കാല്‍ചങ്ങലയും കാല്‍ചോട്ടിലെ സ്വര്‍ഗവും


 

നിസാമുദ്ദീന്‍ പള്ളിയത്ത്

    നവകൊളോണിയലിസത്തിന്റെ വെട്ടിവിഴുങ്ങലുകളെ പ്രശ്നവത്കരിക്കുന്ന സ്ത്രീ പ്രതിനിധാനങ്ങള്‍ നമ്മുടെ കാലത്ത് എത്രയെങ്കിലുമുണ്ട്; കൂടങ്കുളത്തെപ്പോലെ കരള്‍ കയ്യിലെടുത്തു കൊണ്ട് നീതിക്കു വേണ്ടി വിളിച്ചാര്‍ക്കുന്ന എത്രയോ അമ്മമാരും പെങ്ങ•ാരും. എന്നാല്‍ മീഡിയ ഇത്തരക്കാരെയല്ല കാണുന്നത്. സാമ്രാജ്യത്വത്തിന്റെ കരാളത മറച്ചുവെക്കുകയും എന്നാല്‍ ഇസ്ലാമിന്റെ ‘കരാളതയും’ ‘പുരുഷാധിപത്യ’വും തുറന്നു കാട്ടുകയും ചെയ്യുന്ന പെണ്ണുങ്ങളെയാണ് മീഡിയ കയ്യിലെടുത്തു കാണിക്കുന്നത്. ഇങ്ങനെ മീഡിയയുടെ തലോടല്‍ കിട്ടുന്ന സ്ത്രീകളുടെ പഴയ കാലത്തെ ചില പ്രതിനിധാനങ്ങളെ അവതരിപ്പിക്കുകയാണ് ലേഖകന്‍.

           മക്കയിലെ ഖുറൈശികളില്‍ പെട്ടൊരു നെയ്ത്തുകാരി (റയ്ഥബിന്‍ത് സഅ്ദ്), ലൂത്വ്നബി(അ)ന്റെ ഭാര്യ, നൂഹ്നബി(അ)ന്റെ ഭാര്യ, അബൂലഹബിന്റെ ഭാര്യ ഉമ്മുജമീല്‍ തുടങ്ങിയ ഖുര്‍ആനിലെ അധര്‍മ്മകാരികളായ ചില സ്ത്രീകള്‍ മീഡിയയുടെ താരാട്ട് കിട്ടുന്ന പുതുകാലത്തെ ചില പെണ്‍ പ്രതിനിധാനങ്ങളെ പ്രശ്നവത്കരിക്കുന്നുണ്ട്. കരിയറിസം, ആക്ടിവിസം, അരാഷ്ട്രീയത, വ്യക്തിവാദം തുടങ്ങിയവ ഇത്തരം പെണ്ണുങ്ങളുടെ സവിശേഷ സ്വഭാവങ്ങളാണ്. മേല്‍പറയപ്പെട്ട പെണ്ണുങ്ങള്‍ പഴയകാല പ്രൊഫഷണലുകളോ മീഡിയ വാഴ്ത്തുന്ന രീതിയിലുള്ള ആക്ടിവിസ്റുകളോ ആണ്. വഞ്ചന, ചാപല്യം, അക്രമം എന്നിവയൊക്കെയാണിവരുടെ കരിയറിസത്തിന്റെയും ആക്ടിവിസത്തിന്റെ രാഷ്ട്രീയത്തിന്റെയും പ്രധാന മേഖലയെന്ന് ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു.

         വാഗ്ദത്തലംഘനത്തിനും, സത്യഭര്‍ത്സനത്തിനുമുള്ള ഉപമയെന്നോണമാണ് നെയ്ത്തുകാരിയെ ഖുര്‍ആന്‍ കൊണ്ടുവരുന്നത്. ലൂഥ്നബി(അ), നൂഹ് നബി(അ) തുടങ്ങി ചരിത്രം കണ്ട വലിയ പ്രവാചക•ാരോടൊപ്പം ജീവിക്കാന്‍ കഴിഞ്ഞിട്ടും അവരെ വിശ്വസിക്കാന്‍ കഴിയാതിരിക്കുകയും, പകരം പ്രവാചക•ാര്‍ക്കെതിരെ അവിശ്വാസികളോടൊപ്പം ചേരുകയും കരുക്കള്‍ നീക്കുകയും ചെയ്തവരാണ്. ഭര്‍തൃമതത്തിന്റെ തണലില്‍ നിന്ന് പ്രവാചകര്‍ (സ)ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടുകയോ വിദ്വേഷം പ്രചരിപ്പിക്കുകയോ ചെയ്യുന്ന മറ്റൊരു സ്ത്രീ ആക്ടിവിസ്റാണ് അബൂലഹബിന്റെ ഭാര്യ ഉമ്മുജമീല്‍.

