ഇന്ത്യന്‍ മിലിട്ടറി കോളജ്:പരീക്ഷ ഡിസംബറില്‍

ഇന്ത്യന്‍ മിലിട്ടറി കോളജ്:പരീക്ഷ ഡിസംബറില്‍

ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്കുളള പ്രവേശന പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലെ പരീക്ഷാകമ്മീഷണറുടെ ഓഫീസില്‍ ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ നടത്തും. ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. 2019 ജൂലായ് ഒന്നിന് അഡ്മിഷന്‍ സമയത്ത് അംഗീകാരമുളള ഏതെങ്കിലും വിദ്യാലയത്തില്‍ ഏഴാം ക്ലാസില്‍ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 2006 ജൂലായ് രണ്ടിന് ശേഷമോ 2008 ജനുവരി ഒന്നിന് മുന്‍പോ ജനിച്ചവരായിരിക്കണം. പ്രവേശനം നേടിയതിനുശേഷം ജനനതീയതിയില്‍ മാറ്റം അനുവദിക്കില്ല.

പ്രവേശന പരീക്ഷയ്ക്കുളള അപേക്ഷ ഫോമും വിവരങ്ങളും, മുന്‍ വര്‍ഷങ്ങളിലെ ചോദ്യ പേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജില്‍ അപേക്ഷിക്കാം. പരീക്ഷ എഴുതുന്ന ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് 600 രൂപയ്ക്കും എസ്.സി/എസ്.ടി വിഭാഗത്തിലെ കുട്ടികള്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷിക്കുമ്പോള്‍ 555 രൂപയ്ക്കും അപേക്ഷ സ്പീഡ് പോസ്റ്റില്‍ ലഭിക്കും. അപേക്ഷ ലഭിക്കുന്നതിന് ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജ്, ഡെറാഡൂണ്‍, ഡ്രായീ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെല്‍ ഭവന്‍ ഡെറാഡൂണ്‍ (ബാങ്ക് കോഡ് 01576) എന്ന വിലാസത്തില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് എടുത്ത് കത്ത് സഹിതം ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജ്, ഡെറാഡൂണ്‍, ഉത്തരാഞ്ചല്‍ 248003 എന്ന വിലാസത്തില്‍ അയയ്ക്കണം.

കേരളത്തിലും ലക്ഷദ്വീപിലും ഉള്ള അപേക്ഷകര്‍ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജില്‍ നിന്നും ലഭിക്കുന്ന നിര്‍ദിഷ്ട അപേക്ഷകള്‍ പൂരിപ്പിച്ച് സെപ്റ്റംബര്‍ 30നകം ലഭിക്കുന്ന തരത്തില്‍ സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ അയയ്ക്കണം.
ഡെറാഡൂണ്‍ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജില്‍ നിന്നും ലഭിച്ച നിര്‍ദിഷ്ട അപേക്ഷാഫോറം (രണ്ട് കോപ്പി), പാസ്‌പോര്‍ട്ട് വലിപ്പത്തിലുളള മൂന്ന് ഫോട്ടോകള്‍ ഒരു കവറില്‍ ഉള്ളടക്കം ചെയ്തത്, ജനന മരണ രജിസ്ട്രാര്‍ നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, സ്ഥിരമായ വാസസ്ഥലം സംബന്ധിക്കുന്ന സര്‍ട്ടിഫിക്കറ്റ് (സ്റ്റേറ്റ് ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ്), കുട്ടി നിലവില്‍ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിര്‍ദിഷ്ട അപേക്ഷാ ഫോറം സാക്ഷ്യപ്പെടുത്തുന്നതോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനനതീയതി അടങ്ങിയ കത്തും സാക്ഷ്യപ്പെടുത്തിയത്, പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ രണ്ട് പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം നല്‍കണം.

