ഉന്തിത്തള്ളിയാല്‍ മതിയോ ഈ ഒരു മണിക്കൂര്‍?

ഉന്തിത്തള്ളിയാല്‍ മതിയോ ഈ ഒരു മണിക്കൂര്‍?

ഒരു മാംസപിണ്ഡത്തില്‍നിന്ന് നിന്നെ സൃഷ്ടിച്ച നാഥന്റെ നാമത്തില്‍ വായിക്കുക എന്ന പ്രാപഞ്ചിക ശാസ്ത്രസത്യത്തെ അവതരിപ്പിച്ചാണ് വിശുദ്ധ ഖുര്‍ആന്റെ അവതരണം ആരംഭിക്കുന്നത്. അതും നിരക്ഷരനായ തിരുനബിയുടെ മുന്നില്‍. 23 വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു പാഠ്യപദ്ധതിയുടെ പ്രാരംഭമായിരുന്നു ഹിറ ഗുഹയിലെ ആദ്യ ഖുര്‍ആന്‍ അവതരണം. തിരുനബിയെയും ശിഷ്യരെയും പിന്നീട് പ്രപഞ്ചനാഥന്‍ പലതും പഠിപ്പിച്ചു. അല്ലാഹു ആരാണെന്നും ഇസ്‌ലാം എന്താണെന്നും വിശ്വാസിയുടെ മനസില്‍ സദാ തങ്ങിനില്‍ക്കേണ്ടതെന്തൊക്കെയാണെന്നും എങ്ങനെ പ്രാര്‍ഥിക്കണമെന്നും ആരെ വിവാഹം കഴിക്കണമെന്നും എന്തു ഭക്ഷിക്കണമെന്നും എന്തെല്ലാം ഭക്ഷിക്കരുതെന്നും ജീവിതമോക്ഷം പ്രാപിക്കാന്‍ മാര്‍ഗങ്ങളെന്താണെന്നും വാളെടുക്കേണ്ടതെപ്പോഴാണെന്നും ജീവത്യാഗം അനിവാര്യമാകുന്ന സന്ദര്‍ഭങ്ങളില്‍ എങ്ങനെ പെരുമാറണമെന്നും പടച്ചതമ്പുരാന്റെ വിധിവിലക്കുകള്‍ മാനിച്ച് ജീവിക്കേണ്ടത് എങ്ങനെയാണെന്നുമൊക്കെ തിരുനബി വഴി അല്ലാഹു മനുഷ്യകുലത്തെ ബോധവത്കരിച്ചു. ആ അവബോധങ്ങളാണ് തലമുറ തലമുറകളായി ഇസ്‌ലാമിക വിജ്ഞാനമായി നാം കൈമാറിക്കൊണ്ടിരിക്കുന്നത്. ഇസ്‌ലാമിക സമൂഹത്തിന്റെ ആദ്യതലമുറകള്‍ ഗുരുമുഖത്തുനിന്ന് മാത്രമാണ് വിജ്ഞാനം നുകര്‍ന്നത്. അന്ന് മതപഠന സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നില്ല. കാലം മുന്നോട്ടുപോയപ്പോള്‍ നിരവധി ഗ്രന്ഥങ്ങള്‍ വിരചിതമായി. പഠനമനനങ്ങള്‍ കൂടുതല്‍ ആഴത്തില്‍ നടത്തിയ ഇമാമുമാര്‍ ഗവേഷണത്തിന്റെ കവാടങ്ങളിലൂടെ സാഹസികമായി കടന്ന് ജീവിച്ച കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ കണ്ടെത്തി.

