‘സമാധാനകാംക്ഷിക’ളായ അക്രമികളെ ‘പ്രകോപിപ്പിച്ച’ ഇര

‘സമാധാനകാംക്ഷിക’ളായ അക്രമികളെ ‘പ്രകോപിപ്പിച്ച’ ഇര

ജനക്കൂട്ടം നടത്തുന്ന ആക്രമണങ്ങള്‍ അസ്വീകാര്യമാണെന്നും അതു തടയാന്‍ കഴിയാത്തതിന് തദ്ദേശഭരണകൂടവും സംസ്ഥാന, കേന്ദ്രസര്‍ക്കാരുകളും ഉത്തരവാദികളാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഒരു കൂട്ടമാളുകള്‍ ജാര്‍ഖണ്ഡിലെ പാകൂരില്‍ വെച്ച് സ്വാമി അഗ്നിവേശിനു നേരെ മുന്‍കൂട്ടി തീരുമാനിച്ച ആക്രമണം അഴിച്ചു വിട്ടത്.

ഒരു പഹാരിയ ആദിവാസി സംഘടനയുടെ ക്ഷണമനുസരിച്ചാണ് അഗ്നിവേശ് അവിടെയെത്തിയത്. അദ്ദേഹത്തിനെതിരെ കരിങ്കൊടി കാണിക്കുമെന്ന് ബിജെപിയോടും ആര്‍എസ് എസിനോടും ബന്ധമുള്ള യുവജനസംഘടനയായ ഭാരതീയ ജനതാ യുവമോര്‍ച്ച പ്രഖ്യാപിച്ചിരുന്നു. മാട്ടിറച്ചി കഴിക്കുന്നതിനെയും നക്‌സലൈറ്റുകളെയും പിന്തുണക്കുന്നതു കൊണ്ടാണ് അഗ്നിവേശിന്റെ വരവിനെതിരെ പ്രതിഷേധിക്കാന്‍ ആസൂത്രണം ചെയ്തതെന്ന് അതിന്റെ നേതാക്കള്‍ സമ്മതിച്ചിട്ടുണ്ട്. അദ്ദേഹം നികൃഷ്ടമായി ആക്രമിക്കപ്പെട്ടപ്പോള്‍ അതില്‍ തങ്ങളുടെ അംഗങ്ങളുടെ പങ്കാളിത്തം അവര്‍ നിഷേധിച്ചു. എന്നാല്‍ അഗ്നിവേശിന്റെ പ്രവൃത്തികള്‍ക്കുള്ള സ്വാഭാവികമായ പ്രതികരണം മാത്രമാണ് അക്രമമെന്ന് അവരതിനെ ന്യായീകരിക്കുകയും ചെയ്തു.

നമ്മള്‍ പരിചയപ്പെട്ടു കൊണ്ടിരിക്കുന്ന ‘പുത്തന്‍ ഇന്ത്യ’ യുടെ നിലവാരം വെച്ച് അളന്നാല്‍ പോലും സംഭവിച്ചത് ഭീകരമായിരുന്നു. എഴുപത്തെട്ടു വയസ്സുള്ള വന്ദ്യവയോധികനെയാണ് മസില്‍ പെരുപ്പിച്ച നൂറോളം വരുന്ന അക്രമികള്‍ ഉന്തുകയും തള്ളുകയും മര്‍ദ്ദിക്കുകയും ചെയ്തത്. അവര്‍ അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ കീറുകയും തലപ്പാവ് വലിച്ചഴിക്കുകയും ചെയ്തു. സ്തബ്ധനും ആടിയുലഞ്ഞവനുമായ സ്വാമി അഗ്നിവേശിന്റെ ചിത്രം തന്നെ ഒരു പീഡനമായിരുന്നു.
അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തില്‍ വെച്ച് 2002ല്‍ മേധാപട്കറിനു നേരെയുണ്ടായ ആക്രമണത്തെയാണ് സ്വാമി അഗ്നിവേശിനെതിരെയുള്ള ആക്രമണം ഓര്‍മ്മിപ്പിച്ചത്. അക്രമികള്‍ ഇതേ സംഘടനാശൃംഖലയുടെ കണ്ണികളായിരുന്നു.

