ഉപദേശിക്കും പ്രവര്‍ത്തിക്കില്ല

ഉപദേശിക്കും പ്രവര്‍ത്തിക്കില്ല

തമിഴില്‍ ഒരു ചൊല്ലുണ്ട്. ‘സൊല്ല് സുല്‍ത്താന്‍ സെയ്‌ല് ശൈത്വാന്‍’- ഉപദേശിക്കുന്നത് രാജാവിനെപ്പോലെ, ചെയ്യുന്നതോ ചെകുത്താന്റെ പണിയും.
ചരിത്രത്തിലും ഇത്തരക്കാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. സ്വജീവിതം പരാജയമാണെങ്കിലും അപരന്റെ കാര്യത്തില്‍ വലിയ ആശങ്കയുള്ളവര്‍. ഉപദേശിക്കാന്‍ മാത്രമായി നടക്കുന്നവര്‍. ജനങ്ങളോട് നല്ലത് ഉപദേശിക്കും. അവരോ, താന്തോന്നികളായി നടക്കും.
യഹൂദര്‍ ചരിത്രത്തില്‍ അങ്ങനെയൊരു ഘട്ടത്തിലൂടെ കടന്നുപോയവരാണ്. വിശുദ്ധ ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നുണ്ട്: ‘നിങ്ങള്‍ ജനങ്ങളോട് നന്മ ഉപദേശിക്കുകയും സ്വശരീരങ്ങളെ മറന്നുകളയുകയുമാണോ? അതും നിങ്ങള്‍ വേദഗ്രന്ഥം ഓതിക്കൊണ്ടിരിക്കെത്തന്നെ?ആലോചിക്കുന്നില്ലേ നിങ്ങള്‍?’ (ആശയം: സൂറത്തുല്‍ബഖറ 44).
തിരുനബിയുടെ(സ) മുമ്പ് തന്നെ മക്കയില്‍ ഖുറൈശികളും യഹൂദരും ശത്രുതയിലായിരുന്നു. തക്കം കിട്ടുമ്പോഴൊക്കെ എണ്ണത്തില്‍ കുറവായിരുന്ന യഹൂദന്മാരെ ഖുറൈശികള്‍ ഉപദ്രവിച്ചുപോന്നു. പക്ഷേ തൗറാത്തിലൂടെ അന്ത്യപ്രവാചകന്റെ ആഗമനവും പ്രവാചക വിശേഷണങ്ങളും മനസിലാക്കിയിരുന്ന യഹൂദന്മാര്‍ ഖുറൈശികളെ തിരിച്ചടിക്കുന്നതിനായി അന്ത്യദൂതന്റെ വരവ് കാത്തിരുന്നു എന്ന് മാത്രമല്ല അന്ത്യദൂതന്‍ വരുമെന്നും ഞങ്ങള്‍ ആ ദൂതനെ മുന്‍നിര്‍ത്തി നിങ്ങള്‍ക്കെതിരെ പോരാടുമെന്നും അവര്‍ രഹസ്യ-പരസ്യ പ്രഖ്യാപനങ്ങള്‍ നടത്തുകയുമുണ്ടായി. പക്ഷേ പ്രവചനം പുലര്‍ന്നത് ഖുറൈശി കുടുംബത്തിലായതിനാല്‍ ജനിച്ചത് അന്ത്യദൂതനാണെന്ന് ദൃഷ്ടാന്തങ്ങളിലൂടെ മനസിലാക്കിയിട്ടും(തൗറാത്ത് പരിചയപ്പെടുത്തിയത്) അവര്‍ വിശ്വസിക്കാന്‍ തയാറായില്ല. ആദ്യം പറഞ്ഞ സത്യങ്ങളെ മുഴുവന്‍ സ്ഥാനമോഹത്തിനും അധികാര ലബ്ധിക്കുമായി അവര്‍ തള്ളിക്കളഞ്ഞു. ബനൂഇസ്‌റാഈല്യരിലാണ് അവര്‍ അന്ത്യദൂതനെ പ്രതീക്ഷിച്ചിരുന്നത്. മുഹമ്മദ് നബി(സ) ഇസ്മാഈല്‍ നബിയുടെ കുടുംബത്തില്‍ പിറന്നത് അവര്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ആദ്യം പറഞ്ഞ നിലപാടുകളില്‍നിന്ന് അവര്‍ പുറകോട്ട് പോയി. ഇതാണ് സൂക്താവതരണ പശ്ചാതലം.
ഖുര്‍ആനിക സൂക്തങ്ങളിറങ്ങിയത് പശ്ചാതലങ്ങള്‍ക്കനുസരിച്ചാണെങ്കിലും(സബബുന്നുസൂല്‍) നിയമങ്ങള്‍ എപ്പോഴത്തേക്കും ബാധകമാണ്. മറ്റു വിഷയങ്ങളും അപ്രകാരം തന്നെ. മേല്‍ സൂക്തത്തിനും ഇത് തന്നെയാണ് വിശദീകരണം. അവതീര്‍ണ പശ്ചാതലത്തില്‍നിന്ന് മാറി മറ്റ് പല അര്‍ത്ഥങ്ങളിലേക്കും ഈ ആയത്ത് വഴിതെളിയിക്കുന്നുണ്ട്. ഇമാം ഫഖ്‌റുദ്ദീന്‍ റാസി അത്തരം ചില വിശദീകരണങ്ങള്‍ ഈ ആയത്തിന് നല്‍കുന്നുണ്ട്.

