ഒരേ ഒരുവന് ഒതുങ്ങുന്നവര്‍

ഒരേ ഒരുവന് ഒതുങ്ങുന്നവര്‍

ആരാണ് ഖാശിഅ്- ഭക്തിയോടെ കീഴൊതുങ്ങുന്നവന്‍? ഖുര്‍ആനില്‍ കാണാം: തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടേണ്ടവരാണെന്നും അവനിലേക്ക് തിരിച്ചുചെല്ലേണ്ടവരാണെന്നും മനസിലാക്കുന്നവരാണ് അവര്‍(ആശയം/ സൂറത്തുല്‍ബഖറ- 46).

തനിക്ക് സ്വന്തമായി കഴിവും പ്രാപ്തിയുമുണ്ടെന്ന് വിചാരിക്കുന്നവരുണ്ട്. അഹങ്കാരമായിരിക്കാം അവര്‍ക്ക്. പടച്ചവനെ അംഗീകരിക്കാന്‍ മനസ് സമ്മതിക്കില്ല. അതേറെ നാള്‍ നീണ്ടുനില്‍ക്കില്ല. ഒരുനാള്‍ തനിക്കുണ്ടെന്ന് വിചാരിക്കുന്ന കഴിവും പ്രാപ്തിയുമൊക്കെ പോവും. ഒന്ന് എഴുന്നേറ്റിരിക്കാന്‍ പോലുമാവാത്ത വിധം മനുഷ്യര്‍ വീഴും. എന്നാലോ പടച്ചവന്‍ അപ്പോഴും അജയ്യനായിരിക്കും. ചിലരെ വീഴ്ത്തിയും ചിലരെ നേരെ നിര്‍ത്തിയും അവന്റെ അധികാരം നിലനില്‍ക്കും. ഗുരു ശിഷ്യനോടൊരിക്കല്‍ പറഞ്ഞു: ‘മോനേ, വീഴ്ചകളില്‍ നിന്ന് പഠിക്കൂ.’ ആളുകള്‍ നിന്നെ പുകഴ്ത്തുമ്പോള്‍ കഴിവുകള്‍ നിന്റെതാണെന്ന് വിചാരിച്ച് അഭിമാനിക്കേണ്ട. ആളുകള്‍ ഇകഴ്ത്തുന്നത് കണ്ട് തളരുകയും ചെയ്യരുത്. ഇന്നലെകള്‍ പാഠമാണ്. നാളത്തേക്ക് ഉപകരിക്കും. കരുത്തുറ്റ ശരീരം നോക്കി അഭിമാനിക്കേണ്ട. അത് നിന്റെതല്ല. സ്രഷ്ടാവിന്റെ ഉടമയിലുള്ള മുതലാണ്. ഉടമയെ അറിഞ്ഞ് വണങ്ങുകയാണ് അടിമ വേണ്ടത്. പരമമായ കീഴൊതുക്കം തന്നെ. അത് മറ്റാര്‍ക്കും അവകാശമില്ലാത്ത വണക്കമാണ്. അപ്പോള്‍ ചെയ്യുന്ന കാര്യങ്ങളില്‍ കൃത്യതയും കണിശതയുമുണ്ടാകും. സൂക്ഷ്മതയും പ്രതീക്ഷയും പ്രാര്‍ത്ഥനയുമുണ്ടാകും.

വിനയം വേണം. സ്രഷ്ടാവ് വിലക്കിയതില്‍ നിന്ന് വിട്ടുനില്‍ക്കണം. അവന്റെ വിധികളറിയണം. തദനുസൃതമായി ജീവിക്കണം. ഓരോ ഘട്ടത്തിലും ഓരോ പടി മുകളിലേക്കുയരണം. മറ്റൊരാള്‍ക്കും അധീനപ്പെടാതെ സര്‍വലോക രക്ഷിതാവിന്ന് മുന്നില്‍ സാഷ്ടാഗഭരിതരാവണം. അപ്പോഴാണ് ഖുശൂഅ്- ഭക്തി നിറഞ്ഞ താഴ്മ പരിപൂര്‍ണമാവുന്നത്.

