സ്വയം റദ്ദാക്കുന്ന ജനാധിപത്യവാദികള്‍

സ്വയം റദ്ദാക്കുന്ന ജനാധിപത്യവാദികള്‍

അറിവ് നിര്‍മാണാത്മകം എന്നതുപോലെ സംഹാരാത്മകവുമാണ്. സംസ്‌കരിക്കാനും സംഹരിക്കാനും ശേഷിയുണ്ടതിന്. അറിവിന്റെ അനന്തമായ വേഗങ്ങളിലേക്ക് മനുഷ്യനെ വഴി നടത്തിയ ഇന്റര്‍നെറ്റ് അവന്റെ തന്നെ അന്വേഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും സൃഷ്ടിയാണ്. മറുഭാഗത്ത്, മാരക പ്രഹരശേഷിയുള്ള അണ്വായുധങ്ങള്‍ പിറന്നതും മനുഷ്യബുദ്ധിയിലാണ്. ചക്രം വികസിപ്പിച്ച് വാഹനമാക്കി മാറ്റിയും ഇരുമ്പ് ഉരുക്കി വ്യത്യസ്ത ഉപകരണങ്ങളാക്കി മാറ്റിയും മനുഷ്യന്‍ പുരോഗതി നേടി. ഈ പുരോഗതിക്കൊപ്പം തന്നെ വളരുന്നുണ്ടായിരുന്നു അതിന്റെ വിപരീതങ്ങള്‍. ബാങ്ക് കൊള്ള മുതല്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വരെ നീളുന്നു അത്. നിര്‍മാണാത്മകമല്ലാത്ത ഏതറിവും നിരര്‍ത്ഥകവും വിനാശകാരിയുമാണ്. അറിവ് സംഹാരാത്മകമാകാതെ സൂക്ഷിക്കാനും ലോക നന്മക്ക് വേണ്ടി ഉപയോഗിക്കാനും കഴിയുമ്പോഴാണ് അത് മനുഷ്യോന്മുഖമാകുന്നത്. അറിവില്‍ നിന്ന് ധര്‍മം ഇറങ്ങിപ്പോകുമ്പോള്‍ അവിടെ ഇടമുറപ്പിക്കുന്നത് അഹങ്കാരവും അപരദ്വേഷവുമായിരിക്കും. തന്റെ മത/ രാഷ്ട്രീയ/ സാംസ്‌കാരിക കാഴ്ചക്കപ്പുറത്ത് നില്‍ക്കുന്ന മുഴുവനാളുകളോടും വെറുപ്പുണ്ടാകാന്‍ അത് കാരണമാകും. അവര്‍ ശത്രുക്കളാണെന്ന് തോന്നലുണ്ടാകും. അവരെ നശിപ്പിക്കണമെന്ന് ചിന്തിക്കും. അങ്ങനെയൊരു അധമബോധത്തിന്റെ ആയുധത്തലപ്പിലാണ് അഭിമന്യു എന്നു പേരായ വിദ്യാര്‍ത്ഥി മഹാരാജാസില്‍ കൊല ചെയ്യപ്പെട്ടത്.

ഗുരു, സഹപാഠി, സുഹൃത്ത് തുടങ്ങി കലാലയപരിസരങ്ങളില്‍ നിന്ന് ഉരുവം കൊള്ളുന്ന വാക്കുകള്‍ കേവലം ബന്ധങ്ങളെ അടയാളപ്പെടുത്തുന്ന ആത്മാവില്ലാത്ത അക്ഷരങ്ങളല്ല, അതിനപ്പുറം അത് മുന്നോട്ടുവെക്കുന്ന ചില മൂല്യങ്ങളുണ്ട്. ഗുണകാംക്ഷയും സ്‌നേഹവും കരുതലും ബഹുമാനവുമുള്‍പ്പടെ ആ പദാവലികള്‍ ഉള്‍വഹിക്കുന്ന ആശയങ്ങളോട് നീതിപുലര്‍ത്തുന്നതാകണം വിദ്യാര്‍ഥികള്‍ ആര്‍ജ്ജിച്ചെടുക്കുന്ന അറിവുകള്‍. എങ്കില്‍ മാത്രമേ വിജ്ഞാനം ഫലപ്രദമാവുകയുളളൂ. ഫലപ്രദമായ അറിവിന് മാത്രമേ സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയുകയുളളൂ. മറിച്ചുള്ള അറിവുകള്‍ സമൂഹവുമായി നിരന്തരം സംഘര്‍ഷത്തിലേര്‍പ്പെടും. ധര്‍മബോധത്തെ, സദാചാര ചിന്തകളെ അവ പരിഹസിക്കും. ഫലം അരാജകത്വമായിരിക്കും.

