വാര്‍ത്തകളെ സൂക്ഷിക്കുക; വിലാപങ്ങളെ മറക്കാതിരിക്കുക

വാര്‍ത്തകളെ സൂക്ഷിക്കുക; വിലാപങ്ങളെ മറക്കാതിരിക്കുക

‘There is compelling evidence of sexual violence against women. These crimes against women have been grossly undereported and the exact extent of these crimes-in rural and urban areas-demands further investigation.Among the women surviving in relief camps,are many who have suffered the most bestial forms of sexual violence-including rape, gang rape, mass rape, stripping, insertion of objects in to their body, molestations. A majority of rape victims have bee burnt alive”

(സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് ഉറച്ച തെളിവുകളുണ്ട്. ഈ കുറ്റകൃത്യങ്ങള്‍ അത്രകണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിനാല്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞുകൂടുന്ന സ്ത്രീകളില്‍ മിക്കവരും അതിക്രൂരവും പൈശാചികവുമായ ലൈംഗികാതിക്രമം നേരിട്ടവരാണ്. ബലാല്‍സംഗം, കൂട്ട ബലാല്‍സംഗം, ആള്‍ക്കൂട്ട ബലാല്‍സംഗം, വിവസ്ത്രരാക്കല്‍, ഗുഹ്യഭാഗങ്ങളില്‍ ദണ്ഡുകളും വസ്തുക്കളും കുത്തിക്കയറ്റല്‍, അപമാനിക്കല്‍ അങ്ങനെ നീളുന്ന ഭയാനക കൃത്യങ്ങള്‍. ബലാല്‍സംഗത്തിന് ഇരയായ പല സ്ത്രീകളെയും പച്ചക്ക് കത്തിച്ചു കളഞ്ഞിട്ടുമുണ്ട്.)
Citizens Initiative Report 2002