ഒന്ന്: യഹൂദര്‍ സാധാരണക്കാരായ ആളുകളോട് ദൈവിക കല്‍പനകളെ ഉപദേശിക്കുകയും അവ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യും. സ്വന്തം കാര്യത്തില്‍ അവ പ്രവര്‍ത്തിക്കാറില്ല എന്ന് മാത്രമല്ല, സ്വന്തം കാര്യം വരുമ്പോള്‍ ധിക്കാരപൂര്‍വം അവ തള്ളിക്കളയുകയും ചെയ്യുന്നു.
രണ്ട്: യഹൂദര്‍ മറ്റുള്ളവരോട് പ്രാര്‍ത്ഥിക്കാന്‍ കല്‍പിക്കുകയും, സക്കാത്ത്(ദാനം ചെയ്യാന്‍) നിര്‍ബന്ധിക്കുകയും ചെയ്യുമായിരുന്നു. സ്വന്തം കാര്യത്തിലാകട്ടെ അവ പുലര്‍ത്തിയതുമില്ല.
മൂന്ന്: യഹൂദരുടെ അടുക്കല്‍ രഹസ്യമായി ആരെങ്കിലും വന്ന് തൗറാത്തില്‍ മുഹമ്മദ് നബിയാകുന്ന(സ) അന്ത്യദൂതനെ പറ്റിയുള്ള വിശദീകരണങ്ങള്‍ ആരാഞ്ഞാല്‍ മുഹമ്മദ് നബി(സ) അന്ത്യദൂതന്‍ തന്നെയെന്ന് അവര്‍ രഹസ്യമായി സമ്മതിക്കും. പക്ഷേ സമൂഹത്തില്‍ ചെന്നാല്‍ സ്വന്തം സ്ഥാനമാനങ്ങള്‍ക്കുവേണ്ടി അവര്‍ അക്കാര്യം നിഷേധിക്കുകയും ചെയ്യും.
നാല്: തൗറാത്തിനെ പിന്‍പറ്റാനും അതിലെ കല്‍പനകളെ അംഗീകരിക്കാനും യഹൂദ പുരോഹിതന്മാര്‍ ജനങ്ങളോട് കല്‍പിക്കുന്നു. പക്ഷേ അവര്‍ തന്നെ മുഹമ്മദ് നബിയെ(സ) അന്ത്യദൂതനായി സാക്ഷ്യപ്പെടുത്തുന്ന തൗറാത്തിലെ വരികളെ ധിക്കരിക്കുകയും ദൂതനെ തള്ളിക്കളയുകയും ചെയ്യുന്നു(തഫ്‌സീറുല്‍കബീര്‍).

പ്രബോധകര്‍ക്ക് പഠിക്കാനുണ്ടിവിടെ. പ്രവര്‍ത്തിക്കുന്നതാവണം പറയേണ്ടത്. ഉപദേശിക്കുന്നവന്‍ അതിനര്‍ഹനാകണം. അപ്പോഴാണ് ഉപദേശത്തിന് ഫലമുണ്ടാവുക. നന്മ കല്‍പിക്കുകയും അത് ചെയ്യാതിരിക്കുകയും ചെയ്യുന്ന നിലപാട് ശരിയല്ല. ഖുര്‍ആനിക കല്‍പന അത് പഠിപ്പിക്കുന്നു. ‘വിശ്വസിച്ചവരേ, നിങ്ങള്‍ ചെയ്യാത്തത് പറയുന്നതെന്തിനാണ്? ചെയ്യാത്തത് പറഞ്ഞുകൊണ്ടിരിക്കുന്നത് അല്ലാഹുവിന് ഏറ്റം വെറുപ്പുള്ള കാര്യമാണ്'(ആശയം- സൂറത്തുസ്സ്വഫ്- 2,3).

