മലപ്പുറത്ത് സാമുദായിക ധ്രുവീകരണത്തിന്റെ കാലം മാറി

മലപ്പുറത്ത് സാമുദായിക ധ്രുവീകരണത്തിന്റെ കാലം മാറി

മലപ്പുറം ജില്ലക്ക് അന്‍പത് വയസായിരിക്കുന്നു, മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ മലപ്പുറത്തിന് ആനുപാതിക വളര്‍ച്ച നേടാനായിട്ടുണ്ടോ?

മലപ്പുറം ജില്ല അന്‍പത് വര്‍ഷം പിന്നിട്ടു, മോശമല്ലാത്ത വളര്‍ച്ച ഇതര ജില്ലകള്‍ക്ക് സമാനമായി മലപ്പുറത്തും നടന്നിട്ടുണ്ട്. തിരിച്ചറിയപ്പെടാനാവാത്ത വിധം മലപ്പുറം മാറി. സ്വാതന്ത്ര്യത്തിന് മുമ്പും അതിന് ശേഷം പത്തുവര്‍ഷവും മലബാര്‍ മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു, ബ്രിട്ടീഷ് ഭരണമായിരുന്നു ഇവിടെ നിലനിന്നിരുന്നത്. ബ്രിട്ടീഷുകാരോടുള്ള വിരോധം ബ്രിട്ടീഷുകാര്‍ കൊണ്ടുവരുന്ന എന്തിനോടും മുഖം തിരിഞ്ഞുനില്‍ക്കാനുള്ള കാരണമായി. വിദ്യാഭ്യാസത്തോടും ഇംഗ്ലീഷ് ഭാഷയോടും അത്തരം സംസ്‌കാരങ്ങളോടും ഒക്കെത്തന്നെ ഒരു വൈമുഖ്യം മുസ്‌ലിം സമുദായം പ്രകടിപ്പിച്ചു. അതിന്റെ ഫലമായി ബ്രിട്ടീഷുകാരും വിദ്യാഭ്യാസപുരോഗതിക്കായി ഇവിടെ കാര്യമായി ഒന്നും ചെയ്തില്ല. ആ കാലത്ത് ഇവിടെ വേണ്ടിയിരുന്നത് എല്‍ പി സ്‌കൂളുകളും ഓത്തുപള്ളികളുമൊക്കെയായിരുന്നു. അതൊക്കെ കഴിഞ്ഞാണ് ഹൈസ്‌കൂളും കോളജുമൊക്കെ വരേണ്ടിയിരുന്നത്. എന്നാല്‍ ആ തരത്തിലുള്ള നീക്കങ്ങളൊന്നും അന്ന് ഉണ്ടായില്ല. ഉണ്ടായിരുന്ന സ്ഥാപനങ്ങളില്‍ മുസ്‌ലിം സമുദായങ്ങളില്‍ നിന്നുള്ള വലിയൊരു വിഭാഗം എത്തിപ്പെട്ടില്ല. അറുപതുകളില്‍ മലപ്പുറം ജില്ലയിലെ ഹൈസ്‌കൂളുകളില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ പഠിച്ചിരുന്നില്ല എന്ന് പറഞ്ഞാല്‍ നമുക്ക് വിശ്വസിക്കാന്‍ കഴിയില്ല, പക്ഷേ അങ്ങിനെ സംഭവിച്ചിട്ടുണ്ട്. തിരൂര്‍ക്കാട് ഹൈസ്‌കൂളില്‍ 1964 ല്‍ ഡി ഇ ഒ വിസിറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ ഒരു മുസ്‌ലിം പെണ്‍കുട്ടി പോലും അവിടെ ഉണ്ടായിരുന്നില്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് തന്നെയായിരുന്നു ജില്ലയുടെ മറ്റു ഭാഗങ്ങളിലെയും പൊതുവിലുള്ള അവസ്ഥ. സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും വിദ്യാഭ്യാസം നേടണമെന്നോ വിദ്യാലയങ്ങളില്‍ പോകണമെന്നോ ധാരണയുണ്ടായിരുന്നില്ല, അവരെല്ലാം കൃഷിക്കാരായിരുന്നു. നാട്ടിലെ അധസ്ഥിത ജനവിഭാഗങ്ങള്‍ക്കൊപ്പം സാധാരണ ജോലിയെടുത്താണ് ഉപജീവനം നടത്തിയിരുന്നത്. പഠനമെന്നത് വരേണ്യവര്‍ഗത്തിന്/ സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന ധാരണയാണുണ്ടായിരുന്നത്. ജില്ലാ രൂപീകരണത്തിന് ശേഷം വലിയ മാറ്റമുണ്ടായി. നിരവധി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മലപ്പുറം ജില്ലയിലുണ്ടായി. വിദ്യാഭ്യാസ വളര്‍ച്ചയാണ് മലപ്പുറം ജില്ലയുടെ പുരോഗതിയുടെ അടിസ്ഥാനം. ഇന്ന് ഇരുനൂറിലധികം ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് കുറവാണ് എന്നത് ശരിയാണ്. പക്ഷേ മലപ്പുറം ഓടാന്‍ തുടങ്ങുമ്പോള്‍ മറ്റുള്ളവര്‍ ഓടി എവിടെയോ എത്തിയിട്ടുണ്ടായിരുന്നു. 100 മീറ്റര്‍ ഓട്ടത്തില്‍ മലപ്പുറം തുടങ്ങിയത് പൂജ്യത്തില്‍ നിന്നാണ്. എന്നാലും ഓടി എത്തിപ്പിടിക്കാന്‍ മലപ്പുറത്തിനായി.
മലപ്പുറം ജില്ലയുടെ ചരിത്രത്തില്‍ വലിയൊരു നാഴികക്കല്ലായത് ഗള്‍ഫിലേക്കുള്ള ജനങ്ങളുടെ കുടിയേറ്റമാണ്. ഉപജീവനം തേടി ഗള്‍ഫുനാടുകളിലേക്ക് പതിനായിരക്കണക്കിനാളുകളാണ് പോയത്. ഒരു കാലത്ത് കാര്‍ഷിക മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മാപ്പിളമാര്‍ പിന്നീടൊരു ട്രേഡ് കമ്മ്യൂണിറ്റിയായി വളരുകയും അവര്‍ ഉപജീവനം തേടി ഗള്‍ഫ് നാടുകളിലേക്ക് പോവുകയും ചെയ്തു. അവിടെ അവരുടെ ജീവിതം മരുഭൂമിയില്‍ ഉരുക്കിത്തീര്‍ത്ത് അയക്കുന്ന പണം മലപ്പുറത്തിന്റെ സാമൂഹ്യ വിദ്യാഭ്യാസ പുരോഗതിയില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിലും മലപ്പുറം ജില്ല മെച്ചപ്പെട്ട നിലയിലെത്തി. ജില്ലയുടെ പിന്നാക്കാവസ്ഥ പരിഗണിക്കുമ്പോള്‍ എടുത്തു പറയാന്‍ കഴിയുന്ന ഒന്ന് വ്യവസായ സ്ഥാപനങ്ങള്‍ ഇല്ല എന്നതാണ്. മലപ്പുറത്തിന് സത്യത്തില്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് വ്യവസായ സ്ഥാപനങ്ങള്‍ വഹിക്കാനുള്ള ശേഷിയില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. ഒരു വ്യവസായസ്ഥാപനം വരുമ്പോള്‍ അതിന്റേതായ പ്രയാസങ്ങളുണ്ടാകും. വ്യവസായം വന്നില്ല എന്നത് ഈ ജില്ലയുടെ ഭൗതികമായ വളര്‍ച്ചയില്‍ ചില പ്രയാസങ്ങളുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ജില്ലയുടെ പ്രകൃതി സംരക്ഷിക്കപ്പെടാന്‍ ഇത് സഹായകരമായിട്ടുണ്ട് എന്നത് കാണാതിരിക്കാനാവില്ല. സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത്, കേരളം രൂപീകൃതമായ സമയത്ത് എന്തായിരുന്നോ നമ്മുടെ ജില്ല, അന്നത്തെ സൗകര്യങ്ങളെ അടിസ്ഥാനപ്പെടുത്തി നോക്കിയാല്‍ ഇതര ജില്ലകളെ പോലെ തന്നെ അഭിവൃദ്ധിയും പുരോഗതിയും മലപ്പുറത്തിനുണ്ടായിട്ടുണ്ട്.

