മലപ്പുറം മുദ്രയുടെ അകവും പുറവും

മലപ്പുറം മുദ്രയുടെ അകവും പുറവും

ഗള്‍ഫില്‍നിന്ന് വന്ന ഒരു കല്യാണാലോചനയെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ തിരൂര്‍, കല്‍പകഞ്ചേരിക്കടുത്ത് ഒരു കുഗ്രാമത്തിലേക്ക് പോയതായിരുന്നു. പുത്തനത്താണിയില്‍ ബസ്സിറങ്ങിയ ശേഷം റോഡരികില്‍ കണ്ട ഒരു വൃദ്ധനു കടലാസ് തുണ്ടില്‍ എഴുതിയ മേല്‍വിലാസം കാണിച്ചുകൊടുത്തു. കണ്ണൂരില്‍നിന്നാണ് വരുന്നതെന്ന് പറഞ്ഞപ്പോള്‍ ഒന്ന് തുറിച്ചുനോക്കി. ഉടന്‍ ഡ്രൈവറുടെ പേര് നീട്ടി വിളിച്ച് ഓട്ടോറിക്ഷ മുന്നിലെത്തിച്ചു. അല്‍പം ആജ്ഞാസ്വരത്തില്‍ ഓട്ടോയില്‍കയറാന്‍ പറഞ്ഞു. അയാളും കയറി. നാലഞ്ചു കി.മീറ്റര്‍ ഓടിയിട്ടും ലക്ഷ്യം കണ്ടില്ല. എത്താറിയില്ലേ എന്ന എന്റെ ആവര്‍ത്തിച്ചുള്ള ചോദ്യം കേട്ട് അയാള്‍, അല്‍പം ദേഷ്യത്തോടെ പറഞ്ഞു: ‘സബൂറായി ഇരിക്ക്, അന്നെ ആ പെരയില്‍ എത്തിച്ചാല്‍ പോരേ’. ടാറിട്ട റോഡ് വിട്ട് മണ്‍പാതയിലൂടെയും വയല്‍ക്കരയിലൂടെയും ഓട്ടോയെ അയാള്‍ തെളിച്ചുകൊണ്ടിരുന്നു; വല്ലാത്തൊരാവേശത്തോടെ. കടമ നിര്‍വഹിക്കാനുള്ള വെമ്പല്‍ ആ വൃദ്ധസ്വരത്തില്‍ മുഴങ്ങുന്നുണ്ടായിരുന്നു. ഒടുവില്‍, പഴയ ഒരു തറവാടിന്റെ മുറ്റത്ത് ഓട്ടോ എത്തിയപ്പോള്‍ അയാള്‍ പറഞ്ഞു; ‘അതാണ് അയമുവിന്റെ പെര; എറങ്ങിക്കോ’. ഇറങ്ങിയ ഉടന്‍ ഞാന്‍ ഓട്ടോ ഡ്രൈവറുടെ നേരെ തിരിഞ്ഞു; എത്രയായി എന്ന സ്വാഭാവിക ചോദ്യം. ഡ്രൈവര്‍ മറുപടി നല്‍കും മുമ്പ്, വൃദ്ധന്‍ അവനെ പിറകില്‍നിന്ന് ചുമലില്‍ തട്ടി ഒരുത്തരവ്: ‘ഓനോട് പൈശ വാങ്ങണ്ട’. ഞാന്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങിയപ്പോള്‍, ഗൗരവം വിടാതെ അയാള്‍ പറഞ്ഞു: ‘ജ്ജ് പോയിക്കോ; അങ്ങ് കണ്ണൂരിന്ന് വന്നിട്ട് പൈശ കൊടുക്കാനാ. ഞങ്ങള്‍ മലപ്പുറത്തുകാര്‍ക്ക് ചേപ്രത്തരല്ലേ’.

ഒരു ശരാശരി മലപ്പുറത്തുകാരന്റെ പ്രതീകമാണ് ആ വൃദ്ധനെന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു. പുറമെ പരുത്ത പെരുമാറ്റം. അകത്ത് ആര്‍ദ്രതയുടെ നനവ്. ചോരയില്‍ അലിഞ്ഞുചേര്‍ന്ന അഭിമാനബോധം നമ്മളെ അതിശയിപ്പിച്ചുകൊണ്ട് ചില അപൂര്‍വ പെരുമാറ്റങ്ങള്‍ പുറത്തെടുക്കുന്നു. പക്ഷേ, മലപ്പുറത്തെ അടുത്തറിയാത്തവര്‍ക്കും അനുഭവിക്കാത്തവര്‍ക്കും ഇന്നും ആ ഭൂപ്രദേശവും അവിടുത്തെ ജനതയും കുറെ അബദ്ധധാരണകളുടെയും മുന്‍വിധികളുടെയും കൂമ്പാരത്തിനടിയിലെ പ്രത്യേക വര്‍ഗമാണ്. നീതീകരിക്കാനാവാത്ത ഈ അന്യവത്കരണത്തിന് ചരിത്രപരവും സാംസ്‌കാരികവുമായ കാരണങ്ങളുണ്ട്. കശ്മീര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം സാന്ദ്രതയുള്ള ജില്ലയായതാണ് അതിന്റെ കാരണങ്ങളിലൊന്ന്. മലബാറിലെ മുസ്‌ലിംകളെ പൊതുവെ മാപ്പിളമാര്‍ എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും മോശമായ ഏത് സന്ദര്‍ഭത്തിലും മലപ്പുറത്തുകാരെയാണ് ആ പ്രയോഗം പ്രതിനിധാനം ചെയ്യാറ്. മലപ്പുറം രാജ്യത്തെ മറ്റേത് ജില്ലയും പോലെ, ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളുമെല്ലാം സമാധാനത്തോടെയും