ആരോഗ്യ രംഗത്തെ മലപ്പുറം മോഡല്‍

ആരോഗ്യ രംഗത്തെ മലപ്പുറം മോഡല്‍

ശാസ്ത്രീയാടിസ്ഥാനത്തില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെക്കുന്ന സമയത്ത് കാന്‍സര്‍ എന്ന രോഗം അത്രമേല്‍ ഭീകരമായി കരുതിപ്പോന്ന ഒന്നായിരുന്നു. ചികിത്സ സാധ്യമല്ലാതിരുന്ന, രോഗത്തിന്റെ പിടിയില്‍നിന്നുള്ള തിരിച്ചുവരവ് ദുഷ്‌ക്കരമായി കരുതിയിരുന്ന ഒരുഘട്ടം. അന്നത്തെ സമൂഹിക അന്തരീക്ഷത്തില്‍ ചികിത്സിച്ചുമാറ്റുവാന്‍ ഏറ്റവും പ്രയാസമേറിയ, പ്രാഥമികമായ മരുന്നുകള്‍ മാത്രം ലഭ്യമായിരുന്ന ഒരസുഖത്തിന്, രോഗലക്ഷണങ്ങളെ അമര്‍ച്ചചെയ്യുക മാത്രം സാധ്യമായിരുന്നിടത്തു നിന്നുമാണ് ഇത്തരമൊരു പ്രവര്‍ത്തനത്തിന് തുടക്കമാവുന്നത്. വേദന, മുറിവുകള്‍, കീമോ തുടങ്ങി ഒരു കാന്‍സര്‍ രോഗി കടന്നുപോകുന്ന വിവിധയവസ്ഥകള്‍. രോഗമാണോ, അതോ ചികിത്സയാണോ വലുതും വേദനാജനകവുമെന്നറിയാത്ത സന്ദര്‍ഭത്തിലാണ് ഏതാണ്ട് അറുപതുകളോട് കൂടി ശാസ്ത്രീയ അടിസ്ഥാനത്തില്‍ സിസിലി ഫൗണ്ടേഷന്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. അതിനൊരിടമായി വര്‍ത്തിച്ചതും പ്രേരണാജനകമായതും പാശ്ചാത്യ ലോകത്തെ ക്രിസ്ത്യന്‍ മിഷനറിയും അഭയ ഹോമുകളും റെസ്‌ക്യൂ ഹോമുകളും രോഗികള്‍ മരിക്കുവാനായി വന്നെത്തിയിരുന്ന ഇടങ്ങളുമെല്ലാമായിരുന്നു. അന്നവിടെയുണ്ടായിരുന്ന രീതികള്‍ പലപ്പോഴും പ്രാര്‍ത്ഥനകളിലധിഷ്ഠിതമായിരുന്നു. സാധ്യമായ ചികിത്സകളും ഭക്ഷണവും നല്‍കിയും, കൂടെയിരുന്ന് സംസാരിച്ചുമെല്ലാം രോഗികളെ സഹായിക്കുക എന്നതായിരുന്നു. ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനരീതികള്‍ പക്ഷേ ശാസ്ത്രീയ അടിത്തറയുള്ളതായിരുന്നില്ല. അത്തരം ഒരു സാഹചര്യത്തിലാണ് സാമൂഹിക പ്രവര്‍ത്തകയായിരുന്ന സിസിലി രോഗികളുടെ ആവശ്യങ്ങള്‍ക്കായി കുറച്ചുകൂടി ശാസ്ത്രീയമായി പാലിയേറ്റിവ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഒരു സാമൂഹിക പ്രവര്‍ത്തക മാത്രമായി പോളിഷ് അഭയാര്‍ത്ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന സിസിലി കുറച്ചുകൂടി ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്കായി നേഴ്സ് ജോലി തിരഞ്ഞെടുക്കുകയും രോഗശാന്തിക്കായി പ്രവര്‍ത്തിക്കുകയുമാണ് ഉണ്ടായത്. അതില്‍നിന്നും ഉള്‍ക്കൊണ്ട അനുഭവങ്ങളില്‍ നിന്നും പിന്നീടവര്‍ മെഡിസിന്‍ പഠനം നടത്തുകയും തുടര്‍ന്ന് ലണ്ടന്‍ കേന്ദ്രീകരിച്ച് മറ്റുചില ചെറുപ്പക്കാരായ ഡോക്ടര്‍മാരുടെകൂടി സഹകരണത്തോടെ ഹോസ്പീസ് എന്ന പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു. ഇവിടെ പാലിയേറ്റീവ് കെയറിന്റെ എല്ലാം സങ്കല്‍പ്പങ്ങളും ഉള്‍ക്കൊണ്ട് ഡോക്ടര്‍, നേഴ്സ് ഒപ്പം സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ അഭയ ഹോമുകളില്‍ നിന്നും വ്യത്യസ്തമായ കെയര്‍ ആന്റ് പാലിയേറ്റീവ് മെഡിസിന്‍ രീതിയിലുള്ള പ്രവര്‍ത്തങ്ങളില്‍ സിസിലി വ്യാപൃതയാവുകയും ചെയ്തു. ഇതിനെപ്പറ്റി കണ്ടും കേട്ടുമറിഞ്ഞു അതിന്റെ ചുവടുപിടിച്ചു ഇന്ത്യയില്‍ ആദ്യമായി പൂനെ കേന്ദ്രീകരിച്ച് കാന്‍സര്‍ രോഗികള്‍ക്കായുള്ള ശാന്തി അവേധന സദന്‍ എന്നപേരില്‍ ഒരു പശ്ചാത്യ മോഡല്‍ ഹോസ്പീസ് തുടങ്ങുകയുണ്ടായി. കാന്‍സര്‍ രോഗികളെ കൊണ്ടുവന്നു താമസിപ്പിച്ച് മരിക്കുന്നതുവരെ അവരവിടെ താമസിക്കുന്ന രീതിയിലുള്ള ചികിത്സ നല്‍കുന്ന ഒരിടമായി വര്‍ത്തിക്കാന്‍ ഈ ഹോസ്പീസ് ഇന്നും പ്രവര്‍ത്തിക്കുന്നു. തുടര്‍ന്ന് ബാംഗ്ലൂര്‍, ഡല്‍ഹി തുടങ്ങി പലയിടങ്ങളിലേക്കും പാലിയേറ്റീവ് പ്രവര്‍ത്തനം വ്യാപിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ഇത്തരം ശ്രമങ്ങള്‍ക്ക് കേരളത്തില്‍ ആദ്യമായി തുടക്കം കുറിക്കുന്നത്. കാന്‍സര്‍ രോഗികളുടെ പരിചരണം ലക്ഷ്യമാക്കിത്തന്നെയാണ് അന്നുമിന്നും യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 1993-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ രോഗികള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ അവരോടൊപ്പം തീവ്ര ഇടതുപക്ഷ ചായ്വുണ്ടായിരുന്ന, പിന്നീട് സോഷ്യല്‍ വര്‍ക്കുകളിലും മറ്റും ഏര്‍പ്പെട്ടിരുന്ന കുറച്ചാളുകള്‍ കൂടി സഹകരിക്കുകയും അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. കമ്മ്യൂണിറ്റി സഹകരണത്തോടുകൂടി ഡോക്ടര്‍മാര്‍ നടത്തുന്ന പ്രവര്‍ത്തനമാണിവിടെ.

മലപ്പുറത്ത് പാലിയേറ്റിവ് കെയറിന്റെ ഘടന വ്യത്യസ്തമായിരുന്നു. 1996-ല്‍ മലപ്പുറം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ കമ്മ്യൂണിറ്റി സഹകരണമെന്നതിലുമുപരിയായി അവരുടെതന്നെ നടത്തിപ്പിലും ഉടമസ്ഥതയിലുമുള്ള സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതിലാണ് ശ്രദ്ധയൂന്നിയത്. അതിനുള്ള പണവും മറ്റും അതില്‍ ഭാഗഭാക്കാവുന്നയാളുകള്‍ തന്നെ കണ്ടെത്തുകയും, സ്വരൂപിക്കുകയും ചെയ്യുന്നു എന്നതാണ് അതിന്റെ നല്ലവശം. അതിനാല്‍ ഒരുവിധത്തിലും ഒന്നോ അതിലധികമാളുകളിലോ, കമ്പനികളിലോ കേന്ദ്രീകരിച്ച് സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റേണ്ടുന്നതായ അവസ്ഥ മറികടക്കുവാന്‍ സാധിക്കുന്നു. പലപ്പോഴായി മൈക്രോ ഫിനാന്‍സ് വഴിയോ, ആളുകളുടെ ശമ്പളത്തില്‍നിന്നും മാറ്റിവെക്കുന്ന തുക വഴിയുമെല്ലാം പ്രവര്‍ത്തനത്തിനായുള്ള പണം കണ്ടെത്താന്‍ പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നു. വിദേശ ഫണ്ടുകളോ പ്രൊജക്ടുകളോ ഉപയോഗപ്പെടുത്താതെ തന്നെ ആളുകളില്‍നിന്നും ശേഖരിക്കുന്ന പണം മാത്രമുപയോഗിച്ച്, ശേഖരിച്ചുവെച്ച തുക അതാതു വര്‍ഷം തന്നെ ചെലവഴിക്കുന്ന രീതിയാണ് അവലംബിക്കുന്നത്. ഡോക്ടര്‍മാരുടെ മാര്‍ഗോപദേശം തേടിയും, അവരുടെ സഹായസഹകരണങ്ങള്‍ സ്വീകരിച്ചും, നേഴ്സ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരുടെ പങ്കാളിത്തത്തോടെയുള്ള രോഗീപരിചരണമെന്ന മാതൃകയാണ് മലപ്പുറം സ്വീകരിച്ചത്. പാലിയേറ്റിവ് കെയറിന്റെ തന്നെ ഒരു ലംബരൂപമാര്‍ന്ന പരിണാമമായിരുന്നു (വെര്‍ട്ടിക്കല്‍ ഇവല്യൂഷന്‍) ഇത് എന്നു പറയാം.

