പ്രബുദ്ധ കേരളത്തിലേക്കുള്ള ജാതി വഴികള്‍

പ്രബുദ്ധ കേരളത്തിലേക്കുള്ള ജാതി വഴികള്‍

‘നമുക്ക് ജാതിയില്ല. ‘അതൊരു ആഹ്വാനമായിരുന്നില്ല. ഒരു സാമൂഹ്യ പ്രബോധനം കൂടിയായിരുന്നു. ആ പ്രബോധനം കേരളീയ സമൂഹത്തിന്റെ അടിത്തട്ടില്‍ ഉണ്ടാക്കിയ ചലനം ആശയപരമായ സംവാദങ്ങള്‍ക്കപ്പുറം പ്രായോഗിക ജീവിതത്തിന് നല്‍കിയ തിരിച്ചറിവുകള്‍ ചെറുതായിരുന്നില്ല.

എന്നിട്ടും അത് കേരളത്തെ ജാതിവിരുദ്ധ ചിന്തയില്‍ നിന്നും മോചിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. ഒരു മുദ്രാവാക്യം കൊണ്ട് മാത്രം ഇല്ലാതാവുന്നതല്ല ജാതിബോധം. എന്നാല്‍ ഈ ആഹ്വാനം രൂപപ്പെട്ട കാലത്ത് അതുണ്ടാക്കിയ തിരിച്ചറിവുകള്‍ ചെറുതായി കാണാന്‍ കഴിയില്ല. പതിറ്റാണ്ടുകള്‍ക്ക് അപ്പുറത്ത് നിന്ന് ഉണ്ടായആ ആഹ്വാനം ഉണ്ടാക്കിയ മാറ്റങ്ങളാണ് ഇന്നത്തെ ചിന്താപരിസരത്ത് പ്രസക്തമാവുന്നത്. കാരണം, അതിനു ശേഷമാണ് കേരളം ഒരുപാട് വളര്‍ന്നത്. ഭൗതികമായ വളര്‍ച്ച മനുഷ്യന്റെ ചിന്തയിലും ഇടപെടലിലും ഉണ്ടാക്കിയ ഗുണവശങ്ങള്‍ കേരളത്തെ അടിമുടി മാറ്റിയിട്ടുണ്ട്. ആ മാറ്റത്തിന്റെ വേര് ശ്രീ നാരായണ ഗുരു വഴി അയ്യങ്കാളി, സഹോദരന്‍ അയ്യപ്പന്‍ വഴി പുതിയ കാലത്തില്‍ എത്തിനില്‍ക്കുകയാണ്. ഇവരിലൂടെ സമൂഹം മാറ്റത്തിന് തയാറായി എന്നത് മറ്റൊരു വസ്തുതയാണ്. ആ മാറ്റത്തില്‍ ഏറ്റവും ഗൗരവം ജാതി, മത വിഭാഗീയതക്ക് പുറത്ത് മനുഷ്യന്‍ എന്ന ഏകത്വത്തിലേക്ക് ഉയരുക എന്നതായിരുന്നു. ആ ഉയര്‍ച്ചയില്‍ സമൂഹത്തില്‍ നിന്നും തുടച്ച് മാറ്റേണ്ട മനുഷ്യത്വ വിരുദ്ധമായ പല ചിന്തകളും ഒലിച്ചുപോയി എന്ന് കരുതിയവര്‍ ഏറെയുണ്ട്. ജാതി, അതില്‍പെട്ട ഒന്നായിരുന്നു.