   മക്കയിലെ നെയ്ത്തുകാരി അരാഷ്ട്രീയതയുടെയും, അയുക്തിയുടെയും പ്രതീകമായൊരു പെണ്‍ പ്രഫഷണലാണെങ്കില്‍ മറ്റു മൂന്നു സ്ത്രീകള്‍ വഞ്ചനകൂടി കൈമുതലായുള്ളവരായിരുന്നു. ഇവരുടെ ചരിത്രം ഖുര്‍ആനില്‍ നിന്നും, വ്യാഖ്യാനങ്ങളില്‍ നിന്നും ഗ്രഹിക്കാന്‍ ശ്രമിക്കുമ്പോള്‍, പരിഷ്കൃത കാലത്ത് സാമ്രാജ്യത്വത്തിന്റെ പെണ്ണാശയങ്ങള്‍ക്കായി പാറിപ്പറന്നു നടക്കുന്ന പെണ്ണുടലുകളോട് ഇവര്‍ക്ക് ഏറെ സാമ്യങ്ങളുള്ളതായി കാണാനാവും.

നെയ്ത്തുകാരി

വാഗ്ദത്തലംഘനത്തെക്കുറിച്ചും വഞ്ചനയെക്കുറിച്ചുമൊക്കെ വിശ്വാസികളെ ഉദ്ബോധിപ്പിക്കുമ്പോഴാണ് ഖുര്‍ആന്‍ നെയ്ത്തുകാരിയെക്കുറിച്ച് പറയുന്നത്.
“ഉറപ്പോടെ നൂല്‍നൂറ്റ ശേഷം തന്റെ നൂല്‍ പല ഇഴകളായി പിരിച്ചുകളയുന്ന പെണ്ണിനെപ്പോലെ തകരരുത്.”1
മക്കയില്‍ ഖുറൈശി ഗോത്രത്തിലെ റയ്ഥബിന്‍ത് അസദ് എന്ന സ്ത്രീയെപ്പറ്റിയാണിപ്പറയുന്നത്. അവര്‍ ചര്‍ക്കയും, സൂചിയുമുപയോഗിച്ച് നൂല്‍ നൂല്‍ക്കും. കൂട്ടിന് വേറെയും വേലക്കാരികളുണ്ടാവും. പ്രഭാതം മുതല്‍ ഉച്ചവരെ ഇങ്ങനെ ചെയ്തശേഷം ഇഴകളായവ പിരിച്ചുകളയും.2 ഖുര്‍ആന്‍ ഉപമാരൂപത്തിലാണ് പറഞ്ഞതെങ്കിലും, റയ്ഥയെ അതേപടി പകര്‍ത്തിയിട്ടുണ്ട്.

റയ്ഥയെ ഉപയോഗപ്പെടുത്തി ഖുര്‍ആന്‍ നല്‍കുന്ന ഉപദേശങ്ങളെന്തൊക്കെയാണ്? വാഗ്ദത്തലംഘനമോ സത്യഭഞ്ജനമോ പാടില്ല. വാഗ്ദത്തലംഘനത്തിന് രണ്ടു സാധ്യതകളായിരുന്നു മക്കയിലന്നുണ്ടായിരുന്നത്. സ്വന്തം പക്ഷത്തെ ശക്തിയും ആള്‍ബലവും നല്‍കുന്ന അമിതമായ ആത്മവിശ്വാസത്താല്‍ മറുപക്ഷവുമായുള്ള ഉടമ്പടികളും മറ്റും മറന്നു കളയുകയെന്നതാണൊന്ന്. തങ്ങളെക്കാള്‍ ആള്‍ബലവും, കരുത്തും മറുപക്ഷത്ത് കാണുമ്പോള്‍ അപ്പുറത്തേക്ക് കൂടുമാറുകയാണ് മറ്റൊന്ന്. ഖുറൈശികള്‍ക്ക് രണ്ടാമത്തെ പ്രവണതയുണ്ടായിരുന്നു.3