കാന്‍സര്‍ രോഗികള്‍ക്കായി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമല്ല മലപ്പുറത്ത് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ക്ലിനിക്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വിവിധ രോഗങ്ങളാല്‍ കിടപ്പിലായ ആളുകളെക്കൂടി ഉള്‍കൊള്ളുന്നതാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായ പ്രവര്‍ത്തന മാതൃകയാണ് ഇത്തരം ക്ലിനിക്കുകള്‍ മലപ്പുറം കേന്ദ്രമാക്കി നടപ്പിലാക്കിവരുന്നത്. ഇന്നിപ്പോള്‍ ഏതാണ്ട് എല്ലാ ജില്ലകളിലും അതില്‍ത്തന്നെ മലപ്പുറത്തെ ഒട്ടുമുക്കാലും പഞ്ചായത്തുകളിലും ഇത്തരം കമ്മ്യൂണിറ്റി പങ്കാളിത്തമുള്ള പാലിയേറ്റിവ് ക്ലിനിക്കുകള്‍ നല്ലരീതിയില്‍ത്തന്നെ പ്രവര്‍ത്തിക്കുന്നു. പ്രായാധിക്യം മൂലം വീടുകളില്‍ ഒതുങ്ങിപോയവരെയും, അല്‍ഷിമേഴ്സ് പോലുള്ള മറവി രോഗം നേരിടുന്നവരെയും, പക്ഷാഘാതം പോലുള്ള പ്രശ്നങ്ങള്‍ നേരിടുന്നവരെയും, ഓട്ടിസം ബാധിച്ചവരെയുമെല്ലാം പരിചരിക്കുകവഴി അത്തരം രോഗികളുടെ ശാരീരിക മാനസിക പ്രശ്നങ്ങളില്‍കൂടി ശ്രദ്ധയൂന്നുന്നവിധം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാനും പാലിയേറ്റിവ് യൂണിറ്റുകള്‍ക്ക് സാധിക്കുന്നു. മലപ്പുറം മാതൃക കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍നിന്നും വ്യത്യസ്തമാകുന്നതും ഈ വിധമാണ്. അവിടെ രോഗ ലക്ഷണങ്ങളുമായി, രോഗവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തനങ്ങളെ മലപ്പുറത്ത് അത് വേദനയെന്ന ശാരീരിക അസ്വാസ്ഥ്യത്തെ പരിഗണിക്കുന്നതുപോലെത്തന്നെ രോഗികളുടെ സാമൂഹിക ജീവിതമായി ബന്ധപ്പെട്ട കാര്യങ്ങളില്‍കൂടി ഊന്നിയാണ് മുന്നോട്ട് പോകുന്നത്. വീടുകളില്‍ ചെന്ന് രോഗികളുടെ ഏറ്റവും പ്രാഥമികമായ ആവശ്യങ്ങള്‍ നിവൃത്തിക്കുന്നതോടൊപ്പംതന്നെ, നഖം വെട്ടിക്കൊടുത്തും, വീടും പരിസരവും വൃത്തിയാക്കിയും, പല്ലുതേച്ചും, മുടി ചീകിക്കൊടുത്തും, അവരുടെ വീടുകളിലെ താല്പര്യമുള്ളയാളുകളെ പരിചരണരീതികള്‍ പഠിപ്പിച്ചും, കൂടെ നിന്ന് നിരന്തരമായ പ്രവര്‍ത്തനങ്ങളിലൂടെ താല്പര്യമില്ലാത്തയാളുകളെ ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുവിധം മാറ്റിയെടുത്തുമെല്ലാം അതിന്റെ കര്‍മമേഖല വിപുലീകരിച്ചിരിക്കുന്നു. ഇവിടെ പാലിയേറ്റിവ് പരിചരിക്കുവാനായി വീട്ടില്‍ ആളുകളുള്ളവരെയും അല്ലാത്തവരെയും സ്വന്തം രോഗിയായി കണ്ട് പരിചരിക്കുന്നു. അവര്‍ക്കു താമസിക്കാനൊരിടം നല്‍കാനെങ്കിലും പല കുടുംബങ്ങളും ശ്രദ്ധിക്കുന്നുവെന്നത് തന്നെ വലിയ കാര്യമാണ്.

