ആ കത്തി അവരെന്തുചെയ്തു എന്നറിയാമോ?

ആ കത്തി അവരെന്തുചെയ്തു എന്നറിയാമോ?

കാമ്പസ് ഫ്രണ്ടിനെതിരെ തെമ്മാടിത്തം കാണിച്ച എസ്എഫ്‌ഐ സംഘത്തിന്റെ കൂടെയായിരുന്നു പ്രണയത്തിന്റെയും ആര്‍ദ്രതയുടെയും സിംപതറ്റിക് സിമ്പലായി ആഘോഷിക്കുന്ന അഭിമന്യുവും. അവനെക്കുറിച്ചുള്ള കാവ്യാത്മക വിവരണങ്ങള്‍ക്കപ്പുറത്ത് വിദ്യ തേടിയെത്തുന്ന പാവപ്പെട്ട വിദ്യാര്‍ഥികളെ ക്രിമിനലിസത്തിലേക്ക് വലിച്ചെറിയുന്ന മാര്‍ക്‌സിസ്റ്റ് കാപാലികതയാണ് ചര്‍ച്ചക്ക് വിധേയമാക്കേണ്ടത്. അഭിമാനം പണയപ്പെടുത്തി എസ്എഫ്‌ഐ ക്രിമിനലുകള്‍ക്ക് മുമ്പില്‍ കീഴൊതുങ്ങി നില്‍ക്കാനും ഇരിക്കാന്‍ പറയുമ്പോള്‍ ഇഴയാനും പറ്റുന്ന കുറച്ച് സര്‍ഗാത്മകവാദികളെ കാമ്പസില്‍ നിങ്ങള്‍ക്ക് കാണാനായേക്കും. എന്നാല്‍ ബഹുഭൂരിഭാഗം വിദ്യാര്‍ഥികളും അഭിമാനബോധമുള്ളവരാണ്. ഒരവസരം കിട്ടിയാല്‍ എസ്എഫ്‌ഐയുടെ ഈ അശ്ലീലതക്ക് എതിരെ അവര്‍ പ്രതികരിക്കും. അഭിമാനബോധമുള്ള ഒരു സംഘടന എന്ന നിലക്ക് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അത് ജനുസ്സിലെ ഉണ്ടെന്ന് മാത്രം.

എ എസ് മുസമ്മില്‍
സംസ്ഥാന ജനറല്‍ സെക്രട്ടറി
കാമ്പസ് ഫ്രണ്ട്

സമുദായ നേതാക്കന്മാര്‍ എന്ന് പറഞ്ഞുനടക്കുന്ന തൊപ്പി വെച്ചവരും അല്ലാത്തവരുമായ റിംഗിള്‍ഫ്രീ തൂവെള്ള വസ്ത്രധാരികള്‍ക്ക് ഈ ‘പോക്കറ്റടി’ ഉപജീവന മാര്‍ഗമോ നൈസര്‍ഗിക ഭാവമോ ആയിരിക്കും. എന്നാല്‍, മജ്ജയും മാംസവുമുള്ള, വിശപ്പും ദാഹവുമുള്ള, ജീവിതം മടുത്തിട്ടില്ലാത്ത സമുദായത്തിലെ ദുര്‍ബലരായ കുട്ടികള്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും വൃദ്ധന്മാര്‍ക്കും അങ്ങിനെ ചിന്തിക്കാന്‍ വയ്യല്ലോ. അഭിമന്യുവിന്റെ നെഞ്ചിനേറ്റ ഒറ്റക്കുത്ത് മാത്രമല്ല തീവ്രവാദമെന്നോര്‍ക്കണം. ഈയൊരു തിരിച്ചറിവ് ഇരകള്‍ക്കുണ്ടാവുക മാത്രമാണ് രക്ഷപ്പെടാനുള്ള ഒരേയൊരു പഴുത്. അത് മാപ്ലസഖാവായാലും ശരി സുഖിയന്‍ മുസ്‌ലിമായാലും ശരി. ഇല്ലാത്ത തീവ്രവാദത്തിനെതിരെ ആംപിയര്‍ കൂട്ടി തൊണ്ട കീറിയതു കൊണ്ടോ ദുരന്തഭൂമിയിലെ പോക്കറ്റടിക്കാരന്റെ ദൗത്യം നിര്‍വഹിച്ചതുകൊണ്ടോ ഈ സമുദായത്തിന്റെ മക്കളോ പേരക്കുട്ടികളോ രക്ഷപ്പെടാന്‍ പോവുന്നില്ല. അലിജാ ഇസ്സത്ത് ബെഗോവിച്ച് പറഞ്ഞതത്രെ സത്യം. നമ്മുടെ മക്കളെ വിനയാന്വിതരായി വളര്‍ത്തുന്നതിലല്ല കാര്യം; പ്രത്യുത നീതിബോധമുള്ളവരും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നവരുമായ ധീരന്മാരാക്കി വളര്‍ത്തുക നാം.

