മാപ്പിളകവികളും മലപ്പുറത്തിന്റെ സാംസ്‌കാരിക ചരിത്രവും

മാപ്പിളകവികളും മലപ്പുറത്തിന്റെ സാംസ്‌കാരിക ചരിത്രവും

മലപ്പുറം എന്ന പ്രദേശത്തെ ചരിത്രപരമായി സമീപിക്കുന്ന മാപ്പിളപ്പാട്ടുകള്‍ കുറേയുണ്ടെങ്കിലും അവ വേണ്ട രീതിയില്‍ പഠിക്കപ്പെട്ടിട്ടില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിക്കു ശേഷം മോയിന്‍കുട്ടി വൈദ്യരെപ്പോലുള്ള കവികളാണ് പ്രാദേശിക സംഭവങ്ങളെ മുന്‍നിര്‍ത്തി പാട്ടുകള്‍ എഴുതാന്‍ തുടങ്ങിയത്. പോര്‍ച്ചുഗീസുകാരോട് യുദ്ധം ചെയ്ത് ശഹീദായ വെളിയങ്കോട് കുഞ്ഞിമരക്കാരെപ്പോലുള്ളവരെക്കുറിച്ച് ഖിസ്സപ്പാട്ടുകളും മാലകളും പുതിയ ചരിത്രവീക്ഷണം തന്നെ സമ്മാനിക്കുന്നവയാണ്.

മാനാക്കാന്റകത്ത് കുഞ്ഞിസീതിക്കോയ തങ്ങള്‍ ( കൂട്ടായി) 1674ല്‍ രചിച്ച വലിയ നസീഹത്ത് മാലയെപ്പോലുള്ള ധാര്‍മികോപദേശകാവ്യങ്ങളും അക്കാലത്ത് ഉണ്ടായിട്ടുണ്ട്. ഇത്തരം കൃതികള്‍ മുസ്ലിം സാമൂഹികജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. പ്രത്യേകിച്ചും സ്ത്രീകള്‍ക്കിടയില്‍ മുഹ്യിദ്ദീന്‍ മാലയോടൊപ്പം തന്നെ ഇവക്ക് പ്രാധാന്യമുണ്ടായതായി പറയപ്പെടുന്നു.

എന്നാല്‍ മലപ്പുറത്തിന്റെ സാംസ്‌കാരിക ജീവിതത്തെക്കുറിച്ച് കൂടുതല്‍ വൈവിധ്യമുള്ള രീതിയില്‍ എഴുതപ്പെടുന്നത് മുണ്ടമ്പ്ര ഉണ്ണി മമ്മദ്, പുലിക്കോട്ടില്‍ ഹൈദര്‍ എന്നിവരുടെ കാലത്താണ്. ഇത്തരം പാട്ടുകളെ മുന്‍നിര്‍ത്തി പുതിയൊരു സാംസ്‌കാരികചരിത്രം തന്നെ മലപ്പുറത്തെക്കുറിച്ച് എഴുതാവുന്നതാണ്.