ജാതിക്ക് മതവുമായുള്ള ബന്ധം ‘ദൈവികമായത്’ കൊണ്ട് അതിന്റെ ഇരകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഇന്നും തുടരുകയാണ്. എന്നാല്‍ ഇത് കേരളത്തിന് പുറത്താണ് സംഭവിക്കുന്നതെന്നും കേരളം അത്തരം അവസ്ഥകളില്‍ നിന്നും മോചനം നേടിയെന്നും പുരോഗമനവാദികള്‍ നിരന്തരം പറയുന്നുണ്ട്. പ്രത്യേകിച്ചും വൈരുധ്യവാദ ദര്‍ശനങ്ങളിലൂടെ സാമൂഹ്യ ഇടപെടല്‍ നടത്തുന്നവര്‍. അവരില്‍ വലിയ വിഭാഗം ഇപ്പോഴും പുറത്ത് ജാതിവിരുദ്ധരും വ്യക്തിജീവിതത്തില്‍ ജാതിയെ കൂടെ കിടത്തുന്നവരാണ്. ഈ അവസ്ഥയെ മൂടിവെയ്ക്കാന്‍ ആവശ്യമായ പല ഉപകരണങ്ങളും കേരളത്തില്‍ സുലഭമാണ്. അതില്‍ ഒന്ന് സ്വയം നിര്‍മിച്ചെടുത്ത പ്രബുദ്ധതയാണ്. അതിനെ ശക്തിപ്പെടുത്താന്‍ നിരന്തരം പാടുപെടുന്ന രാഷ്ട്രീയ ഇടപെടലിനെ തിരിച്ചറിയണം. രാഷ്ട്രീയം എന്നത് ഉയര്‍ന്ന ബോധതലം എന്നര്‍ത്ഥത്തിലാണ് മനസിലാക്കേണ്ടത്. സ്വയം നിര്‍മിതവും സാഹചര്യത്താല്‍ നിര്‍മിക്കപ്പെട്ടതുമായ ഇത്തരം നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് കേരളത്തിന്റെ പൊതുബോധം രൂപപ്പെടുത്തിയതെന്ന് വ്യക്തമാവും. അതായത് മലയാളിയുടെ മനസില്‍ ഇപ്പോഴും ജാതി ബോധം ആഴത്തിലുണ്ട് എന്നതിന്റെ തെളിവാണ് സമീപകാലത്ത് കേരളം സാക്ഷ്യം വഹിച്ച മൂന്ന് സംഭവങ്ങള്‍.
ആതിര, അത് കേവലം ഒരച്ഛന്റെ വൈകാരിക ഇടപെടലിന്റെ ഭാഗമായി കണ്ടുകൂടാ. കാരണം കേരളത്തെ നാം ഫ്രയിം ചെയ്ത് തൂക്കിയിരിക്കുന്നത് സാക്ഷരത, രാഷ്ട്രീയ പ്രബുദ്ധത, ഭയരഹിതമായ ഇടപെടല്‍- ഇതൊക്കെ ഉണ്ടാക്കിയ ഉയര്‍ന്ന മാനവികതയുടെ നെഞ്ചിലാണ്. ഇത് കേവലം സ്വയംഭൂവായി പൊട്ടിമുളച്ചതല്ലെന്നും ഇടതുപക്ഷ ചിന്തയും ഇടപെടലും കേരളീയ പ്രബുദ്ധതയെ മുന്നോട്ട് നയിക്കാന്‍ വിയര്‍ത്തിട്ടുണ്ട് എന്ന വാദഗതിയെ പൂര്‍ണമായി തിരസ്‌കരിക്കാന്‍ കഴിയില്ല. എന്നിട്ടും ഒരു സാധാരണ മനുഷ്യന്റെ ഉള്ളില്‍ ജാതി ഇത്ര ആഴത്തില്‍, വേര് ഇറങ്ങിയതെങ്ങനെ എന്നാണ് നാം പരിശോധിക്കേണ്ടത്.
ജന്മം നല്‍കിയ മകളെ ദുരഭിമാനത്തിന്റെ പേരില്‍ കുത്തിക്കൊന്ന അച്ഛന്‍. അതിന് കാരണമായത് സ്വന്തം ജാതിക്ക് പുറത്തുനിന്ന് ജീവിതപങ്കാളിയെ കണ്ടെത്തി എന്നതു മാത്രമാണോ? പ്രത്യക്ഷത്തില്‍ ഉത്തരം ശരിയാണ്. കാരണം ആതിര ഇഷ്ടപ്പെട്ട ബ്രിജേഷ് എന്ന യുവാവ് ആതിരയെക്കാള്‍ താഴ്ന്ന ജാതിയിലാണ് പിറന്നതെങ്കിലും അയാള്‍ക്ക് സൈന്യത്തില്‍ മാന്യമായ തൊഴിലുണ്ട്. മക്കളെ നല്ല ജോലിയുള്ളവരെ ഏല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം രക്ഷിതാക്കളും. അവരുടെ ഭാവി സുരക്ഷിതത്വമാണ് ഇത്തരം ചിന്തക്ക് കാരണമായി തീരുന്നത്. അതിലുപരി എങ്ങനെയാണ് മലയാളിയില്‍ ജാതി ചിന്ത കയറിക്കൂടിയത്? അച്ഛന്റെയും മകളുടെയും സ്‌നേഹത്തിനും ആഗ്രഹത്തിനും അപ്പുറം ജാതി എങ്ങനെയാണ് അവര്‍ക്കിടയില്‍ ശക്തി പ്രാപിച്ചത്?

അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം ജന്മം നല്‍കിയതോടെ ആരംഭിക്കുന്നു. അത് കല്യാണപ്രായം വരെ എത്തുന്നതിനിടയില്‍ ഉണ്ടാവുന്ന എത്രയെത്ര കൊടുക്കലും വാങ്ങലുകളും. അതിനെയെല്ലാം മറികടക്കാന്‍ മാത്രം ശക്തിയുണ്ട് ജാതിക്ക് എന്നാണ് ഇപ്പോള്‍ തിരിച്ചറിയേണ്ടത്. ഇഷ്ടമില്ലാത്ത കല്യാണത്തെ രക്ഷിതാക്കള്‍ എതിര്‍ക്കാറുണ്ട്. അപ്പോഴും മകളോടുള്ള സ്‌നേഹം മനസില്‍ കൂടി വരികയാണ് പതിവ്. അതുകൊണ്ടാണ് പല രക്ഷിതാക്കളും മാനസികമായി തളര്‍ന്നു പോവുന്നത്. അങ്ങനെ മിശ്രവിവാഹിതരാവുന്ന മക്കളോടൊപ്പം കാലക്രമത്തില്‍ രക്ഷിതാക്കള്‍ ചേര്‍ന്ന് നില്‍ക്കാറുണ്ട്. ചിലരിലെങ്കിലും ഇതിനെയെല്ലാം മറികടക്കാനുള്ള ത്വര ശക്തമായി ഇന്നും നിലനില്‍ക്കുന്നു. ഇതെല്ലാം മനുഷ്യജീവനെക്കാള്‍ പ്രധാന്യം ജാതിക്ക് ഉണ്ട് എന്ന സന്ദേശമാണ് നല്‍കുന്നത്. ഇത്രമാത്രം ശക്തി ജാതിബോധത്തിന് എങ്ങനെയാണ് ഉണ്ടാവുന്നത്. അതും പ്രബുദ്ധ കേരളത്തില്‍? അതുകൊണ്ടാണ് ‘ആതിര’ ഒറ്റപ്പെട്ട സംഭവമായി വായിച്ച് തള്ളുമ്പോള്‍ മറ്റ് ചില ദൃഷ്ട്ടാന്തങ്ങള്‍ നമ്മുടെ മുമ്പിലേക്ക് വരാന്‍ കാരണം. അവിടെ നമ്മുടെ ‘പ്രബുദ്ധത’ ക്ക് ശേഷം ഒരു ചോദ്യചിഹ്നം തൂങ്ങി കിടക്കുന്നുണ്ട്.

അട്ടപ്പാടിയില്‍ മധുവിനെ ആള്‍ക്കൂട്ടം അടിച്ച് കൊന്നപ്പോഴും ആതിരയെ അച്ഛന്‍ കുത്തിക്കൊന്നപ്പോഴും പലരും അകം കേരളത്തിലേക്ക് നോക്കുകയായിരുന്നു. ഇന്നലെ വരെ പുറം കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ നടന്നപ്പോള്‍ നാം അതിനെ അളക്കാന്‍ ഉപയോഗിച്ചത് പ്രബുദ്ധതയെയാണ്. പ്രബുദ്ധതക്ക് അടിസ്ഥാനമായി കാണാറുള്ളത് വിദ്യാഭ്യാസവും അതുവഴി രൂപപ്പെടുന്ന പൊതുസാമൂഹ്യബോധവുമാണ്. അത്തരം സമൂഹത്തില്‍ സാംസ്‌കാരികമായ കൊടുക്കലും വാങ്ങലും നിരന്തരം സംഭവിക്കുക വഴി വ്യക്തികള്‍ ഉയര്‍ന്ന സാമൂഹ്യബോധത്തില്‍ എത്തിച്ചേരാറുണ്ട്.

അതിന്റെ നിരവധി അടയാളങ്ങള്‍ നാം കേരളത്തില്‍ കണ്ടിട്ടുണ്ട്. ഇത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാണാത്തതാണ് എന്ന് കേരളം നിരവധി തവണ അഹങ്കരിച്ചിട്ടുണ്ട്. ഈ അഹങ്കാരത്തെ അടുത്ത കാലത്തായി കേരളം സ്വയം പൊളിച്ചടക്കിക്കൊണ്ടിരിക്കുകയാണ്. അത് സമ്മാനിച്ചതാണ് മധുവിന്റെ ആള്‍ക്കൂട്ട വധവും പിതാവിനാല്‍ കൊല ചെയ്യപ്പെട്ട ആതിരയും. ഇത് എങ്ങനെ ഉണ്ടാവുന്നു എന്നിടത്താണ് അകം കേരളത്തില്‍ തുളുമ്പി നില്‍ക്കുന്ന ജീര്‍ണതകളെ തിരിച്ചറിയേണ്ടത്. ഇത് തിരിച്ചറിയാന്‍ കഴിയാത്തത് കേരളത്തെ വായിക്കുന്നതിലും മനസിലാക്കുന്നതിലും നമുക്ക് പറ്റിയ അബദ്ധമായി തന്നെ കാണണം.
