മുസ്‌ലിം പ്രയോഗങ്ങളും ക്രിസ്ത്യന്‍ മൗലികവാതവും

മുസ്‌ലിം പ്രയോഗങ്ങളും ക്രിസ്ത്യന്‍ മൗലികവാതവും

ശക്തിയാര്‍ജിക്കുന്ന ക്രിസ്ത്ര്യന്‍ താലിബാനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ മെഹ്ദി റാസ ഹസന്‍ നല്‍കുന്ന മുന്നറിയിപ്പ് ഗൗരവത്തോടെ പരിശോധിക്കപ്പെടേണ്ടതാണ്. മെഹ്ദി പുറത്തിറക്കിയ നാല് മിനുട്ട് ദൈര്‍ഘ്യമുള്ള ദൃശ്യത്തില്‍ ഡൊണാള്‍ഡ് ട്രംപ് എന്ന ഖലീഫയുടെ നേതൃത്വത്തില്‍ ബൈബിളിനെ അടിസ്ഥാനമാക്കുന്ന മൗലികവാദികളെന്നോ ക്രിസ്ത്യന്‍ താലിബാന്‍ എന്നോ വിശേഷിപ്പിക്കാവുന്നവര്‍ അമേരിക്കന്‍ ഭരണകൂടത്തെ മതവത്കരിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്. ക്രിസ്ത്യന്‍ വലതുപക്ഷത്തിന്റെ നയങ്ങളെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കാന്‍ ഇസ്‌ലാമിക പ്രയോഗങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. മുസ്‌ലിം വ്യക്തി നിയമമായ ശരീഅത്തിന്റെ ബൈബിള്‍ പതിപ്പ് അവര്‍ ആവശ്യപ്പെടുന്നുവെന്ന് മെഹ്ദി പറയുന്നു. ട്രംപ് ഭരണകൂടത്തിലെ ‘മുല്ല’മാരെക്കുറിച്ച് സംസാരിക്കുന്ന മെഹ്ദി അത് അവസാനിപ്പിക്കുന്നത് ‘ഖലീഫ ട്രംപ്’ എന്ന പ്രയോഗത്തോടെയാണ്. മുസ്‌ലിം സമുദായാംഗങ്ങള്‍ രോഷം പ്രകടിപ്പിക്കാനുദ്ദേശിച്ച് ‘അല്ലാഹു അക്ബര്‍’ എന്ന് കൂട്ടത്തോടെ വിളിക്കുന്നതുമായാണ് ക്രിസ്തീയ സമൂഹം ‘ദൈവത്തിന് മഹത്വ’മെന്ന കൂട്ട പ്രാര്‍ത്ഥന നടത്തുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മതത്തെ കേന്ദ്രീകരിച്ചുണ്ടാകുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ കാര്യം വിശദീകരിക്കവെ ഇസ്‌ലാമുമായി താരതമ്യം ചെയ്യുന്ന ആദ്യത്തെയാളല്ല ഹസന്‍. ലോകത്താകെ, പ്രത്യേകിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയില്‍, വളര്‍ന്നുവരുന്ന മത തീവ്രവാദത്തെ ഇസ്‌ലാമുമായും മുസ്‌ലിംകളുമായും ചേര്‍ത്തുവെച്ചാണ് വായിക്കേണ്ടത് എന്ന് തെറ്റിദ്ധരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. സ്വതന്ത്ര – ഇടതുപക്ഷ ചിന്തകരാണ് പൊതുവില്‍ ഈ വായനയുടെ പ്രയോക്താക്കള്‍. സ്വന്തം ഭാഗം വിശദീകരിക്കുന്നതിനും സകല മോശം പ്രവൃത്തികള്‍ക്കും കാരണം മത മൗലികവാദമാണെന്ന് വിശ്വസിക്കുന്ന ‘പൊതു സമൂഹ’ത്തിന്റെ പിന്തുണ നേടിയെടുക്കുന്നതിനും ഇത്തരം താരതമ്യം സഹായിക്കും. മത മൗലികവാദികള്‍, അവര്‍ ഏത് മതത്തില്‍ വിശ്വസിക്കുന്നവരായാലും, അവരുടെ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുന്നതിന് വിശുദ്ധ ഗ്രന്ഥങ്ങളിലെ വാക്യങ്ങളെയാണ് ആശ്രയിക്കാറുള്ളത് എന്നത് വസ്തുതയുമാണ്. എങ്കിലും മെഹ്ദി ഹസനെപ്പോലുള്ളവര്‍ നടത്തുന്ന പ്രചാരണത്തിന്റെ ഉദ്ദേശ്യം ചോദ്യം ചെയ്യപ്പെടണം. മത തീവ്രവാദത്തിന്റെ സ്വാധീനം ഏതളവിലാണ് വളരുന്നത് എന്നത് വേഗത്തില്‍ മനസിലാക്കിക്കുക എന്ന ഉദ്ദേശ്യത്തിലാകണം താരതമ്യം. പക്ഷേ, ‘മുസ്‌ലിം തീവ്രവാദികള്‍’ എന്നൊക്കെയുള്ള പ്രയോഗങ്ങളും ഇസ്‌ലാമിക പ്രയോഗങ്ങളെ ആശ്രയിച്ചുകൊണ്ടുള്ള വിശദീകരണവും ഒട്ടും ക്രിയാത്മകമകല്ല.