അപ്പോഴും സാമാന്യജനത്തിന്റെ മതകീയ അറിവ് പരിപോഷിപ്പിക്കുന്നതിന് ഇന്ന് പ്രചാരത്തിലുള്ളത് പോലുള്ള മദ്രസ സമ്പ്രദായം നിലവില്‍ വന്നിരുന്നില്ല. ഇസ്‌ലാമിക ചരിത്രത്തില്‍ വൈജ്ഞാനിക മണ്ഡലത്തിലെ മുന്നേറ്റങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നിടത്തെല്ലാം ഉപരിപഠനത്തിന്റെയും ഗവേഷണ, പര്യവേക്ഷണ ഉദ്യമങ്ങളുടെയും കേന്ദ്രങ്ങളെ കുറിച്ചാണ് നാം വായിക്കുന്നത്. മദീനയില്‍നിന്ന് തുടങ്ങി, ദമസ്‌ക്കസും അലപ്പോയും ഫെസും ബഗ്ദാദും ഖുര്‍ത്തുബയും കടന്ന് ബുഖാറയും സമര്‍ക്കന്തും ദില്ലിയുമൊക്കെ പിന്നിടുമ്പോഴാണ് ഇന്ന് കാണുന്ന മദ്രസ സമ്പ്രദായത്തിന്റെ ആദ്യരൂപങ്ങള്‍ ചരിത്രത്തില്‍ നാം കണ്ടുമുട്ടുന്നത്. പതിനൊന്നാം നൂറ്റാണ്ടില്‍ സെല്‍ജൂക് ഭരണത്തിന്‍ കീഴില്‍ പ്രധാനമന്ത്രിയായിരുന്ന നിസാമുല്‍ മുല്‍ക്ക് തൂസിയുടെ ( അബൂ അലി ഹസന്‍ ഇബ്‌നു അല്‍ തൂസി 1018-1092)ചിന്താപദ്ധതിയായി രാജ്യത്തുടനീളം സ്ഥാപിക്കപ്പെട്ട പാഠശാലകളാണെത്ര മദ്രസ സമ്പ്രദായത്തിന്റെ പ്രാക്തന രുപങ്ങള്‍. ഇവിടെ ഓര്‍ക്കേണ്ട ഒരു യാഥാര്‍ഥ്യം നിസാമുല്‍ മുല്‍ക്ക് ഒരു പണ്ഡിതന്‍ മാത്രമായിരുന്നില്ല. പ്രത്യുത ആ കാലഘട്ടം കണ്ട ഏറ്റവും നല്ല ഭരണാധികാരിയും രാഷ്ട്രമീംമാസകനുമായിരുന്നു. ഇസ്‌ലാമിക സമൂഹത്തെ എങ്ങനെ കാര്യക്ഷമതയോടെ, നീതിയിലധിഷ്ഠിതമായി ഭരിക്കാം എന്ന് സമകാലിക ലോകത്തെയും പിന്‍തലമുറയെയും പഠിപ്പിക്കുന്ന അദ്ദേഹത്തിന്റെ ‘സിയാസത്ത് നാമ’ ഇന്നും ഭരണകര്‍ത്താക്കള്‍ക്ക് വഴികാട്ടിയാണ്. നല്ല തലമുറകള്‍ക്ക് ജന്മം നല്‍കണമെങ്കില്‍ നല്ല മതപാഠശാലകളിലൂടെ വിദ്യ അഭ്യസിപ്പിക്കണം എന്ന ആധുനിക സാമൂഹികശാസ്ത്രത്തിലെ പ്രാഥമിക അധ്യാപനം ലോകത്തിനു മുന്നില്‍ ആദ്യമായി അവതരിപ്പിച്ചത് നിസാമുദ്ദീന്‍ തൂസിയാണെന്ന് പറയാം.