ദുരഭിമാനകൊല കേരളത്തിന് പുറത്ത് നടക്കുമ്പോള്‍ നാം അതിനെ അവജ്ഞയോടെയാണ് കാണാറ്. ആ അവജ്ഞ ഉണ്ടാവുന്നതാകട്ടെ ആ പ്രദേശങ്ങളിലെ സാമൂഹ്യ സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയാണ്. അതായത് വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും അത്തരം ദേശങ്ങള്‍ അനുഭവിക്കുന്ന അപചയത്തിന്റെ ഭാഗമായാണ് ദുരഭിമാനകൊലകള്‍. അത്തരമൊരു ‘അഭിമാനം’ ലോകത്തെമ്പാടുമുള്ള മലയാളികള്‍ വെച്ചു പുലര്‍ത്താറുണ്ട്. അതിനുള്ള അവകാശം കേരളത്തിന് ഇല്ലേ എന്ന ചോദ്യത്തിന് ഉണ്ട് എന്നതാണ് ഉത്തരം. എന്നിട്ടും എന്തുകൊണ്ട് മധുവും, ആതിരയും കേരളത്തിന്റെ പൊതുബോധത്തെ കത്തിച്ച് ചാരമാക്കി എന്ന ചോദ്യത്തിന് ഉത്തരം കിട്ടുക തന്നെ വേണം. അവിടെ മധുവും ആതിരയും ഒറ്റപ്പെട്ട സംഭവമല്ലേ എന്ന ചോദ്യത്തിന് സാധ്യതയുണ്ട്. ഒറ്റപ്പെട്ട എന്ന പ്രയോഗത്തെ കേരളത്തിന്റെ പ്രബുദ്ധത നേരിടുന്ന പ്രതിസന്ധിയായി തന്നെ തിരിച്ചറിയണം. നമ്മുടെ പ്രബുദ്ധത ഏതൊക്കെ വഴികളിലൂടെയാണ് വളര്‍ന്നത് എന്നും അതിന്റെ വേരുകള്‍ എത്ര ആഴത്തില്‍ ഇറങ്ങിച്ചെന്നിട്ടുണ്ട് എന്നും പരിശോധിക്കേണ്ടതുണ്ട്.

പ്രബുദ്ധത നേരിടുന്ന പ്രതിസന്ധികള്‍
കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ പരിസരങ്ങളെ പരിവര്‍ത്തനപ്പെടുത്തുന്നതില്‍ നവോത്ഥാന ചിന്തകള്‍ വഹിച്ച പങ്കിനെ നാം തള്ളിപ്പറയുന്നില്ല. അതിന്റെ തുടര്‍ച്ച കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലങ്ങളെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. ഇടതും വലതും അത് പങ്കിട്ടെടുത്തപ്പോഴും കേരളം അതിന്റെ ഗുണം അനുഭവിച്ചു. അത് എത്രത്തോളം അടിത്തട്ടില്‍ എത്തി എന്നത് ഇനിയും പരിശോധിക്കേണ്ട വിഷയമാണ്. ഈ പ്രബുദ്ധത ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധിയിലാണ് എന്ന് കേരളീയ രാഷ്ട്രീയ മണ്ഡലങ്ങള്‍ അത്ര പെട്ടെന്ന് സമ്മതിച്ചു തരില്ല. കാരണം ഈ പ്രബുദ്ധതയെ മുന്‍നിര്‍ത്തിയാണ് കക്ഷി രാഷ്ട്രീയത്തിന്റെ ചട്ടക്കൂട്ടിലേക്ക് കേരള ജനതയെ മെരുക്കിയെടുക്കാന്‍ എല്ലാ പാര്‍ട്ടികളും പണി എടുത്തുകൊണ്ടിരിക്കുന്നത്. അതിന് അവര്‍ മതത്തെയും ജാതിയെയും ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ മൂര്‍ത്ത രൂപങ്ങളായി മതത്തിലധിഷ്ഠിതമായ പാര്‍ട്ടികളും വളര്‍ന്നു വന്നു. അവര്‍ക്ക് അധികാര രാഷ്ട്രീയത്തില്‍ ഇടം കിട്ടിയതോടെ സാമുദായിക ശാക്തീകരണത്തിന് വേഗത കൂടി. അത് അതാത് ജനവിഭാഗങ്ങളെ മതാധിഷ്ഠിതമായും സാമൂദായികമായും ഉയര്‍ത്തിക്കൊണ്ടു വന്നു. അങ്ങനെ വിവിധ തലത്തില്‍ സ്വത്വാധിഷ്ഠിതമായി ഉണ്ടായ പുരോഗതിയെ നാം കേരളത്തിന്റെ പ്രബുദ്ധതയെ സ്വാധീനിച്ച ഘടകങ്ങളായി കണ്ടു. അതോടെ അത്തരം പുരോഗതി സമൂഹത്തിന്റെ ഏതൊക്കെ തലങ്ങളിലേക്ക് വ്യാപിച്ചു എന്ന അന്വേഷണത്തിന് പ്രസക്തിയില്ലാതെയായി. ഇന്ന് അതിന് പ്രസക്തിയുണ്ട്. ഏറ്റവും ഒടുവില്‍ കലാകാരനായ അശാന്തന് മരണശേഷവും ഏറ്റുവാങ്ങേണ്ടി വന്നത് ജാതിയുടെ പേരിലുള്ള കൊടും വിവേചനമായിരുന്നു.