വെറും പതിനാറ് വര്‍ഷം മുന്‍പ് തയാറാക്കപ്പെട്ട ഒരു സമഗ്ര റിപ്പോര്‍ട്ടില്‍ നിന്നാണ് ഉദ്ധരണി. ആസൂത്രിതമായ ഗുജറാത്ത് വംശഹത്യയുടെ, കൂട്ടക്കൊലയുടെ, കൃത്യമായ പദ്ധതികളോടെ, വര്‍ഷങ്ങളായുള്ള തയാറെടുപ്പോടെ നടപ്പിലാക്കപ്പെട്ട ഒരു ‘ശുദ്ധീകരണത്തിന്റെ’ ഫാക്ട് ഫൈന്‍ഡിംഗ്‌സാണ് ആ റിപ്പോര്‍ട്ടിലാകെ. വംശഹത്യകളും മനുഷ്യരാശിയോടുള്ള ഭീകരകുറ്റങ്ങളും സ്ത്രീകളോടുള്ള ഭീകരമായ ചെയ്തികളും പതിനാറ് ആണ്ടുകൊണ്ട് മറവിയിലാഴേണ്ട ഒന്നല്ല. നാസി ക്യാമ്പുകളിലെ കൂട്ടക്കശാപ്പുകള്‍ക്കും സമഗ്രാധിപത്യം നടത്തിയ കൂട്ടക്കൊലകള്‍ക്കും നൂറ്റാണ്ടായാലും മറവി പരിചയല്ല. അതിനാല്‍ ഓര്‍മയില്‍ നിന്ന് പിടയേണ്ടതുണ്ട് ഈ വാക്കുകള്‍. ഓര്‍മയില്‍ നമ്മെ നടുക്കേണ്ടതുണ്ട് അമ്മമാരും അനുജത്തിമാരും പിഞ്ചുപെണ്‍മക്കളും അനുഭവിച്ച കൊടിയ വേദനയുടെ വസ്തുതകള്‍. ഇനി പറയാന്‍ പോകുന്ന വിഷയം ഈ റിപ്പോര്‍ട്ടുമായോ ഈ വിലാപങ്ങളുമായോ കൊല്ലപ്പെട്ട ആ മനുഷ്യരുടെ ഓര്‍മകളുമായോ നേരിട്ട് ബന്ധപ്പെട്ടതല്ല. ഓര്‍മകൊണ്ട് തുറക്കുന്ന വാതിലുകള്‍ ഒരു കവിതാശകലമാണ്. അതിനാല്‍ ഇനി നമ്മുടെ സംഭാഷണം അവസാനിക്കും വരെ ഓരോ വാക്കിനും മീതെ ഈ ഉദ്ധരണി തൂങ്ങിനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നു.
അനിരുദ്ധ ബാലിനെ നിങ്ങളറിയും. ഇല്ലെങ്കില്‍ ചില സൂചനകള്‍ മതി ആ 51 കാരനിലേക്ക് ഓടിയെത്താന്‍. അലഹബാദാണ് സ്വദേശം. ഇന്ത്യാടുഡേയിലും ഔട്ട്‌ലുക്കിലും പത്രപ്രവര്‍ത്തകനായിരിക്കേ പേരെടുത്തു. പിന്നെ ഇന്ത്യന്‍ ജേണലിസത്തിന്റെ ചരിത്രത്തെ നെടുകെ പിളര്‍ത്തിയ, ധീരവും സത്യസന്ധവുമായ വാര്‍ത്താന്വേഷണത്തിന്റെ നെടുമ്പാതകള്‍ വെട്ടിയ തെഹല്‍കയുടെ പിറവിയില്‍ പങ്കാളിയായി. ഇന്ത്യന്‍ ക്രിക്കറ്റിനെ അടിമുടി ഗ്രസിച്ചിരുന്ന അഴിമതികളെ കയ്യോടെ പിടികൂടിയാണ് തെഹല്‍കയും അനിരുദ്ധയും വരവറിയിച്ചത്. ഇപ്പോള്‍ നിങ്ങള്‍ അയാളെ ഓര്‍മിക്കാന്‍ തുടങ്ങും. പിന്നെയാണ് വിശുദ്ധപശുക്കളായിരുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ ആരും കാണാത്ത അരമനകളിലേക്ക് അയാളും സംഘവും ഒളിക്യാമറയുമായി ചെന്നത്. നിങ്ങളിപ്പോള്‍ ഓര്‍മിക്കും; ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡ്. തെഹല്‍ക പിന്നീട് മുങ്ങിപ്പോയി. ഒരു ഒറ്റമരത്തിനും പ്രളയശക്തിയുള്ള സംഘടിതപ്രവാഹങ്ങളെ ഒറ്റക്ക് ചെറുക്കുക വയ്യല്ലോ. ഇവിടെ ഇങ്ങനെയും സാധ്യമാണ് എന്ന് ഓര്‍മിപ്പിക്കല്‍ സാധ്യമാക്കിയാണ് പില്‍ക്കാലത്ത് തെഹല്‍ക മറയാന്‍ തുടങ്ങിയതെന്നും നമുക്കറിയാം. തെഹല്‍കയുടെ അടിവേരുകള്‍ ഇളകും മുന്നേ അനിരുദ്ധ അവിടം വിട്ടു, 2003-ല്‍. അതേവര്‍ഷം അനിരുദ്ധ് തുടങ്ങിയ പോര്‍ട്ടലാണ് കോബ്രപോസ്റ്റ്.

