മോഡി സര്‍ക്കാറിന് എന്തെങ്കിലും നയമുണ്ടോ ?

മോഡി സര്‍ക്കാറിന് എന്തെങ്കിലും നയമുണ്ടോ ?

കശ്മീരിനെക്കുറിച്ച് സെയ്ഫുദ്ദീന്‍ സോസ് രചിച്ച പുസ്തകം പ്രകാശനം ചെയ്യവെ, കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വെറും പ്രഹസനമായിരുന്നുവെന്ന് താങ്കള്‍ പറഞ്ഞിരുന്നു. എന്താണ് താങ്കള്‍ അതുകൊണ്ട് ഉദ്ദേശിച്ചത്? താങ്കളുടെ പ്രസ്താവന വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

ആളുകള്‍ വാക്കുകളെ വളച്ചൊടിക്കുകയാണ്. ഇക്കാര്യം ഞാന്‍ ആദ്യമായി പറഞ്ഞതല്ല. പുസ്തകപ്രകാശനച്ചടങ്ങില്‍ പറഞ്ഞിരുന്നു, അതിനു മുമ്പും പറഞ്ഞിട്ടുണ്ട്. ഇപ്പോഴും അതുതന്നെ പറയും. ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയിട്ടില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അടല്‍ ബിഹാരി വാജ്‌പെയ് പ്രധാനമന്ത്രിയായിരിക്കെ ഇത്തരം ആക്രമണം നടന്നിട്ടുണ്ടെന്ന് എനിക്ക് നേരിട്ടറിയാം. ജസ്വന്ത് സിംഗും ജോര്‍ജ് ഫെര്‍ണാണ്ടസും അന്ന് മന്ത്രിമാരായിരുന്നു. ഇത്തരം സംഗതികളെ നിങ്ങള്‍ പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കരുത്. ഇപ്പോള്‍ അതാണ് നടക്കുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ നിര്‍ണായശക്തിയെ അപഹസിക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ അതൊരു പ്രഹസനമായി മാറും. അത്തരമൊരു ആക്രമണം നടന്നിട്ടില്ല എന്നോ അത്തരമൊരു ആക്രമണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്നോ ആ ആക്രമണം വേണ്ട പ്രയോജനം ചെയ്തില്ല എന്നോ ഒന്നും അര്‍ത്ഥമില്ല. പക്ഷേ പ്രചാരണായുധമാക്കുമ്പോള്‍ സ്ഥിതി മാറും.

ഉള്‍ഫക്കെതിരെ ഒരു ആക്രമണം ഭൂട്ടാനില്‍ നടത്തിയെന്ന് കരുതുക. ഭൂട്ടാന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ എന്നാണ് പറയുക. രണ്ട് രാജ്യത്തിന്റെയും സൈന്യം സഹകരിച്ച് നടത്തിയ ആക്രമണമായിരിക്കും അത്. മ്യാന്‍മറില്‍ സൈനിക നടപടിയുണ്ടായാലും ഇത് തന്നെയാണ് സ്ഥിതി. മ്യാന്‍മര്‍ സൈന്യവുമായുള്ള രഹസ്യ ധാരണയനുസരിച്ചായിരിക്കും ഓപ്പറേഷനെന്ന് ഉറപ്പ്. ‘ഇതാ അതിര്‍ത്തി കടന്ന് ആക്രമണം നടത്തി’ എന്ന് നമ്മള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കാന്‍ തുടങ്ങിയാലോ? അത്തരത്തിലൊന്നുമുണ്ടായിട്ടില്ലെന്ന് പ്രഖ്യാപിക്കാന്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും.

അതേ സ്ഥിതിയാണ് ഇവിടെയും. പത്താന്‍കോട്ടിലും ഉറിയിലുമൊക്കെ ആക്രമണം നടന്നു. അതിന് മറുപടി നല്‍കണം. പാകിസ്ഥാന്റെ സുരക്ഷാസംവിധാനത്തിന് കൃത്യമായ സൂചന നല്‍കുകയും വേണം. അതാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ചെയ്തത്. അതിന് ശേഷം ‘ഞങ്ങളവര്‍ക്ക് മുഖമടച്ച് മറുപടി നല്‍കി, അതിന് വേണ്ടി അതിര്‍ത്തി കടന്ന് ആക്രമിച്ചു’ എന്നൊക്കെ പ്രഖ്യാപിക്കാന്‍ തുടങ്ങിയാല്‍ 56 ഇഞ്ച് വലുപ്പമുള്ള നെഞ്ച് ഞങ്ങള്‍ക്കുമുണ്ടെന്ന് തെളിയിക്കാന്‍ അവരെ നിര്‍ബന്ധിക്കുകയാണ് ചെയ്യുന്നത്.