ഇമാം ശഅ്ബി(റ) പറയുന്നു: സ്വര്‍ഗത്തിലെത്തിയ ഒരു കൂട്ടര്‍ നരകത്തിലെത്തിയ ചിലരോട് വിളിച്ചുചോദിക്കും. ‘നിങ്ങളെങ്ങനെ ഈ നരകത്തിലെത്തി? ഞങ്ങള്‍ സ്വര്‍ഗസ്ഥരായത് നിങ്ങളുടെ ഉപദേശങ്ങള്‍ കൊണ്ടാണല്ലോ?’ അപ്പോള്‍ അവര്‍ ഇങ്ങനെ മറുപടി പറയും: ‘ഞങ്ങള്‍ നിങ്ങളോട് നന്മ ചെയ്യാന്‍ കല്‍പിച്ചു. പക്ഷേ അവ ഞങ്ങള്‍ ചെയ്തില്ല. തിന്മയെ സമൂഹത്തോട് നിരോധിച്ചു. പക്ഷേ ഞങ്ങള്‍ ചെയ്തു.’ സ്വന്തം അറിവുകൊണ്ട് പ്രയോജനം ലഭിക്കാത്ത പണ്ഡിതന്‍- സ്വന്തം ദുര്‍ഗന്ധം കൊണ്ട് മറ്റു നരകവാസികളെ ബുദ്ധിമുട്ടിക്കുന്നവനാണെന്ന നബിവചനം കൂടി ചേര്‍ത്തുവായിക്കണമിവിടെ.

ദുന്‍യാവിലെ നേട്ടങ്ങള്‍ ലക്ഷ്യമാക്കി ആഖിറം വിറ്റുതുലക്കുന്നവര്‍ക്കും ഈ സൂക്തത്തില്‍ താക്കീതുണ്ട്.

ഒരുകൂട്ടമാളുകളുടെ ചുണ്ടുകള്‍ തീജ്വാലകള്‍ തിന്നുതീര്‍ത്തുകൊണ്ടിരിക്കുന്നത് കണ്ട പ്രവാചകരോട് മിഅ്‌റാജ് നാളില്‍ ജിബ്‌രീല്‍(അ) നല്‍കിയ മറുപടി ഇപ്രകാരമാണ് ‘അവര്‍ വിഷം പരത്തിയ പ്രഭാഷകരാണ്. മോശമായ കാര്യങ്ങളെ അവര്‍ വേണ്ടഗൗരവത്തില്‍ അവതരിപ്പിച്ചു. ജനങ്ങളെ വിലക്കി. പക്ഷേ അവരുടെ കാര്യത്തില്‍ ദേഹേഛകള്‍ക്കായി അല്ലാഹുവിന്റെ ദീനിനെ അവര്‍ വിറ്റുതുലച്ചു. വീഴ്ചകള്‍ വിദ്യകളാക്കി, വിചാരണ മറന്നു ജീവിച്ചവരാണവര്‍. ആളുകള്‍ക്ക് ഉപദേശിക്കുന്ന നന്മ അവര്‍ മറന്നുകളഞ്ഞു.’

വിശുദ്ധ മതത്തിന്റെ കല്‍പന നന്മകള്‍ ചെയ്യുവാനും അത് പരസ്പരം ഉപദേശിക്കുവാനുമാണ്. ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കിയാല്‍ അത് സ്വീകാര്യമാകാന്‍ സാധ്യതയേറെയാണ്. വൃത്തികേടായി കിടക്കുന്ന പരിസരം വൃത്തിയാക്കാന്‍ പലരോടും കല്‍പിക്കുന്നതിന് പകരം ചൂലും ബക്കറ്റുമെടുത്ത് ഇറങ്ങിനോക്കൂ. കൂടെ പലരും വരുന്നത് കാണാം. ഒരുസ്താദിന് കീഴില്‍ പഠിക്കാനായി എത്തുന്ന ചെറിയ മുതഅല്ലിം ഉസ്താദിന്റെ പ്രവൃത്തികള്‍ അതേപോലെ പിന്‍പറ്റുന്നു. അത് ആരാധന വിഷയങ്ങളില്‍ മാത്രമല്ല. ഇരുപ്പിലും നടപ്പിലും വേഷവിധാനങ്ങളില്‍ വരെ ആ മാറ്റം പ്രകടമാണ്.

