ഇങ്ങനെയാകരുത് മദ്‌റസ പഠനം

ഇങ്ങനെയാകരുത് മദ്‌റസ പഠനം

സമഗ്രതയാണ് ഇസ്‌ലാമിന്റെ സവിശേഷതകളിലൊന്ന്. മനുഷ്യരുടെ ഏതു ചലനവും പഞ്ച വിധി വിലക്കുകളിലൊന്നിലൂടെ കാണാനാവുന്നു. ജീവിതത്തിലെ ഓരോ നിമിഷവും നിയമം പാലിക്കാനും അതു വഴി അടുക്കും ചിട്ടയും അച്ചടക്കവും നേടിയെടുക്കാനും വിശ്വാസി ബാധ്യസ്ഥനാണ്. സാങ്കേതിക മികവ് ആവശ്യമില്ലാത്ത ലഘുകര്‍മങ്ങള്‍ മുതല്‍ ഏറെ ശാസ്ത്രാവബോധം ആവശ്യമുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ക്കുവരെയും അവയുടേതായ വിജ്ഞാനം ആവശ്യമാണല്ലോ. ജീവിതം മുഴുവന്‍ ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കേണ്ട വിശ്വാസികള്‍ക്ക് അതേക്കുറിച്ച് സമഗ്ര വിജ്ഞാനം കൂടിയേ തീരൂ. ഇസ്‌ലാമിക വിജ്ഞാന സമ്പാദനത്തിന് ഏറെ പ്രധാന്യം നല്‍കിയത് ഇതു കൊണ്ടാണ്. ഖുര്‍ആനിലും ഹദീസുകളിലും ഇസ്‌ലാമിക ജ്ഞാനത്തിന്റെ മഹത്വങ്ങള്‍ വിശദീകരിക്കുന്ന നിരവധി വചനങ്ങള്‍ കാണാം. ‘അറിവുള്ളവരും ഇല്ലാത്തവരും തുല്യരാവുമോ?’ എന്ന അല്ലാഹുവിന്റെ ചോദ്യം (39/9) എല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. തിരുനബിയുടെ(സ) കാലം മുതല്‍ ദീര്‍ഘ യാത്രകള്‍ നടത്തിയും കഠിന്വാധ്വാനം ചെയ്തും വര്‍ഷങ്ങളോളം ജന്മനാടും പരിചിത ബന്ധങ്ങളും ഉപേക്ഷിച്ചും അറിവു നേടാന്‍ സമൂഹം താല്‍പര്യം കാണിച്ചത് വിജ്ഞാനത്തിന്റെ അപാരത തിരിച്ചറിഞ്ഞായിരുന്നു. ലോകത്താകമാനം വിശുദ്ധ പരമ്പരയിലൂടെ വിജ്ഞാനം പരന്നൊഴുകി. ആ പ്രവാഹത്തില്‍ പഴയ സാമൂഹ്യ ശാസ്ത്ര സിദ്ധാന്തങ്ങള്‍ കടപുഴകുക തന്നെ ചെയ്തു. അങ്ങനെ ലോകത്തിന്റെ നായകരായി ഇസ്‌ലാമിക പണ്ഡിതര്‍ മാറി. താര്‍ത്താരികളുടെ അക്രമം പോലുള്ള പല കാരണങ്ങളാല്‍ പില്‍ക്കാലത്ത് ഈ ജ്ഞാന ചൈതന്യം കെടാതെ സൂക്ഷിക്കാന്‍ സമൂഹത്തിനായില്ലെന്നത് വേറെ കാര്യം. എന്നാലും മതപഠനത്തിന് അര്‍ഹമായ സ്ഥാനം ലോകത്ത് എല്ലായിടത്തും നല്‍കുന്നുണ്ടായിരുന്നു. വിജ്ഞാനം വിശ്വാസിയുടെ വെറുമൊരു അലങ്കാരമല്ല. നിലനില്‍പ്പിന്റെ ജൈവ ഘടകം തന്നെയാണല്ലോ.
