56 ഇഞ്ച് നെഞ്ച് മാത്രമാണ് നിലനില്‍ക്കുന്നത്

56 ഇഞ്ച് നെഞ്ച് മാത്രമാണ് നിലനില്‍ക്കുന്നത്

അയല്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധമാണ് ആശങ്ക ജനിപ്പിക്കുന്ന അടുത്ത മേഖല. കാര്‍ഗിലിന് ശേഷം ഏറ്റവും മോശം നിലയിലാണ് അത്. ഭീകരവാദ ഭീഷണി തുടരുവോളം പാക്കിസ്ഥാനുമായി ചര്‍ച്ചയില്ലെന്ന മോഡി സര്‍ക്കാറിന്റെ നയം ശരിയായതാണോ. അതോ അതില്‍ പുനഃപരിശോധന വേണ്ടതുണ്ടോ?
ഈ നയത്തിലൊരു പുനരാലോചന വേണ്ട സമയമായെന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങളുമായി നേരത്തെ നടത്തിയ സംഭാഷണങ്ങളില്‍, ഭീകരവാദ ഭീഷണി തുടരുവോളം പാകിസ്ഥാനുമായി സംഭാഷണം വേണ്ടെന്ന അഭിപ്രായമാണ് ഞാന്‍ പങ്കുവെച്ചിരുന്നത്. പക്ഷേ, ഇപ്പോള്‍ സ്ഥിതി മാറി. പാകിസ്ഥാന്റെ സേനാ മേധാവി തന്നെ, സ്വാഗതാര്‍ഹമായ ചില അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരിക്കുന്നു. ചര്‍ച്ചയ്ക്ക് അവര്‍ സന്നദ്ധമാണ്. ഭീകരവാദത്തെക്കുറിച്ചുപോലും ചര്‍ച്ചയാകാമെന്നാണ് അവര്‍ പറയുന്നത്. പാകിസ്ഥാനുമായി ചര്‍ച്ച പുനരാരംഭിക്കേണ്ട ഘട്ടമായിരിക്കുന്നു. നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും വെടിനിര്‍ത്തല്‍ ഉറപ്പാക്കുന്നതിനെക്കുറിച്ചാണ് ആദ്യം സംസാരിക്കേണ്ടത്. പിന്നെ ഭീകരവാദം. തുടര്‍ന്ന് മറ്റു കാര്യങ്ങളും.

ഇന്ത്യയുമായുള്ള ആശയവിനിമയത്തിന് തയാറാണെന്ന് പാകിസ്ഥാന്റെ കരസേനാ മേധാവി പറയുന്നു. ഹിന്ദു ദിനപത്രം ഇത് ഒന്നാം പേജില്‍ റിപ്പോര്‍ട് ചെയ്തു. പാകിസ്ഥാനിലെ പത്രങ്ങളും നല്ല കവറേജ് നല്‍കിയിരുന്നു. ഇതിനോട് നമ്മള്‍ പ്രതികരിക്കണം.
അതെ, തീര്‍ച്ചയായും വേണം.

എന്നാല്‍ മോഡി സര്‍ക്കാര്‍ ഇതിനോട് പ്രതികരിക്കാതിരിക്കുകയും ചര്‍ച്ചയില്ലെന്ന നിലപാട് തുടരുകയും ചെയ്താല്‍ അതൊരു തെറ്റാകും.
ഇക്കാര്യത്തില്‍ വളരെ ശ്രദ്ധിച്ച് നീങ്ങേണ്ടതുണ്ട്. ഉടനൊരു ഉച്ചകോടി വേണ്ടതില്ലെന്നാണ് എന്റെ നിര്‍ദേശം.

എന്തായാലും ചര്‍ച്ചകള്‍ തുടങ്ങിവെക്കണം.
ഒരു വഴി കണ്ടെത്തണം. അണിയറയിലെ നയതന്ത്രനീക്കങ്ങള്‍ സജീവമാകണം. അതാണ് ഇപ്പോള്‍ അഭികാമ്യം. പക്ഷേ നമ്മുടെ ശീലം അതല്ല. പബ്ലിസിറ്റിക്ക് എവിടെയാണ് അവസരമെന്നാകും ആലോചന. അതുകൊണ്ട് ഉടനൊരു ഉച്ചകോടി തന്നെ തീരുമാനിക്കും.

അതൊരു ഭീകര അബദ്ധമായിരിക്കും.
അതെ, അതൊരു ഭീകര അബദ്ധമായിരിക്കും.

ചൈനയുമായുള്ള ബന്ധവും കലുഷിതമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് വുഹാന്‍ ഉച്ചകോടിയിലൂടെ സാധിച്ചുവെന്ന് കരുതുന്നുണ്ടോ. അനാവശ്യമായി ചൈനക്ക് വഴങ്ങിക്കൊടുക്കുകയാണ് വുഹാന്‍ ഉച്ചകോടിയിലുണ്ടായത് എന്ന് വിമര്‍ശിക്കുന്നവരുണ്ട്. ഇത് ഇന്ത്യയുടെ ശക്തിയെക്കാളധികം ദൗര്‍ബല്യമാണ് തുറന്നുകാട്ടിയതെന്നും.
വിമര്‍ശങ്ങളോടാണ് ഞാന്‍ യോജിക്കുന്നത്. വുഹാന്‍ ഉച്ചകോടിക്ക് വഴി തുറന്നത് തന്നെ, ചൈനക്ക് വഴങ്ങിക്കൊടുത്തുകൊണ്ടാണ്. ദലൈലാമയെ നമ്മള്‍ അപമാനിച്ചു. അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നൊക്കെ ലാമയോട് നിര്‍ദേശിച്ചു. ഇന്ത്യക്ക് നന്ദിയെന്ന പേരില്‍ ദലൈലാമ ആസൂത്രണം ചെയ്ത പരിപാടി ഡല്‍ഹിയില്‍ നടത്തുന്നത് വിലക്കി. പിന്നീട് ആ പരിപാടി ധര്‍മശാലയിലാണ് നടന്നത്. ഇതൊക്കെ വുഹാന്‍ ഉച്ചകോടിക്ക് വഴി തുറക്കാനായിരുന്നു. ചൈനയുമായി ഇടപെടുമ്പോള്‍ ആദ്യം ഓര്‍ക്കേണ്ടത് അതൊരു ശക്തമായ രാജ്യമാണെന്നതാണ്. ചൈനയുടെ തീരുമാനത്തിന് വഴങ്ങിക്കൊടുക്കുന്നതാണ് നമ്മുടെ പതിവ്. അവര്‍ പറയുന്നത് അംഗീകരിക്കും.