അശാന്തന്റെ കാര്യത്തിലായാലും ആതിരയുടെ കാര്യത്തിലായാലും ജാതിയെ ഒരു ഭയവും കൂടാതെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഭയപ്പെടുത്തുന്ന കാര്യം . അശാന്തന്റെ മൃതദേഹത്തെ സാംസ്‌കാരിക ബഹുമാനത്തോടെ സ്വീകരിക്കേണ്ടതിന് പകരം ഇടതുപക്ഷ ഭരണകാലത്ത് അയിത്തത്തിന്റെ പേരില്‍ സാംസ്‌കാരിക കേന്ദ്രത്തിലേക്കുള്ള വരവ് നിഷേധിക്കപ്പെടുകയാണ്. കേരളം പ്രബുദ്ധമാണ് എന്ന് പറയുന്നവര്‍ ആ പരിസരങ്ങളില്‍ അപ്പോഴും ഉണ്ടായിരിക്കും എന്ന് കരുതുന്നതാണ് യുക്തി. എന്നിട്ടും എന്തുക്കൊണ്ട് ഈ ജാതി മേല്‍ക്കോയ്മ വിജയിക്കുന്നു? അശാന്തനെ തടഞ്ഞ സവര്‍ണ ജാതിക്കാരില്‍ ഏതൊക്കെ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ഉണ്ട് എന്ന് പരിശോധിക്കേണ്ടതിന്റെ ആവശ്യകത പ്രസക്തമാവുന്നത് അതുകൊണ്ടാണ്. അതുണ്ടാക്കുന്ന ബോധ്യപ്പെടലില്‍ നിന്നാണ് നാം ആഘോഷിച്ച്ക്കൊണ്ടിരിക്കുന്ന പ്രബുദ്ധത രാഷ്ട്രീയമായും സാംസ്‌കാരികമായും പൊള്ളയാണ് എന്ന് തിരിച്ചറിയേണ്ടത്. അതായത് പൊതുമണ്ഡലത്തില്‍ അണിയുന്ന പുറം വസ്ത്രം പുറത്ത് അഴിച്ചുവെച്ചാണ് മലയാളി അകത്ത് കയറുന്നത്. അവിടെ അയാള്‍ക്ക് മതമുണ്ട്, അതില്‍ തന്നെ ശക്തമായ ജാതി വാശിയും ആചാരവും ഉണ്ട്. എന്നിട്ടും നാം ഇടതുപക്ഷ സംസ്‌കാര സ്വാധീനത്തിനുള്ളില്‍ കേരളത്തെ കെട്ടിവെയ്ക്കുന്നു. കേരളത്തിന്റെ പ്രബുദ്ധതയെ നിര്‍ണയിച്ച ഘടകങ്ങളില്‍ ഇടതു പക്ഷത്തിന് പങ്കില്ല എന്നല്ല അര്‍ത്ഥം. മറിച്ച് മാറിയ കേരളത്തില്‍ ഇടതുപക്ഷത്തിന് പറ്റിയ വീഴ്ചകള്‍ ഗൗരവമായി കാണുക തന്നെ വേണം. അവിടെയാണ് പരിഷ്‌കൃത സമൂഹത്തില്‍ അടിക്കടി സംഭവിച്ചുക്കൊണ്ടിരിക്കുന്ന തീവ്ര, മത, ജാതി കേന്ദ്രീകൃത രാഷ്ട്രീയത്തെ തിരിച്ചറിയേണ്ടത്. കലക്കും സംസ്‌കാരത്തിനും പ്രധാന്യവും അവസരവും നല്‍കുക വഴി ഇടതു ഇടപെടലിന്റെ സ്വാധീനം കേരളത്തിന്റെ പൊതുമണ്ഡലങ്ങളെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. അതിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കേരളം ഇതര സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ് എന്ന് തെളിയിക്കപ്പെട്ടത് സാംസ്‌കാരികവും