മലപ്പുറത്തിന് ചോദിക്കാനുണ്ട്

മലപ്പുറത്തിന് ചോദിക്കാനുണ്ട്

ആഘോഷപ്പെരുമയിലാണ് മലപ്പുറം. അമ്പത് വയസ്സിന്റെ നിറവിലെത്തിയതിന്റെ ആഘോഷവും ലോകകപ്പാവേശവും. കാല്‍പന്തിനെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന മലപ്പുറത്തുകാരന്റെ കളിയാവേശത്തിന്റെ മുന്നില്‍ പന്തുരുളുന്ന റഷ്യപോലും തോല്‍ക്കും.
എന്നാലും അപഖ്യാതിയുടെ പുകപടലങ്ങള്‍ക്കടിയിലാണ് മലപ്പുറത്തുകാരന്‍. മതാവേശം തലക്കുപിടിച്ചവരും സംസ്‌കാരം കുറഞ്ഞവരുമാണ് മലപ്പുറത്തുകാരെന്ന് പ്രചാരം നടത്തുന്നവരുണ്ട്. ജില്ലയുടെ രൂപീകരണം തൊട്ട് തുടങ്ങിയതാണ് ബോധപൂര്‍വമായ ഈ കുപ്രചരണം. രാജ്യരക്ഷക്ക് ഭീഷണിയാകും ജില്ലയെന്ന് പറഞ്ഞുകൊണ്ടായിരുന്നു ജില്ലയുടെ വിരുദ്ധ പക്ഷം അന്ന് പ്രചാരം കൊഴുപ്പിച്ചത്. ആരോപിച്ചത് പോലെയൊന്നും സംഭവിച്ചില്ല. രാജ്യത്തെ മറ്റേത് പൗരനെപ്പോലെയും ഉറച്ച രാജ്യസ്‌നേഹികളാണ് മലപ്പുറത്തുകാരെന്ന് കാലം അടിവരയിട്ട് തെളിയിക്കുകയും ചെയ്തു. അതുമാത്രമല്ല, രാജ്യത്ത് മറ്റെവിടെയുമില്ലാത്ത വിധം മതസൗഹാര്‍ദത്തിന്റെയും സാമുദായിക മൈത്രിയുടെയും ഉര്‍വര ഭൂമികയാണ് മലപ്പുറത്തിന്റേതെന്നും തെളിയിക്കപ്പെട്ടു. എന്നാലും ആരോപണത്തിന്റെ പുകയൂത്തുകാര്‍ വെറുതെയിരിക്കുന്നില്ല. അവര്‍ പുതിയ തരം അടുപ്പുകളുടെ പണിത്തിരക്കിലാണിപ്പോഴും.
