വായനക്കാരുടെ വീക്ഷണം


ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ച് മുതലാളിമാരെ സന്തോഷിപ്പിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു. വിലക്കയറ്റത്താല്‍ മുതുകൊടിഞ്ഞവശരായ ജനത്തിനു കിട്ടിയ മാരക പ്രഹരമാണിത്. മാവേലി സ്റോറുകളിലൂടെ ലഭ്യമാകുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് വിലവര്‍ദ്ധിപ്പിക്കാന്‍ നീക്കമുണ്ടെന്നും വാര്‍ത്തയുണ്ട്. സിനിമാ തിയേറ്ററുടമകളുടെ സമരകാര്യത്തില്‍ കാട്ടിയ ഉത്സാഹത്തിന്റെ ഒരംശമെങ്കിലും ജനത്തിന്റെ ദുരിതം തീര്‍ക്കുന്ന വിഷയത്തില്‍ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍…
മുഹമ്മദ് ജമാല്‍ കെ എസ്, കല്‍പ്പറ്റ, വയനാട്.

ആരാണ് കുട്ടികളെ പേടിക്കുന്നത്?

ആന്‍ഫ്രാങ്ക് ഒരു പെണ്‍കുട്ടിയായിരുന്നു. നാസിപ്പടയുടെ കൊടും ക്രൂരതക്കെതിരെ ഒളിവുകാലത്ത് ആന്‍ഫ്രാങ്ക് എഴുതിയ ഡയറിക്കുറിപ്പുകള്‍ നശീകരണ തത്വശാസ്ത്രങ്ങളുടെ നെഞ്ചുതകര്‍ക്കുന്നതാണ്. തോക്കിന്‍ മുനയില്‍ നിശ്ശബ്ദമാക്കപ്പെടുന്ന കോടിക്കണക്കിന് മനുഷ്യരുടെ പ്രതീകമായിരുന്നു അവള്‍.
ഇനിയൊരു പെണ്‍കുട്ടി മലാലയൂസഫ് സായിയാണ്. പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ താലിബാന്‍ ഭീകരതയെ പേടിച്ചിരിക്കാതെ പഠിക്കാന്‍ കൊതിച്ച പെണ്‍കുട്ടി. പെണ്‍കുട്ടികളുടെ പഠനം വിലക്കിയ താലിബാന്റെ കല്പനകള്‍ക്കെതിരെ അവള്‍ ഡയറിക്കുറിപ്പുകളിലൂടെ പ്രതികരിച്ചു. വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്ക് കരുത്തു പകര്‍ന്ന് വാക്കിലും വരിയലും സാന്നിധ്യമായി ‘ഗുല്‍മകായ്’ എന്ന പേരില്‍ ബിബിസി ഉറുദുവില്‍ അവളുടെ ഡയറിക്കുറിപ്പുകള്‍ പുറം ലോകത്തെത്തിച്ചു.
പേടിത്തൊണ്ട•ാര്‍ സമയം തുലച്ചില്ല. ബസ്സില്‍ നിന്ന് വലിച്ചിറക്കി ആ കൊച്ചുകുഞ്ഞിനെ വെടിവച്ചിട്ടു. അക്ഷരം പഠിക്കണം എന്നു പറഞ്ഞതായിരുന്നു ഈ കുട്ടി ചെയ്ത ‘അനിസ്ലാമിക’ പ്രവര്‍ത്തനം. നേര്‍ത്ത ശ്വാസത്തില്‍ നിന്ന് ആ കുരുന്നു ജീവന്‍ ജീവിതത്തിലേക്കുണരുകയാണിപ്പോള്‍. അവളുടെ ജീവനു വേണ്ടി ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് മനുഷ്യര്‍ പ്രാര്‍ത്ഥനയിലാണ്. നിഷ്കളങ്കയായ ഈ ബാലികയെ കൊന്നിട്ട് ഏത് ഇസ്ലാമിനെ സ്ഥാപിക്കാനാണ് എന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല.