ഇസ്‌ലാമിക പ്രയോഗങ്ങള്‍ക്ക് നല്‍കപ്പെട്ട മോശം അര്‍ത്ഥങ്ങള്‍ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെയും ആ പ്രയോഗങ്ങളുടെ യഥാര്‍ത്ഥ അന്തസത്ത തിരികെപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയും മുസ്‌ലിം നേതാക്കളും പണ്ഡിതരും വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുകയാണ്. അതിനിടെയാണ് ലോകത്താകെ മുസ്‌ലിം ഭീതി വളര്‍ത്താന്‍ ശ്രമിക്കുന്നവരുടെ വ്യാഖ്യാനങ്ങള്‍ക്കൊപ്പം ഹസനെപ്പോലുള്ളവര്‍ നില്‍ക്കുന്നത്. ഉദാഹരണത്തിന് ‘മുല്ല’ എന്ന വാക്കെടുക്കാം. ഇസ്‌ലാമിക നിയമങ്ങളിലും വചനങ്ങളിലും പാണ്ഡിത്യം നേടിയയാള്‍ എന്ന് മാത്രമെ ഈ വാക്കിന് അര്‍ത്ഥമുള്ളൂ. എന്നാല്‍ ആ വാക്ക് ഉപയോഗിക്കപ്പെടുന്നത് മത മൗലികവാദത്തെ പ്രതിനിധാനം ചെയ്യാനാണ്. ഇതേ സ്ഥിതിയാണ് ശരീഅയുടെ കാര്യത്തിലും. മുസ്‌ലിംകള്‍ പിന്തുടരേണ്ട ജീവിത രീതി വിശദീകരിക്കുന്ന ശരീഅ, തീവ്രപക്ഷം നിശ്ചയിച്ച നിയമവ്യവസ്ഥയായും വ്യക്തികളുടെ അവകാശങ്ങളിലേക്ക് കടന്നുകയറുന്ന സമാന്തര നിയമ സംവിധാനമായുമാണ് വ്യവഹരിക്കപ്പെടുന്നത്. മതപരമായ അറിവുള്ള പൗരന്‍മാരുടെ നേതാവ് എന്നാണ് ഖലീഫ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷേ ഇവിടെ പ്രയോഗിക്കപ്പെടുന്നത് ഒരു ഫാഷിസ്റ്റ് ഭരണാധികാരിയെ കുറിക്കാനാണ്.