ഓത്തുപള്ളിയില്‍ നിന്ന് പുറപ്പെട്ട യാത്ര
മതത്തിന്റെ ചിട്ടവട്ടത്തിനുള്ളില്‍ ജീവിക്കുന്ന മുസ്‌ലിമിനെ വളര്‍ത്തിയെടുക്കുക എന്ന ലളിത ലക്ഷ്യമേ കേരളത്തിലെ ഇസ്‌ലാമിക സമൂഹത്തിനു അടുത്ത കാലം വരെ ഉണ്ടായിരുന്നുള്ള. അതിനുതകുന്ന ഒരു പാഠ്യക്രമമാണ്, അതിന്റെ എല്ലാ പരിമിതികളോടെയും നാം വികസിപ്പിച്ചെടുത്തത്. ഓത്തുപള്ളിയില്‍നിന്നാണ് കേരളത്തില്‍ ഇന്നത്തെ മദ്രസ സമ്പ്രദായം വികസിച്ചുവന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കര്‍മമണ്ഡലം വികസിച്ചതോടെയാണ് ഓത്തുപള്ളിയില്‍നിന്ന് മദ്രസ സമ്പ്രദായത്തിലേക്ക് മതപഠനം നവീകരിക്കപ്പെടുന്നതെന്ന് പറയാം. പൊന്നാനിയില്‍നിന്ന് ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് തുടക്കം കുറിച്ച ഒരു പാരമ്പര്യത്തിന്റെ പഴമയേറിയ സരണി പിന്‍പറ്റിയുള്ള മതപഠന രീതി പിന്നീടങ്ങോട്ട് പിന്തുടര്‍ന്നുപോന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷമാണ് ഈ ദിശയില്‍ കാര്യമായി പുരോഗതി വൈകരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലാവും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റൈ രൂപവത്കരണവും വിദഗ്ധരുടെ നേതൃത്വത്തിലുള്ള സിലബസ് ഒരുക്കലുമെല്ലാം വലിയ കാര്യങ്ങള്‍ തന്നെയാണ്. പതിനയ്യായിരത്തോളം മദ്‌റസകള്‍ ഇന്ന് സ്‌കൂള്‍ പഠനസമയം കഴിച്ചുള്ള നേരങ്ങളില്‍ മുടങ്ങാതെ, മുറ പോലെ നടക്കുന്നു. സുന്നികള്‍ക്ക് പുറത്ത്, നദ്‌വത്തുല്‍ മുജാഹിദീനും ജമാഅത്തെ ഇസ്‌ലാമിയും അവരുടേതായ സിലബസിനു കീഴില്‍ കുറച്ചു മദ്രസകള്‍ നടത്തുന്നുണ്ട്. അറബി മലയാളത്തെ പൂര്‍ണമായും ഒഴിവാക്കി ശുദ്ധമലയാളത്തില്‍ കിതാബുകള്‍ തയാറാക്കിയതാണ് ഈ വിഭാഗം നടത്തിയ എടുത്തുപറയേണ്ട ‘പരിഷ്‌കരണം’. അതേസമയം, കേരളത്തില്‍ മാത്രമാണ് മുസ്‌ലിം വിദ്യാഭ്യാസ ബോര്‍ഡ് നിലവിലുള്ളത് എന്ന ധാരണ തെറ്റാണ്. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ബംഗാളിലും മംബൈയിലും ദില്ലിയിലും ലഖ്‌നോവിലുമൊക്കെ വ്യവസ്ഥാപിതമായ മദ്രസബോര്‍ഡ് പ്രവര്‍ത്തിച്ചിരുന്നു. 1927ല്‍ തന്നെ പശ്ചിമ ബംഗാള്‍ മദ്രസ ബോര്‍ഡ് നിലവില്‍ വന്നിട്ടുണ്ട്. 1994ലാണ് അതിനു സര്‍ക്കാര്‍ നിയമപരമായി അംഗീകാരം നല്‍കിയതെന്ന് മാത്രം.