ശുദ്രന്‍ വേദം കേട്ടാല്‍ അവന്റെ കാതില്‍ ഈയം ഉരുക്കി ഒഴിക്കണമെന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലെ പ്രാകൃത നിയമം തന്നെയാണ് ഇക്കാര്യത്തിലെ താലിബാന്‍ വേദാന്തവും. ശുദ്രന്‍ വിദ്യ അഭ്യസിച്ചാല്‍ തങ്ങളുടെ തരികിടയൊന്നും നടക്കില്ലെന്ന് ഉറപ്പുള്ള ബ്രാഹ്മണ്യത്തിന്റെ അതേ വിചാരം. വിദ്യാഭ്യാസത്തില്‍ നിന്ന് വിഘടിച്ചു നില്‍ക്കുക എന്നുള്ളത് മുഖ്യധാരയില്‍ നിന്നുള്ള സാമൂഹികമായ വിഘടനമാണ്. സ്വയം അന്യവത്കരിക്കപ്പെടാനും അന്തര്‍മുഖത്വത്തിലൂടെ അന്യരെ വെറുക്കാനുമല്ലാതെ ഈ വിട്ടു നില്‍ക്കല്‍ ഗുണം ചെയ്യില്ല. അറിവും തിരിച്ചറിവും നേടുന്നവരെ വിഘടന വാദത്തിന് കിട്ടില്ലെന്ന ബോധ്യമാണ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തിരിയാന്‍ തീവ്രവാദികളെ പ്രേരിപ്പിക്കുന്നത്.
മലാലയെ പേടിക്കുന്നവര്‍ മനുഷ്യരെ പേടിക്കുന്നവരാണ്. മനുഷ്യന് ദൈവം നല്‍കിയ എല്ലാ അനുഗ്രഹങ്ങളെയും അവര്‍ ഭയപ്പെടുന്നു. സമാധാനത്തിന്റെ ദിവ്യവചനങ്ങളൊന്നും അവരുടെ ആമാശയത്തിന് ദഹിക്കില്ല. അതെല്ലാം പൊയ്വചനങ്ങളാണെന്നവര്‍ ആണയിടും. ഇസ്ലാമിന്റെ പേരില്‍ തികച്ചും ഇസ്ലാമിക വിരുദ്ധമായ ആശയങ്ങളണിഞ്ഞ് പ്രത്യക്ഷപ്പെടുന്നതുവഴി സാമ്രാജ്യത്വവും ഫാഷിസവും ആഗ്രഹിക്കുന്ന പെയിന്റും ബ്രഷും നല്‍കി അവര്‍ക്ക് വരയ്ക്കാനുള്ള ക്യാന്‍വാസൊരുക്കും. മണ്ണില്‍ നിന്നും മനസ്സില്‍ നിന്നും ഇവറ്റകളെ ആട്ടിപ്പായിക്കാനുള്ള ശ്രമം നടത്തിയിട്ടില്ലെങ്കില്‍ പോരാളികളുടെ വീരപരിവേഷത്തില്‍ ഇനിയും ഉസാമ ബിന്‍ലാദന്‍മാര്‍ അവതരിച്ചേക്കും.
താലിബാന്‍ ഭീഷണിമൂലം അടച്ചിട്ട സ്കൂളിനെപ്പറ്റി എഴുതിയ ഒരു ഡയറിക്കുറിപ്പ് മലാല ഇങ്ങനെ അവസാനിപ്പിക്കുന്നു. “എന്നെങ്കിലുമൊരിക്കല്‍ സ്കൂള്‍ തുറക്കുമെന്ന് എനിക്ക് തോന്നി. മടങ്ങുന്ന സമയത്ത് വെറുതയൊന്നു തിരിഞ്ഞു നോക്കി. ഇനിയൊരിക്കലും എന്റെ സ്കൂളിലേക്ക് വരാന്‍ കഴിയില്ലെന്ന സങ്കടത്താല്‍..”
അഫ്സല്‍ വെളിയങ്കോട്