സാമൂഹ്യവുമായ അതിന്റെ വ്യതിരിക്തത കൊണ്ടു തന്നെയാണ്. എന്നിട്ടും നിറഞ്ഞ വെളിച്ചത്തിനുള്ളില്‍ എങ്ങനെയാണ് ജാതി ബോധത്തിന്റെ തിരി കത്തി പടര്‍ന്നത്? അത്തരമൊരു അന്വേഷണത്തില്‍ പുരോഗമന കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയില്‍ മത-സാമുദായിക പ്രസ്ഥാനങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ വഹിച്ച പങ്കിനെ നാം തിരിച്ചറിയുക തന്നെ വേണം. ബഹുസ്വരതയിലധിഷ്ഠിതമായ സാംസ്‌കാരിക ഇടപെടലും സാമൂഹ്യപരമായ പങ്കുവെയ്പ്പുകളും അതിന്റെ പരിസരങ്ങളില്‍ നിന്നും സങ്കുചിത സ്വത്വാധിഷ്ഠിത കേന്ദ്രങ്ങളിലേക്ക് ചുരുങ്ങാന്‍ തുടങ്ങി. മതത്തിന്റെ ആത്മീയ പരിസരങ്ങളില്‍ രാഷ്ട്രീയത്തിന്റെ കടന്നുകയറ്റം ഇതിനെ ശക്തിപ്പെടുത്തി. ജാതി ഉണ്ടാക്കിയ അസന്തുലിതമായ ജീവിതാവസ്ഥകളെ മറികടക്കാന്‍ ജാതിപ്രസ്ഥാനങ്ങള്‍ക്ക് കഴിയണം എന്ന മിഥ്യാധാരണക്ക് പുറത്ത് രൂപം കൊണ്ട പ്രസ്ഥാനങ്ങളുടെ ഗുണം നേതാക്കള്‍ക്ക് മാത്രമായി ചുരുങ്ങി. ഇതാകട്ടെ താഴ്ന്ന ജാതിക്കാരെ മാത്രമല്ല ഉയര്‍ന്ന ജാതിക്കാരെയും സംഘബോധത്തിലേക്ക് നയിച്ചു. ജാതിപ്പേര് വെച്ച് തന്നെ ബഹുജന ഒന്നിപ്പുകളും സെമിനാറുകളും കേരളത്തിലെ നഗര, ഗ്രാമപ്രദേശങ്ങളില്‍ സംഘടിപ്പിക്കപ്പെട്ടു. അതില്‍ രാഷ്ട്രീയക്കാര്‍ അതിഥികളായി എത്തി. സ്വഭാവികമായും ഇതില്‍ വലിയ അബദ്ധങ്ങള്‍ പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയില്ല. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ കേരളത്തിന്റെ അകത്ത് ജാതിബോധം ആരും അറിയാതെ വളരുകയായിരുന്നു. ഈ വളര്‍ച്ചക്ക് പ്രത്യേകമായ ജ്ഞാന പദ്ധതികള്‍ ഒന്നും വേണ്ട. പകരം അതൊരു വൈകാരികമായ അകലത്തെയാണ് സൃഷ്ടിച്ചത്. അതാണ് ആതിരയുടെ അച്ഛനെ നിയന്ത്രിച്ചത്. അതായത് സാമൂഹ്യമായും രാഷ്ട്രീയമായും കേരളം വളര്‍ന്നു എന്ന് പറയുമ്പോള്‍ അതൊരു ബാഹ്യമായ മരീചികയായിരുന്നു. അതുകൊണ്ടാണ് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്ത് അശാന്തന് മരണശേഷം ജാതി വിചാരണ നേരിടേണ്ടി വന്നത്. അതും കേരളം ഇടതുപക്ഷം ഭരിക്കുന്ന കാലത്ത്.

ഇടതുബോധം ജാതിക്ക് അനുകൂലമോ?