തൂങ്ങിനില്‍ക്കുന്ന ഉദ്ധരണിയിലെ മനുഷ്യവിലാപങ്ങളെ, പെണ്ണുങ്ങളുടെ ഒഴുകിപ്പടര്‍ന്ന ചോരയെ മറക്കരുത്. കോബ്രയെക്കുറിച്ച് തുടരാം. ജനാധിപത്യം നേരിടുന്ന പ്രതിസന്ധികളോടും ജനാധിപത്യത്തെ കൊലക്ക് കൊടുക്കുന്ന പ്രവണതകളോടും ജനാധിപത്യത്തോട് അതിന്റെ നെടുംതൂണുകള്‍ ചെയ്യുന്ന അഴിമതികളോടുമാണ് കോബ്ര തുടക്കം മുതല്‍ ഇടഞ്ഞത്. ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ ഉലച്ചുകളഞ്ഞ വെളിപ്പെടുത്തലുമായാണ് 2005-ല്‍ കോബ്ര പത്തി വിടര്‍ത്തിയത്. ‘ഓപറേഷന്‍ ദുര്യോധന’ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും. മറക്കരുത്. രാജ്യത്തെ 11 എം.പി മാര്‍ പാര്‍ലമെന്ററി അവകാശത്തെ ലക്ഷങ്ങള്‍ വാങ്ങി തൂക്കിവിറ്റതിന്റെ സംസാരിക്കുന്ന തെളിവുകള്‍ കോബ്ര ആജ്തക്കുമായി ചേര്‍ന്ന് പുറത്തുവിട്ടു. ചോദ്യക്കോഴ എന്ന് മലയാളം. ചോദ്യം ചോദിക്കുന്നതിന് കോഴ വാങ്ങല്‍. ഓരോ ചോദ്യവും അതിനുള്ള ഉത്തരവും ഓരോ കോര്‍പറേറ്റുകളുടെ താല്‍പര്യമായിരുന്നു.

അജ്ഞാതനായ സാഹേബിന് വേണ്ടി ബാംഗ്ലൂര്‍ സ്വദേശിയായ യുവതിയെ നിരന്തരം നിരീക്ഷിച്ച അമിത് ഷായുടെ നിയമലംഘനം പിന്നീട് കോബ്ര പുറത്തുകൊണ്ടുവന്നു. നരേന്ദ്ര മോഡിക്ക് വേണ്ടിയായിരുന്നു, മോഡിയാണ് ആ സാഹേബെന്ന്, ഈ നടപടിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യം ഇളകിമറിഞ്ഞ രാഷ്ട്രീയ വിവാദത്തില്‍ ഏറെ വില കൊടുക്കേണ്ടി വന്നത് ബി.ജെ.പിയാണ്.

കോബ്ര തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. ഉദ്ധരണിയിലേക്ക് വരാം. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മൃഗീയമായ ആസൂത്രിത വംശഹത്യയായിരുന്നല്ലോ ഗുജറാത്തിലേത്. കരഞ്ഞുവിളിച്ചോടിയ ആയിരക്കണക്കിന് നിരാലംബരെ കൊന്നൊടുക്കിയ പൈശാചികത. ഒട്ടും യാദൃച്ഛികമായിരുന്നില്ലല്ലോ ആ കൂട്ടക്കുരുതികള്‍. നരേന്ദ്ര മോഡി റെജിമെന്റിന്റെ വിഭാഗീയ സാമ്പത്തിക ഭരണമാണല്ലോ ആ കുരുതികള്‍ക്ക് വിത്തിട്ടത്. ഗുജറാത്ത് വംശഹത്യയുടെ സാമ്പത്തിക ശാസ്ത്രം സൂക്ഷ്മമായി പഠിക്കപ്പെട്ടിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് പ്രഭാത് പട്‌നായിക്ക് 2013 ഡിസംബറില്‍ പീപ്പിള്‍സ് ഡെമോക്രസിയില്‍ എഴുതിയ ഏൗഷമൃമ’േ െഋരീിീാശര ഠൃമഷലരീേൃ്യ എന്ന ദീര്‍ഘ പഠനം വായിക്കാം. ഫാഷിസ്റ്റ് സ്വഭാവമുള്ള ഭരണകൂടങ്ങളുടെ വിഭജിച്ച് ഭരിക്കലിന്റെ സാമ്പത്തിക ശാസ്ത്രമാണ് ആ ലേഖനം ( https://archives.peoplesdemocracy.in/2014/1229_pd/12292013_eco.html).