കരുത്തനായ നേതാവെന്നാണ് നരേന്ദ്ര മോഡി വിശേഷിപ്പിക്കപ്പെടുന്നത്. 56 ഇഞ്ച് നെഞ്ചളവുള്ള പുരുഷനെന്ന് പാര്‍ട്ടിയിലുള്ളവര്‍ വാഴ്ത്തുന്നു. പക്ഷേ ചൈനയുമായി ഇടപെടുമ്പോള്‍ ആ കരുത്തില്ലെന്നാണോ
നല്ല ഉദാഹരണം വുഹാനല്ല, മാലി ദ്വീപുകളാണ്. മാലി ദ്വീപില്‍ നിന്ന് ഒരിഞ്ച് പിന്‍മാറാന്‍ ചൈന തയാറായില്ല. അതിനവരെ പ്രേരിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞതുമില്ല. മാലി ദ്വീപിലെ ഭരണകൂടം രണ്ടാഴ്ച കൂടുമ്പോള്‍ ഇന്ത്യയെ വെല്ലുവിളിക്കുന്നു. നമുക്ക് ഒന്നും ചെയ്യാനാകുന്നില്ല.

ഇന്ത്യന്‍ താത്പര്യങ്ങളെ ഹനിക്കും വിധത്തില്‍ ചൈന ഇടപെടുന്നത് മാലി ദ്വീപില്‍ മാത്രമല്ല. നേപ്പാളിലും ശ്രീലങ്കയിലും അത് സംഭവിക്കുന്നു. ഈ മൂന്ന് രാജ്യങ്ങളുമായി ഇപ്പോള്‍ നമുക്ക് നല്ല ബന്ധമില്ല. ദോക് ലാം വിഷയത്തില്‍ ഭൂട്ടാനും അതൃപ്തരാണ്. നാല് വര്‍ഷം മുമ്പ് നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അയല്‍ രാജ്യങ്ങളുടെയൊക്കെ നേതാക്കളെ ക്ഷണിച്ചിരുന്നു. വലിയ പ്രതീക്ഷയാണ് അതുണ്ടാക്കിയത്. ആ പ്രതീക്ഷ നഷ്ടപ്പെട്ടുവോ?
നിങ്ങളുടെ നിരീക്ഷണം പൂര്‍ണമായും ശരിയാണ്. ശ്രീലങ്കയുമായി നല്ല ബന്ധമായിരുന്നു നമുക്ക്. അത്രത്തോളം നല്ല ബന്ധം ഇപ്പോഴില്ല. മാലി ദ്വീപിന്റെ കാര്യത്തിലും ഇറാന്റെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല. ഇറാനിലെ ചബഹാര്‍ തുറമുഖം വികസിപ്പിക്കുന്നതിന് നമ്മള്‍ 1500 കോടി ചെലവിടുമെന്നാണ് ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ ആകെ ചെലവിട്ടത് 10 ലക്ഷം രൂപയോ മറ്റോ ആണ്. എന്നിട്ട് ഇന്ത്യയും ഇറാനും തുറമുഖത്തിന്റെ സംയുക്ത ഉടമകളാണെന്ന് നമ്മള്‍ അവകാശപ്പെടുന്നു. അത് ശരിയല്ല. തുറമുഖ പദ്ധതിയില്‍ പങ്കാളികളാകാന്‍ ചൈനയെയും പാകിസ്ഥാനെയും ഇറാന്‍ ക്ഷണിച്ചുകഴിഞ്ഞു. മാലി ദ്വീപോ നേപ്പാളോ ഇറാനോ ഏത് അയല്‍രാജ്യവുമെടുക്കൂ, അവിടെയൊക്കെ നമ്മള്‍ പരാജയം മാത്രമാണ്.

അമേരിക്കയുമായുള്ള ബന്ധം

ഇന്ത്യയും അമേരിക്കയുമായുള്ള ബന്ധം എങ്ങനെയാണ്. ഡൊണാള്‍ഡ് ട്രംപുമായി അടുത്ത സൗഹൃദം അവകാശപ്പെടുന്നുണ്ട് നരേന്ദ്ര മോഡി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയെ പ്രകീര്‍ത്തിച്ച് സംസാരിച്ചിട്ടുണ്ട് ട്രംപ്. ഇതില്‍ നരേന്ദ്ര മോഡിയുടെ പങ്ക് എത്രത്തോളമാണ്.
അത്രയ്ക്കധികമൊന്നുമില്ല. വിദേശനയത്തെക്കുറിച്ച് ആലോചിക്കുന്ന ആരും ഓര്‍ക്കേണ്ട ഒരു കാര്യം അവിടെ വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തിന് വലിയ സ്ഥാനമില്ലെന്നതാണ്. ഒരു രാജ്യവും അവരുടെ ദേശീയ താത്പര്യം അവഗണിച്ച് ഒന്നും ചെയ്യില്ല. രാഷ്ട്രത്തലവന്‍മാര്‍ പരസ്പരം ആശ്ലേഷിച്ചുവെന്നത്, രാഷ്ട്രങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയെ ഒരു തരത്തിലും ബാധിക്കില്ല. ആരും വിട്ടുവീഴ്ച ചെയ്യില്ല.