വാഗ്ദത്തലംഘനത്തിന്റെ മേല്‍പറഞ്ഞ രണ്ടു രീതികള്‍ക്കും പൊതുവായ ചില സവിശേഷതകളുണ്ട്. ചപലത, അരാഷ്ട്രീയത, വഞ്ചന എന്നിവയൊക്കെയാണത്. ഇങ്ങനെയാവുമ്പോള്‍ ഇതിന് ഖുര്‍ആന്‍ നല്‍കുന്ന റയ്ഥബിന്‍ത് അസദിന്റെ ഉപമ പുതിയ പെണ്‍ജീവിതത്തിന്റെ ചപലതയ്ക്കും, അരാഷ്ട്രീയതയ്ക്കുമുള്ള ഉപമ കൂടിയാവുന്നു.

നെയ്ത്തുകാരി, നെയ്തെടുത്ത നൂല്‍പലക പൂര്‍വ്വസ്ഥിതിയിലേക്കു തന്നെ നൂലിഴകളായി പിന്‍മാറുന്നു. അതേ നൂല്‍കൊണ്ട് വീണ്ടും നൂല്‍ നൂല്‍ക്കുന്നു.4 തീരെ പുരോഗമനപരമല്ലാത്ത പ്രസ്തുത അവസ്ഥ പുതിയ പെണ്‍ജീവിതങ്ങളെയും വേട്ടയാടുന്നില്ലേ? ഫാഷനുകളും, സൌന്ദര്യ വര്‍ദ്ധകവസ്തുക്കളും, പ്രണയവുമൊക്കെയാവുമ്പോള്‍ പെണ്‍ജീവിതം അടിമാവസ്ഥയില്‍ തന്നെ പ്രതിലോമപരമായി ആവിഷ്കരിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇതിലൂടെ പെണ്‍ജീവിതം പുരുഷന്റെ നോട്ടസ്ഥലം തന്നെയാണെന്നുറപ്പിക്കപ്പെടുകയാണ്.

ലൂത്വ്നബി(അ)ന്റെ ഭാര്യ
ലൂത്വ് നബി(അ)നെയും ആ സമൂഹത്തെയും കുറിച്ച് പറയുമ്പോള്‍ ഖുര്‍ആനില്‍ പലയിടങ്ങളിലായി പ്രവാചകന്റെ ഭാര്യ കടന്നു വരുന്നുണ്ട്. “അവര്‍ (മാലാഖമാര്‍) പറഞ്ഞു: ലൂത്വേ, തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ രക്ഷിതാവിന്റെ ദൂത•ാരാണ്. അവര്‍ക്ക് (ജനങ്ങള്‍ക്ക്)നിന്റെ അടുത്തേക്കെത്താനാവില്ല. ആകയാല്‍ നീ രാത്രിയുടെ ഒരു യാമത്തില്‍ നിന്റെ കുടുംബത്തെയും കൂട്ടിപ്പോവുക. നിങ്ങളുടെ കൂടെയുള്ളവരാരും തിരിഞ്ഞു നോക്കരുത്. നിന്റെ ഭാര്യ ഒഴികെ. തീര്‍ച്ചയായും അവര്‍ക്ക് വന്നുഭവിച്ച ശിക്ഷ അവള്‍ക്കും വന്നു ഭവിക്കുന്നതാണ്.”5

ലൂത്വ്നബി(അ)ന്റെ ഭാര്യ അദ്ദേഹത്തെ അവിശ്വസിച്ചു. അപമാനിച്ചു. അവള്‍ ഭൂരിപക്ഷത്തോടൊപ്പം ചേര്‍ന്നു നിന്നു; സുഖസൌകര്യങ്ങളോടൊപ്പം. മാത്രമല്ല, ലൂത്വ് നബി(അ)ന്റെയടുത്ത് വരുന്ന അതിഥികളെപ്പറ്റി സ്വവര്‍ഗാനുരാഗികള്‍ക്ക് വിവരം കൊടുക്കലായിരുന്നു അവളുടെ പണി.6 അല്ലാഹുവിന്റെ ദൂതന്‍മാര്‍ വന്ന് ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുമ്പോള്‍ ഭാര്യയെക്കുറിച്ച് പ്രത്യേകം പറയുന്നു. വ്യത്യസ്ത പാരായണങ്ങള്‍ പരിഗണിച്ച്, ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കുടുംബത്തെയും കൂട്ടി യാത്ര പുറപ്പെടാന്‍ ആവശ്യപ്പെടുമ്പോള്‍ ഭാര്യയെ ഒഴിവാക്കുന്നുവെന്നും, യാത്രയില്‍ ഭാര്യയെ ഒഴിവാക്കുന്നില്ലെങ്കിലും അവര്‍ സമുദായത്തിനൊപ്പം ശിക്ഷയ്ക്ക് വിധേയയാവുന്നുവെന്നും അര്‍ത്ഥം കിട്ടുന്നു.7

