മതരാഷ്ട്രവാദത്തിന്റെ ഇസ്‌ലാമിക നയം

മതരാഷ്ട്രവാദത്തിന്റെ ഇസ്‌ലാമിക നയം

ഇന്ത്യയില്‍ നിലനില്‍ക്കുന്നത് ഇസ്‌ലാമിക ഭരണമല്ല. എന്നാല്‍, മുസ്‌ലിംകള്‍ എങ്ങനെയെങ്കിലും ഇന്ത്യയെ ഒരു ഇസ്ലാമിക രാജ്യമാക്കാന്‍ ഒരുങ്ങിപ്പുറപ്പെടേണ്ടതുമില്ല.
ഭൂമിയിലെവിടെയും മുസ്‌ലിമിന് ജീവിക്കാം, ജീവിക്കുന്നിടം ഇസ്‌ലാമിക ഭരണത്തിന് കീഴില്‍ കൊണ്ടു വന്നാലേ ഓരോ മുസ്‌ലിമും തന്റെ മതപരമായ ബാധ്യത നിറവേറ്റിയവരാകുന്നുള്ളൂ എന്ന തരത്തില്‍ അപകടകരമായ വാദങ്ങളുമായി ഇന്ത്യയില്‍ രംഗത്തു വന്നത് ജമാഅത്തെ ഇസ്‌ലാമി സ്ഥാപകന്‍ അബുല്‍ അഅ്ലാ മൗദൂദിയാണ്.

ദൈവത്തിന്റെ ഭൂമിയില്‍ ദൈവിക ഭരണമാണ് നിലനില്‍ക്കേണ്ടതെന്നും അല്ലാത്തിടങ്ങളില്‍ ദൈവിക ഭരണകൂടം സ്ഥാപിക്കാനായി ഓരോരുത്തരും ശ്രമിക്കണമെന്നുമാണ് അദ്ദേഹം വാദിച്ചത്. ഖുര്‍ആനെ തെറ്റായി പരിഭാഷപ്പെടുത്തിയാണ് അദ്ദേഹം ഇത്തരമൊരു വാദം ഉയര്‍ത്തിയത്. പിന്നീട് മൗദൂദിക്കും പ്രസ്ഥാനത്തിനും ഇന്ത്യന്‍ സാഹചര്യത്തില്‍ നിലപാടുകളില്‍ അയവ് വരുത്തേണ്ടി വന്നെങ്കിലും അവസരമൊത്താല്‍, പഴയ വാദങ്ങള്‍ പുറത്തെടുക്കാന്‍ കഴിയുംവിധം അതിന്റെ അടിവേരുകള്‍ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിലും പിന്നീട് പല കാരണങ്ങളാല്‍ അതില്‍ നിന്ന് പിരിഞ്ഞുപോയവരിലും ഇപ്പോഴും അവശേഷിക്കുന്നുണ്ട്.
ഇന്ത്യയില്‍ മുസ്‌ലിംകള്‍ ന്യൂനപക്ഷമാണ്. ഒരു രാജ്യത്തെ മുസ്‌ലിംകള്‍ ന്യൂനപക്ഷമാവുകയും ഇസ്‌ലാമിക ജീവിതം നയിക്കാനും ചിഹ്നങ്ങള്‍ നിലനിര്‍ത്തിപ്പോരാനും അവിടെ തടസങ്ങളൊന്നും ഇല്ലാതിരിക്കുകയുമാണെങ്കില്‍ ആ രാജ്യത്തെ മുസ്‌ലിംകള്‍ നാടുപേക്ഷിക്കാന്‍ പാടില്ല. അപ്പോള്‍ മറ്റൊരു ചോദ്യം വരാറുണ്ട്; ക്രമേണ അതൊരു ഇസ്‌ലാമിക ഭരണത്തിന് കീഴിലാക്കാന്‍ ഒളിഞ്ഞോ തെളിഞ്ഞോ പ്രവര്‍ത്തിക്കേണ്ടതുണ്ടോ.? അതും വേണ്ടതില്ല. എന്നാല്‍ അവിടെയുള്ള അമുസ്‌ലിംകളുടെ പിന്തുണയോടെ എങ്ങനെയെങ്കിലും രാജ്യം ഇസ്‌ലാമിക ഭരണത്തിന് കീഴിലാക്കാനുള്ള അവസരമുണ്ടെങ്കിലോ? എന്നാല്‍ പോലും ആ രാജ്യത്തെ മുസ്‌ലിംകള്‍ അങ്ങനെയൊരു ശ്രമം നടത്തേണ്ടതില്ലെന്നാണ് ഇസ്ലാമിക കര്‍മശാസ്ത്രത്തിന്റെ നിലപാട്. കര്‍മശാസ്ത്രത്തിലാണല്ലോ ഇസ്ലാമിന്റെ സുചിന്തിതമായ നിലപാട് ഉരുക്കഴിച്ച് വിശദീകരിച്ചിട്ടുള്ളത്.