സ്‌നേഹത്തോടെയും സഹവര്‍ത്തിത്തോടെയും ജീവിക്കുന്ന പ്രദേശമാണെങ്കിലും പുറമെയുള്ള ധാരണ, വിശിഷ്യാ തെക്കന്‍ ജില്ലകളിലുള്ളവര്‍ക്ക്, അത് ഒരു കൊച്ചു പാകിസ്ഥാനോ ഇസ്‌ലാമിക റിപ്പബ്ലിക്കോ ആണെന്നാണ്. അവിടെ മറ്റു മതക്കാരെ സൈ്വര്യമായി ജീവിക്കാന്‍ മുസ്‌ലിംകള്‍ അനുവദിക്കില്ലെന്നും ഹിന്ദുസ്ത്രീകള്‍ക്ക് സുരക്ഷിതമായി പെരുവഴിയില്‍ നടന്നുപോകാന്‍ സാധിക്കില്ലെന്നും ഇപ്പോഴും കേരളത്തിനു പുറത്തുള്ളവര്‍ വിശ്വസിച്ചുപോരുന്നുണ്ട്. ഒരു ദേശാസാല്‍കൃത ബാങ്കിന്റെ മാനേജര്‍ക്ക് മഞ്ചേരിയിലേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോള്‍ ജോലി പോയാലും സാരമില്ല അങ്ങോട്ട് പോകാന്‍ പറ്റില്ലെന്ന് ശഠിച്ചതായി കേട്ടിട്ടുണ്ട്. മലപ്പുറത്തെ കുറിച്ച് ഇമ്മട്ടിലുള്ള ധാരണകള്‍ പ്രചരിപ്പിക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് ആര്‍.എസ്.എസും പോഷക സംഘടനകളുമാണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മാപ്പിളമാരെ രാക്ഷസീയവത്കരിച്ച് അവതരിപ്പിക്കുന്നതില്‍ കാണിക്കുന്ന വിരുത്. ആദ്യ ശ്രമങ്ങള്‍ ഉണ്ടാവുന്നത് ബ്രിട്ടീഷുകാരില്‍നിന്നാണ്. സാമ്രാജ്യത്വത്തിന്റെ അധിനിവേശങ്ങളെ ചെറുത്തുതോല്‍പിക്കാന്‍ ജീവന്‍ ത്യജിക്കാന്‍ തയാറായ ഒരു ജനവിഭാഗത്തെ കാടന്മാരും അപരിഷ്‌കൃതരുമായി ചിത്രീകരിച്ച് കരിനിയമങ്ങള്‍ കൊണ്ട് നേരിടാന്‍ തിരുമാനിച്ചുറപ്പിച്ച ബ്രിട്ടീഷ് ക്രൂരതകള്‍ക്ക് ന്യായീകരണമായി ഈ ചാപ്പ കുത്തല്‍ അനിവാര്യമായിരുന്നു. 19ാം നൂറ്റാണ്ടിലുടനീളം അരങ്ങേറിയ ജന്മിത്വവിരുദ്ധ പോരാട്ടങ്ങളില്‍ ഒരു ഭാഗത്തു സവര്‍ണഹിന്ദുക്കളും മറുഭാഗത്ത് മാപ്പിള കര്‍ഷകരും അണിനിരന്നപ്പോള്‍ ബ്രിട്ടീഷുകാരുടെ ദാസന്മാരും ചെരിപ്പുനക്കികളുമായ ഭൂപ്രഭു വര്‍ഗത്തിനെതിരെ നിലകൊണ്ടവര്‍ ഭീകരന്മാരും ദേശദ്രോഹികളുമായി ചിത്രീകരിക്കപ്പെട്ടു. അവര്‍ക്കെതിരെ ക്രൂരമര്‍ദന മുറകള്‍ പുറത്തെടുത്തു. ഇവ്വിഷയകമായി ചരിത്രകാരന്മാരായ കെ.എം പണിക്കരും എം. ഗംഗാധരനുമൊക്കെ നടത്തിയ ആഴമേറിയ പഠന മനനങ്ങള്‍ ഇതുവരെ വെളിച്ചം കടക്കാത്ത സത്യത്തിലേക്ക് പ്രകാശം ചൊരിയുന്നുണ്ട്. 1921 വാഗണ്‍ ട്രാജഡി (ട്രാജഡി ദുരന്തം എന്ന പ്രയോഗം തന്നെ തെറ്റാണ്; വാഗണ്‍ മസക്കര്‍ (കൂട്ടക്കൊല) എന്നതാണ് സത്യസന്ധമായ വിശേഷണം) , ക്രൂരതയുടെ ഒരുദാഹരണം മാത്രം. ഒരു വാഗണില്‍ 71 പോരാളികളെയാണ് കുത്തിനിറച്ചത്. ഹിറ്റ്‌ലര്‍ ഗ്യാസ് ചേംബറിലിട്ട് കൂട്ടക്കൊല ചെയ്യാന്‍ വേണ്ടി ഓഷ്വിറ്റ്‌സിലേക്ക് ജൂതരെ കൂട്ടമായി കൊണ്ടുപോയപ്പോള്‍ പോലും വാഗണില്‍ 50പേരെ മാത്രമേ കയറ്റിയിരുന്നുള്ളൂ. കലാപകാരികളെ അടിച്ചമര്‍ത്താനും കൂട്ടക്കൊല ചെയ്യാനും ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ‘മാപ്പിള ഔട്ടറേജ്യസ് ആക്ട്’ മറ്റൊരു അടിമരാജ്യത്തും നടപ്പാക്കാത്ത കരിനിയമമാണ്. മലബാര്‍ സ്‌പെഷല്‍ പോലിസിനെ കൊണ്ടാണ് മലപ്പുറത്തുകാരുടെ ജീവിതം ദുസ്സഹമാക്കിയത്. നിയമത്തിനു മുന്നില്‍ വഴങ്ങാത്ത, കാടന്മാരാണീ ഇക്കൂട്ടരെന്ന് നാടാകെ പാടിനടന്നു.

