കുറ്റവാളിയെ സംരക്ഷിക്കുന്നത് ഇസ്‌ലാമിക സാഹോദര്യമല്ല

കുറ്റവാളിയെ സംരക്ഷിക്കുന്നത് ഇസ്‌ലാമിക സാഹോദര്യമല്ല

അന്തര്‍ദേശീയ തലത്തില്‍ മുസ്‌ലിം പാരമ്പര്യ പണ്ഡിതന്മാര്‍ക്കിടയില്‍ ശ്രദ്ധേയ സാന്നിധ്യമാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മുസ്‌ലിം സാമൂഹിക ബന്ധങ്ങളും ചലനങ്ങളും സൂക്ഷ്മമായി വിലയിരുത്തി തന്റേതായ കാഴ്ചപ്പാടുകള്‍ നിര്‍ഭയം അടയാളപ്പെടുത്തുന്ന കാന്തപുരവുമായി രിസാല പ്രതിനിധികള്‍ നടത്തിയ അഭിമുഖം. പ്രധാനമായും, മതസമൂഹങ്ങള്‍ക്കിടയിലെ വര്‍ഗീയത ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്ത് ഇസ്‌ലാമിന് എന്തുപറയാനുണ്ട്? തീവ്രതയും വര്‍ഗീയതയുമൊക്കെ ഇസ്‌ലാമിന് ചേര്‍ന്നതാണോ? പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ നമ്മുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ എങ്ങനെയായിരിക്കണം? എന്നീ പ്രശ്‌നങ്ങളിലൂടെ കടന്നുപോയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

കേരളത്തില്‍ ഇസ്‌ലാം കടന്നുവന്നത് സമാധാനപൂര്‍ണമായിട്ടാണ്. പൗരാണിക കേരളീയ മുസ്‌ലിം പണ്ഡിതരൊക്കെയും ഇതര മത സമൂഹങ്ങളുമായി സഹിഷ്ണുതയിലും രമ്യതയിലുമാണ് കഴിഞ്ഞിരുന്നത്. ഇസ്‌ലാം തീവ്രതയും വര്‍ഗീയതയുമൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന പുതിയ കാലത്ത് ആ പഴയ ഓര്‍മകള്‍ ഏറെ പ്രസക്തമായിരിക്കും.

അതെ. കേരളത്തിലേക്ക് ഇസ്‌ലാമിക വെളിച്ചം കൊണ്ടുവന്ന മാലിക് ദീനാറും സംഘവും (അല്ലാഹുവിന്റെ തൃപ്തി അവര്‍ക്കുണ്ടാവട്ടേ) മലബാര്‍ തീരത്ത് കപ്പലിറങ്ങി. അവര്‍ വുളുവെടുത്ത് തൊട്ടടുത്തുള്ള പാറക്കു മുകളിലിരുന്ന് നിസ്‌കരിക്കുന്നത് അപ്പു എന്ന സഹോദരന്‍ കണ്ടുവത്രെ. അദ്ദേഹം അവര്‍ക്ക് ദാഹശമനത്തിനായി ഇളനീര്‍ നല്‍കി. ഭാഷയൊന്നും വേണ്ട വിധം അറിയില്ലെങ്കിലും പരസ്പരം മനസിലാകുന്ന രൂപത്തില്‍ അവര്‍ അദ്ദേഹത്തോട് ചില കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. നീയാരാണ്? എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് ഇളനീര്‍ കൊണ്ടുവന്നു തന്നത്? ഭയന്നതുകൊണ്ടാണോ? അദ്ദേഹം സ്വയം പരിചയപ്പെടുത്തി. ഭയപ്പാടുകൊണ്ടല്ലെന്നും എങ്ങുനിന്നോ വന്ന നിങ്ങളോടുള്ള ഒരു മാനുഷിക പരിഗണനയാണിതെന്നും മറുപടി നല്‍കി. ഇളനീരിന്റെ ഉടമകള്‍ക്ക് പൊരുത്തമല്ലേ എന്നായിരുന്നു അവരുടെ അടുത്ത ചോദ്യം. അതെ എന്നായിരുന്നു മറുപടി. അവരുടെ സൂക്ഷ്മതയും ഭക്തിയും അപ്പുവിനെ ആലോചനയിലാഴ്ത്തി. അദ്ദേഹം അവരെ നിരീക്ഷിച്ചു. നടപടിക്രമങ്ങള്‍ ശ്രദ്ധിച്ചു. ക്ഷമയും സൂക്ഷ്മതയും സല്‍സ്വഭാവവുമടങ്ങുന്ന ഇസ്‌ലാമിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടനായി അപ്പു ഇസ്‌ലാം പുല്‍കുകയാണുണ്ടായത്. മുസ്‌ലിം സംഘത്തിന്റെ കടന്നുവരവുമായി ബന്ധപ്പെട്ട് പറഞ്ഞു കേട്ടിട്ടുള്ള പ്രഥമ കഥ തന്നെ ഇങ്ങനെയാണ്. മുസ്‌ലിംകള്‍ സ്വജീവിതത്തില്‍ അനുവര്‍ത്തിക്കുന്ന വിശുദ്ധി മറ്റുള്ളവരെ ഇസ്‌ലാമിലേക്ക് ആകര്‍ഷിപ്പിക്കുകയായിരുന്നു.

