പേ പിടിച്ച ആള്‍ക്കൂട്ടത്തെ തളയ്ക്കാന്‍ നിയമം മതിയാകുമോ?

പേ പിടിച്ച ആള്‍ക്കൂട്ടത്തെ തളയ്ക്കാന്‍ നിയമം മതിയാകുമോ?

മാല്‍കം എക്‌സ് എന്ന സവിശേഷനാമത്തില്‍ ഇന്നും ലോകം ഓര്‍ക്കുന്ന അല്‍ ഹാജ് മാലിക് അശ്ശഹ്ബാസ് എന്ന അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ വിമോചകന്‍ തന്റെ ആത്മകഥ തുടങ്ങുന്നത് താന്‍ പിറന്നുവീണ ജീവിതപരിസരത്തിന്റെ ഭ്രാന്തവും പൈശാചികവുമായ മുഖം തുറന്നുകാണിച്ചുകൊണ്ടാണ്. ”എന്നെ ഗര്‍ഭം ധരിച്ചിരുന്ന കാലത്ത് ഒരു രാവില്‍ സെബ്രാസ്‌കയിലെ ഒമാഹയിലുള്ള ഞങ്ങളുടെ വീട്ടിലേക്ക് മുഖംമൂടിധാരികളായ ഒരുപറ്റം കുക്ലക്‌സ്‌ക്ലാന്‍കാര്‍ കുതിരപ്പുറത്ത് കുതിച്ചുവന്നു പുര വളഞ്ഞു. തോക്കുകള്‍ വായുവില്‍ ചുഴറ്റി അവര്‍ അപ്പനോട് പുരക്ക് പുറത്തുവരാന്‍ ആര്‍ത്തട്ടഹസിച്ചു. അമ്മ പോയി മുന്‍വാതില്‍ തുറന്നു. നിറവയറുമായാണ് അമ്മ നില്‍ക്കുന്നതെന്ന് അവര്‍ക്കു കാണാം. മൂന്നു കൊച്ചുകുഞ്ഞുങ്ങളും താനും വീട്ടില്‍ തനിച്ചാണെന്നും അപ്പ മില്‍വാക്കി എന്ന സ്ഥലത്ത് സുവിശേഷജോലിയുമായി കഴിഞ്ഞുകൂടുകയാണെന്നും അമ്മ പറഞ്ഞു. കുക്ലക്‌സ്‌ക്ലാന്‍മാര്‍ അട്ടഹാസങ്ങളും ഭീഷണികളും മുന്നറിയിപ്പുകളും തുടര്‍ന്നുകൊണ്ടിരുന്നു. …..ഭീഷണി തുടര്‍ന്നുകൊണ്ട് കുക്ലക്‌സ്‌ക്ലാന്‍കാര്‍ കുതിരകളെ കുത്തിയിളക്കുകയും വീട്ടിനുചുറ്റും പായിപ്പിക്കുകയും ചെയ്തു. ജാലകച്ചില്ലുകളെല്ലാം അവര്‍ തോക്കിന്റെ ചട്ടകൊണ്ട് അടിച്ചുതകര്‍ത്തു. പിന്നീടവര്‍ ആളിക്കത്തുന്ന പന്തങ്ങള്‍ ആഞ്ഞുവീശിക്കൊണ്ട് വന്നപോലെതന്നെ അതിവേഗം രാത്രിയുടെ ഇരുട്ടിലേക്ക് കുതിരകളെ ഓടിച്ചുപോയി.’