മോഡിയുടെ ആശ്ലേഷങ്ങള്‍ക്ക്, ട്രംപിന്റെ മനോഭാവത്തെ സ്വാധീനിക്കാന്‍ സാധിക്കില്ല?
ഒരിക്കലുമില്ല, ഒരിക്കലും.

കഴിഞ്ഞ വര്‍ഷത്തെ സന്ദര്‍ശനത്തിനിടയില്‍ ട്രംപിനെ മോഡി നാല് വട്ടം ആശ്ലേഷിച്ചതുകൊണ്ട് ഇന്ത്യന്‍ അനുകൂല നിലപാടിലേക്ക് അമേരിക്ക മാറിയെന്ന് നമ്മള്‍ തെറ്റിദ്ധരിക്കുന്നുവെന്ന്.
ഞാനൊരു കാര്യം ഓര്‍മിപ്പിക്കാം. പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്ര മോഡി 2014ല്‍ ഐക്യരാഷ്ട്ര സഭയുടെ പൊതു സഭയില്‍ പങ്കെടുത്തു. അന്ന് രാജ്യത്തുണ്ടായ വികാരം എന്തായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയില്‍ ഇന്ത്യ സ്ഥിരാംഗമാകാന്‍ പോകുന്നുവെന്നായിരുന്നു പ്രചാരണം. അതിന് പാകത്തിലുള്ള നയതന്ത്ര വൈദഗ്ധ്യമാണ് നരേന്ദ്ര മോഡി ന്യൂയോര്‍ക്കില്‍ കാട്ടിയതെന്നും. ആ അംഗത്വം എവിടെ?

നമ്മള്‍ വളരെ എളുപ്പത്തില്‍ സ്വയം വിഡ്ഢികളാകുന്നു?
നമ്മള്‍ വീണ്ടും വീണ്ടും സ്വയം വിഡ്ഢികളാകുകയാണ്. മാധ്യമങ്ങളാണ് ഈ അതിവൈകാരിക അന്തരീക്ഷം സൃഷ്ടിക്കുന്നത്. ജി നാല് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുത്തിരുന്നു, യു പി എ സര്‍ക്കാറിന്റെ കാലത്ത്. ഇന്ത്യ, ജര്‍മനി, ജപ്പാന്‍ ബ്രസീല്‍ എന്നീ രാജ്യങ്ങള്‍. നാല് രാഷ്ട്രങ്ങളും രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം ആഗ്രഹിക്കുന്നവരാണ്. അന്നേ അതിനെ ഞാന്‍ എതിര്‍ത്തിരുന്നു. മറ്റു രാജ്യങ്ങളുടെ ബാധ്യത പേറാനായിരിക്കും ഇന്ത്യയുടെ വിധിയെന്ന് പറഞ്ഞു. മോഡി ന്യൂയോര്‍ക്കില്‍ പോയി, ജി നാല് രാജ്യങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുത്തു. എന്തൊരു ഉന്മാദമാണ് അന്നുണ്ടാക്കിയത്. അതിന് ശേഷം എന്തുണ്ടായെന്ന് ആരും ഓര്‍മിക്കുന്നില്ല.

സ്വയം കുഴിച്ച കുഴിയില്‍ വീഴുകയാണ് നമ്മള്‍?
56 ഇഞ്ച് വീതിയുള്ള നെഞ്ച് മാത്രമാണ് നിലനില്‍ക്കുന്നത്.

ആഭ്യന്തര സാഹചര്യം

ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുകയാണ് സര്‍ക്കാറെന്ന് പലരും വിമര്‍ശിക്കുന്നുണ്ട്. ഉത്തരാഖണ്ഡിലെയും അരുണാചല്‍ പ്രദേശിലെയും സര്‍ക്കാറുകളെ ഏകപക്ഷീയമായി പിരിച്ചുവിട്ടത് അവര്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ലിമെന്റില്‍ പ്രതിപക്ഷത്തെ നിശബ്ദരാക്കുന്നു. നീതിന്യായ സംവിധാനത്തിലെ നിയമനങ്ങള്‍ തടഞ്ഞുവെക്കുന്നു. തിരഞ്ഞെടുപ്പു കമ്മീഷനെ രാഷ്ട്രീയവത്കരിച്ചെന്നും ആക്ഷേപമുണ്ട്. മുമ്പ് കോണ്‍ഗ്രസ് സര്‍ക്കാറുകളുടെ കാലത്ത്, പ്രത്യേകിച്ച് ഇന്ദിരാഗാന്ധിയുടെ കാലത്ത്, സമാനമായ അവസ്ഥയായിരുന്നുവെന്ന് നമുക്ക് അറിയാം. മുന്‍കാല സര്‍ക്കാറുകളെക്കാള്‍ മോശമാണ് മോഡി സര്‍ക്കാര്‍, അതോ ഇന്ത്യയുടെ പാരമ്പര്യം തുടരുകയാണോ?
ഒരു തെറ്റ് ഒരിക്കലുമൊരു ശരിയുണ്ടാക്കില്ല. അതല്ലേ പഴമൊഴി.