പോപുലര്‍ഫ്രണ്ടിനോടൊപ്പം,
അബൂതമീം.
(പ്രൊഫസര്‍ പി. കോയയുടെ ഫേസ് ബുക്ക് പേജില്‍ നിന്ന് പകര്‍ത്തിയത്. ദീര്‍ഘമായ പ്രസ്താവനയില്‍ പ്രസക്തമെന്ന് വ്യക്തിപരമായി തോന്നിയ ഭാഗങ്ങള്‍. കൂട്ടിച്ചേര്‍ക്കലുകള്‍ ഇല്ലാത്തത്.)

ഒറ്റക്കുത്തിന് ഹൃദയം പിളര്‍ത്തിയാണ് അവര്‍ അഭിമന്യുവിനെ കൊന്നത്. വിശപ്പും അലച്ചിലും സ്വപ്‌നങ്ങളും മിടിപ്പുകൂട്ടിയിരുന്ന ആ കുട്ടിയുടെ നെഞ്ചില്‍ നിന്ന് വലിച്ചൂരിയ കത്തി അവര്‍ എന്ത് ചെയ്തു എന്ന് അറിയുമോ? കേരളീയ സമൂഹത്തിന്റെ കാല്‍പ്പങ്ക് വരുന്ന വിശ്വാസി മുസ്‌ലിമിന്റെ പിന്‍കഴുത്തില്‍ ആഴ്ത്തി! ഉഗ്രവും അപ്രതീക്ഷിതവും ഭയാനകവുമായ ആ മുറിവിനാല്‍ ശിരസുതാഴ്ത്തിയ വിശ്വാസി മുസ്‌ലിമിന്റെ ചോരയില്‍ ചവിട്ടിയാണ് പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ വധാനന്തര ചൊല്‍ക്കാഴ്ചകള്‍ ചുറ്റും പടരുന്നത്. പോക്കറ്റടിക്കാരെന്നും റിംഗിള്‍ ഫ്രീ തൂവെള്ള വസ്ത്രധാരികളെന്നും സര്‍ഗാത്മകവാദികളെന്നും സുഖിയന്‍ മുസ്‌ലിമെന്നും അവര്‍ ആക്ഷേപിക്കുന്ന വിശ്വാസി മുസ്‌ലിം പതിറ്റാണ്ടുകളായുള്ള സംവാദവും സഹവര്‍ത്തിത്തവും കൊണ്ട് സാധ്യമാക്കിയ ബഹുസ്വര സാമൂഹികതയുടെ ഇത്തിരിക്കുടിലുകളിലേക്കാണ് ആ ‘അഭിമാനികളുടെ കൂട്ടം’ ആ കത്തി നീട്ടിയെറിഞ്ഞത്. എത്ര വില കൊടുക്കേണ്ടി വരും ഈ കൊലപാതകത്തിന് കേരളത്തിലെ വിശ്വാസി മുസ്‌ലിം സമൂഹം? അവരാല്‍ അല്ലാത്ത ചെയ്തികള്‍ക്ക്, അവര്‍ക്ക് പങ്കാളിത്തമോ പൊരുത്തമോ അഭിപ്രായഐക്യം പോലുമോ ഇല്ലാത്ത ചെയ്തികള്‍ക്ക് പതിറ്റാണ്ടുകളായി അവര്‍ കൊടുത്തുകൊണ്ടിരിക്കുന്ന അന്തമില്ലാത്ത വിലകളുടെയും അനുഭവിക്കുന്ന കൊടിയ അനീതികളുടെയും അവസാനിക്കാത്ത കണക്കുപുസ്തകത്തിലേക്കാണ് അവരില്‍പ്പെട്ടവരല്ല എന്ന് അവര്‍ വിലപിച്ചുകൊണ്ടും ചകിതരായിക്കൊണ്ടും തള്ളിപ്പറയുന്ന ഒരു ചെറിയകൂട്ടം അഭിമന്യുവിന്റെ പിളര്‍ന്ന ചങ്കിനെയും എടുത്ത് വെച്ചത്.