പാലിയേറ്റിവ് കെയര്‍ പ്രധാനമായും പരിഹരിക്കേണ്ടതായി കണ്ട ഒരു പ്രശ്നം രോഗീപരിചരണത്തിലെ നോട്ടക്കാരുടെ അഭാവം തന്നെയാണ്. അതില്‍നിന്നുമാണ് അയല്‍പക്ക സഹകരണമെന്ന വിധത്തിലുള്ള പാലിയേറ്റിവ് പരിചരണ രീതികളിലേക്ക് കടക്കുന്നത്. ഇവിടെ 35000 ജനസംഖ്യയുള്ള ഒരിടത്തില്‍ ഏകദേശം അതിലൊരു മുന്നൂറ്റിയമ്പത് ആളുകള്‍ ഇത്തരത്തില്‍ അസുഖബാധിതരാണെന്നു വെക്കുക. അതായത് ഒരു പഞ്ചായത്തില്‍ത്തന്നെ ഏകദേശം അമ്പതില്‍പരം ആളുകള്‍ ഒരു രോഗിയെ ശുശ്രൂഷിക്കാനുണ്ടാകുമെന്ന് സാരം. അതില്‍നിന്ന് മുന്നൂറ്റിയമ്പത് ആളുകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധരായി വരികയാണെങ്കില്‍ ഒരുരോഗിക്ക് ഒരാളെന്ന കണക്കില്‍ പുറമെനിന്നും പരിചരമം ഉറപ്പാക്കാന്‍ സാധിക്കും. അതോടൊപ്പം വീട്ടില്‍നിന്നുള്ള ഒരാള്‍കൂടിയുണ്ടായാല്‍ ഒരുരോഗിയെ പരിചരിക്കാന്‍ രണ്ടുപേരെന്ന നിലക്ക് രോഗിയുടെ പരിചരണം കുറച്ചുകൂടി എളുപ്പമാകും. അതോടൊപ്പം തീരെ കിടപ്പിലായ, നോക്കുവാന്‍പോലും ആരുമില്ലാത്ത, വളരെയവഗണിക്കപ്പെട്ട ഒരു പത്തോപതിനഞ്ചോ പേരുമാത്രമാണ് ഒരു പഞ്ചായത്തില്‍ ഉണ്ടാവുക. അത്തരം രോഗിക്കുവേണ്ടി രണ്ടുപേരുവീതം നല്‍കുവാനും സാധിക്കും. ഇത്തരമൊരു മാതൃകയിലുള്ള പ്രവര്‍ത്തനമാണ് മലപ്പുറത്ത് സാധ്യമാക്കാനായി നടത്തിപ്പുകാര്‍ പരിശ്രമിക്കുന്നത്.