കേരളത്തിന്റെ പൊതുബോധം ജാതിവിരുദ്ധമാണ് എന്ന് വരുത്തിത്തീര്‍ക്കുന്നതില്‍ ഇടതു ഇടപെടല്‍ നടത്തിയ പങ്ക് ചെറുതല്ല. അതേ അവസരത്തില്‍ തന്നെ ഈ ഇടപെടലില്‍ ജാതിയെ പൂര്‍ണമായി മാറ്റി നിര്‍ത്താന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. ഉയര്‍ന്ന ജാതിക്കാരന് തന്റെ ജാതിപ്പേര് അഭിമാനവും താഴ്ന്ന ജാതിക്കാരന് അത് അപമാനവുമാണെന്ന പൊതുബോധം ഇന്നും കേരളത്തില്‍ നിലനില്‍ക്കുന്നു. പ്രധാനമായും വര്‍ഗ രഹിത സമൂഹത്തിന്റെ പ്രയോക്താക്കളായ പല കമ്യൂണിസ്റ്റ് നേതാക്കള്‍ക്കും തങ്ങളുടെ ജാതിപ്പേരിനെ എന്തുകൊണ്ട് ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല എന്നത് വലിയ ചോദ്യമാണ്. അതിന്റെ ഉത്തരം വ്യക്തിപരമായ തലത്തില്‍ ഒതുക്കി തീര്‍ക്കുമ്പോഴും ഇടതു പൊതുബോധത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന ഇടതു രാഷ്ട്രീയത്തിന് ജാതിവിരുദ്ധ സമീപനത്തില്‍ വലിയ പാളിച്ച പറ്റിയതായി പലരും ഇതിനകം ചൂണ്ടി കാണിച്ചിട്ടുണ്ട്. സമീപ കാലത്ത് മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ കെ. കണ്ണന്‍ പ്രൊഫസര്‍- കുഞ്ഞാമനുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയ ഒരു കാര്യമുണ്ട്. എന്നെ ചവിട്ടിത്താഴ്ത്തിയതില്‍ വലതുപക്ഷക്കാരെക്കാള്‍ കൂടുതല്‍ ഇടതുപക്ഷക്കാരാണ്. ഇതിന് കാരണമായി അദ്ദേഹം പങ്ക് വെയ്ക്കുന്ന അനുഭവം കേവലം വ്യക്തിപരമല്ലേ എന്ന് തോന്നാം. എന്നാല്‍ ആ വ്യക്തി ജാതി കാരണം പതിറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തില്‍ നിന്നും ഉയര്‍ന്നുവന്ന പ്രതിഭയാണ് എന്ന് അംഗീകരിക്കാന്‍ ഇടതു ബോധമുള്ളവര്‍ക്ക് കഴിയേണ്ടതായിരുന്നു. കേരള സര്‍വകലാശാല അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് അദ്ദേഹം പങ്കുവെയ്ക്കുന്ന അനുഭവം ഇങ്ങനെയാണ്. ‘കേരള സര്‍വകലാശാലയില്‍ അധ്യാപക നിയമനത്തിനുള്ള സെലക്ഷനില്‍ 32 പേരില്‍ ഒന്നാം റാങ്ക് എനിക്കായിരുന്നു. കൂടാതെ പ്രസിദ്ധീകരണങ്ങളുണ്ട്. എന്നിട്ടും നിയമനം നടന്നില്ല. മാര്‍ക്‌സിസ്റ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സിന്‍ഡിക്കേറ്റായിരുന്നു. അന്വേഷിച്ചപ്പോള്‍ പറഞ്ഞത്, ജനറല്‍ ഒഴിവാണ്, സംവരണ സമുദായത്തില്‍ നിന്ന് ആരെയും അതിലേക്ക് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ്. തുടര്‍ന്ന് അദ്ദേഹം പറയുന്നുണ്ട്. ‘മാര്‍ക്‌സിസ്റ്റുകാര്‍ ദളിത് വിരുദ്ധമാണ്. അത് പുതിയ അനുഭവമല്ല. ആദ്യത്തെ പൊതുതിരഞ്ഞെടുപ്പില്‍ തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും സോഷ്യലിസ്റ്റ് പാര്‍ട്ടിയും ഒന്നിച്ചാണ് ഡോ: അംബേദ്കറെ ബോംബെ നിയോജക മണ്ഡലത്തില്‍ പരാജയപ്പെടുത്തിയത്.’ ഇതൊക്കെ ഇന്നത്തെ കേരളീയ പരിസങ്ങളില്‍ പ്രസക്തമാണോ എന്നുചോദിക്കാം . അതിന്റെ ഉത്തരത്തിലേക്കാണ് കേരളത്തിന്റെ വര്‍ത്തമാനകാല പ്രബുദ്ധത നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്
