നിങ്ങള്‍ക്കുമുണ്ട് ഈ കുറ്റത്തിലൊരു പങ്ക്

നിങ്ങള്‍ക്കുമുണ്ട് ഈ കുറ്റത്തിലൊരു പങ്ക്

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് തെക്കന്‍ തായ്‌ലന്റില്‍ ഒരു തിമിംഗലം എണ്‍പത് പ്ലാസ്റ്റിക് സഞ്ചികള്‍ അകത്താക്കി ചത്തു പോയി. ആ ദുരന്തത്തില്‍ നിങ്ങള്‍ക്കും എന്തെങ്കിലും പങ്കുണ്ടായിരിക്കാം.

നിങ്ങളുപയോഗിച്ച ആദ്യത്തെ ടൂത്ത്ബ്രഷ് ഓര്‍മയുണ്ടോ? നിങ്ങളുടെ പ്രിയപ്പെട്ട കളിപ്പാട്ടം വീട്ടിലേക്ക് കൊണ്ടു വന്ന ആദ്യത്തെ പ്ലാസ്റ്റിക് സഞ്ചി? നിങ്ങളുടെ ആദ്യത്തെ ഷാംപൂകുപ്പി? അല്ലെങ്കില്‍ സ്‌കൂളിലെ നീണ്ട ദിവസത്തിനു ശേഷം നിങ്ങളുടെ രസമുകുളങ്ങളെ ഉണര്‍ത്തിയ ചിപ്‌സിന്റെ പ്ലാസ്റ്റിക് പൊതിച്ചില്‍? ഗ്ലാസുകുപ്പികള്‍ കാലഹരണപ്പെട്ടപ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ട പാനീയങ്ങള്‍, കൊണ്ടു നടക്കാന്‍ എളുപ്പമുള്ള പെറ്റ് (PET) പ്ലാസ്റ്റിക്കു കുപ്പികളില്‍ വരാന്‍ തുടങ്ങി. അത് നിങ്ങളോര്‍ക്കുന്നുണ്ടോ?

നിങ്ങളുടെ ഭൂതകാലത്തില്‍ നിന്നുള്ള ശേഷിപ്പുകള്‍ ഇപ്പോഴും നിങ്ങളുടെ ചുറ്റും ചിതറിക്കിടക്കുന്നുണ്ടാകാം. നിങ്ങളുടെ പൈപ്പു വെള്ളത്തിലും അഴുക്കു ചാലിലും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളിലും കടലിലും ഭാഗ്യം കെട്ട ഒരു ജീവിയുടെ ആമാശയത്തിലും അതു കണ്ടേക്കാം.

ഇന്ത്യയിലും ചൈനയിലും ആഫ്രിക്കയിലുമുള്ള വെറും പത്തു നദികളില്‍ നിന്നാണ് സമുദ്രങ്ങളിലെ ആകെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ തൊണ്ണൂറു ശതമാനവും വരുന്നതെന്ന് കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനം കണ്ടെത്തുകയുണ്ടായി. 1950 കള്‍ മുതല്‍ ഉല്പാദിപ്പിക്കപ്പെട്ട 8.3 ബില്യണ്‍ ടണ്‍ പ്ലാസ്റ്റിക്കിന്റെ 79 ശതമാനവും സമുദ്രങ്ങളിലും മാലിന്യപ്പറമ്പുകള്‍ക്കുള്ളിലും അടിഞ്ഞു കിടക്കുകയാണ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളായ പ്ലാസ്റ്റിക് കുപ്പികളും അവയുടെ അടപ്പുകളും ആഹാരപ്പൊതികളും പ്ലാസ്റ്റിക്ക് സഞ്ചികളും ജലസ്രോതസ്സുകളെ ഏറ്റവും കൂടുതല്‍ മലിനമാക്കുന്ന അഞ്ചു പ്രധാന വസ്തുക്കളില്‍ നാലെണ്ണമാണ്.