എന്‍ട്രന്‍സ് പരിശീലനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സഹായത്തോടെ ഫ്രീകോച്ചിംഗ് ആന്‍ഡ് അലൈഡ് സ്‌കീം പദ്ധതിയില്‍ ആറ് മാസം ദൈര്‍ഘ്യമുളള മെഡിക്കല്‍/എഞ്ചിനീയര്‍ എന്‍ട്രന്‍സ് കോച്ചിംഗ് നടത്തും. കോഴ്‌സ് തികച്ചും സൗജന്യമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി പ്രതിമാസം 2500 രൂപ വീതം സ്‌റ്റൈപ്പന്റ് ലഭിക്കും. 2019 ല്‍ മെഡിക്കല്‍/എഞ്ചിനീയര്‍ എന്‍ട്രന്‍സ് പ്രവേശന പരീക്ഷ എഴുതുവാന്‍ തയാറെടുക്കുന്ന പ്ലസ്ടു കഴിഞ്ഞതോ 2018-19 അദ്ധ്യായനവര്‍ഷം പ്ലസ്ടു പഠിക്കുന്നതോ ആയ ന്യൂനപക്ഷ (മുസ്‌ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധിസ്റ്റ്, പാര്‍സി, ജൈന്‍) വിഭാഗത്തില്‍പ്പെട്ടവരും കുടുംബവാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കുറവുളളവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ വിശദമായ ബയോഡാറ്റ (ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി) സഹിതം ഹാജരാകണം. വിലാസം കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അംബേദ്കര്‍ ബില്‍ഡിംഗ് (മൂന്നാം നില), റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്. ഫോണ്‍ : 8129650687/04952301772.

ബനാറസ് സര്‍വകലാശാലയില്‍ ആയുര്‍വേദം പഠിക്കാം
ഉത്തര്‍പ്രദേശിലെ വാരണാസിയിലുള്ള ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ബാച്ചിലര്‍ ഓഫ് ആയുര്‍വേദിക് മെഡിസിന്‍ ആന്‍ഡ് സര്‍ജറി (ബി.എ.എം.എസ്.) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം. സര്‍വകലാശാലയുടെ രാജീവ്ഗാന്ധി സൗത്ത് കാമ്പസില്‍ (ബര്‍ക്കച്ച, മിര്‍സാപൂര്‍) സ്വാശ്രയ അടിസ്ഥാനത്തില്‍ നടത്തുന്ന ബാച്ചിലര്‍ ഓഫ് നേച്ചറോപ്പതി ആന്‍ഡ് യോഗിക് സയന്‍സിലെ (ബി.എന്‍.വൈ.എസ്.) പ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

അപേക്ഷകര്‍ ഇന്റര്‍മീഡിയറ്റ് സയന്‍സ് പ്രീമെഡിക്കല്‍ കോഴ്‌സ്/പ്ലസ്ടുതല പരീക്ഷ/തത്തുല്യപരീക്ഷ ജയിച്ചിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ പഠിച്ചിരിക്കുകയും അവയ്ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കുകയും വേണം. ഭിന്നശേഷിക്കാര്‍ക്ക് 45 ശതമാനവും എസ്.സി.,എസ്.ടി., ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 40ശതമാനവും മാര്‍ക്ക് മതി.

2018 ഡിസംബര്‍ 31ന് 17 വയസ്സ് അപക്ഷേകര്‍ പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധി 2018 മേയ് ആറിന് 25 വയസ്സാണ്. എസ്.സി., എസ്.ടി., ഒ.ബി.സി., അംഗപരിമിത വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 5 വര്‍ഷത്തെ ഇളവുകിട്ടും.

അപേക്ഷകര്‍ 2018 ലെ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) അണ്ടര്‍ഗ്രാജ്വേറ്റ് പരീക്ഷയില്‍ യോഗ്യത നേടിയിരിക്കണം. കോഴ്‌സുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 2018 ലെ നീറ്റ്-യു.ജി. റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ശാരീരികക്ഷമതാ പരിശോധന വിജയകരമായി പൂര്‍ത്തിയാക്കണം.