ആഫ്രിക്കയില്‍നിന്ന് പിഴുതെറിയപ്പെട്ട് അമേരിക്കയില്‍ കുടിയേറിപ്പാര്‍ക്കേണ്ടിവന്ന കറുത്തവര്‍ഗക്കാരുടെ, നീഗ്രോകളുടെ, പേക്കിനാക്കള്‍ മാത്രം നിറഞ്ഞ ഇന്നലകളുടെ ഓര്‍മകളിലേക്ക് ലോകത്തെ തിരിച്ചുനടത്തിക്കുമ്പോള്‍ മാല്‍കം എക്‌സ് വെള്ളക്കാരെന്റ വംശീയ ഭ്രാന്ത് തുറന്നുവിട്ട ക്രൂരതകളോരോന്നും അക്കമിട്ട് നിരത്തുന്നുണ്ട്. ആ ക്രൂരതകളത്രയും ഏറ്റുവാങ്ങേണ്ടിവന്ന നിേഗ്രാകള്‍ ജീവിതപ്പെരുവഴിയില്‍ വെള്ളക്കാരന്റെ കൈയാല്‍ ദാരുണമായ മരണങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നപ്പോള്‍ മാര്‍ക്‌സ് ഗാര്‍വി എന്ന വിമോചകന്‍ ഒരുപായം പറഞ്ഞുകൊടുത്തു. അമേരിക്ക വെള്ളക്കാരനു വിട്ടുകൊടുത്ത് നീഗ്രോകള്‍ തങ്ങളുടെ മൂലരാജ്യമായ ആഫ്രിക്കയിലേക്ക് തിരിച്ചുപോവുക എന്ന്. മാല്‍കം എക്‌സിന്റെ പിതാവ്, ഗാര്‍വിയുടെ ഈ ആശയത്തിന്റെ പ്രചാരകനായിരുന്നു. ജീവിതാനുഭവമാണെത്ര ആ ബാപ്‌സ്റ്റിസ്റ്റ് സുവിശേഷകനെ കൊണ്ട് ഈ ദൗത്യമേറ്റെടുപ്പിച്ചത്. ആറ് സഹോദരന്മാരില്‍ നാലുപേരും ആള്‍ക്കൂട്ട ഗുണ്ടകളുടെ ആക്രമണത്തിലാണ് കൊല്ലപ്പെടുന്നത്. കട്ടിലില്‍ കിടന്നു മരിക്കാനുള്ള സൗഭാഗ്യം അമേരിക്കയിലെ കറുത്തവര്‍ഗക്കാരന് വിധിച്ചിട്ടില്ലെന്ന് അയാള്‍ക്കറിയമായിരുന്നു. ഏത് നിമിഷവും, ഏത് തെരുവിലും വെള്ളക്കാരുടെ ആള്‍ക്കൂട്ടം കറുത്തവര്‍ഗക്കാരനെ കൊന്നിടാം. പലപ്പോഴും പൊലീസും അതിനു കൂട്ടിനുണ്ടാവും. ഇതിന്റെ പേരില്‍ നിയമത്തിന്റെ കരങ്ങള്‍ നീളുകയോ കുറ്റവാളി ശിക്ഷിക്കപ്പെടുകയോ ഇല്ല. മാല്‍കം എക്‌സിന്റെ പിതാവിന് ഭയപ്പെട്ടതു പോലുള്ള മരണം ഏറ്റുവാങ്ങേണ്ടിവന്നു. പൊലീസ് നടുറോഡില്‍ തല്ലിക്കൊന്നു. അപകടമരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശവശരീരത്തിലൂടെ വാഹനമോടിച്ച് തല തല്ലിച്ചതച്ചു. തലച്ചോറ് ചിന്നിച്ചിതറി.

ആ ഓര്‍മയുടെ നിലവിളിയില്‍നിന്നാണ് കറുത്തവര്‍ഗക്കാരന്റെ വിമോചകനായും പോരാട്ട നായകനായും മാല്‍കം എക്‌സ് പ്രശസ്തിയുടെ നെറുകയിലേക്ക് ഓടിക്കയറുന്നത്. അപ്പോഴേക്കും 19ാം നൂറ്റാണ്ടിന്റെ നാട്ടുനടപ്പായ ആള്‍ക്കൂട്ടകൊലയെ അടയാളപ്പെടുത്തുന്ന ഘ്യിരവശിഴ എന്ന ആംഗലേയ പദം ലോകവ്യവഹാര ഭാഷയില്‍ ഇടം നേടിക്കഴിഞ്ഞിരുന്നു. 1865നും 1920നും ഇടയില്‍ ചുരുങ്ങിയത് 3500 ആള്‍ക്കൂട്ട കൊലകള്‍ ദക്ഷിണ അമേരിക്കയില്‍ അരങ്ങേറിയതായി ഈ വിഷയം സൂക്ഷ്മതലത്തില്‍ പഠിച്ച പ്രഫ. റാന്‍ഡാല്‍ മില്ലര്‍ ( Professor Randall Miller ) വെളിപ്പെടുത്തുന്നു. ആള്‍ക്കൂട്ടം മനുഷ്യനെ അക്രമിച്ചുകൊല്ലുന്ന ഈ രീതി ഒറ്റപ്പെട്ട സംഭവമല്ലെന്നും അക്കാലത്തെ അമേരിക്കയുടെ ജീവിതശൈലിയുടെ ഭാഗമായിരുന്നുവെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു. ദുഷ്ടന്മാര്‍ എവിടെയെങ്കിലും പരീക്ഷിക്കുന്ന ഹീന ചെയ്തിയായിരുന്നില്ല, മാന്യന്മാരും