ബ്രിട്ടീഷുകാര്‍ അവരുടെ താല്‍പര്യസംരക്ഷണാര്‍ഥം പ്രചരിപ്പിച്ച കള്ളത്തരങ്ങള്‍ നിഷേധിക്കാനോ മാപ്പിളമാരുടെ എളിമയാര്‍ന്ന ജീവിതസ്വത്വത്തെ പ്രകാശിപ്പിക്കാനോ നമ്മുടെ സാഹിത്യകാരന്മാരോ മാധ്യമപ്രവര്‍ത്തകരോ ആര്‍ജവം കാണിച്ചില്ല എന്നിടത്താണ് രാക്ഷസീയവത്കരണത്തിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചത്. മലയാളത്തിലെ പ്രഥമ നോവലായ ‘ഇന്ദുലേഖ’യുടെ കര്‍ത്താവ് ഒ.ചന്തുമേനോന്‍ തലശ്ശേരിയില്‍ ജനിച്ച് മലപ്പുറം പരപ്പനങ്ങാടിയില്‍ ജീവിച്ച പഠിപ്പും പത്രാസുമുള്ള ഒരു ന്യായാധിപനാണ്. എന്നാല്‍ നോവലില്‍ ഒരു മുസ്‌ലിമാണ് കള്ളനായും കൊലയാളിയായും കടന്നുവരുന്നത്. ഉല്‍പതിഷ്ണുവും ഈഴവ സാമൂഹിക പരിഷ്‌കര്‍ത്താവുമായ കുമാരാനാശാന്റെ ‘ദുരവസ്ഥയില്‍’ ‘ക്രൂരമുഹമ്മദരെ’ കുറിച്ച്‌നടത്തിയ പരാമര്‍ശം തലമുറകളിലൂടെ വൈരം കൈമാറ്റപ്പെടാന്‍ പോരുന്നതാണെന്ന് പറയയേണ്ടതില്ലല്ലോ. മലയാള നാടക, സിനിമ ലോകം മലപ്പുറത്തെ ഇന്നും ദൃശ്യവത്കരിക്കുന്നത് പഴയ കള്ളിമുണ്ടും പച്ച അരപ്പട്ടയും അതില്‍ തിരുകിയ മലപ്പുറം കത്തിയും വികൃതമായ സംസാര ഭാഷയും അടയാളപ്പെടുത്തിയാണ്. വേണുവിന്റെ കാര്‍ട്ടൂണുകളില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ വായ്‌മൊഴി ഭാഷയുടെ വൈകൃതം ശ്രദ്ധിച്ചിട്ടില്ലേ? ഇന്നും അച്ചടി, ദൃശ്യ, ഇലക്‌ട്രോണിക് മാധ്യമങ്ങളാവട്ടെ, മലപ്പുറത്തേക്ക് കാമറ തിരിച്ചുപിടിച്ചിടിക്കുന്നത് പ്രത്യേകമായൊരു മാനസികാവസ്ഥയോടെയാണ്. മാനസിക വൈകൃതമായല്ല, ഭ്രാന്തായേ അതിനെ വിശേഷിപ്പിക്കാനാവൂ. തീവ്രവാദത്തിന്റെയോ കള്ളപ്പണത്തിന്റെയോ മറ്റേതെങ്കിലും തരത്തിലുള്ള രാജ്യതാല്‍പര്യവിരുദ്ധ നീക്കങ്ങളുണ്ടായാല്‍ അതിനു ഒരു മലപ്പുറം ലിങ്ക് കണ്ടെത്താന്‍ നടത്തുന്ന വൃത്തികെട്ട കളി സൂക്ഷ്മമായ അന്വേഷണത്തില്‍ നേരത്തെ പറഞ്ഞ മുന്‍വിധികളുടെ ഫലമാണെന്ന് കാണാന്‍ പ്രയാസമില്ല. ഇടുക്കിയില്‍നിന്നോ വയനാട്ടില്‍നിന്നോ അഞ്ചു കിലോ കഞ്ചാവ് പിടിച്ചാല്‍ കിട്ടുന്നതിന്റെ അഞ്ചിരട്ടി വാര്‍ത്താപ്രാധാന്യമാണ് മലപ്പുറമാകുമ്പോള്‍ ലഭിക്കുക. എന്നാല്‍, നിഷ്പക്ഷ വാര്‍ത്താ അപഗ്രഥനങ്ങളുടെ അഭാവത്തില്‍ പൊലിപ്പിച്ചുപറയേണ്ട യാഥാര്‍ത്ഥ്യങ്ങള്‍ ആരും അറിയാതെ പോവുകയും ചെയ്യുന്നു. ഉദാഹരണത്തിനു ജില്ലയിലെ മുസ്‌ലിംകള്‍ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ആര്‍ജിച്ചെടുത്ത വിദ്യാഭ്യാസ മുന്നേറ്റങ്ങളെ കുറിച്ചോ സാംസ്‌കാരിക മാറ്റങ്ങളുടെ പൊലിമയെ കുറിച്ചോ ആര്‍ക്കും ഒന്നും പറയാനില്ല. ഈ തമസ്‌കരണത്തില്‍ മലപ്പുറത്തിന്റെ മത, രാഷ്ട്രീയ, സാംസ്‌കാരിക നേതൃത്വത്തിനും വലിയ പങ്കുണ്ട്. ഉന്നതമായ ഇസ്‌ലാമിക മൂല്യത്തില്‍ വളര്‍ത്തിയെടുത്ത മാതൃകാപരമായ ജീവിതം കാഴ്ചവെക്കുന്ന കാര്യത്തില്‍ ‘കേരളത്തിന്റെ ആത്മീയ ആസ്ഥാനം’ ഉള്‍ക്കൊള്ളുന്ന ഈ ജില്ല ഒരിക്കലും വിജയിച്ചിട്ടില്ല എന്നത് അതിന്റെ വക്താക്കളുടെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട്. കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദന്‍ പറയുന്നത് കേള്‍ക്കുക: ‘ഇസ്‌ലാമിന്റെ നേതാക്കളായി സ്വയം അവരോധിച്ച ചില സങ്കുചിത മനസ്‌കര്‍ ഇസ്‌ലാമിന്റെ തന്നെ അടിസ്ഥാന തത്ത്വങ്ങള്‍ക്കെതിരായി എടുക്കുന്ന പ്രതിലോമകരങ്ങളായ സാമൂഹിക നിലപാടുകള്‍ വിശേഷിച്ചും വിവാഹം, വിവാഹമോചനം, സ്ത്രീസ്വാതന്ത്ര്യം മുതലായ വിഷയങ്ങളില്‍ ഇസ്‌ലാമിനെത്തന്നെ എല്ലാ ആധുനിക സങ്കല്‍പങ്ങള്‍ക്കും എതിരായ ഒരു മതമായി അവതരിപ്പിക്കുവാന്‍ ഇസ്‌ലാമിന്റെ ശത്രുക്കളെ സഹായിക്കുന്നുണ്ട്.’ മുമ്പ്, ഒരു ബ്രാഹ്മണ യുവതി മലപ്പുറത്തെ ഒരു വിദ്യാലയത്തിലേക്ക് അറബി അധ്യാപികയായി കടന്നുവന്നപ്പോള്‍ സൃഷ്ടിച്ച കോലാഹലം , മലപ്പുറത്തിന്റെവിശാലമല്ലാത്ത പ്രതിലോമ മനസ്സിനെ കുറിച്ച് മാസങ്ങളോളം ചര്‍ച്ച ചെയ്യാന്‍ വഴിമരുന്നിട്ടു.