പാറ്റ്‌നയില്‍ ഒരു പശുവിന്റെ വയറ്റില്‍ നിന്ന് മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത് എണ്‍പതു കിലോ പോളിത്തീനാണ്. തായ്‌ലന്റിലെ തിമിംഗലവും പാറ്റ്‌നയിലെ പശുവും ഒറ്റപ്പെട്ട ഉദാഹരണങ്ങളല്ല,അജൈവമാലിന്യമായ പ്ലാസ്റ്റിക് എത്ര വലിയ മലിനീകരണമാണ് സൃഷ്ടിക്കുന്നതെന്നതിന്റെ ഇരുണ്ട ഓര്‍മപ്പെടുത്തലുകളാണതെല്ലാം.
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെ 2017 ലെ റിപ്പോര്‍ട്ട് ഇങ്ങനെ പറയുന്നു:’ക്രൂഡ് ഓയിലില്‍ നിന്ന് ഉല്പാദിപ്പിക്കപ്പെടുന്ന പോളിമറായ പ്ലാസ്റ്റിക്, കാര്‍ബണിന്റെ നീണ്ട കണ്ണികളാല്‍ നിര്‍മിതമാണ്. വര്‍ഷങ്ങളെടുത്തേ മുഴുവനായും പ്ലാസ്റ്റിക് ദ്രവിച്ചു തീരൂ. പ്ലാസ്റ്റിക്കിന്റെ തെറ്റായ കൈകാര്യം ചെയ്യല്‍ ഭൂഗര്‍ഭജലത്തെ മലിനപ്പെടുത്തുകയും മണ്ണിലെ സൂക്ഷ്മാണു പ്രവര്‍ത്തനത്തില്‍ അസ്വസ്ഥതകളുണ്ടാക്കുകയും അന്ത:രീക്ഷത്തിലേക്ക് അര്‍ബുദകാരികളായ രാസവസ്തുക്കളെ ഉയര്‍ത്തിവിടുകയും ചെയ്യുന്നു. ജീവനശൃംഖലയിലെ അസംതുലിതാവസ്ഥകള്‍ മറ്റ് ജീവജാലങ്ങളെയും ദോഷകരമായി ബാധിക്കുന്നു. അലഞ്ഞു തിരിഞ്ഞു നടക്കുന്ന ജന്തുക്കള്‍ മനുഷ്യര്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് തിന്നാന്‍ ഇടയാകുന്നു. സമൂഹവും വ്യവസായവും പ്ലാസ്റ്റിക്കിനെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യണമെന്നാണ് ഈ ദോഷ ഫലങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നത്.
ഇന്ത്യയുടെ പ്രതിശീര്‍ഷ പ്ലാസ്റ്റിക് ഉപഭോഗം 2022 ആകുമ്പോഴേക്കും ഇരുപതു കിലോ ആകുമെന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യയില്‍ ഒരു ദിവസം 15,342 ടണ്‍ പ്ലാസ്റ്റിക് മാലിന്യമുണ്ടാകുന്നുണ്ടെന്നും അതില്‍ 9,205 ടണ്‍ പുന:സംസ്‌ക്കരിക്കപ്പെടുന്നുവെന്നുമാണ് കേന്ദ്ര മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാല്‍പതു ശതമാനം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കപ്പെടുന്നേയില്ല.

2019 ജനുവരി മുതല്‍ തമിഴ്‌നാട്ടില്‍ ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്ക് സഞ്ചികളും പ്ലേറ്റുകളും കപ്പുകളും കൊടികളും വെള്ളം വില്ക്കാനുപയോഗിക്കുന്ന കൂടുകളുമാണ് ഈ നിരോധനത്തിനു കീഴില്‍ പ്രധാനമായും വരുന്നത്. പാലും തൈരും എണ്ണയും ചികിത്സാസാമഗ്രികളും നിറക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കൂടുകള്‍ക്ക് നിരോധനമില്ല.

പ്ലാസ്റ്റിക്ക് സഞ്ചികള്‍ക്കു മേല്‍ പൂര്‍ണമായോ ഭാഗികമായോ നിരോധനം ഏര്‍പെടുത്തിയ 25 സംസ്ഥാനങ്ങളിലൊന്നാവുകയാണ് ഇതോടെ തമിഴ്‌നാട്. അത് കാര്യക്ഷമമായി നടപ്പിലാക്കപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഇക്കാര്യത്തില്‍ എന്തെങ്കിലും വിജയം നേടിയിട്ടുള്ള ഏകസംസ്ഥാനം സിക്കിമാണ്. ഈ പട്ടികയിലുള്ളതും എന്നാല്‍ ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക്ക് മാലിന്യം ഉല്‍പാദിപ്പിക്കുന്നതുമായ മഹാരാഷ്ട്ര നിരോധനനിയമത്തില്‍ വെള്ളം ചേര്‍ത്തു കഴിഞ്ഞിരിക്കുന്നു. മഹാരാഷ്ട്രാ സര്‍ക്കാര്‍ നിരോധനനിയമം നടപ്പിലാക്കാനുള്ള കാലപരിധി ഒരു മാസത്തില്‍ നിന്ന് മൂന്നു മാസമാക്കി വര്‍ദ്ധിപ്പിക്കുകയും ചെറിയ പെറ്റ് (PET) ബോട്ടിലുകളെയും പി ഇ ടി ഇ (PETE) ബോട്ടിലുകളെയും നിരോധിച്ച വസ്തുക്കളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. വെള്ളത്തിന്റെ അരലിറ്റര്‍ കുപ്പിക്ക് രണ്ടു രൂപയും ഒരു ലിറ്റര്‍ കുപ്പിക്ക് ഒരു രൂപയും കൂട്ടിയിട്ടുണ്ടെന്ന് മാത്രം.