സമുഹത്തില്‍ നിലയവും വിലയുമുള്ള വെള്ളക്കാരന്റെ മൗനാനുവാദത്തോടെയുള്ള നാട്ടുനടപ്പായിരുന്നു ഈ പൈശാചികത അന്ന്. അമേരിക്കന്‍ ഐക്യനാടുകള്‍ ബ്രിട്ടനില്‍ സ്വതന്ത്രമാവുകയും ജനാധിപത്യത്തിന്റെ ശൈശവ ദശയിലേക്ക് ആ വന്‍കര ഇഴഞ്ഞുനീങ്ങുകയും ചെയ്ത ആ കാലസന്ധിയില്‍ വെളുത്തവര്‍ഗത്തിന്റെ രാഷ്ട്രീയമേല്‍ക്കോയ്മ അരക്കിട്ടുറപ്പിക്കാനും അടിമത്തം നിയമം മൂലം ഇല്ലാതാവുന്ന സവിശേഷ അവസ്ഥയെ അതിജീവിക്കാനും കണ്ടുപിടിച്ച കിരാത ആചാരമായിരുന്നു എന്തെങ്കിലും കുറ്റം ചുമത്തി കറുത്തന്റെ കഥ കഴിക്കുക എന്നത്. വെള്ളക്കാരന്റെ ഭാര്യയെ അല്ലെങ്കില്‍ മകളെ പീഡിപ്പിച്ചുവെന്നോ മയക്കുമരുന്ന് വില്‍പനയിലൂടെ കവലകള്‍ ജീവിക്കാന്‍ കൊള്ളാതാക്കി എന്നോ കുറ്റമാരോപിച്ചായിരുന്നു അത്തരം കൊലകളെല്ലാം പൂര്‍ത്തിയാക്കിയത്. കറുത്ത വര്‍ഗക്കാരനെ വെളുത്തവനില്‍നിന്ന് അകറ്റിനിറുത്തുന്ന ”ജിം ക്രോ ലോ’ എന്ന കാടന്‍ നിയമം കാറ്റില്‍പറത്തി എന്ന് ആരോപിക്കുക എളുപ്പമായിരുന്നു. ദക്ഷിണ അമേരിക്കയില്‍ പാസാക്കിയ ഇത്തരം നിയമമനുസരിച്ച് വെളുത്തവന്‍ കയറിയ ബസില്‍ കറുത്തവന്‍ കയറാന്‍ പാടില്ലായിരുന്നു. സെമിത്തേരിയും പാര്‍ക്കും സ്‌കൂളുമെല്ലാം വംശീയതയുടെ ഈ നിയമത്തിന്റെ ബലത്തില്‍ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. എന്നല്ല, 1896ല്‍ Plessy v. Ferguson കേസില്‍ യു.എസ് സുപ്രീംകോടതി ഈ വര്‍ണവിവേചന വ്യവസ്ഥയെ ശരിവെക്കുക പോലുമുണ്ടായി. 1954ല്‍ Brown v. Board of Education കേസ് വരെ കാത്തിരിക്കേണ്ടിവന്നു വിദ്യാലയങ്ങളിലെ ഈ വര്‍ണവിവേചനം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതിക്കു വിധിക്കാന്‍. സമൂഹത്തിലെ ശക്തരായ ഒരു വിഭാഗം നിയമം കൈയിലെടുക്കുന്ന ഭീതിദാവസ്ഥ. നിയമപാലകരും കോടതി പോലും അതിനു പ്രത്യക്ഷമായോ പരോക്ഷമായോ കൂട്ടുനില്‍ക്കുകയായിരുന്നു. തങ്ങളുടെ ജീവിതപരിസരത്തെ മലീമസമാക്കുന്ന നീഗ്രോകളെ കൊന്നുതള്ളേണ്ടത് അനിവാര്യമാണെന്ന് ‘നല്ലമനുഷ്യര്‍’ പോലും ചിന്തിച്ചിരുന്ന വൃത്തികെട്ട ആ കാലത്തിന്റെ ഓര്‍മകളെയാണ് മോഡിയുഗത്തിലെ ‘പുതിയ ഇന്ത്യയിലെ’ ആള്‍ക്കൂട്ട കൊല ഓര്‍മപ്പെടുത്തുന്നത്. ഈ ആള്‍ക്കൂട്ട കൊലകള്‍ക്ക് അതിന്റേതായ ഒരു രാഷ്ട്രീയമുണ്ട്. പല പാര്‍ട്ടികളും അവരുടെ സ്വാധീനം നിലനിര്‍ത്തിയത് നിയമം കൈയിലെടുക്കുന്ന ആള്‍ക്കൂട്ടത്തെ തങ്ങളുടെ വരുതിയില്‍ നിറുത്തിയായിരുന്നു. ഒരു കൂട്ടം പൗരന്മാരെ മുഖ്യധാരയില്‍നിന്ന് അകറ്റിനിറുത്തുന്നതിനും അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ചോദിച്ചുവാങ്ങുന്നതില്‍നിന്ന് തടയുന്നതിനും തങ്ങള്‍ അധമരും ആശ്രിതരുമാണ് എന്ന വിചാരം ഇവരുടെ മനസുകളില്‍ കുത്തിനിറക്കുന്നതിനും, പെരുവഴിയിലും മരണഭീതി ഉയര്‍ത്തിക്കൊണ്ടിരിക്കേണ്ടതുണ്ട്.