അതെ.
ആരെങ്കിലും തെറ്റുചെയ്തുവെന്നത് നിങ്ങള്‍ക്ക് തെറ്റു ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുന്നില്ല. വാജ്‌പെയ് പ്രധാനമന്ത്രിയായിരിക്കെ ഞങ്ങളുന്നയിച്ച അവകാശവാദം ഓര്‍ക്കുന്നില്ലേ? നിങ്ങള്‍ അത് ചെയ്തു, അതുകൊണ്ട് ഞങ്ങള്‍ ഈ ചെയ്യുന്നത് ന്യായീകരിക്കപ്പെടുമെന്നായിരുന്നു വാദം. വ്യത്യസ്തതയുള്ള പാര്‍ട്ടിയെന്നാണ് ബി ജെ പി എക്കാലത്തും അവകാശപ്പെടാറുള്ളത്. ഉയര്‍ന്ന ധാര്‍മിക മൂല്യമുണ്ടെന്നും. അതിനനുസരിച്ചാേണാ ഇപ്പോള്‍ നമ്മള്‍ ജീവിക്കുന്നത്? ജനാധിപത്യ സ്ഥാപനങ്ങളെക്കുറിച്ചാണ് നിങ്ങള്‍ സംസാരിച്ചുതുടങ്ങിയത്. പാര്‍ലിമെന്റിന്റെ കാര്യമെടുക്കാം. നിലവിലുള്ള സര്‍ക്കാറിന് ഭൂരിപക്ഷമുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കേണ്ടത് ലോക്‌സഭയുടെ പ്രാഥമിക കര്‍ത്തവ്യമാണ്. അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കുന്നത് അവര്‍ പലകുറി മാറ്റിവെച്ചു, സമ്മേളനം അവസാനിക്കുകയും ചെയ്തു. ലോക്‌സഭാ സമ്മേളനം ചുരുക്കിച്ചുരുക്കി കൊണ്ടുവരുന്നു. ഇത്തവണത്തെ ബജറ്റ് സെഷന്‍ പോലെ ചുരുങ്ങിയ സമ്മേളനം ഞാനിതുവരെ കണ്ടിട്ടില്ല. ഇവ്വിധമാണ് പാര്‍ലിമെന്റ് പ്രവര്‍ത്തിക്കുന്നത്. പാര്‍ലിമെന്റ് സുഗമമായി നടത്തുന്നതിനെക്കുറിച്ച് പ്രതിപക്ഷ നേതാക്കളുമായി സംസാരിക്കാന്‍ നരേന്ദ്ര മോഡി എപ്പോഴെങ്കിലും തയാറായിട്ടുണ്ടോ?

സര്‍വകക്ഷിയോഗങ്ങളുണ്ടാകാറുണ്ട്.
സര്‍വകക്ഷിയോഗങ്ങള്‍ വേറെ തന്നെയാണ്. പ്രധാനമന്ത്രിയാണ് മുന്‍കൈ എടുക്കേണ്ടത്. പ്രതിപക്ഷ നേതാക്കളുമായി സംസാരിക്കാന്‍ വാജ്‌പെയ് സന്നദ്ധനാകുമായിരുന്നു. മോഡി ഇത് ചെയ്യാത്തത്, പാര്‍ലിമെന്റ് തടസ്സപ്പെടുന്നത് അദ്ദേഹം ആസ്വദിക്കുന്നതുകൊണ്ടാണ്. ഞാനിത് ഉത്തരവാദിത്തത്തോടെയാണ് പറയുന്നത്. രണ്ടാമത്തേത് സുപ്രീം കോടതി. നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പുറത്തിറങ്ങി മാധ്യമങ്ങളെ കണ്ട് ജനാധിപത്യം അപകടത്തിലാണെന്ന് പറഞ്ഞത് ചരിത്രത്തില്‍ കേട്ടുകേള്‍വിയുള്ളതാണോ? സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കേണ്ട ബഞ്ച് തീരുമാനിക്കുന്നത് പോലും നിക്ഷിപ്ത താത്പര്യങ്ങള്‍ക്കനുസരിച്ചാണെന്ന് അവര്‍ കുറ്റപ്പെടുത്തി. നമ്മള്‍ എവിടെയാണ്? ഇനി തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്യമെടുക്കാം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ട് കാര്യങ്ങള്‍ വിശദീകരിക്കണം. ഹിമാചല്‍ പ്രദേശിലെയും ഗുജറാത്തിലെയും തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ ആറാഴ്ചത്തെ ഇടവേള എന്തിനായിരുന്നു? വോട്ടെണ്ണല്‍ ഒരു ദിവസമായിരുന്നുവല്ലോ. വിശദീകരിക്കാന്‍ അവസരം നല്‍കാതെ ആം ആദ്മി പാര്‍ട്ടിയിലെ 20 എം എല്‍ എമാരെ അയോഗ്യരാക്കിയത് എന്തിനാണെന്നും കമ്മീഷന്‍ വ്യക്തമാക്കണം.

ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ കര്‍ണാടകയുടെ കാര്യം നോക്കാം. അവിടുത്തെ രാഷ്ട്രീയ പ്രതിസന്ധി. നരേന്ദ്ര മോഡിയുടെയോ അമിത് ഷായുടെയോ കൈകള്‍ ഇതിന് പിന്നിലുണ്ടോ?
തീര്‍ച്ചയായും. നിങ്ങള്‍ക്ക് അക്കാര്യത്തില്‍ സംശയമുണ്ടോ? ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദേശമില്ലാതെ കര്‍ണാടക ബി ജെ പിയിലുള്ള ആരും ഒരു ചുവടുവെക്കില്ല. അധാര്‍മികതയുടെ അങ്ങേയറ്റമാണ് കര്‍ണാടകയില്‍ നടന്നത്. കോണ്‍ഗ്രസ് ഇതൊക്കെ ചെയ്തിരുന്നുവെന്ന് പറഞ്ഞ് നമുക്കിതിനെ ന്യായീകരിക്കാന്‍ സാധിക്കില്ല.

കര്‍ണാടക മായാത്ത കളങ്കമായി മാറിയിരിക്കുന്നു. ധാര്‍മികതയുടെ കാര്യത്തില്‍ വ്യത്യസ്തമാണെന്നും മറ്റുപാര്‍ട്ടികളെക്കാള്‍ ഭേദമാണെന്നുമുള്ള ബി ജെ പിയുടെ അവകാശവാദം പൊളിഞ്ഞു.
തീര്‍ച്ചയായും. അധാര്‍മിക പ്രവൃത്തികള്‍ക്ക് മടിക്കാത്ത മറ്റ് പാര്‍ട്ടികളെക്കാള്‍, പ്രത്യേകിച്ച് കോണ്‍ഗ്രസിനെക്കാള്‍, മോശമായിരിക്കുന്നു അവര്‍.

ദളിതുകള്‍ക്കും മുസ്‌ലിംകള്‍ക്കും നേര്‍ക്കുള്ള ആക്രമണം

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഉണ്ടായത് – ഘര്‍ വാപസി, ലവ് ജിഹാദ്, ഭാരത് മാതാ കീ ജയ്, മാട്ടിറച്ചി നിരോധം, ഗോരക്ഷകര്‍, ദളിതുകള്‍ക്കു നേര്‍ക്കുള്ള ആക്രമണം, നിസ്‌കാരത്തെച്ചൊല്ലിയുള്ള തര്‍ക്കം, ഉത്തര്‍പ്രദേശില്‍ തുടരുന്ന പൊലീസ് ഏറ്റുമുട്ടലുകള്‍, വിദ്വേഷ പ്രചാരണം, ആന്റി റോമിയോ സ്‌ക്വാഡ്. ഭൂരിപക്ഷത്തിന് ആധിപത്യമുള്ള അസഹിഷ്ണുതയുള്ള രാജ്യമായി ഇന്ത്യ മാറിയെന്നാണോ മനസിലാക്കേണ്ടത്. ദേശീയത മാത്രം ജയിക്കുന്ന രാജ്യം.
ഞാന്‍ നിങ്ങളോട് പൂര്‍ണമായും യോജിക്കുന്നു. നാല് വര്‍ഷത്തെ എന്‍ ഡി എ ഭരണം ഉയര്‍ത്തുന്ന ഏറ്റവും വലിയ ആശങ്ക ഇതാണ്. സമൂഹത്തെ വിവിധ ഭാഗങ്ങളായി വിഭജിക്കുന്നത്. ഇത് പല ഇടങ്ങളിലും അക്രമങ്ങള്‍ക്ക് വഴിവെച്ചു. സമൂഹത്തില്‍ അലിയ അതൃപ്തിക്ക് ഇത് കാരണമായിട്ടുമുണ്ട്.

ഇന്ത്യയുടെ ഐക്യത്തിനും സമാധാനാന്തരീക്ഷത്തിനും ഇത് ഭീഷണിയാകുന്നുണ്ടോ?
ഇന്ത്യയുടെ ഐക്യം പലപ്പോഴും ദുര്‍ബലമായിട്ടുണ്ട്. എങ്കിലും അത് കരുത്തുറ്റതാണ്. പല പ്രതിസന്ധികളെയും അതിജീവിച്ചിട്ടുണ്ട്. ഇപ്പോള്‍ ഐക്യത്തെ ബാധിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ തകര്‍ന്നിട്ടുമുണ്ട്. പക്ഷേ, എനിക്ക് ഇന്ത്യന്‍ ജനതയില്‍ വിശ്വാസമുണ്ട്. അവരുടെ വിവേകത്തില്‍. മുന്‍പ് പലപ്പോഴും അവര്‍ സ്ഥിരത തിരികെക്കൊണ്ടുവന്നിട്ടുണ്ട്. അവരത് ഇനിയും ചെയ്യും.

സ്ഥാപനങ്ങളും സംഘടനകളും മുസ്‌ലിംകളെയും ദളിതുകളെയും ലക്ഷ്യമിടുന്നതാണ് കാണുന്നത്. ഇതില്‍ എത്രമാത്രം ആശങ്കയുണ്ട്. സര്‍ക്കാറുമായും ആര്‍ എസ് എസുമായും അടുപ്പമുള്ള സ്ഥാപനങ്ങളും സംഘടനകളുമാണ് ഇവ്വിധം പ്രവര്‍ത്തിക്കുന്നത്. അല്‍വാറില്‍, കാസ്ഗഞ്ജില്‍, ഡല്‍ഹിയില്‍ നിന്ന് ഫരീദാബാദിലേക്കുള്ള ട്രെയിനില്‍ ഒക്കെ സംഭവിച്ച കാര്യങ്ങളാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. മീശ വളര്‍ത്താനോ കുതിരയോടിക്കാനോ ദളിതുകള്‍ക്ക് അനുമതിയില്ലാത്ത സാഹചര്യം. ഇതിനോടൊക്കെ എങ്ങനെ പ്രതികരിക്കുന്നു?
ഇതിനൊപ്പം ഗുഡ്ഗാവില്‍ സംഭവിച്ചത് കൂടി ചേര്‍ക്കണം. പൊതുസ്ഥലത്ത് നിസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ സംഭവം. ഇതൊരു പുതിയതരം വിജിലാന്റിസമാണ്. ഒരു പ്രത്യേക സമുദായത്തിലെ അംഗങ്ങള്‍ സ്വയം ഏറ്റെടുത്തത്. ദളിതുകളും മുസ്‌ലിംകളും അടക്കമുള്ളവരെ അടിച്ചമര്‍ത്തുന്നതിലൂടെ എന്തോ ദേശീയ കര്‍ത്തവ്യം നിറവേറ്റുന്നുവെന്നാണ് അവര്‍ കരുതുന്നത്. ‘ഞാന്‍ ദേശത്തിന് വേണ്ടി മഹത്തായ കാര്യം ചെയ്യുന്നു’ എന്നാണ് അവര്‍ കരുതുന്നത്.