മുസ്ലിങ്ങളെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും കേരളത്തിന്റെ സാംസ്‌കാരിക പൊതുബോധം നിര്‍മിച്ചുവെച്ചിട്ടുള്ള വാര്‍പ്പുമാതൃകകളെ അഴിച്ചുപണിയാനും അത് സഹായകമാകും.
18, 19 നൂറ്റാണ്ടുകളിലെ മലപ്പുറത്തെ മുസ്ലിം സാമൂഹികജീവിതത്തിലെ സ്ത്രീ പുരുഷ ബന്ധങ്ങളെയോ അവരുടെ നിത്യജീവിതത്തിലെ വിനിമയങ്ങളെയോ വരച്ചു കാണിക്കുന്ന ചരിത്ര രേഖകള്‍ നമുക്കു ലഭ്യമല്ല. ആധുനികപൂര്‍വമോ അപരിഷ്‌കൃതമോ ആയി വര്‍ഗീകരിച്ചാണ് ആധുനിക നവോത്ഥാന വിശകലന പദ്ധതികള്‍ അവയെ നോക്കിക്കണ്ടിട്ടുള്ളത്. വിദേശ സഞ്ചാരികളുടെ കുറിപ്പുകളെയോ കൊളോണിയല്‍ രേഖകളെയോ പിന്‍പറ്റി എഴുതപ്പെടുന്ന ദേശീയ ചരിത്രാഖ്യാനങ്ങളിലും അതു വേണ്ടവിധം വിശദീകരിക്കപ്പെട്ടിട്ടില്ല. 20 ാം നൂറ്റാണ്ടില്‍ കേരളത്തില്‍ ഉണ്ടായി വന്നിട്ടുള്ള മുസ്ലിം പരിഷ്‌കരണ സംരംഭങ്ങളും ഈ ആധുനിക ജ്ഞാനപദ്ധതിയുടെ ഉപകരണങ്ങള്‍ ഉപയോഗിച്ചാണു പഴയ കാലത്തെ വിലയിരുത്തിയത്. എന്നാല്‍, 1720 ല്‍ (ഹി. 1141) മലപ്പുറത്തു നടന്ന ഒരു സംഭവത്തെപ്പറ്റി, തദ്ദേശീയരായ മാപ്പിളമാരുടെ ഓര്‍മകളില്‍നിന്നു മോയിന്‍ കുട്ടി വൈദ്യര്‍ 1883 ല്‍ (ഹി. 1300) തയാറാക്കിയ മലപ്പുറം പടപ്പാട്ട് എന്ന കൃതിയില്‍ നമ്മുടെ സാമ്പ്രദായികമായ ധാരണകളെ മറികടക്കാവുന്ന പല ആശയങ്ങളും കണ്ടെത്താനാവും. മലയാളി മുസ്ലിം സാമൂഹിക ജീവിതത്തെയും ദൈനംദിനാനുഭവങ്ങളെയും മുന്‍നിര്‍ത്തി അവര്‍ക്കിടയില്‍ത്തന്നെ ജീവിക്കുന്ന കവി എഴുതുന്നു എന്ന സവിശേഷത ഈ കൃതിക്കുണ്ട്.
കേരള ചരിത്രം പ്രതിപാദിക്കുന്ന ആദ്യത്തെ മലയാള കാവ്യമായി പരിഗണിക്കപ്പെടുന്നത് ഉള്ളൂരിന്റെ ഉമാകേരള (1913) മാണ്. എന്നാല്‍, മലപ്പുറം പടപ്പാട്ട് 1883 ലാണ് എഴുതപ്പെടുന്നത്.
മലപ്പുറത്തെ പ്രാദേശികചരിത്രവുമായി ബന്ധപ്പെട്ട ആദ്യത്തെ കാവ്യമായി മാപ്പിള സാഹിത്യത്തില്‍ നമുക്കു കണ്ടെത്താവുന്നത് ചേറൂര്‍ പടപ്പാട്ടാണ്. 1844 ലാണ് ഇതു രചിക്കപ്പെടുന്നത്. ചേറൂര്‍ സ്വദേശികളായ മുഹമ്മദുകുട്ടിയും മുഹ്‌യുദ്ദീനും ചേര്‍ന്നു രചിച്ച കൃതിയാണിത്. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ മദ്രാസ് റജിമെന്റിലെ അഞ്ചാം ബറ്റാലിയനുമായി 1843 ല്‍ ഏറ്റുമുട്ടി രക്തസാക്ഷികളായ പൊന്മളക്കാരായ ഏഴു മാപ്പിളപ്പോരാളികളുടെ സാഹസികതയെയാണ് ഈ കൃതി മുന്‍നിര്‍ത്തുന്നത്. ഇതു ബ്രിട്ടീഷുകാര്‍ നിരോധിക്കുകയും കണ്ടുകെട്ടുകയും ചെയ്തു. ഇത്തരത്തില്‍ എഴുതപ്പെട്ട രണ്ടാമത്തെ കൃതിയായാണു ‘മലപ്പുറം പടപ്പാട്ട്'(1883) പരിഗണിക്കപ്പെടുന്നത്.