മലപ്പുറത്തിന്റെ നേട്ടം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവകാശപ്പെട്ടതാണോ?

മലപ്പുറത്തിന്റെ നേട്ടം രണ്ടാം ഇ എം എസ് മന്ത്രിസഭക്ക് അവകാശപ്പെട്ടതാണ്. ആ മന്ത്രിസഭയില്‍ ഭാഗമായിട്ടുള്ള എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. മലപ്പുറം ജില്ല രൂപീകരിക്കപ്പെടുന്നത് രണ്ടാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്താണ്. അന്ന് ജില്ല രൂപീകരിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഒരിക്കലും ഈ ജില്ല പിറക്കുമായിരുന്നില്ല. അതിനുള്ള ഇഛാശക്തി കാണിച്ചത് മലപ്പുറം ജില്ലക്കാരനായ ഇ എം എസാണ്. അദ്ദേഹത്തിന്റെ അനിതരസാധാരണമായിട്ടുള്ള ഇഛാശക്തി, അന്നത്തെ മുന്നണിക്ക് നേതൃത്വം നല്‍കിയിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇഛാശക്തി ജില്ലയുടെ രൂപീകരണത്തിന് വഴിവെച്ചു. മുസ്‌ലിം ലീഗിനും സ്വാഭാവികമായി ആ മന്ത്രിസഭയിലെ പങ്കാളി എന്ന നിലയില്‍ ജില്ലാ രൂപീകരണത്തില്‍ പങ്കുണ്ട് എന്ന് പറയാം. ഇ എം എസും സി എച്ചും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ബാഫഖി തങ്ങളും ഉള്‍പെട്ട കോമ്പിനേഷനാണ് ജില്ലയുടെ രൂപീകരണത്തിലേക്ക് നയിച്ചത്. അതിന് ശേഷമാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നത്. യൂണിവേഴ്‌സിറ്റിയുടെ സ്ഥാപനവും മലപ്പുറം ജില്ലയുടെ ഉന്നതവിദ്യാഭ്യാസരംഗത്തെവളര്‍ച്ചക്ക് വളരെ കൂടുതല്‍ സഹായകമായിട്ടുണ്ട്. അന്ന് ജില്ലയുടെ രൂപീകരണത്തെ രണ്ട് കൂട്ടരാണ് എതിര്‍ത്തത്. ഒന്ന് കോണ്‍ഗ്രസും മറ്റൊന്ന് ഇന്നത്തെ ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും അന്നത്തെ മനഃസാക്ഷിസൂക്ഷിപ്പുകാരുമാണ്. മലപ്പുറം ജില്ല വന്നാല്‍, മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള ഒരു ജില്ല വന്നാല്‍ അത് കുട്ടിപാകിസ്താനാകുമെന്ന ധാരണയാണ് ഇവര്‍ പരത്തിയത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വരുന്നത് പോലും അവര്‍ എതിര്‍ത്തു. അവര് പറഞ്ഞത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മറ്റൊരു അലീഗഡ് ആകും എന്നാണ്. കേരള യൂണിവേഴ്‌സിറ്റി മതി എന്ന ഒരു ധാരണയും വിശ്വാസവുമായിരുന്നു അവര്‍ക്ക്. അതും പൊളിച്ചടുക്കികൊടുത്തത് രണ്ടാം ഇ എം എസ് മന്ത്രിസഭയാണ്. ഈ ജില്ല രൂപീകൃതമായത്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്ഥാപിതമായത്, നിരവധി സര്‍ക്കാര്‍ വിദ്യാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പിറവിയെടുത്തത്, എല്ലാം 67-69 കാലയളവിലാണ്. ആ കാലയളവ് ഈ ജില്ലയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ട വര്‍ഷമാണ്. അതിന് നായകത്വം വഹിച്ചവര്‍ക്ക് ഈ ജില്ലയുടെ നേട്ടത്തില്‍ അഭിമാനിക്കാം.

1957 ലെ ഇ എം എസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്‌ക്കരണ നിയമം മലപ്പുറത്തെ എങ്ങനെയാണ് സ്വാധീനിച്ചത്?

ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ മഹാഭൂരിപക്ഷം വരുന്ന മാപ്പിളമാരും കൃഷിക്കാരായിരുന്നു. അവര്‍ കര്‍ഷകതൊഴിലാളികളായിരുന്നു. എന്റെയൊക്കെ ചെറുപ്പകാലം ഓര്‍മയിലുണ്ട്. അന്നൊക്കെ പാടത്ത് പണിയെടുക്കുന്നവര്‍ രണ്ട് വിഭാഗത്തിലുള്ളവരായിരുന്നു. ഒന്ന് എസ് സി വിഭാഗത്തിലുള്ളവര്‍, മറ്റൊന്ന് മുസ്‌ലിംകള്‍. ഇവര്‍ രണ്ടു കൂട്ടരുമാണ് മണ്ണിന്റെ മക്കള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെട്ടിരുന്നത്. മുസ്‌ലിംകളില്‍ ഒരു ചെറിയ വിഭാഗം മാത്രമായിരുന്നു വരേണ്യര്‍. വലിയ ഭൂസ്വത്ത് ഉണ്ടായിരുന്നവര്‍. ഖാന്‍ബഹദൂര്‍ പട്ടമൊക്കൊ കിട്ടി ബ്രിട്ടീഷുകാരുടെ കാലത്ത് അധികാരിപണി എടുത്ത ബ്രിട്ടീഷ് അനുകൂല മുസ്‌ലിംകള്‍ക്ക് മാത്രമാണ് വലിയ തോതില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം ഉണ്ടായിരുന്നത്. അവര്‍ തുലോം വിരളമായിരുന്നു. മഹാഭൂരിപക്ഷം മുസ്‌ലിംകളും പാവപ്പെട്ട കര്‍ഷകരായിരുന്നു. അവര്‍ക്ക് ഭൂപരിഷ്‌ക്കരണനിയമം വന്നതോട് കൂടി ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചു. അത് അവരിലുണ്ടാക്കിയ സ്വത്വബോധം ചെറുതല്ല. അവിടെ നിന്നാണ് ഏറനാട്ടിലെയും വള്ളുവനാട്ടിലെയും മാപ്പിളമാര്‍ അവരുടെ സ്വന്തം സ്വത്വത്തിലേക്കുള്ള പ്രയാണം തുടങ്ങിയത്. അങ്ങനെയൊന്ന് സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഉത്തരേന്ത്യയില്‍ പുഴുക്കളെ പോലെ ജീവിക്കുന്ന മുസ്‌ലിം ജനസാമാന്യത്തിന് സമാനരായി ഏറനാട്ടിലെയും വള്ളുവനാട്ടിലെയും മുസ്‌ലിംകള്‍ മാറുന്ന സ്ഥിതി ഉണ്ടാകുമായിരുന്നു. അതില്‍ നിന്ന് അവര്‍ക്ക് മുക്തി നല്‍കിയത് ഭൂപരിഷ്‌കരണനിയമം അവര്‍ക്ക് നല്‍കിയ ഭൂമിയുടെ ഉടമസ്ഥാവകാശവും അതിന്റെ പിന്തുടര്‍ച്ചയെന്നോണം അവര്‍ നേടിയ സ്വത്വബോധവുമാണ്.