തിരുനബിയുടെ(സ്വ) കാലത്തു തന്നെ കേരളത്തില്‍ ഇസ്‌ലാമിക പ്രചാരണം നടന്നിട്ടുണ്ട്. എല്ലായിടത്തുമെന്നപോലെ അന്നൊക്കെ ഇവിടെയും അതിനുപയോഗിച്ച മാര്‍ഗം പൊതു പ്രഭാഷണങ്ങളും വ്യക്തിഗത ഉപദേശങ്ങളുമായിരുന്നു. അതേസമയത്തുതന്നെ പള്ളികള്‍ കേന്ദ്രീകരിച്ച് ദീന്‍ പഠനത്തില്‍ വ്യുല്‍പത്തി നേടാനുള്ള ദര്‍സ് സൗകര്യങ്ങളുമുണ്ടായി. പിന്നീട് പൊന്നാനി മഖ്ദൂമുമാരുടെ നേതൃത്വത്തില്‍ ഈ രംഗത്ത് പരിഷ്‌കരണങ്ങള്‍ നടന്നു. പ്രത്യേക സിലബസും ഗ്രന്ഥങ്ങളും പഠിപ്പിച്ചു തുടങ്ങി. ഈ കേരള മാതൃക വിദേശങ്ങളിലും ശ്രദ്ധ നേടുകയും അന്ന് പൊന്നാനി വലിയ ജുമുഅത്ത് പള്ളിയില്‍ പഠിക്കാനായി അന്യ രാജ്യങ്ങളില്‍ നിന്നു പോലും വിദ്യാര്‍ത്ഥികളെത്തുകയും ചെയ്തു. ഇത് പക്ഷേ, ഉപരി പഠനത്തിനുള്ള ഉപാധികള്‍ മാത്രമായിരുന്നു. പൊതുസമൂഹത്തിന്റെ പ്രാഥമിക പഠന സൗകര്യമായി കാലങ്ങളോളം നീണ്ടു നിന്നത് ഓത്തുപള്ളികളാണ്. നിഷ്‌കാമ കര്‍മികളായ ഗുരുവര്യരുടെ നേതൃത്വത്തില്‍ അറബി അക്ഷരം, ഖുര്‍ആന്‍ പാരായണം, അത്യാവശ്യം കര്‍മ ശാസ്ത്ര നിയമങ്ങള്‍ തുടങ്ങിയവ സമൂഹം മനസ്സിലാക്കിയത് ഇവിടെ നിന്നായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടെ സ്‌കൂളുകളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഇത്തരം ഇസ്‌ലാമിക വിദ്യാഭ്യാസസംരംഭങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയാതെയായി. അങ്ങനെയാണ് ഓത്തുപള്ളികള്‍ക്കു പകരം മദ്‌റസകള്‍ വരുന്നത്. ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണെങ്കിലും സ്വന്തം കെട്ടിടങ്ങളും പഠനരീതികളുമായി കേരളത്തില്‍ അങ്ങിങ്ങ് മദ്‌റസകള്‍ വന്നു തുടങ്ങി. ഇസ്‌ലാമിക രാജ്യങ്ങള്‍ക്കു തന്നെയും മാതൃകയാവും വിധം കേരളത്തില്‍ വ്യവസ്ഥാപിത മദ്‌റസാ സംവിധാനം രൂപപ്പെടുന്നതങ്ങനെയാണ്.

മദ്‌റസകളാണ് കേരളത്തില്‍ കാണുന്ന മതബോധത്തിന്റെ നിദാനം. ഇതര സംസ്ഥാനങ്ങളുമായി പരിചയമുള്ളവര്‍ക്കറിയാം, അവിടെയുള്ള പൊതുമുസ്‌ലിംകള്‍ക്ക് മതപരമായി വിവരം തുലോം പരിമിതമാണ്. ഒരു വരി നീണ്ടു നില്‍ക്കുന്ന നെടുങ്കന്‍ മുസ്‌ലിം പേരുകളില്‍ അവരുടെ ആദര്‍ശ ബന്ധമൊതുങ്ങുന്നു. ഖുര്‍ആനറിയിച്ച നിസ്‌കാരം, ദൈനംദിനാനുഷ്ഠാനങ്ങള്‍ പരിചയമില്ല. വിശ്വാസ കാര്യങ്ങള്‍ കേട്ടിട്ടുപോലുമില്ല. പ്രാഥമിക ഘട്ടത്തില്‍ ആദര്‍ശം പഠിക്കാനുള്ള വ്യവസ്ഥാപിത സംവിധാനത്തിന്റെ കുറവാണിത്. ഇപ്പോഴും ചില മൊല്ലമാരുണ്ട്, അവരുടെ വീട്ടു വരാന്തയില്‍ ഓത്തുപള്ളി നടക്കുന്നുണ്ട്. അതു പക്ഷേ നിര്‍ണിത രീതിയിലുള്ളതല്ല. ആണെങ്കില്‍ പോലും പരീക്ഷ, ആവര്‍ത്തനം, മൂല്യനിര്‍ണയം, പ്രായത്തിനനുസരിച്ചുള്ള ക്ലാസുവിഭജനം പോലുള്ളവയൊന്നും ഉണ്ടാവാറുമില്ല. നാം കേരളക്കാര്‍ ഏറെ ഭാഗ്യവാന്‍മാരാണ്. ഇതെല്ലാമുണ്ട്.

രീതി നിര്‍വഹണം
കേരളത്തിലെ ഇരുപതിനായിരത്തോളം മദ്‌റസകളെ നിയന്ത്രിക്കുന്നത് സുന്നി വിദ്യാഭ്യാസ ബോര്‍ഡും ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡുമാണ്. സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ, ദക്ഷിണ കേരള, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി എന്നീ സംഘടനകള്‍ക്കു കീഴിലും മദ്‌റസകള്‍ പ്രവര്‍ത്തിച്ചു വരുന്നു. പ്രാദേശിക സൗകര്യങ്ങള്‍ക്കനുസരിച്ച് അല്‍പം വ്യത്യാസങ്ങളുണ്ടാകാമെങ്കിലും രാവിലെ രണ്ടു മണിക്കൂര്‍ വീതം ആഴ്ചയില്‍ ആറു ദിവസവും മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലക്ഷക്കണക്കിന് മുഅല്ലിമുകള്‍ ഈ രംഗത്ത് സേവനനിരതരാണിപ്പോള്‍.