ഉണര്‍ന്നു ചിന്തിച്ച സുപ്രീംകോടതി
വംശീയതയുടെ പദാവലിയില്‍ കറുപ്പിനും വെളുപ്പിനും നിറഭേദങ്ങള്‍ക്കപ്പുറത്തുള്ള സാമൂഹികവും രാഷ്ട്രീയവുമായ അര്‍ത്ഥവ്യാപ്തിയുണ്ട്. കറുത്തവന്‍ ദുഷ്ടനും വെളുത്തവന്‍ ശ്രേഷഠനും. ആര്യവംശകുലജാതന്‍ ധമനികളിലെ ശുദ്ധരക്തം കൊണ്ട് വര്‍ണമഹിമ ആര്‍ജിച്ചവനാണെന്ന മിഥ്യാധാരണയില്‍നിന്ന് തുടങ്ങുന്ന വംശീയചിന്ത മനുഷ്യകുലത്തെ ഒരുപാട് കണ്ണീര്‍ കുടിപ്പിച്ചിട്ടുണ്ട്. ഫാഷിസ്റ്റുകളും നാസികളും കര്‍മോര്‍ജം സംഭരിച്ചത് ഈ വികൃതകാഴ്ചപ്പാടില്‍നിന്നാണ്. ആ കാഴ്ചപ്പാടാണ് നമ്മുടെ ഇടയില്‍ ജീവിക്കുന്ന ആദിവാസികളെയും ദളിതസമൂഹത്തെയും ന്യൂനപക്ഷങ്ങളെയുമെല്ലാം അന്യരായും മ്ലേച്ഛന്‍മാരായും കാണാനും തരം കിട്ടുമ്പോഴെല്ലാം തല്ലിക്കൊല്ലാനും പ്രേരണ നല്‍കുന്നത്. മനുഷ്യന്‍ നാഗരിക സമൂഹമായി വളര്‍ന്നത് നിയമം അനുസരിക്കുന്നവരായി ഉയര്‍ന്നപ്പോഴാണല്ലോ. നിയമം കൈയിലെടുത്ത്, സ്വയം വിധി പറഞ്ഞു, സ്വയം ശിക്ഷ നടപ്പാക്കുന്ന കാടത്തത്തിലേക്ക് നമ്മുടെ രാജ്യം മുന്നോട്ടു കുതിക്കുന്നത് കണ്ട് പരമോന്നത നീതിപീഠം രോഷം കൊണ്ടിരിക്കയാണ് ജൂലൈ 17ലെ സുപ്രധാനമായ ഒരു വിധിയിലൂടെ. പശുക്കളെ തട്ടിക്കൊണ്ടുപോകുന്നുവെന്നോ നിയമവിരുദ്ധമായി അറുത്തുതിന്നുവെന്നോ ചത്ത പശുവിന്റെ തോലുരിഞ്ഞെടുക്കുന്നുവെന്നോ ആരോപിച്ച് ജനം ‘കുറ്റവാളികളെ’ അടിച്ചുകൊല്ലുകയോ തീയിട്ട് ചുട്ടെരിക്കുകയോ ചെയ്യുന്ന കിരാതവും നിഷ്ഠൂരവുമായ സംഭവങ്ങള്‍ ‘പുതിയ ഇന്ത്യയില്‍’ നിത്യസംഭവമായപ്പോള്‍ സോഷ്യല്‍ ആക്ടിവിസ്റ്റ് തുഷാര്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാവ് തഹ്‌സീം പൂനവാലയും സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് സുപ്രധാനമായ കുറെ നിരീക്ഷണങ്ങള്‍ നടത്തി: ഇത് കേവലം ക്രമസമാധാന പ്രശ്‌നത്തിനപ്പുറം ഭരണഘടന വിഭാവന ചെയ്യുന്ന ബഹുസ്വര സമൂഹത്തിന്റെ സ്വസ്ഥത നിലനിര്‍ത്താനുള്ള ഫലപ്രദവും കാര്യക്ഷമവുമായ സമാധാനസംരക്ഷണത്തിന്റെ ബാധ്യത