വൈകാരികതയുടെ തള്ളിച്ചകൊണ്ടുള്ള അതിവാദമായി തോന്നുന്നുണ്ടോ? അല്ല. തികച്ചും സ്വാഭാവികമാണ്. അത്രമേല്‍ വൈകാരികമാണ് പോയനാളുകളില്‍ കേരളീയസമൂഹം. അഭിമന്യുവിന്റേതായി പുറത്തുവരുന്ന ഓരോ വാര്‍ത്തകളും പ്രതിഷേധങ്ങളുടെ കനലൂതുകയാണ്. എന്തുകൊണ്ടാണത്? കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമോ കേരളത്തിലെ ആദ്യത്തെ നിഷ്ഠൂര കൊലപാതകമോ കേരളത്തിലെ ആദ്യത്തെ കാമ്പസ് കൊലപാതകമോ അല്ല അഭിമന്യുവിന്റേത്. കൊല്ലപ്പെടുന്ന ആദ്യത്തെ പ്രതിഭാശാലിയുമല്ല അഭിമന്യു. പിന്നെ എന്താവാം ഈ ജ്വലനത്തിന്റെ കാരണം?

ആ കാരണത്തിലാണ് വരുംനാളുകളില്‍ വിശ്വാസി മുസ്‌ലിമും അവരുടെ വിവിധ സംഘടനകളും നാനാതരം പ്രവര്‍ത്തനങ്ങളും നേരിടാന്‍ പോകുന്ന പ്രതിസന്ധികള്‍ ഒളിയിരിക്കുന്നത്. അതിനെക്കുറിച്ചാണ് നാമിപ്പോള്‍ സംസാരിക്കുന്നത്. അഭിമന്യുവിന്റെ കൊലപാതകം എങ്ങിനെയാണ് ഒരു മുസ്‌ലിം പ്രശ്‌നമായി മാറിത്തീരുന്നത് എന്ന്. മുസ്‌ലിം പ്രശ്‌നമോ? അതെ. അതിന്റെ സൂചനകള്‍ ജൂലായ് ഒമ്പതിലെ ദേശാഭിമാനി ഉള്‍പ്പടെയുള്ള ദിനപ്പത്രങ്ങളുടെ എഡിറ്റ് പേജിലുണ്ട്. എളമരം കരീം എന്ന ൈബലൈനില്‍. സി.പി.എമ്മിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കാമ്പസില്‍ നടന്ന കൊലപാതകത്തെക്കുറിച്ച് എളമരം കരീം ലേഖനമെഴുതുന്നത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ അദ്ദേഹം പതിറ്റാണ്ടുകളായി സി.ഐ. ടി.യു രംഗത്താണ്. അതിന്റെ ദേശീയ ചുമതലയുള്ള ആളാണ്. അദ്ദേഹമല്ല വിദ്യാര്‍ത്ഥി വിഷയത്തില്‍ സി.പി.എമ്മിന്റെ നിലപാട് ലേഖനമായി എഴുതാറ്. തിരിഞ്ഞോ? ഇവര്‍ മുസ്‌ലിങ്ങളുടെ ശത്രു എന്ന പേരില്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ച സമ്പൂര്‍ണ ടെക്‌സ്റ്റില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ചരിത്രവും അവര്‍ കേരളത്തില്‍ നടത്തിയ വര്‍ഗീയാക്രമണങ്ങളുടെ നാള്‍വഴികളും എണ്ണിയെണ്ണി അവതരിപ്പിക്കുന്നുണ്ട്. ആ അവതരിപ്പിക്കലിനൊടുവിലെ തീര്‍പ്പിലാണ് മുസ്‌ലിംകളുടെ ശത്രു എന്ന പ്രയോഗം വരുന്നത്. കേരളത്തിലെ ഏറ്റവും വലിയ സംഘടിത രാഷ്ട്രീയ കക്ഷിയായ സി.പി.എം പോപ്പുലര്‍ ഫ്രണ്ട് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ നേരിടാനൊരുങ്ങുന്നു എന്നത് മാത്രമല്ല ആ ലേഖനത്തിന്റെ രാഷ്ട്രീയ പ്രധാന്യം. സി.പി.എമ്മിനുള്ളിലെ മുസ്‌ലിംനാമധാരിയെ ആ നേരിടലിന്റെ കേന്ദ്രസ്ഥാനത്ത് അവരോധിച്ചിരിക്കുന്നു എന്നതുമാണ്.