പിറവിയും കോലാഹലങ്ങളും
1969 ജൂണ്‍ 16ന് ജില്ല സ്ഥാപിക്കപ്പെടുന്നത് വരെ കോഴിക്കോട് , പാലക്കാട് ജില്ലകളുടെ ഭാഗമായിരുന്നു ഈ ഭൂവിഭാഗം. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാര്‍ മലപ്പുറം ജില്ല രൂപവത്കരിക്കുന്നത് കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചാണ്. എന്തിനായിരുന്നു ആ എതിര്‍പ്പ് എന്ന് ഇപ്പോള്‍ പരിശോധിക്കുമ്പോഴാണ് വിസ്തീര്‍ണത്തിലും ജനസംഖ്യയിലും സംസ്ഥാനത്തെ മറ്റേത് ജില്ലയെയും പിന്നിലാക്കുന്ന മലപ്പുറം 65ശതമാനത്തോളം മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന ഒരു പ്രദേശമായിപ്പോയി എന്ന ഒരൊറ്റ കാരണമാണ് അതിനു പിന്നിലെന്ന് കണ്ടെത്താനാവുക. ജില്ലാ രൂപീകരണത്തെ ദേശവിരുദ്ധ പ്രവര്‍ത്തനമായാണ് ‘ദേശസ്‌നേഹികളായ’ കോണ്‍ഗ്രസുകാര്‍ അന്ന് കുപ്രചാരണം നടത്തിയത്. മലപ്പുറം വിരുദ്ധ പ്രക്ഷോഭത്തിനു മുന്നില്‍ ‘കേരള ഗാന്ധി’ എന്ന് വിളിപ്പേരുള്ള കെ. കേളപ്പനും ഇന്നും നമ്മുടെ ഇടയില്‍ കോണ്‍ഗ്രസുകാരനായി ജീവിക്കുന്ന ആര്യാടന്‍ മുഹമ്മദുമൊക്കെ ഉണ്ടായിരുന്നു. നിലമ്പൂരിലെ പണിയ, കുറിച്ച്യ വിഭാഗം പെണ്ണുങ്ങളെ കാച്ചിയും വെള്ളക്കുപ്പായവും ഇടുവിപ്പിച്ച് മുസ്‌ലിം സ്ത്രീകളായി മഞ്ചേരി പട്ടണത്തിലൂടെ ജാഥയായി നടത്തിച്ച് സര്‍ക്കാര്‍ നീക്കത്തെ പരാജയപ്പെടുത്താന്‍ കച്ചകെട്ടി ഇറങ്ങിയത് ആര്യാടന്‍ മുഹമ്മദായിരുന്നു. മലപ്പുറം ജില്ല നിലവില്‍ വന്നാല്‍ പാകിസ്താനുമായി നേരിട്ട് നയതന്ത്രബന്ധം സ്ഥാപിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്ന് വരെ ഇക്കൂട്ടര്‍ തട്ടിവിട്ടു. താനൂര്‍ കടപ്പുറത്തുനിന്ന് കറാച്ചിയിലേക്ക് നേരിട്ട് കപ്പലോട്ടം തുടങ്ങുമെന്നും ആയുധങ്ങളുടെ ഇറക്കുമതി നിയന്ത്രണമില്ലാതെ തുടരുമെന്നുമൊക്കെ നേതാക്കള്‍ ചന്ദ്രഹാസമിളക്കിയപ്പോള്‍ ദേശീയപത്രങ്ങള്‍ അത് ഒന്നാം പേജ് വാര്‍ത്തയായി ആഘോഷിച്ചു. അതിനുശേഷമാണ് താനൂര്‍, തിരൂര്‍ തീരക്കടലില്‍ കോസ്റ്റ്ഗാര്‍ഡ് എന്നും ജാഗ്രത്തായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയതത്രെ. മലപ്പുറം ജില്ല ഉയര്‍ത്തുന്ന സുരക്ഷാഭീഷണി ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും സ്ഥിരം പ്രൊപ്പഗണ്ട വിഷയമായിരുന്നു. സംഘ്പരിവാര്‍ ജിഹ്വയായ ‘ഓര്‍ഗനൈസറും’ മലയാള പ്രസിദ്ധീകരണമായ ‘കേസരി’യും (ഇപ്പോള്‍ കുമ്മനം രാജശേഖരന്റെ ‘ജന്മഭൂമി’യും ) മലപ്പുറത്തെ കുറിച്ച് എഴുതിപ്പിടിപ്പിക്കുന്ന പച്ചക്കള്ളങ്ങള്‍ വായിച്ചാല്‍, ആരും അന്തം വിട്ടുപോകും. മുസ്‌ലിം ഭീകരവാദികള്‍ വാഴുന്ന, മുസ്‌ലിം ലീഗിന്റെ കിരാതവാഴ്ച നടമാടുന്ന, പൊലീസിനോ നിയമവ്യവസ്ഥിതിക്കോ പുല്ല് വിലയില്ലാത്ത, അമുസ്‌ലിംകളെ കണ്ടാല്‍ വകവരുത്തണമെന്ന് പരസ്യമായി ആക്രോശിക്കുന്ന ഒരു ഭൂപ്രദേശമാണ് മലപ്പുറമെന്ന് എത്രകാലമായി ‘ശാഖകളില്‍’ പഠിപ്പിക്കാന്‍ തുടങ്ങിയിട്ട്. മാറാട് കലാപം കേരളീയ സാമൂഹിക മണ്ഡലങ്ങളില്‍ സൃഷ്ടിച്ച അസ്വാസ്ഥ്യങ്ങള്‍ക്കിടയില്‍ ആര്‍.