ഇവിടെ നമ്മുടെ ശ്രദ്ധ സുന്നി മദ്രസകളിലെ പഠനത്തിലാണ്. ശാസ്ത്രീയമായും ചിട്ടയോടെയും നടത്തപ്പെടുന്നുവെന്ന് നാം അവകാശപ്പെടുന്ന മദ്രസകള്‍ കാലഘട്ടത്തിന്റെ ആവശ്യകത നിറവേറ്റുന്ന കാര്യത്തില്‍ എത്രകണ്ട് വിജയിക്കുന്നുണ്ടെന്ന് വിലയിരുത്താന്‍ ബന്ധപ്പെട്ടവര്‍ ഔത്സുക്യം കാണിക്കേണ്ടതുണ്ട്. ചില മാറ്റങ്ങള്‍ നടക്കുന്നുണ്ടാവാം. നേരത്തെയുള്ള പാഠ്യപദ്ധതി കൊല്ലാകൊല്ലം തേച്ചുമിനുക്കുന്നുണ്ടാവാം. അതു കൊണ്ടായില്ല. ചുരുങ്ങിയത്, ഈ കാലയളവിനകം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ വന്ന മാറ്റങ്ങളെങ്കിലും പഠിക്കണം. അത് പോലും സമ്പൂര്‍ണമല്ല എന്ന് തോന്നുന്ന പക്ഷം വ്യതിരിക്തമായ രീതിയെക്കുറിച്ച് വിവിധ രംഗത്തുള്ളവരുമായി കൂടിയാലോചിക്കണം. കേരള സിലബസ് വിട്ട് സി.ബി.എസ്.ഇയിലേക്കും അവിടെനിന്ന് പല അന്താരാഷ്ട്ര സിലബസുകളിലേക്കും സ്‌കൂള്‍ പഠനം കുതിക്കുമ്പോള്‍, മദ്‌റസാ രംഗത്ത് നമ്മള്‍ നടത്തിയതായി അവകാശപ്പെടുന്ന പരിഷ്‌കരണങ്ങളുടെ ഊന്നല്‍ പലപ്പോഴും ദുര്‍ബലമായിരുന്നു. ഒരുകാര്യം എല്ലാവരും സമ്മതിക്കും: പത്ത് വര്‍ഷം മുമ്പുള്ള കുഞ്ഞുങ്ങളുടെ പതിന്മടങ്ങ് ബുദ്ധിയും വിവരവും ഉള്ളവരാണ് ന്യൂജനറേഷന്‍ കുഞ്ഞുങ്ങള്‍. വിവരസാങ്കേതിക വിദ്യയുടെയും സോഷ്യല്‍ മീഡിയയുടെയും രംഗത്തുണ്ടായ വിസ്‌ഫോടനങ്ങള്‍ ഏറ്റവും കൂടുതല്‍ മസ്തിഷ്‌കവിപ്ലവം സൃഷ്ടിച്ചിരിക്കുന്നത് ഈ വിഭാഗത്തിലാണ്. അഞ്ചുവയസുള്ള ഒരു കുട്ടി, ആണാവട്ടെ പെണ്ണാവട്ടെ ഇന്ന് എന്തുമാത്രം വിവരം ആര്‍ജിച്ചവരാണെന്ന് രക്ഷിതാക്കളായ നമുക്ക് അനുഭവവേദ്യമാണ്. അവരുടെ ജീവിതപരിസരത്തുനിന്ന് ആവാഹിച്ചെടുക്കുന്ന വിവരങ്ങള്‍ സ്വാഭാവികമായും ബുദ്ധിവികാസത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. അവരുടെ ഐ.ക്യു അളന്നുതിട്ടപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഏത് ഉസ്താദും അമ്പരന്നുപോകും. കുഞ്ഞുങ്ങളിലെ ഈ മാറ്റം മനസ്സിലാക്കി മദ്രസ സിലബസ് കൂടുതല്‍ ബുദ്ധിപൂര്‍വമാക്കാനോ അവര്‍ക്ക് ആകര്‍ഷണീയമാക്കാനോ ചിലത് ചെയ്യേണ്ടതുണ്ടെന്ന് വിദ്യാഭ്യാസബോര്‍ഡുകളുടെ വക്താക്കള്‍ക്ക് തോന്നിത്തുടങ്ങേണ്ടതുണ്ട്. ഒരു ബൃഹത്തായ ദൗത്യം ഏറ്റെടുത്ത വിദ്യാഭ്യാസ ബോര്‍ഡുകളെ ഇകഴ്ത്തിക്കാട്ടാനോ അവരെ പഠിപ്പിക്കാനോ അല്ല, കാലഘട്ടത്തിന്റെ രാഗദ്വേഷങ്ങള്‍ തൊട്ടറിഞ്ഞതിന്റെ വെളിച്ചത്തില്‍ പരിചിന്തനങ്ങള്‍ക്ക് അജണ്ട സമര്‍പ്പിക്കുന്നുവെന്ന് മാത്രം.