വരും നാളുകളില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ സി.പി.എം തുറന്നേക്കാവുന്ന സമരമുഖങ്ങള്‍ ആത്യന്തികമായി ആരെയാണ് ബാധിക്കുക എന്ന് അറിയാമോ? പോപ്പുലര്‍ഫ്രണ്ടിന്റെ ഒന്നാം നമ്പര്‍ ശത്രുവായ വിശ്വാസി മുസ്‌ലിമിനെ. അതെങ്ങനെ എന്ന് നെറ്റി ചുളിഞ്ഞുവോ? അതിനുത്തരം ഹാദിയക്കാലത്ത് പുറത്ത് വന്ന ഹാദിയയുടെ അമ്മയുടെ വാക്കുകളിലുണ്ട്. ഞങ്ങളിതുവരെ അങ്ങനെ മുസ്‌ലിംകളെ ഒന്നും കണ്ടിട്ടില്ല എന്ന അതിനിഷ്‌കളങ്കവും സത്യവുമായ ഒരു വാചകമായിരുന്നു അത്. ഹാദിയ? അതേ, പോപ്പുലര്‍ഫ്രണ്ടും ജമാഅത്തെ ഇസ്‌ലാമിയും പോസ്റ്റ് മോഡേണിസ്റ്റുകളായി നടിക്കുന്ന എടുത്തുചാട്ടക്കാരും സൈബര്‍ ലിബറലുകളും ആളിക്കത്തിച്ച ഹാദിയക്കേസ്. വിശ്വാസി ഇസ്‌ലാമിന്റെ ബഹുസ്വരവും സഹവര്‍ത്തിത്തത്തിലും സമാധാനത്തിലും അധിഷ്ഠിതമായതുമായ പൊതുജീവിതത്തിന് പൊളിറ്റിക്കല്‍ ഇസ്‌ലാമും കൂട്ടുകച്ചവടക്കാരും നല്‍കിയ മറ്റൊരു ‘സമ്മാനം.’
മുസ്‌ലിം അപരിചിതത്വം ധാരാളമായുള്ള ഒരു സമൂഹമാണ് കേരളം. കേരള ജനസംഖ്യയുടെ 26 ശതമാനം വരുന്ന മുസ്‌ലിം സമൂഹം സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങളാല്‍ പ്രദേശപരമായി കേരളത്തില്‍ സാര്‍വത്രികമല്ല. അത് ഒരു തെറ്റോ അമ്പരപ്പുണ്ടാക്കേണ്ട കണക്കോ അല്ല. ലോകത്തില്‍ എല്ലാ വിശ്വാസബദ്ധ മതസമൂഹങ്ങളിലും അത്തരം പ്രദേശപരമായ പ്രവണതയുണ്ട്. വിശ്വാസത്തിന്റെ ദൃഢതയും വിശ്വാസി ജീവിതത്തിന്റെ ചില അനിവാര്യതകളും കൊണ്ട് സാമൂഹികമായ വലിയ കലക്കങ്ങള്‍ കേരളത്തിലെ ഇസ്‌ലാമില്‍ വേണ്ടത്ര സംഭവിച്ചിട്ടില്ല. അതിനാല്‍ അഭിമന്യു വധാനന്തരം പോപ്പുലര്‍ ഫ്രണ്ടിനെതിരെ സി.പി.എം തുറക്കാന്‍ പോകുന്ന, ഡി.വൈ.എഫ്.ഐ തുറന്നുകഴിഞ്ഞ സമരമുഖം ഞങ്ങള്‍ക്കെതിരല്ല എന്ന് ദിനേന സാക്ഷ്യപ്പെടുത്തേണ്ട ഒരു വലിയ ഗതികേട് വിശ്വാസി മുസ്‌ലിമിനെ കാത്തിരിക്കുന്നുണ്ട്. കാരണം കേരള മുസ്‌ലിംകളില്‍ വിരല്‍ ശതമാനം പോലുമില്ലാത്ത രാഷ്ട്രീയ ഇസ്‌ലാമിന്റെ വര്‍ഗീയവും സ്വത്വവാദപരവുമായ നിലപാട് കേരളത്തിലെ മതേതരര്‍ മുഴുവന്‍ മുസ്‌ലിമിന്റെയും കണക്കില്‍ എഴുതിയിട്ടുള്ളതിന് കാലം സാക്ഷിയാണ്. അവരുടെ മേല്‍ത്തട്ട് ബൗദ്ധികതയുടെയും പാരിസ്ഥിതിക ആക്ടിവിസത്തിന്റെയും വര്‍ണക്കടലാസുകളില്‍ പൊതിഞ്ഞ പ്രസിദ്ധീകരണങ്ങളും സമ്പന്നമായ പ്രചാരണവും കൊണ്ട് ഞങ്ങളാണ് മുഴുവന്‍ ഇസ്‌ലാമും എന്ന വ്യാജ പ്രതീതി ആവോളം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ‘വര്‍ഗീയത തുലയട്ടേ’ എന്ന് അഭിമന്യുവിനെ പതാകയാക്കി സി.പി.എം മുഴക്കുന്ന മുദ്രാവാക്യത്തെ മുസ്‌ലിംകള്‍ തുലയട്ടെ എന്ന് പരിഭാഷപ്പെടുത്താന്‍ എളുപ്പമാണെന്നര്‍ഥം. അതിനുള്ള കച്ചകെട്ടല്‍ സംഘപരിവാര്‍ തുടങ്ങിയെന്നും അറിയുക. ആരാണ് ഈ അവസ്ഥക്ക് ഉത്തരവാദി?

