ഫലസ്തീന്‍ നരഹത്യകള്‍ വിശുദ്ധ യുദ്ധങ്ങളാകുന്നതെങ്ങനെ?

ഫലസ്തീന്‍ നരഹത്യകള്‍ വിശുദ്ധ യുദ്ധങ്ങളാകുന്നതെങ്ങനെ?

ഇസ്രയേല്‍ പട്ടാളം തൊടുത്തുവിട്ട കണ്ണീര്‍വാതക ഷെല്ല് വായില്‍ തറച്ച് ദയനീയമായി ആര്‍ത്തുപായുന്ന ഫലസ്തീന്‍ യുവാവിന്റെ തീ നൊമ്പരം നാം കണ്ടു. മുറിവേറ്റുവീണ സഹോദരങ്ങളെ ശുശ്രൂഷിക്കാന്‍ ഓടുന്നതിനിടയില്‍ വെടിയേറ്റുവീണ ആരോഗ്യ പ്രവര്‍ത്തകയുടെ ചേതനയറ്റ ശരീരവും ലോകം കണ്ടു. ഒരു മതം മനുഷ്യനെ പച്ചയില്‍ കൊല്ലുന്നതിന്റെ ചിത്രങ്ങളാണിതൊക്കെ. ഈ കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ ഇങ്ങനെ 120 പേര്‍ കൊലക്കിരയായെന്നാണ് ഔദ്യോഗിക കണക്കുകള്‍. മുപ്പത്തെട്ടായിരത്തിലധികം പേര്‍ക്ക് മുറിവേറ്റിട്ടുമുണ്ട്.

അര നൂറ്റാണ്ടിലേറെക്കാലമായി ഈ അരുംകൊലകള്‍. അതിര്‍ത്തികള്‍ വെട്ടിപ്പിടിച്ചും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും അത്യാധുനിക ആയുധങ്ങള്‍ പ്രയോഗിച്ചും അറബ് ജീവിതം തുടച്ചുനീക്കുകയാണ് ഇസ്രയേല്‍ പട്ടാളം. എംബസി സ്ഥാപിക്കാന്‍ ജറുസലേമില്‍ നോട്ടമിട്ട അമേരിക്കയും ഗാലന്‍ കുന്നുകളെ വരുതിയിലാക്കാനുള്ള ഇസ്രയേലിന്റെ ശ്രമവും അമ്പരപ്പിക്കുന്നു. വിശുദ്ധ നബിമാരുടെ പ്രബോധന പാതകളും വഴിയടയാളങ്ങളും മലിനമാക്കാനുള്ള നീക്കങ്ങളാണിതെല്ലാം. നോം ചോംസ്‌കിയുടെ അഭിപ്രായം മുഖവിലക്കെടുക്കേണ്ടതുണ്ട്: ‘മധ്യ പൗരസ്ത്യ ദേശത്തെ പ്രശ്‌നങ്ങളുടെ മുഖ്യകാരണം അമേരിക്കയുടെ സാമ്പത്തിക താല്‍പര്യങ്ങളാണ്. എണ്ണയുടെ രാഷ്ട്രീയവുമായും ആയുധ വില്‍പനയുമായും അതിന് അഭേദ്യബന്ധമുണ്ട്.” ചില സംഭവവികാസങ്ങള്‍ ഇതിനെ കൂടുതല്‍ ശരിവെക്കുകയാണ്, എപ്പോഴും. ഗസ്സ ഭരണം കയ്യാളുന്ന ഹമാസിനുമേല്‍ യുദ്ധക്കുറ്റം ചുമത്താനുള്ള കിണഞ്ഞ ശ്രമവും ഇറാനുമായുള്ള ആണവകരാര്‍ ലംഘനവും പാരിസ്ഥിതിക വിഷയങ്ങളിലെ പിന്തിരിപ്പന്‍ നിലപാടുകളും(ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ആശങ്കകള്‍ വെറും അക്കാദമിക ആശയങ്ങള്‍ മാത്രമാണെന്ന ട്രംപിന്റെ വാദം) ഓര്‍ക്കുക. അറബ് ജൂത സമത്വ ബില്‍ കാറ്റില്‍ പറത്താന്‍ ഇസ്രയേല്‍ സെനറ്റിനെ പ്രേരിപ്പിച്ചതും മറ്റാരുമല്ല.