കാല്‍നൂറ്റാണ്ട് മുമ്പത്തെ ഇസ്‌ലാമല്ല ഇന്നത്തെ ഇസ്‌ലാം. ഇന്ന് തെരുവുകളിലും ചന്തകളിലും ക്ലബുകളിലും ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലും ട്വിറ്ററിലും ഇസ്‌ലാം വല്ലാതെ ചര്‍ച്ച ചെയ്യപ്പെടുന്നു. എതിരായും അനൂകൂലമായും പ്രചാരണങ്ങളും സംവാദങ്ങളും പൊടിപൊടിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങളും ഇതെല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്. സ്വാഭാവികമായും അവരില്‍ സന്ദേഹങ്ങളും പ്രക്ഷുബ്ധതകളും ഉടലെടുക്കും. ഇസ്‌ലാമോഫോബിയ അരങ്ങുവാഴുന്ന ഒരു സമൂഹത്തിലെ മുസ്‌ലിം തലമുറയെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള മതപഠനത്തിന് നമുക്ക് സംവിധാനമൊരുക്കാന്‍ സാധിക്കേണ്ടതില്ലേ? എന്തുകൊണ്ട് ഈ ബാഹ്യസമ്മര്‍ദങ്ങള്‍ മനസ്സിലിരുത്തി ഇസ്‌ലാമിനെ കൂടുതല്‍ വശ്യമായ രീതിയില്‍ പരിചയപ്പെടുത്തുന്ന രീതി നമ്മുടെ സിലബസില്‍ ഉള്‍പ്പെടുത്തിക്കൂടാ. ഇസ്‌ലാം കാര്യവും ഈമാന്‍ കാര്യവുമാണ് താഴെ ക്ലാസുകളില്‍ പഠനതുടക്കം. മുസ്‌ലിമായ ഉമ്മക്ക് പിറന്നുവീണത് കൊണ്ട് കുട്ടി ലക്ഷണമൊത്ത മുസ്‌ലിമാണെന്ന സങ്കല്‍പത്തിലാണ് നമ്മുടെ പാഠങ്ങള്‍ പുരോഗമിക്കുന്നത്. അതിനുപകരം, പാഠം ഒന്നില്‍ ഇസ്‌ലാമിനെ അവതരിപ്പിച്ച്, അതിന്റെ മതിപ്പും സ്വീകാര്യതയും ബോധ്യപ്പെടുത്തുന്ന അധ്യാപനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം. കിതാബുകളില്‍ കുറിച്ചിട്ടതിനപ്പുറത്തുള്ള പഠനത്തിനാണ് ഇവിടെ ഊന്നല്‍ നല്‍കേണ്ടത്.