ഇത്തരത്തിലൊരു ആക്രമണം, മുഖ്യപ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നില്ലെന്നതാണ് വസ്തുത. ഇക്കാര്യം ഞാന്‍ പുസ്തക പ്രകാശനച്ചടങ്ങില്‍ പറഞ്ഞിരുന്നു. നുഴഞ്ഞുകയറ്റം തടയാന്‍ ഇത്തരം നടപടികളിലൂടെ സാധിക്കുന്നുണ്ടോ? അതിന് നമ്മുടെ സൈനിക കേന്ദ്രങ്ങള്‍ സുരക്ഷിതമാക്കുകയാണ് വേണ്ടത്. നമ്മുടെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കുകയും. ബി ജെ പിയുടെ പ്രതിനിധിയും മുന്‍ജനറലുമായ ബി സി ഖണ്ഡൂരി അധ്യക്ഷനായ പാര്‍ലിമെന്റിന്റെ പ്രതിരോധകാര്യസമിതിയോട് കരസേനയുടെ ഉപമേധാവി പറഞ്ഞത് എന്താണ്? നമ്മുടെ സേനാ ക്യാമ്പുകള്‍, കന്റോണ്‍മെന്റുകള്‍ ഒക്കെ ആക്രമിക്കപ്പെടുകയാണ് എന്നാണ്. സൈന്യത്തിന് പണം തരൂ എന്നാണ് ഉപമേധാവി ആവശ്യപ്പെട്ടത്. 17,400 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. പക്ഷേ യഥാര്‍ത്ഥത്തില്‍ ഒരു രൂപപോലും സൈന്യത്തിന് നല്‍കുന്നില്ല എന്നാണ് ഉപമേധാവി പറഞ്ഞത്. ഉപമേധാവിയുടെ വാക്കുകള്‍ കേട്ട് അമ്പരന്നുപോയെന്ന് ജനറല്‍ ബി സി ഖണ്ഡൂരിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി പറയുന്നു. സൈനിക കേന്ദ്രങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്, സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ പേരില്‍ വീരവാദം മുഴക്കുകയല്ല.

അടല്‍ ബിഹാരി വാജ്‌പെയ് സര്‍ക്കാറിന്റെ കാലത്തും അതിര്‍ത്തി കടന്നുള്ള സൈനിക നടപടിയുണ്ടായെന്ന് താങ്കള്‍ പറഞ്ഞല്ലോ. ഇപ്പോള്‍ നടത്തിയതില്‍ നിന്ന് അത് ഭിന്നമാകുന്നത് എങ്ങനെയാണ്?

അതേക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം സൈന്യം ഇത്തരം കാര്യങ്ങളെക്കുറിച്ചൊന്നും സംസാരിക്കുന്നില്ല. അന്നത്തെ സര്‍ക്കാര്‍ ഇതേക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. അന്നത്തെ പ്രതിരോധമന്ത്രിമാരും സംസാരിച്ചിട്ടില്ല. അതിന്റെ ആവശ്യമെന്താണ്? എതിര്‍പക്ഷത്തിനൊരു ശക്തമായ സന്ദേശം നല്‍കണം. അത് നല്‍കി. അതോടെ തീര്‍ന്നു. അതൊരു പ്രചാരണായുധമായി ഉപയോഗിച്ചാല്‍, നിങ്ങള്‍ സൈന്യത്തെ ഉപയോഗിക്കുകയാണ്.

അന്നത്തെ ഓപ്പറേഷന്റെ ഓര്‍മയ്ക്കായി പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് ചിലത് കൊണ്ടുവന്നിരുന്നുവെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.

അത് ശരിയാണ്, പക്ഷേ അതേക്കുറിച്ച് ഞാനൊന്നും പറയില്ല. എന്താണ് ചെയ്തതെന്ന് സൈന്യത്തിന് അറിയാം.

