വ്യാജ വാര്‍ത്തകളുടെ ഔദ്യോഗിക വാഴ്ത്തുകള്‍

വ്യാജ വാര്‍ത്തകളുടെ ഔദ്യോഗിക വാഴ്ത്തുകള്‍

കേന്ദ്രത്തിന്റെ നിര്‍ദേശമനുസരിച്ച്, ജമ്മു കശ്മീരിലെ ഭരണകൂടം 2010 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഏറ്റവും മികച്ച വിജയം നേടിയ ഐ.എ.എസ് ഓഫീസര്‍ ഷാ ഫൈസലിനെതിരെ ഡിപ്പാര്‍ട്മെന്റ് തല അന്വേഷണം തുടങ്ങിവെച്ചിരിക്കുന്നു. സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളെ ചൊല്ലിയുള്ള ആത്മരോഷം പ്രകടിപ്പിക്കുന്ന ട്വീറ്റ് പോസ്റ്റു ചെയ്തതിനാണ് നടപടി.
ഇക്കഴിഞ്ഞ ഏപ്രില്‍ 23 ന് ഫൈസല്‍ ഇങ്ങനെ ട്വീറ്റു ചെയ്തു:

‘ജനസംഖ്യ+ആണധികാരവ്യവസ്ഥ+നിരക്ഷരത+മദ്യം+അശ്ലീലക്കാഴ്ചകള്‍+സാങ്കേതികവിദ്യ+അരാജകത്വം=റേപ്പിസ്ഥാന്‍.” സര്‍ക്കാര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ഇങ്ങനെ പറയുന്നു: ”ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ പാലിക്കേണ്ട സത്യസന്ധതയും ആര്‍ജവവും നിലനിര്‍ത്തുന്നതില്‍ താങ്കള്‍ പരാജയപ്പെടുകയും ഒരു പൊതുജനസേവകനു ചേരാത്ത രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരിക്കുന്നു.”

ഇത് ആദ്യമായല്ല കേന്ദ്രസര്‍ക്കാര്‍ 1969 ലെ ഓള്‍ ഇന്ത്യ സര്‍വീസസ് (ഡിസിപ്ലിന്‍ ആന്റ് അപ്പീല്‍) ചട്ടങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രയോഗിക്കുന്നത്. ഐ പി എസ് ഓഫീസറായ ബസന്ത് രഥിനെ ഫെബ്രുവരിയില്‍ ”സര്‍ക്കാര്‍ നയത്തെ അപകടകരമാംവിധത്തില്‍ വിമര്‍ശിക്കുന്ന” പംക്തികള്‍ എഴുതുന്നതിന്റെ പേരില്‍ അച്ചടക്കം പഠിപ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഒരുങ്ങിയിരുന്നു.
ഫൈസലിന്റെ ട്വീറ്റ് എങ്ങിനെയാണ് ഏതെങ്കിലും മാര്‍ഗനിര്‍ദേശങ്ങളെ ലംഘിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും, അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്ന നരേന്ദ്രമോഡി സര്‍ക്കാര്‍ നിയമങ്ങള്‍ കൂടുതല്‍ പ്രത്യക്ഷമായി ലംഘിക്കുന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ എഴുതുന്ന മറ്റൊരു ഐ.എ.എസ് ഓഫീസര്‍ക്കെതിരെ മൗനം തുടരുകയാണ്.
1986 ബാച്ചിലെ ഐ.എ.എസ് ഓഫീസറായ സഞ്ജയ് ദീക്ഷിത് (രാജസ്ഥാനിലാണ് ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്) വ്യാജ വാര്‍ത്തകളും വര്‍ഗീയ ധ്വനികളുള്ള പോസ്റ്റുകളും പങ്കിടുന്നതില്‍ കുപ്രസിദ്ധനാണ്. അദ്ദേഹം മോഡി സര്‍ക്കാരിന്റെ നയങ്ങളെ വലതു പക്ഷത്തു നിന്ന് ട്വിറ്ററില്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. അകത്തുള്ളതും പുറത്തുള്ളതുമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളെ കുറിച്ച് ദീക്ഷിതിന്റെ അഭിപ്രായത്തിന്റെ ഉദാഹരണങ്ങള്‍ മുസ്‌ലിംവിരുദ്ധവും പാകിസ്ഥാന്‍ വിരുദ്ധവുമാണ്.
2017 ഓഗസ്റ്റില്‍ പോസ്റ്റ്കാര്‍ഡ് ന്യൂസ് പ്രസിദ്ധീകരിച്ച വ്യാജവാര്‍ത്ത പങ്കിട്ടതിന് ദീക്ഷിതിന് ട്വിറ്റര്‍ നോട്ടീസ് നല്‍യിരുന്നു. ‘കര്‍ണാടക: ഗണേഷ് ചതുര്‍ത്ഥി ആഘോഷിക്കാന്‍ ഹിന്ദുക്കള്‍ പത്തു ലക്ഷം രൂപ കെട്ടിവെക്കണം’ എന്നായിരുന്നു വാര്‍ത്ത. ‘കര്‍ണടകയില്‍ താലിബാന്‍ ഭരണം’ എന്ന കമന്റും അദ്ദേഹത്തിന്റേതായി വാര്‍ത്തയുടെ കൂടെയുണ്ട്.