സമുദായങ്ങള്‍ തമ്മിലുള്ള ഈയൊരു ഇണക്കവും രഞ്ജിപ്പും കുറേ കാലം നിലനിന്നിരുന്നുവല്ലോ? ഒരു ഭാഗത്ത് ഇന്നും നില നില്‍ക്കുന്നുണ്ട്. പക്ഷേ, പഴയ കാലത്തെ അതേ ശക്തിയിലും സൗന്ദര്യത്തിലും അതിപ്പോഴും നിലനില്‍ക്കുന്നില്ല. ചിലയിടത്തെങ്കിലും പലപ്പോഴും അവ നഷ്ടപ്പെട്ട സാഹചര്യങ്ങള്‍ ഉണ്ടായി. അതിന്റെ കാരണങ്ങള്‍ എന്തൊക്കെയായിരിക്കും?

കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ സൗഹാര്‍ദവും ഇണക്കവും നഷ്ടപ്പെടാന്‍ പല കാരണങ്ങളുമുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് രാഷ്ട്രീയ വിദ്വേഷങ്ങളും വൈരാഗ്യങ്ങളും വര്‍ധിച്ചു എന്നുള്ളതാണ്. എതിര്‍ പാര്‍ട്ടിക്കാരനെ കൊന്നിട്ടായാലും തന്റെ പാര്‍ട്ടി വളര്‍ത്തണം എന്ന ചിന്താഗതി ഓരോ മനുഷ്യന്റെയും ഉള്ളില്‍ ദൈനംദിനം വളര്‍ന്നു വന്നു. പൊതുവെ മുസ്‌ലിംകളുടെ മത ഭക്തി കുറഞ്ഞു വന്നു. അങ്ങാടികളിലും പൊതു രംഗത്തും കാണുന്ന നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള മുസ്‌ലിംകളെയാണ് ഇതര മതസ്ഥര്‍ പലപ്പോഴും വീക്ഷിക്കുന്നത്. പള്ളിയിലോ മദ്‌റസയിലോ പോകുന്നവരെയല്ല. പണ്ട് മുസ്‌ലിംകളുടെ പള്ളിയില്‍ നിന്ന് ബാങ്ക് കൊടുക്കുമ്പോള്‍ അമ്പലത്തില്‍ ചെണ്ടകൊട്ട് നിര്‍ത്തുമായിരുന്നു. ഇപ്പോള്‍ മുസ്‌ലിംകള്‍ തന്നെ പള്ളികളില്‍ പരസ്പരം അടിപിടിയായി. മുസ്‌ലിംകള്‍ പോലും ബാങ്കിനെയും മറ്റും ആദരിക്കാതെയായി. അതോടെ ഇതര മതക്കാര്‍ക്കും മുസ്‌ലിം ചിഹ്നങ്ങളോട് ആദരവില്ലാതെയായി.

പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരുമൊക്കെ വരുന്നതിന് മുമ്പ് മുസ്‌ലിംകള്‍ക്കിടയില്‍ മതപരമായ തര്‍ക്കങ്ങളോ വിദ്വേഷങ്ങളോ ഉണ്ടായിരുന്നില്ല. പിന്നീടാണല്ലോ അതുണ്ടാവുന്നത്. അപ്പോള്‍ അതില്‍ വല്ല രാഷ്ട്രീയവുമുണ്ടോ?

മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുക എന്നത് ഭരണകര്‍ത്താക്കളുടെ താല്‍പര്യമായിരുന്നു. ഇന്ത്യയില്‍ ഖാദിയാനിസം ഉണ്ടാക്കിയത് ബ്രിട്ടീഷുകാരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ്. മുസ്‌ലിംകള്‍ തങ്ങന്മാരെയും ഔലിയാക്കളെയും ബഹുമാനിക്കുന്നത് കണ്ടപ്പോള്‍ അത് എങ്ങനെ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കാമെന്നായി ബ്രിട്ടീഷുകാരുടെ ചിന്ത. ഔലിയാക്കളെക്കാള്‍ ശ്രേഷ്ഠതയുള്ളവരാണല്ലൊ നബിമാര്‍. അങ്ങനെ അവര്‍ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് നീങ്ങാന്‍ പറ്റുന്ന ഒരു നബിയെ ഉണ്ടാക്കി. തിരുനബിക്ക് ശേഷം മറ്റൊരു നബിയില്ല എന്ന മുസ്‌ലിം വിശ്വാസത്തെ കുറിച്ച് അവരത്ര ബോധവാന്മാരായിട്ടില്ല എന്നുവേണം മനസിലാക്കാന്‍. അതുകൊണ്ടുതന്നെ പ്രസ്തുത ശ്രമം അത്ര തന്നെ വിജയിച്ചില്ല. അങ്ങനെയാണവര്‍ പിന്നീട് വഹാബിസത്തെ പ്രമോട്ട് ചെയ്തത്. എന്നാല്‍ അത് കടുപ്പം കൂടുതലായിരുന്നു. തീവ്രാശയങ്ങള്‍ ജനങ്ങളില്‍ വിലപ്പോവില്ലെന്ന് കണ്ട് ഇഖ്‌വാനിസത്തിന്റെ പകര്‍പ്പായ ജമാഅത്തെ ഇസ്‌ലാമിയെ സൃഷ്ടിച്ചെടുത്തു. അതിലും പരാജയം മണത്തപ്പോഴാണ് തബ്‌ലീഗിസം രൂപപ്പെടുന്നത്. സമാധാനത്തിന്റെയും ശാന്തിയുടെയും ഉറവിടമായ പാരമ്പര്യ ഇസ്‌ലാമിനെ ഈ മൂന്ന് വിഭാഗവും ഒരു പോലെ എതിര്‍ക്കുന്നു എന്നത് ഇവിടെ പ്രത്യേകം ശ്രദ്ധേയമാണ്.

ഈ പ്രസ്ഥാനങ്ങളൊക്കെ ബ്രിട്ടീഷുകാരാണ് ഉണ്ടാക്കിയത് എന്നൊക്കെ പറയുന്നത് അത്ര തന്നെ ശരിയാണോ?

ഇവകള്‍ക്ക് വളരാനും വികസിക്കാനുമുള്ള പശ്ചാത്തല സൗകര്യം ഒരുക്കുകയും അവരുടെ വളര്‍ച്ചയെ ദ്രുതഗതിയിലാക്കുകയും ചെയ്യുന്നതില്‍ ഭിന്നിപ്പ് സൃഷ്ടിക്കാന്‍ തക്കം പാര്‍ത്ത് കഴിയുന്ന ഭരണകൂടങ്ങള്‍ക്ക് കൃത്യമായ താല്‍പര്യങ്ങളുണ്ടായിരുന്നു. പിന്നെ തുര്‍ക്കീ ഖിലാഫത്തിന്റെ തകര്‍ച്ചയും തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിഭാസങ്ങളും വിലയിരുത്തുമ്പോള്‍ ചിത്രം ഒന്നുകൂടി വ്യക്തമാവും. അതിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല.

മുഹമ്മദ് അസദ് റോഡ് റ്റു മക്കയിലും ജവഹര്‍ലാല്‍ നെഹ്‌റു വിശ്വ ചരിത്രാവലോകനത്തിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടല്ലോ?