നാഗരിക ബന്ധങ്ങളുടെ പ്രാക്തനപ്പെരുമയെ കുറിക്കുന്ന വലിയൊരു ഭണ്ഡാരപ്പുരയുണ്ട് മലപ്പുറത്ത്. പ്രാചീന നാഗരികതകളുടെ സിരാകേന്ദ്രങ്ങളായ ഈജിപ്ത്, അസ്സീറിയ, ബാബിലോണിയ, ഗ്രീസ്, റോം തുടങ്ങിയ രാജ്യങ്ങളിലേക്ക് സുഗന്ധദ്രവ്യങ്ങളുള്‍പ്പെടെ മലഞ്ചരക്കുകള്‍ കൊണ്ടുപോയിരുന്നത് പ്രാചീന കേരളത്തിലെ മുസ്‌രിസ്, തിണ്ടിസ് തുറമുഖങ്ങളിലൂടെയായിരുന്നുവെന്ന് ചരിത്രം. തിണ്ടിസ് മലപ്പുറത്തിന്നവകാശപ്പെട്ട കടലുണ്ടിയാണെന്നാണ് പണ്ഡിതപക്ഷം. സോളമന്‍ ചക്രവര്‍ത്തി(സുലൈമാന്‍ നബി)യുടെ കപ്പല്‍വ്യൂഹം ഈ തുറമുഖങ്ങളെ സ്പര്‍ശിച്ചിരുന്നുവെന്നും കരുതപ്പെടുന്നു. ബാബിലോണിയന്‍ ചക്രവര്‍ത്തി ഉറിയയുടെ മഗീര്‍ കൊട്ടാരത്തില്‍ കാണപ്പെട്ട തേക്കിന്‍ തടികളും ഗ്രീക്ക് നഗര രാഷ്ട്രമായ കാര്‍ത്തേജില്‍ സുലഭമായി കണ്ട ചന്ദനത്തടികളും മലപ്പുറത്തിന്റെ വനഭാഗങ്ങളില്‍ നിന്നാണെന്ന് അനുമാനിക്കപ്പെടുന്നു. പ്രാചീന ഗ്രീസില്‍ ഏറെ സുലഭമായിരുന്ന ഇഞ്ചിയും അരിയും തിണ്ടിസ് വഴിയെത്തിയതാണെന്ന് ഡോ. ബര്‍ണല്‍ ചൂണ്ടിക്കാട്ടുന്നു. മലപ്പുറത്തിന്റെ തെക്ക് കിഴക്കായിട്ടുള്ള കരുവാരക്കുണ്ടില്‍ നിന്ന് പോയ ഇരുമ്പായുധങ്ങള്‍ക്ക് അറബ് രാജ്യങ്ങളില്‍ വന്‍പ്രിയമായിരുന്നു. മല എന്ന പ്രാദേശിക സംജ്ഞയും ബാര്‍ (പ്രദേശം) എന്ന പേര്‍ഷ്യന്‍ വാക്കും കൂടിച്ചേര്‍ന്നാണ് മലബാര്‍ എന്ന പേരുണ്ടായതെന്ന് പന്ത്രണ്ടാം നൂറ്റാണ്ടിലെ ചരിത്രകാരന്‍ ഇദ്രീസി ചൂണ്ടിക്കാട്ടിയിരുന്നു. മലനിരകളാല്‍ സമ്പന്നമായ മലപ്പുറം തന്നെയാണ് മലബാറിന്റെ ഹൃദയം.