ഭരണകൂടത്തിന്റേതാണെന്ന് ഓര്‍മിപ്പിച്ചു. ഇടക്കിടെ നടമാടുന്ന ആള്‍ക്കൂട്ട കൊലകള്‍ നിയമവാഴ്ചയോടും ഭരണഘടനയുടെ ഉദാത്തമായ മൂല്യങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് ഓര്‍മിപ്പിച്ച സുപ്രീംകോടതി ആള്‍ക്കൂട്ടവാഴ്ചയുടെ ഭീകരകൃത്യങ്ങളെ രാജ്യത്തെ നിയമത്തെ കാലഹരണപ്പെട്ടതാക്കാന്‍ അനുവദിക്കാനാവില്ലെന്നും മുന്നറിയിപ്പ് നല്‍കുന്നു. ‘ഇടക്കിടെയുണ്ടാവുന്ന അക്രമങ്ങള്‍ പുതിയൊരു സാധാരണനിലയായി മാറാന്‍ അനുവദിച്ചുകുടാ’ ( ”The recurrent pattern of violence cannot be allowed to become the new normal’) എന്ന പരമോന്നത നീതിപീഠത്തിന്റെ ഓര്‍മപ്പെടുത്തല്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ യുവാക്കളെ വേട്ടയാടുന്നത് നോക്കിനില്‍ക്കുന്ന ഭരണകര്‍ത്താക്കളുടെ ബധിരകര്‍ണങ്ങളില്‍ പതിഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ എന്ന ചോദ്യമുയരുന്നുണ്ട്. ഇമ്മട്ടിലുള്ള അക്രമസംഭവങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ മനസില്‍ ഭയം ജനിപ്പിക്കുന്ന, കര്‍ക്കശ ശിക്ഷാവ്യവസ്ഥകളോട് കൂടിയ നിയമനിര്‍മാണത്തിന് ഉടന്‍ സര്‍ക്കാര്‍ തയാറാവണമെന്നു ആവശ്യപ്പെടുന്ന ന്യായാസനം, നിയമവാഴ്ച ഫലപ്രദമാക്കാന്‍ സ്പഷ്ടമായ കുറെ മാര്‍ഗനിര്‍ദേശങ്ങളും മുന്നില്‍വെക്കുന്നുണ്ട്. സ്വയംപ്രഖ്യാപിത ആള്‍ക്കൂട്ട കോടതി രാജ്യത്തെ തെരുവുകളില്‍ ദിവസംതോറും നടത്തുന്ന നിയമവിരുദ്ധ വിചാരണയും ശിക്ഷ നടപ്പാക്കലും മനംപിരിട്ടലുണ്ടാക്കുന്ന വൈകൃതമായാണ് കോടതി നിരീക്ഷിച്ചത്. ആള്‍ക്കൂട്ട ക്രൂരതകള്‍ക്ക് ഒരു ന്യായീകരണവും നിരത്താന്‍ അനുവദിക്കാനാവില്ലെന്നാണ് ന്യായാധിപന്മാര്‍ക്ക് പറഞ്ഞത്. അനധികൃത പശുക്കടുത്തും മൃഗങ്ങളോടുള്ള ക്രൂരതയും തടയാനാണെന്ന വിടുവായത്തം നമ്മളടുത്ത് വേണ്ടാ എന്ന് കോടതി തുറന്നുപറഞ്ഞു. എന്തു ഞൊട്ടുന്യായം നിരത്താന്‍ ശ്രമിച്ചാലും ശരി, വ്യക്തികള്‍ക്കോ ആള്‍ക്കൂട്ടത്തിനോ നിയമം കൈയിലെടുക്കാന്‍ ജനായത്ത വ്യവസ്ഥയില്‍ ഒരു പഴുതുമില്ല.