സുന്നി വിദ്യാഭ്യാസ ബോര്‍ഡ് രൂപപ്പെട്ടതോടെ മദ്രസാ പഠന രംഗത്ത് ചിട്ടയൊത്ത പുരോഗതി കണ്ടു. സിലബസുകള്‍ ലളിതമാക്കിയും മനശ്ശാസ്ത്ര ദീക്ഷയോടെ പാഠഭാഗങ്ങള്‍ തയാറാക്കിയും അധ്യാപകര്‍ക്ക് നിരന്തര പരിശീലനം നല്‍കിയും സുന്നീ ബോര്‍ഡ് മാറ്റങ്ങളുണ്ടാക്കി. ലോകവ്യാപകമായി നിലവിലുള്ളതും ഖുര്‍ആനെഴുത്തിന് ഇസ്‌ലാമിക ലോകം കല്‍പ്പിച്ചതുമായ ഉസ്മാനിയ ലിപിയിലുള്ള ഖുര്‍ആന്‍ ആദ്യമായി പഠിപ്പിച്ചു തുടങ്ങിയത് ഈ ബോര്‍ഡായിരുന്നു. തുടക്കത്തില്‍ എതിര്‍പ്പുകളുണ്ടായി. പിന്നീട് എല്ലാ വിഭാഗവും അത് പഠിപ്പിക്കാന്‍ മുന്നോട്ട് വന്നു. ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍, ഇസ്‌ലാമിക ചരിത്രം, കര്‍മ ശാസ്ത്രം, വിശ്വാസം, അറബി ഭാഷ, പഠനം സ്വഭാവ സംസ്‌കരണം എന്നീ കാര്യങ്ങളില്‍ അത്യാവശ്യം അവബോധം ലഭിക്കാനും ഖുര്‍ആന്‍ പാരായണം, നിസ്‌കാരം പോലുള്ള ആരാധനകളില്‍ പ്രായോഗിക പരിശീലനം നേടാനും പര്യാപ്തമാണ് നിലവിലുള്ള മദ്‌റസാ സിലബസ്.

ആശങ്കകള്‍ അവസാനിക്കുന്നില്ല
പഠനത്തിന് ഇസ്‌ലാം അങ്ങേയറ്റം നിര്‍ബന്ധിക്കുന്നു. നമ്മുടെ പൂര്‍വീകര്‍ പടുത്തുയര്‍ത്തിയ വ്യവസ്ഥാപിത സംവിധാനം ഏവര്‍ക്കും പ്രാപ്യമായ നിലവില്‍ നമുക്ക് മുന്നിലുണ്ടെങ്കില്‍ തന്നെയും ആത്മീയരംഗത്തെ പൊതുവെ ബാധിച്ച ക്ഷയോന്മുഖത മദ്‌റസാ സംവിധാനത്തെയും ഇപ്പോള്‍ ബാധിച്ചുകൊണ്ടിരിക്കുന്നു. മദ്‌റസാ പ്രസ്ഥാനത്തെ സംരക്ഷിച്ചു നിര്‍ത്തുക നമ്മുടെ ബാധ്യതയാണെന്നതില്‍ തര്‍ക്കമില്ല. ഈ രംഗം നേരിടേണ്ട വെല്ലുവിളികളെ വ്യക്തമായി തിരിച്ചറിഞ്ഞ് ഓരോ മഹല്ലിലും പ്രാദേശിക സൗകര്യങ്ങള്‍ക്കനുസരിച്ച് മാറ്റവും പരിഷ്‌കാരവും നടത്തുന്നില്ലെങ്കില്‍ ഈ അഭിമാന ദീപം കെട്ടുപോകും. പൊതുവെ കാണപ്പെട്ട ചില പ്രശ്‌നങ്ങള്‍ നമുക്ക് ചര്‍ച്ച ചെയ്യാം.