ഇസ്‌ലാം- ജൂത- ക്രൈസ്തവ പാരമ്പര്യത്തിന്റെ ചരിത്രം നമ്മള്‍ ആരോട് പറയാന്‍. സമാധാനം ആഗ്രഹിക്കുന്ന ലോകത്തിന് അതൊരു പക്ഷേ മതിയായേക്കും. ആദ്യമായി ജറുസലേം മുസ്‌ലിം നിയന്ത്രണത്തിലാകുന്ന സമയം. ഖലീഫ ഉമറിന്റെ കാലമാണത്. എഡി 636ല്‍ ബൈസാന്റിയന്മാരെ തോല്‍പിച്ചുകൊണ്ട് ഖലീഫ അവിടെയെത്തി. ഉപയോഗ ശൂന്യമായി പൊടിപിടിച്ച് കിടന്നിരുന്ന ടെമ്പിള്‍ മൗണ്ട് വൃത്തിയാക്കാനും എ ഡി 70 മുതല്‍ നിലനിന്നുപോന്ന ജൂതന്മാര്‍ക്കുമേലുള്ള ആരാധനാവിലക്ക് എടുത്തുമാറ്റാനും ഖലീഫ മുന്നിട്ടിറങ്ങി. അതായത് മുസ്‌ലിം ഭരണകാലത്ത് എ ഡി എഴുപതിനു ശേഷമാണ് ജറുസലേമില്‍ ജൂതന്മാര്‍ക്ക് ആരാധനാസ്വാതന്ത്ര്യം ലഭിക്കുന്നത്. കാരന്‍ ആംസ്‌ട്രോങ് ഇത് പറയുന്നുണ്ട്:
‘ഒരുപക്ഷേ ദാവീദ് രാജാവിനെ ഒഴിച്ചാല്‍ ജറുസലേം കീഴടക്കിയ ഏതു മുന്‍ഭരണാധികാരിയെക്കാളും ഏകദൈവത്വപരമായ കാരുണ്യം ഉമര്‍ പ്രകടിപ്പിച്ചു. ദീര്‍ഘവും പലപ്പോഴും ദുരന്തപൂര്‍ണവുമായ ചരിത്രമാണ് ആ നഗരം അതുവരെ പരിചയിച്ചിരുന്നത്. എന്നാല്‍ ഏറ്റവും സമാധാനപരവും രക്തരഹിതവുമായ മുന്നേറ്റമാണ് ഖലീഫ നയിച്ചത്. അവിടെ കൊല നടന്നില്ല, സ്വത്ത് നശിപ്പിച്ചില്ല, ഇതര മതങ്ങളുടെ പ്രതീകങ്ങള്‍ ചുട്ടെരിക്കപ്പെട്ടില്ല. ആരെയും പുറത്താക്കിയില്ല. നിര്‍ബന്ധ മതപരിവര്‍ത്തനങ്ങള്‍ നടത്തിയില്ല.'(Karen Amstrong- Jerusalem; One City, Three Faiths 1996 P.228).

പക്ഷേ, സാമ്രാജ്യത്വ ശക്തികളുടെ വറ്റ് തിന്ന് മനുഷ്യനെ പച്ചക്ക് തിന്നുന്നവര്‍ക്കെന്ത് നീതിന്യായ ചരിത്രം.

പാശ്ചാത്യരുടെ മുന്‍ഗാമികളായ കുരിശുസേന നഗരം കീഴടക്കിയതിനു ശേഷം മുസ്‌ലിംകളെയും ജൂതന്മാരെയും ആട്ടിപ്പുറത്താക്കിയെന്നാണ് ചരിത്രം (പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ സ്വലാഹുദ്ദീന്‍ അയ്യൂബി ജറുസലേം കീഴടക്കിയതിനു ശേഷമാണ് ജുതന്മാര്‍ക്ക് വീണ്ടും താമസമുറപ്പിക്കാന്‍ സാധിച്ചത്- ibid 403)