ഗോധ്രയിലെ ദുരൂഹമായ ഒരു തീവെപ്പും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും കമ്പോട് കമ്പ് എഴുതപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് താളുകള്‍ വരുന്ന വസ്തുതാന്വേഷണങ്ങള്‍. ജീവന്‍ പണയം വെച്ച് ടീസ്ത സെതല്‍വാദ് ഉള്‍പ്പടെയുള്ള ധീരരും ജനാധിപത്യ വിശ്വാസികളുമായ മനുഷ്യര്‍ നടത്തിയ പോരാട്ടങ്ങളുടെ നാള്‍വഴികളും അച്ചടിക്കപ്പെട്ടിട്ടുണ്ട്. ജീവന്‍ കയ്യിലെടുത്ത് പിടിച്ച് ആശിഷ് ഖേതാന്‍ എന്ന പത്രപ്രവര്‍ത്തകന്‍ ശേഖരിച്ച, ആസൂത്രിത ചെയ്തികളുടെ ശബ്ദിക്കുന്ന ദൃശ്യങ്ങള്‍ ചരിത്രത്തിലുണ്ട്. വയോധികനായ ഒരു പാര്‍ലമെന്റംഗം ഇഹ്‌സാന്‍ ജഫ്രി കൊല്ലപ്പെട്ടതിന്റെയും, ‘നായേ നീ ഇപ്പോഴും ജീവനോടെയുണ്ടോ’ എന്ന ഒരലറിവിളിയുടെയും മൊഴികള്‍ ചരിത്രത്തിലുണ്ട്. കുത്ബുദ്ദീന്‍ അന്‍സാരിയുടെ വിതുമ്പുന്ന കൂപ്പുകൈ ദൃശ്യത്തിലുണ്ട്.

പക്ഷേ, നിങ്ങള്‍ ശ്രദ്ധിച്ചോ? അതിവേഗത്തിലുള്ള ആള്‍ക്കൂട്ട മറവിയുടെ പിടിയിലാണ് ഇന്ന് ആ വിലാപങ്ങള്‍. കടിച്ചുകീറപ്പെട്ട പെണ്ണുങ്ങളുടെ കരച്ചില്‍ ഈ സംഭാഷണത്തിന്റെ തുടക്കത്തില്‍ നമ്മള്‍ തൂക്കിയിട്ടത് നമ്മളെങ്കിലും അതൊന്നും മറക്കരുത് എന്ന് പറയാനാണ്. പക്ഷേ, മറക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ പൈശാചികമായ ഹത്യകളുടെ ആസൂത്രകര്‍ ഒന്നൊന്നായി കുറ്റവിമുക്തരാക്കപ്പെടുന്നത് കണ്ടുവോ? മായാബെന്‍ കോട്‌നാനിയുടെ അവസാനത്തെ ചിരി കണ്ടുവോ? ദുരൂഹതകളുടെ തമ്പുരാനായിരുന്ന അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രി ഇപ്പോള്‍ ആരാണ്? കസ്റ്റഡി മരണത്തിന്റെ കറപോലും ആഭ്യന്തരമന്ത്രിയുടെ കൈകളിലാണെന്ന് നാഴികക്ക് നാല്‍പത് വട്ടം പ്രഘോഷിക്കുന്ന മാധ്യമങ്ങള്‍ക്ക്, രണ്ട് ലക്ഷം പേര്‍ ഭവന രഹിതരായ, ആയിരക്കണക്കിനാളുകള്‍ െകാല്ലപ്പെട്ട, നൂറ് കണക്കിന് സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ട ഒരു കലാപകാലത്ത്, പൊലീസിന്റെയും ജില്ലാ ഭരണകൂടങ്ങളുടെയും നിശബ്ദ സമ്മതമുള്ള കൊലകളെന്ന് സ്ഥാപിക്കപ്പെട്ട കലാപത്തിന് ഗുജറാത്ത് ആഭ്യന്തരമന്ത്രിയില്‍ ഒരു ഉത്തരവാദിത്തവും ആരോപിക്കാനില്ലേ? പക്ഷേ, ആ ചോദ്യം ഉയരാത്തത് കണ്ടോ? ആ കൂട്ടക്കൊലക്കാലത്ത് ഗുജറാത്ത് ഭരിച്ചിരുന്ന മുഖ്യമന്ത്രിയുടെ പേര് നരേന്ദ്ര മോഡി എന്നാണെന്നത് നമ്മള്‍ മറന്നത് കണ്ടോ?
എങ്ങനെയാണ് ഇത് സംഭവിക്കുന്നത്. മാര്‍ഷല്‍ മക്‌ലൂഹനെ ഓര്‍ക്കാം. 1964-ല്‍ മക്‌ലൂഹനെഴുതിയ Understanding Media: The Extensions of Man എന്ന പാഠപുസ്തകം ഓര്‍ക്കാം. മീഡിയ ഈസ് ദ മെസേജ് എന്ന പ്രവചനത്തെ ഓര്‍ക്കാം. മക്‌ലൂഹന് കാല്‍നൂറ്റാണ്ടിനിപ്പുറം പുറത്തുവന്ന Manufacturing Consent: The Political Economy of the Mass Media എന്ന ഗ്രന്ഥത്തെ ഓര്‍ക്കാം. സമ്മതങ്ങളുടെ നിര്‍മിതിയില്‍ മാധ്യമങ്ങള്‍ എങ്ങനെ ഇടപെടുന്നു എന്നതിന്റെ സാമൂഹിക ശാസ്ത്രമാണ് നോം ചോംസ്‌കിയും എഡ്വേര്‍ഡ് ഹെര്‍മനും ചേര്‍ന്ന് ലോകത്തെ തെര്യപ്പെടുത്തിയത്. അമേരിക്കന്‍ രാഷ്ട്രീയ കാലാവസ്ഥയെ, പൊതുബോധത്തെ മീഡിയ എങ്ങനെ ഉപയോഗിക്കുന്നു എന്നും, രാഷ്ട്രീയ നേതൃത്വം മീഡിയയെ എങ്ങനെ ഉപയോഗിക്കുന്നു എന്നും ആ പുസ്തകത്തിലുണ്ട്. മാധ്യമ പഠിതാക്കളും രാഷ്ട്രീയതല്‍പരരും വായിക്കണം രണ്ട് പുസ്തകങ്ങളും.