ജാതി രാഷ്ട്രീയത്തിന്റെ വളര്‍ച്ചയെ പ്രതിരോധിക്കാനുള്ള വഴികളില്‍ ഒന്ന് സാമൂഹ്യമായ ഇടപെടല്‍ ആണ്. അവിടെ ജാതി കാരണത്താല്‍ മാറ്റി നിര്‍ത്തപ്പെട്ടവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാമ്പത്തികമായ പ്രത്യേക പരിഗണന ആവശ്യമാണെങ്കിലും സാമുഹ്യമായ പ്രത്യേക പരിഗണനക്ക് ഏറെ പ്രധാന്യമുണ്ട്. ഈ പരിഗണന പൂര്‍ണമായും ജാതിയുടെ രാഷ്ട്രീയ സ്വഭാവത്തെ തിരിച്ചറിഞ്ഞ് കൊണ്ടു തന്നെയായിരിക്കണം. അവിടെ മതത്തെ അതിന്റെ അധികാരമേല്‍ക്കോയ്മ രീതികളില്‍ നിന്നും അടര്‍ത്തിമാറ്റേണ്ടത് ആവശ്യമാണ്. അതിനുള്ള സാധ്യതയും വഴിയും ഇടതുബോധത്തില്‍ സാധ്യമാണ് എന്നാണ് ഇതുവരെ നാം കരുതിയത്. എന്നിട്ടും എന്തുകൊണ്ട് കുഞ്ഞാമന് മേല്‍ സൂചിപ്പിച്ച അനുഭവം ഉണ്ടായി എന്നതാണ് തിരിച്ചറിയേണ്ടത്. വര്‍ഗ രഹിതമായ സമൂഹത്തിന്റെ നിര്‍മ്മിതിയോടെ ജാതി ഉണ്ടാക്കുന്ന അസമത്വങ്ങള്‍ അവസാനിക്കും എന്ന കമ്മ്യൂണിസ്റ്റ് ചിന്താരീതിക്ക് എതിരാണ് നിലവിലെ ഇടതു പൊതുബോധം. കാരണം രാഷ്ട്രീയ ലാഭത്തിന് ഇടതു ബോധം പോലും ജാതി സമവാക്യങ്ങള്‍ക്ക് അത്ര മാത്രം പ്രധാന്യം നല്‍കുന്നുണ്ട്. ഇടതു ബോധത്തെ ബാലിശമായി എന്തിനാണ് കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടുമായി ഇങ്ങനെ കൂട്ടിക്കെട്ടുന്നത് എന്ന ചോദ്യം ഉയരാം. കേരളത്തിന്റെ സവിശേഷ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യത്തില്‍ അങ്ങനെ വായിക്കുന്നതാണ് ശരി. അത്രമാത്രം ഇടതു ചിന്താഗതികള്‍ കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. ശ്രീ നാരായണ ഗുരുവും, അയ്യങ്കാളിയും, സഹോദരന്‍ അയ്യപ്പനും ഉഴുതുമറിച്ചിട്ട മണ്ണില്‍ അതുകൊണ്ടാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന് അനായാസം തങ്ങളുടെ ആശയങ്ങളുടെ വിത്ത് പാകി വളരാന്‍ കഴിഞ്ഞത്. അതിനു ശേഷം പലവട്ടം കൊയ്ത്തു കഴിഞ്ഞിട്ടും കേരളത്തില്‍ ഇന്നും അഭിമാനത്തിന്റെ ചിഹ്നമായി ജാതി തല ഉയര്‍ത്തിപ്പിടിക്കുന്നത് എന്തുകൊണ്ടാണ്? അതിനെ പ്രതിരോധിക്കാന്‍ ഇടതുപക്ഷം ഭരിക്കുന്ന കാലത്ത് പോലും കഴിയുന്നില്ല എന്നതാണ് അശാന്തന് മരണശേഷം അനുഭവിക്കേണ്ടി വന്ന അയിത്തം കാണിച്ചു തരുന്നത്.

കേരളത്തിലെ പ്രബുദ്ധത നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും വെളിച്ചം വിതറിക്കൊണ്ടാണ് മുന്നോട്ട് കുതിച്ചത് എന്നാണ് പൊതുധാരണ. അതിന് കാരണമായ ഒട്ടനവധി ഘടകങ്ങളെ ചൂണ്ടിക്കാണിക്കാനും നമുക്ക് കഴിയും. എന്നാല്‍ സാമ്പത്തിക പുരോഗതിയിലും സാമൂഹിക വളര്‍ച്ചയിലും ചില ദുഷ്പ്രവണതകള്‍ ഇവിടെ വളര്‍ന്നിട്ടുണ്ട്. അത് ഓരോന്നായി തരം നോക്കി തല ഉയര്‍ത്തുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് നമ്മുടെ പ്രബുദ്ധത തന്നെയാണ്. അതില്‍ ഏറ്റവും അപകട പിടിച്ചത് ജാതിബോധം തന്നെ. അതിന്റെ വഴികളെ പ്രതിരോധിക്കാന്‍ മാത്രം ശക്തമായി നമ്മുടെ രാഷ്ട്രീയ സാക്ഷരത വളര്‍ച്ച നേടിയിട്ടില്ല. അതുകൊണ്ടാണ് കേരളത്തിലേക്കുള്ള ജാതിവഴികളായി ആതിരയും, മധുവും, അശാന്തനും മാറുന്നത്.

ഇ കെ ദിനേശന്‍

You must be logged in to post a comment Login