കശ്മീരിന്റെ ഭാവി

കശ്മീരിന്റെ ഭാവി

‘ഈ മനോഹര താഴ്‌വരയിലേക്ക് വസന്തം തിരിച്ചുവരും. പുഷ്പങ്ങള്‍ ഇതള്‍ വിടര്‍ത്തും. രാക്കുയിലുകള്‍ മടങ്ങിവന്ന് പാടും” 2003 അവസാനത്തില്‍ ശ്രീനഗറിലെത്തിയ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ശുഭാപ്തി പ്രകടിപ്പിച്ചു. കശ്മീരികള്‍ക്ക് ശുഭപ്രതീക്ഷകള്‍ നല്‍കുന്ന കുറെ നീക്കങ്ങള്‍ക്ക് തുടക്കമിടാന്‍ വാജ്‌പേയിക്ക് കഴിഞ്ഞു. ലാഹോറിലേക്കുള്ള ബസ് യാത്ര, ശ്രീനഗര്‍ – മുസഫറാബാദ് റോഡ് ഗതാഗതം പുനഃസ്ഥാപിക്കല്‍, ജനറല്‍ മുഷറഫിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആഗ്ര ഉച്ചകോടി, അഡ്വാനിയുടെ പാക് സന്ദര്‍ശനവും ‘ഖാഇദെ അഅ്‌സമി’നെ കുറിച്ചുള്ള പ്രകീര്‍ത്തനങ്ങളും, എല്ലാറ്റിനുമൊടുവില്‍ ഗവര്‍ണര്‍ ഭരണത്തിനു അറുതിവരുത്തി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്, ഭരണനൈപുണി തെളിയിച്ച വി.എന്‍ വോറയെ രാജ്ഭവനിലേക്ക് അയച്ചുകൊണ്ട് നടത്തിയ പുതിയ പരീക്ഷണം സദുദ്ദേശ്യത്തോടെയായിരുന്നു. റമളാനിനോടനുബന്ധിച്ച് അഞ്ചുമാസമാണ് അന്ന് വെടിനിറുത്തല്‍ നടപ്പാക്കിയത്. പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ മാത്രമല്ല, കശ്മീരികളുടെ മനസിലേക്ക് കയറിച്ചെല്ലാനും ചില ചുവടുവെപ്പുകളുണ്ടായി. വിഘടനവാദികളുമായും ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാക്കളുമായും ചര്‍ച്ചക്ക് സന്നദ്ധമായി. ആസൂത്രണ കമ്മീഷന്‍ അധ്യക്ഷനായിരുന്ന കെ.സി. പാന്തിനെ വിവിധ ഗ്രൂപ്പുകളെ ഒരുമേശക്കു ചുറ്റും കൊണ്ടുവരുന്നതിന് ശ്രീനഗറിലേക്ക് അയച്ചു. എന്നിട്ടും സ്വാസ്ഥ്യം ഒരു വിദൂര സാധ്യതയായിത്തന്നെ നിന്നു. അന്ന് കേട്ട വെടിയൊച്ചകള്‍ക്കിടയിലും താഴ്‌വരയെ കുറിച്ചുള്ള ചില പ്രതീക്ഷകള്‍ കൊണ്ടുനടക്കാന്‍ കഴിഞ്ഞത് മൊത്തത്തിലുള്ള കാലാവസ്ഥ പ്രതികൂലമല്ലാത്തത് കൊണ്ടായിരുന്നു. കശ്മീരോ കശ്മീരികളോ നമുക്ക് നഷ്ടപ്പെടുകയാണെന്ന തോന്നല്‍ ആരിലും ഇന്നത്തെപ്പോലെ അന്നുണ്ടായിരുന്നില്ല. കശ്മീര്‍ പൗരന്മാരുടെ മനസില്‍ മതവിഭാഗീയതയുടെയോ പാക് അധിനിവേശത്തിന്റെയോ ബീജമുള്ളതായി ആര്‍ക്കും തോന്നിയില്ല. ആത്മാര്‍ഥ ശ്രമമുണ്ടായാല്‍ പ്രതിവിധി കണ്ടെത്താനാവുന്ന ഒരു പ്രശ്‌നം മാത്രമായി ഭരണരാഷ്ട്രീയനേതൃത്വം അതിനെ കൊണ്ടുനടന്നതാണ് കാരണം.