വായിക്കാന്‍ പറഞ്ഞത് ഇന്ത്യയില്‍ പതിനാറ് വര്‍ഷങ്ങള്‍കൊണ്ട് സംഭവിച്ച ഒരു സമ്മത നിര്‍മിതിയുടെ വേരുകള്‍ കാണാനാണ്. അതെ, ഇന്ത്യന്‍ ജനതക്ക് മേല്‍ നടന്ന ഒരു വൈചാരിക അട്ടിമറിയുെട കഥ. കൃത്യമായ ആസൂത്രണത്തോടെ രചിക്കപ്പെട്ട വാര്‍ത്തകള്‍, അഭിമുഖങ്ങള്‍, വ്യാജമായതും കാമ്പില്ലാത്തതുമായ സംഭവങ്ങളെ ആഘോഷിച്ച് എതിര്‍പ്പുകളെ സ്വീകാര്യതയാക്കി വളര്‍ത്തിയതിന്റെ കഥ. അവസാനം പറഞ്ഞത് ഒരു വരിയില്‍ വിശദീകരിക്കാം. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ സംഘപരിവാറിനും നരേന്ദ്ര മോഡിക്കും അമിത് ഷാക്കുമെതിരെ ഉയര്‍ന്നുവന്ന കാമ്പുള്ള, നിലനില്‍ക്കുന്ന ഒരു വിമര്‍ശനം അഥവാ ഒരെതിര്‍പ്പ് നിങ്ങള്‍ക്ക് ചൂണ്ടിക്കാട്ടാമോ? എന്നാല്‍ എതിര്‍പ്പുണ്ടായില്ലേ? ഉണ്ടായി. അവ ആഘോഷിക്കപ്പെട്ടില്ലേ? ആഘോഷിക്കപ്പെട്ടു. പക്ഷേ, ഒടുവിലോ ആ എതിര്‍പ്പുകള്‍, ആ വിയോജനങ്ങള്‍ ഒടുങ്ങിപ്പോയില്ലേ? ആ വിയോജനങ്ങള്‍ പോകെപ്പോകെ മോഡിയുടെയും ഗുജറാത്തിലെ അന്നത്തെ ആഭ്യന്തരമന്ത്രി അമിത്ഷായുടെയും മഹത്വനിര്‍മിതിക്ക് കാരണഭൂതമായില്ലേ?