രണ്ടു വര്‍ഷത്തോളം അവിടെ താമസിച്ചു വിവരങ്ങള്‍ ശേഖരിച്ചാണു വൈദ്യര്‍ ഈ കൃതി എഴുതുന്നത്. അത്തരത്തില്‍ എഴുതപ്പെടുന്ന മലയാളത്തിലെ ആദ്യ കൃതിയായും മലപ്പുറം പടപ്പാട്ടിനെ അടയാളപ്പെടുത്തേണ്ടതുണ്ട്. കേരളത്തിലേക്കുള്ള ഇസ്ലാമിന്റെ ആഗമനവും സാമൂതിരിയുടെ വളര്‍ച്ചയും മലപ്പുറം ഒരു മുസ്ലിം അധിവാസ കേന്ദ്രമായി ഉയര്‍ന്നുവന്നതും ഈ കൃതിയുടെ ആദ്യഭാഗത്തു വിവരിക്കുന്നു. മലപ്പുറം പട്ടണത്തിന്റെ ഉല്‍ഭവ വികാസങ്ങളെക്കുറിച്ചുള്ള ആധികാരിക രേഖകൂടിയാണ് ഈ കൃതി.

എന്തുകൊണ്ട് മലപ്പുറം പടപ്പാട്ട്?
തന്റെ ജീവിത കാലത്തിനു മുമ്പ് നടന്ന ഒരു ചരിത്രസംഭവത്തെ പുനരാവിഷ്‌കരിക്കേണ്ട ആവശ്യകത എന്തായിരുന്നു? വൈദ്യരെ സംബന്ധിച്ചിടത്തോളം ഇസ്ലാമിക ചരിത്രത്തിലെ ബദര്‍, ഉഹ്ദ് തുടങ്ങിയ യുദ്ധങ്ങളും പേര്‍ഷ്യന്‍ മിത്തുകളുടെ കാല്‍പനിക ലോകവും ആയിരുന്നു അക്കാലം വരെയുള്ള ഇഷ്ട പ്രമേയങ്ങള്‍. പക്ഷേ, തന്റെ ജീവിത കാലത്ത് (1852-1892) ബ്രിട്ടീഷുകാരോടും സവര്‍ണ ജന്മിമാരോടും പോരാടിക്കൊണ്ടിരുന്ന ചുറ്റുപാടുമുള്ള മാപ്പിളസമൂഹത്തെ പ്രചോദിപ്പിക്കുവാന്‍ കേരള ചരിത്രത്തിലെ തന്നെ മുസ്ലിം പ്രതിരോധാനുഭവങ്ങള്‍ ഉണര്‍ത്തിക്കൊണ്ടുവരേണ്ടി വന്നതാകാം. നേരിട്ടു ചരിത്രം പറയുന്ന കൃതികള്‍ ബ്രിട്ടീഷുകാര്‍ നിരോധിക്കുകയാണു പതിവ്. ചേറൂര്‍ പടപ്പാട്ട് അത്തരത്തില്‍ ഒന്നായിരുന്നുവല്ലോ. മണ്ണാര്‍ക്കാട് പടപ്പാട്ട്, മഞ്ചേരി പടപ്പാട്ട് തുടങ്ങിയ പല കൃതികളും പുറത്തിറങ്ങും മുമ്പെ പിടിച്ചെടുത്തു ലണ്ടനിലേക്കു കടത്തുകയാണുണ്ടായത്. മാപ്പിളമാര്‍ രചിച്ച പല പടപ്പാട്ടുകളും ഇന്ന് ബ്രിട്ടീഷ് ആര്‍ക്കൈവുകളിലാണ് കാണാന്‍ കഴിയുക. സമകാലിക പോരാട്ടങ്ങളെ മുന്‍നിര്‍ത്തി എഴുതപ്പെടുന്ന കൃതികളെ ബ്രിട്ടീഷുകാര്‍ ഭയന്നിരുന്നു എന്നാണിതു കാണിക്കുന്നത്. ഈ സന്ദര്‍ഭത്തിലാണു മോയിന്‍ കുട്ടി വൈദ്യര്‍ തന്ത്രപരമായി ചുവടു വെക്കുന്നത്. പ്രത്യക്ഷത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് അലോസരമുണ്ടാക്കുന്ന സമകാലിക ചരിത്രമായല്ല വൈദ്യര്‍ ഈ കൃതിയെ അവതരിപ്പിച്ചത്. 150 വര്‍ഷം മുമ്പ് പാറനമ്പി എന്ന നാടുവാഴിയുമായി മുസ്ലിംകള്‍ നടത്തിയ പോരാട്ടം ബ്രിട്ടീഷ് വിരുദ്ധമായ ഉണര്‍വുകള്‍ക്കു കാരണമാകും എന്ന് അവര്‍ക്ക് ഊഹിക്കാന്‍ കഴിഞ്ഞില്ല. വൈദ്യരാകട്ടെ രക്തസാക്ഷിത്വത്തിന്റെ മഹത്വവും അധികാരികളുടെ അന്യായങ്ങളോടുള്ള ചെറുത്തുനില്‍പും ഈ കൃതിയില്‍ വരച്ചുകാണിക്കുകയും ചെയ്തു. അന്യാപദേശപരമായ ഇത്തരം പ്രവൃത്തികളിലൂടെയാണല്ലോ ഏതുകാലത്തും സര്‍ഗസാഹിത്യകാരന്മാര്‍ അതിജീവിച്ചിട്ടുള്ളതും.