നവോത്ഥാനത്തിന്റെ ദാരിദ്യ്രം

കുറേ കാലമായി മനസ്സില്‍ കൊണ്ടുനടന്ന ചില സംശയങ്ങള്‍ക്കുള്ള ആശ്വാസമായിരുന്നു ‘മൂന്നാള്‍, മൂന്നുവഴി’ (രിസാല ലക്കം 1012) എന്ന സ്വാലിഹിന്റെ ലേഖനം. തൌഹീദിന് അടിക്കടി നിര്‍വ്വചനങ്ങള്‍ നല്‍കുന്നവര്‍ക്ക് അപ്രതീക്ഷിതമായിക്കിട്ടിയ ഒരടിയായിരുന്നു പ്രസ്തുത ലേഖനം. തങ്ങളുടെ നവോത്ഥാന ഘോഷത്തിന് മക്തി തങ്ങളെ വലിച്ചിഴക്കുന്ന പ്രവണത പരിഹാസ്യമാണ്. നജ്ദിയന്‍ വിശ്വാസ ധാരക്കടുത്തു പോലുമെത്താത്ത മക്തിതങ്ങളെ ‘നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ടില്‍’ ഇക്കൂട്ടര്‍ എങ്ങനെ ഉള്‍പ്പെടുത്തുമെന്ന് കണ്ടറിയേണ്ടതുണ്ട്. നവോത്ഥാന രംഗത്ത് സമൂഹത്തിനു എടുത്തു പറയത്തക്ക ഉപകാരോപദ്രവങ്ങളൊന്നും ചെയ്യാതിരുന്ന മക്തി തങ്ങളെ എന്തിന് നവോത്ഥാന പോരാളികളുടെ കൂട്ടത്തില്‍ എണ്ണുന്നു എന്നത് പിടികിട്ടുന്നില്ല.
സലീം മിസ്ബാഹി പൊ•ുണ്ടം

വെട്ടിപ്പിടുത്തക്കാരുടെ  രാജ്യഭരണം

വെനിസ്വലയില്‍ ഹെന്റിക് കാപ്രിയസിനെ പരാജയപ്പെടുത്തി നാലാമതും അധികാരത്തില്‍ അവരോധിതനായ ഷാവേസിനെ കണ്ടുപഠിക്കണം നമ്മുടെ അധികാരികള്‍. വാഗ്ധോരണികളാല്‍ ജനങ്ങളെ ആവേശഭരിതരാക്കുന്നതില്‍ ഒതുങ്ങാതെ അവര്‍ക്കുപകാരപ്രദമായ പലകാര്യങ്ങളും ചെയ്യാനായതാണ് ഷാവേസിന്റെ വിജയരഹസ്യമെന്നോര്‍ക്കണം. മികച്ച ആരോഗ്യവും സാമൂഹിക സുരക്ഷാ പദ്ധതികളും ഭൂപരിഷ്കരണവും നടപ്പാക്കുക വഴി ഭൂരിപക്ഷം വരുന്ന സാധാരണക്കാരെ തന്റെ പക്ഷം ചേര്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. പ്രകൃതിയെയും പാവങ്ങളെയും ധ്വംസിച്ചു കൊണ്ടുള്ള വികസനം നമുക്ക് വേണോ? പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്ന മേലാള•ാരുടെ ക്രൂരതയില്‍ നിന്ന് സാമാന്യ ജനത്തെ രക്ഷിച്ചുകൂടേ? സോണിയയുടെ മരുമകന്‍ ഇരുട്ടിവെളുക്കും മുമ്പ് കണ്ണെത്താദൂരം പരന്നു കിടക്കുന്ന സ്വത്തുക്കളുടെ അധിപനായെന്നു കേട്ടു. ആ മാന്ത്രികവിദ്യ രാജ്യം ഭരിക്കുമ്പോള്‍ കാണുന്നില്ലല്ലോ? ഇവിടെ എല്ലാറ്റിനും തീ പിടിച്ച വിലയാണ്. അധികാരികള്‍ ഇതൊന്നും കാണുന്നില്ലേ?
മുഹമ്മദ് ത്വയ്യിബ് പാങ്.