എസ്.എസിന് തദ്വിഷയത്തെ മലപ്പുറത്തോട് ചേര്‍ത്തുപറയാനായിരുന്നു ഔല്‍സുക്യം. ‘ഹിന്ദു ഉന്മൂലനം; താനൂര്‍ മുതല്‍ മാറാട് വരെ’ എന്ന തലക്കെട്ടിലെഴുതിയ എം. ബാലകൃഷ്ണന്‍ ശ്രദ്ധ താനൂര്‍ കടപ്പുറത്തേക്ക് തിരിച്ചുവിടുന്നത് കാണുക: ‘ ”ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയെങ്കിലും, കേരളം പിറന്നെങ്കിലും കടല്‍ത്തീര ഹിന്ദുക്കള്‍ക്ക് സുരക്ഷയുണ്ടായിരുന്നില്ല. താനൂര്‍ കടപ്പുറത്തെ ഹിന്ദുക്കള്‍ക്ക് ജീവരക്ഷക്കായി നിരന്തരം പോരാടേണ്ടിവന്നു. 1964ലെ ആഗസ്റ്റ് മാസത്തെ രാപ്പലുകള്‍ താനൂര്‍ കടപ്പുറത്തെ ഹിന്ദുക്കള്‍ക്ക് കാളരാത്രികളായിരുന്നു. നിരവധി പലായനങ്ങള്‍ക്കുശേഷം അതിജീവിച്ച ശേഷിച്ച കുടുംബങ്ങള്‍ക്കു നേരെ മുസ്‌ലിം മതമൗലികവാദികള്‍ കൈയേറ്റമാരംഭിച്ചു” (മാറാട് പറയുന്നത്) .ഇത്തരത്തില്‍ താനൂരിലോ തിരൂരിലോ ഹൈന്ദ മുക്കുവ കുടുംബങ്ങള്‍ മുസ്‌ലിംകളുടെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങള്‍ക്ക് ഇരയായതായി ആര്‍ക്കെങ്കിലും അറിയാമോ? സാമുദായിക ധ്രുവീകരണത്തിലൂടെ ഭൂരിപക്ഷസമൂഹത്തെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരുന്നതിനു ഹിന്ദുത്വകൂട്ടായ്മകള്‍ ഇതുപോലെ ഇല്ലാകഥകള്‍ കെട്ടിച്ചമച്ച് നാടാകെ പ്രചരിപ്പിക്കുകയാണ്. കശ്മീരിനെ എങ്ങനെ തീവ്രവാദി സങ്കേതമായി മാറ്റിയെടുത്തോ അതേമട്ടില്‍, മലപ്പുറത്തെയും ആത്യന്തിക ചിന്താഗതിക്കാരുടെ നാടായി മാറ്റിയെടുക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെങ്കിലും ഒരിക്കലും വിജയം കാണാതെ പോയത് രോഷാകുലരാക്കുന്നുണ്ടാവണം. 1921ലെ സംഭവവികാസങ്ങളെ കുറിച്ച് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഹൈന്ദവപീഢന കഥകളാണ് ആര്‍.എസ്.എസിന്റെ ബീജാവാപത്തിന് ഇടം നല്‍കിയതെന്ന സത്യം സംഘടനയെ കുറിച്ചുള്ള ആധികാരിക ഗ്രന്ഥങ്ങളില്‍ വായിക്കാം. കേരളത്തില്‍ സംഘത്തിന് ആഴത്തില്‍ വേരൂന്നണമെങ്കില്‍ മലപ്പുറത്തെ കേന്ദ്രീകരിച്ചുള്ള പീഢന, മര്‍ദന കഥകള്‍ ഒരുപാട് പടച്ചുവിട്ടേ മതിയാവൂ. എന്നാല്‍, അത് ഒരു ജനസമൂഹത്തിന്റെ ജൈവികമായ നന്മയെ പൂര്‍ണമായും നിരാകരിക്കുന്ന തരത്തിലാവുന്നത് എന്തുമാത്രം നീതികേടാണെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കുന്നില്ല.

