നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വാശ്രയ കോളേജുകളില്‍ 2018 വര്‍ഷത്തെ ബി.എസ്.സി. നഴ്‌സിംഗ്, ബി.എസ്‌സി. എം.എല്‍.ടി, ബി.എസ്‌സി. പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ബി.പി.ടി., ബി.എസ്‌സി. ഒപ്‌ടോമെട്രി, ബി.എസ്‌സി. മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി (എം.ആര്‍.ടി), ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി (ബി.എ.എസ്.എല്‍.പി.), ബാച്ചിലര്‍ ഓഫ് കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി (ബി.സി.വി.ടി.) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്ടസ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് 300 രൂപയുമാണ്. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രാഥമിക വിവരങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ ലഭിക്കുന്ന ചെലാന്‍ ഉപയോഗിച്ച് ജൂണ്‍ 16 വരെ വരെ ഫെഡറല്‍ ബാങ്കിന്റെ ശാഖകളിലും ഓണ്‍ലൈനായും ഫീസ് അടയ്ക്കാം. തുടര്‍ന്ന് അപേക്ഷാ നമ്പരും, ബാങ്കില്‍ നിന്നും ലഭിക്കുന്ന ചെലാന്‍ നമ്പറും ഉപയോഗിച്ച് അപേക്ഷകര്‍ക്ക് ജൂണ്‍ 18 വരെ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പണം പൂര്‍ത്തിയാക്കണം. പ്രിന്റൗട്ട് ഒപ്പ് രേഖപ്പെടുത്തി ചെലാന്‍ രസീതിന്റെ ഓഫീസ് കോപ്പിയും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പുകള്‍ സഹിതം ഡയറക്ടര്‍, എല്‍.ബി.എസ്. സെന്റര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, എക്‌സ്ട്രാ പോലീസ് റോഡ്, നന്ദാവനം, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ ജൂണ്‍ 20 വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം.
ബി.എസ്‌സി. നഴ്‌സിംഗ്, ബി.എസ്.സി.(എം.എല്‍.ടി.), ബി.എസ്‌സി.(ഒപ്‌ടോമെട്രി) എന്നീ കോഴ്‌സുകള്‍ക്ക് ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ, ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ പ്രവേശനത്തിന് അര്‍ഹരാണ്.
ബി.എസ്‌സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ബി.സി.വി.ടി, ബി.പി.ടി, ബി.എസ്‌സി. എം.ആര്‍.ടി എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഫിസിക്‌സും, കെമിസ്ട്രിയും ബയോളജിയും ഐച്ഛികവിഷയങ്ങളായി കേരള പ്ലസ്ടു/ഹയര്‍ സെക്കന്‍ഡറി അല്ലെങ്കില്‍ തത്തുല്യമെന്ന് അംഗീകരിച്ചിട്ടുളള ഏതെങ്കിലും പരീക്ഷകള്‍ പാസായിരിക്കണം. ബയോളജിക്ക് 50 ശതമാനം മാര്‍ക്കും ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കും നേടിയിരിക്കണം. ബി.പി.ടി കോഴ്‌സിന് അപേക്ഷിക്കുന്നവര്‍ ഈ യോഗ്യതയ്ക്ക് പുറമെ പ്ലസ്ടു തലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിക്കണം.

ബി.എ.എസ്.എല്‍.പി. കോഴ്‌സിന് അപേക്ഷിക്കുന്നവര്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമറ്റിക്‌സ്/കമ്പ്യൂട്ടര്‍സയന്‍സ് എന്നിവയ്ക്കു മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ ജയിച്ചവരോ ആയിരിക്കണം.

കേരള വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ കേരള ഹയര്‍ സെക്കന്‍ഡറി പരീക്ഷക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍പെട്ട അപേക്ഷകര്‍ക്ക് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് അനുവദിക്കും. പട്ടികജാതി/ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ യോഗ്യതാ പരീക്ഷ ജയിച്ചാല്‍ മാത്രം മതിയാകും.

അപേക്ഷാര്‍ത്ഥികള്‍ ഡിസംബര്‍ 31 ന് 17 വയസ് പൂര്‍ത്തിയാകണം. സര്‍വീസ് ക്വാട്ടയിലുള്ളവര്‍ ഒഴികെ മറ്റാര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്ല. സര്‍വീസ് ക്വാട്ടയിലേയ്ക്കുള്ളവര്‍ക്ക് ഡിസംബര്‍ 31 ന് പരമാവധി 46 വയസും ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.lbscentre.kerala.gov.in ല്‍ ലഭ്യമാണ്. ഫോണ്‍: 0471 2560361, 2560362, 2560363, 2560364, 2560365.

ഇഗ്‌നോ കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപണ്‍ യൂണിവേഴ്‌സിറ്റിയുടെ (ഇഗ്‌നോ) ജൂലായ് സെഷനിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. വിവിധ വിഷയങ്ങളിലായി ബിരുദ ബിരുദാനന്തര പ്രോഗ്രാമുകളും കൂടാതെ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, പിജി ഡിപ്ലോമ പ്രോഗ്രാമുകളും ഇഗ്‌നോ നല്‍കുന്നുണ്ട്. അപേക്ഷകള്‍ ഓണ്‍ലൈനായി https://onlineadmission.ignou.ac.in/admission/ എന്ന ലിങ്കിലൂടെ സമര്‍പിക്കാം.

