയര്‍ന്നുവരുന്നത് ഈ ഭൂമികയിലാണ്. അദ്ദേഹം മാര്‍ഗദര്‍ശിയായ ഇബ്‌നു അബ്ദുല്‍വഹാബിന്റെ ഉപദേശമനുസരിച്ച് വഹാബിസത്തില്‍ അധിഷ്ഠിതമായ ഒരു രാജ്യം രൂപപ്പെടുത്തുകയും ചെയ്യുന്നു. വല്ലാത്ത പടയോട്ടങ്ങളായിരുന്നു ഇബ്‌നു സഊദിന്റേത്. ഓട്ടോമന്‍ സാമ്രാജ്യവുമായി വലിയ യുദ്ധം തന്നെയാണ് ദിരിയയുടെ തകര്‍ച്ചക്ക് കാരണമായത്. ഇബ്‌റാഹീം പാഷയെന്ന അധിനിവേശ ശക്തികളുടെ നേതാവ് ദിരിയ തകര്‍ക്കാന്‍ ആഹ്വാനം ചെയ്തതും ചരിത്രത്തിലെ ദുരന്തമായി ശേഷിക്കുന്നു. അവിടുത്തെ ജനത റിയാദിലേക്ക്  പലായനം ചെയ്യുന്നത് അങ്ങനെയാണ്. അങ്ങനെ ഒരു തകര്‍ച്ചയും പലായനവും സംഭവിച്ചിരുന്നില്ലെങ്കില്‍ ദിരിയ തന്നെ ആധുനിക അറേബ്യയുടെ തലസ്ഥാനമാകുമായിരുന്നു.

മനോഹരമായ താഴ്‌വരയും അവിടുത്തെ അരുവിയും ഒക്കെയാണ് ആദിമമായ ജനവാസ കേന്ദ്രമാക്കി ദിരിയയെ മാറ്റിയത്. ജലസമൃദ്ധിയും കാര്‍ഷിക സമ്പന്നതയും ഒക്കെയാണ് അധിനിവേശങ്ങള്‍ക്ക് കാരണമായത്. എഴുപതുകളിലാണ് സഊദി ഭരണകൂടം ഈ പുരാതനനഗരം അതിന്റെ പഴയ പ്രതാപത്തില്‍ പുനര്‍നിര്‍മിച്ചത്; പുരാവസ്തു ശാസ്ത്രജ്ഞന്മാരുടെയും വാസ്തുശില്‍പികളുടെയും സഹായത്താല്‍. ഇന്ന് മനോഹരമായ വാസ്തുശില്‍പ നഗരമാണ് ദിരിയ. ഇവിടുത്തെ ഭോജനശാല പോലും പാരമ്പര്യം കൈവിടാതെ സംവിധാനം ചെയ്തിരിക്കുന്നു. അരുവിക്കരയില്‍ മനോഹരമായ പാര്‍ക്കുണ്ട്. ഒരു ഭോജനശാലയില്‍ ഞങ്ങള്‍ ചെന്നു. അവിടുത്തെ വാതിലുകള്‍ പോലും പരമ്പരാഗതമായ രീതിയില്‍ ചിത്രപ്പണി ചെയ്ത് മനോഹരമാക്കിയിരിക്കുന്നു. കസേരകള്‍ പോലും ശില്‍പങ്ങളാണ്. പൗരാണികമായ ഒരു കിണര്‍ അതേരീതിയില്‍ സംരക്ഷിച്ചുനിര്‍ത്തിയിരിക്കുന്നു. കോഫി ഷോപ്പില്‍ ഗാവയുണ്ടാക്കുന്നത് യമനി പരമ്പരാഗത വേഷം ധരിച്ചവനായിരുന്നു. ഞങ്ങള്‍ ഗാവ കുടിച്ചു. അവനോടൊപ്പമിരുന്ന് ഞാനും ഉണ്ണികൃഷ്ണനും റഫീഖ് പൂപ്പാലയുമൊക്കെ ഫോട്ടോയെടുത്തു.

അവിടെ അടുത്തുള്ള ഒരു ചെറിയ അണക്കെട്ടു കാണാന്‍ പോയി ഞങ്ങള്‍. അവിടേക്കുള്ള യാത്രയില്‍ പാതയുടെ ഇരുവശങ്ങളിലുമുള്ള ഫാമുകള്‍ ഞാന്‍ ശ്രദ്ധിച്ചു. ആ ഡാമിനടുത്തുവെച്ചാണ് സിറിയന്‍ അഭയാര്‍ത്ഥി കുടുംബങ്ങളെ ഞാന്‍ കണ്ടത്. ഓറഞ്ചു പോലെ തുടുത്ത മുഖമുള്ള കുട്ടികള്‍. മതമോ ഗോത്രമോ വംശമോ ഒന്നും സ്വയം നിര്‍വചിക്കാന്‍ പ്രായമായിട്ടില്ല ആ കുട്ടികള്‍ക്ക്. സാമ്രാജ്യത്വ ശക്തികളും കോര്‍പറേറ്റുകളും ആധുനിക കച്ചവടക്കാരും അവരുടെ ലാഭങ്ങള്‍ക്കായി രൂപം നല്‍കിയ യുദ്ധക്കച്ചവടത്തിന്റെ ഇരകളാണ് ആ കുട്ടികള്‍. ജനിച്ച വീടും ദേശവും ഉപേക്ഷിച്ച് മാതാപിതാക്കള്‍ക്കൊപ്പം ആ കുട്ടികള്‍ക്ക് രാജ്യാതിര്‍ത്തി കടക്കേണ്ടിവന്നു. ഇവിടെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അവര്‍ താമസിക്കുന്നു. സ്‌കൂളില്‍ പഠിക്കേണ്ട പ്രായമാണവര്‍ക്ക്. പക്ഷേ വിദൂരതയിലെ ഓര്‍മ മാത്രമാണ് അവര്‍ക്കിപ്പോള്‍ സ്‌കൂള്‍. ആ കുട്ടികളോട് സംസാരിക്കണമെന്നും പലായനത്തെക്കുറിച്ച് ചോദിക്കണമെന്നുമൊക്കെ ഉണ്ടായിരുന്നു. പക്ഷേ ആ കുട്ടികള്‍ ഒന്നിനും നിന്നുതരുന്നില്ല. അഥവാ അവര്‍ക്ക് അതിനൊന്നും നേരമില്ല. അന്നന്നത്തെ അന്നം തേടാനുള്ള വഴിയിലാണവര്‍. ചിരിക്കുന്ന മുഖം ഞാന്‍ കണ്ടതേയില്ല. വെളുത്തുതുടുത്ത മുഖങ്ങളില്‍ കരച്ചിലാണ് വടുകെട്ടിനില്‍ക്കുന്നത്. പുഴുങ്ങിയ കടലയും സിഗരറ്റുമാണ് ആ കുട്ടികള്‍ വില്‍ക്കുന്നത്. അവരുടെ കയ്യില്‍നിന്ന് എന്തെങ്കിലും വാങ്ങിക്കഴിക്കാമെന്ന് തോന്നി. പുഴുങ്ങിയ കടല സോസൊഴിച്ചുതന്നു അവര്‍.

പി സുരേന്ദ്രന്‍

You must be logged in to post a comment Login