സംഭവിച്ചത് അതാണ്. സ്വാഭാവികമായി സംഭവിച്ചതല്ല. സംഭവിക്കപ്പെട്ടതാണ്. ഇന്ത്യന്‍ മാധ്യമങ്ങളിലെ മുഖ്യധാരകളില്‍ ചിലത് ആസൂത്രിതമായി നടത്തിയ പണി(പണം വാങ്ങിയാണ് അത് നടത്തിയതെന്ന് ഈ സംഭാഷണത്തിന്റെ ക്ലൈമാക്‌സ്). ബാക്കി ധാരകള്‍ ചെന്നുപെട്ട കെണി. മുളച്ചുപൊന്തിയ പുത്തന്‍ ചാനലുകളും അര്‍ണബിന്റെ പലതരം പ്രേതങ്ങളും ചേര്‍ന്നുണ്ടാക്കിയ അരങ്ങൊരുക്കല്‍. 2014-ലെ അധികാരോഹണം സാധ്യമാക്കിയത് ആ നിര്‍മിതിയാണ്. കേംബ്രിഡ്ജ് അനലിറ്റിക്കയൊെക്ക നാണിച്ചുപോകുന്ന വിവരശേഖരണവും ആസൂ്രതണമായിരുന്നു അത്. ഇസ്രായേല്‍ വേരുകളുള്ള ഹിറ്റ്‌ലറുടെ ബിംബനിര്‍മിതിയിലേക്ക് ശാഖകളുള്ള ഇമേജ് ബില്‍ഡിംഗ് കോര്‍പറേറ്റുകള്‍ ആളും അര്‍ഥവും നല്‍കി വിളയിച്ചെടുത്ത ഒന്ന്.

സംശയമുണ്ടെങ്കില്‍ 2014-ന് ശേഷം മോഡി നേരിട്ട പ്രസ്റ്റീജ് തിരഞ്ഞെടുപ്പായ ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പിലേക്ക് വരൂ. രാഹുല്‍ ഗാന്ധിയുടെ പടയോട്ടം പ്രഖ്യാപിക്കപ്പെട്ട അരങ്ങ്. രാഹുലും കോണ്‍ഗ്രസും അഭൂതപൂര്‍വമായ ഊര്‍ജത്തോടെ പടക്കിറങ്ങിയ ആ തിരഞ്ഞെടുപ്പില്‍ നമ്മള്‍ ഈ ലേഖനത്തിന്റെ തുടക്കത്തില്‍ തൂക്കിയിട്ട ആ വിലാപങ്ങളെ ആരെങ്കിലും ഓര്‍മിച്ചുവോ?. ഇന്ത്യന്‍ ഭരണകൂടം ഫാഷിസത്തിന്റെ സര്‍വ ലക്ഷണങ്ങളും പ്രകടമാക്കിത്തുടങ്ങിയതിന് ശേഷം, അസഹിഷ്ണുതയുടെ ആളിക്കത്തലില്‍ രാജ്യമാകെയുള്ള മനുഷ്യര്‍ പിടഞ്ഞു വീഴുമ്പോള്‍ നടന്ന ആ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ഫാഷിസത്തിന്റെ ആദ്യത്തെ ഗ്യാസ് ചേംബര്‍ പരീക്ഷണം ഒരു തിരഞ്ഞെടുപ്പ് വിഷയമാകാതിരുന്നത് എന്തുകൊണ്ടാണ്? രാജ്യത്തെ വന്‍കിട മാധ്യമങ്ങളിലൊന്നിലും ഗുജറാത്ത് കലാപം സ്ഥാനം പിടിക്കാതിരുന്നത് എന്തുകൊണ്ട്? കുത്ബുദ്ദീന്‍ അന്‍സാരിയുടെ കൂപ്പുകൈ പോസ്റ്ററാവാതിരുന്നത് എന്തുകൊണ്ട്? രാഹുല്‍ ഗാന്ധി ഒറ്റ പ്രസംഗത്തിലും ആ ദിവസങ്ങളെ ഓര്‍മിക്കാത്തത് എന്ത്? സംശയമില്ല, സമ്മത നിര്‍മിതി എന്നത് ചെറിയ കളിയല്ല. അത് മാധ്യമങ്ങളിലൂടെ നിര്‍വഹിക്കപ്പെട്ട് കഴിഞ്ഞാല്‍ അതീവ ജാഗ്രതയുണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് അതിജീവിക്കാനാവൂ.