തിരുനബി(സ) സ്വഹാബത്തിനോട് കല്‍പിച്ചിരുന്ന കാര്യങ്ങള്‍ ഒന്നാമതായി ചെയ്യുന്നത് തിരുനബി(സ) തന്നെയാണ്. സ്വഹാബത്താകട്ടെ തിരുനബിയില്‍(സ) നിന്ന് കണ്ടുപഠിച്ച കാര്യങ്ങളെ അതേപടി പിന്‍പറ്റുന്നു. സ്വല്ലൂ കമാ റഅയ്തുമൂനീ ഉസ്വല്ലീ- ഞാന്‍ നിസ്‌കരിക്കുന്നത് കണ്ട് അവ്വിധം നിസ്‌കരിക്കൂ എന്ന നബികല്‍പന അണികളോട് ആജ്ഞപുറപ്പെടുവിക്കുന്ന നേതാക്കന്മാര്‍ പാലിക്കേണ്ട രീതിയാണ് പരിചയപ്പെടുത്തുന്നത്. ഖലീഫാ ഉമര്‍ ബിന്‍ ഖത്താബ്(റ) ഏതെങ്കിലും പുതിയ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍ തന്റെ കുടുംബക്കാരെയും അടുപ്പക്കാരെയും വിളിച്ചുവരുത്തി അവരോട് ഇങ്ങനെ പറയും. ‘ഞാന്‍ ഇന്ന വിഷയത്തില്‍ ഇപ്രകാരം കല്‍പിക്കാന്‍ പോവുകയാണ്. അത് ആദ്യമായി പിന്‍പറ്റേണ്ടത് നിങ്ങളാണ്. നിങ്ങളാരെങ്കിലും അതില്‍ വീഴ്ച വരുത്തിയാല്‍ മാതൃകാപരമായി നിങ്ങള്‍ ശിക്ഷിക്കപ്പെടും.’
ശേഷം കല്‍പന പുറപ്പെടുവിക്കുകയും സൈന്യം അത് ജനങ്ങളിലെത്തിക്കുകയും ചെയ്യും. ഫിത്‌നയുടെ മുഴുവന്‍ സ്രോതസ്സുകളുമടക്കുന്നതായിരുന്നു ഖലീഫ ഉമറിന്റെ(റ) ഈ രീതി.
പ്രബോധകന്‍ പ്രബോധിത സമൂഹത്തിലേക്കിറങ്ങുമ്പോള്‍ പലതും ശ്രദ്ധിക്കേണ്ടതുണ്ട്. വാക്കും പ്രവൃത്തിയും ഇണങ്ങിനില്‍ക്കണം. അല്ലാത്ത പക്ഷം സ്വീകാര്യത നഷ്ടപ്പെടും. യഹൂദികള്‍ അസ്വീകാര്യരായത് ആ ഇണക്കം ഇല്ലാത്തതുകൊണ്ടായിരുന്നു. അവര്‍ തൗറാത്തിനെ അംഗീകരിക്കാന്‍ പറയുകയും നന്മ കല്‍പിക്കുകയും അതോടൊപ്പം തന്നെ തൗറാത്ത് പരിചയപ്പെടുത്തിയ മുഹമ്മദ് നബിയെ(സ) കളവാക്കുകയും ചെയ്തു. ഇക്കാരണംകൊണ്ട് തന്നെ അവര്‍ അവമതിക്കപ്പെട്ടു. അവര്‍ യാഥാര്‍ത്ഥ്യബോധ്യത്തോടെ തൗറാത്തിനെ സമീപിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും അവര്‍ മുഹമ്മദ് നബിയെ(സ) വിശ്വസിക്കുമായിരുന്നേനെ.
അണുമണി തൂക്കമെങ്കിലും സത്യസന്ധത അവര്‍ക്കുണ്ടായിരുന്നെങ്കില്‍ തൗറാത്ത് വേദഗ്രന്ഥമായി അംഗീകരിച്ച യഹൂദന്മാര്‍ ആ തൗറാത്ത് പരിചയപ്പെടുത്തിയ അന്ത്യദൂതരെ അംഗീകരിക്കുമായിരുന്നു. പക്ഷേ, സ്ഥാനലബ്ധിക്കായി അവര്‍ കുബുദ്ധി കാട്ടി. എന്നിട്ടും അവര്‍ കൊതിച്ച അധികാരം ലഭിച്ചതുമില്ല, അപഹാസ്യരാവുകയും ചെയ്തു. സ്വകാര്യനേട്ടങ്ങള്‍ക്കായി സത്യത്തെ മറച്ചുപിടിക്കുന്ന ഉപദേശികളും തഥൈവ.

മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി

You must be logged in to post a comment Login