ഭൗതിക വിദ്യാഭ്യാസം അനിവാര്യമായ സാഹചര്യത്തില്‍ ഭൗതിക പ്രലോഭിതരായ ജനം അതിനു പ്രാധാന്യം നല്‍കുന്നത് സ്വാഭാവികം. എന്നാല്‍ ഇന്ന് കണ്ടു വരുന്നത് അതല്ല. ഭൗതിക പഠനത്തിന് അമിത പ്രാധാന്യം നല്‍കുക എന്നതിനപ്പുറം അതു മാത്രം മതി എന്ന തീരുമാനത്തിലേക്ക് പതുക്കെ സമുദായം എത്തിച്ചേരുന്നതാണ്. ഇതിന്റെ പരിണതിയായി മദ്രസയില്‍ മക്കളെ ചേര്‍ക്കുന്നവരുടെ എണ്ണം കുറഞ്ഞുവന്നു. നഗരങ്ങളില്‍ മദ്‌റസയിലെത്തുന്ന കുട്ടികള്‍ തന്നെ നാലഞ്ച് വര്‍ഷത്തോടെ പഠനം ഉപേക്ഷിക്കുന്ന പ്രവണതയും കണ്ടു വരുന്നുണ്ട്. എസ് എസ് എല്‍ സി ട്യൂഷന്‍ സൗകര്യം , ഹോം വര്‍ക്കുകള്‍ എന്നീ കാരണങ്ങള്‍ മുന്നില്‍ വെച്ചും മത-ഭൗതിക പഠനം ഒന്നിച്ചു കൊണ്ടു പോയാല്‍ അത് സ്‌കൂളിലെ ഗ്രേഡിനെ ബാധിക്കും എന്ന സങ്കല്‍പ്പങ്ങള്‍ നിര്‍മിച്ചുമൊക്കെയാണ് പലരും കൊഴിഞ്ഞുപോക്ക് ന്യായീകരിക്കുന്നത്. മദ്രസയില്‍ കേവലം പാഠഭാഗങ്ങളുടെ പഠനവും പരിശീലനമാണ് നടക്കുന്നത്. പൊതുവെ കൗമാരക്കാരുടെ മനസ്സിന് ആനന്ദം നല്‍കുന്ന പ്രണയവും സ്ത്രീ പുരുഷ സങ്കലനവുമൊന്നും അവിടെ നടക്കില്ല. എന്നല്ല അതിനെ ശക്തമായെതിര്‍ക്കുകയും അവയുടെ മതവിരുദ്ധതയും അനൗചിത്യവും പഠിപ്പിക്കുകയും ചെയ്യുന്നു. പഠനയാത്രകളുടെ കൂത്താട്ടങ്ങള്‍ക്ക് മദ്‌റസയില്‍ നിന്ന് തീരെ പിന്തുണ കിട്ടുകയുമില്ല. ഇതുകൊണ്ടൊക്കെ മതപഠനത്തിന് താല്‍പര്യക്കുറവ് കുട്ടികള്‍ക്കുണ്ടാവും. ഈ താല്‍പര്യക്കുറവ് മറച്ചുപിടിക്കാന്‍ അവര്‍ ഭൗതിക പഠന സങ്കീര്‍ണതകളെ കൂട്ടുപിടിക്കുമ്പോള്‍ അതില്‍ വശംവദരാവുന്ന രക്ഷിതാക്കള്‍ കൂട്ടുപ്രതികളാണ്. ചെറിയ പ്രായം മുതല്‍ ആദര്‍ശത്തിന്റെ പ്രസക്തി മനസ്സില്‍ ഇട്ടുകൊടുക്കുന്നതാണ് ഇതിനുള്ള ആദ്യ പരിഹാരം. പിന്നെ ടി വി കാണുക, ഗെയിം കളിക്കുക പോലുള്ള സമയം കൊല്ലികള്‍ക്ക് അവസരം നല്‍കാതെ ടൈം മാനേജ്‌മെന്റ് പരിശീലിപ്പിക്കുകയും വേണം. അതാത് ക്ലാസുകളില്‍ ശ്രദ്ധയോടെയിരുന്നാല്‍, ഹോം വര്‍ക്കിനായി കൂടുതല്‍ അധ്വാനിക്കേണ്ടിവരില്ലെന്ന യാഥാര്‍ത്ഥ്യം അവരെ ബോധ്യപ്പെടുത്താനായാല്‍ തീര്‍ച്ചയായും മത-ഭൗതിക സമന്വയം സുസാധ്യമാകും. അങ്ങനെയുള്ള മനസ്സ് രക്ഷിതാക്കള്‍ക്കുണ്ടാവുകയാണ് ആദ്യം വേണ്ടത്.
മദ്‌റസാ പഠനം രണ്ടു മണിക്കൂര്‍ എന്ന് പൊതുവെ പറയുമെങ്കിലും അതിന്റെ പകുതി പോലും പല സ്ഥാപനങ്ങളിലും ലഭ്യമാകാറില്ലെന്നതാണ് വസ്തുത. വ്യത്യസ്ത ഇംഗ്ലീഷ്/ മലയാളം മീഡിയം സ്‌കൂളുകളിലേക്ക് കുട്ടികളെ എത്തിക്കുന്ന വാഹനങ്ങള്‍ പല സമയങ്ങളിലായാണ് വന്നണയുക. അവയുടെ വരവിന്നനുസരിച്ച് കുട്ടികള്‍ പിരിഞ്ഞുപോയിക്കൊണ്ടിരിക്കും. കുറച്ച് കുട്ടികള്‍ ക്ലാസ് വിട്ടിറങ്ങിയാല്‍ തന്നെ പുതിയ പാഠം അഭ്യസിപ്പിക്കാന്‍ കഴിയാതെ വരുമല്ലോ. പിന്നെ ഉസ്താദും ശേഷിച്ച കുട്ടികളും വെറുതെ ഇരിക്കാന്‍ നിര്‍ബന്ധിതരാവും. ഇത് നിത്യവും ആവര്‍ത്തിക്കുന്നത് കൊണ്ട് ക്ലാസിന്റെ ആദ്യ മണിക്കൂറില്‍ മാത്രമാണ് പഠനം നടക്കുക. ഇത്തരം ഘട്ടത്തില്‍ പരീക്ഷയാവുമ്പോഴേക്ക് പാഠഭാഗങ്ങള്‍ തീര്‍ത്തുകൊടുക്കല്‍ ഒരു