പ്രായാധിക്യമുള്ള ഒരുവലിയ ജനവിഭാഗം നിറഞ്ഞ സമൂഹത്തില്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ നിറഞ്ഞ സാഹചര്യത്തെ എങ്ങനെ നേരിടണം എന്ന ആലോചനയില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന ആശയമാണ് പ്രായമായ ആളുകളുടെ ചെറിയകൂട്ടായ്മകള്‍ സംഘടിപ്പിക്കുക എന്നത്. അത്തരം ഒത്തുകൂടലുകള്‍ മുന്‍കാലങ്ങളില്‍ നമുക്ക് പരിചിതമായിരുന്നുവെങ്കിലും ഇപ്പോള്‍ അതല്ല സ്ഥിതി. അത് തിരിച്ചുപിടിക്കുവാനുള്ള ശ്രമമാണ് പാലിയേറ്റീവ് കെയര്‍ നടപ്പിലാക്കിവരുന്ന മറ്റൊരു പ്രവര്‍ത്തനം. അതോടൊപ്പംതന്നെ കിടപ്പിലായ രോഗികളുടെ കുടുംബങ്ങളുടെ കൂട്ടായ്മകളും കലാപ്രകടനങ്ങളും സംഘടിപ്പിക്കുക, സാധ്യമാകും വിധം ഇത്തരമാളുകളുടെ സംഗമങ്ങള്‍ നടത്തുകയെന്നതും ഇത്തരം കമ്മ്യൂണിറ്റികള്‍ നിവര്‍ത്തിച്ചുപോരുന്നു. കിടപ്പിലായിപ്പോകുന്ന വ്യക്തിയുടെ കുടുംബങ്ങള്‍ നേരിടേണ്ടിവരുന്ന സാമ്പത്തികവും സാമൂഹികവും മാനസികവുമായ പ്രശ്നങ്ങളെക്കൂടി മനസ്സിലാക്കുവാനും അതിനുകൂടിയൊരുപരിഹാരമായി വര്‍ത്തിക്കുവാനും ഈ പ്രസ്ഥാനത്തിന് കഴിഞ്ഞുപോരുന്നു എന്നതും വസ്തുതയാണ്. പലപ്പോഴും കുടുംബങ്ങള്‍ക്ക് അത്താണിയാകും വിധത്തില്‍ സ്വയംതൊഴില്‍ പരിശീലനങ്ങള്‍ നല്‍കുകവഴി സുസ്ഥിരമായ ചില പരിഹാരങ്ങള്‍ നിത്യരോഗികളായവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുവാന്‍ കഴിയുന്നു എന്നതും, രാഷ്ട്രീയമായ ഇടപെടലുകളും പ്രൊജക്ടുകളും ഇതുമായി ചേര്‍ത്തുകൊണ്ടുവരുവാനായി സാധിച്ചു എന്നതും ഇത്തരം യൂണിറ്റുകളുടെ പ്രവര്‍ത്തനമികവിന്റെ നേട്ടങ്ങളില്‍ ചിലതാണ്.
മലപ്പുറം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇത്തരം യൂണിറ്റുകളുടെ മറ്റൊരു പ്രധാന പ്രവര്‍ത്തനാശയം ഇരുപത്തിനാലുമണിക്കൂറില്‍ ഒരിക്കലെങ്കിലും ഒരു രോഗിയെ ശുചീകരിക്കുകയും ഒരുനേരത്തെ ആഹാരമെങ്കിലും എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു എന്നതാണ്. ഏറ്റവും കരുതലോടെ നിര്‍വഹിക്കുന്ന മറ്റൊരു പ്രവര്‍ത്തനം സുഖപ്രദമാകുന്ന ഇടങ്ങളില്‍ തന്നെ അവരെ നിലനിര്‍ത്താന്‍ ശ്രമിക്കുകയും പരിചരണം നല്കിപ്പോരുകയും ചെയ്യുന്നു എന്നതാണ്. കെയര്‍ ഹോമുകളിലോ, വൃദ്ധസദനങ്ങളിലോ അതുപോലുള്ള മറ്റിടങ്ങളിലോ ഒന്നുമല്ലാതെ രോഗിയുടെ, വാര്‍ദ്ധക്യത്തിലെത്തിനില്‍ക്കുന്നവരുടെ പ്രിയപ്പെട്ടയിടങ്ങളില്‍, അവരുടെ ഇഷ്ടയിടങ്ങളില്‍ ജീവിച്ചുമരിക്കാന്‍ സാധിക്കുന്നവിധം സാഹചര്യമൊരുക്കുക. ഇത് ഒരുപരിധിവരെ പ്രാവര്‍ത്തികമാക്കുവാനും പാലിയേറ്റിവ് യൂണിറ്റിന് കഴിഞ്ഞു. അതായത് അവനവന്റെ വീട്ടില്‍ത്തന്നെ ഇത്തരം സഹായങ്ങള്‍ എത്തിക്കുന്നു. കൃത്യമായ ട്രെയിനിംഗുകള്‍ക്കുശേഷം മാത്രമാണ് പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തകരെ സജ്ജമാക്കുന്നത്. രോഗികള്‍ക്ക് നല്ല ശ്രദ്ധകൊടുക്കുന്ന വീടുകളിലേക്കും, ഭാഗികമായി പരിരക്ഷിക്കപ്പെടുന്ന വീടുകളിലേക്കും ഒട്ടും ശ്രദ്ധ നല്കാത്തയിടങ്ങളിലേക്കുമെല്ലാം എത്തിപ്പെടുകയും രോഗികളെ പരിചരിക്കുകയും ഭാവിയിലേക്കുള്ള സാമൂഹികസുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുന്നു എന്നതുതന്നെയാണ് ഓരോ യൂണിറ്റിന്റെയും പ്രസക്തി.