2015ല്‍ മണിപ്പൂരില്‍ 18 സൈനികരെ തീവ്രവാദികള്‍ വധിച്ചിരുന്നു. അതേത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം മ്യാന്‍മറില്‍ പ്രവേശിച്ച് ഒപറേഷന്‍ നടത്തി. നാഗാ തീവ്രവാദികളായ നിരവധി പേരെ വധിച്ചു. അത്തരത്തിലൊരു സൈനിക നടപടിയുണ്ടായിട്ടില്ലെന്നാണ് അന്ന് മ്യാന്‍മര്‍ പറഞ്ഞത്. ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയെന്നത് നിഷേധിക്കാന്‍ മ്യാന്‍മര്‍ നിര്‍ബന്ധിതമാകുകയായിരുന്നു?

കൃത്യം. ആക്രമണത്തെക്കുറിച്ച് നമ്മള്‍ വീരവാദം മുഴക്കാന്‍ തുടങ്ങി. നമ്മള്‍ നിശബ്ദരായിരുന്നുവെങ്കിലോ? സൈനികരെ കൊലപ്പെടുത്തിയ തീവ്രവാദി ഗ്രൂപ്പിനെ നമ്മള്‍ ആക്രമിച്ചു, അതില്‍ കുറേപേരെ വധിച്ചു. അതേക്കുറിച്ച് എതിര്‍പക്ഷത്തിന് അറിയാം. കൈയുംകെട്ടി നോക്കിയിരിക്കില്ലെന്ന സന്ദേശം വിമതര്‍ക്ക് നല്‍കി. അത് മാത്രമാണ് ലക്ഷ്യം. അതിനപ്പുറം പ്രചാരണായുധമാക്കരുത്.

ഇത്തരം സൈനിക നടപടികളെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്നതാണ് പ്രശ്‌നം?

അതെ. ഇതെല്ലാം അത്യാവശ്യമായ ഘടകങ്ങളാണ്. എല്ലാ രഹസ്യാന്വേഷണ ഏജന്‍സികളും നിശ്ശബ്ദമായി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എല്ലാ സൈനിക വിഭാഗങ്ങളും ചെയ്യുന്നു. നമ്മള്‍ അവരെ ഉപയോഗപ്പെടുത്തുകയാണ്.

സാഹചര്യങ്ങള്‍ ഒട്ടും മെച്ചപ്പെട്ടിട്ടില്ല എന്ന് പുസ്തക പ്രകാശനച്ചടങ്ങില്‍ പറയുകയുണ്ടായി. കശ്മീരിലെ അസ്വസ്ഥതകള്‍ രാജ്യത്തെ ഏത് വിധത്തിലാണ് ബാധിക്കാന്‍ പോകുന്നത് എന്ന് ജനം വൈകാതെ അറിയുമെന്നും പറഞ്ഞു. എന്താണ് അര്‍ത്ഥമാക്കിയത്?

അത് മനസിലാക്കണമെങ്കില്‍ രണ്ടോ മൂന്നോ കാര്യങ്ങള്‍ പറയണം. കശ്മീരില്‍ കൊല്ലപ്പെടുന്നവരുടെ കണക്കെടുക്കൂ. 1990കളില്‍ മൂവായിരമോ നാലായിരമോ ആളുകള്‍ അവിടെ കൊല്ലപ്പെട്ടു. ഇപ്പോള്‍ വര്‍ഷത്തില്‍ 150 വരെ മനുഷ്യര്‍ കൊല്ലപ്പെടുന്നു. ഈ കണക്ക് വ്യത്യസ്തമായ ഒരു ചിത്രമാണ് നല്‍കുന്നത്.

രണ്ടാമത്, ഇപ്പോള്‍ കൊല്ലപ്പെടുന്നവരില്‍ വലിയ അളവ് തീവ്രവാദികളാണ്. രണ്ടാമത് സുരക്ഷാ സൈനികര്‍, പിന്നെ സാധാരണക്കാരും. അതിര്‍ത്തിയിലെ വെടിവെപ്പിലാണ് സാധാരണക്കാരില്‍ ഭൂരിഭാഗവും കൊല്ലപ്പെടുന്നത്. സാഹചര്യം കൂടുതല്‍ വഷളായിരിക്കുന്നു. ആയുധമെടുക്കുന്നവരില്‍ അധികവും അതിര്‍ത്തി കടന്നെത്തുന്നവരല്ല. അവര്‍ നമ്മുടെ ജനങ്ങളാണ്. അത് ഭീകരമായ അവസ്ഥയാണ്.