കരാര്‍ ജോലി പോലെ ഏറ്റെടുത്ത് നടത്താന്‍ അധ്യാപകര്‍ നിര്‍ബന്ധിതരാവുകയാണ്. ഇത് പഠനത്തെയും വ്യക്തിഗത ധാര്‍മിക ശിക്ഷണത്തെയും ബാധിക്കുമെന്നത് പറയേണ്ടതില്ല. പത്തുമണിക്കുതുടങ്ങുന്ന സ്‌കൂളിലേക്ക് എട്ട് മണിക്കും അതിനുമുമ്പും സ്‌കൂള്‍ ബസില്‍ കയറേണ്ടിവരുന്ന കുട്ടികളുടെ തീരാദുരിതത്തെ കുറിച്ചെങ്കിലും രക്ഷിതാക്കള്‍ ബോധവാന്മാരായേ പറ്റൂ. രണ്ട് രണ്ടര കിലോമീറ്റര്‍ മാത്രം ദൂരമുള്ള സ്‌കൂളിലേക്ക് റോഡായ റോഡും ഊടുവഴികളുമൊക്കെ താണ്ടി രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന യാത്രയില്‍ പലപ്പോഴും ഭാരിച്ച ബാഗും താങ്ങി കുഞ്ഞുമക്കള്‍ കുഴഞ്ഞിരിക്കും. ഈ ക്ഷീണത്തോടെയാണ് ചുരുങ്ങിയത് ആദ്യത്തെ രണ്ട് പിരീഡെങ്കിലും കുട്ടി ക്ലാസിലിരിക്കുന്നത്! ഇത്തരം പതിതാവസ്ഥയില്‍ ആര്‍ക്ക് എന്ത് മനസ്സിലാകാനാണ്? ബസ് കച്ചവടത്തിന്റെ സാമ്പത്തിക ദുരന്തം കൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഇത്രയും ദൂരപരിധിയില്‍ ലൈന്‍ബസില്‍ യാത്ര ചെയ്യുകയാണെങ്കില്‍ ഒരു രൂപയാണ് ചാര്‍ജ്. പോക്കുവരവിന് രണ്ട് രൂപ. ആഴ്ചയില്‍ അഞ്ചുദിവസം ക്ലാസ് നടന്നാല്‍ പത്തുരൂപ വെച്ച് മാസം കൂടുമ്പോള്‍ നാല്‍പത് രൂപ മാത്രമേ ചെലവുവരൂ. പത്തുമിനുട്ട് കൊണ്ട് പാഠശാലയിലെത്തുകയും സാമൂഹ്യബന്ധം ശക്തമാവുകയുമൊക്കെ ചെയ്യുന്നത് മറ്റു ലാഭങ്ങള്‍. എന്നിട്ടാണ് ഇരുന്നൂറും മുന്നൂറും രൂപ മാസം നല്‍കി നീണ്ട ദുരിതയാത്ര രക്ഷിതാക്കള്‍ മക്കള്‍ക്കുവേണ്ടി സംവിധാനിക്കുന്നത്. ഇക്കാരണം പറഞ്ഞ് മദ്‌റസാ പഠനത്തെ തൂക്കിലേറ്റുന്നത്. ഇവിടെ ആര്‍ക്കാണ് ചികിത്സ നല്‍കേണ്ടതെന്ന് വായനക്കാര്‍ ചിന്തിക്കട്ടെ.
പഴയതുപോലെ അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ ധര്‍മനിഷ്ഠമായ ആത്മബന്ധം ഇല്ലാതാവുന്നതും വലിയ ഭീഷണിയാണ്. ആധുനിക താല്‍പര്യങ്ങളാണ് ഇവിടെ പ്രധാന വില്ലനാകുന്നത്. ശമ്പളക്കുറവുകൊണ്ടും മറ്റും മദ്‌റസാധ്യാപനം ഒരു ചടങ്ങും പല പരിപാടികള്‍ക്കിടയില്‍ അപ്രധാന കര്‍മമായെടുക്കുന്നതുമായ മനോനിലയും പ്രശ്‌നം തന്നെയാണ്. എല്ലാത്തിലുമുപരി, മത-ഭൗതിക കലാലയങ്ങളിലൊന്നും വിദ്യാര്‍ത്ഥികളെ ശകാരിക്കാനോ തെറ്റുതിരുത്താനോ ഗുരുവര്യന്മാര്‍ക്ക് സാധിക്കാതിരിക്കുന്നത് വിദ്യാലയങ്ങളുടെ പ്രസക്തി തന്നെ നശിപ്പിക്കുന്നു. രണ്ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ശക്തമായ തല്ല് നടക്കുന്നതിനിടയില്‍ അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതിന് ജയില്‍ വാസം അനുഭവിക്കേണ്ടിവന്ന വയനാട്ടുകാരന്‍ സ്‌കൂള്‍ അധ്യാപകനെക്കുറിച്ച് കേരളം കേട്ടത് ആശങ്കയോടെയായിരുന്നു. പക്ഷേ, നിയമങ്ങള്‍ക്കുമുന്നില്‍ അയാള്‍ പ്രതിതന്നെയാണ്. ഇത്തരം നിയമങ്ങള്‍ ഒട്ടുമിക്ക കേസുകളിലും അധ്യാപകര്‍ക്ക് ബാധ്യതയാവുന്നതാണനുഭവം. അതിനാല്‍ ഒരു ചടങ്ങായി മാത്രം അധ്യാപനത്തെ കാണാന്‍ ആത്മാര്‍ത്ഥതയുള്ളവര്‍ കൂടി പാകപ്പെടുന്നു. സംസ്‌കാര ശൂന്യരായൊരു തലമുറയുടെ സൃഷ്ടിപ്പാണ് ഇതിന്റെ ആത്യന്തികഫലം.