മുസ്‌ലിംകള്‍ അവരുടെ പ്രാര്‍ത്ഥനകളില്‍ ഉരുവിടുന്നതാണ് ‘അല്ലാഹു അക്ബര്‍’. പക്ഷേ, മത തീവ്രവാദത്തെ വ്യക്തമാക്കുന്ന പ്രയോഗമായി ഇതിനെ മാറ്റിത്തീര്‍ത്തിരിക്കുന്നു. മതചര്യകള്‍ പാലിക്കുന്ന മുസ്‌ലിംകളോട് ജനം എങ്ങനെയാണ് വിവേചനം കാട്ടുന്നത് എന്ന് ഹസന്‍ പറഞ്ഞുപോകുന്നുണ്ട്. പക്ഷേ, ഇസ്‌ലാമിക പ്രയോഗങ്ങളെ ആധാരമാക്കി, ഇതര മത വിഭാഗങ്ങളിലെ പ്രവണതകളെ വിലയിരുത്തുമ്പോഴുള്ള വൈരുദ്ധ്യം അവിടെ നിലനില്‍ക്കുന്നു. മതപരമായ ചിഹ്നങ്ങള്‍ പൊതുസമൂഹത്തില്‍ പ്രകടിപ്പിക്കുന്നത് മോശമാണ് എന്നാണോ?
‘ഭീകരതക്കെതിരായ യുദ്ധ’വും ഇസ്‌ലാമോഫോബിയയുമാണ് ഇപ്പോള്‍ പൊതുവില്‍ ആഗോള അജണ്ട നിശ്ചയിക്കുന്നത്. ഈ സാഹചര്യത്തില്‍ ക്രിസ്ത്യന്‍ മൗലികവാദത്തെ വിശദീകരിക്കാന്‍ ഏതാനും അറബിക് വാക്കുകള്‍ ഉപയോഗിക്കുന്നത് തികച്ചും പ്രതിലോമകരമാണ്. ഇറാഖിലെ യുദ്ധത്തെക്കുറിച്ചും അമേരിക്കയുടെ പോര്‍ വിമാനങ്ങള്‍ നിസ്സഹായരെ കൊന്നോടുക്കുന്നതിനെക്കുറിച്ചും ഇന്ത്യയില്‍ തീവ്രവലതുപക്ഷം നേടുന്ന സ്വാധീനത്തെക്കുറിച്ചും നേരത്തെ എഴുതിയതൊക്കെ ഹസന്‍ മറന്നുപോയെന്ന് തോന്നുന്നു. ഭാവനാശൂന്യനും മൗലികവാദിയുമായ ചരിത്രമോ രാഷ്ട്രീയമോ ഇല്ലാത്ത മുസ്‌ലിം എന്ന പ്രതിച്ഛായ സൃഷ്ടിക്കാനാണ് ഇത്തരം പ്രചാരണങ്ങള്‍ വഴിയൊരുക്കിയിട്ടുള്ളത്. ഇത്തരം പ്രയോഗ വൈകല്യങ്ങള്‍ ചോദ്യംചെയ്യപ്പെടാതെ പോകുന്നത് മുസ്‌ലിം വിരുദ്ധ വംശീയത കൂടുതലായി മുഖ്യധാരയിലേക്ക് എത്താന്‍ മാത്രമേ സഹായിക്കൂ. മുസ്‌ലിം വിരോധത്തെ എതിര്‍ക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ പോലും ഈ മുഖ്യധാരയുടെ ഭാഗമാകുകയും ചെയ്യും. ഇസ്‌ലാം പേടിയോട് ചേര്‍ത്തുവെക്കാതെ, ഒരു ആഭ്യന്തര പ്രശ്‌നം പോലും ചര്‍ച്ച െചയ്യാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് അമേരിക്കയുടെ സാംസ്‌കാരിക സമൂഹം മാറിയിട്ടുണ്ടെന്ന് പറയുമ്പോള്‍ മുസ്‌ലിം വിരുദ്ധ വംശീയത ഏതളവില്‍ വളര്‍ന്നിരിക്കുന്നുവെന്ന് ഏറെക്കുറെ മനസിലാകും.
ഈ താരതമ്യത്തിന്റെ മറ്റൊരു അപകടം, അത് കൃത്യമായി തിരഞ്ഞെടുക്കുന്നതായിരിക്കുമെന്നതാണ്. മത തീവ്രവാദത്തെ മനസിലാക്കുന്നതിനുള്ള അളവുകോലായി ഇസ്‌ലാം മാറുന്നു. മുസ്‌ലിംകളുടെ പ്രവൃത്തികളിലൂടെ മാത്രമേ മത തീവ്രവാദത്തെ മനസിലാക്കാനാകൂ എന്ന് തോന്നിപ്പിക്കുന്ന സ്ഥിതി. ഇസ്‌ലാമുണ്ടാകുന്നതിന് മുമ്പ് മത തീവ്രവാദം ഭൂമുഖത്ത് ഉണ്ടായിരുന്നതേയില്ല എന്ന മട്ട്. വരേണ്യതയുടെ അടിസ്ഥാനം വെളുത്ത തൊലികൂടിയാണെന്ന സങ്കല്‍പത്തിനൊപ്പം നിന്ന് അടിമത്വത്തിനും കോളനിവത്കരണത്തിനും ന്യായീകരണമൊരുക്കിയത് ക്രിസ്തീയ മൗലികവാദമാണെന്നത് ഓര്‍ക്കുകയേ ആവശ്യമില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ക്രിസ്തുമതത്തില്‍ നിലനിന്ന വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ചില നിര്‍ബന്ധങ്ങളെ വിശേഷിപ്പിക്കാനാണ് മൗലികവാദമെന്ന പ്രയോഗം ഉണ്ടായത് എന്നതും മറക്കാം.