ഒരു പതിറ്റാണ്ടിനു ശേഷം നരേന്ദ്രമോഡി നാല് വര്‍ഷം ഭരിച്ചപ്പോള്‍ കശ്മീര്‍ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെടുത്തിയ, സങ്കീര്‍ണപ്രശ്‌നമായി ബീഭല്‍സരൂപം പൂണ്ടിരിക്കുന്നു. ഇന്ന് ദേശീയരാഷ്ട്രീയത്തിലെ മുഖ്യ ചര്‍ച്ചാവിഷയം കശ്മീരാണ്. അതിന്റെ പശ്ചാത്തലം മെഹ്ബൂബ മുഫ്തി നയിക്കുന്ന പി.ഡി.പിയുമായുള്ള ബന്ധം അറുത്തുമാറ്റി, സംസ്ഥാന സര്‍ക്കാരിനെ തള്ളിയിടാനും തല്‍സ്ഥാനത്ത് ഡല്‍ഹി ഭരണം അടിച്ചേല്‍പിക്കാനുമുള്ള മോഡി സര്‍ക്കാരിന്റെയും ആര്‍.എസ്.എസിന്റെയും തീരുമാനമാണെങ്കിലും പ്രശ്‌നം കഴിഞ്ഞ ഏഴുപതിറ്റാണ്ടിനിടിയില്‍ കാണാന്‍ കഴിയാത്തത്ര കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലെത്തിയിരിക്കുന്നു. എത്രത്തോളമെന്നുവെച്ചാല്‍, ഇതുവരെ കേള്‍ക്കാന്‍ പോലും നാം ഇഷ്ടപ്പെടാത്ത ‘ഹിതപരിശോധന'(Referendum) യെകുറിച്ച് എന്തുകൊണ്ട് ആലോചിച്ചുകൂടാ എന്ന് ചിലരെങ്കിലും ചോദിച്ചുതുടങ്ങിയിരിക്കുന്നു. കശ്മീരിലും ജമ്മുവിലും ലഡാക്കിലും വെവ്വേറെ ഹിതപരിശോധന നടത്തി, ഇന്ത്യയോടൊപ്പം നില്‍ക്കാന്‍ നിങ്ങള്‍ തയാറാണോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തണമെന്നാണ് ചില രാഷ്ട്രീയനിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. കശ്മീരികള്‍ ഇതുപോലെ ദേശീയ മുഖ്യധാരയില്‍വേണ്ടാതായ ഒരു കാലഘട്ടം കഴിഞ്ഞുപോയിട്ടില്ല. ഭരണഘടനയുടെ 370ാം അനുച്ഛേദത്തിലൂടെ സവിശേഷ പദവി അലങ്കരിക്കുന്ന ഒരു സംസ്ഥാനം ഇത് ഒമ്പതാം തവണയാണ് രാഷ്ട്രപതി ഭരണത്തിലേക്ക് പോയിരിക്കുന്നത്. റമളാനില്‍ പ്രഖ്യാപിച്ച വെടിനിറുത്തല്‍ പിന്‍വലിച്ചു എന്നു മാത്രമല്ല, ഭീകരവിരുദ്ധവേട്ടക്കായി കര്‍ക്കശമായ സൈനിക ഓപ്പറേഷനുകള്‍ക്ക് അണിയറയില്‍ മുന്നൊരുക്കങ്ങള്‍ നടത്തുകയാണ്. മെഹ്ബൂബ സൂചിപ്പിച്ചത് പോലെ ‘പൗരുഷത്തിലധിഷ്ഠിതമായ പ്രതിരോധനയം’ നടപ്പാക്കുന്നതിന് കൂട്ടുനില്‍ക്കാത്തതാണ് പി.ഡി.പി സഖ്യത്തെ വലിച്ചെറിയാന്‍ ആര്‍.എസ്.എസിനെ പ്രേരിപ്പിച്ചത്. ജനസംഘം സ്ഥാപകന്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി തൊട്ട് ആര്‍.എസ്.എസിന്റെ രണ്ടാം സര്‍സംഘ്ചാലക് ഗോള്‍വാള്‍ക്കര്‍ വരെ കശ്മീര്‍ ഞെരിഞ്ഞമര്‍ന്ന് കഴിഞ്ഞുകൊള്ളേണ്ട മേഖലയാണെന്നും അന്നാട്ടിലെ ജനത പാകിസ്ഥാനോടൊപ്പമാണെന്നും പറഞ്ഞുറപ്പിച്ചവരാണ്.