അഗ്നിവേശിനെതിരെയുണ്ടായ ആക്രമണം തദ്ദേശീയരുടെ യാദൃച്ഛികമായ വികാരപ്രകടനമല്ലെന്ന് വ്യക്തമാണ്. ഭാരതീയ ജനതാ യുവമോര്‍ച്ചയുടെയും ബിജെപിയുടെയും നേതാക്കളുടെ ഇക്കാര്യത്തിലുള്ള ന്യായീകരണം മാട്ടിറച്ചി കഴിച്ചെന്നും മാടുകളുടെ നിയമവിരുദ്ധമായ വ്യാപാരം നടത്തിയെന്നും ആരോപിച്ചുണ്ടായ ആള്‍ക്കൂട്ടകൊലപാതകങ്ങളില്‍ അവരെടുത്ത നിലപാടിനോട് ഒത്തുപോകുന്നുണ്ട്. അവര്‍ തങ്ങളുടെ പങ്കാളിത്തം നിഷേധിക്കുന്നതോടൊപ്പം ‘വികാരം വ്രണപ്പെട്ടവരെ’ ന്യായീകരിക്കുകയും ചെയ്തു. അവര്‍ ഇരകളില്‍ തന്നെയാണ് അക്രമത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അടിച്ചേല്‍പ്പിക്കുന്നത്. ഇരകളാണത്രേ സമാധാനകാംക്ഷികളായ ‘അക്രമികളെ’ ദൈവനിന്ദാപരമായ പ്രവൃത്തികളിലൂടെ പ്രകോപിപ്പിച്ചത്! അങ്ങനെ അക്രമത്തിന്റെ ഇരകള്‍ ഇരട്ടക്കുറ്റം ചെയ്തതായി ആരോപിക്കപ്പെടുന്നു:വിവാദപ്രസ്താവനകളും പ്രവര്‍ത്തനങ്ങളും നടത്തിയതും ജനങ്ങളെ അവര്‍ക്ക് താല്പര്യമില്ലാത്ത അക്രമത്തിലേക്ക് ഉന്തിവിട്ടതും.

നിഷ്‌കളങ്കരായ പഹാരിയകളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പ്രേരിപ്പിക്കാനും അശാന്തി പടര്‍ത്താനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അഗ്നിവേശെന്ന് ഭാരതീയ ജനതാ യുവമോര്‍ച്ച ആരോപിക്കുന്നുണ്ട്. തന്റെ സന്ദര്‍ശനത്തെ കുറിച്ചും പങ്കെടുക്കുന്ന പരിപാടികളെ കുറിച്ചും ഭരണകൂടത്തെയോ പൊലീസിനെയോ അറിയിക്കാത്തതില്‍ അവര്‍ അഗ്നിവേശിനെ കുറ്റപ്പെടുത്തി. അതു നേരാണെങ്കില്‍ കൂടി ആക്രമണത്തിനു കാരണമാകുന്നതെങ്ങിനെ? ആക്രമണം തടയുന്നതിലും സിസിടിവി ദൃശ്യങ്ങളിലൂടെ എളുപ്പം തിരിച്ചറിയാവുന്ന കുറ്റവാളികളെ പിടികൂടുന്നതിലും പൊലീസ് ദയനീയമായി പരാജയപ്പെടുകയും ചെയ്തു.
എങ്ങനെയാണ് നാം സ്വാമി അഗ്നിവേശിനെതിരായ ആക്രമണത്തെ വിലയിരുത്തേണ്ടത്? ആള്‍ക്കൂട്ടആക്രമണത്തിന്റെ വിഭാഗത്തില്‍ അതിനെ പെടുത്താമോ? ആള്‍ക്കൂട്ടങ്ങളുണ്ടാകുന്നതെങ്ങിനെയെന്ന് മനസിലാക്കാന്‍ അതുപകരിക്കുമോ?
അക്രമികളുടെ ധാര്‍ഷ്ട്യം കാണേണ്ടതു തന്നെയാണ്. അഗ്നിവേശ് ദേശീയശ്രദ്ധയാകര്‍ഷിച്ച വ്യക്തിത്വമാണ്. ഇത്രയും ധിക്കാരത്തോടെ അദ്ദേഹത്തെ ആക്രമിക്കാമെങ്കില്‍ എല്ലാ രാഷ്ട്രീയ, സാമൂഹ്യപ്രവര്‍ത്തകരും ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളവരാണ്. ഭരണപാര്‍ട്ടിയുടെ സഖ്യസംഘടനകളായ തങ്ങളാണ് രാജ്യത്തെ പൊലീസും പട്ടാളവുമെന്ന് അവര്‍ കരുതുന്നുണ്ട്. ആരാണ് ഭരണകൂടവിരുദ്ധരെന്നും ആരാണ് ദേശവിരുദ്ധരെന്നും കണ്ടുപിടിക്കാനും ശിക്ഷിക്കാനുമുള്ള അധികാരം അവര്‍ക്കാണ്. രാഷ്ട്രത്തിന്റെ പേരിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ അവരുടെ പ്രവൃത്തികളെ കുറ്റകൃത്യമെന്ന് വിളിക്കാനുമാകില്ലല്ലോ.