കാണാതെ പോവുന്ന മാറ്റത്തിന്റെ മുഖം
കേരളത്തില്‍ ഏറ്റവും കൂടുതല്‍ സാമൂഹിക മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ജനം മലപ്പുറത്തേതാണ്. ആ മാറ്റം സമഗ്രമായ ‘സോഷ്യല്‍ എന്‍ജിനിയറിങ്ങിന് ‘ നിലമുഴുതുകൊടുത്തു. പക്ഷേ, അത് സത്യസന്ധമായി ലോകത്തിനു മുന്നില്‍ അനാവൃതമാക്കാന്‍ ആരും മുന്നോട്ടുവന്നില്ല. മലപ്പുറത്തിന്റെ രാഷ്ട്രീയസാംസ്‌കാരിക മേഖലകളുടെ കടിഞ്ഞാണ്‍ പിടിക്കുന്ന മുസ്‌ലിം ലീഗ് നേതൃത്വത്തിനോ ആ പാര്‍ട്ടിയുമായി ചുറ്റിപ്പറ്റി കഴിയുന്ന ‘ഗവേഷകര്‍ക്കോ’ ഈ ദിശയില്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നതാണ് സത്യം. മുസ്‌ലിം ലീഗ് കവലപ്രസംഗങ്ങളില്‍ ഏറനാടിന്റെയും വള്ളുവനാടിന്റെയും പോരാട്ടവീര്യം ആവര്‍ത്തിച്ചുരുവിട്ട് അണികളെ ആവേശഭരിതമാക്കുന്നതിനപ്പുറം, കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ ജില്ലക്കാര്‍ സാധിച്ചെടുത്ത സാമൂഹികവും വിദ്യാഭ്യാസപരവും തൊഴില്‍ പരവുമായ മേല്‍ഗതിയുടെ കൃത്യമായ കണക്ക് അവതരിപ്പിക്കാനോ പുതുതലമുറക്ക് പുരോഗതിയുടെ അനന്തമായ വിഹായസ്സിലേക്ക് പറന്നടുക്കാന്‍ ‘മോട്ടിവേഷന്‍’ നല്‍കാനോ സാധിച്ചിട്ടില്ല. സി.എച്ച് മുഹമ്മദ് കോയ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് പലപ്പോഴും ആശിച്ചുപോകുന്നത് സ്വസമുദായത്തിന്റെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക അഭ്യുന്നതിയില്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ച ഔല്‍സുക്യം പുതിയ മാറ്റങ്ങള്‍ കണ്ട് തന്റെ വാഗ്‌ധോരണിയിലൂടെ എത്രമാത്രം പ്രോജ്വലമാക്കുമെന്ന ചിന്തയാണ്. കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ കൈവരിച്ച ചിന്താപരമായും മതപരമായും വിദ്യാഭ്യാസപരമായുമുള്ള മുന്നേറ്റങ്ങളെ മുന്നില്‍വെച്ച് ഹസന്‍ സുറൂര്‍ എഴുതിയ ‘മുസ്‌ലിം വസന്ത’ത്തെ (INDIA’S MUSLIM SRING Why is Nobody Talking About It)േ കുറിച്ചുള്ള പുസ്തകം അപൂര്‍ണമാവുന്നത് മാപ്പിളമാര്‍, വിശിഷ്യാ മലപ്പുറത്തുകാര്‍ കൈവരിച്ച നേട്ടങ്ങളെ കുറിച്ച് അതില്‍ പരാമര്‍ശിക്കുന്നേയില്ല എന്നത് കൊണ്ടാണ്. ഈ വശം ഹസന്‍ സുറൂറിനോട് ഈ ലേഖകന്‍ നേരിട്ട് സൂചിപ്പിച്ചപ്പോള്‍, ഉത്തരേന്ത്യ പോലെയല്ലല്ലോ കേരളം, അവിടുത്തെ മുസ്‌ലിം ധൈഷണിക ലോകം സജീവമാണല്ലോ എന്നപ്രതികരണമാണ് ലഭിച്ചത്. എന്നും ‘റിയാക്ടീവ്’ ആവാനല്ലാതെ, ‘പ്രോ ആക്ടീവ്’ ആവാന്‍ പടച്ചതമ്പുരാന്‍ നമുക്ക് വിധിച്ചിട്ടില്ലല്ലോ എന്ന് സ്വയം കുറ്റസമ്മതം നടത്തേണ്ടിവന്ന നിമിഷം.

മലപ്പുറത്തിന്റെ കഴിഞ്ഞ അമ്പത് വര്‍ഷത്തെ വിദ്യാഭ്യാസ മുന്നേറ്റം ലോകത്ത് മറ്റൊരിടത്തും മുസ്‌ലിം സമൂഹത്തില്‍ സംഭവിക്കാത്തതാണ്. പെണ്‍കുട്ടികളടക്കം ഇന്ന് മലപ്പുറത്തെ മിടുക്കന്മാര്‍ കൈയെത്തിപ്പിടിക്കാത്ത മേഖലകളില്ല. ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും രാജ്യത്തെ പുകള്‍പെറ്റ ഐ.ഐ.ടിയിലും ഐ.എ.എമ്മിലും സാധാരണക്കാരുടെ മക്കള്‍ പോലും ഇന്ന് പഠിക്കുന്നുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ ഈ നിശബ്ദ വിപ്ലത്തിന്റെ വ്യാപ്തി വേണ്ടവിധം അടയാളപ്പെടുത്താത്തതിനെ കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കേണ്ടത്. സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ സാക്ഷാത്കരിച്ച വിപ്ലവം പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളിലെ വിദ്യാഭ്യാസവ്യാപനമായിരുന്നു. ചുറ്റുവട്ടത്ത് സ്‌കൂളുകള്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത് എന്നായിരുന്നു അന്ന് അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞ ഒരാശയം. അവിടെനിന്നെല്ലാം ബഹൂദൂരം മുന്നോട്ടുനടന്ന്, പ്രഫഷനല്‍ രംഗത്തും ഉപരിപഠനത്തിലും മികച്ച വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലേക്ക് മലപ്പുറത്തെ ജനം എത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ചാലകശക്തി ആരെന്തു പറഞ്ഞാലും ശരി, ഗള്‍ഫ് പ്രവാസം പരത്തിവിട്ട സാമൂഹികാവബോധവും പെേട്രാഡോളര്‍ പകര്‍ന്നുനല്‍കിയ സാമ്പത്തിക സുസ്ഥിതിയുമാണ്. മലപ്പുറത്തെ എല്ലാ നല്ല മുന്നേറ്റങ്ങളുടെയും ക്രെഡിറ്റ് അടിച്ചെടുക്കാന്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ നടത്താറുള്ള ശ്രമങ്ങള്‍ വസ്തുതകള്‍ പരിശോധിച്ചാല്‍ യുക്തിഭദ്രമല്ലെന്ന് കാണാം. സ്വാതന്ത്ര്യലബ്ധിക്കു ശേഷം മൊത്തം 30വര്‍ഷത്തോളം മുസ്‌ലിം ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴും ഹയര്‍ സെക്കണ്ടറി തലത്തില്‍ ഏറ്റവും കൂടുതല്‍ കമ്മി നേരിടുന്നത് മലപ്പുറത്താണ്. തൊട്ടുപിന്നില്‍ , മലബാറിലെ മറ്റു ജില്ലകള്‍ വരുന്നു. എന്തുകൊണ്ട് ഇക്കാലത്തിനിടയില്‍ ഈ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ ആത്മാര്‍ത്ഥ ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല എന്ന ചോദ്യത്തിലേക്ക് വരുമ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ മത, സാംസ്‌കാരിക കൂട്ടായ്മകള്‍ കാഴ്ചവെക്കുന്ന സംഭാവനകളുമായി താരതമ്യം ചെയ്യുമ്പോള്‍ ലീഗിന്റെ വിഹിതം അതിനിസ്സാരമാണ് എന്ന മറുപടിയാണ് ലഭിക്കുക. മലപ്പുറത്ത് സാധ്യമാക്കിയ വിദ്യാഭ്യാസ വിപ്ലവത്തിന്റെ പ്രഭവകേന്ദ്രം ഗള്‍ഫ് പണം തന്നെയാണ്. ആളോഹരി വരുമാനത്തില്‍ ഇപ്പോഴും ഇടുക്കിയുടെ പിറകില്‍ നില്‍ക്കുന്ന മലപ്പുറത്തുകാര്‍ എങ്ങനെ ഇത് സാധ്യമാക്കി എന്ന അന്വേഷണം മണല്‍ക്കാട്ടിലെ നോവും വേവും നിറഞ്ഞ പ്രവാസജീവിതത്തിന്റെ പറഞ്ഞുതീരാത്ത കഥകളിലേക്ക് നമ്മെ കൈപിടിച്ചുകൊണ്ടുപോകും.