ഖതാദ(റ)ല്‍ നിന്നുള്ള നിവേദനം: “ഗ്രാമത്തില്‍ നിന്നു പുറപ്പെടുമ്പോള്‍ ലൂത്വ്നബി(അ)ന്റെ ഭാര്യ ഒപ്പമുണ്ടായിരുന്നു. ശിക്ഷയുടെ ശബ്ദം കേട്ടപ്പോള്‍ അവര്‍ തിരിഞ്ഞു നോക്കി. അവര്‍ പറഞ്ഞു : ‘സമുദായമേ’, അവര്‍ക്കു നേരെ അന്നേരം ഒരു കല്ല് പതിച്ചു. അതവരെ കൊന്നുകളഞ്ഞു”.8

ലൂത്വ് നബി(അ)ന്റെ ഭാര്യയെക്കുറിച്ച് പറയുന്നിടത്ത് ചേര്‍ത്തുപറയുന്നു: ‘അവര്‍ അവശേഷിച്ചവരില്‍ പെട്ടതാണ്’ എന്ന്. നശിച്ചവരില്‍ പെട്ടതാണ് എന്നര്‍ത്ഥം കൂടി അതിന് നല്‍കാന്‍ ശ്രമിക്കാറുണ്ട്.9 ഇവിടെയും അവര്‍ ഗ്രാമത്തില്‍ തന്നെ അക്രമകാരികളായ സമുദായത്തിനൊപ്പം താമസിച്ചുവെന്നും, ലൂത്വ് നബി(അ)നൊപ്പം പുറപ്പെട്ടുവെങ്കിലും ശിക്ഷയില്‍ അവശേഷിച്ച സമുദായത്തിനൊപ്പം ചേരേണ്ടി വന്നുവെന്നും രണ്ടു സാധ്യതകള്‍ വ്യാഖ്യാതാക്കള്‍ നല്‍കുന്നു.9

ഭര്‍ത്താവും കുടുംബവും ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി പുറപ്പെടുമ്പോഴും, പ്രദേശ വാസികളോടൊപ്പം കഴിയുക/ ഭര്‍ത്താവിനും, കുടുംബത്തിനുമൊപ്പം യാത്ര പുറപ്പെടുമ്പോള്‍ അന്യരും, അതിക്രമകാരികളുമായ ഒരു സമൂഹത്തിന് ശിക്ഷയിറങ്ങിയതില്‍ വിലപിക്കുക തുടങ്ങിയ നിലപാടിന്റെ രാഷ്ട്രീയമെന്താണ്? ഭര്‍ത്താവ്, കുടുംബം, മതം എന്നിവയെക്കാള്‍ മുഖ്യധാരയോ സാമൂഹിക വൈകല്യങ്ങളോ തലക്കുപിടിച്ച ഒരു പെണ്ണിനെ ലൂത്വ്നബി(അ)ന്റെ ഭാര്യയിലും കാണാനാവുന്നില്ലേ? ഭര്‍ത്താവ്, കുടുംബം, മതം, എന്നിവയെ പ്രതിസ്ഥാനത്തു നിര്‍ത്തി ഉറഞ്ഞു തുള്ളുന്ന റാഡിക്കല്‍ ഫെമിനിസ്റുകളെയും ഭര്‍ത്താവ്, കുടുംബം, മതം എന്നിവയെ ലളിതവത്കരിച്ച് വ്യക്തിവാദത്തിന്റെ മേച്ചില്‍പുറങ്ങള്‍ തേടുന്ന സ്ത്രീ മോഡലുകളെയും പരിഷ്കാരികളെയും ലൂത്വ്നബി(അ)ന്റെ ഭാര്യ പ്രതിനിധാനം ചെയ്യുകയോ വിഷയമാക്കുകയോ ചെയ്യുന്നുണ്ടെന്നതാണ് സത്യം.