2004 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ മലപ്പുറത്ത് ഏകപക്ഷീയമായ മല്‍സരങ്ങളും വിജയങ്ങളുമാണ് ഉണ്ടായിരുന്നത്. അതിന് ശേഷമല്ലേ യഥാര്‍ത്ഥത്തില്‍ മലപ്പുറം വികസനം എന്ന വാക്ക് ഗൗരവമായി ചര്‍ച്ച ചെയ്യപ്പെട്ട് തുടങ്ങിയത്?

മലപ്പുറത്ത് നിന്നുള്ള ജനപ്രതിനിധികള്‍ പൊതുവെ വികസനകാര്യത്തില്‍ താത്പര്യം കാണിച്ചിരുന്നില്ല. മലപ്പുറത്തിന്റെ ഭൗതികവികസനവുമായി ബന്ധപ്പെട്ട ചരിത്രത്തിന് വളരെ ചുരുങ്ങിയ പ്രായമേ ഒള്ളൂ. വിദ്യാഭ്യാസപരമായി ഇടപെടലുണ്ടായെങ്കിലും റോഡുകള്‍,പാലങ്ങള്‍ തുടങ്ങിയ അടിസ്ഥാന വികസനകാര്യങ്ങള്‍ മലപ്പുറം ജില്ലയില്‍ വന്നത് 2004 ലും 2006 ലും ലീഗിനുണ്ടായ പരാജയത്തിന്റെ ഫലമായിട്ടാണ്. കാരണം എന്തുവന്നാലും ഇവിടെ ഞങ്ങളേ ജയിക്കൂ എന്ന ധാരണയായിരുന്നു അക്കാലമത്രയും നിലനിന്നിരുന്നത്. പൊതുവെ ഇത്തരം വിഷയങ്ങളില്‍ വലിയൊരു താത്പര്യമൊന്നും കാണിച്ചിരുന്നില്ല ജില്ലയിലെ വലിയ പാര്‍ട്ടിയായ മുസ്‌ലിംലീഗ്. തിരഞ്ഞെടുപ്പ് സമയത്ത് എന്തെങ്കിലുമൊക്കെ കാണിച്ചുകൂട്ടി സാമുദായികമായ ആവേശമുണ്ടാക്കി ജയിച്ചുവരികയായിരുന്നു മുസ്‌ലിംലീഗ്. അത് നടക്കില്ല എന്ന് ബോധ്യമായ വര്‍ഷമായിരുന്നു 2004. ജനങ്ങള്‍ വികസനം ഒരു പ്രധാനപ്പെട്ട വിഷയമായി കാണാന്‍ തുടങ്ങിയത് ആ തിരഞ്ഞെടുപ്പിന് ശേഷമാണ്. 2006 ലെ തിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിന് അഞ്ചു സീറ്റ്, ഇടതുപക്ഷത്തിന് അഞ്ചു സീറ്റ്, കോണ്‍ഗ്രസിന് രണ്ടു സീറ്റ് എന്നീ നിലയില്‍ മലപ്പുറം ജില്ലയിലെ മണ്ഡലങ്ങള്‍ പകുക്കപ്പെട്ടു. അതോടു കൂടിയാണ് ലീഗിന് ഒരു പുതിയ ബോധോദയമുണ്ടായത്. സ്ഥായിയായി വികസനപ്രവര്‍ത്തനങ്ങള്‍ ജില്ലയിലുണ്ടാവണം എന്ന് ബോധ്യമുണ്ടായത് ആ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷമാണ്. ജില്ലയില്‍ ഗൗരവമായ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നത് 2006 ന് ശേഷമാണ്. 2006 ലെ ഇടതുപക്ഷസര്‍ക്കാര്‍ ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉള്‍പ്പെടെയുള്ള ഭീമന്‍ പദ്ധതികള്‍ ജില്ലയിലേക്ക് കൊണ്ടുവന്നു. അതിന് ശേഷം യു ഡി എഫ് സര്‍ക്കാറും ജില്ലയുടെ വികസനം പ്രധാനപ്പെട്ട ഒരു അജണ്ടയായി കാണാന്‍ തുടങ്ങി.

തിരഞ്ഞെടുപ്പുകളില്‍ മലപ്പുറത്ത് സാമുദായിക രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത് കൊണ്ട് ഗൗരവമുള്ള രാഷ്ട്രീയ അജണ്ട ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നുണ്ടോ?