മതമൗലികവാദവും തീവ്രവാദവും ഇസ്‌ലാമിന് പുറത്തുമുണ്ടെന്ന് പഠിപ്പിക്കാനാണ് ഹസന്‍ ശ്രമിക്കുന്നത് എങ്കില്‍, ക്രിസ്ത്യാനിറ്റിയുടെ ചരിത്രത്തിലും ഭാഷയിലുമുള്ള മൗലികവാദ പ്രതീകങ്ങളെ ഉപയോഗിക്കുന്നതായിരുന്നു നല്ലത്. അതൊക്കെ ട്രംപ് ഭരണകൂടം ഇപ്പോള്‍ നടപ്പാക്കുന്ന മോശം നയങ്ങളേക്കാള്‍ മോശമായിരുന്നു. ക്രിസ്തുമതത്തിന്റെ പിന്‍കാലം തന്നെ നല്ല ഉദാഹരണങ്ങള്‍ നല്‍കുന്നുണ്ട് എന്നിരിക്കെ, ഹസന്‍ എന്തിനാണ് മുസ്‌ലിം പ്രയോഗങ്ങളും സ്ഥാനനാമങ്ങളും ഉപയോഗിക്കുന്നത്? ട്രംപിന്റെ അമേരിക്കയെ വിമര്‍ശിക്കുമ്പോള്‍, ‘മധ്യപൗരസ്ത്യ ദേശത്ത് പതിവുള്ള മതത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമം’ എന്ന് ഹസന്‍ പറയുന്നു. മധ്യപരൗസ്ത്യ ദേശമെന്ന് പറയുമ്പോള്‍ അത് ഇസ്‌ലാമുമായും മുസ്‌ലിംകളുമായാണ് ഏറെയും ബന്ധപ്പെട്ടിരിക്കുന്നത്. പാശ്ചാത്യ ശക്തികളുടെ അധിനിവേശ ശ്രമങ്ങളെ എതിര്‍ക്കാന്‍ ജനം സന്നദ്ധരായതാണ് മധ്യപൗരസ്ത്യ ദേശത്തെ രാഷ്ട്രീയവത്കരിച്ചതെന്ന് ഹസന് അറിയാത്തതാകില്ല. ഈ പ്രക്രിയ, അധിനിവേശാനന്തര രാഷ്ട്രീയ നേതൃത്വങ്ങള്‍ തുടര്‍ന്നിരുന്നുവെന്നും. ഏറ്റവും ചുരുങ്ങിയത് മത പണ്ഡിതര്‍ മാത്രമല്ല, മതത്തെ രാഷ്ട്രീയവത്കരിക്കുന്നത് എന്നെങ്കിലും.