ലൂത്വ് നബി (അ)ന്റെ സ്വവര്‍ഗാനുരാഗികളായ സമൂഹത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി വീട്ടിലെ അതിഥികളെക്കുറിച്ച് അവര്‍ക്ക് സൂചന നല്‍കാറുണ്ടായിരുന്നു. വഞ്ചനയെന്ന് ഖുര്‍ആന്‍ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. സ്വര്‍വഗാനുരാഗമെന്നത് പ്രസ്തുത സമൂഹത്തിന്റെ ‘പുരോഗമനപര’മായ പ്രവണതയാണ്. ലൂത്വ്നബി(അ) അത് സൂചിപ്പിക്കുന്നത് ഖുര്‍ആന്‍ പറയുന്നുണ്ട്.11 ലൂത്വ്നബി(അ)ന്റെ ഭാര്യ പുതിയ പ്രവണതതയ്ക്ക് അരിക് നില്‍ക്കുകയും സഹായിക്കുകയുമാണുണ്ടായത്. സ്വതന്ത്ര ലൈംഗികത, നഗ്നതാ പ്രദര്‍ശനം തുടങ്ങിയ ആധുനികപ്രവണതകളെ വാരിപ്പുണരുന്ന വെളുത്ത സ്ത്രീവാദികളും (ണവശലേ ളലാശിശ) പുതിയ പ്രവണതകള്‍ കണ്ട് നിലനില്‍ക്കുന്ന വ്യവസ്ഥിതിയില്‍ തങ്ങള്‍ക്കനുയോജ്യമായ പരിണാമങ്ങളാവശ്യപ്പെടുന്ന ‘ഇസ്ലാമിസ്റ് ഫെമിനിസ്റു’കളും ലൂത്വ്നബി(അ)ന്റെ ഭാര്യയുടെ നിലപാടുകാരാണ്.

നൂഹ്(അ)ന്റെ ഭാര്യ
വിശ്വാസികള്‍ക്കൊപ്പം ജീവിക്കുന്ന അവിശ്വാസികളുടെ ഉപമയായിട്ടാണ് നൂഹ്നബി(അ)ന്റെ ഭാര്യയെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത്. ലൂത്വ് നബി(അ)ന്റെ ഭാര്യയോടൊപ്പം ചേര്‍ത്താണിവരെ ഉപമിക്കുന്നത്. അക്രമകാരികളും, അവിശ്വാസികളുമായ സമുദായവുമായുള്ള ചങ്ങാത്തം തന്നെയാണിവരെയും വഴിപിഴപ്പിച്ചത്.

“സത്യനിഷേധികള്‍ക്ക് ഉദാഹരണമായി നൂഹിന്റെ ഭാര്യയെയും ലൂത്വിന്റെ ഭാര്യയെയും അല്ലാഹു ഇതാ എടുത്തു കാണിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും നമ്മുടെ ദാസ•ാരില്‍ പെട്ട സദ്വൃത്തരായ രണ്ടു ദാസ•ാരുടെ കീഴിലായിരുന്നു. എന്നിട്ട് അവരെ രണ്ടുപേരെയും ഇവര്‍ വഞ്ചിച്ചു കളഞ്ഞു”.12
നൂഹ് നബി(അ)ന്റെ കാലത്ത് വിശ്വാസികളുടെ നീക്കങ്ങളെപ്പറ്റി അവിശ്വാസികളായ ക്രൂരമനസ്കര്‍ക്ക് വിവരം നല്‍കുകയായിരുന്നു പ്രവാചകരുടെ ഭാര്യ.13 മതത്തെക്കുറിച്ച് അല്‍പജ്ഞാനം മാത്രമുള്ള ചില സ്ത്രീകള്‍ ഇസ്ലാമിലെ പെണ്ണുങ്ങളെക്കുറിച്ചും, ഇസ്ലാമിക് ഫെമിനിസത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്നത് മുഖ്യധാരയ്ക്ക് ഇസ്ലാമിനെ പ്രതിലോമപരമായി ചോര്‍ത്തിക്കൊടുക്കാന്‍ വേണ്ടിയാണ്. നൂഹ് നബി(അ)ന്റെ ഭാര്യയുടെ രീതിയാണിവരുടേത്.