2016 മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പ്ലാസ്റ്റിക്ക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടങ്ങളില്‍ 2018 ഏപ്രിലില്‍ നിരവധി ഭേദഗതികള്‍ വരുത്തുകയും അത് ലഘൂകരിക്കുകയും ചെയ്തു. ‘പ്ലാസ്റ്റിക്ക് മലിനീകരണത്തെ തോല്‍പിക്കുക’ എന്ന ആഹ്വാനത്തോടെ 2018 ലെ ലോകപരിസ്ഥിതി ദിനം ആചരിക്കുന്നതിന് വെറും രണ്ടു മാസം മുമ്പായിരുന്നു അത്. പ്ലാസ്റ്റിക് സഞ്ചികളുടെ മേല്‍ ചുമത്തിയിരുന്ന ഫീസ് ഒഴിവാക്കപ്പെട്ടു. മുമ്പ് പ്ലാസ്റ്റിക്ക് സഞ്ചികള്‍ നല്‍കുന്ന വില്‍പനക്കാര്‍ക്ക് വര്‍ഷം തോറും കുറഞ്ഞത് 48000 രൂപ അതാത് തദ്ദേശസ്വയം ഭരണസ്ഥാപനത്തിന് ഫീസ് നല്‍കേണ്ടതുണ്ടായിരുന്നു.

ഒരൊറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ പ്രധാന ഭാഗമായ പല അടരുകളുള്ള പ്ലാസ്റ്റിക്കുകള്‍ (Multi Layered Plastic) നിരോധിക്കാനുള്ള കാലയളവും നീട്ടിയിട്ടുണ്ട്. നിങ്ങളുടെ മിഠായികളും ചിപ്‌സുകളും പൊതിഞ്ഞു വരുന്ന തിളങ്ങുന്ന പ്ലാസ്റ്റിക്കു കൂടുകളാണവ. പുന:ചംക്രമണം ചെയ്യാനാകാത്ത പലയടരുള്ള പ്ലാസ്റ്റിക്ക് ഉല്പന്നങ്ങള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ നിരോധിക്കണമെന്നായിരുന്നു ഭേദഗതിക്കു മുമ്പുള്ള ചട്ടങ്ങളില്‍ പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ ‘പുന:ചംക്രമണം ചെയ്യാനാകാത്തതോ മറ്റുപയോഗങ്ങള്‍ സാധ്യമാകാത്തതോ ഊര്‍ജം തിരിച്ചെടുക്കാനാകാത്തതോ ആയ പല അടരുകളുള്ള പ്ലാസ്റ്റിക്ക്’ എന്നാണ് ചട്ടത്തിലുള്ളത്. അതു കൊണ്ടു തന്നെ പ്ലാസ്റ്റിക് ഉല്പാദകര്‍ക്ക് അത്തരം ‘മറ്റുപയോഗങ്ങള്‍്’ കണ്ടെത്താനുള്ള അവസരമുണ്ട്.

അമ്പതു മൈക്രോണില്‍ താഴെ കനമുള്ള പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിക്കണമെന്നാണ് ചട്ടങ്ങളിലുള്ളത്. കൂടുതല്‍ കനമുള്ള സഞ്ചികള്‍ക്ക് കൂടുതല്‍ വിലയുണ്ട്. സ്വാഭാവികമായും പ്ലാസ്റ്റിക്ക് സഞ്ചികളുടെ ഉപയോഗം കുറയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത് ഇനിയും ഭേദഗതി ചെയ്യപ്പെടുമെന്ന ഭയമുണ്ട്. ഉദാഹരണത്തിന് 2015 ല്‍ ഇന്ത്യ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങളുടെ ഇറക്കുമതി നിരോധിച്ചിരുന്നതാണ്. എന്നാല്‍ അത് കാലക്രമേണ ലഘൂകരിക്കപ്പെടുകയും സ്‌പെഷല്‍ ഇക്കണോമിക്ക് സോണുകള്‍ അതില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു.

പ്ലാസ്റ്റിക് മാലിന്യം കൂടുതല്‍ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യാമെന്ന് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ കോര്‍പറേഷനുകള്‍ ഏറ്റിട്ടുണ്ട്. ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം ശക്തിപ്പെടുത്തുമെന്ന് സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്. വരുംമാസങ്ങളിലും ഈ ഉത്സാഹം നിലനിര്‍ത്താന്‍ നമുക്കാകുമോ?