മുസ്‌ലിം ബുദ്ധിജീവിയായിരുന്ന അസ്ഗറലി എഞ്ചിനീയറുടെ ആത്മകഥയില്‍ ഈ ചോദ്യത്തിന് ഒരു ഉത്തരമുണ്ട്. 1984-ല്‍ വാജ്‌പേയിയുടെ നേതൃത്വത്തില്‍ ബി.ജെ.പിക്കുണ്ടായ തിരഞ്ഞെടുപ്പ് പരാജയം ഓര്‍ക്കുക. ജനസമ്മിതി തരിമ്പുമില്ലെന്ന് തിരിച്ചറിഞ്ഞ ബി.ജെ.പി പാമ്പിനെ ചവിട്ടിയാല്‍ എന്ന വണ്ണം പരിഭ്രാന്തരായ കാലം. അവര്‍ വര്‍ഗീയ നിലപാടുകള്‍ കര്‍ക്കശമാക്കി. അക്കാലത്ത് തമിഴ്‌നാട്ടിലെ മീനാക്ഷിപുരത്ത് ഇസ്‌ലാമിലേക്ക് കൂട്ട മതംമാറ്റം നടന്നിരുന്നു. തേവര്‍ സമുദായത്തിന്റെ പീഢനങ്ങളില്‍ പ്രതിഷേധിച്ചാണ് മീനാക്ഷിപുരത്തെ ദളിതുകള്‍ ഇസ്‌ലാമിനെ ആശ്ലേഷിച്ചത് എന്നതായിരുന്നു യാഥാര്‍ത്ഥ്യം. എന്നാല്‍ ബി.ജെ.പി അതിനെ രാഷ്ട്രീയമായി ഉപയോഗിച്ചു. വര്‍ഗീയത കത്തിച്ചു. അപ്പോഴാണ് ഷാബാനു കേസ് വരുന്നത്. ബി.ജെ.പി അതും ആയുധമാക്കി. ഒരു പറ്റം മുസ്‌ലിം നേതാക്കള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന കാലം കൂടിയാണത്. അസ്ഗറലി എഴുതുന്നു: ”ഗുരുതരമായ വര്‍ഗീയ വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴും സമുദായത്തിന്റെ നേതാക്കന്‍മാര്‍ തികഞ്ഞ അവിവേകികളെപ്പോലെയാണ് പെരുമാറിയത്. സയ്യിദ് ശഹാബുദ്ദീന്‍ ഒരു ഉദാഹരണം. റിപ്പബ്ലിക് ദിനം ബഹിഷ്‌കരിക്കാനാണ് അദ്ദേഹം മുസ്‌ലിംകളെ ആഹ്വാനം ചെയ്തത്. ഇത് സാധാരണഗതിയില്‍ മുസ്‌ലിം ന്യൂനപക്ഷത്തോട് സഹഭാവം പ്രകടിപ്പിച്ചിരുന്ന മതേതര ഹിന്ദുക്കളെപ്പോലും പ്രേേകാപിപ്പിച്ചു.