പക്വമായ വിദ്യാര്‍ത്ഥി ചിന്തകളുടെ ഫലശ്രുതിയായി ലോകചരിത്രത്തില്‍ അടയാളപ്പെട്ട മുന്നേറ്റങ്ങള്‍ അനവധിയാണ്. ലോകരാഷ്ട്രീയത്തിന്റെ ദിശ മാറ്റിവരച്ച ഫ്രഞ്ച് വിപ്ലവത്തിന്റെ മുന്‍നിരയില്‍ വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. സമഗ്രാധിപത്യങ്ങളോടും അധിനിവേശത്തോടും പൊരുതിയ വിദ്യാര്‍ഥിത്വം ഒരു ലോക യാഥാര്‍ഥ്യമാണ്. എമ്മ ക്ലാന്‍സിയുടെ യൂത്ത്, സ്റ്റുഡന്റ്‌സ് ആന്റ് റവലൂഷന്‍ എന്ന ലേഖനത്തില്‍ അമേരിക്കയുടെ വിയറ്റ്‌നാം യുദ്ധത്തിനെതിരെ ജനകീയ സമരത്തെ ഉണര്‍ത്തിയത് വാഷിങ്ടണ്‍ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി കൂട്ടായ്മ ആന്റി വാര്‍ യൂനിവേഴ്‌സിറ്റി എന്ന പേരില്‍ ആരംഭിച്ച സമരമുറകളായിരുന്നു എന്നു പറയുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ കറുത്തദിനങ്ങളായി ചരിത്രം രേഖപ്പെടുത്തിയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിക്ക് ജെ.എന്‍ യുവിലേക്ക് പ്രവേശനം നിഷേധിച്ചതും 1990-ല്‍ വൈസ് ചാന്‍സിലര്‍ യോഗീന്ദര്‍ കെ അലഗ് നവ – ലിബറല്‍ നയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ ഒറ്റക്കെട്ടായി നേരിട്ടതും ഇന്ത്യന്‍ അനുഭവമായി ചരിത്രത്തിലുണ്ട്. സമീപകാലത്ത് ജെ എന്‍ യുവിലും എച് സി യുവിലും അലിഗറിലുമൊക്കെ വിദ്യാര്‍ഥികള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ശരിയായ ദിശ കാട്ടിക്കൊടുത്തതും നമ്മുടെ മുന്നിലുണ്ട്. ഉജ്ജ്വലമായ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ പഴയതും പുതിയതുമായ ഓര്‍മ്മകള്‍ രാഷ്ട്രമൂല്യങ്ങള്‍ക്കു വേണ്ടിയുള്ള വിദ്യാര്‍ത്ഥികളുടെ കരുതലിനെ വരച്ചിടുന്നതാണ്.