പ്രശ്‌നത്തിന്റെ താഴ്‌വേരുകള്‍
കശ്മീരികള്‍ ഇന്നനുഭവിക്കുന്ന യാതനകളും പീഢനങ്ങളും അവര്‍ ചെയ്യാത്ത കുറ്റത്തിനുള്ളതാണ്. വന്‍ശക്തികളുടെ ഗൂഢാലോചനാഫലമായി നിരപരാധികളായ ഫലസ്തീനികള്‍ ദുരിത ജീവിതം അനുഭവിക്കുന്നത് പോലെ. എക്കാലവും താഴ്‌വര തീവ്രചിന്താഗതിക്കാരുടെ താവളമായിരുന്നുവെന്നും കശ്മീരികളുടെ വഴിതെറ്റിയ കാഴ്ചപ്പാടുകളാണ് സംസ്ഥാനത്തെ പ്രക്ഷുബ്ധമാക്കിയതെന്നും ധരിച്ചുവശായവരുണ്ട്. കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികളുടെയും ഡല്‍ഹി ഭരിച്ച സര്‍ക്കാരുകളുടെയും നയവൈകല്യങ്ങളുടെയും കാപട്യത്തിന്റെയും പരിണതഫലങ്ങളാണ് കശ്മീര്‍ ഇത്രയും കാലം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ ചതുരംഗപ്പലകയിലെ കരുക്കള്‍ മാത്രമാണ് അവര്‍. രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള ശത്രുതയുടെ ദുരിതം അനുഭവിച്ചുതീര്‍ക്കുന്നത് നിരപരാധികളായ കശ്മീരികളാണ്. ശത്രുതയുടെ നിദാനമാവട്ടെ ചരിത്രത്തിലെ ചില െൈകപിഴകളും ഭരണനേതൃത്വത്തിലിരുന്ന ചിലരുടെ ദുര്‍വാശികളും. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ സംബന്ധിച്ചിടത്തോളം കശ്മീര്‍ ഒരാവേശവും ദുശ്ശാഠ്യവുമായിരുന്നു. ‘എനിക്ക് കശ്മീര്‍ ഉണ്ടായേ മതിയാവൂ’ എന്ന് നെഹ്‌റു ലിയാഖത്തലി ഖാന് എഴുതുകയുണ്ടായി. ഇന്ത്യയുടെ അഖണ്ഡത ദൃഢീകരിക്കുന്നതിനും മതേതര രാഷ്ട്രമായി എടുത്തുകാട്ടുന്നതിനും കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി നിലനില്‍ക്കേണ്ടതുണ്ടെന്ന് നെഹ്‌റു ശാഠ്യം പിടിച്ചപ്പോള്‍ പരസ്യമായി എതിര്‍ത്തവരില്‍ മുന്‍പന്തിയിലുണ്ടായിരുന്നത് ജയപ്രകാശ് നാരായണനാണ്. 1964മേയ് 5ന് ഹിന്ദുസ്ഥാന്‍ ടൈംസില്‍ അദ്ദേഹം എഴുതിയ ലേഖനം എവിടെയാണ് പ്രശ്‌നത്തിന്റെ മര്‍മം കിടക്കുന്നതെന്ന് വിശദീകരിക്കുന്നുണ്ട് :

‘മതേതരത്വത്തിന്റെ ഉദാഹരണമായി ഉയര്‍ത്തിക്കാട്ടുന്നത് കൊണ്ട് കശ്മീരിന് വലിയ മൂല്യമുള്ളതായി നാം കണക്കാക്കി. എന്നാല്‍, മതേതരത്വത്തിന്റെ പ്രതീകമായി നാം വിലകല്‍പിക്കുന്ന അതേ കശ്മീര്‍, പല ഘട്ടങ്ങളില്‍ ഹൈന്ദവ വര്‍ഗീയതയുടെ വൃത്തികെട്ട ഉയിര്‍പ്പായും പ്രത്യക്ഷപ്പെട്ടു. ദേശീയതയുടെ കുപ്പായമിട്ടാണെന്നതിനാല്‍ അത് പെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയുന്നില്ലെന്ന് മാത്രം. ഇന്ത്യ ഹിന്ദുഭൂരിപക്ഷ രാഷ്ട്രമാണെന്നതിനാല്‍ പല നിരീക്ഷകരും ചൂണ്ടിക്കാട്ടിയത് പോലെ, ഹിന്ദുവര്‍ഗീയതക്ക് ഇന്ത്യന്‍ സെക്കുറലറിസത്തിന്റെ ഉത്തരീയമെടുത്തണിയാന്‍ പ്രയാസമുണ്ടായിരുന്നില്ല.’ ദേശസ്‌നേഹത്തിന്റെയും രാജ്യത്തിന്റെ അഖണ്ഡതയുടെയും മറവിലാണ് കശ്മീരില്‍ ഇതുവരെ രാഷ്ട്രീയകക്ഷികളും ഭരണകൂടങ്ങളും യുക്തിഭദ്രമോ യാഥാര്‍ത്ഥ്യബോധമോ ഇല്ലാത്ത നയസമീപനങ്ങള്‍ കൈകൊണ്ടത്. നെഹ്‌റുവില്‍നിന്ന് തുടങ്ങുന്ന ആ പാളിച്ചയാണ് താഴ്‌വരയെ ഇക്കാണും വിധം കലുഷമാക്കിയത്. 1947 ജൂണ്‍ 15ന് ചേര്‍ന്ന എ.ഐ.സി.സി സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ കശ്മീരിനെ സംബന്ധിച്ച ഏതു തീരുമാനത്തിലും സംസ്ഥാനത്തെ ജനങ്ങളുടെ ശബ്ദത്തിന് മുന്‍തൂക്കമുണ്ടാവുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പ്രായോഗിക തലത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. 650ഓളം വരുന്ന നാട്ടുരാജ്യങ്ങള്‍ക്ക് അവരുടെ ഭാവി സ്വയം തീരുമാനിക്കാമെന്നാണ് തത്ത്വത്തില്‍ അംഗീകരിച്ചതെങ്കിലും ബലപ്രയോഗത്തിലൂടെയാണ് മിക്ക രാജ്യങ്ങളും ഇന്ത്യയോട് കൂട്ടിയോജിപ്പിക്കപ്പെട്ടത്. തിരുവിതാംകൂര്‍ രാജ്യം സ്വതന്ത്രമായി നില്‍ക്കാനാണ് ആദ്യം ശ്രമങ്ങള്‍ നടത്തിയത്. ഈ ശ്രമത്തിനു പിന്നില്‍ അമേരിക്കയുടെ താല്‍പര്യം ഉണ്ടായിരുന്നുവെത്ര. കൊല്ലം തീരങ്ങളിലെ യുറേനിയം സമ്പുഷ്ടമായ കരിമണല്‍ കയ്യിലാക്കാനാണ് തിരുവിതാംകൂറിനെ ഇന്ത്യയില്‍നിന്ന് വേര്‍പ്പെടുത്തി നിറുത്തുന്നതിനെ കുറിച്ച് അമേരിക്കയെ ചിന്തിപ്പിച്ചത.് കശ്മീരിന്റെ കാര്യത്തില്‍ വിഷയം സങ്കീര്‍ണമാക്കിയത് താഴ്‌വരയുടെ രാഷ്ട്രീയവും സാമൂഹികവുമായ ഘടനയാണ് . ഭരിക്കുന്നത് ഹിന്ദുരാജാവായ ഹരിസിങ് ആണെങ്കിലും പ്രജകളില്‍ ഭൂരിഭാഗവും മുസ്‌ലിംകളായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം പെട്ടെന്നൊരു തീരുമാനമെടുത്തില്ലെന്ന് വിക്ടോറിയ ഷോഫീള്‍ഡ് ( ഢശരീേൃശമ ടരവീളശലഹറ ) ‘കശ്മീര്‍ ഇന്‍ കോണ്‍ഫ്‌ലിക്റ്റ് ‘ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാക്കാനുള്ള അണിയറ നീക്കങ്ങള്‍ നെഹ്‌റുവും സര്‍ദാര്‍ പട്ടേലും മാസങ്ങള്‍ക്കു മുമ്പ് തന്നെ തുടങ്ങിയിരുന്നു. േൈവസ്രായി മൗണ്ട് ബാറ്റന്‍ പ്രഭുവിന്റെമേല്‍ ഇതിനായി ശക്തമായ സമ്മര്‍ദം ചെലുത്തുന്നുണ്ടായിരുന്നു. പട്ടേലിനെ സംബന്ധിച്ചിടത്തോളം കശ്മീര്‍, ‘മുസ്‌ലിം പരിസരമുള്ള ഒരു ഹിന്ദു രാജ്യമാണ്.’