കഥാസാരം
സാമൂതിരിയുടെ സാമന്ത രാജാവായിരുന്ന മലപ്പുറത്തെ പാറനമ്പി, തന്നെ യുദ്ധത്തില്‍ സഹായിച്ച മുസ്ലിംകളോടുള്ള പ്രത്യുപകാരം എന്നനിലക്ക് മലപ്പുറത്ത് മുസ്ലിംകള്‍ക്കുവേണ്ടി പട്ടണവും പള്ളിയും നിര്‍മിക്കാന്‍ സന്തോഷത്തോടെ അനുവദിക്കുകയുണ്ടായി. പള്ളിയുടെ ശില്‍പഭംഗി ആസ്വദിക്കുവാനായി മറ്റു ദേശങ്ങളിലെ മുസ്ലിംകളും മലപ്പുറത്തെത്തി. ധീരനും ചുറുചുറുക്കുമുള്ള വള്ളുവനാട്ടുകാരന്‍ അലി മരക്കാരും അക്കൂട്ടത്തിലുണ്ടായിരുന്നു. അലി മരക്കാരുടെ ഗാംഭീര്യം ഇഷ്ടപ്പെട്ട പാറനമ്പി അദ്ദേഹത്തെ തന്റെ നികുതി പിരിവുകാരനായി നിയോഗിച്ചു. കണക്കു പ്രകാരം നികുതി നല്‍കാന്‍ തയാറാകാത്തവരെ മര്‍ദനത്തിലൂടെ പിടിച്ചുകെട്ടാനും അദ്ദേഹത്തിന് അനുവാദമുണ്ടായി. എന്നാല്‍, പാറനമ്പിയുടെത്തന്നെ അകന്ന ബന്ധത്തില്‍പ്പെട്ട ചിലരോട് ഇത്തരത്തില്‍ പെരുമാറിയത് അലി മരക്കാരോട് രാജകുടുംബത്തിനു വിദ്വേഷം ജനിക്കുവാന്‍ കാരണമായി. അവരുടെ ഗൂഢാലോചനപ്രകാരം അലി മരക്കാരെ ചതിച്ചുകൊല്ലുവാന്‍ പാറനമ്പി സന്നദ്ധനായി. അലി മരക്കാരും രണ്ടു സുഹൃത്തുക്കളും പാറനമ്പിയുടെ പടയാളികളോടു പോരാടി മരണപ്പെടുകയും ചെയ്തു. പാറനമ്പിയുടെ പല പടയാളികളും കൊല്ലപ്പെട്ട ഈ പോരാട്ടത്തില്‍ പാറനമ്പിക്കു മുറിവേല്‍ക്കുകയും ചെയ്തു. പ്രകോപിതനായ അദ്ദേഹം മുസ്ലിംകളെ നാട്ടില്‍നിന്ന് കുടിയൊഴിപ്പിക്കാന്‍ തീരുമാനിച്ചു. തെറ്റുകാരനായി താങ്കള്‍ ഗണിക്കുന്ന അലി മരക്കാരെ കൊന്നുകഴിഞ്ഞ സ്ഥിതിക്ക് ഇനി ഞങ്ങളെ ജീവിക്കാനനുവദിച്ചുകൂടേയെന്നു മുസ്ലിംകള്‍ ആവശ്യപ്പെട്ടു. എന്നിട്ടും കൂട്ടാക്കാതെ അന്യദേശത്തുനിന്നു സൈന്യങ്ങളെ വരുത്തി മുസ്ലിംകളുടെ നഗരവും പള്ളിയും നശിപ്പിക്കാന്‍ പാറനമ്പി കോപ്പു കൂട്ടി. സ്ത്രീകളും കുട്ടികളും അന്യദേശങ്ങളിലേക്ക് ഒഴിഞ്ഞുപോവുകയും പുരുഷന്മാര്‍ പള്ളി സംരക്ഷിക്കാന്‍ വേണ്ടി പാറനമ്പിയുടെ സൈന്യത്തോടു പോരാടി രക്തസാക്ഷികളാവുകയും ചെയ്തു. പള്ളി നശിപ്പിച്ച ശേഷം പിന്നീട് പാറനമ്പിക്കു മനസ്താപമുണ്ടാവുകയും പള്ളി പുനര്‍നിര്‍മിച്ച് മുസ്ലിംകളെ തിരിച്ചുവിളിക്കുകയും ചെയ്തു. ഇതാണു മലപ്പുറം പടപ്പാട്ടിന്റെ ഇതിവൃത്തം. മൂന്നു സന്ദര്‍ഭങ്ങളിലും വ്യത്യസ്ത പാറനമ്പിമാരായിരുന്നു എന്നു പറയപ്പെടുന്നു.