രാഷ്ട്രീയം സാര്‍ത്ഥകമായ ഒരു ആശയമാണ്, അത് അപഹസിച്ച് മാറ്റിനിര്‍ത്തേണ്ട ഒന്നല്ല. അതേസമയം, കക്ഷി രാഷ്ട്രീയത്തിന്റെ പേരില്‍ കാമ്പസുകളില്‍ ഇന്ന് നടക്കുന്നതാണ് രാഷ്ട്രീയമെന്ന തീര്‍പ്പിലേക്കത്തുന്നത് വലിയ അബദ്ധമാകും. സംവാദാത്മകവും സര്‍ഗാത്മകവുമായി ആവിഷ്‌കരിക്കേണ്ട ഒന്നാണ് രാഷ്ട്രീയം. അങ്ങനെയാണോ ഇന്നത്തെ കാമ്പസ് രാഷ്ട്രീയം? സര്‍ഗാത്മകരാഷ്ട്രീയത്തില്‍ ചെങ്കോട്ടകള്‍ക്കും ഹരിതക്കോട്ടകള്‍ക്കും പകരം സ്‌നേഹക്കോട്ടകളുയരും. അവിടെ സ്‌നേഹം ഉത്തേജകമാക്കി സൗഹൃദം പൂക്കുകയും കായ്ക്കുകയും ചെയ്യും. ആശയങ്ങള്‍ ഏറ്റുമുട്ടുകയും അപരന്റെ വാക്കുകള്‍ സംഗീതം പോലെ ശ്രവിക്കപ്പെടുകയും ചെയ്യും. സ്വന്തം ശരികള്‍ സ്ഥാപിക്കാന്‍ ആരും ആയുധമെടുക്കില്ല. ചുവരിലെ തര്‍ക്കം നെഞ്ചിലേക്കിറങ്ങില്ല. കലാലയങ്ങള്‍ ആയുധപ്പുരകളാകില്ല, ഒരധ്യാപകനും ഘരാവോ ചെയ്യപ്പെടില്ല. ഒരു കസേരയും കത്തിക്കപ്പെടില്ല, ഒരു പ്രിന്‍സിപ്പലും അപമാനിക്കപ്പെടില്ല, പഠിപ്പ് മുടക്കില്ല, ഫര്‍ണിച്ചറുകള്‍ നശിപ്പിക്കില്ല…
പുറം തള്ളലിലൂടെയല്ല, പൂര്‍ണമായ ഉള്‍കൊള്ളലിലൂടെയാണ് അഭിപ്രായഭേദങ്ങള്‍ പങ്കുവെക്കപ്പെടേണ്ടത്. സംഹരിച്ചല്ല, സംവദിച്ചാണ് ആശയങ്ങള്‍ക്ക് സ്വീകര്യത നേടേണ്ടത്. ഇസ്‌ലാമിക ചരിത്രത്തിലെ നിത്യ ശോഭയായ മുസ് ലിം സ്‌പെയിന്‍ വിപരീത ആശയങ്ങളെ ചേര്‍ത്തുപിടിച്ചതിന്റെ ഉദാഹരണമാണ് മുസ്‌ലിം – അമുസ്‌ലിം പണ്ഡിതര്‍ ചേര്‍ന്നിരുന്ന് പരിഭാഷപ്പെടുത്തിയ പ്രാചീന ഗ്രീക്ക് തത്വചിന്ത. രാഷ്ട്രീയ അപചയങ്ങളെ ചെറുക്കാന്‍ ലിഖിത ഭരണഘടനയടക്കം വിവിധ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ഇബ്‌നു ഖല്‍ദൂനും വിജ്ഞാനത്തിന്റെ മഹാഗോപുരം താണ്ടിയ ഇമാം ഗസാലിയും അറിവിന്റെ ലോകത്തോട് കാണിച്ച രാഷ്ട്രീയ, സാമൂഹിക സഹിഷ്ണുത പ്രകടമാണ്. ഭരണഘടന ശരീഅത്ത് ആണെങ്കിലും ഇതര സംസ്‌കാരങ്ങളെ ഉള്‍കൊള്ളാന്‍ സന്നദ്ധമായിരുന്നു മുസ്ലിം നാഗരികത എന്നതിന്റെ തെളിവാണ് റോമന്‍, ചൈനീസ്, ഈജിപ്ഷ്യന്‍, ഗ്രീക്ക്, ബൈസന്റൈന്‍, ഇന്ത്യന്‍, വടക്കനാഫ്രിക്കന്‍ മേഖലകളില്‍ നിന്നുള്ള അറിവുകള്‍ ശേഖരിച്ച് വികസിപ്പിച്ച മുസ്‌ലിം നാഗരികതയുടെ ശോഭന ചരിത്രങ്ങള്‍.