നാഷനല്‍ കോണ്‍ഫറന്‍സ് സ്ഥാപക നേതാവ് ശൈഖ് അബ്ദുല്ല ഈ ഘട്ടത്തില്‍ ജയിലിലായത് കൊണ്ട് വലിയ റോളൊന്നും വഹിക്കാനുണ്ടായിരുന്നില്ല. എന്നാല്‍ പൊതുവെ കശ്മീരികളുടെ മനസ്സ് പാകിസ്താനോടൊപ്പമായിരുന്നുവെത്ര. ‘1940കളില്‍ നാഷനല്‍ കോണ്‍ഫറന്‍സ് നേതാക്കളടക്കം കശ്മീരികള്‍ ജിന്നയുടെ നേതൃത്വമാണ് അംഗീകരിച്ചതെന്ന്’ ചിത്രലേ സുത്ഷി ( Chitrale Zutshi ) ചരിത്രപ്രമാണങ്ങള്‍ മുന്നില്‍വെച്ച് സമര്‍ഥിക്കുന്നു. സ്വാതന്ത്ര്യപൂര്‍വ ദശകത്തില്‍ കശ്മീരിലെ ഭവനങ്ങളില്‍ നാഷനല്‍ കോണ്‍ഫറന്‍സ് നേതാക്കളുടെ ചിത്രങ്ങളോടൊപ്പം ജിന്നയുടെയും മഹാകവി ഇഖ്ബാലിന്റെയും ചിത്രങ്ങളാണ് തൂങ്ങിക്കിടന്നിരുന്നതെന്നും പഴയ തലമുറ ഓര്‍ക്കുന്നു. 1947ജനുവരി 13നു കശ്മീര്‍ പ്രധാനമന്ത്രി ജാനക് സിങ് നെഹ്‌റുവിന് എഴുതിയ കത്തില്‍ ‘ഭൂരിഭാഗം മുസ്‌ലിംകളും ഇന്ത്യയോട് കൂടിച്ചേരാനുള്ള തീരുമാനം സ്വീകരിക്കില്ല’ എന്ന് പറയുന്നുണ്ട്. എന്നിട്ടും പെട്ടെന്നൊരു തീരുമാനമെടുക്കാന്‍ അവസരം നല്‍കിയത് 1947 ഒക്ടോബര്‍ 22ന് പാകിസ്താനില്‍ നിന്ന് സായുധസന്നദ്ധരായ സൈന്യത്തിന്റെയും ഗോത്രവര്‍ക്കാരുടെയും ശ്രീനഗറിലേക്കുള്ള ഇരച്ചുകയറ്റമാണ്. അതോടെ ഹരിസിംഗ് രാജാവ് സൈനിക സഹായത്തിന് ഇന്ത്യയോട് ആവശ്യപ്പെടുകയായിരുന്നത്രെ. ഒക്ടോബര്‍ 26ന് ഹരിസിംഗും പ്രധാനമന്ത്രിയുടെ പ്രതിനിധി വി.പി മേനോനും ജമ്മുവില്‍ സന്ധിക്കുകയും കൂടിച്ചേരല്‍ കരാറില്‍ ( കിേെൃൗാലി േീള അരരലശൈീി ) ഒപ്പുവെക്കുകയും ചെയ്തുവെന്നാണ് ഔദ്യോഗിക ഭാഷ്യം. ഈ ദിനം വിഘടനവാദികളായ സയ്യിദ് അലി ഷാ ജീലാനിയും മീര്‍വായിസ് ഉമര്‍ ഫാറൂഖും യാസീന്‍ മലിക്കുമെല്ലാം കരിദിനമായാണ് എല്ലാവര്‍ഷവും കൊണ്ടാടുന്നത്.