ഉണ്ടായിരുന്നു, ഒരു കാലത്ത്. ഇപ്പോള്‍ അത് ഇല്ല, ഇപ്പോള്‍ സജീവമായി മലപ്പുറത്ത് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തന്നെ മുസ്‌ലിംലീഗിന് പല നിയോജകമണ്ഡലങ്ങളും ജയിക്കാനായത് വളരെ നേരിയ മാര്‍ജിനിലാണ്. പെരിന്തല്‍മണ്ണയില്‍ അഞ്ഞൂറ് വോട്ടിന്റെ വ്യത്യാസം മാത്രമാണുണ്ടായത്. മങ്കടയില്‍ 1500 വോട്ടിനാണ് ലീഗ് ജയിക്കുന്നത്. അതിന് മുമ്പ് കാല്‍ ലക്ഷത്തിന്റെ വരെ വോട്ടിന് വിജയിച്ചിരുന്ന മണ്ഡലങ്ങളായിരുന്നു ഇവയെന്ന് ഓര്‍ക്കണം. തിരൂരങ്ങാടിയില്‍ തുച്ഛ വോട്ടിന് മാത്രമാണ് ജയിക്കുന്നത്. തിരൂരില്‍ അയ്യായിരത്തിന് താഴെയെത്തി ലീഗിന്റെ ഭൂരിപക്ഷം. താനൂരില്‍ ലീഗ് പരാജയപ്പെടുന്ന സ്ഥിതിയുണ്ടായി. മലപ്പുറം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ലീഗിന്റെ രാഷ്ട്രീയ ശക്തിക്ക് പോറലേല്‍ക്കുന്നതാണ് കണ്ടത്. ഇതിന്റെ അര്‍ത്ഥം സാമുദായികമായിട്ടുള്ള വിഷയങ്ങളില്‍ കേന്ദ്രീകരിച്ച് മാത്രം ഇനിമേലില്‍ മലപ്പുറത്ത് തിരഞ്ഞെടുപ്പിനെ നേരിടാന്‍ പറ്റില്ല, വികസന കാര്യങ്ങള്‍, സ്ഥാനാര്‍ഥികളുടെ മികവ് ഇതൊക്കെ മലപ്പുറത്ത് മുഖ്യപരിഗണനാവിഷയങ്ങളായിരിക്കുന്നു. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളിലും ഈയൊരു സംസ്‌കാരം നിലനില്‍ക്കാനാണ് സാധ്യത. ഇനിയൊരിക്കലും തന്നെ പഴയ കാലത്തെ പോലെ സാമുദായിക ധ്രുവീകരണമുണ്ടാക്കി തിരഞ്ഞെടുപ്പ് ജയിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. മലപ്പുറം ജില്ലയില്‍ 72 ശതമാനത്തിലധികം മുസ്‌ലിംകളാണ്. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള ജില്ല. ഈ ജില്ലയില്‍ ഇടതുപക്ഷത്തിന് കിട്ടുന്ന വോട്ട് വലിയൊരളവും മുസ്‌ലിം ജനസാമാന്യത്തിന്റേത് തന്നെയാണ്. ഒരു സംശയവും അക്കാര്യത്തിലില്ല. ഇടതുപക്ഷത്തിന് ലഭിക്കുന്ന വോട്ട് നല്‍കുന്ന വലിയ സന്ദേശം വികസനകാര്യങ്ങള്‍ക്കുള്ള അംഗീകാരവും രാഷ്ട്രത്തിന്റെ മതനിരപേക്ഷകാഴ്ചപ്പാടുകള്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് എതിരായിട്ടുള്ള താക്കീതുമാണ്.

എസ് ഡി പി ഐക്കെതിരെ കേരളീയ മുസ്‌ലിം സമൂഹം വലിയ പ്രതിരോധം തീര്‍ക്കുന്ന സമയമാണിത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്ത് ചെറിയ ചലനം പോലും സൃഷ്ട്ടിക്കാന്‍ ഈ സംഘടനക്ക് കഴിയുന്നില്ല. ഇതിലൂടെ ഏത് തരത്തിലുള്ള സൂചനയാണ് മലപ്പുറം നല്‍കുന്നത്?