ഇടതുപക്ഷം കാവിചുറ്റുകയോ?

കേസരി വാരകയില്‍ ടി ജെ മോഹന്‍ദാസ് എഴുതിയതു പോലൊരു ബന്ധം സിപിഎം-ആര്‍എസ്എസ് സംഘടനകള്‍ക്കിടയില്‍ പുലരുന്നുവെങ്കില്‍ ചരിത്രത്തോടുള്ള ക്രൂരമായ അവഹേളനമായിരിക്കുമത്.
പക്ഷേ, സിപിഎമ്മിന് അത്രക്ക് തരംതാഴാനാവില്ല. കഴിഞ്ഞകാല ചരിത്രം പരതുമ്പോള്‍ ഒരു കാലത്തും സിപിഎം ആര്‍എസ്എസിനോടും ബിജെപിയോടും സന്ധിയാവാന്‍ ശ്രമിച്ചിട്ടില്ല. 2002ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഡോ. എപിജെ അബ്ദുല്‍കലാമിനെ ഇടതുപക്ഷം പിന്തുണക്കാതിരുന്നത് അദ്ദേഹം സ്വീകാര്യനല്ലാത്തതു കൊണ്ടായിരുന്നില്ല. മറിച്ച് ബിജെപി കലാമിന് അനുകൂലമായ നിലപാട് കൈക്കൊണ്ടതു കൊണ്ടായിരുന്നു. പകരം ക്യാപ്റ്റന്‍ ലക്ഷ്മിയെ മത്സരിപ്പിച്ചാല്‍ പരാജയപ്പെടുമെന്ന് നൂറുശതമാനം ഉറപ്പുണ്ടായിട്ടും ആ ഉദ്യമത്തില്‍ നിന്ന് പിന്‍വാങ്ങാതിരുന്നത് തീവ്രഹിന്ദുത്വത്തോടുള്ള അടങ്ങാത്ത രോഷം ഒന്നുകൊണ്ട് മാത്രമായിരുന്നു.
സംഘടിതമായി മുസ്ലിം സമുദായത്തെ നേരിടാനുള്ള അംഗബലം കൂട്ടാന്‍ രണ്ടു ജാതി സംഘടനകള്‍ അണിയറയില്‍ കരുക്കള്‍ നീക്കുന്ന കാഴ്ചകണ്ടു ഹിന്ദുത്വ വര്‍ഗീയതയുടെ തലതൊട്ടപ്പ•ാര്‍ സിപിഎമ്മിനോട് ചങ്ങാത്തം കൂടാനാഗ്രഹിക്കുന്നത് നക്കിക്കൊല്ലാനാണെന്ന് ആര്‍ക്കാണറിയാത്തത്. മതേതരവാദികളെ സിപിഎമ്മില്‍ നിന്ന് ആട്ടിയകറ്റാനുള്ള കുതന്ത്രമാണ് കേസരി ലേഖനത്തിലൂടെ പുറത്തു ചാടിയത്.