സണ്‍ഡേ ക്ലാസുകളിലെ പാഠപുസ്തകം ഏതാനും പേജുകളേ ഉണ്ടാവൂ. എന്നാല്‍, ക്രൈസ്തവ സോദരങ്ങള്‍ തമ്മിലുള്ള സാഹോദര്യവും പാരസ്പര്യവും കൂട്ടിയിണക്കുന്ന പ്രക്രിയകള്‍ നടക്കുന്നത് ആചാരനുഷ്ഠാനങ്ങളിലൂടെയാണ്. അവിടെ പുരോഹിതന്‍ കുട്ടികളുടെ അച്ഛനേക്കാള്‍ കുഞ്ഞുങ്ങളില്‍ സ്വാധീനം ചെലുത്തുന്നു. അവരുടെ വ്യക്തിവികാസത്തില്‍ ചര്‍ച്ച് അദ്വിതീയമായ പങ്ക് നിറവേറ്റുന്നു. പല പുരോഹിതന്മാരും പൊതു സദസ്സുകളില്‍ വ്യക്തിത്വ വികാസ പരിശീലകരായി എത്തുന്നു. നമ്മുടെ മദ്രസ വിദ്യാര്‍ഥികളുടെ സ്വഭാവം കരുപ്പിടിപ്പിക്കുന്നതിലും വ്യക്തിത്വം വികസിപ്പിക്കുന്നതിലും എന്തേയ് മദ്രസകള്‍ക്ക് ഒരു പങ്കും വഹിക്കാന്‍ സാധിക്കാത്തത്? സമയം കുറവായത് കൊണ്ടാണോ? അല്ല സിലബസില്‍ അതില്ലാത്തതു കൊണ്ടോ? ഇവിടെയാണ് തുറന്ന ചര്‍ച്ചകളും ഗവേഷണങ്ങളും അനിവാര്യമായി വരുന്നത്. മദ്രസകളില്‍ ആണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് പെണ്‍കുട്ടികളുടേതിന്റെ ഇരട്ടിയാണത്രെ. പെണ്ണുങ്ങള്‍ മാത്രം ഇസ്‌ലാമായി നടന്നാല്‍ മതി എന്ന രക്ഷിതാക്കളുടെ ചിന്ത വഴിതെറ്റിയത് കൊണ്ടാണോ ഇത്. കൂലങ്കശമായി പരിശോധിക്കേണ്ട കാര്യമാണ്.

കൊച്ചുകിതാബുകളിലെ പരിമിത ജ്ഞാനങ്ങള്‍
ദീനിയ്യാത്ത്, അഖ്‌ലാഖ് , ഫിഖ്ഹ്, തജ്‌വീദ് തുടങ്ങി കേവലം പ്രാഥമികമായ കുറച്ചു വിജ്ഞാനങ്ങള്‍ മാത്രമേ പത്തുവയസ് തികയുന്ന ഒരു കുട്ടിക്ക് മദ്രസകള്‍ക്ക് നല്‍കാനാവുന്നുള്ളൂ. അതേസമയത്ത് സ്‌കൂളുകളില്‍നിന്ന് അവനു ലഭിക്കുന്ന അറിവുകളുടെ വൈപുല്യം അതിശയിപ്പിക്കുന്നതാണ്. സമയക്കുറവാണ് പ്രധാന വൈതരണിയെന്നാവും ന്യായവാദം. അങ്ങനെയെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ട് കുട്ടിയെ എന്നെന്നേക്കുമായി ഒരുക്കാനുള്ള വിദ്യാഭ്യാസ മനഃശാസ്ത്രം നമ്മുടെ കയ്യിലുണ്ടാവണം. അതിനപ്പുറം, മാറുന്ന കാലത്തിനൊത്ത് സിലബസ് നവീകരണം നടക്കുന്നുണ്ടോ എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. ഓരോ കാലഘട്ടത്തിന്റെയും മനോഘടന മനസ്സിലാക്കി, അഭിരുചി വളര്‍ത്താനും ജ്ഞാനകൗതുകം ഉണര്‍ത്താനും പര്യാപ്തമായ പുതിയ പഠനശൈലി സജ്ജീകരിക്കുന്നതിനെ കുറിച്ച് ഇനി മുഴുവസമയ ചര്‍ച്ചയും അവലോകനവും തദനുസൃതമായ മാറ്റങ്ങളും നടക്കേണ്ടതുണ്ട്. കുഞ്ഞുങ്ങളുടെ മനസ് വശീകരിക്കുന്ന, ജിജ്ഞാസ വളര്‍ത്തുന്ന എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസ് മദ്രസപാഠ്യക്രമത്തില്‍ ഉള്‍പ്പെടുത്തണം. 11ാം നൂറ്റാണ്ടില്‍ നടത്തം തുടങ്ങിയ നിസാമിയ്യ മദ്രസക്ക് 21ാം നൂറ്റാണ്ടിലും കൂടുതല്‍ കാതമൊന്നും നടന്നകലാന്‍ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. കൃത്യമായി പൊതുപരീക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കിയത് കൊണ്ടുമാത്രം എല്ലാം ശാസ്ത്രീയമാണെന്ന് അവകാശപ്പെടരുത്.