കീഴാള മുസ്ലിം സഹവര്‍ത്തിത്വം.
പാറനമ്പിയുടെ പടയും നായര്‍ പടയും മാപ്പിളമാര്‍ക്കെതിരെ യുദ്ധത്തിന് വന്നപ്പോള്‍ അറുമുഖന്‍, അരവിന്ദന്‍ എന്ന രണ്ടു പേര്‍ അവരെ തടയുന്നത് വൈദ്യര്‍ വിവരിക്കുന്നുണ്ട്. തട്ടാന്‍ കുഞ്ഞേലു പള്ളിയില്‍ വന്ന് ഇസ്ലാം സ്വീകരിക്കുകയും മുസ്ലിങ്ങളുടെ കൂടെ യുദ്ധം ചെയ്ത് ശഹീദാവുകയും ചെയ്യുന്നു. ഇവരൊക്കെയും കീഴാളരാണെന്ന് കാണാവുന്നതാണ്. മാത്രമല്ല, കാവ്യത്തിലൊരിടത്തും ഹിന്ദു എന്ന പ്രയോഗം വൈദ്യര്‍ നടത്തുന്നില്ല. ബ്രാഹ്മണര്‍, മൂസ്സത്, നായര്‍ എന്നിങ്ങനെ സമുദായ നാമങ്ങളാണ് പ്രയോഗിക്കുന്നത്. ഹിന്ദു ഏകീകരണം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ദേശീയതയോടൊപ്പമുണ്ടായ ഒരു പദ്ധതിയാണെന്ന് ഇതില്‍ നിന്ന് മനസിലാക്കാം.