ശഹാബുദ്ദിനെപ്പോലുള്ള നേതാക്കന്‍മാര്‍ സമൂര്‍ത്തമായ സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങളെ മറന്നാണ് മുസ്‌ലിം വ്യക്തിനിയമം, അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി, ഉര്‍ദുവിനോടുള്ള അവഗണന തുടങ്ങിയ അത്യന്തം വൈകാരികമായ പ്രശ്‌നങ്ങളെ ഉയര്‍ത്തിപ്പിടിച്ചത്. സ്വന്തം നേട്ടങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു അത്തരക്കാരുടെ നീക്കം. അന്നത്തെ വൈകാരിക നാളുകളില്‍ മുസ്‌ലിംകളില്‍ പലരും എന്നെ സംശയ ദൃഷ്ടിയോടെയാണ് നോക്കിയിരുന്നത്. ചിലര്‍ ഞാന്‍ മുസ്‌ലിം വിരുദ്ധനാണെന്നുപോലും വിധിച്ചു. പില്‍ക്കാലത്ത് ബാബരി മസ്ജിദ് തകര്‍ക്കപ്പെടുകയും നൂറുകണക്കിന് മുസ്‌ലിംകള്‍ കൊല്ലപ്പെടുകയും ചെയ്തപ്പോഴാണ് നിരുത്തരവാദികളും സാഹസികരുമായ നേതാക്കന്‍മാര്‍ തങ്ങളെവെച്ച് രാഷ്ട്രീയം കളിക്കുകയായിരുന്നു എന്ന് മുസ്‌ലിംകള്‍ തിരിച്ചറിഞ്ഞത്.” ഉദ്ധരണി അല്‍പം നീണ്ടെങ്കിലും പ്രസക്തമാണ്. രാമജന്‍മഭൂമി-ബാബരി മസ്ജിദ് പ്രശ്‌നം ഒരു ഹിന്ദു മുസ്‌ലിം പ്രശ്‌നമായല്ല, മറിച്ച് വര്‍ഗീയതക്കെതിരായ മതേതര രാഷ്ട്രീയത്തിന്റെ പോരാട്ടമായി വേണം മനസിലാക്കാന്‍ എന്ന് വാദിച്ചയാളാണ് അസ്ഗറലി എഞ്ചിനീയര്‍ എന്നും മറക്കരുത്. സയ്യിദ് ശഹാബുദ്ദീന്റെ തുടര്‍ച്ചയും വളര്‍ച്ചയുമാണ് ജമാഅത്തെ ഇസ്‌ലാമിയും അവര്‍ സൃഷ്ടിച്ച സിമിയും അതിന്റെ രൂപാന്തരങ്ങളായ എന്‍.ഡി.എഫുമെല്ലാം എന്ന് പറയേണ്ടതില്ല. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ കുത്തിവെച്ച ഉദ്ധരണികളുടെ സ്വഭാവം പരിശോധിക്കാം. വ്യാജമായ അഭിമാന പ്രഘോഷണമാണത്. ആ പ്രവണതയുടെ തുടക്കങ്ങളില്‍ ഒന്ന് ശഹാബുദ്ദീനിലാണ്. എണ്‍പതുകളുടെ പകുതി മുതല്‍ മൗദൂദിസത്തിന്റെ മറപറ്റി പൊളിറ്റിക്കല്‍ ഇസ്‌ലാം വിശ്വാസി മുസ്‌ലിമിന് മേല്‍ നടത്തുന്ന പരാക്രമങ്ങളുടെയും ഒറ്റുകളുടെയും തുടര്‍ച്ചയാണ് മഹാരാജാസിലെ ചങ്ക് പിളര്‍ക്കല്‍ എന്നും വായിക്കാം. മൂന്ന് പതിറ്റാണ്ടിനിടെ ഇന്ത്യന്‍ മുസല്‍മാന്‍ ഗുജറാത്തില്‍ ഉള്‍പ്പെടെ അനുഭവിച്ച കൊടുംയാതനകളുടെ പിതൃത്വം മറ്റെവിടെയാണ് തിരയേണ്ടത്?