കൊടുങ്ങല്ലൂര്‍ ആസ്ഥാനമായിരുന്ന ചേരരാജാക്കന്‍മാരുടെ ഭരണ കേന്ദ്രങ്ങളിലൊന്നായിരുന്നു മലപ്പുറത്തെ തിരുന്നാവായ. ചരിത്രപ്രസിദ്ധമായ മാമാങ്കം നടന്നുപോന്നത് തിരുന്നാവായയിലാണ്. ചേര രാജവംശത്തില്‍ നിന്ന് അനന്തരം കൊണ്ട സാമൂതിരി രാജവംശത്തിന്റെ സൈനിക ആസ്ഥാനമായിരുന്നു മലപ്പുറം. മൈസൂര്‍ സുല്‍ത്താന്‍മാരുടെ പടയോട്ടത്തിലും സൈനികാസ്ഥാനമായത് മലപ്പുറം തന്നെ. ടിപ്പുവിനെ തോല്‍പിച്ച് ബ്രിട്ടീഷുകാര്‍ മലബാര്‍ പിടിച്ചെടുത്തപ്പോള്‍ കൊച്ചി രാജ്യാതിര്‍ത്തിയോളം പോന്ന ഭരണ കേന്ദ്രത്തിന്റെ സൈനികാസ്ഥാനമായതും മലപ്പുറമാണ്.