ഇങ്ങനെ സംഭവിച്ചുകഴിഞ്ഞ ഒരു സമ്മതനിര്‍മിതിക്ക് പിന്നിലെ കൊടും അഴിമതിയുടെ കഥയാണ്, ഹിന്ദുത്വക്ക് വേണ്ടി മാധ്യമങ്ങള്‍ നടത്തിയ പിംപിങ്ങിന്റെ കഥയാണ് കോബ്രാ പോസ്റ്റ് നമ്മളോട് പറഞ്ഞത്. പണത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയാറായ മാധ്യമങ്ങള്‍. വിഷലിപ്തമായ പ്രചാരണത്തിന് മടിക്കാത്ത മാധ്യമങ്ങള്‍. ടൈംസ് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ ഒളിക്യാമറയുമായി വന്ന കോബ്രയുടെ റിപ്പോര്‍ട്ടറോട് അത് പച്ചക്ക് പറയുന്നുണ്ട്. ടൈംസ് ഗ്രൂപ്പാണ് ഇന്ത്യന്‍ മാധ്യമ മൂലധനത്തിന്റെ മുക്കാല്‍ പങ്കും ഭരിക്കുന്നത് ; പല രൂപത്തില്‍. ജെയിന്‍ പറയുന്നു: ‘Aur bhi businessmen honge jo humein cheque denge aap unhe cash de do’ (There are other businessmen who would give us cheque against the cash you may give them), കടപ്പാട് The Wire. (ദ ഹിന്ദുവിനോട് രാഷ്ട്രീയമായി ഇടഞ്ഞ് സിദ്ധാര്‍ഥ് വരദരാജന്‍ എന്ന ഉഗ്രന്‍ പത്രാധിപര്‍ പുറത്ത് പോയി ഉണ്ടാക്കിയതാണ് ദ വയര്‍. ഇന്ത്യന്‍ ജനാധിപത്യം മുമ്പെന്ന പോലെ ഇപ്പോഴും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു). കോബ്ര പറയുന്നത് കേള്‍ക്കാം.
ഹിന്ദുസ്ഥാന്‍ ടൈംസിന്റെ വൈസ് പ്രസിഡന്റ് അവനീഷ് ബന്‍സല്‍ പറഞ്ഞത് കേട്ടോ? നിങ്ങള്‍ കോടികള്‍ തന്നാല്‍ എഡിറ്റോറിയല്‍ പോളിസി അതിന്റെ സമ്മര്‍ദ്ദത്തിന് തീര്‍ച്ചയായും വിധേയമാകുമെന്ന്. റിപ്പോര്‍ട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒരു നല്ല പി ആര്‍ ഏജന്‍സിയെ നിയോഗിക്കണമെന്ന ഉപദേശവും അദ്ദേഹം നല്‍കുന്നുണ്ട്. (Mera personal suggestion yeh hai, I am sure media strategy is a very very big part of Sangh strategy, so you should attack in two ways. One is tying up with media houses, so if you are giving me a couple of crore rupees to talk positive about you, automatically my editorial is under pressure not to go deep negative … Keep funding the media house so agar hum ek positive cheez ke liye fund kar rahe hain, they will refrain form being go deep negative, but they can’t ignore a news).