അബൂലഹബിന്റെ ഭാര്യ, 
ഉമ്മുജമീല്‍
“തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ കടക്കും (അബൂലഹബ്); വിറകുചുമട്ടുകാരിയായ അവന്റെ ഭാര്യയും. അവളുടെ കഴുത്തില്‍ ഈത്തപ്പന നാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.”14
അബൂലഹബിന്റെ ഭാര്യ നരകത്തിലായിരിക്കുമെന്ന് സാരം. അധര്‍മകാരിയായിരുന്നു അവള്‍. വിറകുചുമട്ടുകാരിയെന്നാണവളെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. അവളുടെ വിദ്വേഷത്തെയോ, ഏഷണി സ്വഭാവത്തെയോ കുറിക്കാനുള്ള ആലങ്കാരിക പ്രയോഗമാണിതെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്. തിരുനബി(സ)യോടുള്ള വിദ്വേഷം കൊണ്ടുണ്ടാവുന്ന പാപങ്ങള്‍ നരകാഗ്നിയിലേക്കുള്ള വിറകായി അവള്‍ ചുമന്നിരിക്കുന്നുവെന്നോ, ശത്രുതയെ വീണ്ടും വീണ്ടും ജ്വലിപ്പിക്കുന്ന ഏഷണിയുടെ വിറക് ചുമന്നിരിക്കുന്നുവെന്നോ ഒക്കെ ഇതേപ്പറ്റി വ്യാഖ്യാനിക്കാം.

വചനത്തിന്റെ പ്രത്യക്ഷാര്‍ത്ഥം15 പരിഗണിക്കുമ്പോള്‍ മക്കയിലെ അവളുടെ ദൈനംദിന ജീവിതത്തിലേക്കാണ് ഖുര്‍ആന്‍ വെളിച്ചം വീശുന്നത്. തിരുനബി(സ)യോടുള്ള ശത്രുത മൂത്ത് മുട്ടിയും വിറകും മുള്ളും എടുത്തു കൊണ്ടുവന്ന് പ്രവാചകന്‍ പോവുന്ന വഴിക്ക് രാത്രി കാലങ്ങളില്‍ വിതറുന്നത് അവള്‍ക്കൊരു ഹരമായിരുന്നു.16
ആലങ്കാരികമാണെങ്കിലും അല്ലെങ്കിലും ഖുര്‍ആന്‍ വിറകു ചുമക്കുന്നവളെന്നും, കഴുത്തില്‍ ഈത്തപ്പന നാരു കൊണ്ടുള്ള കയര്‍ ധരിച്ചവളെന്നും പറഞ്ഞപ്പോള്‍ അവള്‍ രോഷാകുലയായി.

അസ്മാഅ്(റ)ല്‍ നിന്ന് നിവേദനം : അവര്‍ പറഞ്ഞു: തബ്ബത് യദാ അബീലഹബ് എന്ന സൂക്തം അവതരിപ്പിച്ചപ്പോള്‍ ഉമ്മു ജമീല്‍ വന്നു. നിലവിളിക്കുന്നുണ്ട് അവള്‍. കയ്യിലൊരു വടിയുണ്ട്. അവള്‍ തിരുനബിയുടെ പള്ളിയില്‍ കടന്നു വന്നു. നബി(സ) അബൂബക്കറിനോടൊപ്പം ഇരിക്കുകയായിരുന്നു അപ്പോള്‍. ചില കവിതാശകലങ്ങള്‍ പാടിയാണ് വരവ്. ഉടനെ അബൂബക്കര്‍ (റ) പറഞ്ഞു:
“അവള്‍ അങ്ങയെ തേടിയാണ് വരുന്നത്. കാണുമോ? എനിക്ക് പേടിയുണ്ട്.”
“ഇല്ല, അവള്‍ എന്നെ കാണില്ല.”
എന്നിട്ട് റസൂല്‍ ഖുര്‍ആനില്‍ നിന്നൊരു വചനമോതി. അബൂബക്കര്‍(റ)ന്റെ അടുത്തു വന്ന് അവള്‍ ചോദിച്ചു :
“താങ്കളുടെ സുഹൃത്ത് എന്നെ ആക്ഷേപിച്ചല്ലോ.”
“ഇല്ല, കഅ്ബയുടെ രക്ഷിതാവിനെ തന്നെ സത്യം. അവിടുന്ന് ആക്ഷേപിച്ചിട്ടില്ല.”
അവള്‍ പിന്തിരിഞ്ഞു. തിരിച്ചു പോവുമ്പോള്‍ അവള്‍ പറയുന്നുണ്ടായിരുന്നു.
“ഖുറൈശികള്‍ക്കറിയാം, ഞാന്‍ അവരുടെ നേതാവിന്റെ മകളാണെന്ന്.” (ഖുര്‍ആന്ന് ‘അധിക്ഷേപം’ എന്നു പേര് പറയപ്പെടില്ലെന്ന വ്യംഗ്യാര്‍ത്ഥ പ്രകാരമാണ് സിദ്ദീഖ്(റ) സത്യം ചെയ്തത്.)17
വടിയും പിടിച്ച് അട്ടഹസിച്ച് പള്ളിയിലിരിക്കുന്ന രണ്ട് മാന്യ•ാരായ ആണുങ്ങളുടെയടുത്തേക്ക് ഒരു മടിയുമില്ലാതെ കടന്നു വരികയും ചോദ്യങ്ങളുതിര്‍ക്കുകയും, കുടുംബ മഹിമയും വ്യക്തിപ്രഭാവവും വിളിച്ചു പറഞ്ഞ് പിന്തിരിഞ്ഞ് പോവുകയും ചെയ്യുന്ന ഉമ്മുജമീലിന്റെ ചിത്രം നമ്മുടെ കാലത്തെ ചില ‘പെണ്ണിര’കളുടെ അതേ ചിത്രം തന്നെയാണ് വരച്ചു പൂര്‍ത്തിയാക്കുന്നത്. ‘വിമതശബ്ദം’ എന്നവള്‍ക്ക് പേരിട്ടാലും അവള്‍ വ്യവസ്ഥിതിയുടെ ഇര തന്നെയാണ്. മുതലാളിത്തത്തിലെ പുരുഷന്റെ ഉള്ളംകൈയിലെ പിഴി നാരങ്ങ.