സാംസ്‌കാരിക മേഖലയില്‍ മലപ്പുറത്തിന്റെ സംഭാവനകള്‍ കേരളത്തിന് എക്കാലത്തെയും വലിയ അഭിമാന സ്തൂപങ്ങളാണ്. മലയാള നോവല്‍ സാഹിത്യത്തിലെ കന്നിപ്രവേശം കുറിച്ച ചന്തുമേനോന്‍ ഇന്ദുലേഖ രചിച്ചത് മലപ്പുറത്തെ പരപ്പനങ്ങാടിയിലിരുന്നാണ്. മാപ്പിള സാഹിത്യത്തിലെ അനശ്വര ദീപ്തിയായ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ ജനിച്ചതും വളര്‍ന്നതും മലപ്പുറത്തെ കൊണ്ടോട്ടിയില്‍. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തഛന്‍, നാരായണീയത്തിന്റെ കര്‍ത്താവ് മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി, വിശ്രുതനായ വാചസ്പതി പരമേശ്വരന്‍ മൂസത്, ഭക്ത മഹാകവി പൂന്താനം നമ്പൂതിരി, ആധുനിക മലയാള സാഹിത്യത്തിന്റെ അദ്വിതീയ നായകന്‍ വള്ളത്തോള്‍ നാരായണ മേനോന്‍, മലയാള സാഹിത്യത്തിലെ കൊള്ളിമീന്‍ പി.സി ബാലകൃഷ്ണ പണിക്കര്‍, മാപ്പിള കവി പുലിക്കോട്ടില്‍ ഹൈദര്‍, നിരൂപക ശ്രേഷ്ഠന്‍ കുട്ടികൃഷ്ണ മാരാര്‍, പ്രസിദ്ധ കവി ഇടശ്ശേരി ഗോവിന്ദന്‍ നായര്‍, പ്രശസ്ത കഥാകാരന്‍ ഉറൂബ്, നോവലിസ്റ്റ് നന്തനാര്‍, കവികുല ഗുരു പി,വി കൃഷ്ണ വാര്യര്‍, കേരള മാര്‍ക്സ് എന്നറിയപ്പെട്ടിരുന്ന കെ. ദാമോദരന്‍, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രനായകന്‍ രാഷ്ട്രീയ നേതാവും താത്വികാചാര്യനുമായ സഖാവ് ഇ.എം.എസ്, സാഹിത്യത്തിലെ തുംഗദീപ്തിയായ എം.ടി തുടങ്ങി പ്രതിഭാധനത്വത്തിന്റെ മഹാനിരയുണ്ട് മലപ്പുറത്തിന് സ്വന്തമായി.
കോഴിക്കോട്, പാലക്കാട് ജില്ലകള്‍ക്കിടയിലെ കുന്നും കുഴിയും കാടും മേടും നിറഞ്ഞ കാര്‍ഷികപ്രധാനമായ 3530 ച.കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പ്രദേശമാണ് മലപ്പുറം ജില്ലയായി മാറിയത്. സംസ്ഥാനത്ത് മറ്റേത് ജില്ലയെപ്പോലെയും ഏറ്റവും അനിവാര്യമായ കാരണങ്ങളാണ് ജില്ലാ രൂപീകരണത്തിന്റെ പാശ്ചാതലം. പക്ഷേ, നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ചില നിഷിപ്ത താത്പര്യക്കാര്‍ ജില്ലയുടെ രൂപീകരണത്തെ നിശിതമായി എതിര്‍ക്കുകയും വിവാദമാക്കുകയും ചെയ്തു. ജില്ല മുസ്ലിം ഭൂരിപക്ഷ പ്രദേശമാണെന്നതായിരുന്നു എതിര്‍പ്പിന്റെ കാതല്‍. ആര്‍.എസ്.എസ്സും പോഷകസംഘടനയായിരുന്ന ജനസംഘവുമായിരുന്നു പ്രത്യക്ഷമായി എതിര്‍പ്പിന്റെ മുന്‍നിരയില്‍. വളരെ വിചിത്രമെന്നോണം, കോണ്‍ഗ്രസും എതിര്‍പ്പിന്റെ മുന്‍നിരയിലേക്ക് വന്നു. സര്‍വ്വോദയ നേതാവും സര്‍വ്വാദരണീയനുമായ കെ കേളപ്പനെ മുന്നില്‍ നിര്‍ത്തിയായിരുന്നു കോണ്‍ഗ്രസിന്റെ സമരം. ഭരണകക്ഷിയായ സി.പി.ഐ (എം) ജില്ലക്ക് വേണ്ടി വാദിച്ചു. പാര്‍ട്ടിയുടെ കോഴിക്കോട്, പാലക്കാട് ജില്ലാ കമ്മറ്റികള്‍ മലപ്പുറം ജില്ലാ രൂപീകരണത്തിന് അനുകൂലമായി പ്രമേയം പാസാക്കി. കോണ്‍ഗ്രസ് പദയാത്രകളും സത്യാഗ്രഹങ്ങളും നടത്തി സര്‍ക്കാറിനെ നേരിട്ടു. പോരാത്തതിന് ഡല്‍ഹിയില്‍ പോയി കേന്ദ്രസര്‍ക്കാറിനെ സ്വാധീനിച്ച് സംസ്ഥാന സര്‍ക്കാറിനെ പിന്തിരിപ്പിക്കാനും നോക്കി. ജില്ലാ വിരുദ്ധ സമരത്തിന്റെ മുന്‍നിരയിലുണ്ടായ നേതാവാണ് ആര്യാടന്‍ മുഹമ്മദ്. ജില്ല രൂപീകരിക്കപ്പെട്ടപ്പോള്‍ നിലവില്‍ വന്ന അസംബ്ലിമണ്ഡലങ്ങളെ പ്രതിനിധീകരിക്കാന്‍ പാര്‍ട്ടിയിലും മുന്നണിയിലും തിടുക്കം കൂട്ടിയതും ഇതേ കോണ്‍ഗ്രസ് നേതാക്കളൊക്കെയായിരുന്നു.