നമുക്ക് ഇതിനെയൊന്ന് വിലയിരുത്താം. ഒരു മുസ്‌ലിമിനെ കൊന്ന കുറ്റത്തിന് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം കിട്ടിയവരെ ഒരു കേന്ദ്രമന്ത്രി അഭിനന്ദിച്ചു. മറ്റൊരാള്‍ ആള്‍ക്കൂട്ട അക്രമത്തില്‍ കുറ്റമാരോപിക്കപ്പെട്ട ഒരാളിന്റെ വീടു സന്ദര്‍ശിക്കുകയും ഹിന്ദുക്കളെ ‘പ്രതിരോധിക്കുന്നതില്‍’ തനിക്കുള്ള നിസ്സഹായാവസ്ഥയോര്‍ത്ത് തേങ്ങുകയും ചെയ്തു. മൂന്നാമതൊരു മന്ത്രിയാകട്ടെ, മറ്റൊരു കൊലപാതക പ്രതിയുടെ ശവസംസ്‌കാരത്തില്‍ പങ്കെടുക്കുകയും ദേശീയ പതാകയില്‍ പൊതിഞ്ഞ ശവശരീരത്തെ അഭിവാദ്യം ചെയ്യുകയും ചെയ്തു. മന്ത്രിമാര്‍ പോലും ഇത്തരത്തില്‍ പെരുമാറുമ്പോള്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നവര്‍ക്ക് കിട്ടുന്ന സന്ദേശമെന്താണ്? ആള്‍ക്കൂട്ടത്തോടൊപ്പം ഭരണകൂടമുണ്ടെന്നല്ലേ അവര്‍ക്ക് സ്വാഭാവികമായും തോന്നുന്നത്?
അക്രമപ്രവൃത്തിയില്‍ പങ്കാളിത്തമില്ലെന്നു പറയുന്നുണ്ടെങ്കിലും തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഭരണകൂടവും ഭരണപാര്‍ട്ടിയും പിന്തുണയ്ക്കുമെന്ന ധൈര്യം ഈ അക്രമികള്‍ക്കുണ്ട്. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പരിമിതികള്‍ അവര്‍ക്കറിയാം. തന്റെ സഹോദരന്‍ നാഥുറാമും കൂട്ടാളികളും മഹാത്മാഗാന്ധിയെ വധിക്കാനുള്ള ഗൂഢാലോചനയില്‍ അവരുടെ സംഘടനയെ പങ്കാളിയാക്കാന്‍ ഉദ്ദേശിച്ചില്ലെന്ന് ഗോപാല്‍ ഗോഡ്‌സെ എഴുതിയിട്ടുണ്ട്. സംഘടന തങ്ങളില്‍ നിന്ന് അകന്നുനിന്നതിനെ അവര്‍ എതിര്‍ത്തതുമില്ല. അതുപോലെത്തന്നെയാണ് ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ആര്‍എസ്എസും ബിജെപിയും അതിനെ തള്ളിപ്പറഞ്ഞത്. ആക്രമണത്തിന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യത്തെ അവര്‍ എന്നും പിന്താങ്ങുകയും ചെയ്തു.
അത്തരം ശക്തികള്‍ മിനഞ്ഞെടുത്ത അക്രമവഴികളിലൊന്നാണ് ആള്‍ക്കൂട്ടഭീകരതയെന്ന് നാം മനസിലാക്കേണ്ടതുണ്ട്. ബാബ്‌രിമസ്ജിദ് തകരാന്‍ കാരണമായ അക്രമം അഖ്‌ലാഖിനെയോ പെഹ്‌ലു ഖാനെയോ കാസിമിനെയോ സ്വാമി അഗ്നിവേശിനെയോ ഉപദ്രവിക്കാന്‍ കാണിച്ച അക്രമത്തില്‍ നിന്നും എങ്ങനെയാണ് വ്യത്യസ്തമാകുന്നത്? അടിസ്ഥാനപരമായി എല്ലാ അക്രമവും ഒരേ വിഭാഗത്തില്‍ പെടുന്നു. മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെയുള്ള ഏതാണ്ടെല്ലാ അക്രമസംഭവങ്ങളും ആസൂത്രിതമാണ്. ആള്‍ക്കൂട്ടം അക്രമത്തിനായി തയ്യാറെടുപ്പു നടത്തിയിട്ടുണ്ടാകും. പക്ഷേ, അത് പെട്ടെന്നുണ്ടായ വികാരപ്രകടനമാണെന്ന് അവര്‍ വരുത്തിത്തീര്‍ക്കുകയും ചെയ്യും. അതങ്ങിനെയാണെന്നു സ്ഥാപിക്കാനാവശ്യമായ സംഘടനാസംവിധാനം ഇടതടവില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്.