മറ്റൊരു പ്രധാന കാര്യം പ്രഫഷണല്‍ പരിചരണം നല്‍കുവാന്‍ രോഗികളുടെ പരിചാരകരെക്കൂടി പ്രാപ്തരാക്കുക എന്നതാണ്. അതിലേക്ക് ആളുകള്‍ സ്വന്തം നിലക്ക് എത്തപ്പെടുകയെന്നത് അത്രയെളുപ്പമായ ഒന്നല്ല. എങ്കിലും ഓരോ വീട്ടില്‍നിന്നും ഒരു വളണ്ടിയര്‍ എന്ന രീതിയിലേക്ക് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുക എന്നത് പ്രധാനമാണ്. ആരോഗ്യ സാക്ഷരതയുള്ള ഒരു സമൂഹം ലക്ഷ്യം വെച്ച് കിടപ്പിലായ രോഗികളുടെ പരിചരണത്തിനായി വീട്ടുകാരെയും അയല്പക്കത്തെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തിലൂന്നിക്കൊണ്ടുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നു. ജീവകാരുണ്യപ്രവര്‍ത്തനമെന്നോ, സാമൂഹിക പ്രവര്‍ത്തനമെന്നോ കരുതാതെ അവനവന്റെ ഉത്തരവാദിത്തമെന്നും കര്‍മമെന്നും കരുതുന്നവരെയാണ് ആവശ്യം. പലരും ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് പഠനകാലത്ത് കടന്നുവരുന്നവരാണ്, ചിലര്‍ സര്‍ക്കാര്‍ ജോലികളില്‍നിന്നും വിരമിച്ചതിനുശേഷം ഇനിയെന്ത് എന്ന വിടവ് നികത്തുവാനും, മറ്റുചിലര്‍ സ്വന്തം ജീവിതത്തില്‍ നേരിടേണ്ടിവന്ന അനുഭവങ്ങളുടെ വെളിച്ചത്തിലും ഇത്തരം പ്രവര്‍ത്തികളില്‍ വ്യാപൃതരാവുകയാണ് പതിവ്. ഇവിടെ പലപ്പോഴും ആളുകള്‍ക്കും രീതികള്‍ക്കുമനുസരിച്ചുള്ള പ്രവര്‍ത്തനമേഖല തിരഞ്ഞെടുക്കുവാനും വളണ്ടിയര്‍മാര്‍ക്ക് അവസരം ലഭിക്കുന്നു. ഓരോരുത്തരുടെയും താല്പര്യാനുസൃതം പണം സമാഹരണമെന്നതോ, രോഗികളുടെ ശുശ്രൂഷയെന്നതോ, വീടും തൊടിയും വഴിയുമെല്ലാം വൃത്തിയാക്കുകയെന്നതോ അവനവനാല്‍ സാധിക്കുന്ന പ്രവര്‍ത്തികളില്‍ അവര്‍ക്കു ഏര്‍പ്പെടുവാന്‍ സാധിക്കുന്നു. അന്തസുറ്റ പരിചരണമെന്ന ഓരോ രോഗികളുടെയും അടിസ്ഥാന ആവശ്യത്തെ നിറവേറ്റുകവഴി നമ്മളാല്‍ സാധിക്കും വിധം ഒരു മനുഷ്യന്റെ ദുരിതപൂര്‍ണമായ ജീവിതത്തിലെ അവസാനനാളുകള്‍ക്കു ആശ്വാസം എന്ന വലിയ കാര്യമാണ് പാലിയേറ്റീവ് കെയര്‍ സാധ്യമാക്കുന്നത്. ജനിച്ചതിന്റെ ബുദ്ധിമുട്ടറിയാതിരുന്ന നാമോരോരുത്തരും മരിക്കുന്നതിന്റെ ബുദ്ധിമുട്ടറിയേണ്ടിവരും. അതൊരു വിദൂരഭാവിയിലേക്കായുള്ള ഒന്നായിമാത്രം കാണുന്ന ഇടത്തില്‍നിന്നും ആ ഒരു കാഴ്ചയുടെ മറ്റൊരു വശത്തേക്ക് സമൂഹത്തെയൊരുക്കുവാനാണ് പാലിയേറ്റീവ് കെയര്‍ ശ്രമിക്കുന്നത്.