ചതുരംഗപ്പലകയിലെ കരുക്കള്‍
എഴുപതുവര്‍ഷമായി ദേശീയരാഷ്ട്രീയത്തിലെ തീരാപ്രശ്‌നമായി കശ്മീര്‍ തുടരുമ്പോള്‍ ചതുരംഗപ്പലകയിലെ കരുക്കളാവാന്‍ വിധിക്കപ്പെട്ട കുറെ മനുഷ്യരുടെ മുഖം നമ്മുടെ മുന്നില്‍ തെളിഞ്ഞുവരുന്നുണ്ട്. കശ്മീര്‍ സിംഹം എന്നാണ് ശൈഖ് അബ്ദുല്ലയെ ചരിത്രവിദ്യാര്‍ഥികള്‍ വിശേഷിപ്പിക്കാറെങ്കിലും ജീവിതത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ കൂട്ടിലടക്കപ്പെട്ട പൂച്ചയായിരുന്നു അദ്ദേഹം. താഴ്‌വരയെ ഇന്ത്യയോട് കൂട്ടിയോജിപ്പിക്കുന്ന വിഷയത്തില്‍ നെഹ്‌റു സഹായം തേടിയിരുന്നുവെങ്കിലും താന്‍ ഈ വിഷയത്തില്‍ നിസ്സഹായനാണെന്ന് ശൈഖ് അബ്ദുല്ലക്ക് അറിയാമായിരുന്നു. താന്‍ ഉദ്ദേശിക്കുന്ന തരത്തിലല്ല ശൈഖ് ചിന്തിക്കുന്നതെന്ന് മനസ്സിലാക്കിയ, ‘ജനാധിപത്യവാദിയും’ ‘സഹൃദയനുമായ’ നെഹ്‌റു 1953 ആഗസ്റ്റ് 8മുതല്‍ 1964 ഏപ്രില്‍ എട്ടുവരെ അദ്ദേഹത്തെ തുറുങ്കിലടച്ചു. ഭരണഘടനാപരമായും നിയമപരമായും രൂപീകരിക്കപ്പെട്ട കശ്മീര്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ക്രിമിനല്‍ ശക്തികളുമായി ഗൂഢാലോചന നടത്തിയെന്നും ജമ്മുകശ്മീരിനെ പാകിസ്താനോട് തെറ്റായ രീതിയില്‍ കൂട്ടിയോജിപ്പിക്കാന്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയാണെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. മീര്‍ ഖാസിം എന്ന ഒരു നേതാവിന്റെ പേര് പൊന്തിവരുന്നത് ഇവിടെയാണ്. ശൈഖ് അബ്ദുല്ലയെ നേരിടാന്‍ നെഹ്‌റു കണ്ടുപിടിച്ച മറ്റൊരു കരുവായിരുന്നു അദ്ദേഹം. ആദ്യം സംസ്ഥാന മുഖ്യമന്ത്രിയായി. ഇന്ദിരയുടെ കാലത്ത് കേന്ദ്രമന്ത്രിയുമായി. ഇങ്ങനെ എത്രയെത്ര കരുക്കള്‍!