രാജ്യത്തുണ്ടാകുന്ന ആള്‍ക്കൂട്ട ഭീകരതയെന്ന മഹാവ്യാധിയെക്കുറിച്ച് സുപ്രീംകോടതി പ്രകടിപ്പിച്ച ആശങ്ക നേരാണ്. പെട്ടെന്നുണ്ടായതെന്നു തോന്നിക്കുന്ന ഈ സംഭവങ്ങള്‍ രാഷ്ട്രീയപരമാണ്. ചിന്തിക്കാതെ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്ന ചിന്താശേഷിയില്ലാത്ത ആള്‍ക്കൂട്ടത്തെ രാഷ്ട്രീയഅജണ്ടയില്‍ ചേര്‍ത്തിയത് അങ്ങേയറ്റം അപകടകരമാണ്. അത്തരമൊരു ആള്‍ക്കൂട്ടവിഭ്രാന്തിയിലേക്ക് തള്ളിവിടപ്പെടുന്നവര്‍ക്ക് എല്ലാ വിവേചനശേഷിയും നഷ്ടപ്പെടുന്നു. അവര്‍ അക്രമത്തില്‍ പങ്കാളികളാകുന്നു. അവര്‍ കുറ്റവാളികളാകുന്നു.
അങ്ങനെയാണ് അക്രമത്തിന്റെ രാഷ്ട്രീയം ജനങ്ങളെ കുറ്റവാളികളാക്കുന്നത്. അവര്‍ സാഹചര്യത്തിന്റെ തടവുകാരായി മാറുന്നു. ഇത്തരം അക്രമങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവര്‍ ശത്രുക്കളായി മുദ്ര കുത്തപ്പെടുന്നു. അവര്‍ വിഷമവൃത്തത്തിലകപ്പെടുന്നു.
സുപ്രീം കോടതിയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് സ്വാമി അഗ്നിവേശ് ആക്രമിക്കപ്പെട്ടത്. ഭരണകൂടം അതിനെ ന്യായീകരിക്കുകയും ചെയ്തു. അപ്പോള്‍ ഇത്തരം അക്രമത്തെ തടയുന്നതെങ്ങിനെയാണ്? ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം സഹായകമാകുമെങ്കിലും അക്രമത്തില്‍ പുളയ്ക്കുന്ന രാഷ്ട്രീയ സംസ്‌കാരമാണ് തടയപ്പെടേണ്ടത്. ഇത്തരം സംസ്‌കാരത്തിന്റെ സംരക്ഷകരും നേതാക്കളും രാഷ്ട്രീയാധികാരം കയ്യാളുമ്പോള്‍ സൂപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കല്‍ അസാധ്യമാണ്.

അപൂര്‍വാനന്ദ്

(ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനാണ് അപൂര്‍വാനന്ദ്)

You must be logged in to post a comment Login