എന്തിനധികം പറയണം, ഇസ്രയേലിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ ബക്ശലേം ഇസ്രയേല്‍ ഗവണ്‍മെന്റ് ഫലസ്തീനികള്‍ക്കെതിരെ നടത്തുന്ന നികൃഷ്ടമായ ഒട്ടനവധി ചെയ്തികള്‍ തുറന്നുകാട്ടുന്ന ദീര്‍ഘമായ റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കിയിട്ടുണ്ട്. സയണിസത്തിന്റെ വംശീയവും ഭീകരവുമായ ഹീനകൃത്യങ്ങള്‍ സമര്‍ത്ഥമായി പുറത്തുകൊണ്ടുവന്നതില്‍ ജൂതഗവേഷകരുടെ പങ്ക് ചെറുതല്ല. ഇവര്‍ ഇസ്രയേലിന്റെ വികടവൃത്തികളില്‍ ഉത്കണ്ഠാകുലരും സയണിസ്റ്റ് വിരുദ്ധരും മര്‍ദിതരായ ഫലസ്തീനികളോട് അനുഭാവമുള്ളവരുമാണ്.
1969ല്‍ അല്‍അഖ്‌സ പള്ളി തീവെച്ചുകൊണ്ട് ഒരു ഇസ്രയേലിയാണ് മതനിന്ദ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. അതിനും മുമ്പ് സര്‍ക്കാര്‍തലത്തില്‍ ഇസ്രയേല്‍ തന്നെ ഇതിനു മാതൃക കാട്ടിയിരുന്നു. 1948ല്‍ ഇസ്രയേല്‍- ഈജിപ്ഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ജറുസലേം രണ്ടായി ഭാഗിച്ചു. ശേഷം നൂറോളം പള്ളികളും ഗ്രാമങ്ങളുമാണ് ഇസ്രയേല്‍ സൈന്യം ഇടിച്ചുനിരപ്പാക്കിയത്. ജറുസലേമിലെ മുന്‍ ഡെപ്യൂട്ടിമേയര്‍ മെറോന്‍ ബെന്‍വിനിസ്റ്റ് ഇക്കാര്യം തന്റെ Sacres Land Scape എന്ന കൃതിയില്‍ കുറിച്ചിട്ടുണ്ട്.

മാധ്യമ പ്രചാരണങ്ങള്‍
ഗസ്സയിലും വെസ്റ്റ് ബാങ്കിലും കാണപ്പെടുന്ന ഏതൊരു ഇസ്രയേല്‍ പട്ടാളക്കാരനും അധിനിവേശ സൈനികനാണ്. അയാളെ നേരിടുന്നത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഫലസ്തീനികള്‍ കാണുമ്പോള്‍ പാശ്ചാത്യന്‍ മീഡിയ ഇവരെ സുരക്ഷാ സൈനികരെന്നു വിളിക്കും. വെസ്റ്റ് ബാങ്കിലെ ഒരു സേനാക്യാമ്പ് ഒഴിഞ്ഞുപോകാന്‍ ഇസ്രയേലി സൈന്യം നിര്‍ബന്ധിതരാവുകയുണ്ടായി. ഇതേപറ്റി സി ബി എന്‍ റിപ്പോര്‍ട്ട് ചെയ്തത് ഫലസ്തീന്‍ അതിക്രമത്തിനു മുമ്പില്‍ ഇസ്രയേലികള്‍ സ്ഥലം അടിയറവെച്ചുവെന്നാണ്. വാക്കുകളുടെ തെറ്റായ ഉപയോഗത്തിലൂടെ സംഭവത്തിന്റെ നിജസ്ഥിതി അറിയാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കുകയാണ് ചില മാധ്യമങ്ങള്‍.