പരസ്പരമറിയാനും ഉള്‍കൊള്ളാനുമുള്ള ശേഷിയാണ് വിദ്യാര്‍ത്ഥിത്വത്തിന്റെ സര്‍ഗാത്മകതയെ നിര്‍ണയിക്കുന്ന മുഖ്യഘടകം. അത് കൈമോശം വന്നപ്പോഴാണ് കലാലയങ്ങള്‍ ചുവന്നത്, നിരവധി വിദ്യാര്‍ത്ഥി ജീവനുകള്‍ പൊലിഞ്ഞത്. തങ്ങളുടെ സ്വതന്ത്രസാമ്രാജ്യമായി കാമ്പസുകളെ കരുതുകയും വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിപ്പിച്ച് കൊടി പിടിപ്പിക്കുകയും മറ്റു സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ വിദ്യാര്‍ത്ഥികളുടെ ജനാധിപത്യാവകാശങ്ങള്‍ റദ്ദ് ചെയ്യുകയാണ്. ജനാധിപത്യത്തെ മുഖ്യപ്രമേയമാക്കുകയും പ്രയോഗത്തില്‍ അതിനു കടകവിരുദ്ധമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നവര്‍ ഫലത്തില്‍ അസ്തിത്വത്തെ സ്വയം റദ്ദ് ചെയ്യുകയാണ്.
രാഷ്ട്രീയത്തിന്റെ പേരില്‍ നടന്ന കാമ്പസ് കുരുതികള്‍ക്ക് അഭിമന്യു വധത്തോടെ പുതിയ മാനം കൈവന്നിരിക്കുന്നു. മുസ്ലിം പ്രശ്നങ്ങളുടെ പരിഹാരകരായി സ്വയം ചമയുന്ന ഒരു സംഘടനയുടെ വിദ്യാര്‍ഥിവിഭാഗമാണ് മഹാരാജാസില്‍ പ്രതിസ്ഥാനത്ത്. മതത്തിന്റെ പേരില്‍ സംഘടിക്കുന്നവര്‍ മതമൂല്യങ്ങള്‍ പിന്തുടരുന്നവരായിരിക്കും. ഇസ്ലാം അക്രമത്തെ പിന്തുണയ്ക്കുന്നില്ല. ആ നിലയ്ക്ക് അഭിമന്യുവിന്റെ കൊലയാളികള്‍ ക്രിമിനലുകള്‍ മാത്രമാണ്. അവര്‍ മതത്തിന്റെ മേല്‍വിലാസം അവകാശപ്പെടാന്‍ അര്ഹതയുള്ളവരല്ല. കേരളത്തിലെ മുസ്ലിം സമൂഹത്തില്‍ ചെറുതെങ്കിലും സ്വാധീനം ചെലുത്താന്‍ കഴിയുന്ന പ്രസ്ഥാനവുമല്ല അവരുടേത്.

എലിയെ പേടിച്ച് ഇല്ലം ചുടുന്നത് വിഡ്ഢിത്തമാകും. വിദ്യാര്‍ഥിസംഘടനകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിക്കുന്നത് പ്രശ്നപരിഹാരമല്ല. അപരദ്വേഷത്തിന്റെ ആക്രോശങ്ങള്‍ മുഴങ്ങുന്ന കാമ്പസുകള്‍ അപകട സൂചനയാണ്. സ്‌നേഹ സൗഹൃദങ്ങളുടെ അടിത്തറയില്‍ രൂപപ്പെടുന്ന ജനാധിപത്യബോധവും മാനവിക വിചാരവും ഉയര്‍ത്തിപ്പിടിക്കുന്ന കാമ്പസുകളാണ് എസ് എസ് എഫ് ആഗ്രഹിക്കുന്നത്. അതിനു വേണ്ടിയാണു ഇക്കാലമത്രയും നിലകൊണ്ടത്. എസ് എസ് എഫ് വിഭാവനം ചെയ്യുന്ന കലാലയ സാഹചര്യങ്ങള്‍ രാഷ്ട്രീയ വിരുദ്ധമല്ല. കൃത്യമായ രാഷ്ട്രീയ വീക്ഷണങ്ങളും വിയോജിപ്പുകളുമുള്ള, കക്ഷിരാഷ്ട്രീയത്തിനതീതമായ, രാഷ്ട്ര താത്പര്യങ്ങള്‍ക്ക് അനുഗുണമായ രാഷ്ട്രീയ വിഭാവനയാണ് എസ് എസ് എഫിന്റേത്. ധാര്‍മികതയുടെ നിലപാടുതറയുള്ള അത്തരം കാഴ്ചപ്പാടുകള്‍ക്ക് മാത്രമേ ക്യാമ്പസുകളുടെ ‘സര്‍ഗ്ഗാത്മകവിശുദ്ധി’ വീണ്ടെടുക്കാനാകൂ.

ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി

You must be logged in to post a comment Login