ഉള്‍ക്കനം കുറവാണ് മദ്രസകിതാബുകള്‍ക്കെന്ന് സൂക്ഷ്മപരിശോധനയില്‍ കണ്ടെത്താനാവും. ഭാഷ വരണ്ടതും വര്‍ത്തമാനകാല ശൈലിയുമായി ഒത്തുപോകാത്തതുമാണ്. കുഞ്ഞുങ്ങള്‍ ആദ്യമായി പരിചയപ്പെടുന്ന കര്‍മശാസ്ത്ര ജ്ഞാനങ്ങള്‍ അവരുടെ ചിന്തയെയോ സങ്കല്‍പങ്ങളെയോ തട്ടിയുണര്‍ത്തുന്നതല്ല, എന്നല്ല പലപ്പോഴും അവരെ അബദ്ധധാരണകളിലേക്ക് വഴിതെറ്റിക്കുന്നതുമാണ്. കുളിയുടെ അനിവാര്യ ഘടകങ്ങളും നിബന്ധനകളും പഠിക്കുന്ന കുരുന്നുകള്‍ക്ക് ഏത് കുളിയെ കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലാവുക ഒരുപക്ഷേ പ്രായപൂര്‍ത്തിയായതിനു ശേഷമായിരിക്കാം. അപ്പോഴാവും വകതിരിവില്ലാത്ത കാലത്ത് മനഃപാഠം പഠിച്ച ചില അറബിപദങ്ങളുടെ അര്‍ഥമറിഞ്ഞ് മനസ്സ് ഊറിച്ചിരിക്കുക. വുളുഇനെ കുറിച്ച് പഠിപ്പിക്കുന്നിടത്ത് അംഗശുദ്ധി എന്ന നല്ല മലയാളത്തിലൂടെ ആവശ്യമായ വിശദീകരണങ്ങള്‍ നല്‍കുന്നിടത്ത് പോലും പല അധ്യാപകരും പരാജയപ്പെടുന്നുണ്ട്. മതത്തിന്റെ ചരിത്രം പഠിപ്പിക്കുന്നിടത്ത് കേരളത്തില്‍ ഇസ്‌ലാം ആഗതമായതും ഇന്ത്യ അറബ് ബന്ധത്തിന്റെ ചരിത്രപശ്ചാത്തലവുമൊക്കെ ഭൂപടം വെച്ച് ബോധ്യപ്പെടുത്തുക. സ്‌കൂളും മദ്‌റസയും തമ്മിലെ അകലം കുറക്കുന്ന വിധത്തില്‍ കുഞ്ഞുമനസ്സുകളില്‍ കുടുതല്‍ വെളിച്ചം കടത്താമോ എന്ന ഗൗരവ ആലോചന നടത്തേണ്ടിയിരിക്കുന്നു. പ്രവാചകസങ്കീര്‍ത്തനങ്ങളിലൂടെയുള്ള ചരിത്രപഠനം കുഞ്ഞുമനസ്സുകള്‍ക്ക് കൂടുതല്‍ ഹൃദയഹാരിയാവും എന്ന് മാത്രമല്ല, മദ്രസകളിലെ പാട്ടിന്റെ കുറവ് നികത്തപ്പെടുകയും ചെയ്യും. മതവിജ്ഞാനീയങ്ങളെ വശ്യമായി അനുഭവപ്പെടാന്‍ അധ്യാപനത്തിലെ ആധുനിക സങ്കേതങ്ങള്‍ എത്ര കണ്ട് ഉപയോഗപ്പെടുത്താനാവും എന്നതിനെ കുറിച്ചാണ് ചിന്തിക്കേണ്ടത്. മദ്രസ കെട്ടിടം മോടിപിടിപ്പിച്ചത് കൊണ്ട് പഠനം മികച്ചതാവില്ല. പഠിപ്പിക്കുന്നതെന്താണെന്നും എങ്ങനെയാണെന്നുമാണ് പരിശോധിക്കപ്പെടേണ്ടത്.