അപേക്ഷ www.imsbhu.formzero.in എന്ന വെബ്‌സൈറ്റ് വഴി, ഓണ്‍ലൈനായി ഓഗസ്റ്റ് 14 വരെ നല്‍കാം. ജനറല്‍/ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 1000 രൂപയാണ് രജിസ്‌ട്രേഷന്‍ഫീസ്’. എസ്.സി.,എസ്.ടി വിഭാഗക്കാര്‍ക്ക് 750 രൂപയും. ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയോ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴിയോ ഫീസടയ്ക്കാം.

കൈ വൈ പി വൈ ഫെലോഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം
അടിസ്ഥാന ശാസ്ത്രവിഷയങ്ങളിലെ ഗവേഷണത്തിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നല്‍കുന്ന കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന (കൈ.വൈ.പി.വൈ.) ഫെലോഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന ശാസ്ത്രവിഷയങ്ങളില്‍ ബിരുദതല, ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കാണ് ഫെലോഷിപ്പുകള്‍ നല്‍കുക. ബാച്ചിലര്‍ ഓഫ് സയന്‍സ് (ബി.എസ്‌സി./ബി.എസ്.), ബി.സ്റ്റാറ്റ്, ബി.മാത്ത്, ഇന്റഗ്രേറ്റഡ് എം.എഎസ്‌സി./എം.എസ്. പ്രോഗ്രാമുകളില്‍ പഠിക്കുന്നവര്‍ക്ക് അര്‍ഹതയുണ്ട്.

വിഷയങ്ങളുടെ പട്ടികയില്‍, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ബയോകെമിസ്ട്രി, മൈക്രോബയോളജി, സെല്‍ ബയോളജി, ഇക്കോളജി, മോളിക്യുലാര്‍ ബയോളജി, ബോട്ടണി, സുവോളജി, ഫിസിയോളജി, ബയോ ടെക്‌നോളജി, ന്യൂറോസയന്‍സസ്, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, മറൈന്‍ ബയോളജി, ജിയോളജി, ഹ്യൂമണ്‍ബയോളജി, ജനറ്റിക്‌സ്, ബയോ മെഡിക്കല്‍ സയന്‍സസ്, അപ്ലൈഡ് ഫിസിക്‌സ്, ജിയോഫിസിക്‌സ്, മെറ്റീരിയല്‍സ് സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സസ് എന്നിവയുണ്ട്. ഗവേഷണത്തില്‍ താത്പര്യമുണ്ടായിരിക്കണം. ഇന്ത്യയ്ക്കുള്ളില്‍ പഠിക്കുന്നതിനാണ് ഫെലോഷിപ്പ് നല്‍കുക. ഡിസ്റ്റന്‍സ്/കറസ്‌പോണ്ടന്‍സ് വഴി ബിരുദപഠനം നടത്താനുദ്ദേശിക്കുന്നവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.