പാക്കേജിംഗ് വ്യവസായമാണ് ഇന്ത്യയിലെ പ്ലാസ്റ്റിക് ഉപയോഗത്തിന്റെ നാല്പത്തിമൂന്നു ശതമാനത്തിനും കാരണക്കാര്‍. ആഗോളവല്‍ക്കരണത്തിനു ശേഷം നിരവധി ബഹുരാഷ്ട്രകമ്പനികള്‍ ഇന്ത്യയിലേക്ക് കടന്നു വരികയും ഉപഭോഗവസ്തുക്കളുടെ വിപണി വികസിക്കുകയും പൊതിച്ചിലിനായി ധാരാളം പ്ലാസ്റ്റിക്ക് ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ ഇവ കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്വം ഗൂഢമായി ഉപഭോക്താക്കളുടെ ചുമലിലേക്ക് കൈമാറ്റപ്പെട്ടു. പ്ലാസ്റ്റിക്ക് നിരോധിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെയാകട്ടെ പ്ലാസ്റ്റിക്ക് വ്യവസായികള്‍ എതിര്‍ത്തു തോല്‍പിക്കുകയും ചെയ്യുന്നു.

നിങ്ങളുണ്ടാക്കിയ മാലിന്യം വലിച്ചെറിയുന്നതോടെ നിങ്ങളുടെ ഉത്തരവാദിത്വം തീരുന്നില്ല. ഇപ്പോഴോ ഭാവിയിലോ അതു നിങ്ങളെ ശല്യപ്പെടുത്തും. പരിഹാരമാര്‍ഗങ്ങള്‍ തീര്‍ച്ചയായുമുണ്ട്. എന്നാല്‍ അതിന് ജീവിതശൈലികള്‍ മാറ്റേണ്ടതുണ്ട്. തങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളുടെ ഉത്തരവാദിത്വം കോര്‍പറേഷനുകള്‍ ഏറ്റെടുക്കേണ്ടതുമുണ്ട്. പ്ലാസ്റ്റിക്ക് നിരോധനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കപ്പെടണമെന്ന് നാം ആവശ്യപ്പെടേണ്ടതുണ്ട്. നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന സര്‍ക്കാര്‍ നയവും ഉദ്യോഗസ്ഥന്മാരുടെ ഉദാസീനതയും ഈ വഴിയിലെ തടസ്സങ്ങളാണ്.
ലോകത്തെമ്പാടുമുള്ള 1200 സംഘടനകളടങ്ങിയ ‘ബ്രേക്ക് ഫ്രീ ഫ്രം പ്ലാസ്റ്റിക്’ മുന്നേറ്റം ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്കുകളുടെ നിര്‍മാണം കുറക്കാനും നിരോധിക്കാനും പുനരുപയോഗത്തിലൂന്നിയ ഉല്പന്ന വിതരണമാര്‍ഗങ്ങള്‍ വികസിപ്പിക്കാനും മലിനീകരണത്തിന് കോര്‍പറേഷനുകളെ ഉത്തരവാദികളാക്കാനും ജി ഏഴ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
പ്ലാസ്റ്റിക്ക് ഉല്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കോര്‍പറേഷനുകള്‍ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ഉല്പാദനം ഗണ്യമായി കുറക്കുകയും ചെയ്യേണ്ടതുണ്ട്. അവര്‍ക്കിടയിലെ നിയമലംഘകര്‍ ‘എക്സ്റ്റന്റഡ് പ്രൊഡ്യൂസര്‍ റെസ്‌പോണ്‍സിബിലിറ്റി’ നിയമങ്ങള്‍ക്കു വിധേയരാകുകയും വേണം. അവര്‍ വാക്കു പാലിക്കുന്നുണ്ടെന്ന് സര്‍ക്കാറുകള്‍ ഉറപ്പു വരുത്തണം.

പുന:ചംക്രമണരംഗത്ത് നമ്മെ പ്രചോദിപ്പിക്കുന്ന കഥകളുണ്ട്. കൊല്ലത്ത് അറബിക്കടലില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പുന:ചംക്രമണത്തിന് അയക്കുന്നുണ്ട്. പാതകളുണ്ടാക്കാനായി നുറുക്കിയ പ്ലാസ്റ്റിക് ഉപയോഗിക്കുന്ന രാജഗോപാലന്‍ വാസുദേവന്റെ കഥയും ഇത്തരത്തിലുള്ളതാണ്. ആത്യന്തികമായി നമുക്ക് വേണ്ടത് പ്ലാസ്റ്റിക്കില്‍ നിന്ന് മുക്തമായ ലോകമാണ്. നമ്മളോരോരുത്തരും അതിനായി മുന്നിട്ടിറങ്ങുകയും നമ്മുടെ മാലിന്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യേണ്ടതുണ്ട്.

ഗ്രീന്‍പീസ് ഇന്ത്യയുടെ ക്യാംപയിന്‍ ഡയറക്ടറാണ് ദിയാ ദേബ്.

You must be logged in to post a comment Login