മതവര്‍ഗീയ ശക്തികള്‍ക്ക് മലപ്പുറത്ത് ഒരു സ്ഥാനവുമില്ല. 72 ശതമാനം മുസ്‌ലിംകളുള്ള ഇവിടെയാണ് അവര്‍ക്ക് ഏറ്റവും അധികം കരുത്ത് കിട്ടേണ്ടിയിരുന്നത്. തദ്ദേശഭരണതിരഞ്ഞെടുപ്പില്‍ രണ്ടോ മുന്നോ സ്ഥാനങ്ങള്‍ ലഭിച്ചു എന്നതാണ് അവരുടെ അവകാശവാദം. ഇത് ഒഴിച്ചു നിര്‍ത്തിയാല്‍ അവര്‍ക്ക് ഒരു ചലനവുമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അവരെ മുസ്‌ലിം സമുദായം ബഹിഷ്‌കരിച്ചിരിക്കുന്നു. ഇവിടെ മുഖ്യധാരാ മുസ്‌ലിം സംഘടനകളുടെ ഒരു യോഗത്തില്‍ പോലും എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നീ സംഘടനകളെ പങ്കെടുപ്പിക്കാറില്ല. അവരെയൊന്നും മുസ്‌ലിംകള്‍ ഒരു പ്രധാനപ്പെട്ട ഘടകമായി കണ്ടിട്ടുപോലുമില്ല. ഒരു നബിദിനയോഗത്തിലും ആശംസാപ്രസംഗകരായി പോലും എസ് ഡി പി ഐക്കാരോ വെല്‍ഫെയര്‍ പാര്‍ട്ടിക്കാരനോ ക്ഷണിക്കപ്പെടുന്നില്ല എന്നത് മലപ്പുറം ജില്ലയുടെ ഏറ്റവും വലിയ മഹത്വമാണ്. അതിന് നന്ദി പറയേണ്ടത് പരമ്പരാഗത മുസ്‌ലിം സമുദായ സംഘടനകളായ സുന്നി സംഘടനകളോടാണ്. രാഷ്ട്രീയപാര്‍ട്ടിയായി ഇവര്‍ വരുമ്പോള്‍ മാത്രമാണ് ലീഗ് ഇവരെ എതിര്‍ക്കുന്നത്. എന്‍ ഡി എഫിനെ എസ് ഡി പി ഐയെ എതിര്‍ത്തിരുന്നത് പോലെ എതിര്‍ത്തിരുന്നില്ല. കാരണം എന്‍ ഡി എഫ് ഒരു സാംസ്‌കാരിക സംഘടന എന്ന ലേബലിലാണ് അവതരിച്ചിരുന്നത്. മുമ്പ്കാലത്ത് കോണ്‍ഗ്രസ് ആര്‍ എസ് എസിനോട് സ്വീകരിച്ച അതേ സമീപനമാണ് മുസ്‌ലിം തീവ്രവാദത്തോട് ലീഗ് അതിന്റെ പ്രാരംഭഘട്ടത്തില്‍ സ്വീകരിച്ചത്. അവര്‍ രാഷ്ട്രീയ എതിരാളികളായി വരും എന്ന് തോന്നിത്തുടങ്ങിയപ്പോഴാണ് ലീഗ് എതിര്‍പ്പ് ശക്തമാക്കിയത്. എന്‍ ഡി എഫ്, എന്‍ ഡി എഫായി തന്നെ ഇന്ന് നിലനിന്നിരുന്നുവെങ്കില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് അവര്‍ രൂപം നല്‍കിയില്ലായിരുന്നുവെങ്കില്‍ ലീഗ് അവരെ സഹായിക്കുന്ന സ്ഥിതിയുണ്ടാകുമായിരുന്നു. ലീഗ് അക്കാര്യത്തില്‍ സ്വീകരിച്ചത് ഹിന്ദു വര്‍ഗീയതയോട് കോണ്‍ഗ്രസ് സ്വീകരിച്ച സമീപനം മുസ്‌ലിം തീവ്രവാദത്തോട്, മുസ്‌ലിം വര്‍ഗീയതയോട് തങ്ങള്‍ക്കും സ്വീകരിക്കാം എന്ന തന്ത്രമാണ്. പിന്നീടാണ് ആര്‍ എസ് എസ് ബി ജെ പിയുടെ രാഷ്ട്രീയരൂപം പൂണ്ട് രംഗത്തുവരുന്നത്. അതോട് കൂടിയാണ് ചെയ്തത് അബദ്ധമായി എന്ന് കോണ്‍ഗ്രസിന് ബോധോദയമുണ്ടായത്. സമാനമായ ബോധോദയാണ് എന്‍ ഡി എഫ്, എസ് ഡി പി ഐ എന്ന രാഷ്ട്രീയ പാര്‍ട്ടിയായപ്പോള്‍ ലീഗിനുമുണ്ടായത്.

മലപ്പുറം ജില്ലയുടെ പുരോഗതിയില്‍ പ്രവാസികള്‍ വലിയ പങ്കാണ് വഹിക്കുന്നത്. കോഴിക്കോട് വിമാനത്താവളം ഉള്‍പ്പെടെയുള്ള പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്തുകൊണ്ടാണ് മലപ്പുറത്തിന്റെ സജീവ അജണ്ടയാവാത്തത്?