റമളാന്‍ കഴിഞ്ഞ് മദ്രസകള്‍ തുറന്നു പഠനം ആരംഭിക്കുന്ന സന്ദര്‍ഭത്തില്‍ ഏകപക്ഷീയമായ ചില ചിന്തകള്‍ ബന്ധപ്പെട്ടവരുടെ മുന്നില്‍ അവതരിപ്പിച്ചുവെന്നേയുള്ളു. ന്യൂജനറേഷന്‍ കുഞ്ഞുങ്ങള്‍, കാലഹരണപ്പെട്ടതായി പുറമേനിന്ന് നോക്കുന്നവര്‍ക്ക് പോലും തോന്നുന്ന സിലബസ് എങ്ങനെ തലച്ചോറില്‍ കെട്ടിവലിക്കും എന്ന ചോദ്യം ഇതിനു മുമ്പും അധികമാരും പറഞ്ഞുകേട്ടിട്ടില്ല. മതപഠനത്തെ കുറിച്ച് ആരും ഗൗരവപൂര്‍വം ചിന്തിക്കാറോ പരാതിപ്പെടാറോ ഇല്ല എന്നത് തന്നെ കാരണം. ഈ ദിശയില്‍ കൂലങ്കശമായ ചില കൂടിയാലോചനകള്‍ നടന്നേയേ മതിയാവൂ. ഇപ്പോള്‍ കിട്ടുന്ന ഒരു മണിക്കൂറിന്ന് ഒരു യുഗത്തെ തന്നെ ഉത്സുകമാക്കാനുള്ള ഉള്‍ക്കാമ്പ് നാം വികസിപ്പിക്കേണ്ടിയിരിക്കുന്നു വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരാണ് അതിനു നേതൃത്വം കൊടുക്കേണ്ടത്. മതാധ്യാപനത്തിനു പുറത്തുള്ള, കുട്ടികളുടെ മനഃശാസ്ത്രത്തിലും അത്യാധുനിക അധ്യാപന രീതിയിലും പ്രാഗല്‍ഭ്യം തെളിയിച്ച എക്‌പെര്‍ട്ടുകളുടെ സഹായം തേടേണ്ടിവരും. ഇസ്‌ലാമിക രാജ്യങ്ങളിലെവിടെയെങ്കിലും മികച്ച സിലബസുണ്ടെങ്കില്‍ കടമെടുക്കുന്നതില്‍ തെറ്റില്ല. അതില്‍ കേരളത്തിന്റെ സവിശേഷത ഉള്‍ക്കൊള്ളുന്ന അധ്യായങ്ങള്‍ ഉള്‍ക്കൊള്ളിച്ചാല്‍ മതിയാവും. അപ്പോഴും ഭയപ്പെടേണ്ടത്, എറണാകുളത്തെ പീസ് സ്‌കൂള്‍ മേലധികാരികള്‍ ചെന്ന് ചാടിയ വിവരക്കേടിന്റെയും ജാഗ്രതക്കുറവിന്റെയും സിലബസ് കെണികളില്‍ അകപ്പെടുന്നതാണ്.

ശാഹിദ്‌

You must be logged in to post a comment Login