മുസ്‌ലിംകളെക്കുറിച്ച് ബി ജെ പി നേതാക്കള്‍ പറയുന്നതാണ് ഏറ്റവും മോശം. അടുത്തിടെ നടത്തിയ പ്രസ്താവനകളില്‍ ചിലത് ഉദ്ധരിക്കാം. മുസ്‌ലിംകളുടെ ജനസംഖ്യ വര്‍ധിക്കുകയാണെന്നും ഹിന്ദുക്കളുടെ നിലനില്‍പ് അപകടത്തിലാണെന്നുമാണ് രാജസ്ഥാനില്‍ നിന്നുള്ള ബി ജെ പി എം എല്‍ എ ജനുവരിയില്‍ പറഞ്ഞത്. ഇന്ത്യ വിഭജിച്ചത് മുസ്‌ലിംകളാണെന്നും അവര്‍ ഇനിയും ഇന്ത്യയില്‍ തുടരേണ്ട കാര്യമില്ലെന്നും അവര്‍ പാകിസ്ഥാനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണമെന്നുമാണ് ഫെബ്രുവരിയില്‍ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ബി ജെ പി എം എല്‍ എ പറഞ്ഞത്. ഇത് ഹിന്ദു രാഷ്ട്രമാണ്, നമുക്ക് രാമക്ഷേത്രം പണിയണം. ബാബരി മസ്ജിദിനും ടിപ്പു ജയന്തിക്കും വേണ്ടി വാദിക്കുന്നവര്‍ക്ക് ഇവിടെ നിന്ന് പോകാം. അവര്‍ക്ക് കോണ്‍ഗ്രസിന് വോട്ട് ചെയ്യാം. ഏപ്രിലില്‍ കര്‍ണാടകയില്‍ നിന്നുള്ള ബി ജെ പി എം എല്‍ എ പറഞ്ഞതാണിത്. ബി ജെ പിയുടെ എം പിമാരും കേന്ദ്രമന്ത്രിമാരുമൊക്കെ ഇവ്വിധം സംസാരിക്കുന്നുണ്ട്. നിങ്ങള്‍ എങ്ങനെയാണ് ഇതിനെ കാണുന്നത്?
ഇത് വളരെ ലളിതമാണ്. ആലോചിച്ച് ഉറപ്പിച്ച പദ്ധതി. ബി ജെ പിയിലെ ഏതാനും നേതാക്കള്‍ നടത്തുന്ന ഒറ്റപ്പെട്ട പ്രസ്താവനയായി ഇതിനെ കാണേണ്ട. ന്യൂനപക്ഷ വിഭാഗങ്ങളെക്കുറിച്ച് ഭൂരിപക്ഷ സമുദായക്കാര്‍ക്കിടയില്‍ ഭീതി വളര്‍ത്താനാണ് ബി ജെ പി ശ്രമിക്കുന്നത്. അരക്ഷിതരാണെന്ന തോന്നല്‍ ഭൂരിപക്ഷ സമുദായാംഗങ്ങളുടെ മനസില്‍ വളരും. അതോടെ അവര്‍ ബി ജെ പിയ്‌ക്കൊപ്പമാകും. എല്ലാ സമൂഹത്തിലും ന്യൂനപക്ഷ സമുദായാംഗങ്ങളിലാണ് അരക്ഷിതരാണെന്ന തോന്നല്‍ വളരുക. ഇവിടെ ഭൂരിപക്ഷ സമുദായത്തില്‍ ആ തോന്നല്‍ സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നത്.

ഇതെല്ലാം ചെയ്യുന്നത് രാഷ്ട്രീയ നേട്ടം മുന്‍നിര്‍ത്തി മാത്രമാണോ?
അതെ. ഇത് മൂലം സമുഹത്തിനോ രാജ്യത്തിന്റെ ഭാവിക്കോ ഉണ്ടാകുന്ന അപകടത്തെക്കുറിച്ചൊന്നും അവര്‍ക്ക് വേവലാതിയില്ല.