മൂന്ന് വ്യത്യസ്ത സ്ട്രീമുകള്‍ വഴിയാണ് തിരഞ്ഞെടുപ്പിനുള്ള അര്‍ഹത നിര്‍ണയിക്കുന്നത്. പ്ലസ് വണ്‍, പ്ലസ് ടു, ബിരുദ പ്രോഗ്രാമിന്റെ ആദ്യവര്‍ഷം പഠിക്കുന്നവരെ യഥാക്രമം SA, SX, SB സ്ട്രീമുകള്‍ വഴി പരിഗണിക്കും. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാമെങ്കിലും അടിസ്ഥാന ശാസ്ത്രവിഷയത്തില്‍ ബിരുദ കോഴ്‌സിന് ചേര്‍ന്നശേഷമേ (2020-21/2019-20) അവര്‍ ഫെലോഷിപ്പിന് അര്‍ഹരാവുകയുള്ളൂ.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബിരുദതലകോഴ്‌സിന്റെ ആദ്യ മൂന്നുവര്‍ഷം, പ്രതിമാസം 5000 രൂപ നിരക്കിലുള്ള ഫെലോഷിപ്പും പ്രതിവര്‍ഷം 20000 രൂപ മൂല്യമുള്ള കണ്ടിജന്‍സി ഗ്രാന്റും ലഭിക്കും. നാലും അഞ്ചും വര്‍ഷങ്ങളില്‍ ഇത് യഥാക്രമം 7000 രൂപയും 28000 രൂപയുമായിരിക്കും. പരമാവധി 5 വര്‍ഷം അല്ലെങ്കില്‍ പ്രീപിഎച്ച്.ഡി. തലം വരെ ഫെലോഷിപ്പ് ലഭിക്കും. അക്കാദമിക് മികവ് തുടര്‍ന്നും പ്രകടമാക്കിയാല്‍ മാത്രമേ ഫെലോഷിപ്പ് മുടങ്ങാതെ ലഭിക്കുകയുള്ളൂ.
ദേശീയതലത്തില്‍ 2018 നവംബര്‍ 4ന് നടത്തുന്ന അഭിരുചി പരീക്ഷയായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ആദ്യഘട്ടം. പരീക്ഷയ്ക്ക് ഇംഗ്ലീഷ്/ഹിന്ദി ചോദ്യപേപ്പറുകള്‍ ഉണ്ടാകും.
പരീക്ഷയ്ക്ക് പ്രത്യേകിച്ച് സിലബസൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. വസ്തുനിഷ്ഠമായ അറിവ് അളക്കുന്നതിനപ്പുറം, ആശയങ്ങളെപ്പറ്റിയുള്ള ധാരണയും അപഗ്രഥനപരമായ കഴിവും അളക്കുന്ന ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. സ്‌കീമിനനുസരിച്ച് 10, 12 ആദ്യവര്‍ഷ ബിരുദ സിലബസിനെ അടിസ്ഥാനമാക്കിയായിരിക്കും പരീക്ഷ.

മുന്‍വര്‍ഷങ്ങളിലെ ചോദ്യങ്ങള്‍ www.kvpy.iisc.ernet.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ ഒരു മാതൃകാപരീക്ഷ, എല്ലാ കേന്ദ്രങ്ങളിലും പരീക്ഷയ്ക്ക് മുന്‍പായി നടത്തും. മോക്ക് പരീക്ഷയും വെബ്‌സൈറ്റില്‍ ലഭ്യമാക്കും.

2018 ഒക്ടോബര്‍ രണ്ടാംവാരത്തോടെ അഭിരുചി പരീക്ഷയുടെ അഡ്മിറ്റ്കാര്‍ഡ്, വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. പരീക്ഷാഹാളിലേക്ക് കാല്‍ക്കുലേറ്റര്‍, അനുവദിക്കില്ല. കംപ്യൂട്ടര്‍ സ്‌ക്രീനില്‍, വെര്‍ച്വല്‍ കാല്‍ക്കുലേറ്റര്‍ ലഭിക്കും.
അഭിരുചിപരീക്ഷയുടെ അടിസ്ഥാനത്തില്‍, വിദ്യാര്‍ത്ഥികളെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും. രണ്ടാംഘട്ടത്തില്‍ മുഖാമുഖം നടത്തും. അഭിരുചിപരീക്ഷയിലും ഇന്റര്‍വ്യൂവിലും ലഭിച്ച മാര്‍ക്കുകള്‍ പരിഗണിച്ചായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.

www.kvpy.iisc.ernet.in എന്ന വെബ്‌സൈറ്റ്വഴി ഓഗസ്റ്റ് 31 വരെ അപേക്ഷ നല്‍കാം. അപേക്ഷാഫീസ്, ജനറല്‍ വിഭാഗക്കാര്‍ക്ക് 1000 രൂപയും എസ്.സി.,എസ്.ടി., അംഗപരിമിത വിഭാഗക്കാര്‍ക്ക് 500 രൂപയുമാണ്. അപേക്ഷാ സമര്‍പ്പണത്തിന്റെ ഭാഗമായി അപ്‌ലോഡ് ചെയ്യേണ്ട രേഖകളുടെ പട്ടിക വെബ്‌സൈറ്റില്‍ ലഭിക്കും.

റസല്‍

You must be logged in to post a comment Login