സാമുദായികമായി ജില്ലയിലുടനീളം നല്ല അടിത്തറയുള്ള പാര്‍ട്ടിയെന്ന നിലയില്‍ ജില്ലയുടെ രൂപീകരണം കൊണ്ട് ഏറ്റവുമധികം നേട്ടമുണ്ടായത് മുസ്ലിം ലീഗിനാണ്. ജില്ലയുടെ കസ്റ്റോഡിയന്‍ എന്ന നിലയിലാണ് അന്ന് തൊട്ടേ മുസ്ലിം ലീഗ് പെരുമാറി വന്നത്. ജില്ലയിലെ ഭൂരിപക്ഷം അസംബ്ലി മണ്ഡലങ്ങളെയും പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍, ജില്ലയിലെ മഹാഭൂരിപക്ഷം ഗ്രാമ പഞ്ചായത്തുകളിലെയും ഭരണകക്ഷിയെന്ന നിലയില്‍, ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലെ ഏറ്റവും വലിയ പാര്‍ട്ടിയെന്ന നിലയില്‍, ഗ്രാമതലം തൊട്ട് ജില്ലാതലം വരെ ഏതാണ്ടെല്ലാ വികസന സമിതികളെയും നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന പാര്‍ട്ടിയെന്ന നിലയില്‍ ജില്ലയുടെ പുരോഗതിയെക്കുറിച്ചും വികസനത്തെക്കുറിച്ചും മറുപടി പറയേണ്ടത് മറ്റാരെക്കാളും മുസ്ലിം ലീഗാണ്. അമ്പത് വയസ്സ് പ്രായമായിട്ടും മലപ്പുറം ജില്ല സംസ്ഥാനത്തെ ഏറ്റവും പിന്നാക്ക ജില്ലയാണ്, വികസന കാര്യത്തില്‍!
മലപ്പുറം ജില്ല കാര്‍ഷിക മേഖലയാണ്. എഴുപത്തിയഞ്ച് ശതമാനം ജനങ്ങളും ഉപജീവനത്തിന് ആശ്രയിച്ചിരുന്നത് കൃഷിയെയാണ്. 2.08 ലക്ഷം ഹെക്ടര്‍ ഭൂമി കാര്‍ഷിക വൃത്തിക്കായി നീക്കിവെക്കപ്പെട്ടിരുന്നു. മിക്കതും ഒരു ഹെക്ടറില്‍ താഴെയുള്ള തുണ്ട് ഭൂമികള്‍. സാധാരണക്കാരും പാവപ്പെട്ടവരുമായിരുന്നു കാര്‍ഷിക രംഗത്ത് എന്നര്‍ത്ഥം. എന്നാല്‍ ജില്ലയിലെ കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിഞ്ഞു. കാര്‍ഷിക മേഖലയെ രക്ഷിക്കാന്‍ ആസൂത്രിതമായ ഒരു ശ്രമവും ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായില്ല. 13 ലക്ഷം ടണ്‍ നെല്ലുല്‍പാദിപ്പിച്ചിരുന്ന ജില്ലയിലെ വയലുകള്‍ പലതും അപ്രത്യക്ഷമായി. ഇപ്പോള്‍ പഴയതിന്റെ 5 ശതമാനം പോലും നെല്ലുത്പാദനമില്ല. നെല്‍കൃഷി നഷ്ടത്തിലാണെന്നാണ് വയലുടമകളുടെ പക്ഷം. സമ്പന്നരായ ഭൂഉടമകള്‍ മറ്റു മേഖലകളിലേക്ക് തിരിഞ്ഞതാണ് കാര്‍ഷിക മേഖല തകരാനുണ്ടായ ഒരു കാരണം. ഒരു ലക്ഷം ഹെക്ടറില്‍ തെങ്ങ് വിളഞ്ഞിരുന്നു മലപ്പുറത്ത്. ആറായിരം ലക്ഷം നാളികേരം ഉത്പാദിപ്പിക്കപ്പെട്ട സ്ഥാനത്ത് ഇന്ന് അതിന്റെ നാലിലൊന്നുപോലുമില്ല. മുപ്പതിനായിരം ഹെക്ടര്‍ ഭൂമിയിലെങ്കിലും നേരത്തെ കപ്പ കൃഷി ഉണ്ടായിരുന്നു. അതും തകര്‍ന്നടിഞ്ഞു. കപ്പക്കിഴങ്ങുകള്‍ പൊടിച്ചിരുന്ന സാര്‍ച്ച് ഫാക്ടറികള്‍ ഒരെണ്ണം പോലും ഇപ്പോള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നില്ല. കശുവണ്ടി സംസ്‌കരണ യൂണിറ്റുകള്‍ പോലും നേരത്തെ ജില്ലയിലുണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെയൊന്ന് കാണാനേയില്ല. വെറ്റില കൃഷിക്ക് ലോകപ്രശസ്തമായിരുന്നു തിരൂര്‍ പ്രദേശം. വെറ്റിലക്ക് പുതിയ വിപണന സാധ്യതകള്‍ കണ്ടെത്താന്‍ ഒരാളും മുന്നോട്ട് വന്നില്ല. അതും തകര്‍ന്നു. പഴയ മൈസൂര്‍ സംസ്ഥാനത്തേക്ക് പച്ചക്കറികള്‍ കയറ്റുമതി ചെയ്തിരുന്ന പ്രദേശമാണ് മലപ്പുറം. ഇന്ന് ജില്ലയിലേക്ക് പച്ചക്കറികള്‍ വരുന്നത് നാടുകാണി ചുരം വഴി ഗൂഢല്ലൂരില്‍ നിന്നും വയനാട് ചുരം വഴി ഗുണ്ടല്‍ പേട്ടയില്‍ നിന്നുമാണ്.