അതേ. ഭരണാധികാരികള്‍ കൊട്ടാര പണ്ഡിതരെ ഉപയോഗപ്പെടുത്തി മതത്തില്‍ അട്ടിമറികള്‍ നടത്തിയതിന് എമ്പാടും തെളിവുകള്‍ ഉണ്ട്. ഇന്ത്യയുടെ ചരിത്രം തന്നെ നോക്കൂ. അക്ബര്‍ ചക്രവര്‍ത്തി ദീനേ ഇലാഹി എന്ന ഒരു പുതിയ മതം തന്നെ ഉണ്ടാക്കി. മതേതരവാദിയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന അര്‍ത്ഥത്തിലുള്ള മതേതരത്വമല്ല. പ്രത്യുത, എല്ലാ മതത്തില്‍ നിന്നും ചില കാര്യങ്ങള്‍ മാത്രം സ്വീകരിച്ച മതമില്ലാ മതേതരത്വമായിരുന്നു അദ്ദേഹത്തിന്റേത്. ജനങ്ങള്‍ പുതിയ മതത്തെ സ്വീകരിച്ചില്ല. അപ്പോള്‍ അബുല്‍ ഫൈളി എന്ന കൊട്ടാര പണ്ഡിതനെ വലിയ ശമ്പളം നിശ്ചയിച്ച് നിയമിച്ചുകൊണ്ട് തന്റെ പുതിയ മതനിര്‍മിതി ചെലവഴിക്കാന്‍ അയാള്‍ ശ്രമിച്ചു.
മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികള്‍ നിഷ്‌കളങ്കരും നിസ്വാര്‍ത്ഥരുമായ സയ്യിദന്മാരെ മുന്നില്‍ നിര്‍ത്തി അജണ്ടകള്‍ നടപ്പിലാക്കിയത് സയ്യിദന്മാര്‍ക്ക് സമൂഹത്തിനകത്തുള്ള സ്വീകാര്യത കണക്കിലെടുത്താണ്. സമുദായത്തിന്റെ ഔന്നത്യത്തിന് ഒരു സംഘടന വേണം എന്നത് ബാഫഖീ തങ്ങളുടെയും പാണക്കാട് തങ്ങളുടെയും ഉല്‍ക്കടമായ ആഗ്രഹമായിരുന്നു. ചിലര്‍ അവരെ ചൂഷണം ചെയ്യുകയായിരുന്നു. പ്രത്യേകിച്ചും വഹാബികള്‍.

ആഗോള ഭീകരതയുടെ കെടുതികള്‍ അനുഭവിക്കുന്നത് മുസ്‌ലിം രാഷ്ട്രങ്ങളാണല്ലോ. യൂറോപ്യന്‍ രാഷ്ട്രങ്ങളിലൊക്കെ സമാധാനം വിളയാടുമ്പോള്‍ മുസ്‌ലിം രാഷ്ട്രങ്ങളില്‍ യുദ്ധവും അഭ്യന്തര കലാപങ്ങളും നടമാടുന്നു. എന്തുകൊണ്ടായിരിക്കും ഇത്?

ഒരു സമുദായവും സ്വയം മാറുന്നതു വരെ അല്ലാഹു മാറ്റങ്ങളുണ്ടാക്കുകയില്ല എന്ന് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നുണ്ട്. മുസ്‌ലിം സമുദായം അവരുടെ ആത്മീയ വഴികളില്‍നിന്ന് ബഹുദൂരം മാറി സഞ്ചരിച്ചപ്പോള്‍ അല്ലാഹു അവരെ മറ്റാരെയും പരീക്ഷിക്കാത്ത രൂപത്തില്‍ പരീക്ഷിച്ചുകളഞ്ഞു എന്നായിരിക്കും ഈ ചോദ്യത്തിന്റെ നിവാരണമെന്ന് ഞാന്‍ കരുതുന്നു. നമ്മുടെ പാര്‍ലമെന്റ് ഹൗസില്‍, രാജ്യ സഭയുടെയും ലോകസഭയുടെയും ഇടയില്‍ സന്ദര്‍ശകര്‍ ഇരിക്കുന്ന ഭാഗത്ത് സുന്ദരമായ കാലിഗ്രഫിയില്‍ സുവര്‍ണ ലിപിയില്‍ ഖുര്‍ആനിലെ ഈ ആയത്ത് ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.

(ഇടക്ക് മജീദ് അരിയല്ലൂര്‍ സ്വല്‍പം ഇടപെട്ടു. ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചും പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ചുമൊക്കെ നേരെച്ചൊവ്വെ ചില കാര്യങ്ങള്‍ മജീദിന് ചോദിക്കാനുണ്ടായിരുന്നു)

ആത്മീയ ഇസ്‌ലാമെന്നും രാഷ്ട്രീയ ഇസ്‌ലാമെന്നും രണ്ട് തരത്തിലാണല്ലൊ ഇന്ന് ഇസ്‌ലാമിനെ വായിക്കുന്നത്?