മുത്തുനബിയുടെ നാടിനെ വരിച്ചവര്‍
ഗള്‍ഫ് പ്രവാസത്തിന് തുടക്കമിടുന്നത് അറുപതുകളുടെ മധ്യത്തോടെയാണ്. ദുബൈ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു ആദ്യപ്രവാഹം. തൃശൂര്‍ ചാവക്കാട്ടെയും കണ്ണൂര്‍ മാട്ടൂല്‍പഴയങ്ങാടി ഭാഗത്തെയും കാസര്‍കോട്ടെയും മാപ്പിളമാര്‍ പത്തേമാരികളില്‍ കയറി സ്വപ്‌നങ്ങള്‍ വലയിട്ട് അറബിപൊന്ന് വാരിയെടുത്ത ആ ഘട്ടത്തില്‍ മലപ്പുറത്തുകാര്‍ ദൂരെനിന്ന് എല്ലാം നോക്കിനില്‍ക്കുകയായിരുന്നു. എഴുപതുകളോടെ, മുത്തുനബിയുടെ നാട്ടിലെ മരുക്കാട്ടിലൂടെ എണ്ണ ഒഴുകാന്‍ തുടങ്ങിയിട്ടുണ്ടെന്ന് കേട്ടപ്പോഴാണ് അവര്‍ കിനാക്കളുടെ ഭാണ്ഡങ്ങള്‍ പേറി ഉംറക്കും ഹജ്ജിനും ഇഹ്‌റാം കെട്ടുന്നത്. വിടപറയല്‍ ത്വവാഫിന് ശേഷം അവര്‍ നേരെ ചെന്നത് ജിദ്ദയിലെ ശറഫിയ അങ്ങാടിയിലേക്കാണ്. അവിടെ മക്കഹോട്ടലിലും ‘പറാസി’ലും ഇംപീരിയലിലും ഇരുന്ന് സൗദി തൊഴില്‍പടയുടെ ഭാഗമാവാന്‍ ഹിക്മത്തുകള്‍ പയറ്റി. ഫഹദ് രാജാവ് ഉദാരമായ തൊഴില്‍ നയം കൊണ്ടുവന്നപ്പോള്‍ ഉംറക്കാര്‍ മുഴുവനും തൊഴില്‍വിസക്കാരായി മാറി. മലപ്പുറത്തിന്റെ മണ്ണില്‍ വിയര്‍പ്പൊഴുക്കിയ അനുഭവസമ്പത്ത് എന്തുജോലിയും ചെയ്യാന്‍ അവരെ പ്രാപ്തരാക്കി. കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയില്‍ മൂന്നുതലമുറകള്‍ പ്രവാസത്തിന്റെ രുചിയറിഞ്ഞു. ജീവിതം വായിച്ചുപഠിച്ചു എന്നു പറയുന്നതാവും ശരി. കൃഷിയിലോ കച്ചവടത്തിലോ വലിയ സാധ്യതകള്‍ തുറന്നിടാത്ത മലപ്പുറത്തിന്റെ ഉര്‍വരതയില്‍ അവര്‍ അറിവിന്റെ വിത്തുകള്‍ വാരിവലിച്ചെറിഞ്ഞു. കിട്ടുന്ന പണം കണ്ണൂരിലെയും കാസര്‍ക്കോട്ടെയും മുസ്‌ലിംകള്‍ വീട് പണിയാനും കല്യാണ ആഘോഷങ്ങള്‍ പൊടിപൊടിക്കാനും ചെലവിട്ടപ്പോള്‍ മലപ്പുറത്തെ സാധാരണക്കാര്‍ മക്കളുടെ വിദ്യാഭ്യാസത്തില്‍ നിക്ഷേപിക്കാന്‍ ആവേശം കാട്ടി. പത്തുനാല്‍പതുവര്‍ഷം മുമ്പ് ആലോചിക്കാന്‍ പോലും കഴിയാത്ത വിധം മലപ്പുറത്തെ പെണ്‍കുട്ടികള്‍ മഫ്ത മടക്കിച്ചുറ്റി കാമ്പസുകളിലേക്ക് ഇരച്ചുകയറിയപ്പോള്‍ മികച്ച മാറ്റങ്ങള്‍ പെയ്തിറങ്ങി. അങ്ങനെയാണ് കേരളത്തിലെ ആദ്യ മുസ്‌ലിം വനിത പൈലറ്റ് താനൂരില്‍ നിന്നുണ്ടാവുന്നത്. എന്‍ട്രന്‍ സ് പരീക്ഷകളില്‍ റാങ്കുകള്‍ മുഴുവന്‍ മലപ്പുറം അടിച്ചെടുത്തപ്പോള്‍ സമീപജില്ലക്കാര്‍ മൂക്കത്ത് വിരല്‍ വെച്ചു. പണ്ട് തോറ്റ് തൊപ്പിയിട്ടവരോട് നായന്മാരും ക്രിസ്ത്യാനികളും തോറ്റുപോയല്ലോ എന്ന അമ്പരപ്പോടെ.