സ്ത്രീകളെപ്പറ്റിയുള്ള ആഖ്യാനം
മലപ്പുറം പടപ്പാട്ടില്‍ നാലു സന്ദര്‍ഭങ്ങളിലായി അക്കാലത്തെ മുസ്ലിം സ്ത്രീകളുടെ ജീവിതം വായിച്ചെടുക്കാവുന്നതാണ്.

1. ശത്രുക്കള്‍ ബഹളംവെച്ച് മുസ്ലിംകളുടെ പട്ടണത്തില്‍ ബുദ്ധിമുട്ടുണ്ടാക്കിയ സന്ദര്‍ഭം. സ്ത്രീകള്‍ കുട്ടികളെയുംകൊണ്ടു പള്ളിയിലേക്കു ചെല്ലുന്ന ചിത്രമാണ് വൈദ്യര്‍ അവതരിപ്പിക്കുന്നത്. ശത്രുക്കളുടെ ബഹളം കേട്ടു കുട്ടികള്‍ വാവിട്ടു കരയുന്നു. സ്ത്രീകളും പുരുഷന്മാരും മന:സംഘര്‍ഷത്തിലാവുന്നു. അവര്‍ക്കു ശത്രുക്കളോട് അരിശം വന്നു. മന:സ്ഥൈര്യം വിടരുതെന്ന് അവര്‍ തീരുമാനമെടുത്തു. പടിപ്പുറത്തേക്ക് ഇറങ്ങാതെ ഒതുങ്ങിയിരിക്കുന്ന സ്ത്രീകള്‍, പെട്ടെന്നു മനസലിയുന്ന സ്ത്രീകള്‍, ഈ ബഹളത്തിനിടക്കു പള്ളിയിലേക്ക് ഇറങ്ങി നടന്നു എന്നാണു വൈദ്യര്‍ പറയുന്നത് (ഇശല്‍ 26, വരി 25 – ഇശല്‍ 27, വരി 24).