മോഡി മാധ്യമങ്ങളില്‍

പടിഞ്ഞാറന്‍ ലോകത്തെ പ്രധാനപ്പെട്ട രണ്ട് പത്രങ്ങളില്‍ നിന്നുള്ള ഉദ്ധരണിയാണ്. ഏപ്രില്‍ പതിനാറിന് ന്യൂയോര്‍ക്ക് ടൈംസ് എഴുതി – ”ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആര്‍ക്കുമുണ്ടാകുന്ന ആഴത്തിലുള്ള ആശങ്കയെക്കുറിച്ച് നരേന്ദ്ര മോഡി തികഞ്ഞ നിശബ്ദത പാലിക്കുന്നു”. ഏപ്രില്‍ 23ന് ലണ്ടന്‍ ടൈംസ് എഴുതി – ”നീചമായ കുറ്റകൃത്യങ്ങളെ ലഘൂകരിക്കുന്ന നിലപാടാണ് നരേന്ദ്ര മോഡി സ്വീകരിക്കുന്നത്”. കുറ്റകൃത്യങ്ങളെന്നത് ആവര്‍ത്തിക്കുന്ന ബലാത്സംഗങ്ങളാണ്. മോഡിയും ബി ജെ പിയും പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ വിമര്‍ശത്തെ കാര്യമായെടുക്കേണ്ടതുണ്ടോ. അതോ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ അപ്രസക്തമാണോ.
അനുകൂലമായി എഴുതുമ്പോഴോ പുകഴ്ത്തുമ്പോഴോ മാത്രമേ ബി ജെ പി, പടിഞ്ഞാറന്‍ മാധ്യമങ്ങളെ ശ്രദ്ധിക്കൂ. അപ്പോള്‍ അവരത് ആഘോഷിക്കും, രാജ്യമാകെ പ്രചരിപ്പിക്കും. വിമര്‍ശനങ്ങളുണ്ടാകുമ്പോള്‍ അവഗണിക്കും. വിദേശ മാധ്യമങ്ങളില്‍ വരുന്ന ഇത്തരം വിമര്‍ശനങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ പോലും പ്രസിദ്ധീകരിക്കാറില്ല. തുടക്കത്തില്‍ മോഡിക്ക് വിദേശ മാധ്യമങ്ങളോട് പഥ്യമായിരുന്നു. അപ്പോള്‍ അവ അദ്ദേഹത്തെ പ്രശംസിച്ചിരുന്നു. ഇദ്ദേഹം ആരാണെന്ന് ഇപ്പോള്‍ അവര്‍ മനസിലാക്കി. അവര്‍ക്ക് മോഡിയെക്കൊണ്ട് പ്രയോജനമില്ല.

അതുകൊണ്ട് അവയെ മോഡി പൂര്‍ണമായും അവഗണിക്കുന്നു?
അദ്ദേഹം അവയെ പൂര്‍ണമായും അവഗണിക്കുന്നു. ഒരു കാര്യം പ്രത്യേകം എടുത്തു പറയുന്നു. നിങ്ങളീ ഉദ്ധരിച്ച വിവരങ്ങള്‍ നമ്മുടെ രാജ്യത്തെ ചില മാധ്യമങ്ങളെങ്കിലും നല്‍കേണ്ടതല്ലേ. ഏതെങ്കിലും മാധ്യമം ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചതായി ഞാനിതുവരെ കണ്ടിട്ടില്ല.

ഇന്ത്യന്‍ മാധ്യമങ്ങളുടെ കാര്യമെടുക്കാം. കഴിഞ്ഞ നാല് വര്‍ഷത്തെ മോഡി ഭരണത്തോട് അവരെങ്ങനെയാണ് പ്രതികരിച്ചതെന്ന്. ഇന്ത്യന്‍ മാധ്യമങ്ങള്‍ സ്വയം സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയെന്ന് പലരും വിശ്വസിക്കുന്നു. മോഡി സര്‍ക്കാറിന്റെ പ്രചാരണ ജിഹ്വകളായി ഒന്നോ രണ്ടോ വാര്‍ത്താ ചാനലുകള്‍ മാറിയെന്ന് വിശ്വസിക്കുന്നവരുമുണ്ട്. അപൂര്‍വമായാണ് നരേന്ദ്ര മോഡി അഭിമുഖങ്ങള്‍ അനുവദിക്കുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ അഭിമുഖം നടത്തുന്നവര്‍ വിനീത വിധേയരായി മാറുന്ന സ്ഥിതിയാണെന്നും പറയുന്നു. ഇതൊക്കെ ശരിയായ വിലയിരുത്തലാണോ?
ഈ വിലയിരുത്തല്‍ തികച്ചും ശരിയാണ്. നിങ്ങളെ കാണാനായി ഇങ്ങോട്ട് വരുമ്പോള്‍ നിങ്ങളുടെ സഹായിയുമായി സംസാരിച്ചിരുന്നു. ഇതേ കാര്യമാണ് ഞങ്ങള്‍ സംസാരിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് അദ്വാനിജി നടത്തിയ പ്രസ്താവന ഞങ്ങള്‍ ഓര്‍ത്തു. കുമ്പിടാന്‍ പറഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ മുട്ടിലിഴഞ്ഞുവെന്നാണ് അദ്വാനിജി അന്ന് പറഞ്ഞത്. ഇന്ന് ആരും അവരോട് കുമ്പിടാന്‍ ആവശ്യപ്പെടുന്നില്ല. പക്ഷേ അവര്‍ മുട്ടിലിഴയുകയാണ്.

ഇതാണ് ഇന്ത്യന്‍ മാധ്യമങ്ങളെക്കുറിച്ചുള്ള സത്യസന്ധമായ വിലയിരുത്തല്‍.
അതെ. ഇതെന്റെ സത്യസന്ധമായ അഭിപ്രായമാണ്. മാധ്യമങ്ങളില്‍ ഭൂരിഭാഗത്തെയും കുറിച്ചാണ് ഞാന്‍ പറയുന്നത്. ഇപ്പോഴും ചില അപവാദങ്ങളുണ്ട്.