ഇന്ത്യാ ടുഡേ, സീ ന്യൂസ്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, സ്റ്റാര്‍ ഇന്ത്യ, എ ബി പി, ഏഷ്യാനെറ്റിന്റെ സഹോദരസ്ഥാപനമായ സുവര്‍ണ ന്യൂസ്, ദിനമലര്‍, ഓപ്പണ്‍ മാഗസിന്‍ തുടങ്ങി രാജ്യത്തെ പ്രബലമായ 25 മീഡിയ ഹൗസുകളെയാണ് കോബ്ര മറനീക്കുന്നത്. ‘Crony journalism and the search for revenue made for a lethal cocktail’ ചങ്ങാത്ത ജേണലിസവും പണക്കൊതിയും ചേര്‍ന്ന് മാരകമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അനിരുദ്ധ.

മാധ്യമ ധാര്‍മികത, മാധ്യമ വിശ്വാസ്യത തുടങ്ങിയ ലളിത സമവാക്യങ്ങള്‍കൊണ്ട് പൂരിപ്പിക്കേണ്ട ഒന്നല്ല കോബ്രയുടെ വെളിപ്പെടുത്തല്‍. ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു എന്നതിലേക്കുള്ള ചൂണ്ടു പലകയാണ്. പക്ഷേ, അത് അട്ടിമറിക്കപ്പെട്ടുവെന്ന് നമുക്ക് അറിയാവുന്നതിനാല്‍ നടുക്കമില്ല എന്നുമാത്രം. എന്തുകൊണ്ട് ഗുജറാത്ത് വിലാപങ്ങള്‍ വിസ്മരിക്കപ്പെടുന്നു എന്ന് ഇപ്പോള്‍ മനസിലായില്ലേ?

കേരളത്തിലേക്ക് വരാം. ജനാധിപത്യത്തിനും മാധ്യമസാക്ഷരതക്കും പേരുകേട്ട മലയാള മാധ്യമങ്ങളിലെ മുക്കാല്‍ പങ്കും ഈ ഭീകരമായ മാധ്യമ അഴിമതിയെ തമസ്‌കരിച്ചതെന്ത്? സമ്മതങ്ങളുടെ നിര്‍മിതിയും മാധ്യമ അഴിമതിയും ഇവിടെ നടക്കുന്നില്ല എന്നാണോ? ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്റര്‍ പി.എം മനോജ് എഴുതുന്നു: ”വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് ബിജെപിക്ക് അനുകൂല തരംഗമുണ്ടാക്കാന്‍ പണംവാങ്ങി വ്യാജവാര്‍ത്ത നല്‍കാന്‍ തയ്യാറായത് രാജ്യത്തെ 25 മാധ്യമങ്ങളാണ്. ‘വന്‍ ബിസിനസ് അവസരം’ വാഗ്ദാനം ചെയ്തപ്പോള്‍ എല്ലാ വാതിലും ഈ മാധ്യമങ്ങള്‍ തുറന്നുനല്‍കിയെന്ന് കോബ്രപോസ്റ്റ് വീഡിയോ സഹിതമാണ് തെളിയിച്ചത്. അത്തരം പരിപാടി ഇവിടെ നടക്കുന്നില്ല എന്ന് എന്താണുറപ്പ്?” അതിനാല്‍ വളരെ സൂക്ഷിച്ച് വാര്‍ത്ത കാണുക, വാര്‍ത്ത കേള്‍ക്കുക, വാര്‍ത്ത വായിക്കുക. ചരിത്രത്തിലെ ഉദ്ധരണികളെയും വിലാപങ്ങളെയും മറക്കാതിരിക്കുക.

കെ കെ ജോഷി

You must be logged in to post a comment Login