നമ്മളെവിടെയുമെത്തിയിട്ടില്ല. ശരീരത്തില്‍ തറച്ച അമ്പ് വലിച്ചൂരാന്‍ വന്നവരോട് ‘നില്‍ക്ക്, ഞാനൊന്ന് നിസ്‌കരിക്കട്ടെ. അപ്പോള്‍ ഞാനതിന്റെ വേദനയറിയില്ല’ എന്ന് പറഞ്ഞവര്‍ നമ്മെപ്പോലെ ഈ മണ്ണിലുണ്ടായിരുന്നു. ശരീരത്തില്‍ പാറിവന്നിരിക്കുന്ന കൊതുകുപോലും നമ്മുടെ ശ്രദ്ധയെ തട്ടിക്കൊണ്ടുപോവുന്നു. അപ്പോള്‍ നമുക്ക് ഖുശൂഅ് വീണ്ടെടുക്കേണ്ടേ? അല്ലാഹുവിനെ കണ്ടുമുട്ടുമെന്ന് വിചാരിക്കുന്നവരെ പറയുമ്പോള്‍ ‘യളുന്നൂന’ എന്ന് ഖുര്‍ആന്‍ പറയുന്നു. അവരങ്ങനെ വിചാരിക്കുന്നു എന്ന്. ഉറപ്പിക്കുന്നു എന്നല്ല. അപ്പോള്‍ അത്ര ആഴത്തിലുള്ള ഉറപ്പിലേക്ക് പോവാതെ തന്നെ ഈ വിചാരം അവനെ ക്രിയാത്മകമായി സ്വാധീനിക്കണം എന്നര്‍ത്ഥം. കേവല ഭാവന പോലും അതിനുക്തമായ വിസ്‌ഫോടനം സൃഷ്ടിക്കും എന്നുദ്ദേശ്യം.

ഏത് കൂരിരുട്ടിലും സ്രഷ്ടാവിന്റെ നോട്ടം മറയുന്നില്ല. സമുദ്രത്തിന്റെ ഇരുള്‍മുറ്റിയ ആഴങ്ങളില്‍ നീന്തുന്ന മത്സ്യത്തെയും ഇരുട്ട് കനം മുറ്റിയ രാത്രിയില്‍ കരിമ്പാറയിലൂടെ നടക്കുന്ന ഉറുമ്പിന്റെ ചലനങ്ങളെയുമറിയുന്നവനാണവന്‍. കിലോമീറ്ററുകള്‍ മുകളില്‍നിന്ന് പറക്കുന്ന പരുന്തിന്റെ കാഴ്ചക്ക്, താഴെ നില്‍ക്കുന്ന കോഴിക്കുഞ്ഞിനെ കാണിച്ചുകൊടുക്കുന്നതും അതിനെ പിടിക്കാന്‍ വട്ടമിട്ടുവരുന്ന പരുന്തിന്റെ കാഴ്ചയില്‍നിന്ന് കോഴിക്കുഞ്ഞിനെ തന്റെ ചിറകിനടിയില്‍ പതുക്കുന്ന തള്ളക്കോഴിയെയും ഒരേ ഫ്രെയ്മില്‍ കാണുകയും അറിയുകയും ചെയ്യുന്നവന്‍ സര്‍വാധിപതി. അവനെ മറച്ചുവെക്കാന്‍ ഒന്നുമില്ലതന്നെ.

ഞാന്‍ നിന്നെക്കാള്‍ വലിയവനാണ്, നീ എനിക്ക് പുല്ലാണ്- എന്നിങ്ങനെ വലിയ വായില്‍ വീമ്പുപറയുന്നവരുണ്ട്. ഇക്കൂട്ടര്‍ സ്വയം വലിയവരാണെന്ന് കരുതുന്നുവെങ്കിലും ഒരു ദിവസം ഇവന്‍ എത്രയാളുകളെ കാര്യങ്ങള്‍ക്ക് ആശ്രയിക്കുന്നു. എന്നിട്ടും ഞാന്‍ തരക്കേടില്ല എന്ന് വിചാരിച്ചുപോവുകയാണോ, വിഡ്ഢിത്തം. സമ്പത്ത് കൈയില്‍ നിന്ന് വഴുതാന്‍ അത്ര സമയമൊന്നും വേണ്ട. കോടീശ്വരനാകാനും അധികസമയം വേണ്ട. എടുക്കുന്നതും കൊടുക്കുന്നതും ഒരാളാണല്ലോ. ഒരേ ഒരുവന്‍. എന്തിനും ഏതിനും കഴിവുള്ള വിധാതാവിനെയാണ് നാം വണങ്ങുന്നതും.

മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി

You must be logged in to post a comment Login