മദ്‌റസയില്‍ ഉയര്‍ന്ന ക്ലാസുകള്‍ പാസായിട്ടും അതിനനുസരിച്ചുള്ള മതകീയ ശീലങ്ങളും ആത്മീയ പുരോഗതിയും പഠിതാക്കളില്‍ കണ്ടുവരാത്ത വൈരുധ്യം നിലനില്‍ക്കുന്നു. പലപ്പോഴും മദ്‌റസ തീരെ കാണാത്ത അമുസ്‌ലിംകളും അല്ലാത്തവരുമായ കുട്ടികളുടെ ജീവിതത്തെക്കാളോ സംസ്‌കാരത്തെക്കാളോ വ്യത്യസ്തമായതൊന്നും മദ്‌റസയില്‍നിന്ന് സെക്കണ്ടറി വിദ്യാഭ്യാസം കഴിഞ്ഞവരിലും കാണാനാവുന്നില്ല. അധര്‍മവഴിയില്‍ അവരും ഒഴുകിക്കൊണ്ടിരിക്കുന്നു. മദ്‌റസകളുടെ പ്രസക്തിതന്നെ ചോദ്യം ചെയ്യും വിധത്തില്‍ ഈ പ്രശ്‌നം ചര്‍ച്ചയാവാറുണ്ട്. സത്യത്തില്‍ ഇതിന്റെ ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കും സമൂഹത്തിനുമാണ്. ഒന്നോ ഒന്നരയോ മണിക്കൂര്‍ മദ്‌റസയില്‍ ചെലവഴിക്കുന്ന കുട്ടികള്‍ ഇരുപത്തിരണ്ട് മണിക്കൂറിലേറെ ദിവസവും മതാധ്യാപകരുടെ അസാന്നിധ്യത്തിലാണ് ജീവിക്കുന്നത്. മദ്‌റസയില്‍നിന്ന് പഠിപ്പിക്കുന്ന നല്ല കാര്യങ്ങള്‍ പ്രയോഗവത്കരിക്കാന്‍ നന്നേ ചുരുങ്ങിയത് സ്വന്തം വീട്ടിലെങ്കിലും ചെറുപ്പം മുതല്‍ അവസരമുണ്ടാവേണ്ടതുണ്ട്. ശരീരം ഔറത്താണെന്നും അത് മറച്ച് വെക്കേണ്ടതുണ്ടെന്നും പഠിച്ച് വീട്ടിലെത്തുന്ന പെണ്‍കുട്ടി അതൊന്നും തീരെ ശ്രദ്ധിക്കാത്ത ഉമ്മയെ കാണുമ്പോള്‍, അല്ലെങ്കില്‍ ഔറത്ത് മറക്കാന്‍ പര്യാപ്തമല്ലാത്ത ഡ്രസുധരിക്കാന്‍ നിര്‍ബന്ധിപ്പിക്കുന്ന പിതാവിനുമുമ്പില്‍ ആത്മ സംഘര്‍ഷത്തിലകപ്പെടുമെന്ന് തീര്‍ച്ച! തത്വവും പ്രയോഗവും തമ്മില്‍ സംഘര്‍ഷത്തിലകപ്പെടുന്ന ഇത്തരം ഘട്ടങ്ങളില്‍ അധര്‍മത്തിനൊപ്പം നിലകൊള്ളാനാണ് ഇളം മനസ്സുകള്‍ പാകപ്പെടുക. നിസ്‌കാരം, നാവുനിയന്ത്രണം, വഞ്ചന, അസൂയ പോലുള്ളവയിലൊക്കെയും ഗാര്‍ഹിക സ്വാധീനം ഏറെയുണ്ട്. സ്‌കൂള്‍ സാഹചര്യവും സുഹൃത്തുക്കളുടെ സംസ്‌കാരവും നന്നായി സ്വാധീനിക്കുകയും ചെയ്യും. നടേസൂചിപ്പിച്ചതുപോലെ എതിര്‍ക്കാനും തിരുത്താനും നിയമം അനുവദിക്കാത്ത മദ്‌റസാധ്യാപകര്‍ ഇവിടെ നിസ്സഹായരാകുന്നു. കുറെ പഠിക്കുകയും പരീക്ഷ എഴുതുകയും ചെയ്തുവെന്നതിനപ്പുറം മക്കള്‍ക്ക് കാര്യമായ പുരോഗതി സാധിക്കാതെ വരുന്നത് ഇതുകൊണ്ടാണ്. മദ്‌റസയില്‍നിന്ന് ആശയം, വീട്ടില്‍വെച്ച് അതിന്റെ പ്രായോഗിക പരിശീലനം എന്ന തലത്തിലേക്ക് തിരിച്ചുനടന്നാലേ ഈ രംഗത്ത് സമൂഹം ചെലവഴിക്കുന്ന അധ്വാനത്തിനും സമ്പത്തിനും ഫലം ലഭിക്കുകയുള്ളൂ. ഉസ്താദുമാര്‍ കഷ്ടപ്പെട്ട് പരഠിപ്പിച്ച ഖുര്‍ആന്‍ പാരായണം മാത്രം ഉദാഹരണമായെടുക്കുക. മദ്‌റസാ കാലത്ത് തജ്‌വീദ് നിയമങ്ങള്‍ മുഴുവന്‍ പാലിച്ച് സുന്ദരമായി ഓതാനറിഞ്ഞിരുന്ന വിദ്യാര്‍ത്ഥികള്‍, മദ്‌റസ നിര്‍ത്തി ഒരുവര്‍ഷം കഴിയുമ്പോഴേക്ക് അതൊക്കെയും വിസ്മരിക്കുകയാണ്. തപ്പിത്തടഞ്ഞ് അക്ഷരങ്ങള്‍ സമയമെടുത്ത് വായിച്ചൊപ്പിച്ച് ശാപം ലഭിക്കുന്ന പാരായണമായി പിന്നീടത് മാറുന്നു. മദ്‌റസ കഴിഞ്ഞാലും ദിനംപ്രതി എതാനും പേജുകള്‍ ഖുര്‍ആന്‍ പാരായണം ചെയ്യാനുള്ള സൗകര്യം ഒരുക്കി അതില്‍ നിഷ്ഠ പാലിക്കാന്‍ മക്കളെ നിര്‍ബന്ധിപ്പിക്കുകയല്ലാതെ ഇതിന് പരിഹാരമില്ല. പിതാവിന്റെ മയ്യിത്ത് നിസ്‌കാരത്തിന് ഇമാം നില്‍ക്കുമ്പോഴെങ്കിലും മക്കള്‍ ശരിയായ വിധം ഫാത്തിഹ ഓതേണ്ടതില്ലേ? ഇതൊന്നും ശ്രദ്ധിക്കാതെ എല്ലാ സാമൂഹികാപചയങ്ങളിലും മദ്‌റസകളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ പ്രതികളാകുന്നതിന് ഈ സംവിധാനത്തെ പഴിച്ചിട്ടെന്തുകാര്യം?

സിലബസിനെക്കുറിച്ച്
കൂടുതല്‍ സമയമെടുത്ത് മതപഠനം നടത്താന്‍ പൊതുവെ സമൂഹം തയാറാവാത്ത സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുന്നത് കൂടുതല്‍ ഉപകാരപ്രദമാകുമെന്ന് തോന്നുന്നു.
ഭാഷാപഠനത്തിനുള്ള പുസ്തക ശൃംഖലയില്‍ അറബി ഒതുക്കിനിര്‍ത്തി എല്ലാ ക്ലാസുകളിലും ഫിഖ്ഹ്, അഖീദ, ചരിത്രം പോലുള്ളവ പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ മുഴുവന്‍ പ്രാദേശിക ഭാഷയില്‍ സംവിധാനിക്കുന്നതാണ് നല്ലത്. മലയാളം- അറബി ഭാഷകളിലെ അക്ഷര സംഘര്‍ഷം ഒഴിവാക്കാന്‍ അറബി മലയാളം ലിപി തിരഞ്ഞെടുക്കാം. അങ്ങനെയാവുമ്പോള്‍ വുളൂഉം സക്കാത്തുമൊന്നും പ്രശ്‌നം സൃഷ്ടിക്കില്ല. അറബി ഭാഷയില്‍ ഇത്തരം ഗ്രന്ഥങ്ങള്‍ തയാറാക്കുന്നതിന് എന്തൊക്കെ ഗുണങ്ങളുണ്ടെങ്കിലും ഏറ്റവും അടിസ്ഥാനപരമായ ആശയ പഠനത്തിന് അത് തടസ്സം തന്നെയാണെന്നത് പറയാതെ വയ്യ. എല്ലാ വീടുകളിലുമെന്നുതന്നെ പറയാം, അറബി കിതാബുകളിലെ പഠനത്തിന് സഹായം ചെയ്യാന്‍ ആരുമുണ്ടാവില്ല. പിന്നെ ആകെയുള്ള മാര്‍ഗം മദ്‌റസയില്‍ വെച്ചുതന്നെ പദാനുപദം അര്‍ത്ഥം എഴുതിയെടുക്കുകയും ഓരോന്ന് പലയാവര്‍ത്തി ചൊല്ലി മനഃപാഠമാക്കുകയുമാണ്. തീരെ സമയമില്ലാത്ത ക്ലാസ് റൂമില്‍ ഇതിന്റെ അപ്രായോഗികത നില്‍ക്കട്ടെ, അങ്ങനെയൊരു അവസരം കിട്ടിയാല്‍ പദങ്ങളുടെ അര്‍ത്ഥം ഉള്‍ക്കൊള്ളുന്നതില്‍ പഠനം ഒതുങ്ങുന്നു. ആശയവും പ്രമേയവും തീരെ മനസ്സില്‍ ഉറക്കാതെയും വരുന്നു. പത്തുവര്‍ഷം മദ്‌റസയില്‍ ചെലവഴിച്ചിട്ടും മതത്തെക്കുറിച്ച് കൂടുതലൊന്നും അറിയാത്ത തലമുറ സൃഷ്ടിക്കപ്പെടുന്നത് ഇതുകൊണ്ടാണോ എന്ന ആലോചനക്ക് പ്രസക്തിയുണ്ട്.