‘ഹിന്ദുരാഷ്ട്ര’ത്തിലെ അരുംകൊലകള്‍
ബി.ജെ.പി ഭരിക്കുന്ന രണ്ടു സംസ്ഥാനങ്ങളിലാണ്, യു.പിയും ഗുജറാത്തും, ആള്‍ക്കൂട്ട കൊലകള്‍ വ്യാപകമായി നടക്കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ പഠനം വ്യക്തമാക്കുന്നു. ആറുമാസത്തിനിടെ നൂറിലേറെ ഇത്തരം കൊലകള്‍ അരങ്ങേറിയപ്പോള്‍ ദളിതുകളും മുസ്‌ലിംകളും മറ്റു ദുര്‍ബല വിഭാഗങ്ങളുമായിരുന്നു ഇരകള്‍. ഒരു സവര്‍ണനെയും ആരും അടിച്ചുകൊന്നില്ല എന്നതില്‍നിന്ന് തന്നെ ഈ രോഗത്തിന്റെ ജനിതക പരിശോധനഫലം തെളിഞ്ഞുകാണുന്നു. ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ പെരുന്നാളിന് ബിരിയാണിയുണ്ടാക്കാന്‍ ബീഫ് ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെന്ന് പറഞ്ഞു അടിച്ചുകൊന്ന ജനക്കൂട്ടത്തിന്റെ കൈരാതം തുടര്‍ന്നങ്ങോട്ട് ഹിന്ദുത്വഗുണ്ടകള്‍ ഏറ്റെടുത്തപ്പോഴാണ് രാജസ്ഥാനില്‍ പെഹ്‌ലൂഖാനും ഉമര്‍ഖാനുമൊക്കെ തെരുവുകളില്‍ പിടഞ്ഞുമരിക്കുന്നത്. ജാര്‍ഖണ്ഡിലും ഹരിയാനയിലും പശുക്കടത്തിന്റെ പേരില്‍ ഒരു ഡസനിലേറെ മുസ്‌ലിംകള്‍ക്ക് ജീവന്‍ ബലി കൊടുക്കേണ്ടിവന്നു. ഒരു പെരുന്നാള്‍ ദിനത്തിന്റെ തലേന്നാള്‍, ജുനൈദ് എന്ന കൗമാരക്കാരനെ ഓടുന്ന തീവണ്ടിയില്‍നിന്ന് ഒരുകൂട്ടം ഹിന്ദുത്വതെമ്മാടികള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞത് പശുവിറച്ചി തിന്നുന്നവര്‍ എന്ന മുദ്ര ചാര്‍ത്തിയായിരുന്നു. ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട കൊലയില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ എട്ട് പേരെ ഹാരമണിയിച്ച് കൂടെ ഫോട്ടോവിന് പോസ് ചെയ്യുന്ന പടം പുറത്തുവന്നപ്പോള്‍ മനഃസാക്ഷി മരവിക്കാത്തവര്‍ ഞെട്ടിയത് നിയമവാഴ്ച ഉറപ്പാക്കാന്‍ ബാധ്യസ്ഥനായ ഒരു മന്ത്രി നിയമവ്യവസ്ഥയോട് കാണിച്ച അനാദരവ് കണ്ടാണ്. 2017 ജൂണിലാണ് ജാര്‍ഖണ്ഡിലെ രാംനഗറില്‍ അലീമുദ്ദീന്‍ അന്‍സാരി എന്ന യുവാവ് കൊല്ലപ്പെടുന്നത്. അദ്ദേഹം ഓടിച്ച വാനില്‍ മാംസം കടത്തുകയാണെന്ന് ആരോപിച്ച് ഒരു സംഘമാളുകള്‍ വണ്ടി തടഞ്ഞുനിറുത്തുകയും കത്തിക്കുകയും ചെയ്തു. അതിനിടയില്‍ ക്രൂരമായി മര്‍ദനമേറ്റ അന്‍സാരി ആശുപ്രതിയില്‍ അന്ത്യശ്വാസം വലിച്ചു. 2018 ഏപ്രിലിലാണ് ജാര്‍ഖണ്ഡിലെ അതിവേഗ കോടതി 11 പ്രതികളെ കുറ്റക്കാരാണെന്ന് കണ്ട് ജീവപര്യന്തം തടവ് വിധിച്ചത്. ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് ഹൈകോടതിയില്‍ അപ്പീല്‍ പോയപ്പോള്‍ എട്ടുപേര്‍ക്ക് ജാമ്യം അനുവദിച്ചു. അങ്ങനെ ജയിലില്‍നിന്ന് പുറത്തുവന്നവരെയാണ് രാംനഗര്‍ ഉള്‍ക്കൊള്ളുന്ന ഹസാരിബാഗ് ലോക്‌സഭ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന മന്ത്രി ജയന്ത് സിന്‍ഹ പൂമാലയിട്ട് സ്വീകരിക്കുകയും ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തത്. പ്രശസ്തമായ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം.ബി.എ ബിരുദമെടുത്ത അഭ്യസ്തവിദ്യനാണിദ്ദേഹം. സംഭവം വിവാദമായപ്പോള്‍ അദ്ദേഹം ട്വീറ്റ് ചെയ്തത് എന്താണെന്നല്ലേ; നിയമനടപടികളെ ആദരിക്കുകയായിരുന്നു തന്റെ ഉദ്ദേശ്യമെന്ന്. പശുക്കടത്തിന്റെ പേരില്‍ മുസ്‌ലിംകളെ കൊന്നാല്‍ അത് എങ്ങനെ കുറ്റകരമാവും എന്ന ചോദ്യം പൊതുസമൂഹത്തില്‍ രൂഢാമൂലമാകാന്‍ പാകത്തില്‍ ഈ പാതകം രാജ്യത്തിന്റെ വര്‍ത്തമാനകാല ശീലങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന കേസിലെ പ്രതി രാവിന്‍ സിസോദിയ മരിച്ചപ്പോള്‍ മൃതദേഹം ദേശീയ പതാകയില്‍ പൊതിഞ്ഞ് ആദരമര്‍പ്പിച്ചു. എന്നല്ല, കേന്ദ്രമന്ത്രി മഹേഷ് ശര്‍മ അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്ത് ‘മഹാകൃത്യം’ നിര്‍വഹിച്ച ഹിന്ദുത്വവാദിക്ക് വേണ്ട എല്ലാ ആദരവുകളും കേന്ദ്രസര്‍ക്കാരിനു വേണ്ടി പൂര്‍ത്തീകരിച്ചു. എത്രപേര്‍ കൊല്ലപ്പെട്ടാലും ‘നിയമം’ നടപ്പാക്കിയ ചെറുപ്പക്കാരെ നിയമപാലകള്‍ പിടികൂടാന്‍ പാടില്ല എന്ന ദുശ്ശാഠ്യത്തെ അരക്കിട്ടുറപ്പിക്കും വിധമാണ് അല്‍വാറിലെ (രാജസ്ഥാന്‍ ) എം.എല്‍.എ കുറ്റവാളിക്കെതിരെ കേസെടുത്തതിന് എതിരെ ആക്രോശിച്ചത്.

പശു എന്ന മൃഗം രാജ്യത്തെ ദുര്‍ബല, ഹതാശയ മനുഷ്യരെ വേട്ടയാടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലോകത്ത് ഒരിടത്തും പശുവിനെ അറുത്ത് ഇറച്ചിയാക്കിയതിന്റെ പേരില്‍, അല്ലെങ്കില്‍ പശുവിറച്ചി ഭക്ഷിച്ചതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടതായി കാണാന്‍ കഴിയില്ല. പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഗോസംരക്ഷണത്തിന്റെ പേരില്‍ ഉണ്ടാക്കിവെച്ച നിയമങ്ങളുടെ കഠോരതയിലേക്ക് ഇറങ്ങിച്ചെന്നാല്‍, മനുഷ്യജീവന് പുല്ല് വില കല്‍പ്പിക്കാത്ത ഒരു സമൂഹം പശുവെന്ന നാല്‍ക്കാലിയോട് കാണിക്കുന്ന ഭക്തിഭ്രമം ഏത് യുക്തിദീക്ഷ കൊണ്ടാണ് ന്യായീകരിക്കാനാവുക എന്ന് ചോദിച്ചുപോയേക്കാം. പക്ഷേ, ഈ വിഷയത്തില്‍ സാമൂഹിക മൂല്യങ്ങള്‍ക്കു വില കല്‍പിക്കുന്ന വാര്‍ത്തകളോ വിശകലനങ്ങളോ നമ്മുടെ മാധ്യമങ്ങളില്‍ പോലും കാണാന്‍ സാധിക്കില്ല എന്നതാണ് വാസ്തവം. ‘ഗോരക്ഷകരെ’ കുറിച്ച് എഴുതാറുള്ള പത്രങ്ങള്‍ ‘പശുകള്ളക്കടത്തുകാരെ’യാണ് എതിര്‍വശത്ത് അണിനിരത്താറ്. പണം കൊടുത്ത് സ്വന്തം വണ്ടിയില്‍ പശുക്കളെ വീട്ടിലേക്ക് കൊണ്ടുപോകുന്നത് പോലും കുറ്റകരമായി കാണുന്ന ഒരു സമൂഹത്തിന്റെ കൈയിലേക്ക് നമ്മെ ഭരിക്കുന്നവരുടെ രാഷ്ട്രീയപ്രത്യയശാസ്ത്രം , ‘ധര്‍മലംഘകരെ’ അടിച്ചുകൊല്ലാന്‍ വടി കൊടുക്കുകയാണ്. ആരെയും ഭയക്കാതെ, പട്ടാപ്പകല്‍, നടുറോഡില്‍ ഒരു ദളിതനെയോ മുസ്‌ലിമിനെയോ അങ്ങനെ കൊന്നിട്ടാല്‍, ആരും ചോദിക്കാനില്ല എന്നതാണ് പരമോന്നത നീതിപീഠത്തെ എല്ലാറ്റിനുമൊടുവില്‍ വാചാലമാക്കിയത്.

നിയമം ആര് നടപ്പാക്കും,?