ബാബരി മസ്ജിദ് പൊളിച്ചു മുസ്ലിംവികാരം കത്തിക്കാന്‍ സംഘഭീകരര്‍ ശ്രമം നടത്തി. ഈ അരുതായ്മയെ ചോദ്യം ചെയ്ത് തെരുവില്‍ മതേതരത്വത്തിനു വേണ്ടി തൊണ്ട കീറിയത് ഇടതുപക്ഷമായിരുന്നു. ഗുജറാത്തില്‍ ന്യൂനപക്ഷത്തെ ചുട്ടെരിച്ചപ്പോള്‍ ഇടതുപക്ഷമായിരുന്നു വാതുറന്ന് എന്തെങ്കിലും പറഞ്ഞത്.
സ്വാതന്ത്യ്രത്തിനു വേണ്ടി പോരാടിയ നാടിന്റെ മക്കളെ ഒറ്റിക്കൊടുത്ത ചരിത്രമാണ് ആര്‍എസ്എസിനുള്ളത്. സ്വാതന്ത്യ്രത്തിനു വേണ്ടി പ്രക്ഷോഭത്തിനിറങ്ങിയ ദേശസ്നേഹികളെ നോക്കി ഗോള്‍വാള്‍ക്കര്‍ പറഞ്ഞത് ‘സങ്കുചിത വീക്ഷണമുള്ള നേതാക്കള്‍ ബ്രിട്ടീഷ് ഭരണത്തെ എതിര്‍ക്കുന്നു’ എന്നായിരുന്നു. ഇതെങ്ങനെ ഒരു ഇടതുപക്ഷ അനുഭാവിക്ക് ഉള്‍കൊള്ളാന്‍ കഴിയും?
ന്യൂനപക്ഷങ്ങളെ എന്നും കണ്ണിലെ കരടായി കണ്ട പാരമ്പര്യമാണ് ആര്‍എസ്എസിന്റേത്. മുസ്ലിംകളെ അരികുവത്കരിച്ചും അക്രമിച്ചും അവര്‍ എന്നും വേട്ട നടത്തി. എന്നാല്‍ ന്യൂനപക്ഷ സഹകരണം ഉറപ്പാക്കിയാണ് ഇടതുപക്ഷം മുന്നോട്ടു പോയത്. അവസാനമായി സിപിഎം ക്യാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചത് വ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന മുസ്ലിം വേട്ടക്കെതിരെയാണ്. അന്യായമായി ജയിലിനുള്ളില്‍ അടക്കപ്പെട്ട മുസ്ലിം സഹോദര•ാരെ രക്ഷപ്പെടുത്താനുള്ള മനസ്സ് ആര്‍എസ്എസിനുണ്ടാവുമോ?

ഇതിനര്‍ത്ഥം സിപിഎം വലിയ ധര്‍മ്മാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വക്താക്കളോ, ന്യൂനപക്ഷ സഹയാത്രികരോ ആണെന്നല്ല. പക്ഷേ, ആര്‍എസ്എസിനോടുള്ള പോരാട്ടത്തില്‍ എന്നും ഒരു മുഴം മുന്നില്‍ തന്നെയാണ്. അവരെ കൂച്ചുവിലങ്ങിടുന്നതും മറ്റാരുമല്ല. സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിച്ചാല്‍ അത് ഫാസിസത്തിന്റെ സമ്പൂര്‍ണ തേരോട്ടമായിരിക്കും. കേസരി വാരിക ഇപ്പോള്‍ സൃഷ്ടിച്ച ആശയക്കുഴപ്പം ഭാവിയിലെ എന്തിന്റെയെല്ലാമോ (ദു)സൂചനയാണെന്നു കാണാതിരുന്നു കൂടാ.
അനസ് കെ കൊളത്തൂര്‍

മുസ്ലിം പത്രമാധ്യമങ്ങളും ഇസ്ലാമും

ലക്കം ആയിരത്തൊമ്പതിലെ ‘തളിരിലകള്‍’ നന്നായി. തൊഴില്‍ രംഗത്ത് സമുദായം പിന്നിലാണെങ്കിലും പിടിച്ചു പറിയില്‍ മുന്നിലാണെന്നോര്‍മപ്പെടുത്തിയതു നന്നായി. തൊഴില്‍രംഗത്തെ പിന്നാക്കാവസ്ഥ തുടച്ചുനീക്കാന്‍ വഴിയുണ്ട്. മര്‍മ്മസ്ഥാനങ്ങളില്‍ മൂടുറപ്പിച്ച സവര്‍ണ ബ്യൂറോക്രസിയെ മര്യാദ പഠിപ്പിച്ചാല്‍ മതി.