ചരിത്രം സമൂഹത്തിന്റെ നട്ടെല്ലാണെന്നതു ശരി. എന്നാലും പഴയകാല ഇസ്‌ലാമിക ഭരണാധികാരികളെക്കുറിച്ച് വിസ്തരിച്ചുള്ള പഠനത്തിന് മദ്‌റസയില്‍ പ്രസക്തിയുണ്ടോ? ദര്‍സിലും ദഅ്‌വാകോളജുകളിലും അതാവാമെങ്കിലും പ്രാഥമിക പാഠശാലയായ മദ്‌റസകളില്‍ അത്ര ഉചിതമല്ല. ആ സമയം കൂടി ആദര്‍ശവും കര്‍മശാസ്ത്രവും പഠിക്കുന്നതിന് ഉപയോഗപ്പെടുത്തലാവും ഏറെ നല്ലത്. അത് അല്‍പം കുറച്ച് വിശദമായി തന്നെ വേണം. ഇസ്‌ലാമിന്റെ മഹത്വം, ഖുര്‍ആന്റെ ദൈവികത, ഹദീസുകളുടെ പ്രാമാണികതയും ചരിത്രപരതയും, ദൈവവിശ്വാസത്തിന്റെ പ്രസക്തി, ഇസ്‌ലാമിലെ ദൈവ വിശ്വാസത്തിന്റെ സുതാര്യത, കര്‍മാനുഷ്ഠാനങ്ങളുടെ ഫലപ്രാപ്തി, സ്വര്‍ഗം, നരകം, പരലോകം തുടങ്ങിയവയെ കുറിച്ച് ലളിതവും എന്നാല്‍ ഗഹനവുമായ പഠന പരമ്പരകള്‍ തയാറാക്കേണ്ട കാലം അധികരിച്ചിരിക്കുന്നു. ദൈവനിഷേധവും ഓരോരുത്തരും തയാറാക്കുന്ന താന്തോന്നിത്തരങ്ങളും സജീവമായി രംഗത്തുവരികയാണിപ്പോള്‍. ഇസ്‌ലാമിനെയും തിരുദൂതരെയും അമാന്യമായി വിമര്‍ശിക്കുന്ന നിരവധി ഓണ്‍ലൈന്‍ സൈറ്റുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പല വിമര്‍ശന ഗ്രന്ഥങ്ങളുടെയും പി ഡി എഫ് കോപ്പികള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഇതിനിടയില്‍ പിടിച്ചുനില്‍ക്കാന്‍ ചെറിയ പ്രായത്തില്‍ തന്നെ മതത്തിന്റെ അടിസ്ഥാനാശയങ്ങള്‍ പഠിച്ച് ഉറപ്പ് നേടുകയാണ് മാര്‍ഗം.

ഇസ്തിഗാസ, തവസ്സുല്‍ പോലുള്ള ദീനി ആദര്‍ശങ്ങളെക്കുറിച്ചും ആവര്‍ത്തന പഠനങ്ങളുണ്ടാവണം. നന്നേ ചുരുങ്ങിയത്, ചില സിലബസുകളിലൊക്കെ കണ്ടുവരുന്നതുപോലെ രണ്ടാം ക്ലാസിലെ കൊച്ചുകുട്ടി പോലും വുളൂ മുറിയുന്ന കാര്യങ്ങള്‍ പഠിപ്പിക്കുന്ന പാഠഭാഗങ്ങളിലെ പ്രായത്തെ വെല്ലുന്ന പ്രയോഗങ്ങള്‍ കേട്ട് പരിഭ്രമിക്കുന്നതിനു പകരം അല്ലാഹുവിനെയും വിശ്വാസ കാര്യങ്ങളെയും കൃത്യമായറിയുന്ന, ഉള്‍കൊള്ളുന്ന സാഹചര്യം രൂപപ്പെടുത്തണം. ഇങ്ങനെയൊക്കെ മദ്‌റസയെ സമീപിക്കാന്‍ സമൂഹത്തിന് സാധ്യമാവുമെങ്കില്‍ ഇനിയും നമുക്ക് വിപ്ലവം പ്രതീക്ഷിക്കാം.

ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി

You must be logged in to post a comment Login