മലപ്പുറത്തിന്റെ പുരോഗതിയില്‍ പ്രവാസികളുടെ പങ്ക് വളരെ വലുതാണ്. മലപ്പുറത്തെ ഒരു വീട്ടില്‍ നിന്ന് ഒരാളെങ്കിലും ഗള്‍ഫില്‍ ജോലി ചെയ്യുന്നവരാണ് എന്ന് പൊതുവില്‍ നമുക്ക് പറയാം. ആ വരുമാനമാണ് മലപ്പുറത്ത് പട്ടിണിയും കഷ്ടപ്പാടും ഇല്ലാതാക്കിയത്. ഒരുപാട് സ്വപ്‌നങ്ങളാണ് കോഴിക്കോട് വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കിയത്. ഒരു വലിയ സ്വപ്‌നത്തിന്റെ സാക്ഷാത്കാരമായിരുന്നു അത്. എന്നാല്‍ കാലം കഴിയുംതോറും അതിന് അതിന്റേതായ വികസനം ഉണ്ടായേ പറ്റൂ. പഴയ കാലത്തില്‍ നിന്ന് മാറി വിമാനങ്ങളുടെ എണ്ണം കൂടി. ഇനി വിമാനത്താവളത്തിന്റെ സൗകര്യങ്ങള്‍ വര്‍ധിച്ചേ പറ്റൂ. അത്തരമൊരു ഘട്ടത്തില്‍ അതിന് ആവശ്യമായ സ്ഥലം നമുക്ക് ഏറ്റെടുത്ത് നല്‍കാന്‍ കഴിയാതെ പോയത് എയര്‍പോര്‍ട്ടിന്റെ വികസനത്തിന് ഒരു തടസ്സമായിട്ടുണ്ട്. എന്നാലും ഉള്ള സ്ഥലം കൊണ്ട് നമുക്ക് എത്രമാത്രം വികസനം കൊണ്ടു വരാന്‍ കഴിയുമോ അത്രയും പോലും നമുക്ക് കഴിഞ്ഞിട്ടില്ല. ഇതിന് കേന്ദ്രസര്‍ക്കാറിന്റെ നല്ല പിന്തുണ വേണം. എന്തുകൊണ്ടോ കേന്ദ്രസര്‍ക്കാര്‍ അതിന് താത്പര്യം കാണിക്കുന്നില്ല. ഹജ്ജ് എംബാര്‍ക്കേഷന്‍ പോലും റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് കൊച്ചിയിലേക്ക് മാറ്റി. അത് കോഴിക്കോട്ടേക്ക് മാറ്റാന്‍ നമുക്ക് സാധിച്ചിട്ടില്ല. അടുത്തവര്‍ഷം അത് മാറുന്നതോടെ മാത്രമേ കോഴിക്കോട് എയര്‍പോര്‍ട്ടിന്റെ ചിറകുകള്‍ മുളക്കുകയുള്ളൂ. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കോഴിക്കോട്ടേക്ക് മാറ്റുക, നേരത്തെ ഇറങ്ങിയ വിമാനങ്ങള്‍ ഇറങ്ങുക തുടങ്ങിയ കാര്യങ്ങള്‍ പ്രാവര്‍ത്തികമായാല്‍ മാത്രമേ നമ്മുടെ നാട്ടിലെ പ്രവാസികളോട് നീതി പുലര്‍ത്താന്‍ കഴിയൂ. അതിനായി സംസ്ഥാന സര്‍ക്കാര്‍ നല്ല ഇടപെടലുകള്‍ നടത്തി വരുന്നുണ്ട്. കേന്ദ്രസര്‍ക്കാറിന് രാഷ്ട്രീയമായി ഒരു നേട്ടവും ഇല്ലാത്ത പ്രദേശം എന്ന നിലയില്‍ കോഴിക്കോട് എയര്‍പോര്‍ട്ടിനോട് അവഗണന കാണിക്കുന്നുണ്ട്. അത് മാറിയാല്‍ മാത്രമേ കോഴിക്കോട് എയര്‍പോര്‍ട്ടിന് പരിമിതികളില്‍ നിന്ന് മുക്തി നേടാനാവൂ.

മലപ്പുറത്തെ വിവാദഭൂമിയാക്കുന്നവരുടെ ലക്ഷ്യമെന്താണ്?

മലപ്പുറത്തെ വിവാദങ്ങളില്‍ തളച്ചിടാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യം മതസൗഹൗര്‍ദവും മൈത്രിയും തകര്‍ക്കുക എന്നുള്ളതു തന്നെയാണ്. മലപ്പുറം മതസൗഹാര്‍ദത്തിന് പേരുകേട്ട മണ്ണാണ്. ഇവിടെ മതമൈത്രി തകര്‍ന്നു എന്നായാല്‍ മറ്റ് എല്ലായിടത്തും അത് വേഗത്തില്‍ സാധ്യമാകും. ഇവിടെ മൈത്രി തകര്‍ത്തേ അവര്‍ക്ക് മറ്റുള്ള സ്ഥലങ്ങളില്‍ തകര്‍ച്ച സമ്പൂര്‍ണമാക്കാന്‍ കഴിയൂ. അത് കൊണ്ടാണ് ജില്ലയുമായി ബന്ധപ്പെടുത്തി കള്ളപ്രചരണങ്ങളുമായി ഇത്തരം ശക്തികള്‍ രംഗത്ത് വരുന്നത്. മലപ്പുറം ജില്ലയില്‍ സാമുദായിക മൈത്രി തകര്‍ന്നു എന്ന് എന്നെങ്കിലും നമുക്ക് കേള്‍ക്കേണ്ടി വന്നാല്‍ അതിനര്‍ത്ഥം രാജ്യം മതനിരപേക്ഷതയെ എന്നെന്നേക്കുമായി കൈവിട്ടു എന്നാണ്. കാരണം അത്രമേല്‍ ആത്മബന്ധമാണ് ഇവിടെ വിവിധ മതസമുദായ വിഭാഗങ്ങള്‍ക്കിടയിലുള്ളത്. അത് തകരാന്‍ ഒരു കാരണവശാലും അനുവദിച്ചുകൂടാ. കണ്ണിലെ കൃഷ്ണമണിപോലെ ആ ബന്ധം നമുക്ക് കാത്തുസൂക്ഷിക്കണം. മലപ്പുറത്തിന്റെ മഹിതമായ മതേതരപാരമ്പര്യത്തിന്റെ കടക്കല്‍ കത്തിവെക്കാന്‍ ഈ വിവാദങ്ങളിലൂടെ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത് കാണാന്‍ നമുക്ക് കഴിയണം.