പക്ഷേ, സമുദായത്തിന്റെ സ്വഭാവം മാറ്റാനെന്തു ചെയ്യും? കാപട്യങ്ങളാണല്ലോ സമുദായത്തില്‍ ആപാദചൂഡം കാണുന്നത്. ഇമ്മിണി ബല്യ സമുദായ ഭക്ത•ാരൊക്കെ വാണിജ്യരംഗത്ത് ഹലാലും ഹറാമും മറന്ന രീതിയാണ്. പള്ളിയിലും മദ്രസയിലും മാത്രമേ ഏറെക്കുറെ ഇസ്ലാം കാണുന്നുള്ളൂ. ‘മുസ്ലിംകളുടെ പത്രമാധ്യമങ്ങളും ഇസ്ലാമും’ എന്നൊരു ചര്‍ച്ചക്ക് സാധ്യതയുണ്ട്. അപ്പോഴറിയാം കാപട്യത്തിന്റെ അത്യഗാധമായ ആയിരം ആഴികള്‍.
എം സി ഇസ്മാഈല്‍, ഗ്രേസ്, വള്ളിക്കുന്ന്

വളപ്പട്ടണത്ത് രാഷ്ട്രീയ നേതാവിന്റെ കോപത്തിനിരയായ എസ്ഐയെ സ്ഥലം മാറ്റി. അടുത്ത ദിവസം പോലീസുകാരനെ വളഞ്ഞിട്ടുതല്ലി യുവജന സംഘടനക്കാര്‍ ഒരുപടികൂടി മുന്നോട്ടു പോയി. ഇത്തരം ‘അങ്കക്കലി’ ജനത്തെ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്ന് അകറ്റാനേ കാരണമാകൂവെന്ന് നേതാക്കളും ജനപ്രതിനിധികളും ഇനിയെങ്കിലും തിരിച്ചറിയണം.

മുഹമ്മദ് നൌഫല്‍ സി പി, കുറ്റിപ്പുറം

മറഡോണ കേരളത്തില്‍ വന്നു. ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കിടയില്‍ അറിയാവുന്ന ഏകതൊഴില്‍ കാല്‍പന്തുകളി വച്ച് എന്തൊക്കെയോ കാട്ടിക്കൂട്ടി. അതിനിടയില്‍ അവതാരകയെ ചേര്‍ത്തു പിടിച്ചു തനിക്കും കൂടിനില്‍ക്കുന്നവര്‍ക്കുമായി ചില ചൂടന്‍ ഐറ്റങ്ങളും കാണിച്ചു. ഔദ്യോഗിക വിരുന്നുകാരനെ സ്വീകരിക്കാന്‍ സര്‍ക്കാരും നഗരസഭയും ചെലവിട്ട കോടികള്‍ അതോടെ ‘വസൂല്‍’. പഠിപ്പും കാര്യബോധവുമില്ലാതെ ലക്ഷണംകെട്ടു പോവുന്ന കേരളത്തിന് ആ വഴിക്ക് വല്ലതും നേടാവുന്ന ഒരു വിരുന്നുകാരനെ കിട്ടിയിരുന്നെങ്കില്‍ ലക്ഷങ്ങള്‍ പോവട്ടെയെന്ന് വെക്കാം. ഇതാര്? കാല്‍പന്തുകളിക്കപ്പുറം ഒരു ഐഡിയയും സ്വന്തമായില്ലാത്ത ഒരാള്‍. വയറ്റുപ്പിഴപ്പിന് ഗതിയില്ലാതെ നേരം വെളുപ്പിച്ച് വൈകുന്നേരമാക്കുന്ന കേരളത്തിന്റെ പണം, ഇങ്ങനെ വാരിയെറിഞ്ഞത് ശരിയായില്ല. സ്വകാര്യ ചടങ്ങിനെത്തിയ വ്യക്തിയെ സര്‍ക്കാര്‍ അതിഥിയാക്കിയതിലൂടെ നാടിനെന്തുകിട്ടി എന്ന ചോദ്യത്തിന് അധികാരികള്‍ ഉത്തരം പറയേണ്ടതുണ്ട്.

ഉമര്‍ വിളയില്‍.

 

 

 

 

You must be logged in to post a comment Login