എണ്‍പതുകളുടെ അവസാനം ജഗ്‌മോഹന്റെ ‘ആര്‍.എസ്.എസ് ഭരണത്തില്‍’ ജനം പൂര്‍ണമായും അവിശ്വാസം രേഖപ്പെടുത്തി എന്നല്ല, തീവ്രവാദത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങി. അതോടെ, സൈന്യത്തിനു കൂടുതല്‍ സ്വതന്ത്രമായി സിവില്‍ സമൂഹത്തിനു എതിരെ പ്രവര്‍ത്തിക്കാന്‍ അവസരം കൈവന്നു. ചില ഘട്ടങ്ങളില്‍ ‘വെടിനിറുത്തലുകള്‍’ ഉണ്ടായെങ്കിലും സൈനികവിന്യാസത്തിന്റെ കാര്യത്തില്‍ ലോകത്തെ ഏത് പ്രക്ഷുബ്ധമേഖലയെയും പിന്നിലാക്കിക്കൊണ്ട് ഏഴുലക്ഷം ഭടന്മാരാണ് താഴ്‌വരയില്‍ ‘ശാന്തി’ നിലനിര്‍ത്തുന്നത്. എന്നാല്‍ മുന്നൂറില്‍ താഴെ തീവ്രവാദികളേ സംസ്ഥാനത്തുള്ളുവെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു.

മോഡിയുഗത്തില്‍ സംഭവിക്കുന്നത്
കശ്മീര്‍ പ്രശ്‌നം ഹിന്ദുമുസ്‌ലിം പ്രശ്‌നമായി ഒരിക്കലും തരം താഴ്ന്നിരുന്നില്ല. തീര്‍ത്തും രാഷ്ട്രീയ പ്രശ്‌നമാണിപ്പോഴും. അതിനെ രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നതിനു പകരം ‘ദേശവിരുദ്ധര്‍ക്ക് നേരെയുള്ള’ പോരാട്ടമായി മാറ്റിയെടുത്തപ്പോഴാണ് തലമുറകള്‍ അന്യവത്കരിക്കപ്പെട്ടത്. സൈന്യമാണ് ഇന്നവിടെ നയപരമായ തീരുമാനമെടുക്കുന്നത്. റമളാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുകൊണ്ട് സൈനിക മേധാവി പറഞ്ഞവാക്കുകള്‍ ശ്രദ്ധിച്ചുവോ? ‘ആസാദി ( സ്വാതന്ത്ര്യം) ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ല. നിങ്ങള്‍ക്ക് ഞങ്ങളോട് പോരാടണമെങ്കില്‍ എല്ലാ ശക്തിയും ഉപയോഗിച്ച് ഞങ്ങള്‍ പോരാടാന്‍ തയാറാണ്’ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയ ഉടന്‍ അദ്ദേഹം പറഞ്ഞു: ‘ഭീകരവിരുദ്ധ പോരാട്ടം തുടരുന്നതാണ്. ….ഒരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകളും ഞങ്ങള്‍ക്ക് വേണ്ട’. സൈനിക ഭരണമാണ് താഴ്‌വരയില്‍ ഇനി പുലരാന്‍ പോകുന്നതെന്ന് ചുരുക്കം. മെഹ്ബൂബ മുഫ്തി അതിനു തയാറാവാഞ്ഞതാണ് കറിവേപ്പില പോലെ അവരെ എടുത്തെറിയാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചത്. ആര്‍.എസ്.എസ് ഉറ്റുനോക്കുന്നത് കശ്മീരിലേക്കാണ്. അവിടെ യുദ്ധമുഖം തുറന്നിട്ടാല്‍ ദേശവ്യാപകമായി അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന് നാഗ്പൂര്‍ കണക്കുകൂട്ടുന്നു. പൂര്‍ണമായ വര്‍ഗീയവത്കരണം എങ്ങനെ സാധ്യമാക്കാം എന്നാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബി.ജെ.പി ദേശീയ സെക്രട്ടറി രാം മാധവ് അന്വേഷിക്കുന്നത്.