കാമ്പസിലേക്ക് മടങ്ങാം. അവിടെയാണല്ലോ ചോരയുണങ്ങാത്തത്. അഭിമന്യുവിന്റെ രക്തം കാമ്പസുകളില്‍ സൃഷ്ടിക്കാന്‍ പോകുന്ന പ്രകമ്പനങ്ങളുടെ സൂചനകള്‍ പുറത്ത് വന്നുതുടങ്ങി. മധ്യ-ഉപരിവര്‍ഗത്തിന് സത്താപരമായി മേല്‍ക്കൈ ഉള്ള ഇടങ്ങളാണ് കാമ്പസുകള്‍. രാഷ്ട്രീയ ബോധ്യങ്ങളിലേക്ക് സഞ്ചരിച്ച് തുടങ്ങുന്നവര്‍. പതിറ്റാണ്ടായി കേരളത്തിലെ കാമ്പസ് രാഷ്ട്രീയം പിന്‍നടത്തത്തിലാണ്. അധ്യാപകരുടെ പിടിമുറുക്കം ഒരു കാരണം. സെമസ്റ്ററും പ്രീഡിഗ്രിയുടെ അഭാവവും മറ്റൊന്ന്. മൃദു-ഉഗ്ര ഹിന്ദുത്വത്തിന് ചിഹ്‌ന മേല്‍ക്കൈ ഉണ്ട് മുഴുവന്‍ കാമ്പസുകളിലും. അവര്‍ വിരാജിക്കുന്ന സാംസ്‌കാരിക ഇടങ്ങളില്‍ ഭൂരിപക്ഷവും ഹൈന്ദവമാണ്. അവിടേക്കാണ് അഭിമന്യു എന്ന പേരായ, കാമ്പസിലെ പൊളിറ്റിക്കലും പൊയറ്റിക്കലുമായ നൊസ്റ്റാള്‍ജിയക്ക് പൂര്‍ണമായി ചേക്കേറാന്‍ കഴിയുന്ന ഭൂത വര്‍ത്തമാനങ്ങളുള്ള, ഒരു വിദ്യാര്‍ത്ഥിയുടെ രക്തസാക്ഷി ജീവിതം െചന്നുചേരുന്നത്. സ്വതവേ ഇസ്‌ലാം അപരമായ ഭൂരിപക്ഷ കാമ്പസുകളില്‍ അതുണ്ടാക്കാന്‍ പോകുന്ന ആഘാതം എന്തായിരിക്കും? സമ്പന്നരായ സവര്‍ണമെന്ന് വിളിക്കാവുന്ന ചെറുന്യൂനപക്ഷമാണ് കാമ്പസ് ഫ്രണ്ട് എന്ന്, അതിന്റെ പൂര്‍വ പതിപ്പാണ് ജമാഅത്തെ ഇസ്‌ലാമി എന്ന് എത്ര പറഞ്ഞാലാണ് കാമ്പസ് ഇനി കേള്‍ക്കുക.? ബാക്കി ബഹുഭൂരിപക്ഷവും ഈ പൊളിറ്റിക്കല്‍ ഇസ്‌ലാം എന്നേ ശത്രു ആയി പ്രഖ്യാപിച്ച വിശ്വാസി മുസ്‌ലിമാണെന്ന് ആരാണ് അവരെ ബോധ്യപ്പെടുത്തുക? കാമ്പസിലെ സാമാന്യ മുസ്‌ലിം ഏതെല്ലാം സാക്ഷ്യങ്ങളാണ് ഈ ഒറ്റക്കുത്തിന്റെ പേരില്‍ അണിയേണ്ടി വരിക?