1947 ഡിസംബര്‍ മുതല്‍ 1948 ജനുവരി വരെ നടന്ന യഹിദ, കിസാസ്, ക്വസാസ, അശൈഖ് കൂട്ടക്കൊലകളെ വിസ്മരിക്കുകയായിരുന്നു വെസ്റ്റേണ്‍ മീഡിയകള്‍. ന്യൂയോര്‍ക്ക് പോസ്റ്റ്, വാഷിംഗ്ടണ്‍ പോസ്റ്റ്, എന്‍ പി ആര്‍ പോലുള്ള പാശ്ചാത്യ മാധ്യമങ്ങള്‍ മധ്യ പൗരസ്ത്യ ദേശത്തെ വാര്‍ത്തകള്‍ തികച്ചും കാപട്യത്തിന്റെ രസക്കൂട്ട് ചേര്‍ത്താണവതരിപ്പിച്ചത്. ഇസ്രയേലിന്റെ അതിക്രമങ്ങളെ തടഞ്ഞാല്‍ അതിനെ ആന്റി സെമിറ്റിക് നിലപാടായി അവതരിപ്പിക്കാനും മാധ്യമങ്ങള്‍ ഒട്ടും മടികാണിക്കാറില്ല. ഇതുവഴി ജൂത വംശീയതയെ ആളിക്കത്തിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

സ്വന്തം നാട്ടില്‍ ദിനേനയെന്നോണം അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന അനീതിയും അവഗണനയുമാണ് അഥവാ കുടിയേറ്റ അധിനിവേശത്തിന്റെ സ്വാഭാവികമായ വെല്ലുവിളികളാണ് ഫലസ്തീനികളെ അസ്വസ്ഥരാക്കുന്നത്. സെമിറ്റിക് വിരുദ്ധരെന്ന ആരോപണം ഫലസ്തീനികള്‍ക്കെതിരെ മാത്രമല്ല ഫലസ്തീനികള്‍ക്ക് വേണ്ടി സംസാരിക്കുന്ന ജൂത ആക്ടിവിസ്റ്റുകള്‍ക്കെതിരെയും ഉന്നയിക്കാറുണ്ട്.

ലോക ജനതയുടെ ബോധത്തില്‍ നിന്നുതന്നെ ഫലസ്തീനിനെക്കുറിച്ചുള്ള എല്ലാ ഓര്‍മകളും ഇല്ലാതാക്കാന്‍ ഇവര്‍ക്ക് സാധിച്ചു. കാരണം, അവരെ സംബന്ധിച്ചിടത്തോളം ഭൂമിയും മറ്റ് വിഭവങ്ങളും പിടിച്ചടക്കുക എന്നതുമാത്രമല്ല ലക്ഷ്യം, ജ്ഞാനശാസ്ത്രപരമായ ആധിപത്യം(Epistomolic domination) കൂടിയായിരുന്നു.

അവസാനിക്കാത്ത ഇസ്‌ലാം പേടി
ആന്റി സെമിറ്റിക്കിന്റെ നവരൂപമായി ഇസ്‌ലാമോഫോബിയയെ വളര്‍ത്തിക്കൊണ്ടുവരാനുള്ള തിടുക്കത്തിലാണ് പടിഞ്ഞാറ്. എല്ലാവരും ഭീതിപ്പെടുന്ന ആശയത്തിന്റെ പ്രയോക്താക്കളായി പുതിയ ഭൗമരാഷ്ട്ര സന്ദര്‍ഭത്തില്‍ വിശേഷിപ്പിക്കപ്പെടുന്നത് ഇസ്‌ലാമാണ്. ട്രംപിന്റെ തിരഞ്ഞെടുപ്പോടെ പുതിയ ആന്റി സെമിറ്റിക് ഭീതിക്ക് ആഗോളപ്രചാരം ലഭിച്ചിട്ടുമുണ്ട്. കുരിശുയുദ്ധത്തിന്റെ പാപക്കറ മായിച്ചുകളയാന്‍ മുസ്‌ലിം പടയോട്ടം എന്ന നിര്‍മിതിയെ മുമ്പില്‍ വെക്കുകയാണ് സയണിസ്റ്റുകളും അവരുടെ കയ്യിലെ മീഡിയയും.

ഈ നിലയില്‍ ഫലസ്തീനികള്‍ എന്നും അക്രമകാരികള്‍ തന്നെയായിരിക്കും. ഇസ്രയേല്‍ സമാധാന പ്രേമികളും. ഫലസ്തീനികള്‍ക്ക് സമാധാന ജീവിതം സ്വപ്‌നം കാണാന്‍ പോലുമാവാത്ത രാഷ്ട്രീയാവസ്ഥ എന്നും തുടരുകയും ചെയ്യും.

ഫള്‌ലുറഹ്മാന്‍ തിരുവോട്‌

You must be logged in to post a comment Login