നിലനില്‍ക്കുന്ന ഭരണവ്യവസ്ഥയെ അട്ടിമറിയിലൂടെയോ പ്രക്ഷോഭത്തിലൂടെയോ താഴെയിറക്കി ഒരു രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിച്ചെടുക്കാനൊന്നും മുസ്‌ലിംകള്‍ക്ക് ബാധ്യതയില്ലെന്ന് മാത്രമല്ല, അത്തരം പ്രക്ഷോഭങ്ങള്‍ രാജ്യത്ത് ചോര വീഴ്ത്താനും കലാപങ്ങള്‍ സൃഷ്ടിക്കപ്പെടാനും ഇടവരുത്തുമെന്നതിനാല്‍ മുസ്‌ലിംകള്‍ അതില്‍ ഏര്‍പ്പെടാനും പാടില്ല. ഭരണം സ്ഥാപിക്കാനോ നിലവിലുള്ള ഭരണത്തെ അസ്ഥിരപ്പെടുത്താനോ വേണ്ടി നിയമവിരുദ്ധമായി കൂട്ടുകക്ഷി സമ്പ്രദായമോ, പാര്‍ട്ടി പ്രവര്‍ത്തനമോ നടത്തേണ്ടതില്ലെന്നര്‍ത്ഥം.

ഇന്ത്യയില്‍ ജമാഅത്തെ ഇസ്‌ലാമി വിതച്ച മതരാഷ്ട്രവാദത്തില്‍ ഒരു മുസ്ലിമും ആകൃഷ്ടരായി കൂടാ.

മുസ്‌ലിമായി ജീവിക്കാന്‍ സൗകര്യം ഉള്ളിടത്തോളം കാലം ഇവിടം സുരക്ഷിത രാജ്യമാണ്. മതേതര ജനാധിപത്യ രാജ്യം എന്ന നിലയില്‍ തന്നെ ഇന്ത്യ നിലനില്‍ക്കുന്ന കാലത്തോളം ഇവിടെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസവുമില്ല.

മുസ്‌ലിമായി ജീവിക്കുന്നതാണ് പ്രധാനം. മുസ്‌ലിം രാജ്യമായാലും മതേതര രാജ്യമായാലും അല്ലാഹുവിന്റെ തൃപ്തിയോടെ ജീവിക്കുന്നിടത്താണ് കാര്യം. ഇസ്‌ലാമിക രാജ്യത്ത് ജീവിക്കുമ്പോഴുള്ള പ്രതിഫലം തന്നെയാണ് മതേതര രാജ്യത്ത് ജീവിക്കുന്ന മുസ്‌ലിമിനും അല്ലാഹു നല്‍കുന്നത്. അപ്പോള്‍ മുസ്‌ലിമിന്റെ പ്രവര്‍ത്തനക്രമത്തില്‍ ഒരു കാരണവശാലും മതരാഷ്ട്ര നിര്‍മാണം കടന്നു വരുന്നില്ല.

മതേതര രാജ്യമാണെന്നതിനാല്‍ ഇന്ത്യ സുരക്ഷിതമാണ്. ഒറ്റപ്പെട്ട അക്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്.ജനാധിപത്യ മാര്‍ഗത്തിലൂടെ അതിനെ നേരിടാന്‍ ഭരണഘടന അംഗീകാരം നല്‍കുന്നുമുണ്ട്. നാം പരസ്യമായി തന്നെ ജുമുഅ: ജമാഅത്തുകളടക്കമുള്ള സമൂഹപ്രാര്‍ത്ഥനകളും,യോഗങ്ങളും നടത്തി വരുന്നുണ്ട്. ഇസ്‌ലാമിക രാജ്യങ്ങളായി പ്രഖ്യാപിക്കപ്പെട്ടിടങ്ങളില്‍ കിട്ടാത്ത പ്രവര്‍ത്തന സ്വാതന്ത്ര്യമാണ് മുസ്‌ലിംകള്‍ക്ക് ഈ രാജ്യത്ത് കിട്ടുന്നത്. എന്നിരിക്കെ ഈ മതേതര രാജ്യത്തെ ഇസ്‌ലാമിക രാജ്യമാക്കാന്‍ നാം നേരിട്ടോ അല്ലാതെയോ തുനിയേണ്ടതില്ലെന്നു മാത്രമല്ല, അത് അപകടകരവും അക്രമങ്ങള്‍ക്കും അനീതിക്കും വഴിവെക്കുന്നതുമാണ്. സൈ്വര്യമായി, സമാധാനത്തോടെ നമുക്ക് ജീവിക്കാം. അതിന് വേണ്ടിയാണ് നാം ശ്രമിക്കേണ്ടത്.

(പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ , സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സെക്രട്ടറി)

You must be logged in to post a comment Login