ബിരുദ ബിരുദാനന്തര പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ജൂലായ് 15നും സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, പിജി ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് ജൂണ്‍ 30നുമാണ്.
ഇഗ്‌നോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഇന്ത്യ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ എന്നിവരുമായി ചേര്‍ന്ന് നടത്തുന്ന ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ്, കോര്‍പറേറ്റ് അഫാര്‍സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍, ഫിനാന്‍ഷ്യല്‍ ആന്‍ഡ് കോസ്റ്റ അക്കൗണ്ടിങ് എന്നീ സ്‌പെഷ്യലൈസേഷനുകളിലുള്ള ബി കോം, ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍, പോളിസി ആന്‍ഡ് കോര്‍പറേറ്റ് ഗവര്‍ണന്‍സ്, മാനേജ്‌മെന്റ് അക്കൗണ്ടിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സ്ട്രാറ്റജീസ് എന്നീ സ്‌പെഷ്യലൈസേഷനുകളിലുള്ള എം.കോം എന്നിവയ്ക്കും ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷാഫോമും പ്രോസ്‌പെക്ട്‌സും റീജിയണല്‍ സെന്ററില്‍ നിന്ന് 750 രൂപയ്ക്കു ലഭിക്കും.

ഇഗ്‌നോയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് മുംബൈയുമായി ചേര്‍ന്ന് നടത്തുന്ന എം.ബി.എ. ബാങ്കിംഗ് ആന്‍ഡ് ഫൈനാന്‍സിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. ഇഗ്‌നോയുടെ വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്‌തെടുത് 1000 രൂപയുടെ ഡി.ഡി. സഹിതമാണ് അപേക്ഷ സമര്‍പിക്കേണ്ടത് .
എം എ എജ്യുക്കേഷന്‍, എം.ബി.എ. ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ്, ബി.ബി.എ. റീട്ടെയിലിംഗ്, പി.ജി. ഡിപ്ലോമ മാനേജ്‌മെന്റ് പ്രോഗ്രാമുകളായ ഹ്യൂമന്‍ റിസോഴ്‌സസ് മാനേജ്‌മെന്റ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ഓപറേഷന്‍സ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ്, ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിങ് പ്രാക്ടീസ് എന്നിവയിലേക്കും ഇപ്പോള്‍ ഓഫ്‌ലൈന്‍ ആയി അപേക്ഷിക്കാം.
വിശദവിവരങ്ങള്‍ക്കായി ഇഗ്‌നോ മേഖലാ കേന്ദ്രം, രാജധാനി ബില്‍ഡിംഗ്, കിള്ളിപ്പാലം, കരമന പി.ഒ. തിരുവനന്തപുരം-695002 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0471-2344113,2344120.

കാലിക്കറ്റ് പ്രസ്‌ക്ലബില്‍ ജേര്‍ണലിസം പഠിക്കാം
കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം നടത്തുന്ന കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. ഫൈനല്‍ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള മുഴുവന്‍സമയ കോഴ്‌സിന്റെ കാലാവധി ഒരു വര്‍ഷമാണ്.
മാധ്യമപ്രവര്‍ത്തനരംഗത്ത് മികച്ചതായി വിലയിരുത്തപ്പെടുന്ന കോഴ്‌സില്‍ പ്രിന്റ് മീഡിയ, വിഷ്വല്‍ മീഡിയ (ടെലിവിഷന്‍), ബ്രോഡ്കാസ്റ്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, ടെക്‌നിക്കല്‍ റൈറ്റിംഗ്, പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിംഗ്, ഡോക്യുമെന്ററി (നിര്‍മാണം, സ്‌ക്രിപ്റ്റിംഗ്, എഡിറ്റിംഗ്) എന്നിവ കൂടാതെ ഡി.ടി.പി. (ഇംഗ്ലീഷ്, മലയാളം), പേജ്‌മേക്കര്‍, ഇന്‍ഡിസൈന്‍, ഫോട്ടോഷോപ്പ് തുടങ്ങിയവയിലും പരിശീലനം നല്‍കും. തിയറി ക്ലാസുകള്‍ക്കൊപ്പം വിപുലമായ പ്രായോഗിക പരിശീലനവും പ്രസ്സ് ക്ലബിലെ മാധ്യമസംബന്ധമായ പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. സാമ്പത്തിക പിന്നോക്കാവസ്ഥയും പഠനമികവും പരിഗണിച്ച് നിശ്ചിത എണ്ണം സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രായം 2018 ജൂണ്‍ ഒന്നിന് 30 വയസ്സ് കവിയരുത്. അപേക്ഷാ ഫീസ് 300 രൂപ. അപേക്ഷാഫോറം പ്രസ് ക്ലബില്‍ നേരിട്ട് ഫീസടച്ച് വാങ്ങാം. www.icjcalicut.com എന്ന വെബ്‌സൈറ്റില്‍ നിന്ന് ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചും അപേക്ഷിക്കാം. ഇങ്ങനെ അപേക്ഷിക്കുന്നവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം, കോഴിക്കോട് എന്ന പേരില്‍ എടുത്ത 300 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ഒപ്പം അയക്കണം.

യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പിക്കണം.

ഇമെയില്‍: icjcalicut@gmail.com, ഫോണ്‍: 9447777710, 0495-2727869, 2721860
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂണ്‍ 20.

ഫാക്ടില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സിന് അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാര്‍ അംഗീകാരത്തോടെ കൊച്ചി എഫ്.എ.സി.ടി.യില്‍ നടത്തുന്ന ഒരു വര്‍ഷത്തെ ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്‍ജിനീയറിംഗ് ഡിപ്ലോമ കോഴ്‌സിന്റെ ഓഗസ്റ്റ് ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. മിനിമം ഉയരം 167 സെ.മീറ്ററും മിനിമം തൂക്കം 50 കിലോഗ്രാമും 81-86 സെ.മീറ്റര്‍ നെഞ്ചളവുമുള്ള ആണ്‍കുട്ടികള്‍ക്കു മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ.

യോഗ്യത: പ്ലസ് ടു/വി.എച്ച്.എസ്.സി./രണ്ട് വര്‍ഷത്തെ ഐ.ടി.ഐ. പ്രായം: 2018 ജൂലായ് 1ന് 24 വയസ്സ് കവിയരുത്. എസ്.സി. എസ്.ടി. വിഭാഗത്തിന് 5 വയസ്, ഒ.ബി.സി. വിഭാഗത്തിന് 3 വയസ് പ്രായ ഇളവ് ലഭിക്കും.

ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം വയസ്സ്, വിദ്യാഭ്യാസയോഗ്യത, സംവരണത്തിനുള്ള യോഗ്യത ഇവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിന്റെ കോപ്പികളും വേണം. അപേക്ഷാഫോറത്തിന്റെ മാതൃക www.fact.co.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
യോഗ്യതാപരീക്ഷയില്‍ ലഭിച്ചിട്ടുള്ള മാര്‍ക്ക്, എഴുത്ത് പരീക്ഷ, കാര്യക്ഷമതാ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിശ്ചിതതീയതിക്കകം ഫീസ് അടയ്ക്കുന്നതിനുള്ള അറിയിപ്പ് ലഭിക്കും. യോഗ്യതാലിസ്റ്റിലെ മുന്‍ഗണനാക്രമം മാത്രം അനുസരിച്ചായിരിക്കും വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. താമസ സൗകര്യം നല്‍കും. അപേക്ഷ അയയ്‌ക്കേണ്ട വിലാസം: ചീഫ് ജനറല്‍ മാനേജര്‍ (ട്രെയിനിംഗ് & ഡെവലപ്‌മെന്റ്), ഫാക്ട് ട്രെയിനിംഗ് സെന്റര്‍, ഹെഡ് ഓഫീസ്, ഉദ്യോഗമണ്ഡല്‍. ഫോണ്‍: 0484-2567467, 9446665974.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂണ്‍ 20.

കിറ്റ്‌സില്‍ അയാട്ടാ കോഴ്‌സ് പഠിക്കാം
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ അയാട്ടാ കോഴ്‌സുകളായ അയാട്ട എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്, അയാട്ടാ ഫൗണ്ടേഷന്‍ ഇന്‍ ട്രാവല്‍ ആന്റ് ടൂറിസം വിത്ത് അമേഡിയസ് എന്നീ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. വെബ്‌സൈറ്റ്: www.kittsedu.org. ഫോണ്‍: 0471 2329468, 2329539.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂണ്‍ 30.

ഫാഷന്‍ ഡിസൈനിംഗ് ബിരുദ പഠനം
കോഴിക്കോട് പി.ടി. ഉഷ റോഡിലെ കാലിക്കറ്റ് സര്‍വകലാശാലാ കേന്ദ്രത്തില്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് ഡിഗ്രി കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ്, സയന്‍സ് വ്യത്യാസമില്ലാതെ ഏത് വിഷയത്തിലേയും പ്ലസ്ടുക്കാര്‍ക്ക് ബി.എസ്‌സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന് ചേരാവുന്നതാണ്. മികച്ച തൊഴില്‍ സാധ്യതയുള്ള മേഖലയാണ് ഫാഷന്‍ ഡിസൈനിംഗ്. തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ ഉണ്ടാവും. പെണ്‍കുട്ടികള്‍ക്കാണ് ഈ കേന്ദ്രത്തില്‍ പ്രവേശനം. സര്‍വകലാശാലയുടെ ഏകജാലക സംവിധാനത്തിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 0495 2761335.

റസല്‍
thozhilvazhikal@gmail.com

You must be logged in to post a comment Login