2019ലേക്ക് നോക്കുമ്പോള്‍

നരേന്ദ്ര മോഡിയുടെ പ്രധാന രാഷ്ട്രീയ എതിരാളി രാഹുല്‍ ഗാന്ധിയാണെന്നത് അദ്ദേഹത്തെ രക്ഷിക്കുമോ? രാഹുലിനെപ്പറ്റി ജനങ്ങള്‍ക്ക് മതിപ്പില്ല. പ്രധാനമന്ത്രിയാകാനുള്ള യോഗ്യത അദ്ദേഹത്തിനില്ലെന്ന് കരുതുന്നവര്‍ ഏറെയാണ്. ഇതിന്റെ ഗുണഭോക്താവാകുമോ മോഡി.
നമ്മുടെ രാജ്യത്ത് ഇത്തരത്തിലുള്ള വിലയിരുത്തലുകള്‍ ഏറെയാണ്. അതില്‍ അഭിരമിക്കുന്ന രാജ്യമാണ് നമ്മുടേത്. പണ്ഡിറ്റ് നെഹ്‌റുവിന്റെ കാലം മുതലുള്ളതാണിത്. നെഹ്‌റുവിന് ശേഷം ആരാകും. ഇന്ദിരയ്ക്ക് ശേഷം ആരാകും എന്നൊക്കെ. ആലോചിച്ച് നോക്കൂ, 2014ല്‍ നരേന്ദ്ര മോദഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് 2011ല്‍ നമ്മള്‍ ചിന്തിച്ചിട്ടുണ്ടോ.

2019ല്‍ എന്ത് നടക്കുമെന്ന് ആര്‍ക്കറിയാം അല്ലേ.
ജനം എങ്ങനെ നിങ്ങളെ കാണുന്നുവെന്നതാണ് കാര്യങ്ങള്‍ നിര്‍ണയിക്കുക. മാധ്യമങ്ങള്‍ക്കു മേല്‍ നിങ്ങള്‍ എന്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയാലും ജനം അവരുടെ നിഗമനത്തില്‍ എത്തുക തന്നെ ചെയ്യും.

രാഹുല്‍ ഗാന്ധിയെ എഴുതിത്തള്ളുന്നുമില്ല, അംഗീകരിക്കുന്നുമില്ല എന്നാണോ. എന്റെ പ്രയോഗത്തില്‍ ക്ഷമിക്കുക, അദ്ദേഹം വെറും പപ്പുവാണെന്ന അഭിപ്രായം താങ്കള്‍ പങ്കുവെക്കുന്നില്ല.
ഇല്ല. ഞാനതിനോട് യോജിക്കുന്നില്ല. മോഡിക്കൊരു എതിരാളിയേ അല്ല രാഹുലെന്ന വിലയിരുത്തലിനോടും യോജിക്കുന്നില്ല. നമുക്ക് കാത്തിരുന്നുകാണാം. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വോട്ട് വര്‍ധിക്കുകയാണുണ്ടായത്.

അതെ, ബി ജെ പിക്ക് ലഭിച്ച വോട്ടിനെക്കാള്‍ അധികം. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍, ഗുജറാത്തിലെ ഫലം ഒക്കെ ചില സൂചനകളാണ്. രാഹുല്‍ ഗാന്ധി കാര്യങ്ങള്‍ ശരിയാക്കി വരുന്നുവെന്നാണോ. പപ്പുവെന്ന് നേരത്തെ കളിയാക്കപ്പെട്ടിരുന്നയാള്‍ പ്രശസ്തനായി വരുന്നു. ജനം അദ്ദേഹത്തെ നേതാവായി കാണും.
ആരോ പറഞ്ഞത് പോലെ 2019ല്‍ മോഡിക്ക് പകരക്കാരന്‍ ആരാകുമെന്ന് നമ്മള്‍ ആലോചിക്കേണ്ടതില്ല. ഇന്ത്യയിലെ ജനമാണ് മോഡിക്കുള്ള ബദല്‍. 1977ല്‍ ഇന്ദിരാഗാന്ധിയ്ക്ക് ബദലായത് ആരാണ്? 1989ല്‍ നമുക്ക് വി പി സിംഗുണ്ടായിരുന്നു. 1977ല്‍ പക്ഷേ, നേതാക്കളുടെ ഒരു നിരയായിരുന്നു. ഇവരില്‍ ആരും ഇന്ദിരക്ക് ബദലാകുമെന്ന് കരുതാന്‍ കഴിയുമായിരുന്നില്ല. പക്ഷേ എന്താണ് സംഭവിച്ചത്.

2019ല്‍ ഇത് ആവര്‍ത്തിച്ചേക്കാം.
ആ സാധ്യത ഞാന്‍ തള്ളിക്കളയില്ല. അത് സംഭവിച്ചേക്കാം. നിങ്ങള്‍ രാജ്യത്തിന്റെ സ്ഥിതിയെക്കുറിച്ചും ജനങ്ങളുടെ മാനസികാവസ്ഥയെക്കുറിച്ചും സംസാരിച്ചു. ഞാനതിനെ ഇങ്ങനെ ഉപസംഹരിക്കുന്നു. വലിയ അതൃപ്തിയും നിരാശയുമുണ്ട്, കര്‍ഷകര്‍ക്ക്, യുവാക്കള്‍ക്ക്, സ്ത്രീകള്‍ക്ക്, ചെറുകിട കച്ചവടക്കാര്‍ക്ക്.

മുസ്‌ലിംകളും ദളിതുകളും.

മുസ്‌ലിംകളും ദളിതുകളും. അവരുടെ അതൃപ്തി രോഷമായി മാറിയിട്ടില്ല. അത് രോഷമായി മാറുന്ന ദിവസം മാറ്റത്തിന്റേതാകും.

യശ്വന്ത് സിന്‍ഹ/ കരണ്‍ ഥാപ്പര്‍

You must be logged in to post a comment Login