അതേ മാസത്തില്‍ ദീക്ഷിത് പോസ്റ്റ്കാര്‍ഡ് ഡോട്ട് ന്യൂസിന്റെ, ജുമാമസ്ജിദിനെ സംബന്ധിച്ച മറ്റൊരു വാര്‍ത്ത പങ്കിട്ടു. ഭീമമായ വൈദ്യുതിബില്‍ കുടിശ്ശിക വരുത്തിയതിനാല്‍ ജുമാമസ്ജിദിലെ വൈദ്യുതിബന്ധം വിഛേദിച്ചു എന്നായിരുന്നു വാര്‍ത്ത. ആ വാര്‍ത്തയും വ്യാജമായിരുന്നു. ദിവസം പ്രതിയെന്നോണം വ്യാജവാര്‍ത്തകള്‍ പടച്ചു വിടുന്ന വെബ്സൈറ്റാണ് പോസ്റ്റ്കാര്‍ഡ് ന്യൂസ്. എന്നാല്‍ ഭരണകക്ഷിയിലെ അംഗങ്ങളുടെയും മന്ത്രിമാരുടെയും പിന്തുണ കൊണ്ട് ആ വെബ്സൈറ്റ് തഴച്ചു വളരുകയാണ്.

മാര്‍ച്ചില്‍ വലതുപക്ഷ വൈബ്സൈറ്റായ ഓപ്ഇന്ത്യ പ്രസിദ്ധീകരിച്ച വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് മുംബൈ പൊലീസ് ദീക്ഷിതിനെ വിളിപ്പിച്ചിരുന്നു.
നാലു ദിവസങ്ങള്‍ക്കു ശേഷം, പരസ്യമായി നാണം കെട്ട ദീക്ഷിത് വീണ്ടും, ആന്ധ്രപ്രദേശില്‍ പ്രതിഷേധക്കാര്‍ മുന്‍പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയുടെ പ്രതിമ വലിച്ചിളക്കുന്ന 2013 ലെ ഫോട്ടോ ട്വീറ്റു ചെയ്ത് ഇങ്ങനെ എഴുതി: ”ത്രിപുരയിലെ കമ്യൂണിസ്റ്റുകള്‍ 2008 ല്‍ രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ത്തു. ആരെങ്കിലും പ്രതിഷേധിച്ചത് നിങ്ങള്‍ കേട്ടോ? അദ്ദേഹത്തെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത പാര്‍ട്ടി പോലും? ആരും ഒരു വാക്കു പോലും ഉരിയാടിയില്ല. അതു കൊണ്ടാണ് ഇപ്പോഴത്തെ ധാര്‍മികരോഷം വ്യാജമാകുന്നത്. ലെനിന്റെ പ്രതിമകള്‍ നിയമപരമായി തന്നെ നീക്കം ചെയ്യുന്നതിനെ ഞാന്‍ പിന്തുണക്കുന്നു.”
ആ വ്യാജവാര്‍ത്തയും ആള്‍ട്ന്യൂസ് നിഷേധിച്ചു. എന്നാല്‍ ദീക്ഷിത് തന്റെ ട്വീറ്റ് പിന്‍വലിച്ചില്ല. മതഭ്രാന്തന്മാരുടെ ട്വീറ്റുകള്‍ പ്രചരിപ്പിക്കുന്ന പ്രവണതയും ദീക്ഷിതിനുണ്ട്.
കഴിഞ്ഞ മാസം അദ്ദേഹം പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ ‘മുസ്ലിം അനുകൂല നയങ്ങള്‍’ ‘വെളിച്ചത്തു കൊണ്ടു വരുന്ന’ ഒരു വ്യാജകത്ത് പ്രചരിപ്പിച്ചു. എന്നിട്ട് പശ്ചിമബംഗാള്‍ സര്‍ക്കാരിനെ ‘ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാള്‍’ എന്ന് പരിഹസിക്കുകയും ചെയ്തു. ‘ഇതിനിടെ, പശ്ചിമബംഗാള്‍ സംസ്ഥാനം എന്നത്തേക്കാളും നീണ്ട ഈദ് അവധി പ്രഖ്യാപിച്ചു. മുഴുവന്‍ ശമ്പളത്തോടു കൂടി അഞ്ചു ദിവസം അവധിയും നിര്‍ബന്ധിത ഒഴിവുദിവസവും വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും’ എന്നദ്ദേഹം ട്വീറ്റു ചെയ്തു.

പ്രിന്റ് വെബ്സൈറ്റിലും സ്വരാജ്യയിലും ദീക്ഷിത് പംക്തികള്‍ എഴുതുന്നുണ്ട്.
മുതിര്‍ന്ന ഐ.എസ്.എസ് ഉദ്യോഗസ്ഥനായ അശോക് ഖെമ്ക ഫൈസലിനെ പിന്തുണച്ച് മുന്നോട്ടു വന്നിട്ടുണ്ട്. അദ്ദേഹം ട്വീറ്റു ചെയ്തു: ”മിക്കവരും സര്‍വീസ് ചട്ടങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. സര്‍വീസ് ചട്ടങ്ങള്‍ നിങ്ങളെ ഭരിക്കുന്നവരുടെ അടിമയാക്കുന്നില്ല. ഭരണഘടനാപരമായ അടിസ്ഥാനതത്വങ്ങളും നിയമവാഴ്ചയും തുല്യനീതിയും സമത്വവും മന:സാക്ഷിയും കാത്തുസൂക്ഷിക്കാന്‍ ഒരു ഉദ്യോഗസ്ഥനോട് നിര്‍ദേശിക്കുന്ന പെരുമാറ്റചട്ടമാണത്.”

കര്‍ണിക കോഹ്ല
വിവ: കെ സി

You must be logged in to post a comment Login