അമേരിക്കയില്‍ ക്രിസ്ത്യന്‍ മൗലികവാദം കരുത്താര്‍ജിക്കുന്നത് ജനാധിപത്യ സംവിധാനത്തിന് കീഴിലാണ്. അത് താരതമ്യം ചെയ്യേണ്ടത് ഇന്ത്യയിലെ ഹിന്ദുത്വവുമായാണ്, താലിബാനുമായല്ല. താലിബാനെന്ന സായുധ സംഘം ശക്തിയാര്‍ജിക്കുന്നത് അമേരിക്ക തന്നെ പിന്തുണച്ച ആഭ്യന്തര യുദ്ധത്തിന്റെ തുടര്‍ച്ചയായാണ്. അവിടുത്തെ ‘മത മൗലികവാദി’കളെ സോവിയറ്റ് അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യ സമരപോരാളികളെന്ന നിലയ്ക്ക് അമേരിക്ക പിന്തുണച്ചു. സമൂഹമാധ്യമങ്ങളില്‍ വൈറലാവാന്‍ ത്രാണിയുള്ള ഒരു വീഡിയോ സൃഷ്ടിക്കുമ്പോള്‍ ഇത്തരം വസ്തുതകള്‍ ഒന്നും പ്രസക്തമല്ലാതായി മാറുന്നുണ്ടോ?
ഇത് ഹസന്റെ മാത്രം പ്രശ്‌നമല്ല. 2015ല്‍ ശില്‍പിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അനീഷ് കപൂറിന്റെ ലേഖനം ദി ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ചിരുന്നു. നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെ ‘ഹിന്ദു താലിബാന്‍’ ഭരണത്തിന് കീഴിലേക്ക് രാജ്യം മാറിയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. എതിരഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിനെ അദ്ദേഹം ലേഖനത്തില്‍ വിമര്‍ശിച്ചു. ജനാധിപത്യമൂല്യങ്ങള്‍ ഇല്ലാതാകുന്നതിനെയും കുറ്റപ്പെടുത്തി. ഹിന്ദുത്വ ദേശീയവാദികളുടെ ഭരണത്തിനു കീഴില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ വേട്ടയാടപ്പെടുന്നതിനെക്കുറിച്ചും അദ്ദേഹം എഴുതിയിരുന്നു. ലേഖനത്തോട് വലിയ പ്രതിഷേധമാണ് ഇന്ത്യയിലുയര്‍ന്നത്. അനീഷ് കപൂറിനെ എതിര്‍ത്തെഴുതപ്പെട്ട പല ലേഖനങ്ങളിലും താലിബാന്‍ എന്ന പ്രയോഗം ചോദ്യംചെയ്യപ്പെട്ടു. അങ്ങനെ ഉപയോഗിച്ചത് ഹിന്ദുയിസത്തെയാകെ അപകീര്‍ത്തിപ്പെടുത്തുന്നതായി എന്നായിരുന്നു പലരുടെയും അഭിപ്രായം.

ഹിന്ദു എന്നത് സമാധാനം കാംക്ഷിക്കുന്ന മതമാണ്. താലിബാന്‍ ലക്ഷ്യമിടുന്ന സമൂഹവും സംസ്‌കാരവുമല്ല അതിന്റെ ലക്ഷ്യമെന്ന് ഒരു ലേഖനത്തില്‍ പറഞ്ഞു. അനീഷ് കപൂറിന്റെ ലേഖനത്തില്‍ ഉന്നയിക്കപ്പെട്ട ഗൗരവമുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചകളുടെ കേന്ദ്ര ബിന്ദുവല്ലാതായി. ഹിന്ദു വിഭാഗക്കാരെ മുസ്‌ലിംകളുമായി താരതമ്യം ചെയ്തുവെന്നത് മുഖ്യ പ്രശ്‌നമായി. സമാധാനത്തോടുള്ള ഹിന്ദു മതത്തിന്റെ പ്രതിബദ്ധത, ഇസ്‌ലാമിന്റെ ‘അക്രമോത്സുകത’യുമായി ഒരിക്കലും ചേര്‍ക്കാനാകില്ലല്ലോ!
ഇപ്പോഴത്തെ പ്രതിലോമപരമായ രാഷ്ട്രീയ അവസ്ഥയെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, വിമര്‍ശനബുദ്ധിയോടെയുള്ള അന്വേഷണവും സത്യസന്ധതയും വേണം. തീവ്രവാദവും ഭീകരവാദവും പ്രചരിപ്പിക്കുന്നതില്‍ സ്വന്തം പക്ഷത്തുള്ളവര്‍ എത്രത്തോളം പങ്കുവഹിക്കുന്നുണ്ടെന്ന് ഓരോ വിശ്വാസധാരയും സ്വയം ചോദിക്കണം.

ഇസ്‌ലാമോഫോബിയയോട് പോരടിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഹസന്‍, ഈ അഭിപ്രായങ്ങള്‍ പങ്കുവെക്കുമ്പോള്‍ ഇസ്‌ലാമോഫോബിയയുടെ അടിസ്ഥാന ആശയങ്ങളെ തന്നെ ആധാരമാക്കുകയാണ്. മതമൗലികവാദത്തെക്കുറിച്ച് എപ്പോള്‍ സംസാരിച്ചാലും അപ്പോഴൊക്കെ മുസ്‌ലിംകളെ അതിലേക്ക് വലിച്ചിഴക്കേണ്ട ആവശ്യമില്ല തന്നെ.

കടപ്പാട്: അല്‍ജസീറ
ഹഫ്‌സ കഞ്ച്വാല്‍

You must be logged in to post a comment Login