ഇതോടൊപ്പം തന്നെ ചേര്‍ത്തുവായിക്കേണ്ട രണ്ടു പ്രവര്‍ത്തനങ്ങളാണ് പരിരക്ഷയും പ്രതീക്ഷയും. കമ്മ്യൂണിറ്റികള്‍ നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ സര്‍ക്കാര്‍തലത്തില്‍ ജില്ലാപഞ്ചായത്തിന്റെ സഹകരണത്തില്‍ നടത്തപ്പെടുന്ന പാലിയേറ്റിവ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് പരിരക്ഷയും പ്രതീക്ഷയും. തുടക്കത്തില്‍ ചില പഞ്ചായത്തുകളും പിന്നീട് ജില്ലാപഞ്ചായത്തുനേരിട്ടും തുടങ്ങിവെച്ച പരിപാടികള്‍ക്കൊടുവിലാണ് പരിരക്ഷ രൂപീകൃതമായത്. ഇവിടെ കാന്‍സര്‍ രോഗികളോടൊപ്പം തന്നെ ഭാഗികമായോ കഴുത്തിനുതാഴേക്ക് മുഴുവനായോ കിടപ്പിലായ രോഗികളെയും, ഉണങ്ങാത്ത മുറിവുകളുള്ള രോഗികളെയും, വൃക്കരോഗികളെയും, ദീര്‍ഘകാല ചികിത്സയും പരിചരണവും ആവശ്യമുള്ള രോഗികളെയുമെല്ലാം ശുശ്രൂഷിക്കുകയും, പാലിയേറ്റീവ് ക്ലിനിക്കിലെ വോളന്റിയേഴ്സിന്റെ സഹായത്തോടുകൂടി പരിചരിക്കുകയും, ശുശ്രൂഷിക്കുകയുമൊക്കെ ചെയ്യുകയാണ് പതിവ്. ഇതുപോലെത്തന്നെ സര്‍ക്കാര്‍ തലത്തില്‍ രൂപീകൃതമായ മറ്റൊരു പദ്ധതിയാണ് ‘പ്രതീക്ഷ.’ ഇതിലൂടെ കിടപ്പിലായ, അല്ലെങ്കില്‍ അസ്വാസ്ഥ്യമുള്ള പതിനെട്ടുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ പരിചരണമാണ് ലക്ഷ്യം വെക്കുന്നത്. മാനസികമായും ശാരീരികമായും വൈകല്യങ്ങളുള്ള, സ്പെഷ്യല്‍ സ്‌കൂളുകളെ ആശ്രയിക്കാന്‍ പോലും കഴിയാത്ത കുട്ടികളെയും മാതാപിതാക്കളെയും ഉദ്ദേശിച്ചു തുടങ്ങിവെച്ച പദ്ധതിയാണ്. ഒരുമലയാള പത്രത്തില്‍ വന്ന ലേഖനത്തെ അടിസ്ഥാനപ്പെടുത്തിനടത്തിയ സര്‍വ്വേ പ്രകാരം ഇത്തരം കുട്ടികളെ പകല്‍ സമയങ്ങളില്‍ വിശ്വസിച്ചു ഏല്‍പ്പിക്കുവാന്‍ സാധ്യമാകുന്ന ഒരു ഡേ കെയര്‍ സെന്റര്‍ എന്ന ആശയത്തിലും ആവശ്യത്തിലൂമൂന്നിയാണ് ജില്ലാപഞ്ചായത്ത് പ്രതീക്ഷ സാധ്യമാക്കിയത്. ഇവിടെ സ്പെഷ്യല്‍ സ്‌കൂളുകള്‍ എന്ന സങ്കല്പത്തില്‍നിന്നും വിഭിന്നമായി കുഞ്ഞുങ്ങളെ സാധാരണ സ്‌കൂളുകളില്‍തന്നെ ചേര്‍ത്തു വളര്‍ത്തുകയെന്ന ആശയവും വിപുലപ്പെടുത്തുകയുണ്ടായി. പലയിടങ്ങളിലും ഒഴിഞ്ഞ ക്ലാസ്സ്മുറികള്‍ ഇതിനായി ഉപയോഗപ്പെടുത്തി. ചിലയിടങ്ങളില്‍ ക്ലാസ്റൂം സൗകര്യത്തിന്റെ അഭാവത്തില്‍ ജില്ലാപഞ്ചായത്തുതന്നെ നേരിട്ട് ക്ലാസ്റൂമുകള്‍ ഈ ആവശ്യത്തിനായി നിര്‍മിച്ചുനല്കി. ഈ തരത്തിലുള്ള ഗ്രൂപ്പ് തെറാപ്പിയുണ്ടാക്കിയ മാറ്റം ആശ്ചര്യജനകമായിരുന്നു. ഇവിടെ കുഞ്ഞുങ്ങളുടെ ആയമാരായി അമ്മമാര്‍ക്കിടയില്‍നിന്നും തന്നെ ആളുകളെ തിരഞ്ഞെടുക്കുകയാണ് ചെയ്തുപോരുന്നത്. അതോടൊപ്പം രണ്ടാം ഘട്ടമെന്നോണം ഇവര്‍ക്കായുള്ള സ്വയംതൊഴില്‍ പരിപാടികള്‍ നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. പ്രതീക്ഷയാണെങ്കിലും