വ്യവസായ മേഖലയുടെ കാര്യം കാര്‍ഷിക മേഖലയേക്കാള്‍ ദയനീയമാണ്. പതിനായിരത്തിലേറെ ചെറുകിട വ്യവസായ യൂണിറ്റുകളും ഏതാനും മീഡിയം ലെവല്‍ വ്യവസായങ്ങളും മാത്രമാണ് ജില്ലയിലുള്ളത്. ഒരൊറ്റ വന്‍കിട വ്യവസായ യൂണിറ്റും ജില്ലയിലില്ല. ശരാശരി രണ്ടു ലക്ഷം രൂപയില്‍ താഴെ മാത്രം മുതല്‍ മുടക്കുള്ള ചെറുകിട യൂണിറ്റുകളില്‍ ഉടമകളോ വിരലിലെണ്ണാവുന്ന വ്യക്തികളോ മാത്രമാണ് പണിയെടുക്കുന്നത്. മിക്ക സ്ഥാപനങ്ങളും നഷ്ടത്തിലാണോടുന്നതും. വ്യവസായ മേഖലയെ ഉണര്‍ത്താനും ഉയര്‍ത്താനും ജില്ലയില്‍ കാര്യമായ ഒരു നീക്കവും നടന്നില്ല.

വിദ്യാഭ്യാസ രംഗത്ത് മാത്രമാണ് എടുത്തുപറയത്തക്ക നേട്ടങ്ങളുണ്ടാക്കാനായത്. വിദ്യാര്‍ത്ഥികളുടെ എണ്ണവും വിദ്യാലയങ്ങളുടെ എണ്ണവും റെക്കോര്‍ഡ് വേഗത്തില്‍ വര്‍ധിച്ചു. അതേസമയം പഠിതാക്കളുടെ എണ്ണത്തിന്റെ ആനുപാതിക തോതില്‍ സീറ്റുകളുടെ വര്‍ധനവുണ്ടായിട്ടില്ല. അക്കാരണത്താല്‍ തന്നെ ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും പതിനായിരക്കണക്കില്‍ കുട്ടികള്‍ ഉപരിപഠനത്തിന് പ്രവേശം കിട്ടാതെ വഴിമുട്ടി നില്‍ക്കുകയാണ്. വിദ്യാലയങ്ങളും കോഴ്സുകളും സ്വാശ്രയമേഖലയിലാണ് തഴച്ചുവളര്‍ന്നത്. ഉയര്‍ന്ന ഫീസുകള്‍ ഈടാക്കുന്ന സ്വാശ്രയ സ്ഥാപനങ്ങള്‍ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും പൊതുവെ അപ്രാപ്യമാണ്. പൊതുവിദ്യാലയങ്ങളാണ് ജില്ലയില്‍ പിറവിയെടുക്കേണ്ടിയിരുന്നത്. വിദ്യാഭ്യാസം ലാഭകരമായ കച്ചവടമാണെന്ന് കണ്ടതോടെ പണമുള്ളവര്‍ സ്വകാര്യ – സ്വാശ്രയ മേഖലയില്‍ മുതലിറക്കി പണം കൊയ്യുന്ന കാഴ്ചയാണ് പൊതുവെയുള്ളത്. അഡ്മിഷനും നിയമത്തിനും കോഴവാങ്ങാത്ത വിദ്യാലയങ്ങള്‍ വിരളമാണ് ജില്ലയില്‍. വിദ്യാഭ്യാസ മുന്നേറ്റത്തില്‍ പങ്കാളിത്തം അവകാശപ്പെടുന്നവരും കോഴയുടെ കാര്യത്തില്‍ കണ്ണടക്കുകയാണ്.
ആരോഗ്യമേഖലയിലും ഗതാഗത മേഖലയിലുമൊക്കെ പരിമിതികളുടെ പ്രശ്നങ്ങള്‍ വേട്ടയാടുന്നുണ്ട് ജില്ലയെ. ജനസംഖ്യയുടെ തോതനുസരിച്ച് ആരോഗ്യരംഗത്ത് സംവിധാനങ്ങളില്ല. സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ സമീപകാലത്ത് മാത്രമാണ് മെച്ചപ്പെട്ടത്. സര്‍ക്കാര്‍ മേഖലയില്‍ ഗതാഗത രംഗത്തും അടിസ്ഥാന വികസനമുണ്ടായിട്ടില്ല. ചമ്രവട്ടം റഗുലേറ്റര്‍ ബ്രിഡ്ജ് ഗതാഗതയോഗ്യമായതില്‍ പിന്നെയാണ് തിരൂര്‍-പരപ്പനങ്ങാടി റൂട്ടിലൂടെ ആവശ്യത്തിന് സര്‍ക്കാര്‍ ബസുകള്‍ ഓടിത്തുടങ്ങിയത്. രണ്ടായിരം കിലോമീറ്റര്‍ റോഡുകളും രണ്ട് പ്രമുഖ ഹൈവേകളും ജില്ലയിലുണ്ടെങ്കിലും ആവശ്യാനുസൃതം സര്‍ക്കാര്‍ സര്‍വീസുകളില്ല. റെയില്‍വേയുടെ കാര്യത്തിലാണെങ്കില്‍ സംസ്ഥാനം നേരിടുന്ന പൊതുവായ അവഗണനയുടെ പാരമ്യതയാണ് ജില്ലയിലുള്ളത്.