കരിപ്പൂര്‍ വിമാനത്താവളമാണ് മലപ്പുറത്തിന്റെ തഹ്‌രീര്‍ സ്‌ക്വയര്‍. സാധാരണക്കാര്‍ സ്വപ്‌നങ്ങള്‍ നെയ്തതും മക്കളെ കഷ്ടപ്പെട്ട് പഠിപ്പിച്ച് ഗള്‍ഫിലേക്കയക്കാന്‍ നിശ്ചയിച്ചുറപ്പിച്ചതും എയര്‍പോര്‍ട്ടിലെ ‘ആഗമന കവാട’ത്തിലുടെ ട്രോളി നിറയെ പെട്ടിയുമായി കടന്നുവരുന്ന ദുബൈക്കാരന്റെ ചിത്രം മനസ്സിലിട്ട് കൊണ്ടാണ്. കഠിനാധ്വാനവും ആസൂത്രണവും സമാസമം ചേര്‍ത്താല്‍ സാധിക്കാത്തത് ഒന്നുമില്ലെന്ന് തെളിയിച്ച കുറെ മലപ്പുറത്തുകാര്‍ ഗള്‍ഫുകാരുടെ മുന്നില്‍ മാതൃകയായുണ്ട്. എഴുപതുകളുടെ അന്ത്യത്തില്‍ വാണിയമ്പലത്തുനിന്ന് ഉംറ വിസയില്‍ ജിദ്ദയിലെത്തി, ഡ്രൈവറായി ജോലി തുടങ്ങിയ മുഹമ്മദലി എന്ന ചെറുപ്പക്കാരനാണ് ഇന്ന് 400ഡോക്ടര്‍മാരെ ഭരിക്കുന്ന, ജിദ്ദ നാഷനല്‍ ഹോസ്പിറ്റല്‍ അടക്കമുള്ള ആതുരാലയ ശൃംഖലയുടെ അധിപന്‍ എന്നറിയുമ്പോള്‍ മലപ്പുറം മാറിയത് എങ്ങനെ എന്ന് പഠിക്കാന്‍ എളുപ്പമാണ് . മുഹമ്മദലിയുടെ കുടുംബക്കാര്‍ മാത്രം 200പേര്‍ ജിദ്ദയിലും പരിസത്തും ജീവസന്ധാരണ വഴിയില്‍ വിജയം കൊയ്യുന്നുണ്ട്. ഇന്ന് ജിദ്ദയിലും മക്കയിലും മദീനയിലും റിയാദിലുമായി എണ്ണമറ്റ ആശുപത്രികളുടെ ഉടമയാണ് കേരളത്തിലേക്ക് കൂടി കര്‍മമണ്ഡലം വിപുലപ്പെടുത്തിയ, മലപ്പുറം കണ്ണമംഗലം സ്വദേശി ആലുങ്ങല്‍ മുഹമ്മദ് എന്ന അല്‍അബീര്‍ ഗ്രൂപ്പിന്റെ അധിപന്‍. ജിദ്ദ കോണ്‍സല്‍ ജനറലായിരുന്ന ബംഗാള്‍ സ്വദേശി സഈദ് മുഹമ്മദ് ബാബ, പലപ്പോഴും പറഞ്ഞിട്ടുണ്ട് ജീവിതപ്പെരുവഴിയില്‍ മുട്ടിലിഴയുന്ന ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് മാതൃകയാണ് ഈ രണ്ടു മലപ്പുറത്തുകാരെന്ന്. കഠിനാധ്വാനം കൊണ്ട് ശിരോലിഖിതം മാറ്റിയെഴുതിയ ഒരു തലമുറയുടെ പ്രതിനിധികളാണെങ്കിലും മാറിയ മലപ്പുറത്തിന്റെ പുരോഗമന, സചേതന മുഖങ്ങളാണിവര്‍.

മലപ്പുറം ഒരു മിത്താണ്. അതിനു അനേകം അര്‍ത്ഥതലങ്ങളുണ്ട്. അതിന്റെ അകവും പുറവും പച്ചയാണെന്ന് തെറ്റിദ്ധരിച്ചിടത്താണ് പിഴവ് പറ്റിയത്. ആ പിഴവ് തിരുത്താനുള്ള സന്ദര്‍ഭമാണ് വന്നണഞ്ഞിരിക്കുന്നത്. ജില്ല വിഭജിക്കണം എന്ന മുസ്‌ലിം ലീഗിന്റെ ഭാഷ്യം തെറ്റാണ്. മുമ്പ് രാജ്യം വിഭജിച്ചവരാണ് ഇത് പറയുന്നതെന്ന് കുറ്റപ്പെടുത്തലുണ്ടാവാം. ജില്ല പുന:ക്രമീകരിക്കുകയാണ് വേണ്ടത്. പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പടിഞ്ഞാറെഭാഗം ഉള്‍പ്പെടുത്തി പുതിയൊരു ജില്ലയെ കുറിച്ചാണ് ആലോചന നടക്കേണ്ടത്. ബുദ്ധിപൂര്‍വമായിരിക്കണം ഈ ദിശയിലെ പ്രക്ഷോഭം. പാണക്കാട്ടെ പര്‍ണശാലകള്‍ കൈവിട്ടുകൊണ്ടുള്ള ഒരു മലപ്പുറം ജില്ലയെ കുറിച്ച് ചിന്തിക്കാന്‍ അവിടുത്തെ ജനങ്ങള്‍ മാനസികമായി വളര്‍ന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ആദ്യം ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

കാസിം ഇരിക്കൂര്‍

പ്രമുഖ മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍

You must be logged in to post a comment Login