ഇതൊരു ചാക്രിക പ്രവര്‍ത്തനമായി വളര്‍ന്നിരിക്കുന്നു. പ്രദേശവാസിയായ ഒരു യുവാവ് കൊല്ലപ്പെടുന്നു. സംസ്‌കാരച്ചടങ്ങില്‍ ആയിരക്കണക്കിനാളുകള്‍ ഒത്തുകൂടും. മുദ്രാവാക്യങ്ങളുയരും, കല്ലേറുണ്ടാകും. അവിടെ രോഷം പുകയുകയാണ്. ഒത്തുകൂടുന്നവരില്‍ നാലോ അഞ്ചോ പേര്‍ രോഷാകുലരാകും. സായുധ സമരത്തില്‍ പങ്കാളിയാകുകയാണെന്ന് പ്രഖ്യാപിക്കും. ഈ അവസ്ഥ തികച്ചും മോശമാണ്.

ദേശീയ സുരക്ഷാവിദഗ്ധരിലൊരാള്‍ എന്നോട് പറഞ്ഞതാണ് മൂന്നാമത്തെ കാര്യം. കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഹുര്‍റിയത്തിന്റെയും നേതാക്കള്‍ക്ക് വിശ്വാസ്യത നഷ്ടമായിരിക്കുന്നുവെന്നതാണ് അത്. രാഷ്ട്രീയ പ്രക്രിയയോ ആശയവിനിമയമോ ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിരിക്കുന്നു. കശ്മീരിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ഇതൊക്കെയാണ്, അത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും.

പി ഡി പി – ബി ജെ പി സഖ്യ സര്‍ക്കാര്‍ തകര്‍ന്നതോടെ സൈന്യം കൂടുതല്‍ ശക്തമായ നിലപാടെടുക്കാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ‘ബുദ്ധിശൂന്യമായ ബലപ്രയോഗം’ അപകടമാണെന്ന് താങ്കള്‍ പറഞ്ഞിരുന്നു.

അങ്ങനെയല്ല. തോക്കെടുക്കുന്നവരെ തോക്കുകൊണ്ട് നേരിടണമെന്നാണ് എന്റെ പക്ഷം. സൈനിക ശക്തി കുറയ്ക്കണമെന്ന് എനിക്ക് അഭിപ്രായമില്ല. കൂടുതല്‍ ശക്തമായ ഇടപെടലുണ്ടാകണം. പക്ഷേ ബുദ്ധിശൂന്യമായ ബലപ്രയോഗം പാടില്ല. ഉദാഹരണമായി, ജലപീരങ്കി ഉപയോഗിക്കേണ്ട സ്ഥലത്ത് കണ്ണീര്‍ വാതകം പ്രയോഗിക്കും. കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ട ഇടത്ത്, പെല്ലറ്റുകള്‍ പ്രയോഗിക്കും. പെല്ലറ്റുകള്‍ യുവാക്കളെ കാഴ്ചയില്ലാത്തവരാക്കും. ഇതാണ് ബുദ്ധിശൂന്യമായ ബലപ്രയോഗം.

തിരഞ്ഞെടുപ്പ് ലാക്കാക്കി പ്രവര്‍ത്തിക്കുകയാണ് നരേന്ദ്ര മോഡി സര്‍ക്കാറെന്നും അതിന് നയങ്ങളില്ലെന്നും താങ്കള്‍ പറഞ്ഞിരുന്നു. വലിയ പരിപാടികളിലും പ്രചാരണങ്ങളിലും മാത്രമാണ് സര്‍ക്കാറിന് ശ്രദ്ധയെന്നും?

രണ്ട് കാര്യങ്ങള്‍. കൊട്ടിഘോഷിച്ച പരിപാടികളില്‍ മാത്രമാണ് അവര്‍ വിശ്വസിക്കുന്നത്. നരേന്ദ്ര മോഡി ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതാണ് ഇക്കാലത്തിനിടെ കണ്ടത്. ഇവര്‍ക്ക് എന്തെങ്കിലും നയമുണ്ടോ? ഇല്ല. പാകിസ്ഥാന്റെ കാര്യത്തില്‍, ചൈനയുടെ കാര്യത്തില്‍, ശ്രീലങ്കയുടെ കാര്യത്തില്‍ എന്തെങ്കിലും നയമുണ്ടോ? കശ്മീരിന്റെ കാര്യത്തിലുണ്ടോ? ഇല്ലെന്ന് തീര്‍ത്ത് പറയാം. കൊട്ടിഘോഷിക്കുന്ന പരിപാടികളെ ആധാരമാക്കി മുന്നോട്ടുപോകാന്‍ മാത്രമാണ് ഇവര്‍ ശ്രമിക്കുന്നത്.

കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് നിരവ് മോഡി രാജ്യം വിട്ടുപോയി. അത്തരത്തിലെന്തെങ്കിലുമുണ്ടാകുമ്പോള്‍ അത് ചെയ്യും ഇത് ചെയ്യുമെന്നൊക്കെ സര്‍ക്കാര്‍ പറയും. അതുപോലെ തന്നെയാണ് കശ്മീരിന്റെ കാര്യത്തിലും. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പറയും. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമ്പോള്‍ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കുന്നതിന് ദീര്‍ഘകാലത്തേക്ക് ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാറിന്റെ മനസിലുണ്ടാകണം. മുമ്പ്, എന്‍ ഡി എ സര്‍ക്കാറിന്റെ കാലത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോള്‍ എല്‍ കെ അദ്വാനി പറഞ്ഞത് ഓര്‍മയിലുണ്ട്. ജനം സമാധാനത്തോടെ ജീവിക്കുന്ന അന്തരീക്ഷം നമ്മള്‍ ഉറപ്പാക്കണമെന്നാണ് അദ്വാനി പറഞ്ഞത്. അത്തരമൊരു അന്തരീക്ഷമുണ്ടായാല്‍ സംഘര്‍ഷാന്തരീക്ഷം വീണ്ടുമുണ്ടാകുന്നതിനെ ജനം പിന്തുണയ്ക്കില്ല.
ഇപ്പോഴത്തെ വെടനിര്‍ത്തല്‍ പ്രഖ്യാപനത്തിന്റെ അവസ്ഥയെന്താണ്? രണ്ട് പേര്‍ കൊല്ലപ്പെടുന്നതോടെ വെടിനിര്‍ത്തല്‍ പിന്‍വലിച്ച്, നമ്മുടെ കരുത്തിനെക്കുറിച്ച് വീരവാദം മുഴക്കുന്നു. ഇതോടെ മറ്റുള്ളവരുടെ ഇംഗിതത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരായി മാറുകയാണ്. രണ്ട് പേരെ കൊന്നാല്‍ നിങ്ങള്‍ വെടിനിര്‍ത്തല്‍ പിന്‍വലിക്കുമെന്ന് അവര്‍ക്കറിയാം. അത് നമ്മള്‍ മനസിലാക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം.

താങ്കളുടെ അഭിപ്രായങ്ങള്‍, അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടിട്ടില്ല എന്ന് തോന്നുന്നു. അതിര്‍ത്തി കടന്ന് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടതിനെ എങ്ങനെ കാണുന്നു?

അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയോ ഇല്ലയോ എന്ന സംശയം ആര്‍ക്കെങ്കിലുമുണ്ടോ? ദൃശ്യം പുറത്തുവിട്ടതുകൊണ്ടു മാത്രം അങ്ങനെയൊരു ആക്രമണം നടന്നുവെന്ന് തെളിയിക്കാനാകില്ല. ഞങ്ങള്‍ പറയുന്നത് ജനം വിശ്വസിക്കുന്നില്ല എന്ന തോന്നല്‍ സര്‍ക്കാറിന് തന്നെയുള്ളതുകൊണ്ടാണ് ദൃശ്യം പുറത്തുവിടുന്നത്. ആദ്യം നിങ്ങള്‍ അതിശയോക്തിയില്‍ കാര്യങ്ങള്‍ പറയും. കുറച്ച് കഴിയുമ്പോള്‍ മനസിലാകും അതാരും വിശ്വസിച്ചില്ല എന്ന്. ദൃശ്യങ്ങളുപയോഗിച്ച് അവിശ്വാസം ഇല്ലാതാക്കാന്‍ ശ്രമം തുടങ്ങും. ഇനി അവര്‍ പാകിസ്ഥാനില്‍ നിന്ന് എന്തെങ്കിലും സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരുമായിരിക്കും. അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയെന്ന് സൈന്യവും ആവര്‍ത്തിക്കുകയാണ്. ജനം വിശ്വസിക്കുന്നില്ലെന്ന് സൈന്യവും സ്വയം വിലയിരുത്തുന്നുണ്ടാകണം. അതുകൊണ്ടാണ് ഇങ്ങനെ ആവര്‍ത്തിക്കുന്നത്.

അരുണ്‍ ഷൂരി
കടപ്പാട്: thewire.in

You must be logged in to post a comment Login