രാഷ്ട്രീയ ഇസ്‌ലാം എന്നത് പിന്നീട് സൃഷ്ടിക്കപ്പെട്ടതാണ്. അതാണ് അവസാനിച്ചുകിട്ടേണ്ടത്. ഇസ്‌ലാമിന് രാഷ്ട്രീയമുണ്ട്. അത് പ്രേത്യക വിഭാഗത്തിന് മാത്രമുള്ളതല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേത് പോലുള്ള ഒരു രാഷ്ട്രീയവുമല്ല. ഹിന്ദുവിനോടും ക്രൈസ്തവനോടും ജൈനനോടും ബുദ്ധനോടും സമാധാനത്തിലും സഹിഷ്ണുതയിലും നിന്നുകൊണ്ട് നമ്മുടെ ആശയങ്ങള്‍ സമാധാനപരമായി മറ്റുള്ളവരിലെത്തിക്കുക എന്നതാണ് ഇസ്‌ലാമിന്റെ രാഷ്ട്രീയം.

ചില മുസ്‌ലിം രാഷ്ട്രീയ സംഘടനകള്‍ ഇന്ത്യ ഒരു ഇസ്‌ലാമിക രാജ്യമായി കാണാനാണ് ആഗ്രഹിക്കുന്നത്. ഈയൊരു ഇന്ത്യനവസ്ഥയില്‍ ഉസ്താദ് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ വീക്ഷണം എന്താണ്?

ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രമാക്കാനാവില്ല. മുസ്‌ലിംകള്‍ ഭൂരിപക്ഷമായാല്‍ പോലും ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കേണ്ടതില്ല. ഒരു രാജ്യവും ഇസ്‌ലാമിക രാജ്യമാക്കിത്തീര്‍ക്കാന്‍ ഇസ്‌ലാം കല്‍പിച്ചിട്ടുമില്ല. ഭരണമുണ്ടായാലേ ഇസ്‌ലാം പൂര്‍ണമാകൂ എന്നത് അപക്വമായ വീക്ഷണമാണ്. മിക്കപ്പോഴും അപകടകരവും. എല്ലാ മതക്കാര്‍ക്കും ജീവിക്കാവുന്ന വിധത്തിലുള്ള ഭരണം മാത്രമേ നമ്മള്‍ എന്നും ആഗ്രഹിക്കുന്നുള്ളൂ.

ഈ അടിസ്ഥാനത്തില്‍ ഉസ്താദ് നേതൃത്വം നല്‍കുന്ന പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ലക്ഷ്യമെന്താണ്?

ഇന്ത്യാരാജ്യത്തിന് ഒരു ഭരണഘടനയുണ്ട്. അതിവിടെ യഥാവിധി നിലനിന്നാല്‍ ഹിന്ദുവിന് ഹിന്ദുവായും മുസ്‌ലിമിന് മുസ്‌ലിമായും ക്രൈസ്തവന് അങ്ങനെയും ജീവിക്കാം. നമ്മള്‍ സംഘടിച്ചാലും ഭരണകര്‍ത്താവിന്റെ വാക്കിന് വില കല്‍പ്പിക്കണം. മുസ്‌ലിംകള്‍ക്ക് പള്ളി വേണമെങ്കില്‍ ആവാം. ഹിന്ദുക്കള്‍ക്ക് അമ്പലം വേണമെങ്കിലും ഉണ്ടാക്കാം. ക്രൈസ്തവര്‍ക്ക് ചര്‍ച്ച് വേണമെങ്കില്‍ അതുമാവാം. ഒരു കൂട്ടര്‍ക്ക് ഉണ്ടാക്കാമെന്നും മറ്റു കൂട്ടര്‍ക്ക് അത് പാടില്ലെന്നും പറയാന്‍ പാടില്ല.

കേരളത്തില്‍ ഒരു പ്രത്യേകതരം സലഫിസമാണെന്ന് തോന്നുന്നു. കാരണം മഹാരാജാസ് വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍ അവര്‍ മുസ്‌ലിംകേളാട് ചോദിക്കുന്നത് നിങ്ങള്‍ ആരുടെ കൂടെയാണ് എന്നാണ്. കൊന്നത് മുസ്‌ലിംകളാണല്ലോ. മുസ്‌ലിംകള്‍ പ്രതികളാക്കപ്പെടുകയും അവര്‍ പ്രതിരോധത്തിലാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ മറ്റു മുസ്‌ലിംകള്‍ അവരുടെ കൂടെയാണല്ലോ നില്‍ക്കേണ്ടത് എന്നൊക്കെയാണ് ചോദ്യം.