26 ദീര്‍ഘദൂരം ട്രെയിനുകള്‍ക്കെങ്കിലും ജില്ലയില്‍ ഒരു സ്റ്റോപ്പ് പോലുമില്ല. രാജ്യത്ത് ഏറ്റവുമധികം യാത്രക്കാര്‍ കയറിയിറങ്ങുന്ന ആദ്യത്തെ പത്ത് എയര്‍പോര്‍ട്ടുകളിലൊന്നായി കണക്കാക്കപ്പെട്ട കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് വന്നുപെട്ട ദുര്‍ഗതിയും ഇതേ ഗണത്തില്‍ തന്നെ. ഏറ്റവും ലാഭകരമായി പ്രവര്‍ത്തിച്ചുപോന്ന നാലു എയര്‍പോര്‍ട്ടുകളിലൊന്നായിരുന്നു കരിപ്പൂര്‍. റണ്‍വേ നവീകരണത്തിന്റെ പേരില്‍ അടച്ചുപൂട്ടപ്പെട്ടതോടെ കരിപ്പൂരിന്റെ നട്ടെല്ലൊടിഞ്ഞു. അന്നത്തെ സംസ്ഥാന സര്‍ക്കാറോ ജില്ലയെ പ്രതിനിധീകരിച്ച പാര്‍ലമെന്റംഗങ്ങളോ ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തിയില്ല. പതിനായിരക്കണക്കില്‍ പ്രവാസികളെ പ്രത്യക്ഷമായി ബാധിച്ച എംബാര്‍ക്കേഷന്‍ പോയന്റ് പ്രശ്നത്തിലും ജില്ലയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളും ജില്ലയിലെ നിയമസഭാ സാമാജികരും ഇവരുള്‍പ്പെട്ട എയര്‍പോര്‍ട്ട് ഉപദേശക സമിതിയും കടുത്ത നിസ്സംഗത പുലര്‍ത്തുകയാണുണ്ടായത്. പിന്നീട് അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരാണ് ഈ വിഷയത്തില്‍ ഔപചാരികവും ഔദ്യോഗികവുമായ നിലപാടുകളെടുത്തത്.

ജില്ലയുടെ കാര്യത്തില്‍ പ്രവാസികളാണ് സമ്പദ്ഘടനയുടെ നട്ടെല്ല്. വികസനപരമായ ഏതൊരു ചലനത്തിന്റെയും പിന്നില്‍ പ്രവാസികളുണ്ട്. സംസ്ഥാനത്തെ മൊത്തം പ്രവാസികളില്‍ പതിനഞ്ച് ശതമാനത്തോളം പേരെങ്കിലും മലപ്പുറം ജില്ലയില്‍ നിന്നാണ്. അതേസമയം ഈ പ്രവാസി ശക്തിയെ പ്രയോജനപ്പെടുത്തി ഏതെങ്കിലും തരത്തില്‍ കൂട്ടായ സംരംഭങ്ങള്‍ക്ക് ജില്ലയുടെ അധികാരികള്‍ മുന്നിട്ടിറങ്ങിയതായി അനുഭവമില്ല. പ്രവാസികളുടെ പുനരധിവാസത്തിനുള്ള ഫലപ്രദമായ നടപടികളും ജില്ലയുടേതായി ചൂണ്ടിക്കാട്ടാനില്ല. യാത്രാ നിരക്കിലും മറ്റും പ്രവാസികള്‍ നേരിടുന്ന കൊടിയ ചൂഷണത്തിനും വിവേചനത്തിനുമെതിരെ ജനപ്രതിനിധികളുടെ ഇടപെടലുണ്ടായിട്ടില്ല.

പ്രകടനപരമല്ലാത്ത ഒരാത്മവിചാരത്തില്‍ ജില്ല നേരിടുന്ന വികസനപരമായ പ്രശ്നങ്ങളുടെ ചുരുളഴിയും. ആത്മാര്‍ത്ഥതയും അധ്വാന ശീലവുമുള്ള ഒരു ജനതയുടെ സജീവതയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ ജില്ലയെ നയിക്കുന്നവര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നതാണ് ചോദ്യം.

ഒരാണ്ടോളം ജൂബിലിയാഘോഷത്തിമര്‍പ്പിന് കോപ്പ് കൂട്ടിയത് കൊണ്ടായില്ല, സംസ്ഥാനത്ത് വികസനപരമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലയായി മലപ്പുറം മാറിയതിന് ജില്ലയുടെ കാവലാളുകള്‍ മറുപടി പറയുകതന്നെ വേണം. അഥവാ, വികസനപരമായി ക്രിയാത്മകമായ ഒരു കണക്കെടുപ്പിനും വീണ്ടുവിചാരത്തിനും ഈ ജൂബിലിയാഘോഷങ്ങള്‍ നിമിത്തമാവുകയാണെങ്കില്‍ അതെങ്കിലും ജില്ലക്ക് പ്രയോജനം ചെയ്തേക്കും.

പ്രൊഫ : എ പി അബ്ദുൽ വഹാബ്

കേരള സ്റ്റേറ്റ് മൈനോറിറ്റി ഡവലപ്മെന്റ് കോര്‍പറേഷന്‍ ചെയര്‍മാനാണ് ലേഖകന്‍

You must be logged in to post a comment Login