കശ്മീരിന്റെ തലപ്പത്ത് ആര്‍.എസ്.എസ് കടന്നുവരുന്നതോടെ പാകിസ്താനു കാര്യങ്ങള്‍ എളുപ്പമായിക്കിട്ടുമെന്ന് 1952ല്‍ നെഹ്‌റു പ്രവചിച്ചതാണ് ഇന്നു പുലര്‍ന്നുകൊണ്ടിരിക്കുന്നത്. അന്ന് പുതുവര്‍ഷപുലരിയില്‍ കൊല്‍ക്കത്തയിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് നെഹ്‌റു പറഞ്ഞു: ”നാളെ ശൈഖ് അബ്ദുല്ല കശ്മീര്‍ പാകിസ്താനോട് ചേരണമെന്ന് ആവശ്യപ്പെട്ടാല്‍, എനിക്കോ ഇന്ത്യയിലെ മുഴുവന്‍ ശക്തിക്കോ അതിനെ തടയാന്‍ സാധിക്കില്ല. കാരണം, നേതാവ് തീരുമാനിച്ചുകഴിഞ്ഞാല്‍ അത് നടക്കുക തന്നെ ചെയ്യും. അതുകൊണ്ടാണ് പറയുന്നത്, ജനസംഘവും ആര്‍.എസ്.എസും ചെയ്യുന്നതെല്ലാം പാകിസ്താന്റെ കൈയിലെ കളിയായി മാറുകയാണെന്ന്. ജനസംഘമോ മറ്റേതെങ്കിലും വര്‍ഗീയപാര്‍ട്ടിയോ കശ്മീരിന്റെ തലപ്പത്ത് വരുന്ന അവസ്ഥയെ കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കൂ! കശ്മീരിലെ ജനങ്ങള്‍ പറയും വര്‍ഗീയത കൊണ്ട് ഞങ്ങള്‍ക്ക് മടുത്തു എന്ന്. ജനസംഘവും ആര്‍.എസ്.എസും നിരന്തരം വേട്ടയാടുന്ന ഒരു രാജ്യത്ത് എന്തിനു അവര്‍ ജീവിക്കണം നമ്മുടെ കൂടെ ജീവിക്കാതെ അവര്‍ എവിടെയെങ്കിലും പോകും.” (നെഹ്‌റുവിന്റെ തെരഞ്ഞെടുത്ത കൃതികള്‍, വാള്യം 17.പുറം 7778) . തങ്ങള്‍ എവിടേക്കെങ്കിലും അഭയാര്‍ഥികളായി പോവുകയാണെന്ന് കശ്മീരികള്‍ ഇതുവരെ പറഞ്ഞിട്ടില്ല. പക്ഷേ ജനിച്ച മണ്ണില്‍ കനത്ത പീഢനങ്ങളും യാതനകളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. പി.ഡി.പി ബി.ജെ.പി ഭരണത്തില്‍ എത്രയെത്ര കുഞ്ഞുങ്ങളുടെയും യുവാക്കളുടെയും കണ്ണുകളിലാണ് പെല്ലറ്റുകള്‍ തുളഞ്ഞുകയറിയത്. കണ്ണ് നഷ്ടപ്പെട്ട, വികൃതമായ മനുഷ്യമുഖങ്ങള്‍ കൊണ്ട് ലോകം ഞെട്ടിയപ്പോള്‍ നമ്മുടെ പക്കല്‍ അതിനും ന്യായീകരണമുണ്ടായിരുന്നു. പട്ടാള വാഹനത്തിന്റെ മുന്നില്‍ ഒരു മനുഷ്യനെ കെട്ടിവെച്ച് അങ്ങാടിയിലൂടെ ഓടിച്ചുപോയപ്പോഴും തീവ്രവാദികളില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമായാണ് അതിനെ വിശേഷിപ്പിച്ചത്. കത്വയിലെ പെണ്‍കുട്ടി അതിക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടപ്പോള്‍ പ്രതിപ്പട്ടികയിലുള്ള കശ്മലന്മാരെ രക്ഷിക്കാന്‍ ഹിന്ദു മഞ്ചിന്റെ കീഴില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ എത്രപേരാണ് തെരുവിലിറങ്ങിയത്. വല്ലാത്തൊരു ലോകമായി താഴ്‌വര മാറിയിരിക്കുന്നു. ഇനി എങ്ങോട്ട് എന്ന ചോദ്യത്തിനു മറുപടിയില്ല എന്നത് മഹാകഷ്ടം തന്നെ.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login