തീര്‍ന്നില്ല, അഭിമന്യുവിനെ കുത്തിയ കത്തി ഇനി നീളുന്ന മറ്റൊരു വിഭാഗമുണ്ട്. അത് ദളിതരാണ്. വേദികളും വ്യാജമായ പിന്തുണകളും വഴി ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടും ഉള്‍പ്പടെയുള്ള പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റുകള്‍ കടന്നുകയറിയ ജീവിതമണ്ഡലമുണ്ട് കേരളീയ ദളിത് സമൂഹത്തില്‍. സവര്‍ണ ലിബറല്‍ ബുദ്ധിജീവികളെ വലയിട്ടും വരിയിട്ടും പിടിച്ച് മുന്നില്‍ നിര്‍ത്തി ഉണ്ടാക്കിയ സ്വീകാര്യതയുടെ ബലത്തിലാണ് അവര്‍ ചെങ്ങറ മുതല്‍ വടയമ്പാടി വരെ കടന്നുചെന്ന് ദളിതമായത്. അഭിമന്യുവിനെ കൊന്നത് തെറ്റ്. പക്ഷേ, എല്ലാ കൊലയും തെറ്റായിരുന്നല്ലോ? കാമ്പസ് ഫ്രണ്ട് ചെയ്തത് തെറ്റ്. പക്ഷേ, എസ്.എഫ്.ഐ തെറ്റായിരുന്നല്ലോ എന്ന ഗതികെട്ട ന്യായങ്ങളിലേക്ക് ദളിത് ചിന്തകര്‍ക്ക് വീഴേണ്ടി വന്നത് ഓര്‍ക്കുക.

അതിനാല്‍, സമാധാനം സമാധാനമെന്ന് അലമുറയിടുന്ന ഒരു ജനതയെ, അവര്‍ പ്രാണനോളം ചേര്‍ക്കുന്ന മതത്തെ ഉപയോഗിച്ച് ഒറ്റുകൊടുത്ത നിമിഷത്തെക്കൂടിയാണ് കേരള ചരിത്രം ഇനി അഭിമന്യു എന്ന് വായിക്കുക.

ബിനോജ് സുകുമാരന്‍

You must be logged in to post a comment Login