ഖുര്‍ആന്റെ ആശയപ്രകാരം പറഞ്ഞാല്‍ പുരുഷാധിപത്യത്തിന്റെ വിറകുചുമട്ടുകാരിയാണവള്‍. അവളുടെ കഴുത്തിലുള്ള കയറും മറ്റാരുടേതുമല്ല. അടക്കി ഭരിച്ചു നില്‍ക്കുന്ന പുരുഷന്റേത് തന്നെ. വീടിന്റെ അധികാരിയായിരുന്നവളെ അവിടെ നിന്ന് പുറത്തിറക്കിക്കൊണ്ടു വന്ന് വാണിജ്യവസ്തുവാക്കി. പക്ഷേ, ഇതു തിരിച്ചറിയാതെ അവള്‍ അതൊരു ‘സ്വാതന്ത്യ്ര’മായി കാണുന്നു. മുതലാളിത്തം കഴുത്തിലിട്ട കയറില്‍ അവളുടെ ചിന്ത ഉടക്കാതിക്കാനാണ് മുതലാളിത്തം മതത്തിന്റെ ‘സ്ത്രീ പീഡന’ത്തെപ്പറ്റി വലിയ വായില്‍ ഓരിയിടുന്നത്. ഇസ്ലാം പ്രതിനിധാനം ചെയ്യുന്ന പെണ്ണ് സര്‍വ്വാധിനാഥന്റെ പ്രിയപ്പെട്ടവളാണ്. അവളുടെ കാല്‍ചോട്ടിലാണ് സ്വര്‍ഗം.

കുറിപ്പുകള്‍
1. ഖുര്‍ആന്‍ 16/92
2. തഫ്സീറു അബീ സഊദ് (റ)
3. തഫ്സീറു അബീ സഊദ് (റ)
4. തഫ്സീറുല്‍ കബീര്‍
– ഇമാം റാസി(റ)
5. ഖുര്‍ആന്‍ 11:81
6. തഫ്സീര്‍ ഇബ്നു കസീര്‍
7. തഫ്സീറുല്‍ കബീര്‍
8. തഫ്സീറുല്‍ കബീര്‍
9. തഫ്സീറുല്‍ കബീര്‍
10 ഖുര്‍ആന്‍ 66/10
11.
12. ഖുര്‍ആന്‍ 66/10
13. തഫ്സീറുബ്നു കസീര്‍
14. ഖുര്‍ആന്‍ 111/3,4,5
15. ഹാശിയതു ശൈഖ്സാദ (റ)
16. ഹാശിയതു ശൈഖ്സാദ (റ)
17. ഹാശിയതു ശൈഖ്സാദ (റ)

You must be logged in to post a comment Login