പരിരക്ഷയാണെങ്കിലും നാട്ടുകാരുടെയും, ജില്ലാപഞ്ചായത്തിന്റെയും, വിദ്യാഭ്യാസ വകുപ്പിന്റെയും, സാമൂഹിക ക്ഷേമവകുപ്പിന്റെയും, ആരോഗ്യ വകുപ്പിന്റെയുമെല്ലാം സഹായ സഹകരണത്തോടുകൂടിയാണ് സാധ്യമാകുന്നത്. ഗവണ്‍മെന്റുതല പ്രൈമറി പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കിയതോടൊപ്പം 2008-ല്‍ അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന ശ്രീമതി ടീച്ചര്‍ പാലിയേറ്റിവ് കെയര്‍ പോളിസി പ്രഖ്യാപിക്കുകയും ചെയ്തു. ഇതേ പോളിസി തന്നെയാണ് ഇന്നും സര്‍ക്കാര്‍ തലത്തില്‍ തുടര്‍ന്നുപോരുന്നത്. ഇന്ന് മലപ്പുറത്തു കമ്മ്യൂണിറ്റി കേന്ദ്രീകൃതമായ പാലിയേറ്റിവ് പ്രവര്‍ത്തനങ്ങളും അതോടൊപ്പം സര്‍ക്കാര്‍ പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തനങ്ങളും വിപുലവും സജീവവുമാണ്.

ഒരുതരത്തില്‍ നിരന്തരമായ ജാഗ്രതയുടെയും പ്രവര്‍ത്തനക്ഷമതയുടെയും മകുടോദാഹരണമാണ് മലപ്പുറം മോഡല്‍ പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍. എന്നിരുന്നാലും പുതിയതായി ഏതിനോടും തോന്നുന്ന കൗതുകത്തിന്റെ പുറത്ത്, ഇതിനെയറിയാതെ വന്നുചേരുന്ന പലരുമുള്ള ഒന്നുതന്നെയാണ് മറ്റെല്ലാ സാമൂഹിക പ്രസ്ഥാനങ്ങളെപ്പോലെ ഇതും. അവാര്‍ഡുകള്‍ക്കായോ വ്യക്തികേന്ദ്രീകൃതമായോ വല്യതോതില്‍മാറാതെ നിലനില്‍ക്കുന്ന അപൂര്‍വം ചില പ്രസ്ഥാനങ്ങളില്‍ ഒന്നാണ് മലപ്പുറത്തുള്ള പാലിയേറ്റിവ് യൂണിറ്റുകള്‍. നിരന്തരമായ നവീകരണം ആവശ്യപ്പെടുന്ന ഒരുപ്രസ്ഥാനമായി മാറിയിട്ടുണ്ട്. മറ്റു ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ക്കൊന്നും അവകാശപ്പെടാനാവാത്ത വിധം രോഗീ പരിചരണം ഒരു സാമൂഹിക ഉത്തരവാദിത്തമായി വളര്‍ത്തിയെടുക്കാന്‍ പാലിയേറ്റിവ് പ്രസ്ഥാനത്തിന് സാധിച്ചു എന്നത് വലിയൊരു നേട്ടമാണ്. ആഭ്യന്തര വിമര്‍ശനം വളരെയധികം സാധ്യമാകുന്ന ഒരിടം കൂടിയായും പാലിയേറ്റീവ് കെയര്‍ വര്‍ത്തിക്കുന്നു. വിജയഭേരിയും, കുടുംബശ്രീയും, സാക്ഷരതാമിഷനും പോലെ മലപ്പുറത്തിന്റെ മറ്റൊരു നേട്ടമായി പാലിയേറ്റിവ് കെയര്‍ തലയുയര്‍ത്തി നില്‍ക്കുന്നു.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. അബ്ദുല്ല മണിമ(സി എച്ച് സി എടവണ്ണ), അബ്ദുല്‍കരീം(പ്രതീക്ഷ ജില്ലാ കോര്‍ഡിനേറ്റര്‍), ഫൈസല്‍ എടക്കര(പരിരക്ഷ ജില്ലാ കോര്‍ഡിനേറ്റര്‍), കരീം വാഴക്കാട്(കമ്യൂണിറ്റി പാലിയേറ്റീവ് കെയര്‍ ജില്ലാ കോര്‍ഡിനേറ്റര്‍).

ജയശ്രീ കുനിയത്ത്

കുസാറ്റില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയാണ് ലേഖിക

You must be logged in to post a comment Login