കൊലപാതകം നടത്തിയത് മുസ്‌ലിംകളാണോ എന്ന് നമുക്കുറപ്പില്ല. കുറ്റം തെളിയിക്കപ്പെടേണ്ടത് കോടതിയിലാണ്. മുസ്‌ലിംകളാണെങ്കിലും അമുസ്‌ലിംകളാണെങ്കിലും കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണം. സ്വന്തം ജനത അക്രമം കാണിക്കുമ്പോള്‍ അതിന് കൂട്ടുനില്‍ക്കുന്നത് വര്‍ഗീയതയാണെന്നാണ് നബി(സ്വ) പഠിപ്പിച്ചത്. വര്‍ഗീയതയിലേക്ക് ക്ഷണിക്കുന്നവനും വര്‍ഗീയതക്ക് വേണ്ടി പോരടിക്കുന്നവനും വര്‍ഗീയതയുടെ പേരില്‍ മരിക്കുന്നവനും നമ്മില്‍ പെട്ടവനല്ല, എന്നാണ് അവിടുത്ത വ്യക്തമായ നിലപാട്. ഒരു ഹദീസില്‍ ഇങ്ങനെ കാണാം. ഒരു ജൂതനും മുസ്‌ലിം നാമധാരിയും കൂടി അവര്‍ക്കിടയിലുണ്ടായ പ്രശ്‌നത്തിന്റെ വിധി തീര്‍പ്പാക്കാനായി തിരുനബിയുടെ അടുക്കല്‍ ചെന്നു. ന്യായം ജൂതന്റെ പക്ഷത്തായതിനാല്‍ നബി (സ്വ) ജൂതന് അനുകൂലമായി വിധിച്ചു. ഇത് മറ്റേയാള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം നമുക്ക് ഉമറിന്റെ(റ)അടുത്തേക്ക് വിധി തീര്‍പ്പാക്കാനായ് പോകാമെന്ന് പറഞ്ഞു. തിരുനബിയുടെ അടുക്കല്‍ ചെന്നതും തനിക്കനുകൂലമായി വിധി പറഞ്ഞതും ജൂതന്‍ ഉമറിനോട്(റ) വിശദീകരിച്ചു. ഇത് കേട്ട ഉമര്‍(റ) ആ മുസ്‌ലിമിനെ വധിക്കാന്‍ ഉത്തരവിടുകയാണുണ്ടായത്. വര്‍ഗീയതയുടെ പേരില്‍ അനീതിക്ക് കൂട്ടു നില്‍ക്കുന്നതിന് ഇസ്‌ലാം എതിരാണെന്ന് ഇനിയും വിശദീകരിക്കേണ്ടതില്ലല്ലോ. അതാണ് ഖുര്‍ആന്‍ പറഞ്ഞത്, നീ വഞ്ചകര്‍ക്ക് അനുകൂലമായി വാദിക്കുന്നവനാകരുത് എന്ന്.

ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവന്‍ സഹോദരനെ നിന്ദിക്കുകയില്ല, ശത്രുവിന് ഏല്‍പ്പിച്ചുകൊടുക്കുകയില്ല എന്നാണല്ലോ നബി(സ്വ) പറഞ്ഞത്. അപ്പോള്‍ മുസ്‌ലിമായ പ്രതിയെ കോടതി കയറ്റാന്‍ ശ്രമിക്കുന്നത് ശരിയല്ല എന്ന് വരികയില്ലേ?

മുസ്‌ലിം തെറ്റ് ചെയ്താല്‍ അവനെ ശിക്ഷിക്കാതിരിക്കാന്‍ നിയമവാഴ്ചയില്‍ ഇടപെടുന്നത് അവനോട് ചെയ്യുന്ന നിന്ദ്യത. കോടതിയും നിയമവും നമ്മുടെ ശത്രുവല്ല. ഇസ്‌ലാമിക കോടതിയില്‍ ഭരിക്കുന്ന ഖലീഫക്കെതിരെ പരാതിക്കാരനായ അമുസ്‌ലിമിനനുകൂലമായി വിധി വന്ന സന്ദര്‍ഭങ്ങള്‍ എത്രയോ കാണാം.

വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയാണ് കാമ്പസ് രാഷ്ട്രീയം. പക്ഷേ അഭിമന്യു സംഭവം പോലുള്ള കാര്യങ്ങള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ പ്രതിക്കൂട്ടിലാക്കുന്നു. മുസ്‌ലിം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ വ്യതിചലനം മുസ്‌ലിംകളെയും പ്രതിരോധത്തില്‍ നിര്‍ത്തുന്നു. എന്താണ് പരിഹാരം?

ജനാധിപത്യത്തിന്റെ വഴി ഉപേക്ഷിച്ച് കുറുക്കുവഴികളിലൂടെ തങ്ങളുടെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള ചില സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിം സമൂഹം തിരിച്ചറിയണം. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പേരില്‍ നടത്തുന്ന പരാക്രമങ്ങള്‍ക്ക് ഒരു ന്യായീകരണവുമില്ല. വിദ്യാര്‍ത്ഥികളെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടാന്‍ പഠിപ്പിക്കുന്നവര്‍ ഇസ്‌ലാമിന്റെ വഴികൂടി പറഞ്ഞുകൊടുക്കണം.
അകാരണമായി ഒരു മനുഷ്യനെയും വേദനിപ്പിക്കരുതെന്ന ഇസ്‌ലാമിന്റെ കാഴ്ചപ്പാടിനെയാണ് കലാലയങ്ങളില്‍ നുഴഞ്ഞുകയറിയ തീവ്രശക്തികള്‍ ചോദ്യം ചെയ്തത്. ഇവര്‍ ഒരു ബാധ്യതയായി മാറുമെന്നത് മുസ്‌ലിം സംഘടനകള്‍ക്കും പൊതുസമൂഹത്തിനും തിരിച്ചറിയാന്‍ കഴിയണം. മതവ്യതിയാന ചിന്തയുടെ പേരില്‍ ചിലര്‍ കൊണ്ടുവന്ന രാഷ്ട്രീയ ഇസ്‌ലാമാണ് ഇത്തരം തീവ്രവാദ സംഘടനകളുടെ പ്രചോദനം.

അഭിമന്യു കൊലപാതകത്തിന്റെ പശ്ചാതലത്തില്‍ കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ചില കോണുകളില്‍നിന്ന് ആവശ്യമുയരുന്നുണ്ട്?

കാമ്പസ് രാഷ്ട്രീയം നിരോധിക്കുന്നതിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. അതേസമയം സഹപാഠികളെ പരസ്പരം സ്‌നേഹിക്കാനുള്ള രാഷ്ട്രീയാവബോധം കൂടി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കണം. ഇന്ത്യന്‍ ജനാധിപത്യം വലിയ വെല്ലുവിളികള്‍ നേരിടുന്ന ഈ സന്ദര്‍ഭത്തില്‍ രാജ്യത്തെ മതേതര ചേരികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുകയും പുതുതലമുറയെക്കൂടി രാഷ്ട്രീയാവബോധമുള്ളവരാക്കിത്തീര്‍ക്കുകയുമാണ് വേണ്ടത്.

കാമ്പസിലെ വിദ്യാര്‍ത്ഥികളോട് എന്താണ് പറയാനുള്ളത്?

മനുഷ്യത്വമുണ്ടാവണം നമുക്ക്. സഹജീവിയുടെ വയറ്റിലേക്ക് കത്തിയാഴ്ത്തുമ്പോള്‍ അത് തന്റെ വയറ്റിലേക്കായിരുന്നെങ്കില്‍ തനിക്ക് വേദനിക്കും പോലെ അവനും വേദനിക്കില്ലേ എന്ന ചിന്ത നമുക്കു വേണം. നമ്മള്‍ ഏത് ആശയക്കാരാണെങ്കിലും ഈയൊരു ചിന്തയോടെ ജീവിക്കാന്‍ കഴിയണം. പടച്ച തമ്പുരാന്റെ കാരുണ്യം കൊണ്ടാണ് നമുക്കൊക്കെ മറ്റുള്ളവരുടെ സ്‌നേഹവും പരിഗണനയും കിട്ടുന്നത്.

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍/
ഫൈസല്‍ അഹ്‌സനി രണ്ടത്താണി, മജീദ് അരിയല്ലൂര്‍

You must be logged in to post a comment Login