മലപ്പുറത്തിന്റെ തീരദേശമേഖല ചില സമയങ്ങളില്‍ അസ്വസ്ഥമാകുന്നത് എന്തുകൊണ്ടാണ്?

തീരദേശമേഖല നേരത്തെ മുസ്‌ലിംലീഗിന്റെ സ്വാധീനമേഖലയായിരുന്നു. അവിടെ ഇടതുപക്ഷത്തിന് സ്വാധീനം ലഭിച്ചു തുടങ്ങിയിരിക്കുന്നു. തീരദേശമേഖലയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കാന്‍ ലീഗ് വിചാരിച്ചാല്‍ മണിക്കൂറുകള്‍ കൊണ്ട് സാധിക്കും. ലീഗിനും അവരെ പിന്തുണക്കുന്ന വിഭാഗങ്ങള്‍ക്കും മാത്രമേ തീരദേശമേഖലയില്‍ ഇന്നുണ്ടായികൊണ്ടിരിക്കുന്ന അസ്വസ്ഥതകള്‍ ആത്യന്തികമായി അവസാനിപ്പിക്കാന്‍ കഴിയൂ.

പിന്നാക്കാവസ്ഥയും ജനസംഖ്യയും ചൂണ്ടിക്കാണിച്ച് മലപ്പുറം ജില്ല വിഭജിക്കണമെന്ന് ചില കോണുകളില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്. എങ്ങിനെ കാണുന്നു?

മലപ്പുറം ജില്ല വിഭജിക്കേണ്ട ആവശ്യമില്ല. പുതിയ ജില്ല ഉണ്ടാവുകയല്ല ജില്ലക്കകത്ത് പുതിയ ഭരണസംവിധാനങ്ങള്‍ രൂപപ്പെടുകയാണ് വേണ്ടത്. നേരത്തെ താലൂക്ക് ഓഫീസുകള്‍ കുറവായിരുന്നു. പിന്നീട് പുതിയ താലൂക്ക് ഓഫീസുകള്‍ വന്നു. ഇത്തരത്തിലുള്ള കാര്യങ്ങളാണ് വേണ്ടത്. ജില്ലയുടെ വിഭജനം മലപ്പുറത്തിന്റെ മനസിനെ വിഭജിക്കുന്നതിന് തുല്യമാണ്. അത് ആത്യന്തികമായി വര്‍ഗീയവാദികള്‍ക്ക് ശക്തി പകരാനേ ഉപകരിക്കൂ. അതുകൊണ്ട് തന്നെ ആ വാദം തള്ളപ്പെടേണ്ടതാണ്. ഇപ്പോള്‍ ജനസംഖ്യാനുപാതികമായിട്ടാണ് എല്ലാ പദ്ധതികള്‍ക്കും വിഹിതം നല്‍കുന്നത്. ഓരോ തദ്ദേശസ്ഥാപനത്തിലേയും ജനസംഖ്യ കണക്കാക്കിയാണ് വിഹിതം നല്‍കുന്നത്. അതുകൊണ്ട് തന്നെ ജില്ല പുരോഗമിക്കണമെങ്കില്‍ ജില്ല വിഭജിക്കണം എന്ന വാദം അടിസ്ഥാനരഹിതമാണ്. അത് ചില വര്‍ഗീയശക്തികള്‍ അവര്‍ക്ക് മേല്‍കൈ കിട്ടാന്‍വേണ്ടി ഉയര്‍ത്തികൊണ്ടുവരുന്നതാണ്. അതിനെ എന്തുവില കൊടുത്തും എതിര്‍ക്കണം എന്നുള്ളതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. വിഭജിക്കണം എന്ന നിലപാടിനോട് ലീഗ് യോജിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാവുന്നില്ല. മലപ്പുറത്തെ വിഭജിച്ച് രണ്ട് ജില്ലയാക്കാന്‍ ലീഗിന് കഴിയുമോ? കോണ്‍ഗ്രസിനൊപ്പം നിന്ന് ലീഗിന് അതിന് കഴിയും എന്ന ബോധ്യമുണ്ടെങ്കില്‍ ലീഗിന് അങ്ങിനെ പറയാം, രാഷ്ട്രീയമായിട്ടെങ്കിലും. പക്ഷേ അത് ആര്‍ക്കും ഗുണം ചെയ്യില്ല; ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രത്യേകിച്ചും.

ഡോ. കെ ടി ജലീല്‍/ ശരീഫ് പാലോളി

You must be logged in to post a comment Login