ആള്‍ക്കൂട്ട കൊലകള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം അപ്പീലുകള്‍ തങ്ങളുടെ മുന്നിലെത്തിയപ്പോള്‍ മാസങ്ങള്‍ക്ക് മുമ്പ് വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പരമോന്നത നീതിപീഠം കുറെ നിര്‍ദേശങ്ങള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ മുന്നില്‍ വെച്ചിരുന്നു. അതൊന്നും ഒരു ഭരണകൂടവും ശ്രദ്ധിച്ചിട്ടില്ല എന്നാണ് സമീപകാല അനുഭവങ്ങള്‍ തെളിയിക്കുന്നത്. ജൂണ്‍ 17 ന്റെ വിധിയില്‍ ആള്‍ക്കൂട്ട കൊലകള്‍ തടയാനും സോഷ്യല്‍ മീഡിയയിലൂടെയുള്ള വിദ്വേഷപ്രചാരണത്തിന് അന്ത്യം കുറിക്കാനും കോടതി കുറെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. എല്ലാ ജില്ലയിലും പൊലീസ് സൂപ്രണ്ടിന്റെ റാങ്കില്‍ കുറയാത്ത ഒരാളെ നോഡല്‍ ഓഫീസറായി വെക്കണമെന്നാണ് പ്രധാന നിര്‍ദേശം. കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടയില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലകളും നടന്ന സ്ഥലങ്ങളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നുമാസം കൂടുമ്പോള്‍ സംസ്ഥാന പൊലീസ് മേധാവി നോഡല്‍ ഓഫീസര്‍മാരുടെയും രഹസ്യാന്വേഷണ മേധാവികളുടെയും യോഗം വിളിച്ചുകൂട്ടി സ്ഥിതിഗതികള്‍ വിലയിരുത്തണമെന്ന നിര്‍ദേശവും നടപ്പാക്കിയാല്‍ നല്ലത് തന്നെ. ഗോരക്ഷകരുടെയോ ജാഗ്രതസമിതികളുടെയോ കുപ്പായമിട്ട് നിയമം നടപ്പാക്കാന്‍ ഇറങ്ങുന്നവരെ കുറിച്ചുള്ള വിവരം കിട്ടിയാല്‍ ക്രിമിനല്‍ നടപടി ചട്ടം 129ാം വകുപ്പ് അനുസരിച്ച് കേസെടുത്ത് ശിക്ഷിക്കാനും അനിഷ്ട സംഭവങ്ങള്‍ അതുവഴി തടയാനും കോടതി നിര്‍ദേശിക്കുന്നു.

സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഒന്നാംതരം തന്നെ. പ്രയോഗതലത്തില്‍ കൊണ്ടുവന്നാല്‍, നമ്മുടെ നാട്ടില്‍ സമാധാനവും സ്വാസ്ഥ്യവും വീണ്ടെടുക്കാന്‍ സാധിക്കാതിരിക്കില്ല. ഇവിടെ പ്രസക്തമായൊരു ചോദ്യം ഉയരുന്നുണ്ട്: ഏത് ബി.ജെ.പി സര്‍ക്കാരാണ് കോടതിനിര്‍ദേശങ്ങള്‍ മാനിക്കാനും നിയമം നടപ്പാക്കാനും ആര്‍ജവം കാണിക്കുക? കൊലയാളികളെ മാലയിട്ട് പൂജിക്കുന്ന ജയന്ത് സിന്‍ഹമാരുടെ ജനുസ്സില്‍പ്പെടാത്ത എത്ര മന്ത്രിമാര്‍ ആര്‍.എസ്.എസിന്റെ പാഠശാലയിലൂടെ രാഷ്ട്രീയത്തില്‍ എത്തിയിട്ടുണ്ട്? ഇവിടെ നിയമത്തിന്റെ അഭാവമല്ല, പ്രത്യുത, വികൃതമായൊരു മനോഘടനയുടെ ഉല്‍പന്നങ്ങളാണ് നിയമത്തെ കാറ്റില്‍ പറത്തി കാട്ടാളത്ത നടപ്പാക്കാന്‍ ഒരു വിഭാഗത്തിന് ഊര്‍ജം പകരുന്നത്. ഇവരുടെ ഉള്ളിന്റെയുള്ളില്‍ അടിഞ്ഞുകൂടിയ വിദ്വേഷത്തിന്റെയും മതഭ്രാന്തിന്റെയും രോഗാണുക്കളെ, പുറന്തള്ളാതെ നമ്മുടെ രാജ്യത്ത് സമാധാനം പുലരുമെന്ന് പ്രതീക്ഷിക്കുന്നത് ഭോഷത്തമായിരിക്കും.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login