2. പള്ളിയില്‍ മുഷിപ്പോടെയും കരച്ചിലോടെയും ഇരുന്നിരുന്ന സ്ത്രീകള്‍ ശത്രുക്കളുടെ അടുത്തേക്ക് ഇറങ്ങിച്ചെല്ലുന്നു. ശത്രുക്കളോട് അപേക്ഷകള്‍ മൊഴിയുവാന്‍ വിടകൊടുത്ത് അയച്ചതിനാല്‍ സ്ത്രീകള്‍ പോയി എന്നു കാവ്യത്തിലുണ്ട്. എത്ര സ്ത്രീകള്‍ ഈ സംഘത്തിലുണ്ടെന്നു വ്യക്തമല്ല. എങ്കിലും പുരുഷന്മാര്‍ ആരും കൂടെയില്ലെന്ന് ഉറപ്പാണ്. ഉത്തരവാദപ്പെട്ട രാജപ്രതിനിധികളോടും സൈന്യ നേതാക്കളോടും നയപരമായി സംസാരിക്കുവാനാണു സ്ത്രീകള്‍ പോയിരിക്കുന്നത്. തങ്ങളുടെ സമൂഹത്തിന്റെ ആവശ്യമാണ് അവര്‍ അറിയിക്കുന്നത്. അവര്‍ പാറനമ്പിയുടെയും സൈന്യത്തിന്റെയും മുന്‍പാകെ വെച്ച ആവശ്യങ്ങള്‍ വൈദ്യര്‍ വിവരിക്കുന്നത് ഇപ്രകാരമാണ്: (ഇശല്‍ 27, വരി 25 – ഇശല്‍ 28, വരി 26).
സ്ത്രീകള്‍ മുന്നോട്ടുവെച്ച ഈ വ്യവസ്ഥകളൊന്നും സ്വീകാര്യമല്ലെന്ന് അധികാരികള്‍ തീര്‍പ്പു പറഞ്ഞു. മുസ്ലിംകളെ ഉന്മൂലനം ചെയ്യുവാന്‍ ഒരുങ്ങിനില്‍ക്കുന്ന വലിയ സൈനിക നേതാക്കളോടാണ് ഇത്രയും നേരം നയതന്ത്രത്തിന്റെയും സമചിത്തതയുടെയും ഭാഷയില്‍ സ്ത്രീകള്‍ സംസാരിച്ചത്. ഭയപ്പാടുകള്‍ പ്രകടിപ്പിക്കാതെ ഈ സന്ദര്‍ഭം കൈകാര്യം ചെയ്ത ശേഷം അവര്‍ നടന്നത് ഓരോന്നായി പുരുഷന്മാരോടു പറഞ്ഞു. പുറത്തിറങ്ങാത്ത സ്ത്രീകള്‍ ഒരു പ്രത്യേക ആവശ്യത്തിനു വേണ്ടി ഈ സന്ദര്‍ഭം ഏറ്റെടുക്കുന്നതായാണു മനസ്സിലാക്കേണ്ടത്. നഗരം ശത്രുക്കള്‍ വളഞ്ഞപ്പോള്‍ സുരക്ഷാഭീഷണിയുള്ളതിനാല്‍ പുരുഷന്മാരോടൊത്തു പള്ളിയില്‍ മുസ്ലിം സ്ത്രീകളും കുട്ടികളും കഴിഞ്ഞുകൂടുന്നതും ഇതിന്റെ തുടര്‍ച്ചയായി വൈദ്യര്‍ വിവരിക്കുന്നുണ്ട്. മുസ്ലിംകളുടേതു മാത്രമായ പട്ടണത്തില്‍ അവര്‍ സമാധാനത്തോടെ ഇടപെടുകയും സുരക്ഷിതരായി സഞ്ചരിക്കുകയും ചെയ്തതിന്റെ ചില സൂചനകള്‍ മറ്റു പല സന്ദര്‍ഭങ്ങളിലും കാണാവുന്നതാണ്. ചേറൂര്‍ പടപ്പാട്ടില്‍ പട്ടാളത്തിന്റെ മാര്‍ച്ച് വഴിക്കിരുവശവും നിന്നു നിരീക്ഷിക്കുന്ന സ്ത്രീകളെപ്പറ്റി പറയുന്നുണ്ട്. പാടത്ത് കൃഷിപ്രവൃത്തികളിലേര്‍പ്പെടുകയും ചെറിയ കച്ചവടങ്ങള്‍ ചെയ്യുകയും ചെയ്തിരുന്ന സ്ത്രീകളെപ്പറ്റിയും മറ്റു പല രേഖകളിലും സൂചനകളുണ്ട്.

3. രക്തസാക്ഷിത്വം വരിക്കാന്‍ സന്നദ്ധരായി പുറപ്പെടുന്ന പോരാളികളുടെ ഉമ്മമാരും സമചിത്തതയോടെ പെരുമാറുന്ന വിധം മലപ്പുറം പടപ്പാട്ടില്‍ പലയിടങ്ങളിലായി വരച്ചുകാണിക്കുന്നുണ്ട്.

4. പള്ളിക്കകത്തു കുടുംബ സമേതം കഴിയുന്ന മുസ്ലിംകള്‍. ഇവരെ പുറത്തുചാടിക്കാനായി ശത്രുക്കള്‍ പള്ളി വളയുന്നു.

പള്ളിയിലേക്ക് കുടിക്കാനും വുളൂ ചെയ്യാനും ആവശ്യത്തിനുള്ള വെള്ളം മലമുകളില്‍നിന്ന് ഒരു പാത്തി വഴി ഒഴുകുന്നുണ്ട്. ശത്രുക്കള്‍ ഈ ജലധാര മുറിക്കുകയും പള്ളിയിലേക്കുള്ള വെള്ളം മുടക്കുകയും ചെയ്തു. പള്ളിക്കകത്ത് സ്ത്രീകളും കുട്ടികളും പോരാടാനൊരുങ്ങിയ പുരുഷന്മാരും പ്രാര്‍ത്ഥനകളുമായി കഴിഞ്ഞുവരികയാണ്. ശത്രുക്കള്‍ ജലം മുടക്കിയിട്ടും രണ്ടു രാപകലുകള്‍ ഉമ്മമാര്‍ കുഞ്ഞുങ്ങള്‍ക്കു കണ്ണുനീര് മുലപ്പാലായി ഊട്ടി സഹിച്ചു കഴിഞ്ഞു. മൂന്നാം ദിവസമായപ്പോള്‍ അങ്ങേയറ്റം അവശരായി. ഇതു കണ്ട് പുരുഷന്മാര്‍ ഭാര്യമാരെയും മക്കളെയും എങ്ങനെയെങ്കിലും മറുനാട്ടിലേക്കു രക്ഷപ്പെടുത്തണമെന്ന് ആലോചിച്ചു. ഈ തീരുമാനം എല്ലാവരും അംഗീകരിച്ചു. പരസ്പരം മാറോടണച്ചുപിടിച്ച് മരണാനന്തരം നിര്‍വഹിക്കേണ്ട കാര്യങ്ങള്‍ പറഞ്ഞുറച്ചു. എല്ലാം അല്ലാഹുവിലര്‍പ്പിച്ച് എല്ലാവരും ഒരുമിച്ചിരുന്നു പ്രാര്‍ത്ഥനയില്‍ മുഴുകി. ശേഷം സ്ത്രീകളെ ഓരോരുത്തരെയായി പുറത്തേക്കു വിട്ടു. പ്രസവം അടുത്തവരും മാസം തികയാത്തവരുമായ ഗര്‍ഭിണികളടക്കം മുഴുവന്‍ സഹോദരിമാരും അര്‍ദ്ധരാത്രിയില്‍ അന്യനാട്ടിലേക്ക് പലവിധേന യാത്രയായി (ഇശല്‍ 43-44 ലെ 8 വരി).
മുഖ്യധാരാ ഭാവനകളില്‍ മുസ്ലിം പുരുഷന്റെ അടിച്ചമര്‍ത്തലിനു വിധേയപ്പെടുന്ന ‘വസ്തു’ വായാണു മുസ്ലിം സ്ത്രീ വ്യവഹരിക്കപ്പെട്ടിട്ടുള്ളത്. മലപ്പുറം പടപ്പാട്ടിനെ മുന്‍നിര്‍ത്തി മനസിലാക്കുമ്പോള്‍ ആധുനിക നവോത്ഥാന സങ്കല്‍പങ്ങള്‍ക്കു വഴങ്ങാത്ത സ്ത്രീ ജീവിതമാണു മുസ്ലിംകളുടേത് എന്നു കാണാന്‍ കഴിയും.
ഡോ. വി. ഹിക്മത്തുല്ല

പി എസ് എം ഒ കോളജിലെ മലയാളം വിഭാഗം മേധാവിയാണ് ലേഖകന്‍

You must be logged in to post a comment Login